2019 നവംബർ 25, തിങ്കളാഴ്‌ച

ദോശമാവ്

"ന്നാലും ദോശമാവൊക്കെ എനിയ്ക്കരച്ചുണ്ടാക്കാമല്ലോ."

"ഉണ്ടാക്കാം. ദോശമാവ് മാത്രമാക്കണ്ട; ദിവസോം അവിയലും പായസോമുള്ള സദ്യയുണ്ടാക്കാം. എന്തിനാ കുറയ്ക്കണത്? ജീവിതത്തിന്റെ ലക്ഷ്യം തന്നെ മൃഷ്ടാന്നഭോജനമല്ലേ?"

"അങ്ങനെയല്ല... അരി നനച്ച് നമുക്കു തന്നെ..."

"അതെ. അരിയും ഉഴുന്നും കുതിര്‍ക്കണം, മറക്കാതെ അരയ്ക്കണം, പുളിപ്പിക്കാന്‍ വെയ്ക്കണം... എത്ര നേരത്തെ മുന്നൊരുക്കവും അദ്ധ്വാനവും വേണം? ഇതാവുമ്പോ പാക്കറ്റ് വാങ്ങുക, തുറന്ന് ദോശചുടുക; എത്രയെളുപ്പം കഴിയും? ദിവസവും അടുക്കളയില്‍ ചെലവഴിച്ച് ജീവിതത്തിലെ സമയമെത്ര കളഞ്ഞു? ആ നേരം എന്തെങ്കിലും വേറെ ചെയ്യാലോ?"

"അരിയുടെയും മാവിന്റെയും വില തട്ടിച്ചു നോക്കുമ്പോള്‍ ഇതു നഷ്ടമല്ലേ?"

"അല്ലാ; ഞാനൊരു കാര്യം ചോദിയ്ക്കട്ടെ? ഇത്രനാളും ജീവിതത്തില്‍ അരിയരച്ചു വെച്ചുണ്ടാക്കി മിച്ചം പിടിച്ച് സമ്പാദിച്ചതുകൊണ്ട് എന്തുണ്ടാക്കി? വീടുവെച്ചോ? യാത്രപോയോ? പുസ്തകം വാങ്ങിച്ചോ? ആ മിച്ചം പിടിച്ച പൈസകൊണ്ട് ഫാഷനനുസരിച്ച് നാലു ഡ്രെസ്സ് വാങ്ങി ഇട്ടോ?"

"ഇല്ല. ഒന്നും ചെയ്തില്ല."

"പോയ സമയം പോയിക്കിട്ടി. അല്ലേ?"

"എന്നാലും വൃത്തിയുള്ള ആരോഗ്യകരമായ ആഹാരം കുടുംബത്തിന് കൊടുക്കാമല്ലോ."

"ഓ പിന്നേ.. അപ്പോ, ബാക്കി പുറത്തൂന്ന് വാങ്ങ്ണ ബേക്കറി സാധനങ്ങള്‍ക്കും ഹോട്ടല്‍ ഭക്ഷണത്തിനുമൊന്നും വൃത്തി വേണ്ടേ? അല്ലെങ്കില്‍ തന്നെ എത്ര കഴുകീട്ടെന്താ? അരിമണി തന്നെ വിഷത്തില്‍ വളര്‍ത്തിയുണ്ടാക്കുമ്പോള്‍ രണ്ടു തവണ കഴുകിയാൽ ആരോഗ്യകരമാകുമോ? അതുമല്ല; രോഗകാരണം നമ്മുടെ ഭക്ഷണശീലമാണ്. അന്നജം അടിസ്ഥാനമാക്കിയുള്ള ദൈനംദിന ഭക്ഷണ ക്രമം നമുക്കാര്‍ക്കും പറ്റിയതല്ല. കഠിനമായ ശാരീരികാദ്ധ്വാനമുള്ളവര്‍ മാത്രമാണ് അങ്ങനെ കഴിക്കേണ്ടത്. ഒരു കാര്യം ചെയ്യൂ.. ഫ്രൂട്ട് ആന്‍ഡ് ഫൈബര്‍ ഡയറ്റിലേക്കു മാറൂ ആരോഗ്യം വരട്ടെ."

"ഓരോ പത്തു ദോശയ്ക്കും സിബ് ലോക്കുള്ള കനവൻ പ്ലാസ്റ്റിക് കവർ മണ്ണിനു കൊടുക്കേണ്ടേ? അതിൽ പുരണ്ട മാവും നൂറുകണക്കിന് അരിമണികൾ കരണ്ടിന്റേം പെട്രോളിന്റേം ചെലവിൽ വെള്ളവും രാസവളവും കൊടുത്ത് ദൂരദേശത്തു നിന്നു വണ്ടിയിലിട്ട് കൊണ്ടുവന്നതു തന്നെ. കാർബൺ ഫൂട് പ്രിന്റെന്നു കേട്ടിട്ടുണ്ടോ?"

"നാമുണ്ടാക്കുന്ന പരിസരമാലിന്യത്തിന്റെ അളവുകോലിനെ സൂചിപ്പിയ്ക്കുന്നതല്ലേ?"

"അതെ. ആഗോള താപനത്താൽ ഭാവിയിലുണ്ടാകാൻ പോകുന്ന അമ്പേ ജലത്താൽ പൊതിയപ്പെട്ട ഭൂഗോളത്തിന്റെ ഇന്നു കാണപ്പെടുന്ന ഖര പ്രദേശത്ത് നാമോരോരുത്തരും കരിയിൽ മുക്കി പതിപ്പിയ്ക്കുന്ന കാലടികൾ. ചവിട്ടിത്താഴ്ത്തുകയാണ് നാം ഭൂമിയെ. ഉപ്പുനീരിലാഴ്ത്തുകയാണ്.."

*    *      *      *      *      *      *
കടയില്‍ പോകാന്‍ ചെരിപ്പിട്ടപ്പോഴാണ് കാല്‍പാദം വലുതായി ചെരിപ്പു കൊള്ളുന്നില്ലെന്നു തോന്നിയത്. ഇതെന്തു മറിമായം! എന്നെക്കാള്‍ രണ്ടു സൈസ് മൂത്ത ഭര്‍ത്താവിന്റെ ഹവായിയുമിട്ടോണ്ട് പുറത്തേയ്ക്കിറങ്ങി. ചെരിപ്പു കടയുടെ മുന്നിലൊരാള്‍ക്കൂട്ടം. എല്ലാവരും ബഹളം വെയ്ക്കുന്നത് വലിയ ചെരുപ്പുകള്‍ക്കായാണ്. അതാ നോക്കൂ! എല്ലാവരുടെയും പാദങ്ങള്‍ വലുതായിരിക്കുന്നു!! ആരും ചെരിപ്പിട്ടിട്ടില്ല. തടിച്ചു വലുതായ കാല്‍പ്പാദങ്ങള്‍ നോക്കി ഒരു പതിമൂന്നുകാരി കരയുന്നു.. രണ്ടു വയസ്സുള്ള മകനെ അയലോക്കക്കാരി താഴെ വെച്ചപ്പോള്‍ ഒരു കാല്‍ മറ്റൊന്നില്‍ തടഞ്ഞു വീണു ആ കുട്ടി. ഒയ്യോ! രണ്ടു വയസ്സുള്ള കുട്ടിയുടെ പാദം ഞാനിട്ട പത്തു നമ്പര്‍ ചെരിപ്പിനു പാകം! അവിടെ നിന്നു തിരിഞ്ഞിട്ടു കാര്യമില്ല. വീട്ടിലുറങ്ങുന്ന മകളെയോര്‍ത്തു ഞാന്‍ പെട്ടെന്ന് തിരിഞ്ഞു നടന്നു. ഇനി അവളുടെ പാദവും..

വഴിയിലും അയല്‍പക്കത്തും ആള്‍ക്കാര്‍ കൂട്ടംകൂടി നിന്നു സംസാരിക്കുന്നു. എല്ലാവരും പരിഭ്രാന്തരാണ്. തുരുതുരാ മെസേജുകളും വിളികളും വരുന്ന മൊബൈലുകള്‍, ചിലര്‍ പരിതപിക്കുന്നു, ചിലര്‍ ഭയന്നു വിറച്ച് അസ്തപ്രജ്ഞരായി നില്‍ക്കുന്നു, മറ്റുചിലർ വാവിട്ടു കരയുന്നു, തടഞ്ഞു വീഴുന്നു, നടക്കാൻ പഠിയ്ക്കുന്ന കുട്ടികളെപ്പോലെ വേച്ചു വേച്ചു നീങ്ങുന്നു..

കൈവരിയില്‍ പിടിച്ച്, ഇറങ്ങിയതിനേക്കാൾ ശ്രദ്ധിച്ചാണ് കോണികയറി മുകളിലെത്തിയത്. ഹാളില്‍ ഉറക്കെ വെച്ച ടിവിയില്‍ ചാനലുകള്‍ മാറ്റിമാറ്റി ബ്രേക്കിങ് ന്യൂസിലേക്കും സ്വന്തം പാദത്തിലേയ്ക്കും മാറി മാറി നോക്കുന്ന ഭര്‍ത്താവ്. പാദം വലുതായതറിയാതെ സോഫയ്ക്കു താഴെ വളര്‍ത്തുപട്ടി. പാദങ്ങള്‍ വലുതായിക്കൊണ്ടേയിരിക്കുകയാണെന്നും ലിഫ്റ്റില്‍ ഒരേ സമയം രണ്ടുമൂന്നാളില്‍ കൂടുതല്‍ കയറാനാകാതെ നഗരങ്ങളിലെ ഫ്‌ളാറ്റുകളിലും ആശുപത്രികളിലും കശപിശ നടക്കുകയാണെന്നും ഒതുക്കുകളിറങ്ങവേ വീണു മരിച്ചവരുടെ എണ്ണം കൂടിക്കൊണ്ടിരിയ്ക്കുകയാണെന്നും ഡ്രൈവിംഗ് സീറ്റിലിരുന്നു വാഹനം നിയന്ത്രിക്കാനാകാതെ അപകടങ്ങള്‍ നൂറുകണക്കിനാണെന്നും വാര്‍ത്ത. ലോകത്തിന്റെ മറ്റു ചില കോണുകളില്‍ ഇതിലും ഭീകരമായ അവസ്ഥയാണെന്ന് ഒരു റിപ്പോര്‍ട്ടര്‍... ഭര്‍ത്താവിനെയോ മക്കളെയോ ഒന്നു കെട്ടിപ്പിടിച്ചു സാന്ത്വനിപ്പിക്കാനോ സങ്കടം പങ്കുവെയ്ക്കാനോ പോലുമാകാത്ത അവസ്ഥയിലാണെന്ന് ഗള്‍ഫില്‍ നിന്നൊരു തടിച്ചി മലയാളി വീട്ടമ്മ. അവരുടെ എട്ടുവയസ്സുകാരന്‍ തടിയന്‍ കുട്ടി രണ്ടുമൂന്നുവാര അകലെ നിന്ന് തേങ്ങുകയാണ്. ക്യാമറ താഴ്ത്തിയപ്പോള്‍.. എന്റെ ദൈവമേ!! വലിയ പരന്ന കാലുകള്‍... അമ്മയോടു ചേര്‍ന്ന് മകന്റെ. അതിനോടു ചേര്‍ന്ന് അച്ഛന്റെ, മകളുടെ.. മനുഷ്യരോടടുക്കാൻ കഴിയാതെ മനുഷ്യർ!

വേച്ചു വേച്ചു കിടപ്പുമുറിയിലെത്തി. തൊട്ടിലില്‍ കിടന്നു ഞരങ്ങുന്ന ആറുമാസക്കാരിയുടെ ഭീമാകാരങ്ങളായ പാദങ്ങള്‍ കണ്ടപ്പോള്‍ സങ്കടം കൊണ്ടുറക്കെ കരഞ്ഞുപോയി.

അവളുടെ കരച്ചിലടക്കാനായി ജനലിന്നടുത്തേയ്ക്കു നീങ്ങിയപ്പോഴാണ് തെരുവിലിരുന്നു പാടുന്ന ഭ്രാന്തനെക്കണ്ടത്. അയാളുടെ കാലുകള്‍ ചെറുതാണ്! അതുവഴി നടന്നു നീങ്ങിയ തീര്‍ത്ഥാടകന്‍ സ്വാമിയുടെയും പൂക്കാരിയുടെ ഒക്കത്തുനിന്നിറങ്ങി റോഡിലോടുന്ന ചെരുപ്പിടാത്ത, ഷെഡ്ഡിയേ ഇടാറില്ലാത്ത കറുത്ത കുട്ടിയുടെയും കാലുകൾ വളര്‍ന്നിട്ടില്ല! തോട്ടക്കാരന്റെ പാദത്തിനടിയില്‍ പെട്ട് നാമ്പുകിളിര്‍ത്ത വിത്തുകള്‍ ഞെരിഞ്ഞു. പാദം വളരാത്ത പക്ഷികളും തെരുവുനായ്ക്കളും ഒന്നുമറിയാതെ ഉത്സാഹത്തോടെയിരിക്കുന്നു!

സ്വപ്‌നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത് വേസ്റ്റുവണ്ടിക്കാരന്റെ നീട്ടിയുളള ഹോണടി കേട്ടാണ്. വൈകിയിരിക്കുന്നു. ഇന്നു വേസ്റ്റിടാഞ്ഞാല്‍ പിന്നെയിനി നാലാംപക്കമേ വരൂ. ചാടിയെഴുന്നേറ്റ് ഓടി അടുക്കളയിലെ സിങ്കിനു താഴെനിന്ന് ചവറ്റുകുട്ടയെടുത്ത് വാതിലിനടുത്തെത്തിയപ്പോഴേയ്ക്കും കാത്തുനിന്നു മടുത്ത ഓട്ടോ മുരണ്ടുകൊണ്ടു കടന്നുപോയി. വാതില്‍ തുറന്ന് ധൃതിയില്‍ പടവിറങ്ങുമ്പോൾ പെട്ടെന്നോർമ്മിച്ച് പാദങ്ങൾ നോക്കി. കാലിടറിയപ്പോൾ വേസ്റ്റുകുട്ട കയ്യില്‍ നിന്നും വഴുതി നിലത്തു വീണു ചിതറി പടവിലൂടെ താഴേയ്ക്കുരുണ്ടു. താഴത്തെ നിലയിലെ ഗേറ്റു വരെയെത്തിയ കുട്ടയില്‍ നിന്ന് ഒന്നൊഴിയാതെ എല്ലാം പുറത്തു വീണു.

നാശം. രാവിലത്തെ വൃത്തികെട്ട സ്വപ്‌നവും സുപ്രഭാതത്തില്‍ മാലിന്യം ചിതറിവീണ പടികളും.. ഉറക്കച്ചടവുമാറി നിരാശയും കോപവും നിറഞ്ഞു. വെള്ളി, ശനി, ഞായര്‍ മൂന്നു ദിവസത്തെ ത്യാജ്യമുണ്ട്. കുനിഞ്ഞ് ഓരോന്നായി പെറുക്കണം. വേറെന്തു ചെയ്യാന്‍?

ഇന്നലെ രാത്രി മോള്‍ക്കുവാങ്ങിയ ഇക്കോ ഫ്രണ്ട്‌ലി മരക്കളിപ്പാട്ടത്തിന്റെ കവര്‍, അതിൽ സ്റ്റാപ്ലർ ചെയ്ത പേരും വിലയും എഴുതിയ ചട്ട, ഏട്ടന്റെ പുതിയ സോക്‌സിന്റെ കവര്‍, കുഞ്ഞിന്റെ നാലു രാവുകളുടെയും മൂന്നു പകലുകളുടെയും മൂത്രഘനമുള്ള, അപ്പി പറ്റിയ ഡയപ്പറുകൾ, ഞായറാഴ്ച ഉച്ചയ്ക്ക് അടുത്ത ഹോട്ടലില്‍ നിന്ന് ഹോംഡെലിവറി ചെയ്തു വരുത്തിച്ച രണ്ടു നോര്‍ത്തിന്ത്യന്‍ ഥാലിയുടെ കവറുകള്‍.. ബാക്കി വന്ന കറികള്‍ അഴുകി നാറുന്നു. സര്‍ഫ് എക്‌സലിന്റെ, ബിസ്‌കറ്റിന്റെ, സ്റ്റേഫ്രീയുടെ കവറുകള്‍. സ്റ്റേഫ്രീയുടെ കവറിനകത്ത് രണ്ടുമൂന്നു ചുരുട്ടിയ പാഡുകള്‍, പേപ്പറിന്റെ കൂടെ വന്ന കുഞ്ഞുകുഞ്ഞു പരസ്യ പാംലെറ്റുകള്‍- കളറുള്ളവ, വാക്‌സ് കോട്ടിങ്ങുള്ളവ... ഗ്രേറ്റഡ് കോക്കനട്ടിന്റെ തെര്‍മോഫോം ഡിഷ്, ഇംപോര്‍ട്ടഡ് കിവി വാങ്ങിയ പ്ലാസ്റ്റിക് ട്രേ, മുട്ടത്തോടുകള്‍, സവോളത്തൊലി, വറുത്ത സേമിയയുടെ പ്ലാസ്റ്റിക് കവര്‍, മില്‍മാക്കവര്‍, സെറിലാക്കിന്റെ പ്ലാസ്റ്റിക് കോട്ടഡ് പേപ്പര്‍ ചട്ടക്കൂടും  ഉള്ളിലെ ലോഹത്തകിടിന്റെ പൊതിയും, ശനിയാഴ്ച രാത്രി സൊമാറ്റോ കൊണ്ടുത്തന്ന പൊറോട്ട പൊതിഞ്ഞു വന്ന അലുമിനിയം ഫോയില്‍, നാറുന്ന യൂസ് ആന്‍ഡ് ത്രോ പ്ലാസ്റ്റിക് കറിപ്പാത്രം, ബ്രൂസാഷെ, ഷാംപൂ കവര്‍, ഗോദ്‌റെജിന്റെ ഹെയര്‍ കളര്‍ കവര്‍, ബില്ലുകള്‍, പുതിയ ഷര്‍ട്ടില്‍ നിന്നൂരിയെടുത്ത മൊട്ടുസൂചികള്‍, കോളറിനുള്ളിലെ പ്ലാസ്റ്റിക് നാടകള്‍, ബ്രൗണ്‍ പേപ്പര്‍, പൂമാല, പഴത്തൊലി, ചന്ദനത്തിരിയുടെ പ്ലാസ്റ്റിക് പൊതിഞ്ഞ പേപ്പര്‍ പെട്ടിയും ഉള്ളിലെ കാഡ്‌ബോഡു സിലിണ്ടറും അതിനുള്ളിലെ കാറ്റൂതി വീര്‍പ്പിച്ചു പൊട്ടിച്ച നീളന്‍ പ്ലാസ്റ്റിക് കവറും.. വെള്ളിയാഴ്ച വൈകുന്നേരം കീറിയെറിഞ്ഞ ഒരു കെട്ട് എഫോര്‍ ഷീറ്റുകള്‍, അരിമാവിന്റെ കവര്‍, പാല്‍ക്കവര്‍, പുതിയ ഫോണിന്റെ പെട്ടി, കവര്‍, ബ്രോഷര്‍, റീസൈക്കിള്‍ഡ് പേപ്പര്‍ ട്രേ, മുടി, നഖം, കീറിയ ഷെഡ്ഡി, ദീപാവലി മധുരങ്ങൾ ഫ്രിഡ്ജിലിരുന്നുണ ങ്ങിപ്പോയത്, ഇനിയുമെന്തൊക്കെ..

ആറുമാസം പ്രായമുള്ളൊരു മനുഷ്യശിശു പുറന്തള്ളുന്ന ഡയപ്പര്‍, പ്ലാസ്റ്റിക്, പേപ്പര്‍, ലോഹ മാലിന്യങ്ങള്‍ മാത്രമെടുത്താല്‍ ഒരു വീപ്പ നിറയും. അങ്ങനെ ഓരോരുത്തര്‍ക്കും അവരവരുടെ പങ്കുണ്ട്. കാര്‍ബണ്‍ ഫൂട് പ്രിന്റെന്ന് അദൃശ്യവത്കരിച്ചാല്‍ ആര്‍ക്കും ഒന്നിനും ഒരു ചേതവുമില്ല. അതിനുപകരം സ്വന്തം പാദങ്ങള്‍ വലുതായാലോ? വലുതായ മനുഷ്യപാദങ്ങള്‍ക്കു കീഴെ ഞെരിഞ്ഞമരുന്ന ഭൂമി, വിത്തുകള്‍, നാമ്പുകള്‍, മാമരങ്ങള്‍, പക്ഷികളുടെയും പാമ്പുകളുടെയും മുട്ടകള്‍... വളര്‍ന്ന പാദങ്ങളാല്‍ പരസ്പരം അകറ്റി നിര്‍ത്തപ്പെട്ട മനുഷ്യര്‍.. ഓരോരുത്തരും ആരോഹണം അസാദ്ധ്യമായ പര്‍വ്വതങ്ങളായി മാറുന്നു. എന്നിട്ടും എണ്ണം പെരുകിപ്പെരുകി..
ചത്തു കുഴിച്ചിട്ടാല്‍ പോലും ഭൂമിയ്ക്കും വായുവിനും വെള്ളത്തിനും താങ്ങാവുന്നതിലുമപ്പുറം വളര്‍ന്ന ശരീരത്തിനുടമകള്‍..

*    *      *      *      *      *      *

എനിയ്ക്കും യാത്ര ചെയ്യണം, പുസ്തകം വായിയ്ക്കണം, മനുഷ്യർക്കനുഭവിയ്ക്കാനാകുന്നസൗകര്യങ്ങളനുഭവിയ്ക്കണം, വിമാനത്തിലും കപ്പലിലും സൈക്കിളിലും ചുറ്റണം. പക്ഷേ മിതമായി. വേദനിപ്പിയ്ക്കാതെ. അഥവാ, കഴിയുന്നത്ര കുറവു മാത്രം വേദനിപ്പിച്ച്.

മുപ്പതു മിനിറ്റ് ചെലവാക്കി നാല്പതു ദോശയ്ക്കുള്ള മാവ് ഒന്നിച്ചരച്ച് ഫ്രിഡ്ജിൽ വെയ്ക്കാൻ ഞാനൊരുക്കമാണ്. വല്ലപ്പോഴും കടയിൽ നിന്നു വാങ്ങിയ ഭക്ഷണം രുചിയ്ക്കണമെങ്കിലും 'എന്റമ്മേടെ കൈപ്പുണ്യം' എന്ന് മോൾ അഭിമാനത്തോടെ ഓർക്കുക മാത്രമല്ല; മിതോപയോഗത്തിന്റെ പൈതൃക പാഠങ്ങൾ (ഇതിന്റെ സ്ത്രീലിംഗ പദം മാതൃകം എന്നതുപയോഗിച്ചാൽ ഭാഷയ്ക്കു മൂക്കു ചൊറിയുമോ!) അവൾക്ക് അവളുടെ മക്കൾക്കും അവരുടെ മക്കൾക്കും പകർന്നു നൽകാനും കൂടിയാണ്. കുറ്റബോധമില്ലാതെ മരിയ്ക്കാൻ.

2019 നവംബർ 16, ശനിയാഴ്‌ച

വിദ്യാഭ്യാസമെന്തിന്?

ഔപചാരിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്താണ്?

സുഖിച്ച് കയ്യാനുള്ള വകകള്‍ മന്‌സന്മാര്‍ക്ക് തിന്നാനും കുടിക്കാനും പടച്ചോന്‍ ഇണ്ടാക്കി വെച്ചിക്ക്ണല്ലോ. സുഖിച്ചങ്ങട് ജീവിച്ചാപ്പോരേ? ദെത്ത്ക്കാണ് സ്‌കൂളിപ്പോണതും പരീച്ചെയ്തി പാസാക്ണതും!

വായുളള കുഞ്ഞിന് ഭക്ഷണോം കിട്ടില്ലേ? പിന്നെന്ത് കുന്തത്തിനാണ് ഈ എഴുത്തും വായനേം നശിച്ച പരീക്ഷേം?

തണുപ്പിലും മഴയിലും വെയിലത്തും രോഗാവസ്ഥയിലും വിശപ്പിലും കെടക്കപ്പായില്‍ നിന്നെഴുന്നേറ്റ് പല്ലുതേക്കേണ്ടതിന്റെ നിരാശയിലുമൊക്കെ സ്‌ക്കൂളിലും കോളേജീലുമൊക്കെ പോണ ചുള്ളന്മാര്‍ക്കും ചുളളത്തികള്‍ക്കുമൊക്കെ സ്ഥിരം തോന്നുന്ന സംശയവും ചിന്താക്കുഴപ്പവുമാണിത്. എന്നിട്ടവര് വിദ്യാഭ്യാസത്തെ, സമ്പ്രദായത്തെ പിരാകും. അപ്പോള്‍ കൊടുക്കേണ്ട ഉത്തരമാണ് (ഉത്തരമല്ല- ചിന്തയാണ്) ഇത്.

യൂറോപ്യന്‍ മട്ടിലുള്ള ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായം റൊട്ടി സമ്പാദിക്കാന്‍ (റോട്ടീ കമാനേ കേലിയേ, to earn daily bread)അഥവാ റേഷനരി മേടിക്കാനുള്ളതാണെന്നു പുച്ഛത്തോടെ പറയുകയും വ്യവസ്ഥിതിയില്‍ മാറ്റമൊന്നും വരുത്താതെ തെളിച്ച വഴിയില്‍ മാത്രം മേഞ്ഞ് അതിന്റെ ഗുണദോഷങ്ങളനുഭവിക്കുകയും ചെയ്യുന്നവരാണ് നമ്മള്‍.

ശരിക്കും എന്തിനാണ് വിദ്യാഭ്യാസം? കുടുകുടാ ചിരിയ്ക്കുന്ന 8 മാസം പ്രായമുള്ള കുട്ടിയെ കണ്ടിട്ടില്ലേ? നീന്തും. മുട്ടിലിഴയും. ഇരിയ്ക്കും. പിന്നെ പതിയെ പിടിച്ചു നില്‍ക്കണം, പിടിച്ചു നടക്കണം. പിന്നെ പിടിയ്ക്കാതെ നടക്കണം. ഓടണം, ചാടണം. ഇല്ലെങ്കില്‍ വേണ്ടപ്പെട്ടവരുടെ ചിരി പതിയെ മായും. കുറച്ചുകൂടെ മുതിര്‍ന്ന് തന്റെ പരിമിതികളെക്കുറിച്ച് ബോധമുണ്ടാകുമ്പോള്‍ കുട്ടിയുടെ ചിരിയും മായും. മൊത്തം ശോകം.

ഏന്തി വലിയാതെ നീന്താനോ, മുട്ടുരയാതെ മുട്ടുകുത്തി നടക്കാനോ, വീഴാതെ നടക്കാനോ പഠിച്ചിട്ടില്ല ആരും. കഷ്ടപ്പെടുന്നത് ചിരി നിലനിര്‍ത്താനാണ്.

നടക്കല്‍ ശരീരത്തിന്റെ അടിസ്ഥാനപരമായ ആവശ്യമായതിനാല്‍ അതിനുള്ള ത്വരയും വഴിയും ഓരോ കുഞ്ഞിലും പ്രകൃതി സെറ്റു ചെയ്തു വെച്ചിട്ടുണ്ട്. ജൈവിക നിലനില്‍പിന്റെ പ്രശ്‌നമായതിനാല്‍ എത്ര വീണാലും ഒരുനാള്‍ നടക്കും. ജീവസന്ധാരണത്തിനുള്ള കായികക്ഷമത നേടിയാല്‍ പിന്നെ മനുഷ്യര്‍ക്കു മാത്രമുള്ള പ്രത്യേക ത്വരയാണ് അറിവു സമ്പാദനം. അതു നമ്മുടെ ബുദ്ധിവികാസത്തിന്റെ ആവശ്യമാണ്.

എട്ടോ പത്തോ വയസ്സുള്ള കുട്ടി ആരോഗ്യം, ഭക്ഷണം, കുളി, ഉറക്കം എന്നിവയുണ്ടെങ്കില്‍ ചിരിയ്ക്കും. എന്നാല്‍ ബുദ്ധിപരമായി കൂടെയുള്ളവര്‍ക്കൊപ്പമെത്താന്‍ കഴിയാതെ വലുതായാല്‍ ചിന്താശേഷിയുള്ളതിനാല്‍ പ്രായംകൂടുന്തോറും അവളുടെ ചിരി മായും. മ്ലാനമായ ഏകാന്തതയിലമരും. അറിവില്ലായ്മ അപരർ മുതലെടുക്കും. വഞ്ചിക്കപ്പെടും. കായികക്ഷമത മാത്രമല്ല ബുദ്ധിക്ഷമത കൂടിയാണ് ധനസമ്പാദനവും വിനോദവും ഇണസമ്പാദനവും എല്ലാം നല്‍കുന്നത്.

ഓട്ടമത്സരത്തിലാണെങ്കിലും പരീക്ഷയിലാണെങ്കിലും പിന്തള്ളപ്പെടുന്നവര്‍ക്ക് എപ്പോഴും കരച്ചില്‍ വരാറുണ്ട്. നിരാശയുടെ പ്രക്ഷുബ്ദത പുറത്തു കാണിക്കരുതെന്നു പക്വത വന്നാലും ഇരുപത്തഞ്ചു വയസ്സിലും നാല്പത്തഞ്ചു വയസ്സിലും എൺപത്തഞ്ചു വയസ്സിലും മനസ്സു കരയും. സ്‌പോട്‌സ്മാന്‍ സ്പിരിറ്റെന്നു ചിരിച്ചു ഷേക്ഹാന്‍ഡു കൊടുത്താലും മനസ്സു പിടയും. അതിപ്പോ ചന്തയിലെ പിള്ളേരായാലും ഇന്‍ഫോസിസിലെ എഞ്ചിനീയര്‍മാരായാലും നാസയിലെ ശാസ്ത്രജ്ഞന്മാരായാലും പിടയും. അപ്പോള്‍, അറിവു നേടാനും റേഷനരിക്കും മാത്രമല്ല മറ്റുള്ളവരെല്ലാം പഠിയ്ക്കുന്നതുകൊണ്ടും കൂടിയാണ് നമ്മള്‍ സ്‌കൂളില്‍ പോണതും പരീക്ഷയെഴുതുന്നതും വെളുപ്പിനെണീറ്റു പല്ലുതേയ്ക്കുന്നതും.

ജീവിതമേ മത്സരം. മറ്റുള്ളവരോടും അവരവരോടും തന്നെയുള്ള മത്സരം.

ജുദ്ധമാണ്. ജുദ്ധം.

2019 നവംബർ 10, ഞായറാഴ്‌ച

ഫൈബർ ദോശ

ഫൈബറിന്റെ ദോശ!!

ഫൈബറിന്റെ ഗ്ലാസ്സ്, പ്ലേറ്റ്, കസേര, മേശ, കോട്ട്, കുന്തം, കൊടച്ചക്രം.. ദാ ഇപ്പോ ഫൈബറിന്റ ദോശേം. അതെന്തായാലും ഈ ദോശ തിന്നോരൊന്നും വന്‍കുടല്‍ ക്യാന്‍സര്‍ വന്ന് മരിക്കില്ല. ഇനി അഥവാ കാന്‍സര്‍ വന്നാലും മരിക്കില്ല. ഉം.. ഉം. മരിച്ചാലും കാന്‍സര്‍ വരില്ല. ഈ ദോശയില്‍ തലങ്ങും വിലങ്ങും കുത്തിനിറച്ച ഫൈബറിനെയോര്‍ത്ത് സന്തോഷംകൊണ്ട് നമ്മടെ കൊടല്മാല നിറകണ്ണുകളോടെ നമക്ക് പുഷ്പഹാരം ചാര്‍ത്തും. ഇത്രം നാളും തിന്ന നാടപോലിരിക്കുന്ന നൂഡില്‍സും നൂലുപോലിരിക്കുന്ന ഇടിയപ്പവും ഉലക്ക പോലിരിക്കുന്ന പുട്ടും മുട്ടേം മട്ടണും ഒന്നും ഒന്നും ഒരും ഫൈബറും കൊണ്ടന്നില്ലാന്ന് നമ്മുടെ കൊടല് മാലയ്ക്കറിയാം.

അങ്ങനെ നിരാശാഭരിതവും നാശോന്മുഖവുമായിരിക്കുന്ന നിങ്ങടെ കൊടല് മാലയിലേക്കാണ് ഫൈബറിന്റെ കന്നിമഴപോലെ, ഫൈബറിന്റെ ഓഗസ്റ്റ് മഴപോലെ, ഫൈബറിന്റെ വെള്ളപ്പൊക്കം പോലെ ഈ ദോശ കടന്നു ചെല്ലുക. ഈ വെള്ളപ്പൊക്കത്തില്‍ തൂത്തുവാരാനുള്ളത് നിങ്ങള് ബീന്‍സിനൊപ്പം അരിഞ്ഞ് മെഴുക്കുപെരട്ടിയാക്കിത്തിന്ന ആ സ്ത്രീയുടെ മുടീം, ആറാംക്ലാസ്സിലെ കണക്കുപരീക്ഷയ്ക്ക് കടിച്ചുതിന്ന നഖവും നിലത്തിഴഞ്ഞു നടക്കുമ്പോ തിന്ന സ്‌ക്രൂഡ്രൈവറും വരെയാണ്! (കൂടിപ്പോയി! സ്‌ക്രൂ മതി..സ്‌ക്രൂമതി. ഡ്രൈവറെ കുടിശ്ശിക തീര്‍ത്ത് പിരിച്ചു വിട്ടോളൂ) ഒക്കെപ്പോയി ഡൊമെക്‌സിട്ടു കഴുകിയപോലെ ക്ലീനാകും നിങ്ങടെ കൊടലുമാല.

ഭയങ്കര ആരോഗ്യം കിട്ടും. സത്യം. അതിഭയങ്കര ആരോഗ്യം. വാചകം നിര്‍ത്തി പാചകം തുടങ്ങാം.

ആവശ്യള്ള സാമാനങ്ങള്‍

* ണ്ണിത്തണ്ട് (ഉണ്ണിത്തണ്ട്, ഇണ്ണിത്തണ്ട്, ഉണ്ണിപ്പിണ്ടി, വാഴപ്പിണ്ടി എന്നൊക്കെ പേരുണ്ട്. പച്ചമലയാളത്തില്‍ ട്യൂബ് ലൈറ്റെന്നും പറയും)
* പച്ചരി
* നാള്യേരം (ഒപ്ഷണൽ )
* ഉപ്പ്
* വെള്ളം
* ശുഭാപ്തി വിശ്വാസം ( നിർബന്ധം)

ണ്ടാക്ക്ണ വിധം

ദുശ്ശാസനനെ മനസ്സിൽ ധ്യാനിച്ച് ണ്ണിത്തണ്ടിന്റെ ഉടുപ്പൂരിയൂരിയെറിഞ്ഞ് അവളുടെ യഥാർത്ഥ അസ്തിത്വത്തിലേയ്ക്കു കൊണ്ടുവരിക. മെലിഞ്ഞതെങ്കിലും ഉറച്ചതും മിനുത്തതുമായ ആ പേഴ്സണാലിറ്റി കണ്ട് പിന്തിരിയാതെ അരിഞ്ഞ് മിക്‌സിയുടെ ജാറിലേക്കിടുക. അതിനുമുകളില്‍ രണ്ടുമണിക്കൂര്‍ കുതിര്‍ത്ത പച്ചരിയിട്ട് അരയ്ക്കുക. താഴെയുള്ള ണ്ണിത്തണ്ട് അരഞ്ഞുണ്ടാകുന്ന നീര് മതിയാകും സാധാരണ അരി അരയാൻ. ന്നാലും ലേശം ദാഹനീരു പ്രദാനം ചെയ്ത് മിക്സിയെ സാന്ത്വനിപ്പിയ്ക്കൂ. എന്നിട്ടുമാ കുണ്ടാമണ്ടി ഓഫായിപ്പോയാൽ എന്നെപ്പോലെ അന്തിച്ചു നിൽക്കാതെ പതിയെ കയ്യിട്ട് ബ്ലേഡിൽ കുടുങ്ങിയ ഫൈബർ തൊപ്പി ഊരിയെടുത്തു കളയണം.  (ധീരന്മാർ മിക്സി ഓഫാക്കിയിട്ടേ കയ്യിടാറുള്ളൂ)

കുടലിനു ദിവ്യസ്പർശത്താൽ സ്മൂത്ത് റണ്ണിങ് കൊടുക്കുമെങ്കിലും ഫൈബറിന് മിക്സിയുടെ കറക്കത്തിനോടൊരു ഇരട്ടത്താപ്പ് നയമാണ്. ബ്ലേഡിന്റെ തുമ്പു വളഞ്ഞതാണെങ്കിൽ നാരുകൾ സ്വരൂപിച്ച് ഘർഷണം കൂട്ടുകയും മോട്ടറിനിട്ട് പണിയുകയും ചെയ്യുന്നതാണ്. വിഷമിയ്ക്കേണ്ട. ശുഭാപ്തി വിശ്വാസം നമ്മെ മുന്നോട്ടു നയിയ്ക്കും. 

നന്നായി അരഞ്ഞില്ലേ? മാവിൽ ഉപ്പിട്ടോളൂ. ലേശം വെള്ളം. ഒന്നിച്ചൊഴിയ്ക്കണ്ട. ഒന്നാം ദോശ ചുട്ടു നോക്കീട്ട് ഒഴിച്ചാമതി. പുളിപ്പിയ്ക്കാതെ അപ്പത്തന്നെ ഉണ്ടാക്കണം. ചൂടായ കല്ലില്‍ പാര്‍ന്ന് പരത്തി മൂടിവെച്ച് തുറക്കുമ്പോ മുകളിലൊരു വെള്ളനിറം കാണാമെങ്കില്‍ വെള്ളം കുറവാണെന്നാണര്‍ത്ഥമെന്നറിയാമോ? അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ചട്ണി, അച്ചാര്‍, ചമ്മന്തിപ്പൊടി, സാമ്പാര്‍, പച്ചക്കറി, മുട്ട, മീന്, ഇറച്ചിക്കറികള്‍ എന്നുവേണ്ട എന്തു കൂട്ടീം തിന്നാമ്പറ്റ്ണ ഫൈബറ് ദോശ ഇതാ റെഡി.

ശ്ശ്... അതേയ്, ആ ഫോട്ടോല് കാണ് ണ പോലെ ഇത്തവണ ഉണ്ണിത്തണ്ട് കുറവും അരി കൂടുതലുമായതിനാൽ ഞാൻ നാളികേരമിട്ട് അഡ്ജസ്റ്റു ചെയ്തതാണ്. നല്ല സ്വാദായിരുന്നെന്നു പ്രത്യേകം എടുത്തു പറയുന്നില്ല കൊതിച്ചികളേ, കൊതിയൻമാരേ. ഉണ്ണിത്തണ്ടു കൂടുതലിട്ടാൽ ശരിക്കും ഫൈബർ കൊണ്ട് 'ഫീലിങ് ഫിൽ' തോന്നിയ്ക്കുന്ന ഘടാഘടിയൻ ലോ കലോറി ദോശ വയറു നിറയെ തിന്നാം. കുറ്റബോധമില്ലാതെ.

2019 നവംബർ 6, ബുധനാഴ്‌ച

#അമ്മപ്പാഠം

"മ്മിണി... Abuse എന്ന വാക്കിന്റെ അര്‍ഥമറിയാമോ?''

"ഇല്ലമ്മാ, എന്താ?"

"ശക്തിയും വിവരവും കൂടിയവര്‍ അതൊക്കെ കുറഞ്ഞവരെ വേദനിപ്പിയ്ക്കുന്നതിനും കഷ്ടപ്പെടുത്തുന്നതിനുമാണ് Abuse എന്നു പറയുന്നത്. ചിലപ്പോള്‍ അപകടപ്പെടുത്തുകയും ചെയ്യും."

''ആര്? ആരെ?"

"ശക്തി കൂടിയവർ. ശക്തി കുറഞ്ഞവരെ. സാധാരണ സ്ത്രീകളും കുട്ടികളുമല്ലേ ശക്തികുറഞ്ഞവര്‍? വല്യ ആള്‍ക്കാര്‍ കുട്ടികളെ ഉപദ്രവിക്കുന്നത്.."

''എങ്ങനെ?!"

"അടിയ്ക്കുക, തള്ളിയിടുക, പേടിപ്പിച്ച് ഓരോന്നു ചെയ്യിക്കുക എന്നതൊക്കെ.."

''Punishment?"

''അല്ല. അധികാരമുപയോഗിച്ച്.. ചിലർ രസത്തിന് വെറുതേം ചെയ്യും.. ചില ദുഷ്ടർ. വേറൊരു തരം abuse ഉം ഉണ്ട്. ഈ 'bad touch' ഒക്കെ. അതും ഒരു abuse ആണ് ട്ടോ."

''ആ വിഡിയോയിലെ ചൂടായ അങ്കിൾ? അയാളെന്താ ചെയ്‌തേ?"

''ആ പെണ്‍കുട്ടിയ്ക്ക് പ്രാന്താണെന്നു പറഞ്ഞില്ലേ? പണ്ട് അയാള്‍ ആ കുട്ടിയെ കുളിമുറിയില്‍ വെച്ച് abuse ചെയ്തൂന്ന്. കരഞ്ഞാല്‍, കുതറിയാല്‍ പുറത്തറിയാതിരിയ്ക്കാന്‍ പൈപ്പു തുറന്നിടുമെന്ന്.. ശബ്ദം കേള്‍ക്കാതിരിക്കാന്‍."

"അതെന്താ പിന്നെ, ചോക്ലേറ്റ് കൊണ്ടുവന്നോ എന്ന് ആ ചേച്ചി ചോദിച്ചത്?"

"ആ.. അങ്ങനെ ചോക്ലേറ്റും മൊബൈലും വീഡിയോ ഗേമും ഒക്കെ കാട്ടിയാണ് ഇത്തരക്കാര്‍ കുഞ്ഞുങ്ങളെ ആകര്‍ഷിക്കുന്നത്. മൊബൈലില് ഫോട്ടോ നോക്കി ഓരോരുത്തരുടെ മടീക്കേറി ഇരിക്കുമ്പോ ശ്രദ്ധിക്കണം.. ട്ടോ.  ആ ചേച്ചി പറയ്ണത് കേട്ടില്ലേ?"

"എന്താമ്മാ?"

"വീടിനു പുറത്ത് അപകടമുണ്ട്, സൂക്ഷിക്കണമെന്നു പഠിപ്പിച്ചപ്പോള്‍ ഒരൊറ്റത്തവണയും വീട്ടിനകത്തും അപകടമുണ്ടാകാമെന്ന് ആരും പറഞ്ഞില്ലല്ലോ എന്ന്. അപകടം strangers ല്‍ നിന്നും മാത്രമല്ല; നമ്മടെ ഫ്രണ്ട്‌സില്‍ നിന്നും അടുത്ത റിലേറ്റീവ്‌സില്‍ നിന്നും ഒക്കെ ഉണ്ടാവാം."

''അതാരാണമ്മാ നമ്മക്ക് അത്തരം റിലേറ്റീവ്‌സ്?!!"

"നോക്കൂ അമ്മിണീ അങ്ങനെ ഏതെങ്കിലും ഒരാളെന്നല്ല; അത് ആരുമാകാം. കണ്ടാല്‍ രാക്ഷസനെപ്പോലിരിക്കുമെന്നു കരുതരുത്. ചിലപ്പോള്‍ പരിചയക്കാരാകാം. ബലം പ്രയോഗിക്കുന്നെന്നു തോന്നിയാല്‍ അമ്മയോടോ അതല്ല അവിടെ ആരാണുള്ളതെന്നു വെച്ചാല്‍ അവരോടോ പെട്ടെന്നു പറയണം. ആരുമില്ലെങ്കില്‍ ഉറക്കെ ഒച്ചവെയ്ക്കണം കുതറിയോടണം."

''ബാഡ് ടച്ച് എന്നു വെച്ചാ ഇത്ര കുഴപ്പമാണോ? ഇന്നാള് സച്ചിന്റെ ഡെ്‌സ്‌കിനു താഴെ പെന്‍സില്‍ വീണതെടുക്കാന്‍ ചെന്നപ്പോ ആവനെന്റെ ബാക്കില് ങ്ങനെ ബാഡ്ടച്ച് ചെയ്തു. ഞാന്‍ ടീച്ചറോടു പറഞ്ഞിട്ട് ടീച്ചറ് ശ്രദ്ധിച്ചില്ല."

''ഓ! എന്റെ കുട്ടാപ്പീ, നിന്റെ ക്ലാസ്സിലെ കുട്ടിയല്ലേ? അവരൊക്കെ ചെറിയ കുട്ടികളല്ലേ? അത് അറിയാണ്ട് കൊണ്ടതാവും. പിറ്റി പീരീഡിലും വാനില്‍ കേറുമ്പോഴുമൊക്കെ അറിയാതെയും തട്ടില്ലേ? നിന്നെക്കാള്‍ മൂത്തവരാണെങ്കില്‍ നല്ലോണം ശ്രദ്ധിച്ചാല്‍ മതി. abuse ആണോ എന്ന്."

"ഞാന്‍ നല്ല പഞ്ച് കൊടുക്കും.."

"മിടുക്കി. ഇതു കേള്‍ക്കൂ.. കേരളത്തിലിന്നാള് രണ്ടു സ്ക്കൂൾ കുട്ട്യോളെ അവരുടെ അങ്കിള്‍മാര് abuse ചെയ്തു കൊന്നു കെട്ടിത്തൂക്കീന്ന്."
.........

"അമ്മാ, അമ്മേനെ ആരെങ്കിലും bad touch ചെയ്തിട്ടുണ്ടോ?"

"......."

''അമ്മയാണെങ്കി bad touch ചെയ്താ നല്ല പഞ്ച് കൊടുക്കും. ല്ലേ അമ്മാ?''

അതിനു ഈ അമ്മയ്ക്ക് കരാട്ടെയൊന്നും അറിയില്ലായിരുന്നു. bad touch എന്നു കേട്ടിട്ടു പോലുമില്ലായിരുന്നു. പക്ഷെ അനുഭവിക്കാന്‍ കിട്ടി. എന്നിട്ട് കരഞ്ഞും പേടിച്ചും മരണത്തെക്കുറിച്ചു ചിന്തിച്ചും കാലം കഴിച്ചു. മാര്‍ക്കൊക്കെ കുറഞ്ഞു. അസുഖക്കാരിയായി. ടെന്‍ഷനായിരുന്നു വല്യേ അസുഖം. 'അതാരാണമ്മാ'ന്ന്
ന്റെ കുട്ടി കണ്ണുമിഴിച്ച് എന്നെ നോക്കി ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞും കൊടുത്തു.

നാലാം ക്ലാസ്സുകാരിയ്ക്ക്, നാലാം ക്ലാസ്സുകാരന് ഇതൊക്കെ എങ്ങനെ പറഞ്ഞു കൊടുക്കുമെന്നു കരുതുന്നവര്‍ക്ക് ഇതൊരു സഹായമാകട്ടെ. വായിച്ചെങ്കിലും കൊടുക്കുക. വീഡിയോ ലിങ്ക് താഴെ.