2018 ജൂലൈ 22, ഞായറാഴ്‌ച

ശബരിമല

'ശബരിമലയിലെ പെൺ പ്രവേശനം' എന്നെ വീണ്ടും വീണ്ടും ഓർമിപ്പിയ്ക്കുന്നൊരു വൃശ്ചികപ്പുലരിയുണ്ട്. ഭാഗവതസപ്താഹം കഥകൾ കേട്ട് വളർന്ന അങ്ങേയറ്റം ഭക്തയായ ഒരു പെൺകുട്ടിയെ അപരാധബോധത്തിന്റെ കനലിലൂടെ നടത്തിച്ച് റിബലും നിരീശ്വരവാദിയുമായ കൗമാരക്കാരിയാക്കിയ വിരലുകളുടെ കഥ.

അട്ടയെപ്പോലെ തുടയിലാകെ ഇഴഞ്ഞു നടന്ന അയാളുടെ വിരലുകളെ വർഷങ്ങൾ കഴിഞ്ഞിട്ടും എനിക്കു മറക്കാൻ കഴിയുന്നില്ല. അന്ന്, മലയിറങ്ങി തിരിച്ചുവന്ന് മാല ഊരിയിട്ടു കൂടിയില്ല. ആ വീട്ടിലാരും എഴുന്നേറ്റ് വന്നെന്നെ രക്ഷിക്കുന്നില്ല. ചുറ്റും തണുത്ത ഇരുട്ടാണ്. ഒറ്റക്കിടക്കയിൽ, ഒറ്റപ്പുതപ്പിനടിയിൽ മേലാകെ ഇഴയുന്ന വിരലുകൾ. മലയ്ക്ക് കൂട്ടിക്കൊണ്ടു പോകുമ്പോഴും എന്റെ ഇരുമുടിയെടുത്ത് എന്നെ സഹായിയ്ക്കുമ്പോഴും ബസ്സിൽ ഒരേ സീറ്റിൽ ഇരിയ്ക്കുമ്പോഴും ഒക്കെ അസ്വസ്ഥയായി ആ കൊച്ചു മാളികപ്പുറം പ്രാർത്ഥിച്ചിരുന്നത് ഇനിയൊരിക്കലും അതൊന്നും ഉണ്ടാകരുതേയെന്നായിരുന്നു. എന്നിട്ടും വെളിച്ചായി മാലയഴിയ്ക്കും മുമ്പേ...
'NO' എന്നലറാനോ, കരയാനോ കഴിയാത്തവിധം അച്ചടക്കം ശീലിപ്പിച്ച, ലോകം മുതിർന്നവരുടേതു മാത്രമാണെന്നു പഠിപ്പിച്ച കൂട്ടുകുടുംബം! 

വർഷങ്ങൾക്കുശേഷം ഒരിയ്ക്കൽ ഒരു കണ്ണീരൊഴുക്കൽക്കഥ കേട്ടു.''സന്നിധാനത്ത്, നടയ്ക്കു നേരെമുൻപിൽ നിന്നു ഞാൻ വിഗ്രഹം കണ്ടു! എന്റെ കണ്ണുകൾ ധാരധാരയായി ഒഴുകി... ആളുകളെ പിടിച്ചു മാറ്റുന്ന പോലീസുകാരൻ എന്നെ തൊട്ടില്ല! അയാൾക്ക് കാര്യം മനസ്സിലായി. ഞാൻ അങ്ങനെ കുറെ നേരം നിന്നു..." ബന്ധുവിന്റെ വിവരണം കേട്ട് ഞാൻ സ്തബ്ധയായി.  ഇയാൾക്കു മാനസാന്തരം വന്നുവോ എന്ന് ചിന്തിച്ച ഞാൻ വിഡ്ഢിയായിരുന്നെന്ന് പിന്നെയും കാലം തെളിയിച്ചു. മലയ്ക്കുപോക്ക് നിർത്തിയിട്ടില്ലട്ടോ അയാൾ. ഞാൻ നിർത്തി. എനിക്ക് പ്രായപൂർത്തിയായി.

'ശബരിമല'യോട് ബന്ധപ്പെടുത്തിപ്പറയുമ്പോൾ 'സ്ത്രീ' എന്നത് ലൈംഗികതയോടും ശുദ്ധിയോടും മാത്രം ബന്ധിപ്പിക്കാൻ കഴിയുന്ന ഒരു ബിംബമാണിന്ന്. പ്ലാസ്റ്റിക്കിൽ പൊതിയാവുന്നതോ ഹാർപിക്കിൽ കഴുകാവുന്നതോ ആയ വനം വിഴുങ്ങുന്ന ശുദ്ധിയെക്കുറിച്ച് ഞാനിവിടെ പറയുന്നില്ല. ലൈംഗികത പ്രവൃത്തിയിൽ മാത്രമല്ല ചിന്തയിൽ പോലും ഇല്ലാതെയാണ് ലക്ഷക്കണക്കിന് മലയാളിയും തമിഴനും തെലുങ്കനും കന്നടിഗനുമൊക്കെ മല കയറുന്നതെന്ന് വിശ്വസിക്കാൻ പറയരുതേ. മന:സാക്ഷിക്കുത്തുണ്ടാവും.

കണ്ണിൽപ്പെടാതെ മറഞ്ഞു നിൽക്കുന്നവൾ പതിവിലും ശക്തമായി ചിന്തകളിലേക്ക് വരുന്നത് തടുത്തു നിർത്താൻ കഴിവുള്ള എത്ര താത്കാലിക ബ്രഹ്മചാരികൾ ഉണ്ടെന്നത് മാലയിലെ അയ്യപ്പനെ പിടിച്ച് ആണയിടട്ടെ. 'മനസ്സിന്റെ പരിശുദ്ധി' എന്ന ആ മരീചികയാണ് മാലയിടലിനെ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഇത്രമേൽ സ്പർശിയ്ക്കുന്ന നൊസ്റ്റാൾജിയയാക്കുന്നത്. 'ആ ദിവസങ്ങളിൽ' മറഞ്ഞും മാറിയും നിൽക്കുമ്പോൾ അമ്മമാർക്കും പെങ്ങൻമാർക്കും ഭാര്യമാർക്കും കിട്ടുന്ന ആനന്ദം ഭക്തിയുടേതാണോ? അതോ, തനിയ്ക്കു കൂടെ പ്രാധാന്യം കിട്ടുന്ന അപൂർവം ദിനങ്ങളുടേതോ, പരിത്യാഗത്തിന്റെതോ?

നാല് ആശ്രമധർമ്മങ്ങളിൽ ബ്രഹ്മചര്യവും സന്യാസവും കിട്ടാക്കനിയായി പുരാണങ്ങളിൽനിന്ന് ഗൃഹസ്ഥാശ്രമികളെ മോഹിപ്പിക്കുമ്പോൾ കുറ്റബോധമില്ലാതെ ജീവിക്കാൻ 'സ്പെഷ്യൽ ദർശനം' പോലെ ലഘുവായ ഒന്നാണ് ഇക്കാലത്തെ ശബരിമല പോക്ക്. സന്യാസത്തിന്റെ രുചിയറിഞ്ഞ് തിരിച്ചുവരുമെന്ന് ഉറപ്പുള്ള ഒരു സേഫ് സോണിൽ പോയിവരൽ നടക്കും. സനാതനധർമ്മം ആവശ്യപ്പെടുന്ന ചില കണ്ടീഷനുകളെ തൃപ്തിപ്പെടുത്തിയെന്ന ഒരു റിലീഫ്. ഗാർഹസ്ഥ്യത്തിൽ കാലൂന്നിക്കൊണ്ട് ചിലപ്പോൾ ആത്മീയതയിലേക്ക് ഒരു മിന്നൽ നോട്ടം. തിരിച്ചുവരവ്. നിർവൃതിയോടെ തുടർജീവിതം.
ഹിന്ദുമതത്തോടുള്ള ബഹുമാനത്തോടെ തന്നെ പറയട്ടെ- ചുരുക്കം ചിലർക്കൊഴിച്ച് മിക്കവർക്കും മലയിൽ പോക്ക് ഞാൻ മുകളിൽ പറഞ്ഞ, മന:സാക്ഷിയുടെ കണ്ണിൽ പൊടിയിടുന്ന ഒന്നാണ്.

ദിവസങ്ങൾ മാത്രം പ്രായമുള്ള കുട്ടികളോടും ആക്സിഡൻറ് പറ്റി വഴിയിൽ കിടക്കുന്ന വൃദ്ധയോട് പോലും ലൈംഗികാക്രമണങ്ങൾ നടക്കുന്ന നാട്ടിൽ കൊച്ചു പെൺകുട്ടികളെയും വൃദ്ധകളെയും ശബരിമലയിൽ പോകുന്നതിൽ നിന്ന് വിലക്കിയാലോ? കുട്ടിയായിരിക്കുമ്പോൾ വികലമായ ലൈംഗിക മോഹങ്ങൾക്ക് ഇരയാകേണ്ടിവന്ന ആൺകുട്ടികളുടെ കഥ നാം ധാരാളം കേട്ടിരിക്കുന്നു. അതിനാൽ ആൺകുട്ടികളെയും സ്വന്തം പിതാക്കന്മാരുടെ കൂടെപ്പോലും മലയ്ക്ക് പോകുന്നതിൽനിന്നും വിലക്കിയാലോ?
സ്വന്തം ശരീരം സംരക്ഷിക്കാനും അവനവന്റെ ആഗ്രഹപ്രകാരം മാത്രം ഉപയോഗിയ്ക്കുവാനും കഴിവുള്ളവർ മാത്രം മലയ്ക്ക് പോയാൽ മതിയല്ലോ.

ലോകത്തിലെ ഏറ്റവും ഉദാരമായ
നിഷ്കർഷയുള്ളതെന്ന് മറ്റവസരങ്ങളിൽ നമ്മൾ ഊറ്റം കൊള്ളാറുള്ള ഹിന്ദു മതത്തെക്കുറിച്ചല്ലേ നമ്മൾ പറയുന്നത്! ജാതിമതഭേദങ്ങളില്ലാത്ത ദൈവത്തിന് ലിംഗഭേദവും കാണില്ലെന്ന് തീർച്ച. വിശ്വാസവും അച്ചടക്കവുമുള്ളവർ പോകട്ടേന്ന്. താത്പര്യമില്ലാത്തവർ പോകേണ്ട. മലയിൽ സ്ത്രീകളെക്കാണാൻ അശക്തരായവരും പോകരുത്.

സ്ത്രീകളുടെ വിദ്യാഭ്യാസം, ദളിതരുടെ ക്ഷേത്രപ്രവേശനം എന്നു വേണ്ട പുരോഗമനാശയമുളള ഒരു മാറ്റവും അതാതുകാലങ്ങളിലെ സമൂഹത്തെ മൊത്തമായി സന്തോഷിപ്പിച്ച ചരിത്രമില്ല. എങ്ങോ കിടക്കുന്ന ഒരു മുസ്ലിം 'അയ്യോ പാവം' എന്നു വിചാരിച്ചതുകൊണ്ടായാലും പുരോഗമനമുണ്ടാകുന്നത് ഹിന്ദു മതത്തിനാണല്ലോ എന്നു ചിന്തിച്ചു കൂടെ?

നിശിതമായ ഒരു ചട്ടക്കൂടില്ലാത്തതുകൊണ്ടും സമയോചിതമായി മാറ്റങ്ങൾക്കു വിധേയമായതുകൊണ്ടുമാണ് സനാതന സംസ്കാരത്തിന് ഇത്രയും ആയുസ്സുണ്ടായതെന്ന് പല സ്വാമിമാരും പ്രസംഗിച്ചത് വിശ്വസിച്ചവരല്ലേ നമ്മൾ!?

ആരാധനാലയങ്ങൾ മനുഷ്യനു വേണ്ടിയല്ലേ? ദൈവമിരിയ്ക്കുന്നത് നല്ല ചിന്തകളിലും പ്രവൃത്തികളിലുമല്ലേ?

NB. ഹിന്ദുത്വത്തെ താറടിയ്ക്കുന്ന അജണ്ടയുടെ ഭാഗമാണെന്നു കരുതരുതേ. ഇത് എന്റെ ബന്ധുദോഷം കൊണ്ട് ലോകത്ത് എനിയ്ക്കു മാത്രം ഉണ്ടായ ഒരു ഒറ്റപ്പെട്ട സംഭവമായിരിയ്ക്കാൻ ഞാൻ ആഗ്രഹിയ്ക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ