2018 ഡിസംബർ 31, തിങ്കളാഴ്‌ച

വനിതാ മതിൽ

"എന്തേ ത്ര ലേറ്റായേ? ഞാനച്ഛനെ പറഞ്ഞ് വിടാനിരിയ്ക്കേര്ന്നു ബസ്സ്റ്റോപ്പിൽക്ക്."

''മതിലിന് ശേഷം സമ്മേളനോം പ്രസംഗോം ഒക്കെണ്ടായിരുന്നു. കൊറച്ച് നേരം കേക്കാന്ന് നിരീച്ച് നിന്നു അമ്മമ്മേയ്."

"ന്നാപ്പിന്നെ ഒരു രണ്ട് മണിയ്ക്കോ മൂന്നു മണിയ്ക്കോ ആക്കാര്ന്നില്ലേ അവര്ടെ മതില് ? പെങ്കുട്ട്യോക്ക് സന്ധ്യാംമ്പളയ്ക്കും വീടെത്തണ്ടേ? ആറുമണ്യായപ്പോ ഞാൻ ശ്ശി പേടിച്ചു. "

~~~~~~~~~~~~~~~~~~~~

''ഉമ്മാ, ഞങ്ങള് മതില് കെട്ട്യേത് കേബിൾന്യൂസില് വരും. വീഡിയോ പിടിച്ചീര്ന്ന്."

"ന്റ റബ്ബേ! അന്റപ്രത്തും ഇപ്രത്ത്വൊക്കെ പെണ്ണ്ങ്ങളായീനൊ ? ജ്ജ് ആര്ടെ കയ്യാ പിടിച്ചത്? പടച്ചോനെ! എടങ്ങാറാക്കാനായീറ്റ്..."

"ന്റുമ്മാ. അയ്നദ് വനിതാ മതിലല്ലേന്നും?"

"ഓ. ഞാനദ് മറന്ന്വോയ്‌. ഉപ്പ പറഞ്ഞോണ്ട് വിട്ടതാ അന്നെ. ടീവീല് വര്ണദറഞ്ഞിര്ന്നാ മൂപ്പര് വിടില്ലായ്രുന്നു."

.......................................................

ഞാൻ ലിംഗസമത്വത്തിൽ വിശ്വസിയ്ക്കുന്നു.
പക്ഷേ മതിലു കെട്ടി കാറ്റിലെ നാറ്റം തടുക്കാനൊക്കുമോ?

മത-രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാത്ത ദീപ നാളങ്ങളുടേയും കോട്ടകളുടേയും ചങ്ങലക്കണ്ണിയാവാൻ ആഗ്രഹമുണ്ട് താനും.

2018 ഡിസംബർ 30, ഞായറാഴ്‌ച

കണ്ണാടി

കണ്ണാടി കുളത്തിനതിന്റെ പ്രതിബിംബം കാണിച്ചു. കാറ്റനക്കാത്ത ആ ചെറിയ കുളമാകട്ടെ കണ്ണാടിയുടെ പ്രതിബിംബവും അതിനുള്ളിലെ തന്നെത്തന്നെയും മുകളിലെ വെള്ളപ്പാളിയിൽ പ്രതിഷ്ഠിച്ചു.

താഴെ കുളത്തിന്റെ  ഇരുണ്ട ഹൃത്തടം മൗനമായി മൊഴിഞ്ഞു; നിനക്കിവിടെ സ്ഥലമുണ്ട് ഇങ്ങോട്ട് പോരൂ എന്ന്.
*********""""""""************

മുള്ളിനെ മുള്ളുകൊണ്ടെടുത്താലും നോവും. നാഡികളുടെ സംവേദനക്ഷമതയെ അറിയിയ്ക്കാതെ, മുറിവിന്റെ ആഴമോ പരപ്പോ കൂട്ടാതെ മുള്ളു സ്വയം പുറത്തുവരുമോ! പഴുത്ത്, ചുറ്റും കോശങ്ങൾ നശിച്ചഴുകി ഞെക്കിയെടുക്കുമ്പോഴേയ്ക്കും വേദനയിൽ യാമങ്ങളെത്ര നഷ്ടപ്പെട്ടിരിയ്ക്കും!!

*****""""""**********"""""""*%%%%%
മാനത്തെ നിറചന്ദ്രൻ താഴെ അലകളിലിളകുന്ന ചന്ദ്രബിംബത്തോടു തന്റെ നഷ്ടപ്പെട്ട സ്പന്ദനതാളം തിരിച്ചു ചോദിച്ചപ്പോൾ കാറ്റും കായലും മൗനമായി ചിരിച്ചു.

എന്നും ഏറെ കാത്തു കഴച്ച് ചന്ദ്രൻ മടങ്ങിപ്പോകാറാണ്.

2018 ഡിസംബർ 29, ശനിയാഴ്‌ച

വാല്

എനിയ്ക്കും ഒരു വാലുണ്ടായിരുന്നെങ്കിൽ...

അതെ. നീണ്ടു നല്ല മെയ്‌വഴക്കമുള്ള ഭാസുര സുന്ദരമായ ഒരു വാൽ തന്നെയാണുദ്ദേശിച്ചത്. അതിനറ്റത്ത് നീണ്ട രോമ കഞ്ചുകവും വേണം; മൃഗരാജനെപ്പോലെ. പിന്നെയോ? യഥേഷ്ടം നീട്ടാനും ചുരുക്കാനും കഴിവുള്ള കപീഷ് മോഡൽ വാലാണ് എനിയ്ക്കു വേണ്ടതെന്ന് നിങ്ങളൂഹിച്ചത് ശരിയാണ്. അങ്ങനത്തൊരു വാലിന്റെ അനന്തസാദ്ധ്യതകളെക്കുറിച്ചാണ് ഞാൻ ചിന്തിയ്ക്കുന്നത്.

സ്വെറ്ററെടുക്കാൻ മടിയ്ക്കുകയോ മറക്കുകയോ ചെയ്യുന്ന വേളകളിൽ കഴുത്തിലൊരു മഫ്ളറായോ ആകെ പൊതിയുന്ന ഷാളായോ മാറുന്ന നീണ്ടുനീണ്ട വാൽ..

ട്രെയിൻ യാത്രകളിൽ ഒരു തലേണ പോലെ ചുരുട്ടി വെയ്ക്കാം..

മൃദുവായ അതിന്റെ നനുത്ത രോമ നികുഞ്ചം ഞാൻ ഞായറാഴ്ച തോറും ഷാംപൂ പതച്ച് കഴുകി വൃത്തിയാക്കും.

രാത്രി ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് കുതിയ്ക്കുന്ന വല്യേ വല്യേ ബസ്സുകളില്ലേ? രാജഹംസ, ഐരാവത തുടങ്ങിയവ. അവയുടെ സീറ്റിലിരിയ്ക്കുമ്പോൾ എനിയ്ക്കു വലിയ അമർഷമാണ്. തുല്യതയ്ക്കും നീതിയ്ക്കുമായി എന്റെ രക്തം തിളയ്ക്കും. അതിലെ ഇരിപ്പിടങ്ങളുടെ ആകൃതി ശ്രദ്ധിച്ചിട്ടുണ്ടോ നിങ്ങൾ? സ്ത്രീകളും പുരുഷന്മാരും ഒരേ നിരക്ക് കൊടുത്ത്  ഒരു പോലെ യാത്ര ചെയ്യാറുള്ള ഈ വക ആഡംബര ബസുകളുടെ ഇരിപ്പിടം ഒരു ശരാശരി പുരുഷന്റെ ഉയരമുള്ള ആളുകൾക്കു മാത്രം സുഖദായകമാകുന്ന പ്രത്യേകരീതിയിൽ ഉണ്ടാക്കി വെച്ചിരിയ്ക്കുന്നു. നട്ടെല്ലിന്റെ സ്വാഭാവിക വളവും കഴുത്തിനൊരു താങ്ങ് കൊടുക്കാൻ പൊന്തിനിൽക്കുന്ന ഭാഗവുമുണ്ട്. എന്റെ ഉയരം വെച്ച്, ആണുങ്ങളുടെ കഴുത്തിനുവെച്ച താങ്ങും ആ വളവും ഒരു രീതിയിലും സൗകര്യപ്രദമല്ലാത്ത ഒരു ഇരുന്നു യാത്രയാണ് എനിയ്ക്കു തരുന്നത്. ചാരിയിരുന്നാൽ തല മുന്നോട്ടാഞ്ഞു പിടിയ്ക്കണം. കഴുത്താണെങ്കിൽ എവിടെയും തൊടുകയുമില്ല- ഒരു സപ്പോർട്ടുമില്ല. പൊതുവാഹനത്തിലെ സീറ്റ് ഇങ്ങനെ വിഭാവനംചെയ്ത കോന്തൻ എൻജിനീയറെ പ്രാകി കൊണ്ടാണ് ഇത്തരം പാതിരാ യാത്രകളിൽ ഞാൻ കാലക്ഷേപം ചെയ്യുന്നത്. പല ഉയരങ്ങളിലുള്ള ആണുംപെണ്ണും കൗമാരക്കാരും യാത്രചെയ്യുന്ന സീറ്റ് ഒരു നിരന്ന പലകയിൽ കുഷ്യനൊട്ടിച്ചതായാൽ അതിനെ ഇക്വാലിറ്റി എന്നുപറഞ്ഞൂടെ? പാർലമെൻറിൽ 33% കാണില്ലെങ്കിലും രാപ്പകൽഭേദമെന്യേ ബസ് യാത്രകളിൽ പുരുഷനോടൊപ്പം സ്ത്രീയുമുണ്ട്. പിന്നെന്തിന് സീറ്റിന്റെ കാര്യത്തിലീ വിവേചനപരമായ ആകാര കൃത്യത? എനിയ്ക്കു മതിലു കെട്ടാനും പന്തംകൊളുത്താനുമൊക്കെ തോന്നാറുള്ളത് ഇത്തരം സൂക്ഷ്മമായ വിവേചനങ്ങളിലാണ് പ്രബുദ്ധരേ. പക്ഷേ, ഏകാന്തരോദനം ആരു കേൾക്കാൻ! അവിടെയാണെന്റെ വാൽ ഉപകാരപ്പെടുക. ആവശ്യമായ ഉയരത്തിൽ പതുപതുത്ത വാൽ മടക്കിവെച്ച് ആണുങ്ങളെപ്പോലെ കംഫർട്ടബിളായി ഞാനുമുറങ്ങും. ടെണ്ടെടേം... ഇതൊരു വിവേചനമാണെന്നു പോലും തോന്നിയിട്ടില്ലാത്തവരൊക്കെ നല്ല വില കൊടുത്തു കഴുത്തു വേദന സഹിച്ചു കൊള്ളിൻ.

സ്കൂളിലെ ടീച്ചറു പണിയിൽ വിഷമമുണ്ടാക്കുന്ന ഒരു കാര്യം ചോക്ക് പൊടിയാണ്. ഒരു കയ്യിൽ ചോക്കും മറുകയ്യിൽ ഡസ്റ്ററും പിടിച്ചു കണ്ണിലും ശ്വാസകോശങ്ങളിലും ചുണ്ണാമ്പു നിറച്ച് ദിവസവും തുമ്മലും മൂക്കടപ്പും ആയി നടക്കുന്ന; എന്നാലും ബോർഡ് നിറച്ചെഴുതുന്ന എന്നെപ്പോലുള്ള ടീച്ചർമാർക്ക് വാൽ എന്തുകൊണ്ടും ഒരനുഗ്രഹമാണ്. ഡസ്റ്റിൽ മുങ്ങിയ ഡസ്റ്റർ പിടിച്ച ഇടതുകൈയുടെ പുറം കൊണ്ട് മൂക്കു മറയ്ക്കുന്നതിന് പകരം സമൃദ്ധമായ വാലറ്റം കൊണ്ട് എനിയ്ക്കൊരു സംരക്ഷണകവചം തീർക്കാം. തുമ്മാനും തുടയ്ക്കാനും ചെറിയാനും എന്നുവേണ്ട പടികൾ കയറുമ്പോഴും ഓടി നടക്കുമ്പോഴും സാരി ഒതുക്കിപ്പിടിയ്ക്കാനും എന്തു സൗകര്യമായിരിക്കും!

സാരിയുടെ ഞൊറികൾ സ്ഥാനം മാറിയിട്ടില്ലല്ലോ എന്ന് ഇടയ്ക്കിടെ പരിശോധിച്ച് മാനം കാക്കാനും വഴക്കമുള്ള ഒരു വാൽ ഉപകാരപ്പെടും.

ബസിൽ തൂങ്ങി നിൽക്കുമ്പോൾ തൂണിൽ ചുറ്റിപ്പിടിക്കാൻ ഒരു വാൽ അത്യാവശ്യമല്ലേ?

സിനിമ തീയേറ്ററിലോ മീറ്റിംഗിലോ മുന്നിലിരിക്കുന്ന ആളുടെ തല കാണേണ്ടതില്ല: അട്ടിവെച്ച് കയറിയിരിക്കാൻ ഒരു വാലുണ്ടായിരുന്നെങ്കിൽ.

പാത്രം കഴുകുന്നതിനിടെ കാറിത്തുപ്പി ചുറ്റും വൃത്തികേടാക്കുന്ന കഞ്ഞിക്കുക്കറിന്റെ മണ്ടയ്ക്കൊന്ന് കൊടുക്കാനും സ്റ്റൗ കെടുത്താനും എന്നുവേണ്ട അടുക്കളയിൽ എന്തുകൊണ്ടും സഹായകമാകുന്ന ഒരു മൂന്നാം തൃക്കൈ തന്നെയാകും മുടികൊഴിച്ചിലില്ലാത്ത ഒരു വാൽ.

മഞ്ഞത്തും വെയിലത്തും പൊടിക്കാറ്റിലും ചാറ്റൽ മഴയത്തും നീക്കുപോക്കേതുമില്ലാതെ ആദ്യത്തെ ഒന്നും രണ്ടും പിരീഡുകൾ ആഘോഷിക്കുന്ന കെ വി സ്കൂളിലെ മേൽക്കൂരയില്ലാ അസംബ്ലികളിൽ വാലൊരു സൗന്ദര്യ സംരക്ഷണാവയവയമായേനെ. ഭൂതകാലത്തേയ്ക്കും സാന്ത്വനത്തോടെ നീളുന്ന ഒരു കൈത്താങ്ങാണ് നോക്കൂ എന്റെ വാൽ.

ടിവിയുടെ റിമോട്ട് തട്ടിയെടുക്കാനും ഫോണെടുക്കാനും ഉയരത്തിലുള്ള അയയിൽ തുണി വിരിയ്ക്കാനും മകളെ തട്ടിയുറക്കാനും എല്ലാത്തിനും സൗകര്യമായിരുന്നു..
ഒരു വാൽ ഉണ്ടായിരുന്നെങ്കിൽ..

മനുഷ്യർക്കു വാലുണ്ടായിരുന്നെങ്കിൽ മെഡിക്കൽ, കോസ്മെറ്റിക്, മന:ശാസ്തമേഖലയിൽ വരെ ഏതാനും ശാസ്ത്ര ശാഖകളുണ്ടാകുമായിരുന്നു. വാലിനായി സലൂണുകളും മസാജ് സെന്ററുകളും എന്തിന്! പ്രത്യേക സ്വിമ്മിങ് പൂളുകൾ വരെ ഉണ്ടാകുമായിരുന്നു. വാൽ സ്പെഷൽ ഹെയർ റിമൂവറുകളും റിങ്ങുകളും ഡൈകളും ഷാംപൂകളുമെന്നു വേണ്ട ഒരു നൂറു കൂട്ടം സാമാനങ്ങൾ പതഞ്ജലി മുതൽ ലോറീൽ വരേയും ജോൺസൺ ആന്റ് ജോൺസൺ മുതൽ നെസ്റ്റ്ലെ വരേയും പടച്ചുവിട്ടേനെ. അതൊക്കെ നമ്മൾ വില കൊടുത്തു വാങ്ങുകയും ചെയ്തേനെ.

ന്നാലും എനിയ്ക്കത്ത്യാവശ്യം തോന്നുമ്പോൾ മാത്രമെങ്കിലും ഒരു വാലുണ്ടായിരുന്നെങ്കിൽ...

വെള്ളിയിഴകൾ

നെറ്റിയ്ക്കിരുവശവും അക്ഷാംശരേഖാംശങ്ങൾ അടയാളപ്പെടുത്തി വെള്ളിയിഴകൾ അതിവേഗം മുന്നേറാൻ തുടങ്ങിയ ഗ്രാഫിൽ പൂജ്യമെന്നടയാളപ്പെടുത്തിയത് നീയെന്റെ വിരൽത്തുമ്പുകൾ അനാഥത്വത്തിലേയ്ക്കുപേക്ഷിച്ച സമയത്തെയാണ്.

അനിശ്ചിതത്വത്തിന്റെ ആകാശത്തിലേയ്ക്കു തൂങ്ങിക്കിടക്കുകയാണെന്റെ അറ്റം മിടിയ്ക്കുന്ന കൈവിരലുകൾ..

തലകീഴായിപ്പോയ എന്റെ ലോകത്തെ നക്ഷത്രങ്ങളെല്ലാം ഇന്ന് മലകൾക്കും സമുദ്രത്തിനുമടിയിലായി മറഞ്ഞിരിയ്ക്കുന്നു.

ശാഠ്യത്തിന്റെ കടുപ്പമേറിയ ഏതോ പാറകളിൽ തടവിലാക്കപ്പെട്ട സൂര്യനു ശ്വാസംമുട്ടുന്നു..

2018 ഡിസംബർ 21, വെള്ളിയാഴ്‌ച

കൂശ്മാണ്ഡ പുരാണം

''പെണ്ണുങ്ങള് മുറിയ്ക്കാൻ പാടില്ല."

"ങേ! എന്തേയ്?"

''പാടില്ലാന്ന് വെച്ചാ പാടില്ല. അത്രന്നെ. മൂത്തോരു പറയ്ണേന്റെ കാരണൊന്നും ഞങ്ങളൊന്നും അന്വേഷിച്ചിട്ടില്ല."

കുമ്പളങ്ങയിൽ പെണ്ണ് കത്തിവെയ്ക്കാൻ പാടില്ലെന്നത് മംഗലാപുരം ഭാഗത്തെ ഒരു വിശ്വാസമാണ്. ആണുങ്ങള് വന്ന് ഒരു വെട്ടോ കൊത്തോ കൊടുത്തിട്ട് പോകും. അതിനുശേഷം മ്മള് നുറുക്കി അടുപ്പത്ത് വെച്ചാ വെന്തോളും. ഇതിൽ ഏറ്റോം അത്ഭുതമായിട്ടുള്ളതെന്താണെന്നു വെച്ചാൽ അടുക്കളേൽ കേറിയാൽ മീശ കൊഴിയുന്ന സൂക്കേടുള്ള ആണുങ്ങൾക്ക് പോലും ഭീകരമായ ഈ കുമ്പള വധം കഴിഞ്ഞാൽ മീശ കൊഴിയാറില്ലത്രെ. Y ക്രോമസോം കയ്യിലുള്ളവർ ഒരു വെട്ട് വെട്ടിക്കഴിഞ്ഞാൽ പിന്നെ മുറിച്ച്, തോലുകളഞ്ഞ്, വേവിച്ച് ഇഞ്ചിഞ്ചായി കുമ്പളങ്ങയെ കൊല്ലുന്നതുകൊണ്ട് സ്ത്രീകൾക്ക് നേട്ടമല്ലാതെ കോട്ടമൊന്നും സംഭവിക്കാറില്ല പോലും! ഈ വിശ്വാസത്തിന് കാരണമെന്തെന്ന് പലരോടും ഞാനന്വേഷിച്ചു. ആർക്കുമൊന്നുമറിഞ്ഞുകൂടാ.

'വികൃതമായി വളർന്ന ഭ്രൂണം' എന്നതാണ് കൂശ്മാണ്ഡം എന്നതിന്റെ ഒരർത്ഥം. ഗർഭാശയ മുഴയായിരിയ്ക്കാം സത്യത്തിലത്. ഇനി അതായിരിക്കുമോ സെൻറിമെൻസ്?

ന്റെ ദേവ്യേ, ങ്ങളേം ഇങ്ങനൊക്കെ വിളിക്കാറ്ണ്ടല്ലോ. സൃഷ്ടിയുടെ ഊർജ്ജം അണ്ഡത്തിൽ വഹിച്ച് ലോകത്തിനു മാതാവായതിനാൽ ദേവി കൂശ്മാണ്ഡയായി. നവരാത്രിയിൽ നാലാംദിവസം പൂജിയ്ക്കപ്പെടുന്നവൾ.

പക്ഷേ, ഓർമ്മവച്ച നാൾ മുതൽ കുമ്പളങ്ങയും വിഡ്ഢിത്തവും തമ്മിലൊരു ബന്ധം തോന്നുണുണ്ടല്ലോ! അതെയ്, ചെറുപ്പത്തില് ഐതിഹ്യമാല പോലത്തെ അബദ്ധങ്ങളൊക്കെ വായിച്ചാൽ അങ്ങനെരിയ്ക്കും. വായിച്ചിട്ടില്ലേ? കൊട്ടാരത്തിൽ ശങ്കുണ്ണീടെ? അതു രണ്ടുമൂന്നു തവണ വായിച്ചതിനുശേഷാണ് ഞാൻ പത്താംതരം പാസായത് തന്നെ. തടിച്ചൊരു പുസ്തകമായിരുന്നു. 1909 മുതൽ 1934 വരെ 25 വർഷം കുത്തിയിരുന്ന് ഒരാളെഴ്തീതല്ലേ? ഐതിഹ്യങ്ങളിലും കെട്ടുകഥകളിലും കുഴച്ച കേരളചരിത്രം അതില്ണ്ട്. അതിലെനിയ്ക്കേറ്റവും ഇഷ്ടപ്പെട്ടത് പൊതിയ്ക്കാത്ത തേങ്ങ പിഴിഞ്ഞ് പാലെടുക്ക്ണ അത്തേമ്മാരെപ്പറ്റിയുള്ള കഥയാണ്. 'അകത്തുള്ളാൾ'ടെ ശക്തി!

"വിഡ്ഢി! കുശ്മാണ്ഡം" ഐതിഹ്യമാലയിലെ ഒരു കഥയാണ്. ഇത്ര മധുരമാർന്ന മലയാളത്തിൽ ബഹുമാനപ്പെട്ട ശങ്കുണ്ണിയവർകൾ എഴുതിയ കഥ ഞാൻ പുനരാഖ്യാനം ചെയ്യുകയില്ല. നിങ്ങൾ താഴെ ലിങ്കിൽ പോയി വായിച്ചോളൂ.

കുമ്പളങ്ങയെക്കുറിച്ച് ഭീതിദമായ ഒരോർമ്മ കൂടി ബാല്യത്തിലേതായുണ്ട്. ദാരികനെന്ന രാക്ഷസനായി രക്തവർണ്ണമാർന്ന മഞ്ഞൾ- ചുണ്ണാമ്പ് മിശ്രിതം പുരണ്ട് നുറുങ്ങിക്കുഴഞ്ഞു മരിച്ചുകിടക്കുന്ന പാവം കുമ്പളങ്ങ. മൂടാനംപറ്റ ദേവീക്ഷേത്രത്തിന്റെ തറയിൽ അതങ്ങനെ കിടക്കും. സ്വന്തം നെറ്റിയിലെ ചോരയും കുമ്പളങ്ങയുടെ മാംസവും പുരണ്ട ചാത്തുക്കോമരത്തിന്റെ നീണ്ട് അറ്റം വളഞ്ഞ വാൾ ഇപ്പോഴുമെന്റെ മനസ്സിൽ കാണാം. മൂടാനംപറ്റയിൽ നിന്നു താലപ്പൊലിയുമായി വരുന്ന ആ ഘോഷയാത്രയിൽ കുംഭാര കോളനിയിലെ സർവ്വരും, താലമേന്തിയ പെണ്ണുങ്ങളും പഞ്ചവാദ്യവും ആനയും തിടമ്പും എല്ലാമെല്ലാം കാണുമെങ്കിലും വെല്ലുവിളിച്ചും പോരാടിയും ഓടിയൊളിച്ചും പോകുന്ന ദാരികനും രൗദ്രരൂപത്തിലുള്ള കാളിയുമാണ് ആകർഷണകേന്ദ്രം. ചോന്ന പട്ടുടുത്ത്, മുഴങ്ങുന്ന ചിലമ്പിട്ട്, സ്വർണ്ണ നിറത്തിൽ തിളങ്ങുന്ന മുലകൾ മാറത്ത് കെട്ടിയ കോമരം. വിരാഡൂരമ്പലത്തൂന്ന് തീർത്ഥം വാങ്ങി കോലോത്തുമുറി രാജപാതയിലൂടെ ചിലമ്പും കിലുക്കി ഉത്തേജിതയായി ഓടുന്ന, അമറുന്ന, കോപം കൊണ്ടു ചീറുന്ന കാളി. ഉടവാളിന്റെ മറുതല കൊണ്ട് വെട്ടിവെട്ടി നെറ്റി കൊത്തിക്കീറി രക്തം ചിന്തുന്ന ചാത്തുക്കോമരത്തിന്റെ കാളി.

ജീപ്പിലെ കോളാമ്പിയിൽ നിന്നുയരുന്ന പാട്ടിനെയും ആൾക്കൂട്ടത്തിന്റെ കലപില ഘോഷങ്ങളെയും പഞ്ചവാദ്യമേളത്തെയുമൊക്കെ തൃണവത്കരിച്ചുകൊണ്ടുയരുന്ന ചിലമ്പൊലി... താലപ്പൊലി കടന്നുപോകുമ്പോൾ ഏറ്റവും പ്രതീക്ഷിയ്ക്കുന്ന ശബ്ദം അതാണ്. ഇടയ്ക്കുയരുന്ന ഭദ്രകാളിയുടെ കോപാക്രന്ദം! അതിനെ അലർച്ചയെന്നോ നിലവിളിയെന്നോ മുരൾച്ചയെന്നോ വിളിച്ച് ഒതുക്കിക്കളയാൻ എനിയ്ക്കാവില്ല. അതു വിവരിക്കാൻ എന്റെ ഭാഷ അപര്യാപ്തമാണെന്ന് മാത്രം എഴുതാം.

ആ കാളിയെ ഭയമായിരുന്നു.  മുദ്ദമ്മയുടെ ഭർത്താവ് കൊടസ്സാമിയോ മറ്റാരെങ്കിലുമോ കെട്ടുന്ന ദാരികവേഷത്തോട് പാവം തോന്നുമായിരുന്നു. ജീവ ഭയത്താൽ നിലമ്പൂരങ്ങാടി മുഴുവൻ ഓടിനടക്കുന്ന പാവം രാക്ഷസൻ. അവസാനം താലപ്പൊലി മൂടാനംപറ്റയിൽ തിരിച്ചെത്തുമ്പോൾ കാളി ദാരികനെ പിടികൂടുകയും രാക്ഷസനെന്ന സങ്കല്പത്തിൽ ഒരു കുമ്പളങ്ങ കലിയടങ്ങുന്നതു കൊത്തിയരിഞ്ഞിടുകയും ചെയ്യും. ശക്തി നിയന്ത്രണാതീതമായി കൊടസ്സാമിയെ ശരിയ്ക്കും വെട്ടാതിരിയ്ക്കാൻ മൂന്നാലാളുകൾ കാളിയെ തടയാൻ സന്നദ്ധരായി യാത്രയിലുടനീളം ചുറ്റിനുമുണ്ടാകും.

വർഷംതോറും താലപ്പൊലിയ്ക്കു കാണുന്ന ഒരു നാടകമല്ലായിരുന്നു ഞങ്ങൾ നിലമ്പൂരുകാർക്ക് ദാരികവധം. മറിച്ച് കാളിയും ദാരികനും ഞങ്ങൾക്കുള്ളിൽ ജീവിയ്ക്കുകയായിരുന്നു. ഒന്ന് കണ്ണടച്ചോർത്താൽ ഇപ്പോഴുമങ്ങനെത്തന്നെ.

കുമ്പളങ്ങ കൊണ്ടുണ്ടാക്കിയ എന്തും വീട്ടിലെല്ലാർക്കും വല്യ ഇഷ്ടമാണ്. ജീവിച്ചു ജീവിച്ച് ഹാസനിലെത്തിയപ്പോൾ.. ഇവിടെ കുമ്പളങ്ങ കിട്ടാനില്ല. കുമ്പളം വിൽക്കുന്നവർ തന്നെ അപൂർവ്വമാണ്. ഇവിടുത്തുകാർ കുമ്പളങ്ങ തിന്നൂല്ല. ഗൗഡമാർക്ക് ശാപം കിട്ടിയതാണെന്നും അതല്ല ബ്രാഹ്മണർക്ക് ദാനം കൊടുക്കാനുള്ള തു കാരണം തിന്നരുതെന്ന് വിലക്കപ്പെട്ടതാണെന്നും കഥകളുണ്ട്. ഈയടുത്തകാലത്ത് മാറ്റമുണ്ടെങ്കിലും പണ്ട് ഇന്നാട്ടിൽ ബ്രാഹ്മണരൊഴികെ ആരും കുമ്പളങ്ങ തിന്നിരുന്നില്ലെന്നതാണ് സത്യം.

ഗൃഹപ്രവേശത്തിന്റന്ന് വീടിനു പുറത്തൊരു മൂത്ത കുമ്പളങ്ങ കെട്ടിത്തൂക്കും- കണ്ണു തട്ടാതിരിയ്ക്കാൻ. അതവിടെ ഉണങ്ങി ദ്രവിച്ച് മാസങ്ങളോളം കാണും. ആയുധപൂജയ്ക്കും വാഹനപൂജയ്ക്കുമാണ് പിന്നെ ഇവിടുത്തുകാർക്ക് കുമ്പളങ്ങ വേണ്ടത്. അത് തുളച്ച് അതിൽ മഞ്ഞളും കുങ്കുമവും ഏതാനും നാണയത്തുട്ടുകളും പൂഴ്ത്തി, പിന്നെ തറയിലിടിച്ചു തകർത്തുകളയും. കഷ്ടം. വെള്ളിയാഴ്ചകളിൽ മാർവാടിക്കടകൾക്കുമ്മറത്തും നവരാത്രി അവസാനം വീഥിയിലുടനീളവും കാണാം കണ്ണുതട്ടാതിരിയ്ക്കാനായി ജന്മം വെടിഞ്ഞ കുമ്പളങ്ങ രാക്ഷസന്മാർ.

ഇന്നാള് ചന്തയിൽ എട്ടൊമ്പത് കിലോയുള്ള വല്യൊരു കുമ്പളങ്ങ കണ്ടു. കിലോയ്ക്ക് 20 രൂപ എന്നൊക്കെപ്പറഞ്ഞെങ്കിലും 130 രൂപയ്ക്ക് മൊത്തത്തിലങ്ങട് വാങ്ങി. മീശ കൊഴിയുന്ന അസുഖമില്ലാത്തതു കാരണം കെട്ടിയോൻ തന്നെ മുഴുവൻ മുറിച്ചു തോലുകളഞ്ഞ് തന്നു പല പുലരികളിലായി. സാമ്പാറും മോരുകറിയുമൊക്കെയായി ഒരാഴ്ച കുമ്പളങ്ങയുത്സവം കൊണ്ടാടി ഞങ്ങൾ. ഒരൂസം ദോശ ഉണ്ടാക്കീ ട്ടോ. അതൊന്നു പറയാനായിട്ടാണ് ഈ കുശ്മാണ്ഡപുരാണം മുഴുവൻ.

കൂശ്മാണ്ഡദോശയെങ്ങനെയെന്നു പറയട്ടെ?

കുമ്പളങ്ങ ചെത്തി മിക്സിയിലിടുക. ഇട്ടോ? മുക്കാൽ മിക്സി കുമ്പളക്കഷ്ണം നിറഞ്ഞാൽ ബാക്കി നനച്ച അരിയിട്ടു നിറച്ചോളൂ. നിറച്ചോ?  അപ്പളയ്ക്കപ്പളേ ദോശ ചുട്ട് മാവു തീരുംച്ചാൽ കുറച്ചു നാളികേരവുമാകാം. ഉപ്പിട്ടോളൂ. മറക്കണ്ട. ഇനി കണ്ണടച്ച് ദേവി കൂശ്മാണ്ഡയെ ധ്യാനിച്ച് മിക്സി ഓൺ ചെയ്യൂ. താഴെയുള്ള കുമ്പളങ്ങ അരഞ്ഞു വെള്ളമായി അതിൽ അരിയും അരഞ്ഞു ചേരും. ദോശമാവ് റെഡി. മിക്സി കഴുകിപ്പാർന്ന വെള്ളം മതി മാവു നീട്ടാൻ. പുളിപ്പിയ്ക്കരുതേ. ദോശ ചുടുന്നത് വീഡിയോവിലുണ്ട്. കണ്ടോളൂ. ഉണ്ടാക്കിത്തിന്നോളൂ. പുരപ്പുറത്ത് മൂത്ത കുമ്പളൻ മടുത്തെന്നു കളയണ്ട. പോഷകസമൃദ്ധമായ, നാരsങ്ങിയ ഭക്ഷണമുണ്ടാക്കാം. പ്രമേഹം, രക്തസമ്മർദ്ദം, മൂത്രതടസ്സം.. പിന്നെന്തിനൊക്കെയോ നല്ലതാണ്. വൃക്കരോഗികൾക്ക് മാംസ്യം കുറഞ്ഞ ദോശ തിന്നാം.

https://www.google.com/url?sa=t&source=web&rct=j&url=https://ml.m.wikisource.org/wiki/%25E0%25B4%2590%25E0%25B4%25A4%25E0%25B4%25BF%25E0%25B4%25B9%25E0%25B5%258D%25E0%25B4%25AF%25E0%25B4%25AE%25E0%25B4%25BE%25E0%25B4%25B2/%25E0%25B4%25B5%25E0%25B4%25BF%25E0%25B4%25A1%25E0%25B5%258D%25E0%25B4%25A2%25E0%25B4%25BF!_%25E0%25B4%2595%25E0%25B5%2582%25E0%25B4%25B6%25E0%25B5%258D%25E0%25B4%25AE%25E0%25B4%25BE%25E0%25B4%25A3%25E0%25B5%258D%25E0%25B4%25A1%25E0%25B4%2582&ved=2ahUKEwj1v9-WirLfAhXDfX0KHXggBMQQFjAAegQIAxAB&usg=AOvVaw22AJhzvsH5yTH2rpX5XdSq

https://www.google.com/url?sa=t&source=web&rct=j&url=https://ml.m.wikisource.org/wiki/%25E0%25B4%2590%25E0%25B4%25A4%25E0%25B4%25BF%25E0%25B4%25B9%25E0%25B5%258D%25E0%25B4%25AF%25E0%25B4%25AE%25E0%25B4%25BE%25E0%25B4%25B2&ved=2ahUKEwj5qMqYh7LfAhVWfX0KHaPfAHsQFjAAegQIBRAB&usg=AOvVaw0w9gExNbPansCIBZ71J-vW&cshid=1545434990432

ദൈവം - പിശാച്

ഹാസനിലെ കൂട്ടുകാരിയുടെ ഒരു കുഗ്രാമത്തിലുള്ള തറവാട് വീട്. തറവാടെന്നൊക്കെ പറയുമ്പോൾ നമ്മൾ മലയാളികളുടെ മനസ്സിൽ പൊങ്ങിവരുന്ന പെയിൻറ് പരസ്യത്തിലെ വീട് ഇടിച്ചു പൊളിച്ചു കളഞ്ഞിട്ട് ഒരു കൂര പണിഞ്ഞ് കുമ്മായം തേയ്ക്കുക. നിന്നു തിരിയാൻ സ്ഥലമില്ലാത്ത ഉമ്മറത്തു നിന്ന് കല്ലോ സ്ലാബോ ഇട്ടിട്ടുണ്ടാകും- അഴുക്കു ചാലിനു കുറുകെ. ഗേറ്റും തൊടിയുമൊന്നുമില്ല.

വീതി കുറഞ്ഞ റോഡിനിരുവശത്തും മാർജിൻ വരയ്ക്കുന്ന ചാലിനപ്പുറം തൊട്ടുരുമ്മിയും ഒട്ടിച്ചേർന്നും നിൽക്കുന്ന അനേകം കൂരകൾ. വളർത്തുമൃഗങ്ങളായ കോഴി, ആട്, ചെമ്മരിയാട്, എരുമ, പശു, ഇവരുടെ ഭർത്താക്കന്മാർ.. ഒക്കെ വീടിനോട് ചേർന്നാണ് താമസം.  ചാലിനോട് ചേർന്ന് രാപകലില്ലാതെ ഇരുന്നു സൊള്ളാനും അവരെ കാളു (ഒരുതരം പയർ) തൊലി കളയാനും റാഗി ചേറാനും ബീഡിവലിച്ച് മാനം നോക്കാനുമൊക്കെയായി സിമന്റോ കാവിയോ തേച്ച തിണ്ണയുണ്ടാകും. തൊട്ടടുത്ത് ചാലാണെന്നതൊഴിച്ചാൽ ഗ്രാമീണതയുടെ വലിച്ചാകർഷിയ്ക്കുന്ന എന്തോ 'ഒരിത്' ഉണ്ട് ആ തിണ്ണയ്ക്ക്.

അവിടെ അന്നൊരു സീമന്തത്തിനു പോയതാണ്. വീട്ടിനകത്ത് ശ്വാസം വിടാൻ പോലും സ്ഥലമില്ല. ഞാൻ അകത്തോട്ടോ പുറത്തോട്ടോ എന്നു ശങ്കിച്ച് ഉമ്മറത്ത് നിൽക്കുകയാണ്. ആരൊക്കെയോ വരുന്നു, ഇടിച്ചുകയറി അകത്തെ മായയിൽ അപ്രത്യക്ഷരാകുന്നു. മിന്നിത്തിളങ്ങുന്ന കടും നിറങ്ങളിലുള്ള കുത്തുന്ന, മാന്തിപ്പറിയ്ക്കുന്ന, ആക്രമിക്കുന്ന ബീഡ് വർക്കുകളുള്ള സാരിയുടുത്ത സ്ത്രീകൾ.. ബ്ലൗസ് ഇറക്കി വെട്ടി, ഇറക്കി വെട്ടി പുറത്താണ് സൗന്ദര്യം മുഴുവനും (അകത്തല്ല) എന്നുപറയുന്ന പുറങ്ങൾ..  ഫേറാൻലൗലിയും റോസ് പൗഡറുമിട്ടു വെളുപ്പിച്ച മുഖങ്ങൾ.. കിലുങ്ങുന്ന കുപ്പിവളകൾ.. രണ്ടിഞ്ച് കനമുള്ള പാദസരങ്ങൾ.. ആ വീടിനോ അതിരിയ്ക്കുന്ന പശ്ചാത്തലത്തിനോ ഒട്ടും ചേരാത്ത ഉടയാടകൾ. എന്തിനു പറയണം! അതുടുത്തിരിയ്ക്കുന്ന കർഷകഛായയുള്ള മെലിഞ്ഞ മുഖങ്ങൾക്കും ചടച്ച ശരീരത്തിനും പോലും ചേരാത്ത വില പിടിച്ച കസവുടുപ്പുകൾ. പുതുതലമുറയ്ക്ക് ഇത് നിർബന്ധമാണ്. മറ്റു ദിവസങ്ങളിലെല്ലാം മുള്ളങ്കി, ഇഞ്ചി, ചോളം തുടങ്ങിയവയ്ക്കൊപ്പം വയലിൽ വെയിൽ കായുന്ന അച്ഛനമ്മമാരെയും അവർ സ്നേഹത്തോടെ കോലം കെട്ടിയ്ക്കും. പ്രായമായവർക്കും അതിൽ സന്തോഷമാണ്. ഒരു പത്തു കൊല്ലത്തിനിപ്പുറം മണ്ണിലെ ജീവനൂറ്റിയെടുത്ത ഇഞ്ചികൃഷി ഇവിടുത്തെ കർഷകരെ പുതുപ്പണക്കാരാക്കിയിട്ടുണ്ട് എന്നതാണ് സത്യം.

ടാങ്കർലോറിയെത്തി. റോട്ടിൽ നിരത്തിവച്ച വീപ്പകളിലെല്ലാം വെള്ളം നിറയ്ക്കുകയാണ്. ആണുങ്ങളും കുട്ടികളും അതിനുചുറ്റുമാണ്. മുകളിൽ വെള്ളടാങ്കുള്ള ഒരു വീടുപോലും ആ ചേരിയിലില്ല.( നമുക്ക് ചേരിയെന്നു തോന്നും. 'ഊരു'  'ഹള്ളി' എന്ന അവരുടെ നൊസ്റ്റാൾജിയ ഇതാണ്) കക്കൂസും കുളിമുറിയുമൊക്കെ സ്വച്ഛഭാരത് വന്നതിനു ശേഷം വന്ന ആഡംബരങ്ങളാണ് മിക്കവർക്കും.

എന്നോടൊപ്പം ഉമ്മറത്തു വിങ്ങിനിന്ന കൂട്ടുകാരിയുടെ ബന്ധുക്കളെ ഞാനറിയും. മതംമാറി പത്തിരുപത് വർഷങ്ങൾ മാത്രമായ രക്തബന്ധങ്ങളാണ്. അവർക്ക് ഉള്ളിൽ കയറാനും ആചാരങ്ങളിൽ പങ്കെടുക്കാനും ഇഷ്ടമില്ലന്നു തോന്നി. കൂട്ടുകാരിയുടെ ഗ്രാമീണരായ ബന്ധുക്കളോട് ഞാനധികം സംസാരിയ്ക്കാൻ പോകാറില്ല. അവർ പറയുന്ന കന്നട മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടാണ്. പഠിയ്ക്കാൻ ഏറെയുള്ള ഇടങ്ങളിൽ നിശബ്ദയായ കാണിയായിരിയ്ക്കുകയാണ് രസവും.
"അവരു കേരളദവരു, കന്നട ബറല്ല" എന്ന് ആദ്യമേ ആരെങ്കിലും എന്നെപ്പിടിച്ച് ലേബലൊട്ടിയ്ക്കുന്നതിനാൽ അദ്ധ്വാനമേതുമില്ലാതെ അവിടെങ്ങാനും ഇരുന്നാൽ മതി. വിളമ്പിയ ഭക്ഷണം കഴിയ്ക്കാൻ ഭാഷ വേണ്ടല്ലോ. കൂട്ടുകാരിയാണെങ്കിൽ അകത്തെ തിരക്കിനകത്താണ്‌.

"ഹോഗ്ബാരദു ആചെ" അകത്തേയ്ക്കു കയറിപ്പോയ മധുരപലഹാരങ്ങൾ നിറച്ച താലത്തിന് പിന്നാലെ പോകാനൊരുമ്പെട്ട കൊച്ചുകുട്ടിയെ തടഞ്ഞുകൊണ്ട് അക്കൂട്ടത്തിലെ മുത്തശ്ശി പറഞ്ഞു. കുതറാൻ ശ്രമിയ്ക്കുന്ന അവന്റെ കൈ ഞെരിച്ചുകൊണ്ട്  താക്കീതിന്റെ സ്വരത്തിൽ കുട്ടിയുടെ അമ്മ പറഞ്ഞു, "ഹോഗ് കൂടദു." ആഗ്രഹവും അഭിമാനക്ഷതവും കാരണം അവന്റെ കണ്ണുനിറഞ്ഞു.

അടുത്ത വർഷമോ അതിനടുത്ത വർഷമോ മാത്രം പാകമായേയ്ക്കാവുന്ന മിന്നുന്ന വലിയ കുപ്പായമിട്ട ഒരു കുഞ്ഞേടത്തിയുണ്ടവന്. അവളവന്റെ കൈപിടിച്ച് സാന്ത്വനിപ്പിക്കാനെന്നവണ്ണം നോക്കി. അനിയൻ ദുഃഖം മറക്കട്ടെ എന്നുകരുതിയാവണം; അവളവന് ചുമരിലെ പടം കാണിച്ചു കൊടുത്തു. ഏതു ബാല്യത്തെയും മോഹിപ്പിയ്ക്കുമാറ് വർണ്ണാഭമായ ആ പടത്തിനു കീഴെ അവരിരുവരും കണ്ണു മിഴിച്ചു നിന്നു. അതു തൊടാനായി അവൻ കയ്യേന്തിച്ചപ്പോൾ അവനെക്കാൾ ഒന്നോരണ്ടോ വയസ്സുമാത്രം മൂത്ത അവൾ ഒരമ്മയുടെ വാത്സല്യത്തോടെ അവനെ എടുത്തു പൊക്കി. അവന്റെ നീട്ടിയ കൈ ആ പടത്തിലെത്തും മുൻപ് അവനെ വലിച്ചു താഴെയിടുകയും സ്നേഹസാന്ത്വനം ചൊരിഞ്ഞ ആ കുഞ്ഞുസ്ത്രീയെ നുള്ളി വേദനിപ്പിക്കുകയും ചെയ്തു അവരുടെ അമ്മ.

"സെയ്ത്താനാണത്. ഇവര് സാത്താന്റെ പടംവെച്ച് പൂജിക്കണോരാ. അതു തൊട്ടാൽ നീ നരകത്തിൽ പോകും" എന്ന് അടക്കം പറഞ്ഞ് കുട്ടികളുടെ മുത്തശ്ശി അവരെയും വലിച്ചുകൊണ്ട് റോഡിലേക്കിറങ്ങി. ടാർപോളിനു താഴെ ചുവന്ന പ്ലാസ്റ്റിക് കസേരകളിലൊന്നിൽ അവർ പുറം തിരിഞ്ഞിരുന്നു. അവരുടെ കൂടെ നിന്ന കുട്ടികൾ ഭയത്തോടെയും ആശ്ചര്യത്തോടെയും ഉമ്മറത്തെ പടത്തിലേയ്ക്കു തുറിച്ചുനോക്കി.

"മനുഷ്യരുടെ ഭാഷകളേ വശമില്ലാതിരുന്നെങ്കിൽ..." എന്ന് ഇരുണ്ട ഏതോ പാതാളത്തിന്റെ ലാവ പോലെ ചുടുന്ന തറയിലേക്ക് വലിച്ചെറിയപ്പെട്ട ഞാൻ വ്യാമോഹിച്ചു. തിളങ്ങുന്ന കണ്ണുകളും ചുരുണ്ട മുടിയും വശീകരിക്കുന്ന ചിരിയുമുള്ള പൈതലിന്റെ പടം നോക്കാതെ ഞാൻ തല താഴ്ത്തി.

പടവും കൊന്തയും പുസ്തകവും... ഒന്നിലും ദൈവമില്ല; പിശാചുമില്ല. ഇവ കാണുമ്പോൾ, കേൾക്കുമ്പോൾ, ഓർക്കുമ്പോൾ ഉള്ള മനുഷ്യമനസിന്റെ ഭാവത്തിലാണ് ദൈവവും പിശാചുമിരിയ്ക്കുന്നത്. ഒരു ഞൊടിയിട വ്യത്യാസത്തിൽ സ്വർഗവും നരകവും ഞാൻ കണ്ടു. ഭൂമിയിലെ സന്തോഷത്തോടെയുള്ള വാക്കിലും സാന്ത്വനത്തോടെയുള്ള നോക്കിലുമാണ് സ്വർഗം; ദേഷ്യത്തിലും വെറുപ്പിലും നരകമിരിയ്ക്കുന്നതുപോലെ.. അത് പഠിപ്പിയ്ക്കാൻ മതങ്ങൾക്ക് കഴിഞ്ഞിട്ടില്ലെങ്കിൽ മതങ്ങളെല്ലാം പോയിത്തുലയട്ടെ.