ചില സാരികൾ കഥ പറയാറുണ്ട് എന്നോട്. അതുടുത്താൽ വൈകുന്നേരം വരെയും മന്ത്രണം കേൾക്കാം - ഓരോ തവണ ഞൊറികൾ ശരിയാകുമ്പോഴും മുന്താണിത്തലപ്പ് പിടിക്കുമ്പോഴും എല്ലാം. ഇന്നുടുത്ത മജന്ത നിറമുള്ള സാരി പോലെ. മംഗലാപുരത്തുള്ള അമ്മയുടെ പെട്ടിയിൽ നിന്നും പൊക്കി ശിവമൊഗ്ഗയിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴി ഹാസനിൽ ഞങ്ങളുടെ വീട്ടിൽ താമസിച്ച ചെറിയ നാത്തൂന്റെ ബാഗിൽ നിന്ന് അടിച്ചുമാറ്റി ഉടുത്തതാണ് ഈ സാരി. സ്കൂളിൽ എല്ലാവരും പറഞ്ഞു നന്നെന്ന്. എന്നാൽ ഇനി തിരിച്ചു കൊടുക്കേണ്ട എന്ന് നിരീച്ചു ഞാനും.
മറ്റുള്ളവരുടെ വസ്ത്രം ഉടുക്കുന്നത് വളരെ മോശപ്പെട്ടതാണെന്ന് ഞാൻ ആദ്യമായി കേൾക്കുന്നത് ഇരുപത്തിമൂന്നാം വയസ്സിൽ ബാംഗ്ലൂരിൽ വച്ചാണ്. അതിനു മുമ്പും അതിനു ശേഷവും എനിക്കതു തോന്നിയിട്ടില്ല. ഇങ്ങനത്തെ ഉന്നതജീവിതദർശനങ്ങൾ ഒന്നും സാധ്യമല്ലാത്ത ഒരു കൂട്ടുകുടുംബത്തിലെ സന്തതിയായപ്പോയി.
ഞാനും അനിയത്തിയും ദൂരെദൂരെ ഹോസ്റ്റലുകളിൽ താമസിച്ച് പഠിച്ചിരുന്നപ്പോൾ രണ്ടാൾക്കും കൂടെയുണ്ടായിരുന്ന ഒരു ഡസൻ ചുരിദാറുകൾ ആറെണ്ണം അങ്ങോട്ടുമിങ്ങോട്ടും വെച്ച് മാറുന്നത് രണ്ടാളും വീട്ടിൽ സന്ധിക്കുന്ന അപൂർവ്വ വാരാന്ത്യങ്ങളിൽ ആണ്. ആ പന്ത്രണ്ടെണ്ണം വർഷങ്ങളുടെ നീക്കിയിരുപ്പ് ആണ് കേട്ടോ. പുതിയ തൊക്കെ കാലങ്ങളോളം അവൾ വീട്ടിൽ കൊണ്ടുവരാൻ മറക്കുമായിരുന്നു. അന്നൊരിക്കൽ ഞാനുടുത്ത് കൊതിതീരാത്ത ഒന്ന് അവൾ വീട്ടിൽ ( ഹോസ്റ്റലിൽ ) ഉടുത്തു പഴഞ്ചനാക്കിയതിന്റെ പരിഭവം എനിക്കിന്നും മാറിയിട്ടില്ല.
അപ്പോൾ പറഞ്ഞു വന്ന കാര്യം എന്റെ അമ്മായിയമ്മേടെ സാരി. 'അമ്മാ'യെന്ന് കൊഞ്ചിച്ചും സ്നേഹിച്ചും ഒട്ടൊന്നു പരിഭവപ്പെട്ടുമൊക്കെ വിളിക്കാറുണ്ട്. 'അമ്മായി ' എന്ന വിളിച്ചിട്ടില്ല. എൺപത്തഞ്ചുവയസ്സായ സരസ്വതിയമ്മ. പലതിലും എനിക്ക് റോൾ മോഡൽ ആണ് കക്ഷി. പെറ്റമ്മയോട് എനിക്ക് വാത്സല്യം തോന്നിയിട്ടില്ല. എന്നാൽ ഈ അമ്മയോട് എനിക്ക് അതാണ്.
പത്തും പന്ത്രണ്ടും തവണ നിറഞ്ഞൊഴിഞ്ഞ വയറ്റിൽ കത്തും വിശപ്പിനെ സാരി മുറുക്കി അമർത്തിവച്ച് ഒന്നുമുതൽ പൂജ്യംവരെ പ്രസവിച്ചിട്ടതുങ്ങൾക്ക് ഉണ്ണാനും ഉടുക്കാനും ഉണ്ടാക്കി വയസ്സായി പോയ മുത്തശ്ശിമാരിലൊരാൾ. വയറ്റിനകത്ത് ഉള്ളതിനെ ഊട്ടണോ, തൂക്കിൽ കിടക്കുന്ന, ഉമ്മറത്തിഴയുന്ന, മുറ്റത്തോടുന്നതുങ്ങളെ ഊട്ടണോ അതോ, കയ്യിലെ തഴമ്പ് പൊട്ടിയാലും തൂമ്പ താഴെ വയ്ക്കാതെ കിളച്ച് വിയർത്തു വരുന്ന വല്യപാതിയെ ഊട്ടണോ എന്നറിയാതെ ചിരട്ടത്തവി കൊണ്ട് കഞ്ഞിക്കലത്തിലെ സമൃദ്ധമായ വെള്ളത്തിനടയിൽ കറങ്ങുന്ന വിരളമായ വറ്റുകൾ അളന്നവർ.
മക്കൾ വളർന്നു നഗരങ്ങളിലേക്ക് ചേക്കേറിയപ്പോൾ അമ്മമാരുടെ കഷ്ടപ്പാടുകൾ കുറഞ്ഞു. മരുമക്കൾ വന്നതിനുശേഷം ചിലർ രാജാത്തിമാരായി. പതിയെപ്പതിയെ മിക്സി, ടിവി, ഫ്രിഡ്ജ് എല്ലാം വന്നു. ഉടുതുണിക്ക് ഒരേയൊരു മറുതുണി ഉണ്ടായിരുന്ന, പഴന്തുണി കുറവും പ്രസവങ്ങൾ കൂടുതലും ഉണ്ടായിരുന്ന ആ കാലം മാറി. തുണികൾ കൂടുതലും പ്രസവങ്ങൾ കുറവുമായ, നിലം തുടക്കാൻ പോലും പഴന്തുണി ആവശ്യമേയില്ലാത്ത ഒരു കാലവും എത്തി. പഴന്തുണിത്തുണ്ടുകൾക്ക് വേണ്ടി പോലും കൊതിച്ച സ്ത്രീകൾക്കെല്ലാം വയസ്സായി. ഇനി അവർക്ക് അതൊന്നും ആവശ്യവും കാണില്ല.
മക്കളുടെ വിശേഷങ്ങൾക്ക് അമ്മമാർക്ക് സാരികൾ കിട്ടാൻ തുടങ്ങി. സിബ്ബു പോയതിനാൽ മക്കൾ ഉപേക്ഷിച്ച ട്രാവൽ ബാഗുകളിലും ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസുകളിലും സാരികൾ വിശ്രമിക്കാൻ തുടങ്ങി. പതിയെ മരുമക്കളുടെ, പേരമക്കളുടെ ബന്ധുവീട്ടിലെ വിവാഹങ്ങൾക്കു പോലും കുന്നോളം പ്രസവിച്ച നന്മമുത്തശ്ശിമാർക്കു സാരികൾ ഒരുപാട് കിട്ടുമെന്നായി. ബാഗുകളും ഭാണ്ഡങ്ങളും മാറി അലമാരകളും നിറഞ്ഞുകവിയും എന്നായി. പഴയ സാരികൾ കൊണ്ട് കിടക്ക വിരിച്ചവർക്ക് സാരികൾ പഴകാതെയായി. കിടക്കകൾക്ക് സാരി വേണ്ടാതെയും. പണ്ട് കസവുകരയുള്ള ഒരു പോളിയെസ്റ്റർ സാരിക്കുവേണ്ടി ആശിച്ചിരുന്നവർക്ക് ഇന്ന് അതൊക്കെ മടുത്തു കഴിഞ്ഞു.
അകത്തളങ്ങളിലെവിടെയോ സൂക്ഷ്മമായി, ഭദ്രമായി ഒളിപ്പിച്ചുവച്ച താക്കോൽ എടുത്തു അലമാര തുറന്നാൽ കാണാം നാട്ടാര് മുഴുവൻ കൊടുത്ത് സാരികൾ. 'ഇതു മധുവിന്റെ മകളുടെ കല്യാണത്തിന്, ഇത് ചന്ദ്രന്റെ അമ്മയുടെ അടിയന്തരത്തിന്, ഇത് വാസന്തിയുടെ കൊച്ചുമകന്റെ ചോറൂണിന്..' ഇങ്ങനെ പോകും സാരികളുടെ മേൽവിലാസം. അവയിൽ പണ്ടൊരു പഞ്ഞക്കാലത്ത് ചേമ്പുവിത്തു ഭാഗം വച്ചതിന്റെ, ഒരു നാഴി നെല്ലിന്റെ , പാലില്ലാത്ത മക്കൾക്കു കൊടുത്തയച്ച കറമ്പിപ്പശുവിന്റെ പാലിന്റെ ഒക്കെ നന്ദികൾ കാണും. ഇതൊന്നുമില്ലെങ്കിലും സാരി കൊടുത്തൊന്നു കുനിഞ്ഞു കാലിൽ തൊടുമ്പോൾ ആ മുഖത്ത് വിരിയുന്ന നിഷ്കളങ്കമായ അനുഗ്രഹ പുഞ്ചിരിക്കു വേണ്ടിയാവാം.
ഇങ്ങനെ നിറഞ്ഞ സാരികളിൽ കണ്ടുമടുത്തവയും തനിക്ക് ചേരില്ലെന്നു തോന്നിയവയും ഒരേ പോലെ തോന്നിക്കുന്ന വയും എല്ലാം മക്കൾക്കും മരുമക്കൾക്കും ദാനമാണ്. പുതിയ തലമുറയിലെ പലരും മറ്റുള്ളവരുടുത്തത് ഉടുക്കാത്തവരാണ്. അതിനൊന്നും ഒരു നാണവും മാനവും നോക്കാത്ത എനിക്കൊക്കെ വേണമെങ്കിൽ ഒരു വണ്ടി പിടിച്ചുകൊണ്ടുവരാൻ മാത്രം കിട്ടും.
ഈ മജന്ത സാരി എന്റെ സരസ്വതിയമ്മയുടെ അനുജത്തി പാർവ്വതിയമ്മയുടേതാണ്. ഏതോ ഒരു വിശേഷത്തിനു രണ്ടുപേരും കണ്ടുമുട്ടിയപ്പോൾ നിർബന്ധപൂർവ്വം ബാഗിൽ തിരുകി കൊടുത്തു കാണും. പാർവ്വതിയമ്മ ഒരു ഇതിഹാസമാണ്. വാത്സല്യം കിനിയുന്ന മറ്റൊരു ഇതിഹാസം. ചെറുപ്പത്തിലേ വിധവയായ അവർക്ക് രണ്ടു മക്കളാണ്. വലിയ തറവാട്ടിലെ കുളിമുറി - അടുക്കള ഭാഗത്താണ് അവരുടെ വൈധവ്യം അവരെ പോറ്റിയത്. തറവാട്ടിലെ ബാക്കി സ്ത്രീകളുടെ എല്ലാം പ്രസവശുശ്രൂഷ, ശിശുപരിപാലനം, കുഞ്ഞുങ്ങളെയെല്ലാം കുളിപ്പിക്കൽ, തുണിയലക്കൽ -ഇതെല്ലാം കഴിഞ്ഞ് നേരമുണ്ടെങ്കിൽ പാചകവും.
ഏത് അസമയത്ത് വീട് സന്ദർശിച്ചാലും നിർബന്ധിച്ച് അവർ ഊട്ടുന്ന ഭക്ഷണത്തിന് അമൃതിന്റെ സ്വാദാണ്. പ്രായാധിക്യവും പ്രഷറും പ്രമേഹവും തളർത്തിയാലും സ്വയംപര്യാപ്തത വിട്ടുകളിക്കാത്ത വമ്പത്തി. ഇന്നാള് കണ്ടപ്പോഴുണ്ട് തനിയെ ഇൻസുലിൻ ഇഞ്ചക്ഷൻ എടുക്കുന്നു! അവർ കുളിപ്പിച്ചുറക്കിയ ഡസൻകണക്കിന് കുഞ്ഞുവാവകൾ ഇന്ന് സമൂഹത്തിന്റെ പല പല ശ്രേണികളിൽ വിഹരിക്കുന്നു. കണ്ടാൽ ഇന്നും വാത്സല്യത്തോടെ വിളിച്ചൂട്ടുന്ന ആ അമ്മയ്ക്ക് ഒരു സാരിയെങ്കിലും കൊടുക്കാതെ അവരുടെ വീട്ടിലൊന്നും ഒരു കല്യാണവും നടക്കില്ല. നമ്മൾ ആപത്തുകാലത്ത് പത്തു തൈ നട്ടാലും വരാൻപോകുന്ന കാലങ്ങളിലെല്ലാം അവയിൽ ചിലത് നമ്മുടെ പാതയോരത്ത് തണലും കാറ്റും വിരിച്ചു നിൽക്കും.
അങ്ങനെയുള്ള ഈ രണ്ട് അമ്മമാർ എന്നു കണ്ടാലും കുശുകുശാന്ന് അടക്കം പറയുന്ന രണ്ടു കൊച്ചു സഹോദരിമാരാകും. രാവേറെ ഇരുന്നു പറയാൻ അവർക്ക് കഥകളുണ്ടെങ്കിലും ഈയിടെയായി ആരോഗ്യം സമ്മതിക്കാത്തതിനാൽ അടുത്തടുത്തായി കിടന്നുറങ്ങുന്നത് കാണാം.
ദശകങ്ങളോളം ജീവിതത്തിന്റെ കനൽച്ചൂളയിൽ വേവിച്ചെടുത്തിട്ടും കലങ്ങി യുടഞ്ഞു പോകാത്ത അവരുടെ സ്നേഹം തുടങ്ങിയത് ബാല്യവും കൗമാരത്തിന്റെ തുടക്കവും അടങ്ങിയ ചുരുക്കം ചില വർഷങ്ങളിൽ ആണെന്നത് അതിശയിപ്പിക്കും. അവർ ഒരുമിച്ചു വളർന്ന ബാല്യത്തേക്കാൾ എത്രയോ മടങ്ങ് സമയം ഗൃഹഭാരങ്ങളുടെ ചുമടും വ്യത്യസ്ത വീട്ടുപേരുകളും പരസ്പരം പരിചിതമല്ലാത്ത ലോകങ്ങളും കൊണ്ട് കാലം അവരെ അകറ്റിയിരിക്കുന്നു. കൂടിക്കാഴ്ചകളും സഞ്ചാര സ്വാതന്ത്ര്യവും ഒക്കെ സ്വായത്തമായത് തികച്ചും മുത്തശ്ശിമാരായതിനുശേഷവും. എന്നിട്ടും ഒന്നും പരസ്പരം പറയാതെ പോലും എല്ലാം മനസ്സിലാക്കാൻ കഴിയുന്നത് അവരെ ദൈവം ഒരേ കളിമണ്ണ് കുഴച്ചു വാർത്തതു കൊണ്ടായിരിക്കുമോ!
അമ്മയുടെ -അമ്മമാരുടെ ഈ സാരി ഇനിയുമെത്രയോ കഥകൾ എന്നെ ഓർമിപ്പിക്കും; ഓരോ തവണ ഞാൻ ഉടുക്കുമ്പോഴും. നമുക്ക് പ്രിയപെട്ടവരുടെ വസ്ത്രങ്ങൾ ഉടുക്കാൻ കിട്ടുന്നത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു.