ഡിഗ്രി സെക്കൻഡ് ഇയറിന് 'കനുപ്രിയ' എന്ന ഹിന്ദി കാവ്യം നെഞ്ചോട് ചേർത്തു വെച്ചാണ് നടന്നത്. ഞാനേറ്റവും തവണ വായിച്ച ഹിന്ദി പുസ്തകവും അതുതന്നെ. വിരഹിണിയായ, വാചാലയായ രാധ. രാധയും അവളുടെ കാന്ഹായും വിഹരിച്ച യമുനാ തടം. യമുനാനദിയുടെ ഒഴുക്കും അവിടത്തെ ഏകാന്ത മദ്ധ്യാഹ്നങ്ങളിലെ ഇളംചൂടുള്ള വെള്ളവും ഞാനറിഞ്ഞു.
വിരഹം പ്രണയം തന്നെയായിരിക്കാം എന്ന് ഞാൻ മനസ്സിലാക്കി. ഏറ്റവും തീക്ഷ്ണമായി പ്രണയിക്കാനാകുന്നത് വിരഹത്തിൽ ആയിരിക്കുമോ?
യമുനയിൽ കഴുത്തോളം മുങ്ങിയ രാധ അറിയുന്നു അവളെ നനച്ച് കടന്നുപോകുന്ന നദീജലം തന്നെയാണ് കൃഷ്ണനെന്ന്. അവന്റെ കിട്ടാത്ത ശരീരം അവളെ പുണർന്നൊഴുകിയപ്പോൾ തിരിച്ചൊന്നു പുണരാനാകാതെ അവൾ ഉഴറി.
നദിക്കരയിലെ മൈലാഞ്ചിക്കാട്ടിലും താഴ്‌വാരത്തും മേയുന്ന പശുക്കളുടെ ഉയർത്തിപ്പിടിച്ച ചെവികൾക്കിടയിലൂടെ കടന്നു വന്ന കാറ്റ് അവളുടെ വയറ്റത്തെ വിയർപ്പ് നക്കി എടുത്തപ്പോൾ അവൾ തിരിച്ചറിഞ്ഞു അത് കൃഷ്ണനെന്ന്. ശരീരത്തെയും മനസ്സിനെയും ഉലച്ച് ഇലയെല്ലാം ഉതിർത്ത് ഓടിപ്പോകുന്ന കാറ്റ് അവർക്കു തിരിച്ചൊന്ന് തൊടാനായി ഒരുനിമിഷംപോലും നിന്നുകൊടുത്തില്ല.
ഞാൻ കണ്ടിട്ടില്ലാത്ത യമുനയെ എന്റെ മനസ്സിൽ പെറ്റിട്ട, രാധയെ മാനംമുട്ടെ വളർത്തിയ പുസ്തകമായിരുന്നു കനുപ്രിയ.
ഹൈസ്കൂളിലെ 'ഊർമിള 'ക്കു ശേഷം മനസ്സിൽ പ്രതിഷ്ഠിച്ച സ്ത്രീ ബിംബം - കനുപ്രിയ - രാധ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ