''പെണ്ണുങ്ങള് മുറിയ്ക്കാൻ പാടില്ല."
"ങേ! എന്തേയ്?"
''പാടില്ലാന്ന് വെച്ചാ പാടില്ല. അത്രന്നെ. മൂത്തോരു പറയ്ണേന്റെ കാരണൊന്നും ഞങ്ങളൊന്നും അന്വേഷിച്ചിട്ടില്ല."
കുമ്പളങ്ങയിൽ പെണ്ണ് കത്തിവെയ്ക്കാൻ പാടില്ലെന്നത് മംഗലാപുരം ഭാഗത്തെ ഒരു വിശ്വാസമാണ്. ആണുങ്ങള് വന്ന് ഒരു വെട്ടോ കൊത്തോ കൊടുത്തിട്ട് പോകും. അതിനുശേഷം മ്മള് നുറുക്കി അടുപ്പത്ത് വെച്ചാ വെന്തോളും. ഇതിൽ ഏറ്റോം അത്ഭുതമായിട്ടുള്ളതെന്താണെന്നു വെച്ചാൽ അടുക്കളേൽ കേറിയാൽ മീശ കൊഴിയുന്ന സൂക്കേടുള്ള ആണുങ്ങൾക്ക് പോലും ഭീകരമായ ഈ കുമ്പള വധം കഴിഞ്ഞാൽ മീശ കൊഴിയാറില്ലത്രെ. Y ക്രോമസോം കയ്യിലുള്ളവർ ഒരു വെട്ട് വെട്ടിക്കഴിഞ്ഞാൽ പിന്നെ മുറിച്ച്, തോലുകളഞ്ഞ്, വേവിച്ച് ഇഞ്ചിഞ്ചായി കുമ്പളങ്ങയെ കൊല്ലുന്നതുകൊണ്ട് സ്ത്രീകൾക്ക് നേട്ടമല്ലാതെ കോട്ടമൊന്നും സംഭവിക്കാറില്ല പോലും! ഈ വിശ്വാസത്തിന് കാരണമെന്തെന്ന് പലരോടും ഞാനന്വേഷിച്ചു. ആർക്കുമൊന്നുമറിഞ്ഞുകൂടാ.
'വികൃതമായി വളർന്ന ഭ്രൂണം' എന്നതാണ് കൂശ്മാണ്ഡം എന്നതിന്റെ ഒരർത്ഥം. ഗർഭാശയ മുഴയായിരിയ്ക്കാം സത്യത്തിലത്. ഇനി അതായിരിക്കുമോ സെൻറിമെൻസ്?
ന്റെ ദേവ്യേ, ങ്ങളേം ഇങ്ങനൊക്കെ വിളിക്കാറ്ണ്ടല്ലോ. സൃഷ്ടിയുടെ ഊർജ്ജം അണ്ഡത്തിൽ വഹിച്ച് ലോകത്തിനു മാതാവായതിനാൽ ദേവി കൂശ്മാണ്ഡയായി. നവരാത്രിയിൽ നാലാംദിവസം പൂജിയ്ക്കപ്പെടുന്നവൾ.
പക്ഷേ, ഓർമ്മവച്ച നാൾ മുതൽ കുമ്പളങ്ങയും വിഡ്ഢിത്തവും തമ്മിലൊരു ബന്ധം തോന്നുണുണ്ടല്ലോ! അതെയ്, ചെറുപ്പത്തില് ഐതിഹ്യമാല പോലത്തെ അബദ്ധങ്ങളൊക്കെ വായിച്ചാൽ അങ്ങനെരിയ്ക്കും. വായിച്ചിട്ടില്ലേ? കൊട്ടാരത്തിൽ ശങ്കുണ്ണീടെ? അതു രണ്ടുമൂന്നു തവണ വായിച്ചതിനുശേഷാണ് ഞാൻ പത്താംതരം പാസായത് തന്നെ. തടിച്ചൊരു പുസ്തകമായിരുന്നു. 1909 മുതൽ 1934 വരെ 25 വർഷം കുത്തിയിരുന്ന് ഒരാളെഴ്തീതല്ലേ? ഐതിഹ്യങ്ങളിലും കെട്ടുകഥകളിലും കുഴച്ച കേരളചരിത്രം അതില്ണ്ട്. അതിലെനിയ്ക്കേറ്റവും ഇഷ്ടപ്പെട്ടത് പൊതിയ്ക്കാത്ത തേങ്ങ പിഴിഞ്ഞ് പാലെടുക്ക്ണ അത്തേമ്മാരെപ്പറ്റിയുള്ള കഥയാണ്. 'അകത്തുള്ളാൾ'ടെ ശക്തി!
"വിഡ്ഢി! കുശ്മാണ്ഡം" ഐതിഹ്യമാലയിലെ ഒരു കഥയാണ്. ഇത്ര മധുരമാർന്ന മലയാളത്തിൽ ബഹുമാനപ്പെട്ട ശങ്കുണ്ണിയവർകൾ എഴുതിയ കഥ ഞാൻ പുനരാഖ്യാനം ചെയ്യുകയില്ല. നിങ്ങൾ താഴെ ലിങ്കിൽ പോയി വായിച്ചോളൂ.
കുമ്പളങ്ങയെക്കുറിച്ച് ഭീതിദമായ ഒരോർമ്മ കൂടി ബാല്യത്തിലേതായുണ്ട്. ദാരികനെന്ന രാക്ഷസനായി രക്തവർണ്ണമാർന്ന മഞ്ഞൾ- ചുണ്ണാമ്പ് മിശ്രിതം പുരണ്ട് നുറുങ്ങിക്കുഴഞ്ഞു മരിച്ചുകിടക്കുന്ന പാവം കുമ്പളങ്ങ. മൂടാനംപറ്റ ദേവീക്ഷേത്രത്തിന്റെ തറയിൽ അതങ്ങനെ കിടക്കും. സ്വന്തം നെറ്റിയിലെ ചോരയും കുമ്പളങ്ങയുടെ മാംസവും പുരണ്ട ചാത്തുക്കോമരത്തിന്റെ നീണ്ട് അറ്റം വളഞ്ഞ വാൾ ഇപ്പോഴുമെന്റെ മനസ്സിൽ കാണാം. മൂടാനംപറ്റയിൽ നിന്നു താലപ്പൊലിയുമായി വരുന്ന ആ ഘോഷയാത്രയിൽ കുംഭാര കോളനിയിലെ സർവ്വരും, താലമേന്തിയ പെണ്ണുങ്ങളും പഞ്ചവാദ്യവും ആനയും തിടമ്പും എല്ലാമെല്ലാം കാണുമെങ്കിലും വെല്ലുവിളിച്ചും പോരാടിയും ഓടിയൊളിച്ചും പോകുന്ന ദാരികനും രൗദ്രരൂപത്തിലുള്ള കാളിയുമാണ് ആകർഷണകേന്ദ്രം. ചോന്ന പട്ടുടുത്ത്, മുഴങ്ങുന്ന ചിലമ്പിട്ട്, സ്വർണ്ണ നിറത്തിൽ തിളങ്ങുന്ന മുലകൾ മാറത്ത് കെട്ടിയ കോമരം. വിരാഡൂരമ്പലത്തൂന്ന് തീർത്ഥം വാങ്ങി കോലോത്തുമുറി രാജപാതയിലൂടെ ചിലമ്പും കിലുക്കി ഉത്തേജിതയായി ഓടുന്ന, അമറുന്ന, കോപം കൊണ്ടു ചീറുന്ന കാളി. ഉടവാളിന്റെ മറുതല കൊണ്ട് വെട്ടിവെട്ടി നെറ്റി കൊത്തിക്കീറി രക്തം ചിന്തുന്ന ചാത്തുക്കോമരത്തിന്റെ കാളി.
ജീപ്പിലെ കോളാമ്പിയിൽ നിന്നുയരുന്ന പാട്ടിനെയും ആൾക്കൂട്ടത്തിന്റെ കലപില ഘോഷങ്ങളെയും പഞ്ചവാദ്യമേളത്തെയുമൊക്കെ തൃണവത്കരിച്ചുകൊണ്ടുയരുന്ന ചിലമ്പൊലി... താലപ്പൊലി കടന്നുപോകുമ്പോൾ ഏറ്റവും പ്രതീക്ഷിയ്ക്കുന്ന ശബ്ദം അതാണ്. ഇടയ്ക്കുയരുന്ന ഭദ്രകാളിയുടെ കോപാക്രന്ദം! അതിനെ അലർച്ചയെന്നോ നിലവിളിയെന്നോ മുരൾച്ചയെന്നോ വിളിച്ച് ഒതുക്കിക്കളയാൻ എനിയ്ക്കാവില്ല. അതു വിവരിക്കാൻ എന്റെ ഭാഷ അപര്യാപ്തമാണെന്ന് മാത്രം എഴുതാം.
ആ കാളിയെ ഭയമായിരുന്നു. മുദ്ദമ്മയുടെ ഭർത്താവ് കൊടസ്സാമിയോ മറ്റാരെങ്കിലുമോ കെട്ടുന്ന ദാരികവേഷത്തോട് പാവം തോന്നുമായിരുന്നു. ജീവ ഭയത്താൽ നിലമ്പൂരങ്ങാടി മുഴുവൻ ഓടിനടക്കുന്ന പാവം രാക്ഷസൻ. അവസാനം താലപ്പൊലി മൂടാനംപറ്റയിൽ തിരിച്ചെത്തുമ്പോൾ കാളി ദാരികനെ പിടികൂടുകയും രാക്ഷസനെന്ന സങ്കല്പത്തിൽ ഒരു കുമ്പളങ്ങ കലിയടങ്ങുന്നതു കൊത്തിയരിഞ്ഞിടുകയും ചെയ്യും. ശക്തി നിയന്ത്രണാതീതമായി കൊടസ്സാമിയെ ശരിയ്ക്കും വെട്ടാതിരിയ്ക്കാൻ മൂന്നാലാളുകൾ കാളിയെ തടയാൻ സന്നദ്ധരായി യാത്രയിലുടനീളം ചുറ്റിനുമുണ്ടാകും.
വർഷംതോറും താലപ്പൊലിയ്ക്കു കാണുന്ന ഒരു നാടകമല്ലായിരുന്നു ഞങ്ങൾ നിലമ്പൂരുകാർക്ക് ദാരികവധം. മറിച്ച് കാളിയും ദാരികനും ഞങ്ങൾക്കുള്ളിൽ ജീവിയ്ക്കുകയായിരുന്നു. ഒന്ന് കണ്ണടച്ചോർത്താൽ ഇപ്പോഴുമങ്ങനെത്തന്നെ.
കുമ്പളങ്ങ കൊണ്ടുണ്ടാക്കിയ എന്തും വീട്ടിലെല്ലാർക്കും വല്യ ഇഷ്ടമാണ്. ജീവിച്ചു ജീവിച്ച് ഹാസനിലെത്തിയപ്പോൾ.. ഇവിടെ കുമ്പളങ്ങ കിട്ടാനില്ല. കുമ്പളം വിൽക്കുന്നവർ തന്നെ അപൂർവ്വമാണ്. ഇവിടുത്തുകാർ കുമ്പളങ്ങ തിന്നൂല്ല. ഗൗഡമാർക്ക് ശാപം കിട്ടിയതാണെന്നും അതല്ല ബ്രാഹ്മണർക്ക് ദാനം കൊടുക്കാനുള്ള തു കാരണം തിന്നരുതെന്ന് വിലക്കപ്പെട്ടതാണെന്നും കഥകളുണ്ട്. ഈയടുത്തകാലത്ത് മാറ്റമുണ്ടെങ്കിലും പണ്ട് ഇന്നാട്ടിൽ ബ്രാഹ്മണരൊഴികെ ആരും കുമ്പളങ്ങ തിന്നിരുന്നില്ലെന്നതാണ് സത്യം.
ഗൃഹപ്രവേശത്തിന്റന്ന് വീടിനു പുറത്തൊരു മൂത്ത കുമ്പളങ്ങ കെട്ടിത്തൂക്കും- കണ്ണു തട്ടാതിരിയ്ക്കാൻ. അതവിടെ ഉണങ്ങി ദ്രവിച്ച് മാസങ്ങളോളം കാണും. ആയുധപൂജയ്ക്കും വാഹനപൂജയ്ക്കുമാണ് പിന്നെ ഇവിടുത്തുകാർക്ക് കുമ്പളങ്ങ വേണ്ടത്. അത് തുളച്ച് അതിൽ മഞ്ഞളും കുങ്കുമവും ഏതാനും നാണയത്തുട്ടുകളും പൂഴ്ത്തി, പിന്നെ തറയിലിടിച്ചു തകർത്തുകളയും. കഷ്ടം. വെള്ളിയാഴ്ചകളിൽ മാർവാടിക്കടകൾക്കുമ്മറത്തും നവരാത്രി അവസാനം വീഥിയിലുടനീളവും കാണാം കണ്ണുതട്ടാതിരിയ്ക്കാനായി ജന്മം വെടിഞ്ഞ കുമ്പളങ്ങ രാക്ഷസന്മാർ.
ഇന്നാള് ചന്തയിൽ എട്ടൊമ്പത് കിലോയുള്ള വല്യൊരു കുമ്പളങ്ങ കണ്ടു. കിലോയ്ക്ക് 20 രൂപ എന്നൊക്കെപ്പറഞ്ഞെങ്കിലും 130 രൂപയ്ക്ക് മൊത്തത്തിലങ്ങട് വാങ്ങി. മീശ കൊഴിയുന്ന അസുഖമില്ലാത്തതു കാരണം കെട്ടിയോൻ തന്നെ മുഴുവൻ മുറിച്ചു തോലുകളഞ്ഞ് തന്നു പല പുലരികളിലായി. സാമ്പാറും മോരുകറിയുമൊക്കെയായി ഒരാഴ്ച കുമ്പളങ്ങയുത്സവം കൊണ്ടാടി ഞങ്ങൾ. ഒരൂസം ദോശ ഉണ്ടാക്കീ ട്ടോ. അതൊന്നു പറയാനായിട്ടാണ് ഈ കുശ്മാണ്ഡപുരാണം മുഴുവൻ.
കൂശ്മാണ്ഡദോശയെങ്ങനെയെന്നു പറയട്ടെ?
കുമ്പളങ്ങ ചെത്തി മിക്സിയിലിടുക. ഇട്ടോ? മുക്കാൽ മിക്സി കുമ്പളക്കഷ്ണം നിറഞ്ഞാൽ ബാക്കി നനച്ച അരിയിട്ടു നിറച്ചോളൂ. നിറച്ചോ? അപ്പളയ്ക്കപ്പളേ ദോശ ചുട്ട് മാവു തീരുംച്ചാൽ കുറച്ചു നാളികേരവുമാകാം. ഉപ്പിട്ടോളൂ. മറക്കണ്ട. ഇനി കണ്ണടച്ച് ദേവി കൂശ്മാണ്ഡയെ ധ്യാനിച്ച് മിക്സി ഓൺ ചെയ്യൂ. താഴെയുള്ള കുമ്പളങ്ങ അരഞ്ഞു വെള്ളമായി അതിൽ അരിയും അരഞ്ഞു ചേരും. ദോശമാവ് റെഡി. മിക്സി കഴുകിപ്പാർന്ന വെള്ളം മതി മാവു നീട്ടാൻ. പുളിപ്പിയ്ക്കരുതേ. ദോശ ചുടുന്നത് വീഡിയോവിലുണ്ട്. കണ്ടോളൂ. ഉണ്ടാക്കിത്തിന്നോളൂ. പുരപ്പുറത്ത് മൂത്ത കുമ്പളൻ മടുത്തെന്നു കളയണ്ട. പോഷകസമൃദ്ധമായ, നാരsങ്ങിയ ഭക്ഷണമുണ്ടാക്കാം. പ്രമേഹം, രക്തസമ്മർദ്ദം, മൂത്രതടസ്സം.. പിന്നെന്തിനൊക്കെയോ നല്ലതാണ്. വൃക്കരോഗികൾക്ക് മാംസ്യം കുറഞ്ഞ ദോശ തിന്നാം.
https://www.google.com/url?sa=t&source=web&rct=j&url=https://ml.m.wikisource.org/wiki/%25E0%25B4%2590%25E0%25B4%25A4%25E0%25B4%25BF%25E0%25B4%25B9%25E0%25B5%258D%25E0%25B4%25AF%25E0%25B4%25AE%25E0%25B4%25BE%25E0%25B4%25B2/%25E0%25B4%25B5%25E0%25B4%25BF%25E0%25B4%25A1%25E0%25B5%258D%25E0%25B4%25A2%25E0%25B4%25BF!_%25E0%25B4%2595%25E0%25B5%2582%25E0%25B4%25B6%25E0%25B5%258D%25E0%25B4%25AE%25E0%25B4%25BE%25E0%25B4%25A3%25E0%25B5%258D%25E0%25B4%25A1%25E0%25B4%2582&ved=2ahUKEwj1v9-WirLfAhXDfX0KHXggBMQQFjAAegQIAxAB&usg=AOvVaw22AJhzvsH5yTH2rpX5XdSq
https://www.google.com/url?sa=t&source=web&rct=j&url=https://ml.m.wikisource.org/wiki/%25E0%25B4%2590%25E0%25B4%25A4%25E0%25B4%25BF%25E0%25B4%25B9%25E0%25B5%258D%25E0%25B4%25AF%25E0%25B4%25AE%25E0%25B4%25BE%25E0%25B4%25B2&ved=2ahUKEwj5qMqYh7LfAhVWfX0KHaPfAHsQFjAAegQIBRAB&usg=AOvVaw0w9gExNbPansCIBZ71J-vW&cshid=1545434990432