നിങ്ങൾ ഭാരതത്തിൽ ജനിച്ച സ്ത്രീയാണെങ്കിൽ സുവർണ്ണലത വായിച്ചിരിയ്ക്കണം- വായിയ്ക്കാതെ പോകരുത്. കടന്നുപോയ ലക്ഷക്കണക്കിന് സ്ത്രീകളെ നിങ്ങളറിയാതെ പോകരുത്.
ആശാപൂർണ്ണാദേവിയുടെ മൂന്ന് നോവലുകൾ: പ്രഥമ പ്രതിശ്രുതി, സുവർണ്ണലത, ബകുളിന്റെ കഥ- ഇവ ഒരു കാലത്തെ ഇന്ത്യൻ സ്ത്രീയുടെ ജീവിത പരിച്ഛേദമാണ്. സത്യവതി, മകൾ സുവർണ്ണലത, മകൾ ബകുൾ- മൂന്നു തലമുറകളാണ് നിങ്ങളെ ചരിത്രം പഠിപ്പിയ്ക്കുക.
പ്രഥമ പ്രതിശ്രുതി വായിച്ചാൽ (ജ്ഞാനപീഠ പുരസ്കാരം നേടിയതാണ്) സുവർണ്ണലത ഏറെ മനസ്സിലാകും. വായിച്ചില്ലെങ്കിലും ഇവിടെ ജനിച്ചു വളർന്ന പെണ്ണിന് സുവർണ്ണയെ മനസ്സിലാകും. തോറ്റുപോയ യുദ്ധങ്ങളുടെ കഥയാണ് രണ്ടും.
സത്യവതി- പ്രഖ്യാതനായ അച്ഛന്റെ ശക്തയായ ഏക മകൾ. ശക്തയെങ്കിലും ഏറ്റവും വലിയ സ്വപ്നം (സുവർണ്ണ) ഭർത്താവിന്റെ വഞ്ചനയാൽ ശിഥിലമാക്കപ്പെട്ട് ജീവിതത്തിൽ നിന്ന് ഒളിച്ചോടിയവൾ.
സുവർണ്ണ- അപഖ്യാതയായ അമ്മയുടെ അശക്തയായ മകളായി ജീവിതം തുടങ്ങിയവൾ. പൊരുതിയ യുദ്ധങ്ങളെല്ലാം തോറ്റു തോറ്റ് അവൾ കൂടി നേടിത്തന്നതാണ് ഇന്നത്തെ സ്ത്രീയുടെ സ്വാതന്ത്ര്യവും അഭിമാനവും. തോറ്റാലും തോല്പിയ്ക്കാനാകാത്ത ശക്തയാണവളെന്ന് നിങ്ങൾ തിരിച്ചറിയും.
സുവർണ്ണലത 1986 ലാണ് ആദ്യമായി മലയാളത്തിൽ പ്രസിദ്ധീകരിച്ചത്. എങ്കിലും അതൊരിക്കലും പഴയതല്ല. തെറ്റിനെതിരെ വിപ്ലവം നയിച്ചവരുടെ കഥകൾ പഴഞ്ചനാകുന്നതെങ്ങനെ? അതും ഒറ്റച്ചാവേറു പോലെ തളർന്നുവീണു കിതച്ച് സത്യത്തിന് നേരെ ചൂണ്ടിയ വിരലുമായി ജീവൻ വെടിഞ്ഞവരുടെ കഥ. അതു പഴഞ്ചനെങ്കിൽ യേശുവും ചെഗുവേരയും പഴഞ്ചനാണ്.
ഇത് സാങ്കൽപ്പിക കഥയല്ല. സുവർണ്ണലത ആശാപൂർണ്ണാദേവിയുടെ അമ്മയായിരുന്നിരിയ്ക്കാം. പക്ഷേ, അതേ സമയം തോൽക്കും എന്നറിഞ്ഞിട്ടും കൊച്ചുകൊച്ചു മുന്നേറ്റങ്ങൾക്കായി, കുഞ്ഞുകുഞ്ഞു സ്വാതന്ത്ര്യങ്ങൾക്കായി യുദ്ധം ചെയ്ത ലക്ഷക്കണക്കിന് സ്ത്രീകളാണ് സുവർണ്ണ. അവരിൽ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്, ഇനിയും ജനിച്ചിട്ടില്ലാത്തവരുണ്ട്.
ഞാനിത് കരഞ്ഞുകൊണ്ടാണെഴുതുന്നത്. കരയാതെ മുഴുമിപ്പിക്കാനാവില്ല എന്നു കരുതി ഏറെനാൾ തുറക്കാതിരുന്ന പുസ്തകം... എത്രാമത്തെ വായനയാണിതെന്ന് എന്നെനിക്കറിഞ്ഞുകൂടാ. എൺപത്തേഴാം പേജെത്തിയപ്പോൾ എനിയ്ക്കിതു നിങ്ങളോടു പറയണം എന്ന് തോന്നി. അതാണ്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ