2019 സെപ്റ്റംബർ 29, ഞായറാഴ്‌ച

ഓർക്കെസ്ട്ര

"ആരും കാണാതപ്പൂ ചൂടി ഞാനൊന്ന് പാടീ.... "

തിരക്ക് കുറഞ്ഞെങ്കിലും പൊടിയടങ്ങിയിട്ടില്ലാത്ത റോഡില്‍ രാവ് ചേക്കേറുന്നത് നോക്കി വണ്ടിയിലിരുന്ന് ഞാനുറക്കെപ്പാടി. അത്ര നേരവും മൂന്നും മൂന്നും ആറു സ്പീക്കറുകള്‍ ആഞ്ഞടിച്ച് തരിച്ച എന്റെ കര്‍ണ്ണപുടം തലച്ചോറിനോട് നുണപറഞ്ഞുകൊണ്ടിരുന്നു എന്റെ തൊണ്ട അടഞ്ഞിരിക്കുകയാണെന്ന്.

ആരും ശ്രദ്ധിക്കുകയില്ല ഇപ്പോള്‍. എസ്. ജാനകിയോടൊപ്പം ഉറക്കെ കാറി ഞാനെന്റെ തൊണ്ട പൊട്ടിച്ചു.
"ഇന്നെന്റെ കിളിവാതിലില്‍ പാടി നീ..
വിടരാന്‍ വതുമ്പുമേതോ പൂവിന്‍ ഗാനം... "

പ്രളയവും ഓണവും കഴിഞ്ഞ് കാലം തെറ്റിപ്പൂത്തൊരു  കൊന്നമരം പോലെ ഗൃഹാതുരത രുചിപ്പിക്കാന്‍ ഹാസന്‍ മലയാളി സമാജം നടത്തിയ ഓണാഘോഷപ്പരിപാടിയായിരുന്നു അവിടെ. കുഞ്ഞുങ്ങളെല്ലാം സ്റ്റേജിലും ആണുങ്ങളെല്ലാം സ്റ്റേജിനു താഴെയും മതിമറന്ന് തുള്ളുകയായിരുന്നു രണ്ടു മണിക്കൂര്‍. ത്രസിപ്പിക്കുന്ന സംഗീതവുമായി വയനാട് MTB ഓര്‍ക്കസ്ട്ര. മിന്നിത്തെളിയുന്ന വര്‍ണ്ണവെളിച്ചങ്ങള്‍. ആടൂ, കൂടെയാടൂ, കൈ കൊട്ടൂ എന്ന് ഗായകര്‍.. തലയറഞ്ഞ്, മുടിയുലച്ച്, കണ്ണടച്ച്, കൈവീശി ഉറഞ്ഞുതുള്ളാന്‍ ത്രാണിയുള്ളൊരു പതിനാല്കാരിയെ ഉള്ളിലടക്കി കല്ലറയ്ക്ക് മീതെ കാവലിരുന്ന് എന്നിലെ കുലസ്ത്രീമുഖം എന്നെ നോക്കി പല്ലിളിച്ചുകാട്ടി. ഒന്നു കൈ കൊട്ടാന്‍ പോലും തുനിയാതെ അവിടെയിരുന്ന മറ്റുപെണ്ണുങ്ങളെക്കൂട്ട് നിര്‍ന്നിമേഷക്കമ്പിളി പുതച്ച് ഞനുമിരുന്നു. ഒരു നാല്‍പതുകാരി വീട്ടമ്മയെപ്പോലെ! കൈ കൊട്ടാഞ്ഞത് മടി കൊണ്ടല്ല. എന്നെ വളര്‍ത്തുന്ന സമൂഹത്തോടുള്ള അവജ്ഞകൊണ്ടാണ്.

"ഏഴിലം പാല പൂത്തു... കാതിലോല കാറ്റിലാടി...
പീലി നീര്‍ത്തി കേളിയാടൂ.."

പന്ത്രണ്ട് വയസ്സിനുമേലുള്ള പെണ്ണിന്റെ ശരീരത്തില്‍ അടക്കം ചെയ്ത ഓരാത്മാവും അവിടെ ഓര്‍ക്കസ്ട്രയ്‌ക്കൊപ്പം ചുവടുവെച്ചില്ല. കസേര വിട്ടെഴുന്നേറ്റില്ല. ഏറ്റവും മുന്നില്‍ രണ്ടാം നിരയില്‍ എന്റെ തൊട്ടടുത്തിരുന്ന പത്താം ക്ലാസ്സുകാരിയെ ഞാന്‍ പലതവണ വിളിച്ചു, എന്നോടൊപ്പം ഡാന്‍സ് കളിക്കാന്‍ വരാന്‍. ഞാൻ പണ്ട് സയൻസ് പഠിപ്പിച്ചതാണ്.. മുന്നിലിരുന്ന അമ്മയെ ഏറുകണ്ണിട്ട് നോക്കി വിഷാദത്തോടെ അവള്‍ പറഞ്ഞു അമ്മ വഴക്കുപറയുമെന്ന്. അവളുടെ കൊച്ചനുജത്തി സ്റ്റേജിനു മുകളില്‍ തുള്ളുന്നുണ്ട്. ഇനി എത്ര കാലം!
"ഫാമിലി ഗെറ്റ്ടുഗതറിനൊക്കെ ഡാന്‍സ് ചെയ്യും ടീച്ചര്‍; പക്ഷെ.. "

'ഒറ്റയ്ക്കങ്ങ് പൊയ്ക്കൂടെ?' ശവക്കച്ചയ്ക്കകത്തെ പതിനാലുകാരി ഒറ്റക്കണ്ണുതുറന്നു ചോദിച്ചു. കല്ലറയ്ക്ക് മേലിരുന്ന കുലസ്ത്രീ ചിരിച്ചു. ഇപ്പോ പോ. പ്രാന്താണെന്ന് മൂക്കത്തു കൈ വെയ്ക്കുന്നവര്‍ നേരിട്ട് കാണുമ്പോള്‍ സൂപ്പറായീന്ന് പറയും.

കേരളസാരിയ്ക്കുള്ളില്‍ ചടഞ്ഞിരുന്ന തിരുവാതിരക്കളിക്കാര്‍ ഉറക്കം തൂങ്ങുന്ന കണ്ണുകള്‍ക്കുള്ളില്‍ ഫ്രിഡ്ജിലെ മാവും സാമ്പാറും ഞായറാഴ്ചകൊണ്ടൊതുങ്ങാത്ത ലോണ്‍ഡ്രിയും നാളത്തെ ടൈംടേബിളും സ്വപ്‌നം കാണുകയായിരിക്കും.

സ്റ്റേജിനു മുന്നില്‍ തുള്ളുന്ന ആണുങ്ങളില്‍ നിന്നു വശത്തോട്ട് മാറി രണ്ടു സ്‌റ്റെപ്പ് വെച്ചാല്‍ ഏവിടുന്നോ രണ്ടെണ്ണം അടിച്ചിട്ടു വന്നതാണെന്ന് എന്നെപ്പറ്റിയും കരുതിമോ!

രക്തത്തില്‍ താളം കലര്‍ന്ന് വളരുന്ന പെണ്‍കുട്ടിയെക്കാണാന്‍ എന്ത് രസമാണല്ലേ? അവളുടെ നടത്തത്തിനു പോലും പ്രഭുദേവയുടെയും വിജയ്‌ന്റെയും അല്ലു അര്‍ജ്ജുന്റെയും ഒക്കെ നിഴലില്ലാത്ത കൂട്ടുണ്ടാവും. അവള്‍ വളരും. അമ്മയാകും. ഒതുങ്ങും. കണ്ണടച്ചോ തുറന്നോ ഇരിക്കും.

ഓരോ രക്താണുവിലും പറ്റിപ്പിടിച്ച താളം ഓക്‌സിജന്‍ കിട്ടാതെ പിടയും. പിടിവിട്ട് പാതാളത്തിലേക്കോ ആകാശത്തിലേക്കോ പറക്കാനാവാതെ കോശങ്ങളില്‍ ബന്ധിക്കപ്പെട്ട് അവളിലെ താളങ്ങള്‍ വീര്‍പ്പുമുട്ടും. ഊര്‍ദ്ധ്വന്‍ വലിച്ച് ബോധം മറയും വരെ കാത്തിരിക്കാന്‍ വയ്യാത്തത്ര പ്രബലതാളങ്ങളെങ്കില്‍ മാനാഭിമാനങ്ങളെ, കുലാചാരങ്ങളെ ഇരിക്കപ്പിണ്ഡം വെച്ച് അവള്‍ കളത്തിലിറങ്ങും. ബ്രഹ്മാണ്ഡത്തിലെ വളരെ ചെറിയ ആ അനക്കം ഒരു മഹാപ്രളയമായി അവളെ മുക്കുമെന്ന്.. പേടിത്തൊണ്ടി!

"എന്നന്തരാത്മാവിന്നുള്ളിലെത്തീയില്‍വെച്ചെന്നുമെന്നോര്‍മ്മ ദഹിപ്പിക്കുന്നെത്തന്നെ."

2019 സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

കുക്കുംബർ കൊഴുക്കട്ട

ഫേസൂക്കും വേണ്ട ഒരു മൻഷന്റെ കുട്ടീം വേണ്ടാന്ന് കരുതീതാ. പക്ഷെ, നിയ്ക്കൊരു സത്യം ലോകത്തോടു വിളിച്ചു പറയണം. അത് ന്റെ കണ്ടുപിടുത്തായോണ്ട് മുട്ടീട്ട് വയ്യേനും. ഹാസനിലെ രണ്ടാംനില വീട്ടീന്ന് വിളിച്ചു പറഞ്ഞാൽ കേക്കുക ബദാംമരത്തിലെ കിളികളും എന്റെ വിജയനഗര സെക്കന്റ് സ്റ്റേജ് സാമ്രാജ്യത്തിലെ കന്നഡക്കാരുമാവും. അതോണ്ട് വന്നു.

ടെണ്ടെടേംം... മുപ്പതു മിനിറ്റുകൊണ്ടു തയ്യാറാക്കാവുന്ന ഒരു കിടുക്കൻ വിഭവം. വായനക്കാർക്കു സമ്മാനങ്ങളുമുണ്ട്..

വിഭവം തയ്യാറാക്കാൻ തയ്യാറാകേണ്ട സാമാനങ്ങൾ:

1. മനസ്സ്.
2. കക്കരിയ്ക്ക.
3. പുട്ടുപൊടി.
4. നാളികേരം, പാര, വെട്ടുകത്തി, ചിരവ.
5. ഇഞ്ചി, പച്ചമുളക്, മല്ലിച്ചെപ്പ് , മിക്സീം അതിന്റെ കുട്ടീം.
6. ഉപ്പ്.
7. ഇഡ്ഡലിച്ചെമ്പ്, വെള്ളം, അടുപ്പ്, തീ.

സെപ്റ്റംബർ, നവംബർ, ഡിസംബർ മാസങ്ങൾക്കു ചേർന്നവിധം രണ്ടുമൂന്നു കുക്കുംബർ കൊത്തിയരിഞ്ഞിടുക. കക്കരിക്ക കൊത്താനും മാത്രം ന്യൂറോ മസ്കുലാർ ഡെവലപ്മെന്റോ ഐ- ഹാൻഡ് കോഡിനേഷനോ പ്രബലമാക്കപ്പെടാത്ത പഞ്ചപാവങ്ങൾ അതു ചിരകിയെടുക്കുക.

തഞ്ചത്തിൽ ഒരിഞ്ച് ഇഞ്ചിയെടുത്തു കുപ്പായമൂരി കുളിപ്പിച്ച് മിക്സിയുടെ കുഞ്ഞു ജാറിൽ കിടത്തുക. അവനു കൂട്ടായി രണ്ടോ മൂന്നോ പച്ചമുളക് ഗോപികമാരും അവർക്കു മറ തീർക്കാൻ ഒരു പൊന്തക്കാടിനോളം മല്ലിച്ചെപ്പും ജാറിൽ നിറയ്ക്കണം. സ്വിച്ചിട്ടാൽ കണ്ടത്തിലിറങ്ങാതെ ജെല്ലിക്കെട്ട് കാണാനെന്ന പോലെ ഗാലറിയിൽ പറ്റിച്ചേർന്നിരിക്കുന്ന കാഴ്ചക്കാരെ കണ്ടത്തിനു നടുവിലേയ്ക്ക് തോണ്ടിയിട്ട് (വെള്ളമൊഴിക്കരുത്.. ഡോൺഡൂ ഡോൺഡൂ ) ഒന്നു രണ്ടു പിടി അരിപ്പൊടി ചേർത്ത് തവിടുപൊടിയാക്കി എടുക്കുക. ഈ തവിട് പൊടി കൊത്തിയരിഞ്ഞ കക്കരിക്കയ്ക്കു മേലെ തൂവുക.

ലേശം ഉപ്പും തേങ്ങ ചിരകിയതും കൂടി ചേർത്തിളക്കുക.

ഇതിലേക്ക് പുട്ടുപൊടി കൊർച്ചീശെ ചേർത്ത് പുട്ടിനു നനയ്ക്കും പോലെ നനച്ചെടുക്കുക. ഉണ്ട കെട്ടിയാൽ കൊഴുക്കട്ടയാകാനും പൊടിയാതിരിക്കാനും  പാകത്തിലാണ് പുട്ടുപൊടി ചേർക്കേണ്ടത്. ഉണ്ടനുമുണ്ടിയുമാകാൻ മാത്രം ഒത്തൊരുമയില്ലാത്ത തരം പുട്ടുപൊടിയാണെങ്കിൽ ഒന്നുരണ്ടു കയില് ദോശമാവോ ഇഡ്ഡലിമാവോ (ഫ്രിഡ്ജിൽ കാണും) ചേർത്ത് കുഴച്ചെടുക്കുക.

ഇഡ്ഡലിച്ചെമ്പിൽ തട്ട് വെച്ച് (വെള്ളമൊഴിക്കണം😌!! ) വലിയ മുറുക്കമില്ലാതെ ഉണ്ട ഉരുട്ടി വെച്ച് ആവി കയറ്റി വേവിച്ചെടുക്കുക. മീഡിയം തീയിൽ 15 മിനിറ്റു കൊണ്ട് വേവുമായിരിയ്ക്കും.

ഇരുപത്നാലു മണിക്കൂറിൽ എപ്പോ വേണെങ്കിലും തിന്നാവുന്ന നാലുമണിപ്പലഹാരം റെഡി. ആവി പറക്കുമ്പോൾ വെറുതേ വെളിച്ചെണ്ണയൊഴിച്ച് അണ്ണാക്കിലൊട്ടാതെ വിഴുങ്ങാം. ചമ്മന്തിയോ അച്ചാറോ സാമ്പാറോ തൊട്ടു കൂട്ടണമെങ്കിൽ അങ്ങനെയുമാവാം.

ആരെങ്കിലും ഉണ്ടാക്കി തിന്നാൽ എന്റെ മോഹം പൂവണിഞ്ഞു. ഞാൻ ധന്യയായി. ലളിതം, ഹരിതം, സുന്ദരം, രുചികരം, ആരോഗ്യകരം. ആവശ്യക്കാർക്ക് അത്യാസന്നമായി തയ്യാറാക്കാവുന്ന വിഭവം.

കൊഴുക്കട്ടസ്സുന്ദരിയ്ക്ക് പേരിടേണ്ടേ? നല്ല പേരുകൾ നിർദ്ദേശിക്കുന്ന കൂട്ടുകാർക്ക് സമ്മാനമുണ്ട്.
ഒന്നാം സമ്മാനം കണ്ണട😉
രണ്ടാം സമ്മാനം കയ്യടി 👏👏
മൂന്നാം സമ്മാനം കൂട്ടച്ചിരി😂🤣😅