നാലു വയസ്സുള്ള എന്നെ മേശപ്പുറത്തു കയറ്റി നിർത്തി കാലുകളിലൂടെ മുകളിലേയ്ക്കിഴയുന്ന കയ്യുകൾ... അതാണാദ്യ ഓർമ്മ. ബാല്യത്തിൽ നാലുപേരിൽ നിന്ന് എനിയ്ക്കു ചീത്ത അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാം അച്ഛന്റെ കസിൻസ്. മര്യാദ പഠിപ്പിയ്ക്കാനും വായ്പൊത്തി ഇരുകയ്യും ഞെരിച്ച് നിയന്ത്രിയ്ക്കാനും ത്രാണിയും വീട്ടിൽ അധികാരവുമുണ്ടായിരുന്നവർ. ഒന്നും തുറന്നു പറയുവാനുള്ള അടുപ്പം അച്ഛനമ്മമാരുമായി എനിയ്ക്കില്ലായിരുന്നു. അവരുടെ ലോകത്തേക്ക് പ്രവേശനമില്ലാത്ത അപരിചിതയെപ്പോലെയായിരുന്നു എന്റെ ബാല്യം.
ഓർക്കാൻ ഭയവും വെറുപ്പും തോന്നിയ ഇക്കാര്യമെല്ലാം തീർത്തും എന്റെ കുറ്റമല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞത് പോലും ഇരുപത്തിയാറാം വയസ്സിൽ ഓപ്പറ വിൻഫ്രിയുടെ വാക്കുകൾ കേട്ടാണ്. ടിവി ഷോയിൽ അവർ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞു:
"ഇതു നിങ്ങളുടെ തെറ്റല്ല. നിങ്ങൾ തെറ്റുകാരിയല്ല."
എന്തൊരു വൈരുദ്ധ്യം!! തെറ്റ് ചെയ്തവൻ ആണെന്ന് അഭിമാനം കൊണ്ട് ഞെളിഞ്ഞു നടക്കുമ്പോൾ അവന്റെ വൈകൃതത്തിനോ, ചാപല്യത്തിനോ ബലിയായ കുട്ടി കുറ്റബോധം കൊണ്ട് നീറിനീറി പലവക മാനസിക ക്ലേശങ്ങളിലൂടെയും അഡ്ജസ്റ്റ്മെൻറ് ഡിസോഡറുകളിലൂടെയും കടന്നുപോകുന്നു.
ലക്ഷക്കണക്കിനുള്ള പെണ്ണുങ്ങളേ...
മനോവൈകല്യം കൊണ്ടോ, ക്രൂരത കൊണ്ടോ ഒരുത്തൻ നിങ്ങളുടെ ശരീരത്തോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെങ്കിൽ അതിനെ ശരീരത്തിന്റെ വിശുദ്ധിയുമായി ബന്ധപ്പെടുത്തി ചിന്തിയ്ക്കാതിരിയ്ക്കൂ. മനസ്സിനുണ്ടാകുന്ന അപമാനത്തെ, അപകർഷതയെ അതിജീവിയ്ക്കാൻ പ്രതികരണവും പ്രതികാരവും നിങ്ങളെ സഹായിയ്ക്കും. ഉറക്കെ വിളിച്ചു പറഞ്ഞാൽ നഷ്ടപ്പെടുന്നത് നിങ്ങൾക്കല്ല. കുറ്റവാളിയ്ക്കാണ്. അവളവളോടു നീതി പുലർത്താൻ നിങ്ങൾക്കു കഴിയട്ടെ.
നിങ്ങൾ ഭയന്ന്, നഷ്ടപ്പെട്ടെന്നു കരഞ്ഞ്, കളങ്കമാക്കപ്പെട്ടു എന്ന് കുറ്റബോധം കൊണ്ട നിങ്ങളുടെ ശരീരം... അതിനീ പറഞ്ഞ അശുദ്ധിയും വിശുദ്ധിയും ഒക്കെ ആണിന്റെ, ആൺപക്ഷതലച്ചോറുളള പെണ്ണിന്റെ- പ്രതിഷ്ഠകളാണ്. എങ്ങനത്തെ? സ്ഥലം കൈവിട്ടു പോകുമെന്നോ, അയലോക്കക്കാരൻ കുത്തുപാളയെടുക്കണമെന്നോ കരുതി ഒറ്റരാത്രി കൊണ്ട് മഞ്ഞളും കുങ്കുമവും പൂശി ഭൂമിയിൽ പൊട്ടി മുളച്ചു വരുന്ന ചില ദൈവങ്ങളെപ്പറ്റി അറിയില്ലേ? അതുപോലത്തെ പ്രതിഷ്ഠകൾ. പെണ്ണിനെ കടിഞ്ഞാണിട്ട് നിയന്ത്രിയ്ക്കാനും ഉപയോഗിയ്ക്കുവാനുമായി ഉടലെടുത്ത പിശാചിന്റെ സ്വഭാവമുള്ള ഒരു ദൈവമാണ് ശരീരത്തിന്റെ വിശുദ്ധി എന്ന മിത്ത്. കല്ലെറിഞ്ഞോടിയ്ക്കൂ അതിനെ.
കരഞ്ഞു കരഞ്ഞ് ഞാൻ കഴിച്ചു വിട്ട കൗമാരത്തിലെ ദിനരാത്രങ്ങൾ... കുത്തനെ ഇടിഞ്ഞു പോയ പ്രോഗ്രസ് കാർഡിലെ അക്കങ്ങൾ... അകന്നുപോയ സുഹൃത്തുക്കൾ... കുറ്റബോധം കൊണ്ടറച്ച് ഒരിക്കലും തുറന്നു നോക്കാത്ത സൗഹൃദങ്ങളുടെ വാതിലുകൾ... പ്രണയത്തിന്റെ കിളിവാതിലുകൾ... പൊട്ടിച്ചിരികളുടെ ഇടനാഴികൾ... അനർഹമെന്നു കരുതി വിഷാദത്തോടെ തുടങ്ങിയ വിവാഹ ജീവിതം... ഒന്നുമിനി ഞാൻ സ്വപ്നം കണ്ടതുപോലെ മാറ്റിയെടുക്കാനാവില്ല. സമൂഹത്തിന്റെ കപട സദാചാര മുഖം മൂടി അഴിച്ചു കളഞ്ഞ് എനിയ്ക്കൊന്നു മന:സമാധാനത്തോടെ ഇരിയ്ക്കണം. കരഞ്ഞു കരഞ്ഞു മുഖം വീർത്ത, ഉറക്കവും ആത്മവിശ്വാസവും നഷ്ടപ്പെട്ട, സന്തോഷവും ചിരിയും സ്വപ്നം കണ്ടിരുന്ന കുട്ടിയായ പ്രസന്നയോട് എനിയ്ക്കു മാപ്പു ചോദിയ്ക്കണം.
ഓപ്പറ വിൻഫ്രിയുടെ ഷോ കണ്ടു ആവർത്തിച്ചാവർത്തിച്ചു പറഞ്ഞ് ഞാൻ എന്നെ പഠിപ്പിച്ചു:
''അത് എന്റെ തെറ്റല്ല...
എന്റെ തെറ്റല്ല..." വർഷങ്ങളായി കാർമേഘം മൂടിയ എന്റെ മനസ്സിലേക്ക് ശാന്തമായി വെയിൽ പരന്നു. എന്നെപ്പോലെ ചെയ്യാത്ത തെറ്റിന്റെ ശിക്ഷയനുഭവിച്ച മറ്റനേകം പേർ ഇതേറ്റു പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ, ഈ ഭൂമിയുടെ ഭാരം കുറഞ്ഞു കുറഞ്ഞ് അതൊരു സോപ്പ് കുമിള പോലെ ഭ്രമണപഥത്തിൽ നിന്നുയർന്നു പറന്നു പോയേക്കാം.
അന്നൊന്നും പ്രതികരിക്കാതെ ഇത്രയും വർഷങ്ങൾ കഴിഞ്ഞ് എന്തിനാണിപ്പോൾ?
അവരുടെ ഭാര്യയോടും മക്കളോടും ചെയ്യുന്ന ദ്രോഹമല്ലേ ഇത്?
ഇനി പറഞ്ഞിട്ടെന്തു പ്രയോജനം?
എന്നാൽ നിയമത്തിന്റെ വഴിക്ക് പോയിക്കൂടെ?
ഈ ചോദ്യങ്ങളെല്ലാം ഏറ്റവുമടുത്തവരിൽ നിന്നും ഞാൻ കേട്ടു കഴിഞ്ഞു. ഇനിയുമേറെ കേൾക്കാനിരിക്കുന്നു. ഉത്തരം പറഞ്ഞേയ്ക്കാം.
വേണ്ടത്ര വേദനയും കഷ്ടപ്പാടും ഞാൻ അനുഭവിച്ചു കഴിഞ്ഞു. ഇന്ത്യൻ നിയമ വ്യവസ്ഥയോടുള്ള ബഹുമാനം താഴത്തു വെക്കാതെ പറയട്ടെ; നിയമത്തിന്റെ വഴിക്ക് പോകാൻ എനിക്ക് താത്പര്യവും കളയാൻ ജീവിതവും ബാക്കിയില്ല.
ഇതുകൊണ്ടു ഭാര്യയും മക്കളും വേദനിക്കും എന്നാണെങ്കിൽ, ഈ പറഞ്ഞവർ സ്വന്തം മക്കളോട് ഇതൊന്നും ചെയ്തിട്ടില്ല എന്ന് എനിക്കുറപ്പില്ല.തെറ്റൊന്നും ചെയ്യാതെ കുറെ വേദന ഞാനും സഹിച്ചതാണ്.
ഇത്രയും വർഷം കഴിഞ്ഞ് ഇന്നും കുറ്റബോധത്തിന്റെ കണിക പോലും ഇവരിലില്ല എന്നുമാത്രമല്ല, സദാചാരത്തിന്റെ കാവൽപ്പടയാളികളായി സ്ത്രീകളുടെ നല്ല നടപ്പിനെപ്പറ്റി വീട്ടു നിയമങ്ങൾ ഉണ്ടാക്കാനും അവരെ അടക്കിഭരിച്ച് വ്യക്തിത്വങ്ങളെ കാൽക്കീഴിൽ ഞെരിച്ചു കൊല്ലാനുമുള്ള ആ വ്യഗ്രതയാണ് എഴുതാൻ എനിക്ക് പ്രചോദനം. "ആരോടും എന്തും പ്രവർത്തിയ്ക്കാം - സമൂഹത്തിൽ നിന്ന് അത് മറച്ചു പിടിയ്ക്കണം എന്നു മാത്രം" ഇതാണ് ഇക്കൂട്ടരുടെ തത്വം.
കാട് സിംഹത്തിന്റേതാണെന്നും മാനിനു ജീവൻ വേണമെങ്കിൽ പുറത്തിറങ്ങരുതെന്നുമാണ് സാമൂഹ്യവ്യവസ്ഥ പറയുന്നതെങ്കിൽ ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തീയിട്ടു ചാമ്പലാക്കട്ടെ. ഭരണഘടന കീറിയെറിയട്ടെ. കാട്ടുനീതിയാണ് ഈ നാട്ടുനീതിയെക്കാൾ നീതിപൂർണ്ണം.
അന്ന് പ്രതികരിക്കാത്തതും ശബ്ദമുയർത്താനും ഭയം കൊണ്ടും അജ്ഞതകൊണ്ടു മായിരുന്നു. അന്ന് പ്രതികരിച്ചിരുന്നെങ്കിൽ എന്റെ ശബ്ദം വീടിന്റെ ചുമരുവിട്ടു പുറത്തേക്ക് പോവുകയില്ലായിരുന്നു. എനിക്ക് ഇതൊരു ചെറിയ കാര്യമല്ല. വളരെയധികം പിന്തുണയ്ക്കുന്ന, എന്നെ ജീവിതപങ്കാളിയായി കാണുന്ന ഭർത്താവ് തരുന്ന ധൈര്യം ചില്ലറയല്ല. ഇതൊന്നും ഇനി എന്നെ സ്പർശിക്കാത്ത ഭൂതകാലമാണെന്നൊക്കെ എന്നോടുതന്നെ വീമ്പിളക്കാൻ കൊള്ളാം. മരിക്കുംവരെ അലോസരപ്പെടുത്തുന്ന ബാല്യത്തിന്റെയും കൗമാരത്തിന്റെയും കണ്ണീരിൽ കുതിർന്നു മരിച്ച നിഴലുകൾ ഇരവും പകലും എന്നോട് കൂടെയുണ്ട്. ആഗ്രഹിച്ച ഉപരിപഠനമോ സാമൂഹിക-സാമ്പത്തിക പദവിയോ നേടാൻ പ്രസന്ന എന്ന പരിശ്രമശാലിയായിരുന്ന, പഠനത്തെ ഇഷ്ടപ്പെട്ടിരുന്ന ആ പെൺകുട്ടിക്ക് കഴിഞ്ഞിട്ടില്ലെങ്കിൽ അതിനു കാരണം ഈ വിഷദംശനങ്ങളും മകളെ ഒട്ടും തിരിച്ചറിയുകയോ സംരക്ഷിക്കുകയോ ചെയ്യാത്ത വീട്ടുകാരുമാണ്.
ഇതുവായിച്ച്, കേട്ട് എന്റെ മാതാപിതാക്കൾ വേദനിക്കുമെങ്കിൽ ഓരോ അച്ഛനമ്മമാർക്കും ഇതൊരു പാഠമായിരിക്കട്ടെ.
Prasanna Janardhan