2018 ജൂൺ 30, ശനിയാഴ്‌ച

കുന്ന്.

കുന്നിൻപുറത്തേക്കുള്ള കരിങ്കൽ പടവുകൾ ആയാസത്തോടവൾ കയറി. ഉയരങ്ങളിലെ തീക്ഷണമായ വെയിലിൽ തെളിഞ്ഞും മറഞ്ഞും അവന്റെ ചിരിക്കുന്ന മുഖം താൻ കാണുന്നുണ്ടെന്ന് അവൾക്കു തോന്നി. അവസാന പടിയിൽ കിതച്ചുകൊണ്ടവൾ നിന്നപ്പോൾ അടഞ്ഞ ഗോപുര വാതിൽ കാണാനായി. ശൂന്യമായ പാറക്കെട്ടുകളും ഉയർന്ന മതിലുകളും വീശുന്ന കാറ്റും അവളോട് പറഞ്ഞു, "ഇനി കാക്കണ്ട. "
അടഞ്ഞ വാതിലിനപ്പുറത്ത് അവന്റെ നിശ്വാസമുണ്ടെന്ന് സംശയിച്ച അവൾക്കു പിന്നിൽ കയറി വന്ന ഒതുക്കുകൾ തിരിച്ചിറങ്ങാനുള്ള പടികളായി വേഷം മാറി നിന്ദാപൂർവം തിരിഞ്ഞുകിടന്നു. ഇടം കയ്യിലെ ഒറ്റ കുപ്പിവള ഊരി വയസ്സൻ അത്തിമരത്തിൽ കോർത്ത് തിരിഞ്ഞപ്പോൾ പണ്ടാരോ ഇലയിൽ തേച്ചുവെച്ച ചന്ദനം അവളുടെ കാൽക്കീഴിലേക്ക് അടർന്നുവീണു. തിരിച്ചിറങ്ങിയ ശരീരത്തോട് മരക്കൊമ്പിൽ അനാഥമാക്കപ്പെട്ട പ്രണയിനിയുടെ ആത്മാവ് നിലവിളിച്ചു,
'ഹൃദയത്തിലെ ചോരപൊടിയുന്ന ആ മുറിവ് ഞാൻ വന്നു നികത്തട്ടെ, എന്നെ തിരിച്ചെടുക്കൂ.'

2018 ജൂൺ 27, ബുധനാഴ്‌ച

ദേശാടനപ്പക്ഷികൾ

'ബോംബെ ബസാർ' എന്ന നീലക്കൂടാരം ആ ഒഴിഞ്ഞ പ്ലോട്ടിലുയരുമ്പോൾ മാത്രമാണ് ഭദ്രാവതിയുടെ അടുക്കള ദിനവും പുകയാറുള്ളത്. ബോംബെ ബസാറിലെ ജീൻസിട്ട ചെക്കന്മാർക്കൊപ്പം ഭദ്രാവതിയുടെ മക്കളും അവളുടെ കൈപ്പുണ്യമറിയുന്ന ആഹ്ലാദകാലം. ചടുലമായ ഹിന്ദിപ്പാട്ടുകളുടെ പശ്ചാത്തലത്തിൽ ധാന്യവും പച്ചക്കറികളും പരിപ്പും മാംസവും മസാലകളും എല്ലാം അവളുടെ കൈകളിലൂടെ പാത്രങ്ങളിലേയ്ക്കിറങ്ങി വെന്തു പാകപ്പെടുന്നതും കാത്തിരിക്കും സിംചനയും അക്ക ഐഷുവും. ഇടയ്ക്കിടെ ആ തുണിക്കൊട്ടാരത്തിന്റെ അകത്തളങ്ങളിൽ വെളിച്ചത്തിൽ മദിച്ചു നിൽക്കുന്ന മിന്നുന്ന ഉടുപ്പുകളും ചൈനാസാമാനങ്ങളും കണ്ട് വായും പൊളിച്ചു നടക്കുന്നത് അവർക്കേറ്റവും ഇഷ്ടമുള്ള കാര്യമാണ്. രണ്ടുമാസം കഴിഞ്ഞ് തുണിയഴിച്ച്, പലകകൾ വേർപ്പെടുത്തി, സാമാനങ്ങൾ ലോറികളിൽ കയറ്റി, 'ഇനി അടുത്ത വർഷം അക്കാ' എന്ന് കുറച്ചു നോട്ടുകൾ ഭദ്രാവതിയുടെ കയ്യിൽ വെച്ചുകൊടുത്തു മുതലാളി യാത്ര പറയുമ്പോൾ അകത്തെ കമ്പളിയിൽ കിടന്ന് അച്ഛൻ മാത്രം ഉറക്കെ കരയുന്നതെന്തിനാണെന്ന് പതിനൊന്നു വയസ്സുകാരി ഐഷു ലജ്ജിച്ചു. കഴുത്തിലും കയ്യിലും പച്ചകുത്തിയ ദേശാടനപക്ഷികൾക്കൊപ്പം തങ്ങൾക്കും പറക്കാൻ ആയിരുന്നെങ്കിലെന്ന് അവൾ ആശിച്ചു.

2018 ജൂൺ 17, ഞായറാഴ്‌ച

Self introduction

ഞാൻ പ്രസന്ന. ഭർത്താവും എട്ടു വയസ്സുകാരി മകളും ആയി കർണാടകയിലെ ഹാസനിൽ താമസം. നാട്ടിൽ നിന്നും മലയാളത്തിൽ നിന്നും ഏറെ അകന്ന് വർഷങ്ങളോളം ഏകാന്തവാസത്തിലായിരുന്ന ഞാൻ ഫോണിലൂടെ സമൂഹത്തെ കാണാനും പരിചയപ്പെടാനും ശ്രമിയ്ക്കയാണ്.

Prasanna Janarhdan

2018 ജൂൺ 3, ഞായറാഴ്‌ച

അഞ്ചു നിമിഷങ്ങൾ

ശതകോടി കവിയും മനുഷ്യ പ്രപഞ്ചമേ
വെറുമഞ്ചു നിമിഷങ്ങൾ ഭിക്ഷയായർത്ഥിക്കുന്നു.
ഉറക്കം നടിച്ചീടുക - അല്ലെങ്കിലുറങ്ങീടുക.
ദൃഷ്ടി നിന്നിലേക്കു വിഴുങ്ങി, ആത്മാവിൽ ലയിച്ച്, സ്വയമലിഞ്ഞ്..

അഞ്ചു നിമിഷങ്ങൾ ഞങ്ങൾക്കു മാത്രമായി വിട്ട്..

മേഘാലയയിലൊരു കുന്നിൻ ചെരിവിൽ തിമിർത്തുപെയ്യുന്ന മഴക്കൊട്ടാരത്തിനുള്ളിൽ അകവും പുറവും നനഞ്ഞ് തണുതണുത്ത് ഉച്ചത്തിൽ കൂകുവാൻ
-ഒന്നാം നിമിഷം.

വേനൽചൂടിൽ മയങ്ങുന്ന ഗോതമ്പു പാടത്തിന്റെ കരകാണാ മഞ്ഞപ്പിലെവിടെയോ നഷ്ടപ്പെട്ടോടി,
ട്രാക്ടർ ടയറുകൾ പതിഞ്ഞ് ഉറച്ചുപോയ,
വീതികൂടിയ വരമ്പത്ത്
പരസ്പരം കണ്ടുമുട്ടി കൈകോർത്തിരിക്കുമ്പോൾ, നിറകതിരുകളെ ഉലച്ചുവരുന്നൊരു പഞ്ചാബിക്കാറ്റിൽ വിയർപ്പാറ്റുവാൻ
-രണ്ടാം നിമിഷം.

മദ്ധ്യധരണ്യാഴിയിൽ തണുപ്പില്ലാത്തൊരു മുകിൽക്കാലത്ത്,
ചാവുകടലിലെ ഇളം ചൂടുള്ള ഉപ്പുവെള്ളത്തിൽ മലർന്നുകിടന്ന് ഭൂമിയിലെ ശൂന്യതയെയൊന്നാകെ പഞ്ചേന്ദ്രിയങ്ങളിലാവാഹിച്ച്, ജീവിതത്തിന്റെ നൈമിഷികതയെ ഓർത്ത് വാചാലരായി പൊട്ടിച്ചിരിയ്ക്കുവാൻ
-മൂന്നാം നിമിഷം.

ആമസോണിലെ ഹരിതമേലാപ്പിനു കീഴെ, ഭൂമിയുടെ ഹൃദയത്തിനടിത്തട്ട് എന്ന് തോന്നിക്കുന്ന അതേസ്ഥലത്ത്,
കാടിന്റെ ശബ്ദങ്ങൾക്ക് പ്രാണഭയത്തോടെ കാതോർത്ത്, ഈർപ്പമുള്ള മണ്ണിൽ പൂരകങ്ങളായ നെഞ്ചിടിപ്പുകളോടെ പതിയെ നടക്കുവാൻ
-നാലാം നിമിഷം.

ഇളകുന്ന കടലലകളിലേയ്ക്ക് നിണമിറ്റിച്ച് മറഞ്ഞുപോകുന്ന മുഴുത്ത സൂര്യനെ നോക്കി, ജീവിച്ചുതീർത്ത പകലിന്റെ ഇളംചൂടുള്ള വിവേകാനന്ദപ്പാറമേൽ അടുത്തടുത്തായി പടിഞ്ഞിരുന്ന് ഇരുട്ടിന്റെ വാഗ്ദാനങ്ങളിലേയ്ക്ക് അടർന്നുനഷ്ടപ്പെടുന്നതിനു മുമ്പായി
-അഞ്ചാം നിമിഷം.

ത്രിസന്ധ്യയ്ക്ക് തനിയെ മടങ്ങുമ്പോൾ വെയിലിൽ പെറുക്കിയെടുത്ത് ഉള്ളം കൈയ്യിലമർത്തിപ്പിടിച്ചിരുന്ന ഓർമ്മയുടെ ചിപ്പിപ്പോളകളെല്ലാം തീരത്തെ മണലിലുപേക്ഷിച്ച് ഒരു കണ്ണുനീർത്തുള്ളി കൊണ്ട് അതിമോഹങ്ങൾക്കു തർപ്പണം ചെയ്ത് തിരിഞ്ഞുനോക്കാതെ മടങ്ങിവരാനൊരു
-ആറാം നിമിഷം
-മയക്കമുണരുന്ന ലോകമേ
നീ അനുവദിക്കുമെങ്കിൽ മാത്രം.

ഒരു നിമിഷം

ഒരു നിമിഷം.

ഏകാന്തതയുടെ ഈ നിമിഷം. ഞാനേറ്റം ഇഷ്ടപ്പെടുന്ന ഉദാസീനമായ മദ്ധ്യാഹ്നം. മേഘങ്ങളും വെയിലും ഒളിച്ചുകളിക്കുന്ന, കാറ്റുറങ്ങിപ്പോയ ഈ വേള. എവിടെയോ ഇലകൾക്കിടയിൽ കിളി ചിലയ്ക്കുന്നു. അതുപോലും ഈ മൗനത്തിന്റെ ഭാഗമാണ്. ഉറങ്ങണോ വേണ്ടയോ എന്ന് എന്റെ ഇഷ്ടത്തിന് തീരുമാനിക്കാവുന്ന അവധിദിന മധ്യാഹ്നം.

ഏകാന്തതയുടെ കയത്തിൽ താഴെ നിലമുരുമ്മി ഒരു നിമിഷം കിടക്കാൻ സമയമേ ഒന്നു നിൽക്കണേ. ഒരുനിമിഷം ഞാൻ കണ്ണടച്ച് ഒന്ന് ആസ്വദിച്ചോട്ടെ. ജീവിതത്തിന്റെ ഭാരമോ, മരണത്തിന്റെ ഭീതിയോ ഇല്ലാത്ത, ഒരു കടമയുടെയും ഉൾവലികളില്ലാത്ത, ഈ ലോകം മുഴുവൻ എന്നിൽനിന്ന് ഒന്നും പ്രതീക്ഷിക്കാത്ത ഒരൊറ്റ നിമിഷം.

ഈ ഉച്ചമയക്കം.. കയത്തിനടിയിലെ ഈ നിഴലും തണുപ്പും.. മേലെ അനങ്ങാത്ത ജലപ്പരപ്പിനു മുകളിൽ, വീശാത്ത കാറ്റിൽ പതുങ്ങിയൊരു കിളിനാദം.

ലോകമേ, എന്നെയുണർത്തല്ലേ. മകൾ സ്കൂൾ വിട്ടു വരുന്നതുവരേക്കും ഞാനൊറ്റയ്ക്കിരിക്കട്ടെ.

എന്റെ വൈകുന്നേരത്തിലെ ഈ നിമിഷം; എന്റെ സ്വന്തം സമയം! ശ്വാസോച്ഛ്വാസത്തിന്റെ കെട്ടുപാടുപോലുമില്ലാത്ത മരണം പോലുള്ള ഈ വിരാഗം - ഗൃഹിണിയുടെ സന്യാസം. ഒരു നിമിഷം - ശാന്തമായ, വിളി കേൾക്കേണ്ടാത്ത, സ്വതന്ത്രമായ ഒരു നിമിഷം.

2018 ജൂൺ 2, ശനിയാഴ്‌ച

കടുകുമണിയിലെ ആത്മബന്ധങ്ങൾ.

ബാല്യത്തിലേ കടുകുമായി ഞാൻ ഇഷ്ടത്തിലായിരുന്നു. കടുകു വറവിട്ട ഏത് ഭക്ഷണസാധനവും തിന്നുതീർക്കാൻ ഞാൻ ഏറെ നേരമെടുത്തു. ആദ്യം അതിലെ ഓരോ കടുകുമണിയും പ്രത്യേകം പ്രത്യേകം എടുത്തു തിന്നിട്ടേ വയറു നിറക്കാൻ തുടങ്ങൂ. താഴെയുള്ളവൾ പ്രീതിയുടെ നിശിത വിമർശനത്തിന് ദിവസവും പല തവണ ഇരയാകേണ്ടിവന്നിരുന്നു. നമ്മുടെ കുറ്റങ്ങളും കുറവുകളും ഏറ്റവുമാദ്യം കണ്ടുപിടിക്കുന്ന ജീവിതത്തിലെ പ്രഥമ ശത്രുക്കളാണ് സഹോദരങ്ങൾ. അതൊക്കെ എനിക്ക് പുല്ലായിരുന്നു. പുല്ലിനിടയിൽ കൊടിത്തൂവയും തൊട്ടാവാടി മുള്ളും കാണുമെന്നു മാത്രം. ഇന്നസെന്റ് അരിമണി പെറുക്കിയതിനേക്കാൾ അസഹനീയമായിരുന്നിരിക്കണം ദിവസവുമുള്ള എന്റെ കടുകു പെറുക്കൽ അവൾക്ക് കൊടുത്ത പൊറുതികേട്.

മെല്ലെത്തീറ്റക്കാരി എന്നതിന് ഞാൻ സഹിക്കേണ്ടിവന്ന ദുഷ്പേരും കുറ്റാരോപണവും ഒന്നും ഇന്നും കെട്ടടങ്ങിയിട്ടില്ല.
" ഔ! ഓൾടൊരു മിട്ടായി തീറ്റ! ഓർമ്മല്ലേ അണക്ക്? നമ്മളൊക്കെ തിന്ന് തീരുമ്പോൾ മെല്ലെ കടലാസഴിച്ച് കൊതിപ്പിച്ച് പിന്നേ തീറ്റ തുടങ്ങൂ." ഏട്ടനെന്നെ ഇന്നും വാട്ടാറുണ്ട്. അതു കേൾക്കേണ്ട താമസം പ്രീ കുടത്തിലടച്ച ഓർമ്മ ഭൂതങ്ങളെയൊക്കെ കുടഞ്ഞു പുറത്തിടും. ആവോളം ചിരിച്ചു കഴിയുമ്പോൾ അപ്ഡേറ്റ് ചെയ്ത ഭൂതങ്ങളെ തിരിച്ചടച്ച് കാത്തു വെക്കും - നല്ലൊരു നാളേക്ക് വേണ്ടി.

സത്യത്തിൽ ഞാനെത്ര പാവമായിരുന്നു. വേഗം കഴിയരുതെന്ന് മോഹിച്ച് ഇവര് തിന്നുമ്പോഴൊക്കെ കൊതിയിറക്കിയിരുന്ന് പതിയെ തിന്നിരുന്നത് ഞാനവരെ കൊതിപ്പിക്കാൻ മന:പൂർവം ചെയ്തതാണത്രെ! ഈ സ്വഭാവത്തിന് കൊടുക്കേണ്ടിവന്ന ഏറ്റവും വലിയ വില ജീവിതത്തിലാദ്യമായി രുചിച്ച ആ ഫൈവ്സ്റ്റാർ മിഠായിയുടെ മൂന്നിൽ രണ്ടു ഭാഗമായിരുന്നു. മറക്കില്ല ചന്തു. അച്ഛന്റെ മഞ്ചേരിയിലെ സുഹൃത്ത് കുറുപ്പാണ് ഞങ്ങൾക്കു മൂവർക്കും ഓരോ ഫൈസ്റ്റാർ സ്വന്തം തന്നത്. ഒന്നു മുഴുവൻ! തൊടുന്നത് തന്നെ ആദ്യമായി. കൊതിയനും കൊതിച്ചിയും കിട്ടിയ ഉടനെ തിന്നു തുടങ്ങി. ഞാനാകട്ടെ, മഞ്ചേരിയിൽ നിന്ന് നിലമ്പൂര് വരെ തിരക്കുള്ള ബസിന്റെ കമ്പിയിൽ പിടിച്ച് ആടുമ്പോഴും ഒരു കൈയിൽ ഇതു കാത്തുവെച്ചു. വീട്ടിലെത്തിയപ്പോൾ ഏട്ടൻ കരഞ്ഞുപൊളിച്ചു. എന്തൊരു മാരണം! എന്റെ ഫൈവ്സ്റ്റാറ് അമ്മ മൂന്നായി ഭാഗിച്ച് മൂന്നാൾക്കും വീതിച്ചു. ഇതിന്റെ കണക്ക് അവർ രണ്ടാളോടും ദൈവം ചോയ്ക്കട്ടെ. ഞാൻ ചോയ്ക്കില്ല. ഞാൻ പാവമാ.

കടുകിനെ മറക്കരുത്. അതു മെഴുക്കുപുരട്ടിയിലും കറിയിലും രസത്തിലും വരും. തേങ്ങാ ചട്ണിയിൽ വറവിട്ട കുതിരാത്ത ക്രിസ്പി കടുക് നാളികേര ത്തോടൊപ്പം ചവച്ചിറക്കുന്നതിന്റെ സുഖം വേറെ എന്തിലുണ്ട്! ഒരോ ഭക്ഷണത്തിലും കടുകിനെ നേടാനുള്ള ടാസ്ക് വ്യത്യസ്തമായിരുന്നു. ഒന്നോ രണ്ടോ മണി കടുകു നേടാനായി ഞാനെത്ര രസം കുടിച്ചിരിക്കുന്നു! അതെന്തായാലും രസം കുടിച്ച കഥ പറഞ്ഞാൽ പ്രീയുടെ ചൊരുക്കു നിൽക്കും. മണ്ടിപ്പെണ്ണ്. ഒരിക്കൽ സ്റ്റീലടുക്കിലുള്ള കയില് വെക്കാത്ത തെളിഞ്ഞ രസത്തിനടിയിലെ ചുവന്ന തക്കാളിക്കഷ്ണം സ്വായത്തമാക്കാൻ മുക്കാൽ ലിറ്റർ രസം മുഴുവൻ ശ്രദ്ധിച്ച് കിണ്ണത്തിലൊഴിച്ച്, അവസാനം ഞങ്ങളെയൊക്കെ നോക്കി നാണോംമാനോമില്ലാതെ കാറിക്കരഞ്ഞവളാണവൾ. ശ്രദ്ധ മുഴുവൻ വീഴാത്ത തക്കാളിക്കഷ്ണത്തിലായതിനാൽ കിണ്ണത്തിൽ രസം നിറഞ്ഞത് അവളറിഞ്ഞില്ലത്രെ. അന്നതു കണ്ട് മൂത്തവരെല്ലാം തലയറഞ്ഞ് ചിരിച്ചപ്പോൾ അവൾക്കു രണ്ടെണ്ണം കിട്ടാത്തതിന്റെ കടുത്ത നിരാശയിലായിരുന്നു ഈ പാവം ഞാൻ.

കടുകിലേക്കു തിരുമ്പി വറേൻ. സ്വയം പാചകം തുടങ്ങിയപ്പോൾ കടുക് തേടൽ വളരെ എളുപ്പമായി. ലക്ഷക്കണക്കിനു കടുകുമണികളാണ് ഞാൻ കൂട്ടാനു വറവിട്ട്, ഇളക്കിച്ചേർക്കാതെ മൊത്തം ആദ്യമേ വിളമ്പിയെടുത്ത് കൈവശപ്പെടുത്തിയിരിക്കുന്നത്. ചിലപ്പോൾ ഞാനുണ്ടാക്കുന്ന ഉപ്പുമാവ് കണ്ടാൽ 'ഇതു റവ ഉപ്പുമാവ് തന്നെയാണോ ' എന്നു വരെ നിങ്ങൾ ചോദിച്ചെന്നിരിക്കും.

വെറുതേ വീട്ടിൽ ഒറ്റയ്ക്കിരിക്കുന്ന നേരം എന്റെ ക്രേവിങ്സ് എന്നെ കാർന്നു തിന്നുമ്പോൾ ഞാൻ തവിയെടുത്ത് വെറുതേ കുറച്ചു കടുകു വറുത്ത് കടല കൊറിക്കുമ്പോലെ തിന്നാറുണ്ടായിരുന്നു എന്ന നഗ്നസത്യം ലോകദൃഷ്ടിയിൽ നിന്നും ഇനിയും മറച്ചുവയ്ക്കുന്നത് ശരിയല്ല. അത്രയ്ക്കുണ്ടായിരുന്നു കടുകു പ്രേമം.

പച്ചക്കടുകിന്റെ തീക്ഷ്ണമായ രുചി നമ്മെ പിന്തിരിപ്പിക്കുന്നതാണ്. അതങ്ങനെ വെളിച്ചെണ്ണയിൽ തുള്ളിക്കളിച്ചു പൊട്ടുമ്പോൾ ചില സ്മാർട്ട് ബോയ്സ് തെറിച്ച് സ്റ്റൗവിലും  വിതിനപ്പുറത്തുമൊക്കെ വീഴും. വിണ്ടു പൊളിഞ്ഞ ആ കറുത്ത മുത്തിനുള്ളിൽ നിന്നും എന്നെ നോക്കി ചിരിക്കുന്ന സ്വർണനിറമാർന്ന ആ ദ്വിബീജ പത്രങ്ങളെ അഭിസംബോധനചെയ്യാൻ വാക്കുകളില്ലാത്ത കാരണം  ഞാൻ അതെല്ലാം ഓരോന്നായി പെറുക്കി വായിലാക്കും. ചൂണ്ടു വിരൽ തുമ്പുകൊണ്ട് പതിയെ ഒന്നമർത്തുമ്പോൾ അവൻ വിരലിലൊട്ടും. നേരെ വായിലേക്ക്. കറുമുറുന്നനെ ഇരിക്കുന്ന മണിക്കുട്ടനിൽ പല്ലമരുമ്പോൾ വായിൽ നിറഞ്ഞ്, നേസൽ കാവിറ്റിയിലേക്ക് കവിയുന്ന ആ അലൗകികമായ അനുഭൂതിയെ ഞാനെങ്ങനെ പരിചയപ്പെടുത്തിത്തരും! അതു രുചിയുമല്ല, മണവുമല്ല. അതൊരു അനുഭൂതി മാത്രം. 'കടുകിന് കയ്പ്പല്ലേ ' എന്നു മുഖം ചുളിക്കുന്നവരോട് ഇതിലേറെ പറഞ്ഞുകൂടാ.

മുമ്പു പലപ്പോഴും എന്റെയീ ബലഹീനതയെ പരിഹസിച്ചവരിൽ പലരും പിൽക്കാലത്ത് നല്ല കടുകാസ്വാദകർ ആയിട്ടുണ്ട്. അതിൽ വമ്പത്തി പ്രീയാണ്. അല്ലെന്നവൾ കമന്റിലിടും. ആരും വിശ്വസിക്കരുത്. എന്നാൽ, 'സന്തോഷം കൊണ്ടെനിക്കിരിക്കാൻ മേലേ ' എന്നു തോന്നിയത് എന്റെ രണ്ടാമമ്മ (ജനണ്ണൻറമ്മ ) നാട്ടിലെ തറവാട്ടിൽ വച്ച് (എന്റെ ഡി അഡിക്ഷൻ സെൻറർ) എന്റെ ചെവിയിലൊരു സ്വകാര്യം പറഞ്ഞപ്പോഴാണ്.
'നീ കാട്ട്ണത് കണ്ടുകണ്ട് ഞാനുമത് തുടങ്ങി.  എണ്ണയിൽ നിന്നും പൊട്ടിത്തെറിച്ചു സ്റ്റൗവിൽ വീഴുന്ന കടുക് ഞാനിപ്പോൾ വേസ്റ്റ് ചെയ്യാറില്ല. നിന്നെയോർത്തു കൊണ്ട് അതെല്ലാം തിന്നും.' അങ്ങേയറ്റത്തെ ശുദ്ധം-വൃത്തിക്കാരിയായ മൂത്ത മരുമകളുടെ കണ്ണുവെട്ടിച്ചേ ഈ കള്ളത്തരം പറ്റൂ. ഞാൻ പോലും  പെറുക്കി തിന്നാൻ കൈതരിച്ചാലും മനസ്സിനെ അടക്കി വെച്ച് നിഷ്ഠുരമായി തൂത്തെറിയും കടുകുമണിയൻമാരെയൊക്കെ. അവിടെയാണ് അമ്മയുടെ ഈ സാഹസം.
'ഒന്നോ, രണ്ടോ മണി തിന്നുമ്പോൾ അതിനെന്തൊരു സ്വാദാണ് ' എന്നമ്മ പറഞ്ഞെങ്കിലും എന്നെ ആനന്ദതുന്തിലയാക്കിയത്  അതു തിന്നുമ്പോൾ അമ്മയെന്നെ ഓർക്കാറുണ്ടെന്നതാണ്.

ഒരു മണി കടുകിന്റെ സാധ്യതകളിലേക്ക് ഞാൻ തുറന്നുവിട്ട മനുഷ്യർ ഒരുപിടിയുണ്ട്. ധൃതിയിൽ അടുക്കളപ്പണി ചെയ്യുന്നതിനിടയിലെപ്പോഴൊക്കെയോ ഞാനവരെയും അവരെന്നെയും ഓർക്കാൻ കടുകെന്ന ഒരേയൊരു കൊച്ചു ഗോളം മതി. അതുരുണ്ട വഴികളെല്ലാം അതിനെ കാംക്ഷിക്കുന്ന എനിക്കു സ്വന്തം.

2018 ജൂൺ 1, വെള്ളിയാഴ്‌ച

ചന്ദനമരം.

ചില പെണ്ണുങ്ങൾ ചന്ദന മരം പോലെയാണ്. കാണാനെടുപ്പില്ലാതെ. ചിലപ്പോൾ ശോഷിച്ച്. മേനിയഴകോ, മേന്മയോ പറയാനില്ലാത്ത കുറിയ ഇളം പച്ച ഇലകൾ. പുഷ്ടി കുറഞ്ഞ തടിയുടൽ. എന്നാൽ അകക്കാമ്പ് സർഗചേതനയ സുഗന്ധമുറഞ്ഞതാണ്.

വധുവായി കയറി ചെല്ലുന്നിടത്ത് പലപ്പോഴും അവൾക്ക് വിലയിടുന്നത് പുറംമോടി കണ്ടിട്ടാണ്. താഴെ നിൽക്കുന്നവർ വെയിലേറ്റ് ചുടുമ്പോൾ ശോഷിച്ച തണൽ നോക്കി മുറുമുറുക്കും. വാഴയിലയെന്നോ, കറിവേപ്പെന്നോ തിരഞ്ഞു വന്നവർ ഇല കണ്ട് പഴിപറഞ്ഞ് കടന്നുപോകും. സൗന്ദര്യമോ, സൗരഭ്യമോ പൊഴിക്കാത്ത പൂവുകളും ഉപയോഗയോഗ്യമല്ലാത്ത ഫലവും കണ്ട് അവൾക്ക് വിലയിട്ടാൽ അത് ക്രൂരതയാകും.

ചന്ദനമരം സ്വന്തമാക്കിയ ചില ആണുങ്ങൾ പൊടിച്ചുവരുന്ന അതിന്റെ കൊമ്പുകളും ചിലപ്പോൾ തായ്ത്തടി തന്നെയും അറുത്തെടുത്ത് അടുപ്പിലിട്ട് കഞ്ഞി വേവിക്കും. ഒട്ടൊരു സുഗന്ധമുണ്ടെങ്കിലും ആ കറുത്ത പുക താമസിയാതെ കാറ്റിലലിഞ്ഞു നഷ്ടപ്പെടും.

ചിലർ ചന്ദനമരത്തെ നിരീക്ഷിച്ച് പഠിച്ച് സാൻഡാലസ് ആൽബ എന്ന അതിന്റെ ശാസ്ത്രീയ നാമമിട്ട് വിളിക്കും. ഇനിയും ചിലർ സംവേദനക്ഷമത കുറഞ്ഞ അതിന്റെ തൊലിയെ സാന്ത്വനിപ്പിച്ച് ലാളിക്കും.

ഇനിയും ചിലർ ചന്ദനമുട്ടി കീറി ആഢ്യർക്ക് ചിതയൊരുക്കും. കത്തുന്ന ചിതയിൽ ജീവനുള്ള മൃതരോടൊപ്പം ജീവിതകാലം മുഴുവൻ സതിയനുഷ്ഠിച്ച് എരിഞ്ഞ് തീരുന്നു അവളുടെ ചേതന.

ചന്ദന മരത്തിന്റെ സ്വത്വം അതിന്റെ അകക്കാമ്പിൽ ഉറഞ്ഞിരിക്കുന്ന തൈലകണങ്ങളിലാണ്. ചിലർ അതിൽ വിഗ്രഹങ്ങൾ കടഞ്ഞെടുക്കുന്നു. അനശ്വരം എന്നു തോന്നാവുന്ന വിഗ്രഹങ്ങളിൽ ചിലവ കാലം ചെല്ലുമ്പോൾ സുഗന്ധമില്ലാത്ത ആകാരങ്ങൾ മാത്രമായേക്കാം.

ചാണക്കല്ലിൽ ഉരഞ്ഞുരഞ്ഞ് കുഴമ്പാകുമ്പോൾ ആയിരിക്കണം ചന്ദനം ഏറ്റവും ആത്മസാക്ഷാത്കാരം നേടുന്നത്. പതിയെ അതിനു് ഉരഞ്ഞു പൊടിയാൻ ചാണക്കല്ലെന്ന ഒരു തട്ടകവും ബലിഷ്ഠമായ ഒരു കരവും കിട്ടാൻ ഓരോ ചന്ദനമരവും ആഗ്രഹിക്കുന്നുണ്ടാവാം.  സർഗ്ഗാത്മകതയുടെ തൈലമലിഞ്ഞ ചന്ദനക്കുഴമ്പ് അനേകം നെറ്റികൾക്കു തണുപ്പേകും. അനേകം അകത്തളങ്ങളിൽ സുഗന്ധം ചൊരിയും. സമൂഹത്തെയാകെ  കുളിർപ്പിക്കുന്ന ഒരു കാറ്റാകും.

ചന്ദനം ഒരു പരാദ സസ്യമാണ്.  അതിന്റെ വേരുകൾ ചുറ്റുവട്ടത്തുള്ള മറ്റു മരങ്ങളുടെ വേരുകളിൽനിന്നും സത്ത ഊറ്റിയെടുത്താണ് വളരുക. ഒറ്റയ്ക്കു വളരാനാകാത്ത അതിന്റെ ബലഹീനതയെ അവഹേളിക്കുന്നതിനു പകരം സർഗാത്മകതയുടെ സുഗന്ധതൈലവുമായി വീട്ടിൽ വന്നു കയറുന്ന പെണ്ണിന് കൊടുക്കാനായി ചുറ്റുമുള്ളവർ വേരുകളിൽ ഇത്തിരി പ്രോത്സാഹനവും പോഷണവും ചുരത്തിയാൽ നമ്മുടെ നാട് ചന്ദന മണമുള്ള കാറ്റ് ഭൂമി മുഴുവൻ പരത്തിയേനെ.