കല്ലിൽ ദൈവത്തെ കാണുമ്പോലാണ് ചില പ്രണയങ്ങൾ. പ്രണയം ഒരു വ്യക്തിയോടല്ല; മറിച്ച്, അവനെ, അവളെ പൂർണമാക്കും എന്നു വ്യാമോഹിപ്പിക്കുന്ന മറ്റാരിലോ ഉള്ള എന്തിനോടോ ഉള്ള ആശ്രയത്വം.
പ്രണയിക്കാനായി മാത്രം ഉടലെടുക്കുന്ന ചില പ്രണയങ്ങളുണ്ട്. പ്രത്യക്ഷത്തിൽ ഒരാളോടുള്ളത് എന്ന് തോന്നുമെങ്കിലും അത് ചിലപ്പോൾ ആ ശരീരത്തോ ടാകില്ല, ആ മനസ്സിനോടോ, ബുദ്ധിയോടോ പോലുമാകില്ല. ഏതോ ഒരു ഗുണം- ചില സവിശേഷതകൾ- സ്വന്തമായി വേണമെന്ന പ്രണയിതാവിന്റെ സ്വാർത്ഥത.
എല്ലാ പ്രണയങ്ങളും സ്വാർത്ഥമാണ്. താൻ അവനിലോ, അവൻ തന്നിലോ ഉണ്ടായിരിക്കണമെന്ന സ്വാർത്ഥത. പരിപൂർണ്ണതയ്ക്കായുള്ള ദാഹം. അതുകൊണ്ടാണ് പ്രണയത്തിനിത്ര വേദന. മനസ്സിലായില്ലെങ്കിൽ ബുദ്ധനെ ഓർക്കൂ.
അതവിടില്ല എന്നറിയാമെങ്കിലും അതിനായി തെരയാതെ ഒരു കല്ലിൽ ദൈവത്തെ കുടിയിരുത്തി, അവിടെത്തന്നെ തൊട്ടടുത്തുണ്ട് എന്നു കൽപ്പിക്കപ്പെട്ട് അതിനോട് ചേരാൻ മനമുരുകി പ്രാർത്ഥിക്കുന്നത് പോലെ- ചിലപ്പോൾ പ്രണയം വിഗ്രഹാരാധന മാത്രമാണ്. ആ വിഗ്രഹത്തിൽ കുടിയിരിയ്ക്കുന്നത് സ്വാർത്ഥമായ നമ്മുടെ മനസ്സും.
എന്തൊരു വൈരുദ്ധ്യം!! ഇത് അത് അല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഒരു കല്ല് നമ്മൾ തെരഞ്ഞെടുക്കുന്നു. അതിലാണ് നമ്മുടെ ദൈവം എന്ന് നമ്മൾ തന്നെ സങ്കൽപ്പിക്കുന്നു. എന്നിട്ട് ആ കല്ലിനോട് ബന്ധിപ്പിച്ച ദൈവം അരൂപിയും ബൃഹത്തുമാണെന്ന് പറയുന്നു. അതു നമ്മുടെ തന്നെ ഉള്ളിലാണെന്ന് സ്വയം പറഞ്ഞുറപ്പിക്കുന്നു. എന്നിട്ടതിനോടു ചേരാൻ കേഴുന്നു. യാചിക്കുന്നു. കല്ലിനോടല്ല. കല്ലിൽ ആരോപിക്കപ്പെട്ട നമ്മുടെ ഉള്ളിലുള്ള ദൈവത്തോട്. പ്രണയത്തിന്റെ കാര്യത്തിൽ കല്ല് കമിതാവാകുന്നു. അതിൽ ആരോപിക്കപ്പെടുന്ന ദൈവം കമിതാർത്ഥിയും. (പ്രണയിയ്ക്കപ്പെടാൻ ആഗ്രഹിയ്ക്കുന്ന നമ്മുടെ സ്വർത്ഥമനസ്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ