2019 ഡിസംബർ 25, ബുധനാഴ്‌ച

ചെരിപ്പ്

"ദെന്താ ഈ ചെരുപ്പ്? ഡ്രെസ്സിനു ചേര്ണ വേറെ ചെരിപ്പൊന്നൂല്ലേ?"

"ല്ല. വീട്ടിനകത്തിടുന്ന ഹവായിയുണ്ട്. അതാക്കണോ?"

"മാണ്ട. സ്‌കൂളിൽക്കും സിനിമക്കും ബീച്ചിൽക്കും ദേ ചെരിപ്പല്ലേ? സാരിയ്ക്കും ജീന്‍സിനും ചുരിദാര്‍കുര്‍ത്തയ്ക്കും ദേ ചെരിപ്പല്ലേ? ഇദന്നെ മതി."

"അടുത്ത ശമ്പളത്തിന് സാരിയ്ക്കു മാത്രം ചേര്ണ, ജീന്‍സിനു ചേരാത്ത ഒരു ജോഡി കുലീന പാദുകങ്ങള്‍ വാങ്ങണമെന്നാഗ്രഹമുണ്ട്. അതിനടുത്ത ശമ്പളത്തിന് ജീന്‍സിനു മാത്രം ചേര്ണ, എനിയ്ക്കു പോലും ചേരാത്ത ഒരു ജോഡി.."

"കളിയാക്കണ്ട. ഒരു ഡ്രെസ് സെന്‍സൂല്ല. ഫാഷന്‍ തൊട്ട്തീണ്ടീട്ടില്ല. കണ്ണു തൊറന്നൊന്നു ദുനിയാവ് നോക്കിക്കള."

"കണ്ണു തുറന്നു നോക്കൂ. പരപ്പനങ്ങാടിയ്ക്കടുത്ത് കെട്ടുങ്ങൽ അഴിമുഖം ഈയിടെ വൃത്തിയാക്കിയതിനെപ്പറ്റി കേട്ടിരുന്നോ? കെട്ടുങ്ങലില്‍ മൂന്നു ദിവസം കൊണ്ട് 150 ചാക്കിലധികം ചെരിപ്പാണ് മാലിന്യ ശേഖരണത്തിനു മുതല്‍ക്കൂട്ടായത്. മലപ്പുറത്തെ ഉള്‍നാടുകളില്‍ നിന്നും ചെറുപട്ടണങ്ങളില്‍ നിന്നും വരുന്ന തോടുകളും നദികളുമാണ് അഴിമുഖത്ത് ചെരിപ്പു കോട്ട നിര്‍മ്മിച്ചത്. നഗരങ്ങള്‍ പോലുമല്ല."

"മ്മടെ നാട്ടിന്‍പൊറത്തൂന്നോ!"

''വെറും 99 രൂപ, വെറും 149 രൂപ എന്നൊക്കെയെഴുതിയ എത്ര ബോര്‍ഡുകള്‍ കാണാറുണ്ട് കടകള്‍ക്കു മുമ്പില്.. ഇനിയിപ്പോ വില കൂടുതലാണേലും ആള്‍ക്കാരു വാങ്ങും. എല്ലാരും പൈസക്കാരല്ലേ? മിതോപയോഗികളെ പുച്ഛമാണ് സമൂഹത്തിന്. പിശുക്കി, ഫാഷനില്ലാത്തവള്‍ എന്നൊക്കെ നീയും വിളിയ്ക്കില്ലേ?"

"അതൊക്കെ വിളിയ്ക്കും. ജീവിതം ഒന്നല്ലേയുള്ളൂ. അത് ആസ്വദിക്കണ്ടേ?"

''പക്ഷേ, തീ കൊണ്ടാണ് കളി. പരിസ്ഥിതിയെ ഒന്നാകെ കത്തിക്കുന്ന പ്ലാസ്റ്റിക്കിന്റെ, റബ്ബറിന്റെ കാട്ടുതീ. വിഷം കൊണ്ടാണ് കളി. വരാനിരിയ്ക്കുന്ന തലമുറകളുടെ ആരോഗ്യം കശക്കിയെറിയുന്ന വിഷം കൊണ്ട്. പുഴകളും പൂക്കളുമില്ലാത്ത ലോകത്ത് ഭൂമിയ്ക്കടിയിലും മേഘങ്ങളില്‍ പോലും പച്ചവെള്ളം കിട്ടാതെ മനുഷ്യന്‍ നരകിയ്ക്കും.."

"ഓ.. തൊടങ്ങി പരിസ്ഥിതിപുരാണം."

"അതിരിയ്ക്കട്ടെ. അന്ന് നൂറ്റിപ്പതിനൊന്ന് രൂപയ്ക്ക് യ്യ് വാങ്ങ്യ ആ സിനിമാപ്പേരെഴുതിയ ചെരിപ്പെവിടെ?"

"അതന്ന് മ്മള് കനോലിപ്ലോട്ടില്‍ തൂക്കുപാലോം വല്യതേക്കും കാണാമ്പോയപ്പോ പൊട്ടിപ്പോയില്ലേ? കാലൊന്നു പടം മറഞ്ഞതാ. അല്ലെങ്കിലും ട്രെന്‍ഡ് മാറീരുന്നു. നന്നായി. അതവിടെ കാട്ടില് കളഞ്ഞു."

''അതിന്റെ പിറ്റത്തെ ആഴ്ച, ഓഗസ്റ്റു രണ്ടാം വാരല്ലേ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വന്നതും തൂക്കുപാലം ഒലിച്ചു പോയതും? അന്റെ ചെരിപ്പിപ്പോ എവിടെ എത്തിയിരിയ്ക്കുമെന്നാ?"

"ഹോ! ആ ചെരിപ്പിന്റെയൊരു യോഗം!"

"കഷ്ടം!! ഒരു നിമിഷമെങ്കിലും നാം ജീവിയ്ക്കുന്ന ഭൂമിയെക്കുറിച്ചോര്‍ക്കെടാ. അത് ഉപ്പുവെള്ളത്തില്‍ മുങ്ങിത്താഴുകയാണ്."

''അതിനു റബ്ബറ് ഫോറസ്റ്റ് പ്രൊഡക്ടല്ലേ; ലൈക് ഹണി ആന്‍ഡ് വുഡ്?"

"ഫോറസ്റ്റ് പ്രൊഡക്ട്! ഹും. കാടുവെട്ടിത്തെളിച്ചിട്ട് റബ്ബര്‍ക്കാടു വെയ്ക്കുന്നതുകൊണ്ടാണ് ഫോറസ്റ്റ് പ്രോഡക്ട് പുഴപോലെ, പാലൊഴുക്കാന്‍ മാത്രം ചീപ്പായിക്കിട്ടുന്നത്. പേരറിയാത്ത, നാടറിയാത്ത നൂറായിരം മരങ്ങളും വള്ളികളും ശലഭങ്ങളും സസ്തനികളും കഴിഞ്ഞിരുന്ന കുന്നുകളാണിന്ന് റബ്ബറും തോട്ടപ്പയറും കോട്ടെരുമയും (മുപ്ലിവണ്ട്) മാത്രം വാഴുന്ന ഏകാധിപകാടുകളായത്. ജൈവവൈവിധ്യം പടിയിറങ്ങി."

"ഇങ്ങളെ ഭാഷേല് പറഞ്ഞാ അപ്പോ മ്മളൊന്നും ജീവിയ്ക്കന്നെ വേണ്ട. മന്‍ഷമ്മാര് കൊറേ ചത്താല്‍ ഒക്കെ ശരിയാവും."

''എന്തിനാണിങ്ങനെ എക്‌സ്ട്രീമിസം പറയ്ണത്! വേണ്ടത് വേണ്ടത്ര മാത്രം ഉപയോഗിച്ച് ജീവിച്ചൂടെ? അതത്ര മോശൊന്ന്വല്ല. ജ്ജ് ന്നെ പുരാവസ്തൂന്ന് കളിയാക്കുമ്പോള് എന്റെ സങ്കടം യ്യിത് ഒരു ദിവസം മുന്നേ മനസ്സിലാക്കിയിരുന്നെങ്കില്‍ ന്നാണ്. നമ്മക്ക് കളയാന്‍ ഇനി സമയം ബാക്കിയില്ല. നമ്മക്ക് നശിപ്പിക്കാന്‍ ഇനി പ്രകൃതി പോലും മിച്ചല്ല. പരിധികള്‍ ഭേദിച്ച് നാം എത്രയോ അധഃപതിച്ചു. സര്‍ക്കാരുകള്‍ക്ക് ഒരു ചുക്കൂല്ല. ജനങ്ങള്‍ക്ക് ബോധോല്ല. എനിയ്ക്കു പറ്റ്ണത് മിതോപയോഗം, മിതവ്യയം എന്നീ കാര്യങ്ങളാണ്. അത് ഞാന്‍ ചെയ്യ്‌ണു. പിന്നേള്ളത് ബോധവത്കരണമാണ്. അന്നെപ്പോലുള്ളവരെ ബോധവത്കരിക്കാന്‍ സിനിമാ, ക്രിക്കറ്റ്, ഫുഡ്‌ബോള്‍ ഹീറോകള്‍ തന്നെ രംഗത്തു വരണം. പരിസ്ഥിതി സംരക്ഷണം ട്രെന്‍ഡായി മാറണം. അവരെ ബോധവത്കരിക്കാന്‍ എനിയ്‌ക്കെന്തു ചെയ്യാന്‍ പറ്റുമെന്നാവും ഞാനിനി ചിന്തിക്കേണ്ടത്."

മഴക്കാലത്തിനും ഉഷ്ണകാലത്തിലും കളികൾക്കുമായി രണ്ടോ മൂന്നോ ജോഡി ചെരിപ്പുകളാവാം. അവ നല്ല വില കൊടുത്ത്, നല്ല തരം നോക്കി വാങ്ങിയാൽ രണ്ടു മൂന്നു കൊല്ലമോ അതിലധികമോ ഉപയോഗിയ്ക്കാം.

വാങ്ങുന്നതിനു മുമ്പ് ഒന്നു ചിന്തിയ്ക്കൂ. പൈസ നിങ്ങളുടേതാണ്. ഭൂമി നിങ്ങളുടേതു മാത്രമല്ല. അത് അമ്പതു വര്‍ഷം കഴിഞ്ഞ് പിറക്കാന്‍ പോകുന്ന ഓരോ കുഞ്ഞിന്റേതും കൂടിയാണ്. ആ കുഞ്ഞ് മുട്ടപൊളിച്ചു പുറത്തു വരുന്ന ഒരു നീലപ്പൊന്മാനോ, രാജവെമ്പാലയോ, പ്യൂപ്പകീറി ചിറകടിയ്ക്കുന്ന ശലഭമോ, ഇടറിയിടറി ചുവടുവെച്ച് അമ്മയുടെ മണം തെരയുന്ന ആനക്കുട്ടിയോ ആരുമാകട്ടെ, ഭൂമി അവരുടേയും കൂടിയാണല്ലോ.

എനിയ്‌ക്കെന്തു ചെയ്യാനാകും എന്നു കൈമലര്‍ത്തുന്നതിനു മുമ്പ് ഇതൊന്നു ഷെയറു ചെയ്താല്‍ കുറച്ചുപേർ അധികം വായിച്ചേക്കും.

2019 ഡിസംബർ 20, വെള്ളിയാഴ്‌ച

സ്ക്കൂൾ എക്സ്ചേഞ്ച്

3.12.19
സ്വപ്‌നം കണ്ടാണുണര്‍ന്നത്.
-ഹര്‍ഷി പറയുന്നു, ഇനി ഇവള്‍ക്ക് പൂക്കളുള്ളൊരു ജോഡി ചെരുപ്പു വാങ്ങണം എന്ന്.
സന്തോഷവതിയായ ജാഹ്നവി ഹവായ് ചെരുപ്പുമിട്ടോണ്ട് സ്‌കൂളില്‍ പോകുന്നു.
പത്താം ക്ലാസ്സുവരെ ഇടുങ്ങിയ, ഭാരിച്ച, നാറുന്ന ഷൂസിനുള്ളില്‍ അവളുടെ (ഒരായിരം കുട്ടികളുടെ) വളരുന്ന പാദങ്ങള്‍ ശ്വാസംമുട്ടിക്കഴിയണമല്ലോ എന്നോര്‍ത്ത് സങ്കടപ്പെട്ടിരുന്ന ഞാന്‍ പ്രകൃതിയിലേയ്ക്കു തുറന്ന ആ കാലടികളോര്‍ത്ത് അകമഴിഞ്ഞു ചിരിയ്ക്കുന്നു.
ഇതായിരുന്നു സ്വപ്‌നം.

സ്പ്രിംഗ്‌സിലേയ്ക്കു ചേക്കേറാന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടി. ജീവിതം ശുഭാപ്തിയിലേയ്ക്ക് ഒരിക്കല്‍ കൂടി തുഴഞ്ഞു മുന്നേറുന്നു. അവിടെയൊരു കരയുണ്ട്. നങ്കൂരമിടാന്‍ പറ്റിയത്.

സുഷുപ്തിയിലായിരുന്ന ഒരു ആമയെപ്പോലെ പതിയെ ഉണര്‍ന്ന് തലനീട്ടി കാലുകളനക്കി ഇഴഞ്ഞിഴഞ്ഞ് ഞാനെന്റെ ഉപ്പുജലമാകുന്ന അമ്മയിലേയ്ക്ക്, പ്രകൃതിയിലേയ്ക്ക്, പാരാവാരത്തിലേയ്ക്കു കൂപ്പുകുത്തട്ടെ. അവിടെയാകുമെന്റെ വീട്.

6. 12. 19
"രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ."

"സ്ക്കൂളിലോ?"

"ഒമ്പതാം ക്ലാസല്ലേ? പത്താം ക്ലാസിലേയ്ക്കുള്ള പ്രിപറേഷൻ.."

"അപ്പോൾ വൈകുന്നേരം വീട്ടിൽ വരില്ല! അഞ്ചു മണിയാകുമ്പോൾ വിശക്കില്ലേ?"

"ഈവനിങ് സ്നാക്സ് കൊണ്ടു പോകണം."

"എന്നാലും രാത്രി എട്ടുവരെ അതേ ഇറുകിയ ബെൽട്ടും ടൈയും കോട്ടും പാൻറും പിന്നെ ആ വിയർക്കുന്ന കൗമാരക്കാലുകളിൽ സോക്സും ഷൂവും...''

"ഇരുന്നിരുന്ന് പുറംവേദനിയ്ക്കും. അതേ കസേര. അതേ മേശ.." (വളരുന്ന നട്ടെല്ലുകൾ!)

"അതേ പി. ടി. സർ, അതേ കയർക്കുന്ന മുഖങ്ങൾ, താക്കീതുകൾ.. സ്ക്കൂൾ വിട്ട ഉടനെ ഇത്തിരി നേരം കളിയ്ക്കാൻ വിടുമോ?"

"എവിടെ! ഒന്നുമില്ല. സ്നാക്സ് ടൈം കഴിഞ്ഞാൽ പിന്നെ ടൈംടേബിളാണ്."

"ജാഹ്നവീടെ ഭാഗ്യം. ഞങ്ങൾ ടി. സി. മേടിയ്ക്കാൻ പോണു. കേരളത്തിൽ നല്ലൊരു സ്ക്കൂളുണ്ട്. മനുഷ്യനായി വളർത്തണം. അടിമമൃഗത്തെപ്പോലെ വേണ്ട."

7. 12. 19
രണ്ടു സ്ലാം ബുക്കുകളിലായി ടീച്ചർമാരുടെയും കൂട്ടുകാരുടേയും ഓട്ടോഗ്രാഫും കൊണ്ടാണ് #ജാനൂട്ടി വീടണഞ്ഞത്. സ്ക്കൂളിലെ അവസാന ദിനത്തെക്കുറിച്ചു ചോദിച്ചപ്പോൾ ആദ്യമേ ഇരുണ്ടിരുന്ന മുഖത്തു കാലവർഷം ചോർന്നു. "ഡിസംബർ അവസാനം ഞങ്ങൾക്ക് സയൻസ് എക്സിബിഷനുണ്ടായിരുന്നു. ഞാൻ പ്രൊജെക്ട് ലീഡറാണ്. മത്സരത്തിൽ തീർച്ചയായും സമ്മാനം കിട്ടുമായിരുന്നു. മഞ്ചേരീൽ പോയാൽ ഒക്കെ ഇല്ലാതാവും. എന്റെ ഫ്രണ്ട്സിനെയൊന്നും ഒരിയ്ക്കലും കാണാനും പറ്റില്ല."
എണ്ണം പറഞ്ഞ് അവൾ ഏങ്ങിക്കരഞ്ഞു.

മഞ്ചേരിയിലെ സ്ക്കൂളിൽ മത്സരമില്ലെന്നു പറഞ്ഞപ്പോൾ അവൾക്കത് ഉൾക്കൊള്ളാൻ കഴിയുന്നില്ല. മത്സരമില്ലാത്ത ലോകത്തിൽ സമ്മാനങ്ങളെവിടെ എന്നാണു ചോദ്യം. മത്സരമില്ലാത്ത ലോകമാണ് ഒരു കൊച്ചു കുട്ടിയ്ക്കു കിട്ടാവുന്നതിൽ ഏറ്റവും മികച്ച സമ്മാനമെന്നു മനസ്സിലാകാൻ പത്തു വയസ്സു പോരായിരിയ്ക്കും. പണ്ടൊരിയ്ക്കൽ പരീക്ഷയ്ക്ക് ക്ലാസിൽ ഫസ്റ്റായപ്പോൾ കിട്ടിയ ബാഡ്ജ് ദിവസവും യൂണിഫോമിൽ കുത്തി പ്രദർശിപ്പിച്ച് മക്കളിലെ മാത്സര്യ ബുദ്ധിയെ കുത്തിയുണർത്തരുതെന്നു പ്രിൻസിപാളിനോടപേക്ഷിച്ചപ്പോൾ അവർക്കുമെന്നെ മനസ്സിലായില്ലല്ലോ. മത്സരങ്ങളുടെ ലോകത്തിൽ പിടിച്ചു നിൽക്കാൻ ചെറുപ്പത്തിലേ പരിശീലനം വേണമെന്നാണവരുടെ വിശ്വാസം! എന്തിനും ഏതിനും മത്സരം. സ്പർദ്ധ. വൈരാഗ്യം. അടുത്തിരിയ്ക്കുന്ന കൂട്ടുകാരോടും അടുത്ത സ്ക്കൂളിനോടും അയൽപക്കക്കാരോടും ലോകത്തെല്ലാവരോടും മത്സരം!
കഷ്ടം. അങ്ങനെ വളർത്താഞ്ഞാൽ തോറ്റു പോകുമെന്നാണ് വിശ്വാസം!

20. I. 20
രാവിലെ മൂന്നരയ്ക്ക് ഉറക്കമെണീറ്റു. ചെട്ടിനാട് പബ്ലിക് സ്ക്കൂളിന്റെ അകത്തളങ്ങളും കോറിഡോറുകളും ഉറങ്ങിക്കിടപ്പാണ്. പതുപതുത്ത ബെഡ്ഡിൽ ചുമരിലേയ്ക്കു ചാരിയിരുന്ന് ഞാൻ ഡോർമെട്രിയുടെ അരണ്ട വെളിച്ചത്തിൽ മൊബൈലിലെഴുതുകയാണ്. ജാഹ്നവി തൊട്ടടുത്ത് നല്ല ഉറക്കത്തിലാണ്. നാലാം ക്ലാസിലെ മറ്റു മൂന്നു കുട്ടികളും അഞ്ചാം ക്ലാസിലെ മൂന്നുപേരും ആറാം ക്ലാസിലെ ആറുപേരും കിടന്നുറങ്ങുകയാണ്. എ. സി. കൂടുതലൊന്നുമല്ല. കൊതുകില്ലെന്നു തോന്നുന്നു. തളർന്നുറങ്ങുകയാണ് എല്ലാവരും. ഇന്നലെ രാവിലെ മഞ്ചേരിയിൽ നിന്നു പുറപ്പെട്ട് രാത്രി ചെട്ടിനാട് എത്തിയതു വരെയും പാട്ടും വർത്താനവുമായിരുന്നല്ലോ ബസ്സിൽ. ഏഴ്, എട്ട്, ഒമ്പത് ക്ലാസിലെ പെൺകുട്ടികൾ അടുത്ത മുറിയിൽ ഹർഷിതാമാമിനൊപ്പവും ആൺകുട്ടികൾ അറബി സാറിന്റെ കൂടെയുമാണുള്ളത്.

രാവിലെ എട്ടുമണിയാകുമ്പോഴേയ്ക്ക് കുളിച്ചു പുറപ്പെട്ട് പ്രഭാത ഭക്ഷണത്തിനെത്തണം.  ഭക്ഷണത്തിനും അസംബ്ലിയ്ക്കും ശേഷം നാലു മുതൽ ഒമ്പതുവരെ ക്ലാസിലെ സ്പ്രിങ്സ് വിദ്യാർത്ഥികൾ ചെട്ടിനാട് പബ്ലിക് സ്ക്കൂളിന്റെ അതാതു ക്ലാസിൽ പോയിരുന്ന് ടൈംടേബിൾ പ്രകാരമുള്ള ക്ലാസിന്റെ ഭാഗമാകും. സയൻസും കണക്കും ഇംഗ്ലീഷും തമിഴും ക്ലാസുകൾ ഇവിടുത്തെ തമിഴ് കുട്ടികളോടൊപ്പമിരുന്ന് പഠിയ്ക്കും. കൂട്ടുകെട്ടുകൾ പിറക്കട്ടെ. ഭാഷയും സംസ്കാര വൈവിദ്ധ്യവും കൈമാറട്ടെ. ചെട്ടിനാടിന്റെ രുചിയും ശീലങ്ങളുമറിയട്ടെ. വൈകുന്നേരങ്ങളിൽ മഡ്പാലസും ആയിരം ജനാലകളുള്ള ഗ്രാമവസതികളും മറ്റു പലതും സന്ദർശിയ്ക്കാനുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ ഒരാഴ്ചക്കാലം.

ഫെബ്രുവരി ഒന്നാം വാരമാണ് ചെട്ടിനാട് സ്ക്കൂളിലെ കുട്ടികൾ മഞ്ചേരി സ്ക്കൂളിൽ വരിക. സ്പ്രിങ്സ് ഒരു റെസിഡൻഷ്യൽ സ്ക്കൂളല്ലെങ്കിലും അവർക്ക് ഒരാഴ്ച താമസവും ഭക്ഷണവും അവിടെ ഏർപ്പാടു ചെയ്യും. അതിഥികൾ വരുമ്പോൾ പരിപാടികൾ പലതും ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്. സ്ക്കൂൾ എക്സ്ചേഞ്ചു പ്രോഗ്രാം ഒരു പത്തിരുപത് എക്സ്കഷനുകളെക്കാൾ അറിവും അനുഭവവും നൽകുന്നവയാണ്. ടീച്ചറായി കൂടെ വന്ന എനിയ്ക്ക് സുഹൃദ് ബന്ധങ്ങളും സാംസ്കാരിക കൈമാറ്റവും മാത്രമല്ല ഇതു തരുന്നത്. എൽ കെ ജി മുതൽ പത്തുവരെ ഒരേ വീട്ടിലെ കുട്ടികളെപ്പോലെ കഴിയുന്ന എന്റെ പുതിയ കുടുംബത്തെ അടുത്തറിയാനുള്ള അവസരം കൂടിയാണ്.

സ്പ്രിങ്സ് സ്ക്കൂളിന്റെ സംസ്ഥാപകനും എക്സ്ചേഞ്ച് പോലെ അനേകം വ്യത്യസ്തമായ ആശയങ്ങളുടെ ആവിഷ്കർത്താവുമായ സയ്യിദ് ബി. ദൂജയെന്ന പ്രിൻസിപ്പാളും അഡ്മിനിസ്ട്രേഷൻ മാനേജറായ മിസ്സിസ് ഉമ്മുൽ ഖയർ ദൂജയും ഞങ്ങളോടൊപ്പുണ്ട്. അവരുടെ രണ്ടു മക്കളും വിദ്യാർത്ഥി സംഘത്തോടൊപ്പമുറങ്ങുന്നു.

ഇതു വിദ്യാഭ്യാസമാണ്. ജാഹ്നവിയ്ക്കു കൊടുക്കാൻ ഭാഗ്യവശാൽ എനിയ്ക്കവസരമുണ്ട്.
പണ്ട് സംസ്കാരിക വിനിമയത്തിനായി റഷ്യയിലേക്കു പോയി വന്ന കുട്ടികളെഴുതിയത് വായിച്ച് മാതൃഭൂമിയുടെ അവസാന പേജുകളിൽ കോരിത്തരിച്ചിരുന്നിരുന്നവളാണ് ഞാനും.

സ്പ്രിങ്ങ്സ് എന്റെ രോമാഞ്ചമാണ്. എന്റെ സ്വപ്നങ്ങളുടെ പരിഭാഷ.

2019 ഡിസംബർ 18, ബുധനാഴ്‌ച

കയ്പക്ക ചമ്മന്തി

മുള്‍വേലിയില്‍ പടര്‍ന്ന് മുച്ചൂടും പച്ചച്ച് കിന്നരശില്‍പങ്ങളിലെ മുന്തിരിവള്ളികളെപ്പോലെ ആകാരസൗഷ്ഠവമാര്‍ന്ന ഇലകള്‍ പ്രദര്‍ശിപ്പിച്ച് നില്‍ക്കും പാവല്‍ വള്ളി. ചിലപ്പോള്‍ ഇടവഴിയോരത്ത് പീതവര്‍ണ്ണത്തില്‍ ചിരിച്ചു നില്‍ക്കാറുണ്ടത്. മെലിഞ്ഞ ഞെട്ടോടെ ആണ്‍പൂവും നിറയെ മുള്ളുകളായി പാവയ്ക്കയുടെ സൂക്ഷ്മരൂപമുള്ള ഗര്‍ഭപാത്രത്തില്‍ കാത്തിരിയ്ക്കുന്ന അണ്ഡങ്ങളുമായി പെണ്‍പൂവും. ദിവസവും നടക്കുന്ന വഴിയരികില്‍ ഓന്നോ രണ്ടോ കുഞ്ഞു പാവയ്ക്കകള്‍ വളര്‍ന്നു വരുന്നത് നിത്യക്കാഴ്ചയുടെ സുഖം തരും. ഒരുനാള്‍ പച്ചനിറം മാറി അവ മഞ്ഞച്ചുവരും. പഴുത്ത പപ്പായയോടൊക്കും മഞ്ഞനിറത്തില്‍ തൂങ്ങുന്ന കായകളില്‍ ചെഞ്ചോരത്തുള്ളികള്‍ പോലെ വിത്തുകള്‍ പുതച്ചു കിടന്നുറങ്ങുന്നുണ്ടാകും. എന്തു ഭംഗിയാണെന്നോ കാണാന്‍! ആ ചാട്ടക്കാരന്‍ പുഴു നിറഞ്ഞിട്ടില്ലെങ്കില്‍ പാവയ്ക്കയൊരു സിൻഡ്രെല്ല തന്നെ. പ്രകൃതീമാതാവു തുന്നിക്കൊടുത്ത മഞ്ഞയുടുപ്പിട്ട, ചോന്ന അടിവസ്ത്രമിട്ട സുന്ദരിപ്പെണ്ണ്. ഒരുനാള്‍ അവളെയിങ്ങു കൂടെക്കൊണ്ടു പോരണം. വീട്ടിലെത്തി കഞ്ഞി വെയ്ക്കുമ്പോള്‍ കൊപ്രയോ മൂത്തതേങ്ങയോ കൂട്ടി ചമ്മന്തിയരയ്ക്കാം.

കയ്പയ്ക്കച്ചമ്മന്തി ചമയ്ക്കാൻ എന്തെന്ത് ആർഭാടങ്ങൾ വേണമെന്നു നോക്കാം?

അടുപ്പത്ത് വെച്ച ചീനച്ചട്ടിയില്‍ കുറച്ച് എണ്ണയൊഴിയ്ക്കണം. ചൂടാകുമ്പോള്‍ അഞ്ചെട്ടു വറ്റല്‍മുളക് വറുത്തുകോരി മിക്‌സിയുടെ ജാറില്‍ നിക്ഷേപിയ്ക്കണം. കുരു കളഞ്ഞ പാവയ്ക്ക പച്ചയ്‌ക്കോ പഴുത്തതോ നനുങ്ങനെ അരിഞ്ഞ് എണ്ണയിലിട്ട് മൂപ്പിയ്ക്കണം. വായില്‍ കൊതിവെള്ളം നിറയ്ക്കും പാവയ്ക്ക മൂക്കുന്ന നറുമണം... ഹ! എന്റെ സാറേ! ഉണങ്ങിച്ചുരുണ്ട് എള്ളോളമാകുമ്പോള്‍ കോരി എടുത്തു വെയ്ക്കണം.

ചീനച്ചട്ടിയില്‍ എണ്ണ മിച്ചമുണ്ടെങ്കിലും ഇല്ലെങ്കിലും തരക്കേടില്ല- ഝടുതിയിലിത്തിരി തേങ്ങാക്കൊത്ത് (കൊപ്രയെങ്കിലും) വറുക്കാന്‍ തുടങ്ങുക. തേങ്ങ മൂത്ത മണം വന്നല്ലോ? നിസ്സംശയം തീ കെടുത്തൂ. ഗ്യാസെന്ന ഓമനപ്പേരിട്ടു നാം വിളിയ്ക്കുന്ന പ്രൊപയ്ന്‍ ബ്യൂട്ടെയ്ന്‍ മിശ്രിതത്തില്‍ നിറയെ കാര്‍ബണും ഹൈഡ്രജനുമാണ് (ഹൈഡ്രോകാര്‍ബ്ബണ്‍) അത് അന്തരീക്ഷത്തിലെ ഓക്‌സിജനുപയോഗിച്ച് കത്തുമ്പോള്‍ കിലോക്കണക്കിന്.. ലിറ്റര്‍ കണക്കിന് കാര്‍ബണ്‍ഡൈയോക്‌സൈഡാണ് ദൃശ്യ ശ്രാവ്യ രുചി ഗന്ധസ്പര്‍ശാനുഭവങ്ങള്‍ അസാദ്ധ്യമായ രീതിയില്‍ അടുക്കളമുറിയ്ക്കുളളിലെ വായുവിലേയ്ക്കു കലരുന്നത്. അതുകൊണ്ടു തന്നെ ഒരു ഇക്കോഫ്രണ്ട്‌ലി ചമ്മന്തിയുണ്ടാക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത് വേലിപ്പത്തലിലെ ഓര്‍ഗാനിക് കൈയ്പ്പയ്ക്കയെ മാത്രമല്ല- ചട്ടിക്കടിയില്‍ എന്തിനോ വേണ്ടി വെറുതെ കത്തിപ്പാഴാകാന്‍ പാടില്ലാത്ത ഗ്യാസിനെക്കൂടെയാണ്. അന്തരീക്ഷവായുവിനെക്കാൾ ഭാരക്കൂടുതലുള്ള കാർബൺഡയോക്സൈഡ്  അടഞ്ഞുകിടക്കുന്ന അടുക്കളയിൽ കുമിയുന്നത് നിങ്ങളെ വീർപ്പുമുട്ടിച്ചു കൊല്ലുകയൊന്നുമില്ലെങ്കിലും എക്സോസ്റ്റ് ഫാനോ ഹുഡോ പിടിപ്പിച്ച, വായുഗതാഗതത്തിന് ഹർത്താലില്ലാത്ത അടുക്കയിൽ വെച്ച് പാകം ചെയ്യപ്പെടുന്നതാണ് പ്രായപൂർത്തിയായ കയ്പപ്പെണ്ണുങ്ങൾക്ക് പാതിരാവിലും ഇഷ്ടം.

ഇത്രയും നേരം എന്റെ പ്രസംഗം കേട്ട് വായും പൊളിച്ചു നിന്ന നേരം കൊണ്ട് വറുത്ത തേങ്ങ തണുത്തു കാണും. അതും മിക്‌സിയുടെ ജാറിലേയ്ക്കു സശ്രദ്ധം പോകട്ടെ. പിന്നാലെ  വേണ്ടത്ര ഉപ്പും ഒരു ജിമുക്കിക്കമ്മലോളം വാളന്‍പുളിയും കാലച്ച് ശര്‍ക്കരയും പോകട്ടെ. നന്നായി അരയണം. വറ്റൽമുളകിന്റെ എരിയുന്ന സ്വർണ്ണവിത്ത് പല്ലുകൾക്കിടയിൽ കുടുങ്ങി അലഭ്യലഭ്യശ്രീ നാടകം കളിച്ചാൽ കുഴഞ്ഞു ഗതികെടുന്നതരം നാവുള്ളവർ ആദ്യമേ കരുമുരാന്നിരിയ്ക്കുന്ന മുളക് പൊടിയ്ക്കാൻ മുൻകരുതലും മുൻകയ്യും എടുക്കേണ്ടതാണ്. വെള്ളമൊഴിക്കാത്ത ചമ്മന്തി ആയതുകാരണം പുട്ടിനു തേങ്ങയിടുംപോലെ ഇടയ്ക്കിടയ്ക്ക് നിറുത്തി ഇളക്കി കൊടുക്കേണ്ടി വരില്ലേ? വരും വരാതിരിയ്ക്കില്ല.

ലാസ്റ്റ് ബട്ട് നോട് ദ ലീസ്‌റ്റേ.. ആ വറുത്തു വെച്ച കയ്പ്പയ്ക്ക കൂടെയിട്ട് ജസ്റ്റൊരു ഡ്ര്‍ര്‍...ഡ്ര്‍ര്‍... പോരാ ഒന്നൂടെ ഡ്ര്‍ര്‍...
മതിമതി. സ്വാദുനോക്കി, സ്വാദുനോക്കി തീരുന്നതിനു മുമ്പ് നല്ല ഓമനത്തമുള്ളൊരു കുഞ്ഞി ഡവറയിലേയ്ക്കു മാറ്റൂ.

ഇനിയാണു രസം. ആ ചമ്മന്തിയ്ക്കു നടുവിലൊരു ചെറ്യേ കുഴി കുത്തണം. എന്നിട്ടൊരുണ്ട വെളുത്തുള്ളി ഇടിച്ചു ചതച്ച് അതിനകത്തിടുക. വറവിടുന്ന കയിലില്‍ രണ്ടു സ്പൂണ്‍ വെളിച്ചെണ്ണ നന്നായി ചൂടാക്കി ആ കുഴിയിലെ സുഗന്ധരാജാവിനു മുകളില്‍ ഒഴിക്കുമ്പോള്‍ ച്‌രീ...ന്നു ശബ്ദം കേള്‍ക്കണം. വശങ്ങളില്‍ നിന്നു ചമ്മന്തി നീക്കിയിട്ടു ക്ഷണനേരം കൊണ്ട് കുഴിമൂടണം. രണ്ടു മിനിറ്റു കഴിഞ്ഞ് നല്ലപോലെ ഇളക്കിയാല്‍ ലോകോത്തരഗുണമേന്മയുള്ള ചമ്മന്തി തയ്യാർ. ഒരു കലം കഞ്ഞി കുടിച്ച് ആനവയറായി ആനന്ദലബ്ധിയടയാൻ ഇനിയെന്തുവേണം!!

ഒറ്റനോട്ടം.

പഴുത്ത പാവക്ക- വലുതെങ്കിൽ ഒന്നിന്റെ അര മുക്കാൽ ഭാഗം മതി.
കൊട്ടത്തേങ്ങയോ പച്ചത്തേങ്ങയോ ലേശം വറുക്കുക.
ചുവന്നമുളക് എണ്ണയിൽ വറുത്തതും തേങ്ങയും ഉപ്പ്, പുളി, ശർക്കരയും കൂട്ടി അരയ്ക്കുക.
പഴുത്ത പാവയ്ക്ക ചെറുതായി കൊത്തിയരിഞ്ഞ് എണ്ണയിലിട്ട് വഴറ്റിയതും ചേർത്ത് ഒന്ന് ചതയണം.
വെളുത്തുള്ളി ഇടിച്ച് ചതച്ച്, ചമ്മന്തിയിൽ ഒരു കുഴികുത്തി വെച്ച് കുറച്ചു വെളിച്ചെണ്ണ നന്നായി ചൂടാക്കി അതിന്മേൽ ഒഴിച്ച് ചമ്മന്തി കൊണ്ടുതന്നെ മൂടിവയ്ക്കുക. കുറച്ചുകഴിഞ്ഞ് എടുത്ത് ഇളക്കി ഉപയോഗിയ്ക്കാം. കയ്യിലിരിപ്പിന്റെ തരമനുസരിച്ച് ഒരാഴ്ചയൊക്കെ നിലനിൽക്കും.

2019 ഡിസംബർ 15, ഞായറാഴ്‌ച

മൊസറന്ന

"അമ്മാ, മൊസറന്ന.. മൊസറന്ന.. മൊസറന്ന.."
കന്നഡയിൽ മൊസറു എന്നാൽ തൈര്. തൈരുസാദം വേണമെന്നാണ് മുദ്രാവാക്യം.

"നീയും നിന്റൊരു.." ഇരട്ടപ്പേര് മുദ്രാവാക്യം വിളിച്ചാൽ ആർക്കായാലും ദേഷ്യം വരില്ലേ? പണ്ടൊരു സഹപ്രവർത്തകൻ തീറ്റക്കാര്യോം പറഞ്ഞോണ്ടിരിക്കുമ്പോൾ പേരു വിളിച്ചതാണെന്നു കരുതി അറിയാതൊന്നു വിളി കേട്ടു പോയതാണത്രെ. ഇരട്ടപ്പേരൊരു സ്വയംവരമായിരുന്നെന്ന്. അന്നു തുടങ്ങിയതാണ് ആയമ്മയ്ക്ക് മൊസറന്നത്തോടുള്ള കലിപ്പ്.

"എത്ര ദിവസായി ണ്ടാക്കിത്തരാമെന്നു പറഞ്ഞ് പറ്റിക്കുണു. ഇന്ന് വേണം. പ്ലീസ്.."

പാവല്ലെ? പാവാട്യല്ലേ? ഉണ്ടാക്കിക്കൊടുത്തേയ്ക്കാം. സുന്ദരിയായ അമ്മ മന്ദം മന്ദം അടുക്കളയിലേക്കു ഗമിച്ചു.

വെളുത്തു കൊലുന്നനെയുള്ള അരിമണികൾ കുക്കറിലിട്ട് വറ്റിച്ചെടുത്ത ഒരു കട്ട തണുത്ത ചോറ് അവളുടെ സാന്ത്വന സ്പർശത്താൽ ഒത്തൊരുമ മറന്ന് നാനാത്വക്കാരായി പരിണമിച്ചു.

വെറും പോഷണത്തിനും വർണശബളിമ കൊണ്ടു മനംമയക്കാനും മാത്രമായി ഒരു കഷ്ണം കാരറ്റ് യാന്ത്രികമായി ചിരകിയിടുകയും ഒരു പിടി പച്ചമുന്തിരി നീളത്തിൽ വൃഥാ പാതി പകുത്തിടുകയും ഒരു തണ്ടുമല്ലിച്ചെപ്പ് ചുമ്മാ കുനുകുനാ അരിഞ്ഞിടുകയും മാതള നാരങ്ങയിൽ നിന്നും ചുവന്ന പളുങ്കുമണികൾ അടർത്തിയിടുകയും ചെയ്തു. മൈലാഞ്ചിയുടെ കുടുംബാംഗമായ മാതളത്തെ  നാരങ്ങയെന്നവസാനിയ്ക്കുന്ന പേരിട്ടു വിളിയ്ക്കുന്ന മലയാളിയെയും ആപ്പിൾ എന്നർത്ഥം വരുന്ന Pomeൽ തുടങ്ങുന്ന പേരിട്ട ഇംഗ്ലീഷുകാരെയും ഇടിയ്ക്കണമെന്നവൾ ആത്മഗതം ചെയ്തു.

കടുക്, കടലപ്പരിപ്പ്, പച്ചമുളക്, കറിവേപ്പില എന്നിവ വറവിട്ടു. ഉപ്പിട്ടിളക്കി. കട്ടിത്തൈരും പുളി കുറയ്ക്കാനായി ശകലം പാലുമൊഴിച്ചു. എന്നിട്ടു മകളെ വിളിച്ചു.

മൂക്കറ്റം തട്ടിവിടുന്നതിനിടെ മകൾ സർട്ടിഫിക്കറ്റ് അനാച്ഛാദനം ചെയ്തു. ' കളർഫുൾ ആൻറ് ബ്യൂട്ടിഫുൾ. ബട്ട് നോട്ട് ആസ് ടേസ്റ്റി ആസ് സിംചനാസ് അജ്ജി ഡസ്.'

'തൃപ്തിയായി കുട്ടീ ഈ അമ്മയ്ക്കു തൃപ്തിയായി' നീൾമിഴിപ്പീലിയിൽ നീർമണി തുളുമ്പി നിരുദ്ധകണ്ഠയായി അമ്മ പറയാതെ പറഞ്ഞു. മുറ്റത്തെ മുല്ലയ്ക്കു മണമില്ലല്ലോ. മുല്ലയ്ക്കു മാത്രമല്ല ചെമ്പരത്തിയ്ക്കും ഡാലിയയ്ക്കും സീനിയയ്ക്കും ബോഗൻവില്ലയ്ക്കുമൊന്നും ഇനിയൊരിയ്ക്കലും മണമുണ്ടാകുകയുമില്ല. കഷ്ടം.

മണവ്യത്യാസത്തിനും ഗുണവ്യത്യാസത്തിനും സിംചനേടെ അമ്മമ്മ ഇടുന്നതെന്താകാമെന്ന ചിന്തയിൽ അമ്മയുഴറി.

''പച്ചമുളക് വഴറ്റിയിടുന്നതിന് പകരം പച്ചമുളക് പച്ചയ്ക്കരിഞ്ഞിട്ട് വറ്റൽ മുളക് വറവിടുന്നതാകുമോ?"

"ജീരകമോ ഒരു നുള്ള് കായമോ ഉഴുന്നു പരിപ്പോ വറവിലിട്ടതാകുമോ?"

"ഇഞ്ചിയോ ചീരുളളിയോ നുറുക്കി ചേർത്തിരിയ്ക്കുമോ? അവരത്തരക്കാരാണോ?"

സംക്ഷിപ്തം

ചോറ് + ഉപ്പ് + കാരറ്റ് ചിരവിയത് + മുന്തിരിങ്ങ കണ്ടിച്ചത് + മാതള മണികൾ + കടുക്, മുളക്, പരിപ്പ്, കര്വേപ്പിന്റെല വറവ്.

ഇഞ്ചി, വറ്റൽമുളക്, കായം, ജീരകം, ഉള്ളി ഇതിലേതെങ്കിലുമൊക്കെ ഒറ്റയ്ക്കോ പറ്റമായോ ഇട്ട് രുചി മാറ്റിമാറ്റിയുണ്ടാക്കി ബോറഡിക്കാതെ തിന്നാം.