2018 ഫെബ്രുവരി 28, ബുധനാഴ്‌ച

ഒരു ഡയറിക്കുറിപ്പ്

ഒരു ഡയറിക്കുറിപ്പ്  17 /8 /2012

അമീർഖാന്റെ മുഖചിത്രമുള്ള ഈ ആഴ്ച പതിപ്പ് വന്നിട്ട് രണ്ടാഴ്ച്ചയായി. വായിക്കാനിരുന്നാൽ രണ്ടര വയസ്സുകാരി ജാഹ്നവിയുടെ പിന്തിരിപ്പൻ നയങ്ങളും പോക്കണം കേടുകളും. സംശയത്തിന്റെ അക്ഷയപാത്രത്തിൽ നിന്നു തൊടുക്കുന്ന ചോദ്യശരങ്ങൾ. അയ്യോ! ഞാൻ ക്ഷീണിച്ചു പോകും.

സമർ യാസ് ബക്കിന്റെ  ഡയറിക്കുറിപ്പുകൾ ആധാരമാക്കി മുസഫർ അഹമ്മദ് എഴുതിയ ലേഖനമാണ് വായിച്ചുകൊണ്ടിരുന്നത്. പതിനാറു മാസങ്ങളായി തുടരുന്ന സിറിയയിലെ ആഭ്യന്തര കലാപത്തിന്റെ ആദ്യ നൂറു ദിനങ്ങളാണ് ഡയറിക്കുറിപ്പിൽ .

എന്റെ വീട്ടിലെ സ്വേച്ഛാധിപതി സംശയലേശമെന്യേ പുസ്തകത്തിനടിയിലൂടെ മടിയിലേക്ക് നൂണ്ടുകയറി. സുഖകരമായ ( അവൾക്ക് ) ഒരു പൊസിഷനിൽ ഇരുപ്പുറപ്പിച്ചു.

"ഇതെന്താമ്മേ കിടക്കുന്നേ?"
കിളിക്കൊഞ്ചലിൽ ആദ്യ ശരം. തെരുവിൽ മരിച്ചുകിടക്കുന്ന യുവാക്കളുടെ ഫോട്ടോയാണ്.

" ഊവ്വാവായതാ മോളെ " വായനയുടെ ഈണം മുറിയാതെ പറഞ്ഞുകൊടുത്തു.

"എങ്ങന്യാ? " നിർത്താതെ നാലുതവണ കൊഞ്ചൽ ശരം. ഞാൻ പേജു മറിച്ചു വായന തുടർന്നു.  ഇപ്പോൾ ദേഹമാസകലം ബാൻഡേജുള്ള ഒരു കുഞ്ഞിന്റെ ചിത്രമാണ് അവൾക്കുമുന്നിൽ.

"വാവക്കെന്താമ്മേ? "വായനക്കിടയിൽ ഫോട്ടോയിലേക്ക് കണ്ണു പായിച്ച് മനസ്സിൽ വരി മുറിയാതെ ഞാൻ പറഞ്ഞു,
"ഊവ്വാവ് "

അക്ഷരങ്ങളിൽ വരച്ചിട്ട ചരിത്രം. ചരിത്രമെന്നാൽ കാലാകാലങ്ങളിൽ വേദനിയ്ക്കപ്പെട്ടവരുടേയും വേദനിപ്പിച്ചവരുടെയും കഥയാണല്ലോ.

"എങ്ങന്യാ ? അമ്മേ എങ്ങന്യാ?"
വായന.

"എങ്ങന്യാ?" ഒന്നിനുപുറകെ ഒന്നായി എട്ടൊമ്പത് ശരങ്ങൾ. ടി.വി. രാമായണത്തിൽ ഇരട്ടിച്ചിരട്ടിച്ചു വരുന്ന അമ്പുകൾ മാതിരി.

വായന.

"ഈ വാവയെന്താ കരയണെ?"

"വേദനിച്ചിട്ടാ മോളെ. കണ്ടോ ചോര."

വായന.

"വായ എന്താ തുറന്നിട്ട്? പല്ലു കാട്ട്ണൂ."

'' വേദനിച്ചു കരയാ."

"എന്തിനാ ?" പത്തു തവണയിൽ കുറയില്ല. പാവം പറഞ്ഞു കൊടുത്തേക്കാം.

"ഒരു ഭൂതമുണ്ടേയ് കുറെ ദൂരെ അങ്ങ് സിറിയയിൽ. ഈ വാവയെ അത് ഉപദ്രവിച്ചതാ. ബോംബ് പൊട്ടിച്ചു. അതാ."

മുറിവേറ്റ കരയുന്ന കുഞ്ഞിന്റെ പടത്തിൽ മുഖമമർത്തി കണ്ണുകൾ പാതി ചിമ്മി അവൾ എന്തോ ഓർത്തു.

" എവിടെ ഭൂതം?"

പേജ് മറിച്ച് പ്രസിഡന്റ് അൽ അസദിന്റെ ഫോട്ടോ കാണിച്ചു കൊടുത്തു. കാണാൻ ഭംഗീണ്ട്ച്ചാലും ഇയാള് ഭൂതമാ മോളെ. ഭയങ്കര ഭൂതം.

" ഞാനിന്റെ വടീങ്കൊണ്ട് അയാളെ അടിക്കും."
"േേേഠ... "
"പിന്നെന്റെ പിസ് ടൂളെടുത്ത് ഭൂതത്തിനെ വെടിവെയ്ക്കും."
"േേേഠ... "

മഹാഭാരതത്തിൽ ബകാസുരന്റെ കഥയിൽ ചുള്ളിക്കമ്പു കൈയിലേന്തി അസുരനെ കൊല്ലുമെന്നു പറയുന്ന, കോണകമുടുത്തു നിൽക്കുന്ന ആ ബ്രാഹ്മണ ബാലൻ തന്നെ. ആ നിഷ്ക്കളങ്കതക്ക് അമ്മയുടെ വക കണ്ണുംപൂട്ടി കെട്ടിപ്പിടിച്ചൊരുമ്മ.

അമ്മയുടെ മടിയിൽ, അമ്മയുടെ ചൂടിൽ, അമ്മയുടെ കരവലയത്തിൽ ഇരുന്നുകൊഞ്ചുന്ന എന്റെ മകളെ ഇന്ന്, ഈ നിമിഷം ഞാൻ സംരക്ഷിക്കുന്നു. ആഴ്ചപ്പതിപ്പിന്റെ പേജുകളിൽ വർണ്ണങ്ങളായും അക്ഷരങ്ങളായും തെളിയുന്ന യാഥാർഥ്യത്തെ നോക്കാനുള്ള ചങ്കുറപ്പെനിക്കില്ല. ഫോട്ടോയിൽ കാണുന്ന പിഞ്ചു ശരീരത്തിനിപ്പോൾ ചൂടുണ്ടോ, മിടിപ്പുണ്ടോ ഒന്നും എനിക്കറിയില്ല. ഒന്നുമാത്രം അറിയാം. മൂവായിരത്തോളം കിലോമീറ്ററകലെയാണത് - ഈ പുസ്തകം തുറന്ന് നോക്കിയില്ലായിരുന്നെങ്കിൽ. അതെ വെപ്പും വെടിപ്പും തീനും കിളിക്കൊഞ്ചലുമായി  എത്രയോ, എത്രയോ സ്ത്രീകൾ കഴിയുന്നപോലെ ഞാനും ആയിരുന്നെങ്കിൽ ഈ പുസ്തകം വെറും കടലാസായും ചിത്രങ്ങൾ നിറങ്ങളായും അക്ഷരങ്ങൾ രേഖകളായും തുടർന്നേനെ. ജീവിതം അറിയാതെ, ജീവനെ അറിയാതെ, ഞാൻ ജീവിച്ചു തീർത്തേനെ എന്റെ ദിവസങ്ങൾ.

മറുനാട്ടിലെ സിമന്റ് കൂട്ടിലേക്ക് മണ്ണായും മണമായും മലയാളമായും എത്തിയ മാതൃഭൂമിക്ക് സ്നേഹത്തോടെ എഴുതിയ ഒരു കത്ത്.

2018 ഫെബ്രുവരി 26, തിങ്കളാഴ്‌ച

ഒരു കഥ

ബസിൽ കയറിയ ഉടനെ കുഞ്ഞിക്കിളി ചിലച്ചു.
"അമ്മാ കഥ കഥ, അച്ഛാ കഥ കഥ."

അച്ഛൻ ഉഴപ്പി.  ഇന്നലെ ഞാൻ രണ്ടുകഥകൾ പറഞ്ഞില്ലേ ഇന്നമ്മ. "

''അമ്മാ ഇന്ന് അമ്മ തന്നെ പറയണം."

ഉഴപ്പി നോക്കി. രക്ഷയില്ല. സ്ഥിരം നമ്പറിടാം.

"ഒരു മുത്തശ്ശി  കിണറ്റു വക്കത്തിരുന്ന് തുന്നുകയായിരുന്നു. സൂചി കിണറ്റിൽച്ചാടി. എന്ത് ചെയ്യും?"

" നൂലിൻമേൽ പിടിച്ചു വലിച്ചുവലിച്ചെടുക്കും."

ഭയങ്കര ഗൗരവത്തിലാണ് മറുപടി.

"അല്ലടേയ്. ഇന്ന് നൂല് ചെറുതായിരുന്നു. അതും കയ്യീന്നു പോയി. "

''ഊം. പറ." തീരെ രസിച്ച മട്ടില്ല. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ഞാനും ഗൗരവത്തിൽ കാച്ചി.

''അതേയ്, ഒരു കാന്തം നൂലിൽ കെട്ടി കിണറിന്റെ അടിയിലേക്ക് താഴ്ത്തി. അപ്പോ, സൂചി അതിലൊട്ടി. പിന്നെ വലിച്ചു വലിച്ചു അങ്ങെടുത്തു. അത്രന്നെ."

"ഇതു കഥയല്ല. കഥ പറ."

".... "

" കഥ കഥ കഥ "

ഉണങ്ങിവരണ്ട വഴിയോരക്കാഴ്ചകൾ പോലെ മനസ്സും പൊടിപിടിച്ചു കിടക്കുന്നു. വെറുതെയൊരു വാചകത്തിൽ ശൂന്യതയിൽനിന്നങ്ങു തുടങ്ങി.

"ഉണ്ണിക്കുട്ടൻ അരിക്കൊണ്ടാട്ടം തിന്നുകയായിരുന്നു."

" എന്നിട്ട്?"

" ഒരു കഷണം വായിലേക്കിട്ടപ്പോൾ അങ്ങു താഴെ ചാടി."

" എന്നിട്ടെന്നിട്ട്?''

വിടൂല്ലല്ലെ മോളെ. എന്നാ താങ്ങിക്കോ. ഒരു കഥയങ്ങ് പോയ വഴിയെ തെളിക്കാം.

" അരിക്കൊണ്ടാട്ടം കട്ടിലിൻ ചുവട്ടിൽ ഒളിച്ചു. ഉണ്ണിക്കുട്ടന്റെ പല്ലിനെ പേടിയായിരുന്നു അതിന്. അങ്ങനെ ഇരുട്ടിൽ ഒളിച്ചു അത്. "

" ചെറിയ കഥ പറ്റില്ലമ്മേ ഇന്ന് വല്യ കഥ തന്നെ വേണം."
മോള് താക്കീത് ചെയ്തു.

"രാത്രിയായി. ഉണ്ണിക്കുട്ടന്റെ വീട്ടിലെല്ലാവരും ലൈറ്റോഫാക്കി ഉറങ്ങി. അപ്പോഴുണ്ട് വരുന്നു  രണ്ടു കൂറകൾ. കോക്രോച്ചസ്. അതു പതിയെ അരിക്കൊണ്ടാട്ടം തിന്നാൻ തുടങ്ങി.  ക്റും. ക്റും. അരിക്കൊണ്ടാട്ടത്തിന് ചെറുതായി നൊന്തു. ഉണ്ണിക്കുട്ടൻ ഒറ്റക്കടിക്കങ്ങ് തിന്നാ മതിയായിരുന്നു. ഇതിപ്പോ  എത്രനേരാണ്ച്ച്ട്ടാ. കുറച്ചീശെ. ല്ലേ?"

" എന്നിട്ട്? പറയൂ."

'' രാവിലെയായപ്പോൾ ഉണ്ണിക്കുട്ടന്റെ അമ്മ അടിച്ചുവാരി കുപ്പ കൊണ്ടോയി തെങ്ങിൻ ചോട്ടിലിട്ടു. നമ്മുടെ അരിക്കൊണ്ടാട്ടം മാനംനോക്കി കുപ്പയിൽ കിടന്നു. കുറച്ചു കഴിഞ്ഞപ്പോ ഉറുമ്പുകൾ ചുറ്റുംകൂടി. അമ്മോ. അരിക്കൊണ്ടാട്ടത്തിന്റെ മേലെമ്പാടും ഉറുമ്പുകൾ കയറിയിരുന്ന് കടിക്കാൻ തുടങ്ങി. മൂളിക്കൊണ്ടൊരു ഈച്ചയും വന്നിരുന്നു. ഉണ്ണിക്കുട്ടൻ തിന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നുവെന്ന് അരിക്കൊണ്ടാട്ടമോർത്തു."

"അമ്മാ, നിർത്തല്ലൂ. പറയൂന്ന്. ഈച്ചയും കടിച്ചോ? "

" ഈച്ച കടിച്ചല്ല തിന്നുക. അത് ആദ്യം അരിക്കൊണ്ടാട്ടത്തിൽ തുപ്പി. ''

'' എന്ത് തുപ്പി?"

"തുപ്പലേയ്. ഉമിനീര്. എന്നിട്ട്, അതിലലിഞ്ഞ ഭാഗം ഉറുഞ്ചിക്കുടിച്ചു കൊണ്ടിരുന്നു. ഈച്ചേടെ  മേലുണ്ടായിരുന്ന ബാക്ടീരിയയൊക്കെ അരിക്കൊണ്ടാട്ടം കിട്ടിയ സന്തോഷത്തിൽ പെറ്റുപെരുകി തിന്നു തിമർത്തു."

'' ബാക്ടീരിയ?"

" ഈ ഈച്ച വൃത്തികേട്ലൊക്കെ പോയി വരികയല്ലേ. കയ്യും, കാലും കഴുകീട്ടാണോ തിന്നാൻ വരുന്നത്?"

" ശരി. എന്നിട്ട്?"

" എന്നിട്ടെന്താ, കുറച്ചുകഴിഞ്ഞപ്പോൾ ഒരു കാക്ക വന്നു കൊത്തി. അരി മുറുക്കിനു നൊന്തു. പക്ഷേ ഈച്ചയും എറുമ്പുമെല്ലാം ഓടിപ്പോയല്ലോ."

" മുറുക്കല്ലമ്മേ. കൊണ്ടാട്ടം.''

" ആ . അതുതന്നെ. കാക്കയതും കൊത്തിപ്പറന്നു. കൂട്ടിൽ മക്കൾ വിശന്നിരിക്കുന്നുണ്ടേയ്. കുളത്തിന് മേലേക്കൂടെ പറന്നപ്പോൾ കൊണ്ടാട്ടം കുളത്തിൽ വീണു. ഉടനെ തുടങ്ങിയില്ലേ മീനുകൾ കടിച്ചു പറിക്കാൻ. അവറ്റകൾ നീന്തിക്കുതിച്ചു വന്ന് കടിക്കുമ്പോൾ ഫുട്ബോൾ  പോലായില്ലേ നമ്മുടെ കൊണ്ടാട്ടത്തിന്റെ അവസ്ഥ. അങ്ങോട്ടുമിങ്ങോട്ടും തെന്നിത്തെന്നി അത് വെള്ളത്തിൽ താഴാൻ തുടങ്ങി. ഉള്ളിലൊക്കെ വെള്ളം കയറി ചീർക്കാനും തുടങ്ങി. "

" ചീർക്കേ? ''

"ഊം. ചില സാധനങ്ങൾ വെള്ളത്തിൽ വീണാൽ വെള്ളം കുടിച്ചങ്ങു വലുതാകില്ലേ?"

" കോൺഫ്ലേക്സ് പോലെ. ചോക്കോസ്. "

"ആ. അതുതന്നെ. അപ്പോഴത്തേക്കും ഒരു വലിയ മീനങ്ങു വന്നു വിഴുങ്ങി നമ്മുടെ ആളെ. കഥ കഴിഞ്ഞൂട്ടൊ മോളെ. മിണ്ടാതിരുന്നോ ഇനി."

ഞാനെന്റെ മൊബൈൽ എടുത്തു. മകൾ സംതൃപ്തയായി അച്ഛന്റെ മടിയിൽ ഉറങ്ങി.

2018 ഫെബ്രുവരി 24, ശനിയാഴ്‌ച

ഉപകാരസ്മരണ

ബസ് സ്റ്റോപ്പിൽ നിന്ന് ഞാൻ കയറിയ ഓട്ടോ വേഗത്തിൽ കുതിക്കുകയാണ്. നേരം വൈകിയിരിക്കുന്നു. പെട്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു -ധൃതിയിൽ സ്വെറ്ററിന്റെ  പോക്കറ്റിൽ തിരുകിയ എന്റെ മൊബൈൽ എന്നോടൊപ്പമില്ല. വർഷങ്ങൾ നീണ്ട  വിചിന്തനങ്ങൾക്ക് ശേഷം വാങ്ങിച്ച എന്റെ കന്നി ആൻഡ്രോയിഡ് ഫോൺ. വാങ്ങിച്ച് ഒരു മാസം തികഞ്ഞിട്ടില്ല. കന്നടക്കാരനെ കല്യാണം കഴിച്ച് മറുനാട്ടുകാരിയായ എന്നെ മാതൃഭാഷയോട് കൂട്ടിയിണക്കേണ്ട ദൗത്യം ഉള്ള എന്റെ ആയുധം. ഫീച്ചേഴ്സ് പഠിച്ചുവരുന്നതേയുള്ളൂ. ജിയോ സിം വാങ്ങിയിട്ട്, ഫേസ്ബുക്കും, വാട്ട്സാപ്പും ഡൗൺലോഡ് ചെയ്തതേയുള്ളൂ.

'' ഓ മൈ ഗോഡ് !!''

ഞാൻ നിലവിളിച്ചു. ഓട്ടോ നിർത്തി. സഹയാത്രികരോടും, ഡ്രൈവറോടും  (ഷെയർ ഓട്ടോയാണ് ) എങ്ങിനെയോ കാര്യം പറഞ്ഞു ഞാൻ ഇറങ്ങിയോടി. കുറച്ചു ദൂരമുണ്ട്. ആ ഓട്ടോ എന്നെ വിട്ടുപോയാൽ ഞാനിന്നു അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിടലുണ്ടാവില്ല.

ഡിസംബറിലെ തണുത്തുറഞ്ഞ വായു വരണ്ട തൊണ്ടയിൽ കുത്തി അകത്തു പോകാൻ മടിച്ചുനിൽക്കുന്ന പോലെ. തണുപ്പിൽ ഇറങ്ങിയോടിയപ്പോൾ കണങ്കാൽ ഉളുക്കി.

ബസ് സ്റ്റോപ്പിനോടടുക്കുമ്പോൾ ഒരു കുടിയൻ  അയഞ്ഞ പാന്റ്സിന്റെ  പോക്കറ്റിൽ  എന്തോ തിരുകി നടന്നകലുന്നുന്നു.

ദൈവമേ അത് അതുതന്നെ. എന്റെ പുതിയ ഫോൺ. മലയാളത്തിന്റെ മച്ചുംപുറത്തേക്കുള്ള എന്റെ കോണി വാതിൽ.
ഏതോ അജ്ഞാത ലോകത്തെ കടലിന്റെ നടുക്കുനിന്ന് 'എനിവേർ ഡോർ ' കളഞ്ഞുപോയി എന്ന് തിരിച്ചറിയുന്ന നോബിതയുടെയും ഡോറെമോന്റെയും  അവസ്ഥ.

പിരിമുറുക്കവും, ഓട്ടവും, തണുപ്പും കാരണം എന്റെ ഉളുക്കിയ കാലുകൾ പറ്റെ തളർന്നു. ശ്വാസമെടുക്കാൻ നോവുന്ന വണ്ണം കിതയ്ക്കുന്നു. 'ഒമ്മെ നില്ലി ' (ഒന്നു നിൽക്കൂ ) എന്ന് പറയാൻ ശ്രമിച്ചെങ്കിലും വരണ്ട നാവിൽ നിന്ന് ഒരു ശബ്ദവും വന്നില്ല.

ആ കുടിയനൊന്നു പിന്നോട്ടു നോക്കി നടത്തത്തിന് വേഗതകൂട്ടി.

കഴിഞ്ഞു. എല്ലാം കഴിഞ്ഞു. എനിക്കിനി വയ്യ. ഒട്ടും. വീട്ടിൽ ചെന്നു ഞാൻ എന്തുപറയും !

ബസ് സ്റ്റോപ്പിന് മുന്നിൽനിന്ന് ഞാൻ ഒരു ശൂന്യതയിലേക്ക് നിലംപതിക്കുന്നതിനു തൊട്ടുമുൻപ് അവൾ വന്നു. പതിയെ, സംശയത്തോടെ - 'ആന്റി, ഇതു നിങ്ങളുടെ മൊബൈൽ ആണോ ?'

"ഹൊ, ഈശ്വരാ ഹെന്റെ ഫോൺ!!!'

ആകാശത്തിലേക്കുള്ള എന്റെ ജാലകം - എന്റെ ചിറക്, എന്റെ തുഴ.
മൊബൈൽ വാങ്ങി ഞാൻ അവളുടെ കയ്യിൽ പിടിച്ചു പറഞ്ഞു.
'നന്ദി. നല്ലതു വരട്ടെ. '
അലതല്ലുന്ന കടലിൽ നിന്നൊരു തുള്ളി തൂവി.

പെട്ടെന്ന് എവിടെനിന്നോ പ്രത്യക്ഷപ്പെട്ട യമ കിങ്കരനെപ്പോലൊരാൾ എന്നെ കന്നഡയിൽ തെറി വിളിക്കാൻ തുടങ്ങി.  ഉത്തരവാദിത്തമില്ലായ്മയിൽ തുടങ്ങി 'ഒരു ഫോണിന് ഒരു നന്ദിയോ, ഥൂ' വരെ എത്തിയപ്പോഴേക്കും അവളുടെ കൈവിട്ടു ഞാൻ അങ്ങകലെ ഉദ്വേഗത്തോടെ കാത്തുനിന്ന ഓട്ടോ നോക്കി പാഞ്ഞു.

'ഇവൾക്കു മൊബൈൽ കിട്ടുമോ, ഇല്ലയോ' എന്നറിയാൻ കാത്തുനിന്ന ഓട്ടോയിലെ കൊച്ചു സമൂഹത്തിനു നന്ദി പറയുമ്പോൾ ഞാനോർത്തു ഈ ലോകത്ത് നല്ലവരുണ്ട് - ഇഷ്ടംപോലെ.

കന്നട മീഡിയം പത്താം ക്ലാസ്സിലെ അവസാന മാസത്തിൽ എത്തിനിൽക്കുന്ന ആ കൊച്ചു കൂട്ടുകാരിക്ക് ഇത് ഉപകാരപ്പെടുമെന്ന് എനിക്ക് തോന്നി.

റെമെഡിയൽ ക്ലാസ്

ബുധനാഴ്ച ആറുപിരീഡ് ക്ലാസ്സുകൾക്ക് ശേഷം  വൈകിട്ടത്തെ ഒന്നര മണിക്കൂർ റെമെഡിയൽ ക്ലാസ് ശരിക്കും ചോരയൂറ്റുന്ന പണി തന്നെയാണ്. നീരടിഞ്ഞു കനംവെച്ച തുടങ്ങിയ മുട്ടുകാലും വേദന തുടങ്ങിയ ഉപ്പൂറ്റിയും കാറിക്കാറി കീറാൻ തുടങ്ങിയ സ്വനതന്തുക്കളും ആമാശയം തിന്നാനൊരുങ്ങുന്ന വിശപ്പും കൊണ്ടാണ് ക്ലാസ് തുടങ്ങുകയെങ്കിലും തികച്ചും ഉന്മേഷവതിയായി, സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് ഒന്നര മണിക്കൂറിനു ശേഷം ക്ലാസിൽ നിന്നിറങ്ങുക.

ആറാംക്ലാസിലെത്തിയെങ്കിലും മൂന്നാംക്ലാസിന്റെ ബുദ്ധിയുള്ളവരും ഉള്ള ബുദ്ധി മുഴുവൻ അലസതക്കും വികൃതിക്കും തീറെഴുതിക്കൊടുത്തവരും കൂടി ഒരു പത്തിരുപത്തഞ്ചു പേർ.

അവർക്കെന്നോട് സ്നേഹമാണ്. ബഹുമാനവുമുണ്ട്. എനിക്ക് തിരിച്ചും.

ഏതു പാഠഭാഗമാണ് പഠിയ്ക്കേണ്ടതെന്ന് തീരുമാനിക്കുന്നതവരാണ്. ഭൂരിപക്ഷത്തിന്റെ ആവശ്യാനുസരണം ഇന്നെടുത്ത പാഠം 'ജലം'.

ജലത്തിന്റെ ചിപ്പിക്കൂടിനുള്ളിൽ വിരിഞ്ഞ ജീവന്റെ മുത്തായ ഭൂമിയിൽ തുടങ്ങിയ പാഠം മക്കളുടെ മാതൃഭാഷയായ കന്നടയിൽ കഥ മെനഞ്ഞും താക്കോൽ വാക്കുകളായ ശാസ്ത്രപദങ്ങളെ ആംഗലേയത്തിൽ ആവർത്തിച്ചുറപ്പിച്ചും അവരറിയാതെ, എന്റെ കൈത്തണ്ടയിലെ വാച്ചറിയാതെ മുന്നോട്ടു പോയി.

മറ്റു വസ്തുക്കളിൽ നിന്നും, കൂട്ടുകാരിൽ നിന്നും ഊർജ്ജം തട്ടിപ്പറിച്ച് ആകാശത്തിലെ സ്വാതന്ത്ര്യത്തിലേക്കു പറക്കുന്ന സ്വാർത്ഥമതികളായ നീർക്കുഞ്ഞന്മാർ തണുത്ത കാറ്റേറ്റ് ഊർജ്ജം നഷ്ടപ്പെടുമ്പോൾ ഒരുമയുടെ ഭാഷ പഠിക്കുമെന്നും അവസാനം ഭാരമേറി, നിലയറ്റ് നിലത്തോട്ടു പതിക്കുമെന്നും  കളിച്ച്, ചിരിച്ച്, ഒച്ചയിട്ട് പഠിച്ചപ്പോൾ അവരുടെ കണ്ണുകളിൽ വിരിഞ്ഞത് എനിക്കുള്ള പ്രതിഫലമായിരുന്നു.

തിരക്കൊഴിഞ്ഞ് ശാന്തമായ സ്കൂൾ മൈതാനത്ത് എന്റെ മക്കളുടെ ശബ്ദം മാറ്റൊലി കൊണ്ടു. ഒരു പകലിന്റെ ആട്ടം കഴിഞ്ഞ് തളർച്ചയോടെ ഒറ്റയ്ക്കും തെറ്റയ്ക്കും വീടുകളിലേക്ക് പുറപ്പെട്ട ടീച്ചർമാർ മൈതാനത്തിനു നടുവിൽ നിന്നു പകച്ചു ചുറ്റും നോക്കി. 'എവിടുന്നാണ് ഈ ഹർഷഘോഷം!'

ശിശിരത്തിൽ ഒരു പുതപ്പിനടിയിൽ കെട്ടിപ്പിടിച്ച് കിടക്കുന്നതും ഉഷ്ണത്തിൽ പരസ്പരം വേർപെട്ട് അകന്നു പോകുന്നതുമായ സഹോദരങ്ങളായി ജലകണങ്ങളുടെ കണ്ടൻസേഷനും ഇവാപറേഷനും  ഞാനൊരു ഏകാംഗ നാടകത്തിൽ അഭിനയിച്ചു തീർത്തു.

ചിതറിയോടുന്ന ആനക്കൂട്ടത്തെ ഓർമിപ്പിക്കുന്ന കൈയക്ഷരമുള്ള പ്രേരിത ചോദ്യങ്ങൾക്കെല്ലാം ചാടിയെണീറ്റ് ഉത്തരം പറഞ്ഞു. എട്ടാം ക്ലാസിന്റെ ഉയരവും അഞ്ചാം ക്ലാസിന്റെ വിവരവുമുള്ള രക്ഷിത പോലും ഉത്തരങ്ങൾ പറഞ്ഞു. സഹനയും ഹേമന്തും എല്ലാം മനസ്സിലായപോലെ തലയാട്ടി.

എപ്പോഴും നിഗൂഢമായ മനോവൃത്തികളിൽ ലയിച്ചിരുന്ന് ചിരിക്കുന്ന ഹേംശങ്കർ  പിരിഞ്ഞുപോകുന്നേരം വീണ്ടുമൊരു ഗുഡാഫ്ററർ നൂണും ഗുഡീവനിംഗും ഫ്രീയായി തന്നു.

'ഇതെല്ലാം ഇന്നുതന്നെ ഒന്നുകൂടി വായിക്കണം' എന്നാവർത്തിച്ചാവർത്തിച്ചു പറയുമ്പോഴും എനിക്കറിയാം  ഉത്തരക്കടലാസിൽ ഏറെയൊന്നും പ്രതീക്ഷിയ്ക്കേണ്ടെന്ന്.

എന്നാലും.. എന്നെങ്കിലും വളർന്ന് ഒരച്ഛനോ അമ്മയോ ആയി അവരുടെ മക്കളെ പഠിപ്പിയ്ക്കുമ്പോളെങ്കിലും ഇതവർക്ക് ഉപകാരപ്പെടുമെന്ന് എനിക്ക് വെറുതേ സന്തോഷം തോന്നി.

2018 ഫെബ്രുവരി 20, ചൊവ്വാഴ്ച

ഗൃഹാതുരം

വിരൽത്തുമ്പിലെ ഒരു മൃദു സ്പന്ദനത്തിനപ്പുറം നീയും...
അതേ സ്പന്ദനത്തിനിപ്പുറം ഞാനും  ലൈവായി നിൽക്കുമ്പോൾ
ഓർമ്മകളുടെ കയ്പ്പു വന്നെന്റെ വിരലിൽ പിടിച്ചുവലിക്കുന്നു.

മുകളിലേക്ക് ഓടി മറയുന്ന ചിത്രങ്ങളെ വലിച്ചുവലിച്ച് അങ്ങു മൊബൈൽ സ്ക്രീനിന്റെ ചക്രവാളത്തിലേക്കെറിഞ്ഞുകൊടുത്ത്  ദിനമറിയാത്ത ഏതോ പഴയ താളുകളിൽ പോയി മുങ്ങി കിതപ്പാറ്റുന്നു എന്റെ വിരൽത്തുമ്പ്.

ഒരു നിമിഷം മതി മിണ്ടാൻ .
എല്ലാം മറക്കാൻ.
പിന്നെ, എല്ലാമോർമ്മിക്കാൻ.

ഉമ്മറത്തിണ്ണയിൽ അഭിമുഖമായിരുന്നു പാദത്തോടു പാദം ചേർത്ത് ദ്വാരപാലകരായി വീടുകാത്തതും,  അത്താഴത്തിനു മുന്നേ പത്തായത്തിൻമേൽ കിടന്നു ഉറക്കം നടിച്ച് ഉറങ്ങിപ്പോയതും, പിന്നെ അമ്മയെ ണീപ്പിക്കുമ്പോൾ പാതിയുറക്കത്തിൽ  പല്ലുതേക്കാനുള്ള മടി കാരണം മുഴുത്ത ഉറക്കം അഭിനയിച്ചതും നമ്മളൊന്നിച്ചായിരുന്നു.

വിതിനപ്പുറത്തെ  ഉരുണ്ട ഭരണിയിൽ നിന്ന് പറിച്ചെടുക്കുന്ന പഴമയുടെ കൊതിപ്പിക്കുന്ന മണമുള്ള കറുത്തിരുണ്ട പുളിയുണ്ട പൊടിയുപ്പിൽ മുക്കി ഞരടി കോണിക്കൂട്ടിൽ കയറിയൊളിക്കുമ്പോൾ പങ്കിനായി കൈ നീട്ടിയിരുന്നവൾ.

വെള്ളിയാഴ്ച രാത്രികളിലെ പ്രേതസിനിമകൾ കാണാൻ ഒരേ പുതപ്പിന്റെ ധൈര്യപ്പാടക്കുള്ളിൽ എന്നോട് ചേർന്ന് കുന്തിച്ചിരുന്നവൾ.

നക്ഷത്രങ്ങൾക്കും, സുഗന്ധം വീശി വിരിഞ്ഞ പവിഴമല്ലി പൂക്കൾക്കും താഴെ നിലാവും നിഴലും ചിത്രം വരച്ച തിണ്ണയിലിരുന്ന്  നൂറായിരം യുഗ്മഗാനങ്ങൾ പാടിയത് അവളോടൊത്തായിരുന്നു.

ഇന്ന്, പവിഴമല്ലിച്ചോട്ടിലെ മണ്ണിന് നീ അപരിചിതയായി.

പണ്ട്, കള്ളനും പോലീസും കളിച്ച ഇരുണ്ട ഇടനാഴികളും, വാതിൽ മറവുകളും നിന്നെ കൊതിപ്പിക്കുന്നില്ലേ?

കെടാവിളക്കിന്റെ നിറവെളിച്ചത്തിൽ, പച്ച ഡപ്പയിലെ വിഭൂതിയുടെ വശ്യമാം അലകൾക്കിടയിൽ ഏറെനേരം നോക്കി കിനാക്കൊള്ളുമായിരുന്ന മൂക്കു മുറിഞ്ഞ നീലകൃഷ്ണൻ ഇന്നും നിന്റെ മനസ്സിന്റെ മൂലപ്പടിയിൽ ചിരിച്ചു നിൽക്കുന്നില്ലേ?

വിരൽത്തുമ്പിന്റെ ഒരു സ്പന്ദനത്തിനകലെ നിന്റെ ഹൃദയം തേങ്ങുന്നത് എനിക്ക് കാണാം.

ഞാൻ ഉരുകുന്നത് നിനക്കും.

ബുദ്ധിമതി

"ജാഹ്നവിക്ക് എല്ലാ വിഷയത്തിനും നല്ല മാർക്കാണ്. കണക്കിന് മാത്രം  നാലുമാർക്ക് കുറഞ്ഞു. എന്തുപറ്റി മാഡം ? കണക്കവൾക്ക് ബുദ്ധിമുട്ടാണോ?''

'ആ. എനിക്കറിയില്ല' എന്നുപറയാൻ ചങ്കൂറ്റമില്ലാതിരുന്ന കാരണം പ്രോഗ്രസ് റിപ്പോർട്ട് ഗാഢമായി വായിക്കുന്ന നാട്യത്തിൽ ഞാനിരുന്നു .

'''കണക്കിനു് മാർക്ക് കുറഞ്ഞില്ലായിരുന്നെങ്കിൽ ഇത്തവണ അവൾക്ക് ക്ലാസ്സിൽ ഫസ്റ്റ് കിട്ടുമായിരുന്നു."

"ഇപ്പോഴെത്രാം സ്ഥാനമാണു ടീച്ചർ? " ഇത്തവണ മറക്കാതെ ചോദിക്കാൻ പറ്റിയതിൽ അഭിമാനം തോന്നി. പലപ്പോഴും ചിരിച്ചു വർത്തമാനം പറഞ്ഞ് ഒപ്പിട്ടുവരുമ്പോൾ അവളുടെ ഏതെങ്കിലും ക്ലാസ്മേറ്റ്സിന്റെ പാരന്റ് ചോദിക്കും 'എത്രാം സ്ഥാനമാണ്, എത്രശതമാനം ' എന്നൊക്കെ  അപ്പോൾ മറുപടി പറയണ്ടേ. വർഷത്തിൽ നാലഞ്ചു തവണ പ്രോഗ്രസ് റിപ്പോർട്ടിൽ ഒപ്പിടാൻ വരുന്ന അനുഭവസ്ഥയായ ഒരു പാരന്റിലേക്ക് രണ്ടാം ക്ലാസുകാരിയുടെ അമ്മ വളർന്നിരിക്കുന്നു.

കണക്കിലെ നാലു മാർക്ക് നഷ്ടത്തിൽ റാങ്കുസംഖ്യ രണ്ട് ഡിജിറ്റലിലേക്ക് കടന്നുവോ ആവോ. ടീച്ചർ കൃത്യമായ മറുപടി തന്നില്ല.  മോളിനി കണ്ടപാടെ ചോദിക്കുമ്പോൾ എന്തു പറയാനാണ്. അരക്കും, കാലിനും, അരക്കാലിനും വരെ റാങ്ക് അടിച്ചോണ്ട് പോകുന്ന അത്യന്തം മത്സര തീക്ഷ്ണമായ രണ്ടാം ക്ലാസിലെ F. A .4 പരീക്ഷയാണ്.

ഹോ, നമ്മുടെ കാലത്തൊക്കെ എന്തു സുഖായ്രുന്നു ടീച്ചർമാർക്കും, കുട്ട്യോൾക്കും . ഒരു കാക്കൊല്ലപരീക്ഷ, ഒരു അരക്കൊല്ല പരീക്ഷ, ഒരു കൊല്ലപ്പരീക്ഷ. ഇപ്പോഴോ..
FA - 1, FA - 2, SA - 1, FA - 3, FA - 4, SA - 2, ഇതിന്റെയൊക്കെ ഇടയിൽ പുട്ടിന് തേങ്ങയിട്ട പോലെ യൂണിറ്റ് ടെസ്റ്റുകളും. അമ്പമ്പോ ! ഇതിനിടയിൽ പഠിപ്പിയ്ക്കാൻ സമയം കിട്ടുന്നുണ്ടോ ആവോ! പാവം പ്രൈവറ്റ് ടീച്ചർമാർ. അവരുടെ ഉറക്കം തൂങ്ങിയ കണ്ണിന്റെ വരണ്ട വരദാനങ്ങളാണ് ഈ ചോദ്യക്കടലാസുകളും, വർക്ക് ഷീറ്റുകളും, പിന്നെ, ഉത്തരക്കടലാസിലെ  ചുവന്ന വരകളും.

'' മാഡം, കണക്കിൽ എന്താണവൾക്ക് പ്രശ്നം?  എന്തേലും പരാതിയുണ്ടോ? ഫീഡ്ബാക്ക് ബുക്കിതാ. വീട്ടിൽ നിന്നൊന്നു ശ്രദ്ധിക്കണേ കണക്കിൽ."

" ശരി ടീച്ചർ. ശ്രദ്ധിക്കാം." (അതു നുണയാണ് ട്ടൊ. കല്ലുവെച്ച നുണ ) ഫീഡ്ബാക്ക് ബുക്കിൽ സ്കൂളിനോടുള്ള നന്ദി മാത്രം എഴുതിക്കൊടുത്തു.

" കണക്കിൽ എന്തു പറ്റിയെടാ?"
അച്ഛന്റെ ചോദ്യത്തിന് ആളുടെ ഉത്തരം "സില്ലി മിസ്റ്റേക്സ് " എന്നായിരുന്നു.

" രണ്ടാമതൊന്നു കൂട്ടി നോക്കിയില്ലേ?"

" ഇല്ലച്ഛാ. സമയം കിട്ടിയില്ല. കണക്കു പരീക്ഷക്ക് ഏറ്റവുമവസാനം പേപ്പർ കൊടുത്തത് ഞാനാണ്."

" അതെന്തു പറ്റി?"
ഞങ്ങൾ ആശ്ചര്യ ചകിതരായി.

"അതേയ്, എന്റടുത്തിരുന്ന സൂഫിയ ഭയങ്കര കോപ്പിയടി ആയിരുന്നു. ഇതാ ഇങ്ങനെ.. " കഴുത്തു നീട്ടി, കണ്ണുമിഴിച്ച് അഭിനയിച്ചു കാണിച്ചു തന്നു സൂഫിയയുടെ മിസ്ക്രീപൻസി.

" എന്നിട്ട് !! "

''എന്നിട്ടെന്താ, അവൾ പരീക്ഷ കഴിഞ്ഞ് പേപ്പർ കൊടുത്തതിനു ശേഷമാണ്  ഞാൻ ഉത്തരമൊക്കെ എഴുതിയത്."

' ഞാനാരാ മോൾ, എന്നോടാ കളി ' എന്നൂറ്റം കൊള്ളുന്ന എന്റെ കുഞ്ഞു ബുദ്ദൂസെ നിനക്കെന്റെ നിറഞ്ഞ സ്നേഹം.

2018 ഫെബ്രുവരി 13, ചൊവ്വാഴ്ച

ഞാൻ.

ആർക്കിമിഡീസിന്റെ കുളിത്തൊട്ടിയിൽ വെള്ളം നിറച്ചിരുന്നത് ഞാനായിരുന്നു.  വെള്ളം ഏറ്റിയേറ്റി കൊണ്ടുവന്ന് തൊട്ടിയുടെ വക്കോളം നിറച്ചു ഞാനെന്നും  കാത്തിരുന്നു. ഒന്നു തോന്നിപ്പിക്കാൻ. തോന്നലുണ്ടായപ്പോഴോ,  ഒരു നന്ദി പോലും പറയാതെ പിറന്ന പടി എണീറ്റോടിയില്ലേ.

നന്ദി ആരാ പറഞ്ഞിട്ടുളളത് ന്യൂട്ടനോ? മൂപ്പര് പണക്കാരനും, രാഷ്ട്രീയക്കാരനും ഒക്കെ ആയില്ലേ. അപ്പോൾ ആപ്പിൾ മരച്ചോട്ടിൽ കൃത്യമായി ബെഞ്ച് ഉണ്ടാക്കിക്കൊടുത്ത ആശാരിയെ ആരോർക്കാൻ?

എല്ലാവർക്കും ഇതൊക്കെ നിമിത്തവും നിയോഗവും ഒക്കെയാണ് .  എനിക്കാണെങ്കിൽ ഇതൊക്കെ ജന്മ സാധനയും സാഫല്യവും.

വാട്സന്റെയും  ക്രിക്കിന്റെയും ലാബിൽ ഉണ്ടായിരുന്നു ഞാൻ.  ആയിരമായിരം തെറ്റുകളിലൂടെ നടന്ന് അജ്ഞതയുടെ_ കഥകൾ മണക്കുന്ന, വർണ്ണാഭമായ ഇതളുകൾ അടർത്തി മാറ്റി നോക്കുമ്പോഴാണ് ശാസ്ത്രജ്ഞന് ശരികൾ കാണാനാവുന്നത്. തലപുകച്ചും, വെട്ടിയും, തിരുത്തിയും  വർഷങ്ങൾ തപസ്സുചെയ്യുന്ന അവർക്ക് നേരത്തിന് കാപ്പി അനത്താനും,  മൈക്രോസ്കോപ്പിലെ പൊടി തുടക്കാനും ജനിക്കുന്ന എനിക്ക് നന്ദിയും വേണ്ട ഒരു മണ്ണാങ്കട്ടയും വേണ്ട. പക്ഷേ റോസാലിൻ്റിനെ ഓർക്കുമ്പോൾ പാവം തോന്നുന്നു. മൂപ്പത്ത്യാര് എക്സ്-റേയിൽ കളിച്ചുകളിച്ച് അവസാനം അണ്ഡാശയത്തിൽ അർബുദം വന്ന് മരിച്ചുപോയി പാവം. ശാസ്ത്രത്തെ മാത്രം പ്രേമിച്ച ജന്മമായിരുന്നു. ഡിഎൻഎ ഘടനയുടെ അപഗ്രഥനത്തിന് മൂപ്പത്ത്യാരുടെ കൂടെ പണിഞ്ഞ വിൽകിൻസ് നമ്മുടെ വാട്സന്റെയും,  ക്രിക്കിന്റെയും കൂടെ ഞെളിഞ്ഞു നിന്ന്  നോബൽ സമ്മാനം വാങ്ങിച്ചു. റോസാലിന്റെന്ന  പേരുപോലും  നിങ്ങളുടെ ടെക്സ്റ്റ് ബുക്കിൽ ഉണ്ടോ പിള്ളാരെ?

എന്റെയൊന്നും പേര്  നിങ്ങളെവിടെയും കാണില്ല.   പേരിനെക്കുറിച്ച് പറയുമ്പോൾ ഓർമ്മ വരുന്നു.  മെന്റലും, മെൻ്റലീവും.  രണ്ടും കിടിലൻമാർ. മെൻ്റലീവ് രസതന്ത്രത്തിന്റെ പിതാവും, മെൻ്റൽ ജനിതക ശാസ്ത്രത്തിൻറെ പിതാവും. രണ്ടുപേരും കുറെ കഷ്ടപ്പെട്ടതാ. എന്നാലും നമ്മക്ക് ഓർക്കുമ്പോൾ കഷ്ടം തോന്നണത് പാതിരിയോടാണ്. മഞ്ഞും, വെയിലും ഒരുപാട് കൊണ്ട് നട്ടുവളർത്തിയ പട്ടാണിച്ചെടികളിൽ നിന്നും ഒരു മണി ഊരിപ്പോകാതെ,  പുഴുതിന്നാതെ,  വിതച്ചും,  നനച്ചും,  കണക്കെടുത്തും, വീണ്ടും വിതച്ചും... അങ്ങനെയങ്ങനെ എഴുതിയുണ്ടാക്കിയ കണക്കിന്റെ ജീവശാസ്ത്രവും,  ജീവന്റെ ഗണിത തന്ത്രവും ഒറ്റ മനുഷ്യന്മാരും തിരിഞ്ഞുനോക്കിയില്ല_ മൂപ്പര് പരലോകത്തെത്തും വരെ.

എന്തേര്ന്നു !! കണ്ടത്തിൽ വിതച്ച മണി ഉരുണ്ടിട്ടോ, ചളുങ്ങീട്ടൊ,  അതിന്റെ ചെടി കുള്ളനോ, നീളനോ,  തോട് ചപ്പീതോ , ചീർത്തതോ, തോടിന്റെ, മണിയുടെ, പൂവിന്റെ നിറം... കണക്കെടുത്ത് വിതച്ച്, ഓരോ പൂവിലും കൃത്രിമ പരാഗണം നടത്തി, അളന്ന്, കുറിച്ച് പിന്നേം വിതച്ച്.. ഇതൊക്കെ ഒറ്റയ്ക്ക് ഒരാളെക്കൊണ്ടു് പറ്റുമോ  ഞാനുണ്ടായിരുന്നു കൂടെ.  എണ്ണാനും,  കിളക്കാനും,  നനയ്ക്കാനും എല്ലാം. ഒരു മാന്ത്രികവിദ്യയിലെന്നപോലെ എടുത്ത കണക്കുകളൊന്നും പിഴച്ചില്ല. അനുമാനങ്ങളും അച്ചട്ട്. ചെവിക്കുമുകളിൽ ദൈവമിരുന്ന് മന്ത്രിച്ചു കൊടുത്തതുപോലെ കിറുകൃത്യം. പക്ഷേ, കുറേക്കാലം ആരും തിരിഞ്ഞുനോക്കിയില്ല ആ പഠനം.

ആ  പേപ്പറൊക്കെ നമ്മുടെ ചാൾസ് ഡാർവിൻ വായിച്ചു നോക്കിയിരുന്നെങ്കിലോ?  അപ്പോൾ തകിടംമറിഞ്ഞേനെ  ഈ ലോകം.

എത്ര വയസ്സുണ്ടെന്നോ? എനിയ്ക്കോ? കൂർത്ത കല്ലുകൊണ്ട് കൊത്തിനുറുക്കി മര വേരും പച്ചയിറച്ചിയും തിന്നു നടന്നിരുന്ന കാലം മുതൽ ഞാനില്ലേ? അന്നത്തെ കഥകൾക്ക് ഇന്ന് ഒരുപകാരവും കാണില്ല. നിങ്ങൾക്ക് അറിവുളള കാര്യംതന്നെ പറയാം.
ആ സുശ്രുതൻ ഓപ്പറേഷൻ കണ്ടുപിടിച്ച കാലത്തു ഞാനൊന്നാന്തരം ഒരു മൂശാരിയായിരുന്നു. ഞാൻ രാകി എടുത്ത കത്തിയും കൂർപ്പിച്ചെടുത്ത സൂചിയും ഇല്ലെങ്കിൽ കാണാമായിരുന്നു.

ഇനിയിപ്പോ ഞാൻ എവിടെയാണുള്ളത് എന്നാണ് ചോദ്യമെങ്കിൽ നിങ്ങളിൽ ഓരോരുത്തരിലും  എന്നാണ് മറുപടി. ആരൊക്കെയോ ചേർന്ന് ലോകം പതിയെപ്പതിയെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ചിലർ വളരെ കഷ്ടപ്പെട്ടും, മറ്റുചിലർ ഭാഗ്യം കൊണ്ടു അനായാസമായും  തിരിക്കുന്ന  ഈ കാലചക്രത്തിൽ എവിടെയോ ഏതോ കണ്ണിയായോ, ഒരിറ്റ് എണ്ണയായോ നിങ്ങളും ഞാനും ഉണ്ട്. അങ്ങനെയാവുമ്പോൾ ഓരോ വിജയവും നമുക്കും അവകാശപ്പെട്ടതല്ലേ