2020 മാർച്ച് 31, ചൊവ്വാഴ്ച

കാ യ ദോ ശ

#കായദോശ
''അംംമ്മമ്മാ... ദ് നോക്കൂ മതിലിന്റെ മോള്ക്കൂടെ അപ്രത്തെ ചേച്ചി തന്നതാ."

"ദെന്താ പച്ചക്കായ്യോ? ന്നലത്തെ കാറ്റത്ത് വാഴൊടിഞ്ഞിണ്ടാവും ല്ലേ?"

"ഉം.. ഇദോണ്ടെന്തെങ്കിലുമുണ്ടാക്കാന്‍ പറ്റ്വോന്ന് ചോയ്ക്കാന്‍ പറയാ ചേച്ചി. നോക്കൂ പിര്‍ണിപിര്‍ണി കായ്യാ."

"പിര്‍ണ്യാണെങ്കിലും വെറും പൂവലല്ല കാമ്പ് വെച്ചിട്ടുണ്ട്. ദ് കൊറേ ണ്ടല്ലോ സുന്ദര്യേ.. രണ്ട് ഗ്ലാസ്സ് പച്ചരി നനച്ചാ രാത്രീല്‍ക്ക് ദോശണ്ടാക്കാം. കായദോശ തിന്നാണ്ട് ശ്ശി കാലായീല്ലോ.."

"യ്യേ.. കായദോശ്യോ? അത് നന്നാവും?"

"അയ്യേ കുയ്യേ ഒന്നൂല്യ. കായദോശ ന്താ നന്നാവാണ്ട്? നെണക്ക് കായുപ്പേരി വല്യ ഇഷ്ടാണല്ലോ?" 

"അദൊക്കെ ശര്യാ. ഈ കായേല് തോലല്ലേ ള്ളൂ. ഉപ്പേരി വേണ്ട. മൈസൂര്‍ക്കായാത്രേ. പഴാച്ചാല്‍ തിന്നാര്ന്നൂ." 

"കൊറോണക്കാലത്ത് നി കായദോശേം ഉണ്ണിത്തണ്ടിന്റെ ദോശേം ഒക്ക്യൊന്നു തിന്നു നോക്ക്. ഞങ്ങളൊക്കെ പണ്ട് ക്ഷാമക്കാലത്ത് എങ്ങനെ ജീവിച്ചൂന്നാ?"

"എങ്ങനെ ജീവിച്ചൂന്നാ അമ്മമ്മേ? പറഞ്ഞ് തരൂ."

"അരിയ്ക്ക് എന്നും പഞ്ഞം. എടയ്‌ക്കൊക്കെ ഗോതമ്പക്കഞ്ഞിയാണ്. അന്ന് പിന്നെ ചപ്പാത്തിയൊന്നും ഇവിടാര്‍ക്കും അറിയില്ല. ഗോതമ്പം കിട്ട്യാല്‍ അമ്മീലരച്ച് ദോശയോ അല്ലെങ്കില്‍ മുഴുഗോതമ്പത്തിന്റെ കഞ്ഞിയോ വെയ്ക്കും. റേഷനരീലൊക്കെ കല്ലും കുപ്പേം കാട്ടോമൊക്കെ നെറച്ച്ണ്ടാകും. അതൊക്കെ പെറുക്കി, ചേറി കഞ്ഞിയുണ്ടാക്കും. ചെലപ്പോ കഞ്ഞി തെളയ്ക്കുമ്പോ ഒരു നാറ്റാ. ന്നാലും അതേള്ളു കുടിക്കാന്‍. അതു മൊടങ്ങീല്ലെങ്കി ഭാഗ്യാ."

"ന്ന്ട്ട്? കായദോശേനെപ്പറ്റി പറയൂ.."

"ആ. ചെലപ്പോ മൂക്കാത്ത കൊലയങ്ങ്ട് വീഴും. പറ്റെ ചെറ്യേ കായാണെങ്കി ചെലപ്പോ കയ്ക്കും. പൂവല്ന്ന് പറയും. അല്ലാത്തതൊക്കെ തിന്നാം. ഉപ്പേരീം തേങ്ങ അരച്ചിട്ടും അരയ്ക്കാണ്ടേം കൂട്ടാനും സാമ്പാറും ഒക്കെയാവാം. വാഴവീണാപ്പിന്നെ വാഴന്നെ ഭക്ഷണം. വയറ് നെറയണ്ടേ? മാനിത്തട്ടേം കായേം പഴോം ണ്ണിത്തണ്ടും.. എന്തിന് പറയ്ണൂ മണ്ണിന്റടീലെ കെഴങ്ങടക്കം തിന്നും. വാഴക്കന്നെന്നു പറയും. വാഴടെ എല തിന്നാമ്പറ്റിയിരുന്നെങ്കി ഇന്നാട്ടില് പട്ടിണീണ്ടാവില്ലായിരുന്നൂ എന്ന് ചിന്തിച്ചേര്‍ന്നു ഞാന്‍. അതൊരു കാലം." 

"കായദോശേടെ കഥ പറയൂ അമ്മമ്മേ.. ഇതൊക്കെ ഞാനെത്രവട്ടം കേട്ടതാ. പണ്ടത്തെ പട്ടിണീടെ കഥ."

"പട്ടിണീടെ കഥ കേട്ടിട്ട് നെണക്ക് ബോറഡിച്ചൂല്ലെ? ജീവിതത്തില്‍ പട്ടിണി അറിഞ്ഞിട്ട്‌ണ്ടോ നീയൊക്കെ? അതൊരു വല്യ പാഠാ കുട്ട്യേ. ഒരിയ്ക്കലും മറക്കാത്ത പാഠം. മനുഷ്യനെന്താണ് ന്ന് തെളിഞ്ഞു വരും അപ്പോ."

"അമ്മമ്മാ.."

"പെണങ്ങണ്ട. നെണക്ക്ന്നല്ല ആര്‍ക്കും ആ ഗതി വരാതിരിയ്ക്കട്ടെ. ആ അടുക്കു പാത്രത്തില് വെള്ളങ്ങട് എടുത്തോ. കായ ഞാന്‍ ചെത്താം. നീ ചെത്തില്ലല്ലോ. നെന്റെ കയ്യിന്റെ ഫാഷന്‍ പോവില്യേ?"

"ഫാഷനല്ല, ഗ്ലാമറ്. ഞാനിന്ന് ക്യൂട്ടെക്‌സ് ട്ട്‌ട്ടേള്ളു. ദാ വെള്ളം.  ഇദെന്താ തോലുരിയണ്ടേ?"

"തോല് പോര്ണതാണെങ്കി ഈര്‍ന്ന് കളയായിരുന്നു. ഇതിന്റെ തോലൊന്നും വര്ണില്ല. ഇങ്ങനെ മത്യെടി."

"അമ്മമ്മേടെ കയ്യിലൊക്കെ കറയായി."

"അദ് ത്തിരി വെളിച്ചണ്ണ്യാക്കിയാ പോവും. ഞാന്‍ പണ്ട് കല്ലന്‍കായോണ്ട് കൂട്ടാന്ണ്ടാക്കീത് ഓര്‍മ്മ വരാ. നെറയെ കല്ല് കടിച്ചു എല്ലാര്ക്കും. കല്യാണം കഴിഞ്ഞു പുതുക്കത്തിലാ. വടക്കോറത്തൊരു കല്ലുവാഴ നിക്ക്ണ്ടായിരുന്നു. ഞാനറിഞ്ഞോ കല്ലു വാഴ്യാന്ന്."

"കല്ല് വാഴ്യോ? അതെന്താ?"

"അതൊരു കാട്ടുവാഴ്യാണ്. പഴത്തിന്റെ ഉള്ളില് വിത്ത്ണ്ടാവും. വല്യ വല്യ കുരു. അതിന്റെ പഴം തിന്നാന്‍ വല്യപാടാണ്."

"ശരിയ്ക്കും? പഴത്തിന്റെ ഷേപ്പു തന്ന്യാണോ?"

"പിന്നില്ലാണ്ട്!! എലേം വാഴേം പഴോം ഒക്കെ സാധാരണ പോലെ. ഉള്ളില് വിത്ത് വലുതായി മൂക്കുമെന്നു മാത്രം. സാദാ പഴത്തിലൊക്കെ കറുത്ത് കുത്തു കുത്തു പോലെ കാണില്ലേ? ഇതിനകത്ത് ചാമ്പയ്ക്ക വിത്തിന്റെത്രേം വലുപ്പായീണ്ടാവും."

"ഓ.. ഇതെനിയ്ക്കു മനസ്സിലായി അമ്മമ്മേ. അതാണ് വൈല്‍ഡ് ടൈപ്പ് വാഴ. അതില് ലൈംഗിക പ്രത്യുത്പാദനം നടന്ന് വിത്ത്ണ്ടാവും. നമ്മള് സാധാരണ കഴിയ്ക്കണ പഴോക്കെ കായിക പ്രജനനം വഴി ണ്ടാവ്ണതാ."

"അങ്ങനെ പറഞ്ഞാ?"

"കായിക പ്രജനനംന്ന് വെച്ചാല്‍... വാഴേടെ കെഴങ്ങല്ലേ നടുക?"

"അതേ. വാഴക്കന്നെന്നു പറയും." 

"പൂവും കായേം ഉണ്ടായി, അതിലെ വിത്തില്‍ നിന്ന് ചെടി വളരുന്നതാണ് ലൈംഗിക പ്രത്യുത്പാദനം." 

"ചക്കക്കുരു മൊളച്ച് പ്ലാത്തൈ ഉണ്ടാവ്ണ പോലെ."

"അതന്നെ. സാദാ വാഴ ട്രിപ്ലോയിഡാണ്. അതില് മൂന്നു സെറ്റ് ക്രോമോസോമാണ്. അതിന് കറക്ടായി വിഭജിച്ച് അണ്ഡവും ബീജവുമാകാന്‍ പറ്റില്ല. നമ്മളേലൊക്കെ രണ്ട് സെറ്റ് ക്രോമോസോമല്ലേ? കല്ല് വാഴേലും രണ്ടു സെറ്റ് ക്രോമോസോമാണ്. അത് നേരാംപാട്ടിന് വിഭജിച്ച് അണ്ഡവും ബീജവും ഉണ്ടായി ബീജസങ്കലനം നടന്ന് വിത്തുണ്ടാവും. പക്ഷെ ആ പഴം വിത്തുള്ളോണ്ട് തിന്നാന്‍ കൊള്ളൂല്ല. നമ്മളിപ്പോ തിന്നണ വാഴപ്പഴങ്ങളൊക്കെ ട്രിപ്ലോയിഡായതു കാരണമാ ആള്‍ക്കാര്‍ക്ക് തിന്നാനിത്ര സുഖം. അസീസ് സാറ് പറഞ്ഞു തന്നതാ." 

"എനിക്കൊരു പിടീല്ല. നെന്റെ ശാസ്ത്രം."

"അദ് സാരല്ല. അമ്മമ്മ കായദോശ പറയൂ." 

"അരിഞ്ഞ് വെള്ളത്തിലിട്ട കായക്കഷ്ണം മിക്‌സീലിടാ. എന്നിട്ട്, ലേശം പച്ചരിയിട്ട് പാകത്തിനു മാത്രം വെള്ളം കൂട്ടി അരച്ചെടുക്കണം. പണ്ടൊക്കെ അരി കൊറച്ചിട്ട് കായകൊണ്ടന്നെ വയറ് നെറയ്ക്കലായിരുന്നു. ഇപ്പോ കൊറോണക്കാലായാലും അരിയ്ക്ക് ക്ഷാമമൊന്നും ഇല്ലല്ലോ. മുറിച്ചു വെച്ച കായേടെ അത്രന്നെ അരിയിട്ടു ഞാന്‍." 

"അയ്യേ... ദെന്താ ബ്രൗണ്‍ കളറ്? ഒരു കറുപ്പ് പോലെ! വയലറ്റ് കളറൂണ്ട്!" 

"അതൊന്നും സാരല്ല. കായക്കറയല്ലേ? കാളകൂടവെഷൊന്ന്വല്ല. കളറ് നോക്കീട്ടാ തിന്നാ? നെണക്കത്ര ചേതാച്ചാല്‍ ലേശം മഞ്ഞപ്പൊടി ഇട്ടോ. ലേശം ഉപ്പും. മാവ് റെഡിയായി. ദോശ ഞാന്‍ ചുടുമ്പോഴേയ്ക്ക് തേങ്ങ ചിരവി ലേശം ചമ്മന്ത്യരയ്ക്ക്." 

"അപ്പോ ആകെ ത്രേള്ളൂ!! നനച്ച അരീം കായേം ഉപ്പും? 

"വേണെങ്കി തേങ്ങയരച്ച് ചേര്‍ക്കാം. അതു ചെലപ്പോ വല്ലാണ്ട് സോഫ്റ്റാവും. ഇന്നിപ്പോ ഇതുമതി. ബാക്കീള്ള കായോണ്ട് ഇനിയൊരൂസം നമ്മക്ക് ഇഞ്ചീം പച്ചമൊളകും അരച്ചിട്ട് ദോശയുണ്ടാക്കാം. അതിന് രുചി കൂടും. നാല് കറിവേപ്പിലേം അരിഞ്ഞിടണം."

ഝടുതി വീക്ഷണത്തിന്;

*രണ്ടുമണിക്കൂറെങ്കിലും കുതിര്‍ത്ത പച്ചരി- ഒരുകപ്പ്
*പച്ചക്കായ അരിഞ്ഞത്- ഒരു കപ്പ്
ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് നേര്‍മയായി അരച്ചെടുത്ത് പുളിപ്പിയ്ക്കാതെ ദോശ ചുട്ടെടുക്കുക. 
പുളിച്ചമോരോ പുളിവെള്ളമോ ഇട്ട് കായക്കഷ്ണം തിരുമ്മിക്കഴുകിയാല്‍ കറപോയി കുറച്ചു നിറം വെയ്ക്കും. 

നമ്മുടെ പൂര്‍വ്വികരുടെ മുഖ്യ ആഹാരങ്ങളിലൊന്നായിരുന്നു വേവിച്ച കായ. പത്തു വാഴവെച്ച് അതിലൊമ്പതും കാറ്റത്ത് വീഴുമ്പോ നെഞ്ചത്ത് കൈവെച്ചാലും ഒരു കായപോലും കളയാതെ കഴിച്ചവരാണവര്‍. അന്നജം, A, C, B6 വിറ്റാമിനുകള്‍, മഗ്നീഷ്യം, പൊട്ടാസ്യം ലവണങ്ങള്‍ എന്നിവയടങ്ങിയ പച്ചക്കായ നാരുകള്‍ സമൃദ്ധമായ ഭക്ഷണമായതിനാല്‍ ശരീര ഭാരം കുറയാനും സഹായിക്കുന്നു. ണ്ണിത്തണ്ട് ദോശ ആദ്യ കമന്റിൽ.

2020 മാർച്ച് 27, വെള്ളിയാഴ്‌ച

ലോക് ഡൗൺ - ആണും പെണ്ണും

അവരെ പ്രകൃതി വിളിയ്ക്കയാണ്. ചാവൊളിപ്പിച്ച് പ്രലോഭിപ്പിച്ച് വിളിയ്ക്കുന്നു. അവര്‍ പോകും. രോഗം വാങ്ങും. ഏറെപ്പേര്‍ക്ക് കൊടുക്കാനുണ്ട്. ഏറെ കട്ടിലുകള്‍ ഒഴിയ്ക്കാനുണ്ട്. ചാരുകസേരകളും റിമോട്ടുകളും പത്രങ്ങളും തിരക്കൊഴിഞ്ഞ് അവരെക്കാത്തിരിയ്ക്കുന്ന ഒരു നാളെ വരാനുണ്ട്. 

വിലക്കുകള്‍ ലംഘിച്ച് പുറത്തു വെറുതെ കറങ്ങാനിറങ്ങുന്നവര്‍ കൃഷി, ശുചീകരണം, അറ്റകുറ്റപ്പണികള്‍, വായന എന്നിവയിലൊന്നും മനസ്സു നില്‍ക്കാത്ത ഒരു വിഭാഗം ആളുകളാണ്. മിക്കവരും ആണുങ്ങള്‍ തന്നെ. 

സംശയിയ്ക്കേണ്ട. ശിലായുഗം മുതല്‍ ഗുഹയിലിരുന്ന്/ മാടത്തിലിരുന്ന്/ വീട്ടിലിരുന്ന് പരിചയമില്ലാത്ത ഒരു Y ക്രോമോസോം അവരുടെ ഓരോ കോശങ്ങളിലും അടക്കം ചെയ്യപ്പെട്ടിരിക്കുന്നു. പുറത്തിറങ്ങാനും കറങ്ങി നടക്കാനും പ്രലോഭിപ്പിയ്ക്കുന്നത് ആരും കാണാതെയെടുത്തിരുന്ന ഒരു പുകയോ ഒരുകവിള്‍ മദ്യമോ മതിലിനപ്പുറത്തെ മന്ദാരച്ചോട്ടില്‍ നിന്നു തൊടുത്തുവിട്ട ഒരു കടമിഴിക്കവിതയോ ആകണമെന്നില്ല. നായാടാനും നീലവാനച്ചോട്ടില്‍ നീന്തി കാതങ്ങള്‍ താണ്ടാനും പ്രേരിപ്പിക്കുന്ന ഒരു ജനിതക നിനവുമാകാം. 

ശിലായുഗം മുതല്‍ ആണുങ്ങള്‍ നായാടാൻ പോയ പകല്‍സമയങ്ങളില്‍ പെണ്ണുങ്ങള്‍ ഗുഹയിലും മാടത്തിലും വീട്ടിലും പരിസരങ്ങളിലുമായി കൃഷി, അലങ്കാരം, വീടുനോക്കല്‍, വൃദ്ധരുടെയും കുട്ടികളുടെയും പരിചരണം എന്നിവയില്‍ വാപൃതരായിരുന്നു. അതിനാല്‍ ലോക്ഡൗണ്‍ അവര്‍ക്കു പുത്തരിയല്ല, റേഷനരി മാത്രം! 

ഭാഷ വളര്‍ന്നത് പെണ്ണിലൂടെയാണ്. കലകളും. അയലോക്ക ഗുഹയിലെ കൂട്ടുകാരികളോടും കുട്ടികളോടും വിവരങ്ങള്‍ കൈമാറാനും സംവദിയ്ക്കാനുമായി അവളുണ്ടാക്കിയതാണ് ഭാഷ. എന്നാല്‍ വനാന്തരങ്ങളില്‍ ഇരയുടെയും ഹിംസ്രജന്തുക്കളുടെയും ശ്രദ്ധയില്‍ പെടാതെ സഞ്ചരിക്കാനും മണിക്കൂറുകളോളം ഇരയുടെ മാളത്തിനു മുന്നില്‍ ഏകാഗ്രതയോടെ അനങ്ങാതിരിക്കാനും അവന് തോനെ ഭാഷയൊന്നും വേണ്ടായിരുന്നു. തുച്ഛം വാക്കുകള്‍, മിച്ചം ആംഗ്യങ്ങൾ.. വേട്ടകഴിഞ്ഞു വന്നാല്‍ ഗുഹയ്ക്കു മുന്നില്‍ തീ കൂട്ടി കിട്ടിയ ജന്തൂനെ തൂക്കിയിട്ട് ചുടും- ബാര്‍ബെക്യൂ ചെയ്യും ബാര്‍ബേറിയന്മാര്‍. 

ആ പന്നിയോ പോത്തോ പെരുച്ചാഴിയോ വേവുന്നവരെ ആളുന്ന തീയും നോക്കി നിര്‍ന്നിമേഷനായി ഇരിയ്ക്കും. ഓഫീസു വിട്ടുവന്ന് റിമോട്ടും പിടിച്ച് ടിവിയ്ക്കു മുന്നിലിരിയ്ക്കും പോലെ. 

ചറപറചറപറ പറയുന്ന അവളെ ക്ഷുദ്രജീവിയെ നോക്കുന്ന പോലെ അവന്‍ നോക്കും- പ്രാചീന ശിലായുഗത്തിലെ അതേ നോട്ടം. കൊറോണക്കാലത്ത് വീട്ടിലിരിക്കുമ്പോ, കഴിയ്ക്കുമ്പോ, ടിവി കാണുമ്പോ, പേപ്പറ് വായിയ്ക്കുമ്പോ ഒക്കെ അവള്‍ ഭാഷയെടുത്ത് അമ്മാനമാടും. ഇതെന്തൊരു മാരണം- പലകാര്യങ്ങളിൽ ഒേ സമയം ശ്രദ്ധിയ്ക്കാനറിയാത്ത, ഇരപിടിയ്ക്കാനായി മാളത്തിനു മുന്നില്‍ ഏകാഗ്രതയോടെ കാത്തിരുന്ന അതേ അവന്‍ ക്രുദ്ധനാകും. അവള്‍ ഗ്രാസ് കട്ടറെടുക്കും. അത്രതന്നെ. പുല്ല്, പുല്ലാണിതവള്‍ക്ക്. 

കൊറോണക്കാലത്ത് വീടകങ്ങളില്‍ യുദ്ധമുണ്ടാകാതിരിയ്ക്കാന്‍ നിങ്ങളിതറിയണം:
* അവള്‍ മിണ്ടുന്നെങ്കില്‍ അവള്‍ സുഖമായിരിയ്ക്കുന്നു എന്നര്‍ത്ഥം.
* അവന്‍ മിണ്ടുന്നില്ലെങ്കില്‍ അവനും സുഖമായിരിയ്ക്കുന്നു എന്നര്‍ത്ഥം.
* അവള്‍ പലകാര്യങ്ങള്‍ ഒരുമിച്ചു പറയും. 
* ഒരേ സമയം പലതു പറയുന്നത് മൾട്ടി ടാസ്കിലുള്ള വൈദഗ്ധ്യമായല്ല- ശ്രദ്ധ തിരിക്കുന്ന അവഹേളനമായി അവനു കരുതാം.
* ദിക്കുകളെക്കുറിച്ചുള്ള കണക്കുകൂട്ടലുകളിലും സൂഷ്മതയിലും ഏകാഗ്രതയിലും അവന്‍ മുന്നിലാണ്. 
* വീട്ടിനകത്തും പരിസരത്തും താരതമ്യേന ഉപയോഗശൂന്യമായേക്കാവുന്ന അവന്റെ കഴിവുകളെക്കുറിച്ചു മതിപ്പുണ്ടാക്കിയെടുക്കാന്‍ അവളും ശ്രദ്ധിയ്ക്കണം. കാരണം കൊറോണക്കാലത്ത് വേട്ടയില്ല. അവളുടെ സാമ്രാജ്യത്തില്‍ അവന്‍ തളയ്ക്കപ്പെട്ടിരിക്കുന്നു. അവളുടെ ശരികള്‍, അവളുടെ വിജയങ്ങള്‍.. അധീനപ്രവിശ്യയെ അടാളപ്പെടുത്താന്‍ മൂത്രമൊഴിച്ചു വെയ്ക്കുന്നത് അവളുടെ ശീലമല്ല. മമത കൊണ്ടും അവഗണന കൊണ്ടും അടയാളപ്പെടുത്താന്‍ അറിയുന്നവളാണവള്‍. ലോക്ഡൗണ്‍ കാലം Y ക്രോമോസോമുകളെ ഉലുവവെള്ളം തിളപ്പിച്ചു കുടിപ്പിച്ച് തണുപ്പിച്ചാണെങ്കിലും വീട്ടിലിരുത്തിയേ മതിയാകൂ. മടുക്കാതിരിക്കാന്‍ മടുപ്പിക്കാതിരിക്കാന്‍ അവള്‍ അവനെയറിയണം അവനവളെയും. 

സമയാസമയങ്ങളില്‍ ലഹരിമരുന്നു കിട്ടാതെ പരിഭ്രാന്തരാകുന്നവരില്‍ ചിലരെയെങ്കിലും നേരത്തെ കമ്‌ടെത്തിയതിനാല്‍ രക്ഷപെടുത്താനാകുന്ന ഭാഗ്യമുള്ള രക്ഷിതാക്കള്‍ ഈ കൊറോണക്കാലത്തുണ്ടാകാം. പുറത്തു പോകാനുഴറുന്ന, അതിയായ പരിഭ്രമമുള്ളവരെ വീട്ടുകാര്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ അല്ലേ? എന്റെ വീട്ടില്‍ രോഗം വരില്ല എന്ന അന്ധവിസ്വാസം പോലെ തന്നെയാണ് എന്റെ മകന്‍/മകള്‍ ലഹരി മരുന്ന് എടുക്കില്ല എന്നതും. 
(എത്ര രഹസ്യ പ്രേമങ്ങള്‍ തകര്‍ത്തതിന്റെ പാപം ഈ പോസ്റ്റിനു കിട്ടുമോ ആവോ... ???? ഈ ഭാഗം മനസ്സിലായില്ല. പ്രേമം എങ്ങനെ തകരാന്‍.  പിന്നെ ലഹരി മരുന്ന് ഭാഗം മുന്‍പിലത്തെ ഭാഗവുമായി യോജിക്കുന്നില്ല വേറെ പോസ്റ്റാണെങ്കില്‍ ഓക.

2020 മാർച്ച് 24, ചൊവ്വാഴ്ച

social services at the time of covid19

അഭ്യസ്തവിദ്യരേ, ആരോഗ്യ ദൃഢഗാത്രരായ ചെറുപ്പക്കാരേ.. 
വീട്ടിലിരുന്നു മടുത്തതു കൊണ്ടല്ല- സത്യമായിട്ടും സാമൂഹ്യ സേവനത്തിനുള്ള ത്വര കൊണ്ടാണെങ്കിൽ നിങ്ങൾക്കിതാ ടിപ്സ്

പ്രളയക്കാലത്തെ പോലല്ല; -ആളുകൾ വീടുകളിലാണ്. അവർക്കു സ്വയം പാകം ചെയ്യാം. കിട്ടുന്ന സാധനങ്ങൾ പൊതിയഴിച്ച്, കഴുകി, വേവിച്ചു തിന്നുന്നതാണ് അവർക്കും സുരക്ഷിതം.
-ഭക്ഷണ സാധനങ്ങൾ സമാഹരിയ്ക്കുക, വിതരണം ചെയ്യുക എന്നതിൽ പ്രവർത്തനമൊതുക്കുമ്പോൾ സേവന സന്നദ്ധരും സുരക്ഷിതർ.
-ജോലിഭാരം കുറയുന്നു.
-സമയലാഭം. ലാഭം കിട്ടിയ സമയം വീട്ടിലിരിക്കണം.
-പാചകം ചെയ്യാനുള്ള സംവിധാനങ്ങൾ, ചെലവ്... ഒന്നും വേണ്ട.
-പാകം ചെയ്ത ഭക്ഷണം കേടുവരുന്നതിനു മുമ്പേ ആവശ്യക്കാർക്കെത്തിക്കാൻ ഓട്ടപ്പാച്ചിൽ വേണ്ട. 
-പാകം ചെയ്യാത്തതു കാരണം മിച്ചം വന്നത് വേദനയോടെ കളയേണ്ടി വന്ന പ്രളയകാല സ്ഥിതി ഇല്ല.
-ഐസൊലേഷനിലുള്ള തീരെ ക്ഷീണിതരായ രോഗികൾക്കും പ്രായം ചെന്നവർക്കും വീടില്ലാത്തവർക്കും ആശുപത്രിവാസികൾക്കും മാത്രം മതി കഞ്ഞി. ലേശം പയറോ ചമ്മന്തിയോ കൂടി.
-രോഗികൾക്ക് അത്യാവശ്യമായിട്ടുള്ളവ പാരസെറ്റമോളും വേദനസംഹാരികളും ചൂടു കുടിവെള്ളവുമാകും.
-കടയിൽ പോകാനാവാത്തതിനാൽ പ്രായമേറിയവർക്ക് അവശ്യസാധനങ്ങൾ വീട്ടുമുറ്റത്തെത്തിയ്ക്കാം. -പണം തരാൻ കഴിവും സന്നദ്ധതയുമുള്ളവരിൽ നിന്ന് വിലയീടാക്കാൻ മറക്കണ്ട. അത്യാവശ്യക്കാരുടെ പട്ടിണി മാറണം. എത്ര ദിവസത്തേക്കു വേണ്ടി വരുമെന്ന് പറയാനാവില്ലല്ലോ. -കഷ്ടപ്പാടുകൾ രണ്ടു മൂന്നാഴ്ചകൾക്കപ്പുറവും നീണ്ടേയ്ക്കാം. വിശപ്പ് എന്നുമുണ്ട്. അതിനാൽ സദ്യ വേണ്ട- ധൂർത്തും.
-പച്ചക്കറി കർഷകരിൽ നിന്നു വാങ്ങി ആവശ്യക്കാർക്ക് മുറ്റത്തെത്തിയ്ക്കാം. പൈസ തരുന്നവരിൽ നിന്നു വാങ്ങിയാൽ കൃഷിക്കാരനു നഷ്ടമാവില്ല.
-ക്ലീൻ ആൻ്റ് സേഫ്ടി മെഷേഴ്സിൽ വിട്ടുവീഴ്ചയരുത്. വീട്ടിൽ പ്രായമായവരോ രോഗികളോ ഗർഭിണികളോ കുഞ്ഞുങ്ങളോ ഉണ്ടെങ്കിൽ സാമൂഹ്യ സേവനത്തിനു ശേഷം ഐസൊലേഷൻ നിർബന്ധം. 
-കൈ കഴുകലും വാമൂടലും ആളകലവും ഒന്നും മറക്കണ്ട. 
-സംഘ പ്രവർത്തനത്തിൽ മാത്രമല്ല ഒറ്റതിരിഞ്ഞുള്ള അദ്ധ്വാനത്തിലും നേതൃത്വം, നിരീക്ഷണ പാടവം, കൃത്യത, മന:സാന്നിദ്ധ്യം ഒക്കെ കൂട്ടിനു വരട്ടെ.
ആശംസകൾ
Prasanna Janardhan

2020 മാർച്ച് 22, ഞായറാഴ്‌ച

not to be panic

'ഭീതി വേണ്ട; കരുതല്‍ മതി' 

"സർക്കാരങ്ങന്യൊക്കെ പറയും. സത്യം പറഞ്ഞോളീ. ങ്ങക്ക് പേടീണ്ടോ?"

"അങ്ങനെ ചോയ്ച്ചാൽ.. ബടെ പ്പോ ഞാനും ഓളൂല്ലേ വയസ്സായതായിട്ട്? ഓള്ക്ക് ലേശം വലിവിൻ്റെ അസുഖം ണ്ടല്ലോ. ഇനിയ്ക്കാണെങ്കി നാലഞ്ചു വർഷായിട്ട് പ്രഷറിൻ്റെ ഗുളികേം ണ്ട്.''

"അയിനിപ്പോ ങ്ങള് പൊറത്ത്യ്ക്കൊന്നും എറങ്ങ്ണില്ലല്ലോ."

"അദ് ശര്യാണ്. പ്പോ രമണീം തൊഴിലൊറപ്പിന് പോണത് നിർത്തി. സ്വാതിയ്ക്ക് സ്ക്കൂളൂല്ല. ദാസൻ ഈ വർഷം എന്തായാലും വരൂല്ലല്ലോ. ഞാളാരും പൊറ്ത്തിയ്ക്കെറങ്ങാറേ ല്ല.''

"അപ്പൊ വീട്ട്ത്തെ കാര്യം?''

''അയിനിപ്പോ ഞങ്ങക്ക് വല്യേ ധൂർത്തൊന്നൂല്ലെയ്. രമണീടേല് ഇട്ത്ത് വെച്ച കാശോണ്ട് പലേരക്ക് സാമാനം ഒന്നിച്ച് കൊറച്ച് വാങ്ങി. പിന്നെ, ഓനയച്ച കാശ് ത്തിരി ബാങ്കിലിടാതെ കയ്യില്ണ്ട്. ൻ്റെ കയ്യിലൂണ്ട് ലേശം. പിന്നേ.. എടയ്ക്കൊന്ന് മുക്കവല വരെ നടന്ന് കടേപ്പോയിരുന്നതായിരുന്നു ഞാനാകെ ചെയ്തിര്ന്നത്. അതും നിന്നു."

"ദാസനെന്ത് പറേണു?"

"ഓനിപ്പോ പണീ ണ്ട്. പക്ഷേ, എപ്പ വേണെങ്കിലും ഓഫീസു പൂട്ടുംന്നാണ് പറേണത്. ഓനതൊന്നും പേടില്ല. പട്ടിണിക്കാലൊന്നും നമ്മക്ക് പുത്തരിയല്ലാന്ന്. മീനും പാലും നിർത്തീല് സ്വാതിയ്ക്കാ വല്യ സങ്കടം. പക്ഷെ, തൊക്കെ ജീവിതത്തില് അറിഞ്ഞ് പോകണ്ട പാഠങ്ങളല്ലേ?"

"അപ്പൊ ങ്ങള് കംപ്ലീറ്റ് ഓക്ക്യാണ്. ല്ലേ?"

"അയെങ്ങന്യാടാ? ഇത്ര അട്ത്ത് ണ്ടായ അന്നെന്നെ പ്പൊ മൊഖത്തോടുമൊഖം കാണാമ്പറ്റ്വോ? ഫോണിലല്ലേ?"

"അദൊക്കെ ഈയൊരു രണ്ടുമൂന്നാഴ്ച കഴിഞ്ഞാ കാണാലോ ഉത്തമേട്ടാ. കൊറോണ്യൊക്കൊന്ന് മാറട്ടെ."

"അദാണിൻ്റെയൊരു വെഷമം. ഞങ്ങളെപ്പോലെ പത്തമ്പത്തഞ്ചു കഴിഞ്ഞോര്യൊന്നും നി യ്യൊന്നും കാണല്ണ്ടാവില്ല. ഓള്ക്കാണെങ്കീ പണ്ടേ ആസ്മ.. ഓളില്ലാതെ ഞാനില്ലെടാ. അതൊറപ്പാ."

"അദെന്താ ഉത്തമേട്ടാ ങ്ങള് അങ്ങനെ പറഞ്ഞത്? ങ്ങളാരും പൊറത്തെറങ്ങ് ണില്ലല്ലോ? പിന്നെന്താണ്?"

"ന്നാലും ചാനലിലൊക്കെ എപ്പഴും പറയിണ്ടെടാ. ഇറ്റലീലൊക്കെ പ്രായായോര് മുഴോനെ ചത്തില്ലേ?"

"അദ്  ശര്യാണ്. ങ്ങളൊക്കെ സൂക്ഷിക്കണം. വയസ്സമ്മാരൊക്കെ വട്യാവുംന്നാ ന്യൂസിലൊക്കെ പറയ്ണദ്. ഞങ്ങളെപ്പോലെ ള്ളോർക്കൊന്നും ഒന്നും പേടിയ്ക്കാനില്ല."

"അദെന്താടാ യ്യ് അങ്ങനെ പറയ്ണദ് ? അണക്ക് അച്ഛനുമമ്മേംണ്ടെങ്കി യ്യ് ങ്ങനെ പറയ്വോ?"

"ദ് പ്പൊ ഞാമ്പറഞ്ഞതല്ലല്ലോ. എല്ലാരും പറയ് ണ്ട്. പേപ്പറിലും ന്യൂസിലുമൊക്കെ ള്ളദല്ലേ?"

"സഹജീവികളോട് ത്തിരി കരുണ വേണെടാ. അൻ്റെ പ്രായല്ലേ ഞങ്ങടെ ദാസൻ? ഓനെന്താ പറഞ്ഞത് ന്നറിയ്യോ? ഒരൂസം അര മണിക്കൂറിലധികം ന്യൂസു കാണാമ്പാടില്ലെന്ന് നിയമം വെച്ചിരിയ്ക്കാണ്. ഞങ്ങള് എല്ലാരും കൂട്യാണ് പ്പൊ എല്ലാ പണീം.ന്ന്ട്ട് പണി തീർന്ന് എല്ലാരും കൂടി ടീവീല് ദിവസം ഒന്നോ രണ്ടോ സിനിമ കാണും. ജന്തുക്കൾടെ ചാനലും സഞ്ചാരോം ഒക്കെ കാണാം. വാർത്ത മാത്രം രാവിലെ ഒന്നു വെക്കും. രാത്രി ഓൻ വിളിക്കും. പ്പൊ പണ്ടത്തേക്കാൾ കൂടുതല് നേരം ഓരോരുത്തരോടും സംസാരിക്കും. രമണി സ്വാതീനെ കെളയ്ക്കാൻ പഠിപ്പിച്ചു. ഓള് ഏഴിലല്ലേ? ഇന്നാള് തുന്നാൽ പഠിയ്ക്കേണ് ന്ന് പറഞ്ഞ് ൻ്റെ തോർത്തിൻ്റെ അരികൊക്കെ കളറ് നൂലോണ്ട് തുന്നിത്തന്നു. ദാസനാണെങ്കി ഓളെ ഞാൻ തെങ്ങ് കേറ്റം പഠിപ്പിയ്ക്കണം ന്ന്. ഇപ്പൊ കൊറച്ച് നേരം അദും പഠിപ്പിയ്ക്കും. വെറുതേ ന്യൂസും കണ്ട് പ്രാന്ത് പിടിച്ചാ എന്താ ഗുണംന്നാ ഓൻ ചോദിയ്ക്കാ. ഞങ്ങള് തത്കാലം പൊറത്തെറങ്ങില്ല. കൊറോണ കഴിഞ്ഞാലും ദൈവം സഹായിച്ച് മ്മള് ബടെ ത്തന്നെ ണ്ടാവും. യ്യ് വരണം. സ്വാതി എളനീരിട്ടു തരും. ഞങ്ങള് നല്ലോണം ശ്രദ്ധിയ്ക്ക്ണ് ണ്ടെടാ. അപ്പൊ വെയ്ക്കട്ടെ. കൊറോണ കഴിഞ്ഞിട്ട് കാണാ.യ്യ് വലി നിർത്താത്തോണ്ട് ഒന്ന് ശ്രദ്ധിച്ചോട്ടോ. ആർക്കാ എന്താന്ന് ദൈവത്തിനറയാം.''

.................................................

പ്രതിരോധം വേണം. ശ്രദ്ധ വേണം. മുൻകരുതലുകളും മുന്നറിയിപ്പുകളുമാകാം. പക്ഷെ, ഭീതി വേണ്ട. ഭയപ്പെടുത്തുകയുമരുത്. 
കുറച്ച് ഭീതിയൊക്കെ ഉള്ളവർ തുടർച്ചയായി വാർത്ത കാണുന്നത് ഒഴിവാക്കണം. പ്രത്യേകിച്ചും പ്രായമായവരും മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരും ഉത്കണ്ഠാരോഗങ്ങളിലേയ്ക്കു വീണു പോകാതിരിയ്ക്കാൻ കൂടെയുള്ളവർ ശ്രദ്ധിയ്ക്കണം. മരണമാണു തൊട്ടു മുൻപിൽ എന്ന ചിന്ത ഉണ്ടാക്കി അവരെ കൊലക്കയർ കാത്തു കഴിയുന്ന കുറ്റവാളികളുടെ മാനസികാവസ്ഥയിലേയ്ക്ക്  കൊണ്ടുവരാതിരിയ്ക്കുക. സമൂഹത്തെ നന്നാക്കാൻ കാത്തു നിൽക്കാതെ തത്കാലം ഇപ്പോൾ നാം നന്നാകുക. അഹങ്കാരമില്ലെങ്കിലും ആത്മവിശ്വാസത്തോടെ ഇരിയ്ക്കുക.

2020 മാർച്ച് 20, വെള്ളിയാഴ്‌ച

പ്ലേഗ്



അഞ്ചപ്പം അഞ്ഞൂറാൾക്ക് വീതിക്കേണ്ടി വന്ന പ്രകൃതി ആളോഹരി ക്രമപ്പെടുത്താൻ ആൾക്കാരുടെ എണ്ണം കുറയ്ക്കാൻ പറഞ്ഞയച്ച കുഴലൂത്തുകാരൻ - the pied piper.


https://youtu.be/r3tlIPp1kK0

കൊതു

03.03.2020- കൊറോണയുടെ ആദ്യ വാർത്തകൾ നമ്മെ അലോസരപ്പെടുത്താൻ തുടങ്ങിയിട്ടേയുള്ളൂ. ആറാം ക്ലാസ്- ഒട്ടകവും കളളിച്ചെടിയും സിംഹവും മാനും സൂചികാഗ്രമരങ്ങളും യാക്കും മത്സ്യവും ഡോള്‍ഫിനും പായലും കഴിഞ്ഞ് ഉഭയജീവിയായ തവളയിലെത്തി നില്‍ക്കുകയാണ് പരിസ്ഥിതി പാഠം. അപ്പോഴാണീ ചോദ്യം. 

"Mam, Which is the most dangerous organism in the whole world?"

ഉത്തരമറിയാത്ത കൗതുകച്ചോദ്യമായതിനാൽ ഞാൻ ചിന്തിച്ചു. മരുഭൂമിയിലെ വിഷപ്പാമ്പോ  ടൊറണ്ടുല എട്ടുകാലിയോ എന്നെ പേടിപ്പിക്കുന്നില്ല. മണ്ണിനടിയിലെ പഴുതാരയില്‍ നിന്ന് സിംഹവും പെരുമ്പാമ്പും നരിച്ചീറും കഴുകനും... ആകാശത്തോളം കണ്ണുപായിച്ചാലും most dangerous എന്നു തീര്‍ത്തും വിളിക്കാവുന്ന ആരാണുള്ളത്!
ഗഹനമായ മൗനത്തിന്റെ അറ്റത്ത് ഞാന്‍ പുഞ്ചിരിയോടെ പറഞ്ഞു; 

"മനുഷ്യൻ- Homo sapiens."

"ങ്‌ഹേ!!"

അവരൊരുനിമിഷം സ്തംബ്ധരായി എന്നെ നോക്കി. പെട്ടെന്നു തന്നെ ആ ഉത്തരത്തിന്റെ ആഴവും പരപ്പും തിരിച്ചറിഞ്ഞ ആകാശ് അവന്റെ വഴുത്തുമിനുത്ത അമേരിക്കന്‍ ഉച്ചാരണത്തില്‍ ചോദ്യമൊന്നു മാറ്റിപ്പിടിച്ചു. 

"Then Mam, tell us, on earth which is the most dangerous animal to human beings?"

അതെ. വീണ്ടും ചോദ്യം തന്നെ. ഞാനൊന്നു കുഴഞ്ഞു. ഒരു നിമിഷം. ഏതാണത്? പാമ്പ്, സിംഹം, പുലി, വിഷത്തവള, പിരാന!! പെട്ടെന്നെനിയ്ക്കു വീണ്ടും തെളിഞ്ഞു. രണ്ടു ചിറകുകളും ആറു കാലുമുള്ള അവള്‍ തന്നെ.

"Mosquito- കൊതുക്."

"What!!! You said what??"

അതെ. ഡെങ്കി, മലേറിയ, ചിക്കുന്‍ഗിനിയ തുടങ്ങി ഏറ്റവുമധികം രോഗങ്ങള്‍ പരത്തി ഭൂമിയുടെ അധിപരെന്നു കരുതുന്ന മനുഷ്യരുടെ സമയവും ആരോഗ്യവും ജീവനും അമ്മാനമാടാന്‍ കഴിവുള്ള തളരാത്ത പരാക്രമി. പെറ്റു പെരുകാന്‍, തിരുവയറൊഴിയാന്‍ ഒരു തുള്ളി മാംസ്യപാനീയത്തിനായി മരണത്തോടു മല്ലിട്ടും മനുഷ്യരെ വേട്ടയാടുന്ന കാടിന്റെ പ്രിയപുത്രി. നാടിന്റെ, നഗരത്തിന്റെ ആത്മസഖി. സാര്‍വത്രിക. സര്‍വ്വംസഹ. നാദരൂപിണി. സംഹാരിണി. അടിയ്ക്കാനോങ്ങുമ്പോൾ തിരോധാനകരീശ്വരി..

വൈറസ് എന്നോ ബാക്ടീരിയയെന്നോ ഞാൻ പറയുമെന്നവർ കരുതിയിരിയ്ക്കുമോ? കൊറോണയെക്കുറിച്ച് എന്നിൽ നിന്നറിയാൻ അവർ ആഗ്രഹിച്ചിരുന്നിരിക്കാമെന്നു കരുതി പിറ്റേന്നതു പറഞ്ഞിരുന്നു. കറുത്തമരണപ്പേമാരി വിതച്ച എലിയെയും ഓർത്തിരുന്നു. പ്ലേഗ്- എലിപ്പനി. 

എന്തായാലും കുട്ടികളെല്ലാം വീട്ടിലാണ്. ഞാനവരെ കാണാൻ കൊതിയ്ക്കുന്നു. I terribly miss them. മഞ്ചേരിയിലെ സ്പ്രിങ്സ് ആശ്രമവും അവിടത്തെ കുടിൽ ക്ലാസ് മുറികളും മാങ്ങയും ചക്കയും നിറച്ചു നിൽക്കുന്ന മരങ്ങളും അവിടെ ചിലയ്ക്കുന്ന അനേകം അണ്ണാറക്കണ്ണൻമാരും പേരറിയാപ്പക്ഷികളും.. അതിലേറെയേറെയായി അവിടുത്തെ കുട്ടികളും.. I miss them all.

വീട്ടിലിരുന്നു ബോറഡിയ്ക്കുന്ന കുട്ടികൾക്കു കൊടുക്കാൻ എന്തുണ്ട് കയ്യിൽ! ഒരു പാട്ടിൻ്റെ link ഉണ്ട്. തീർച്ചയായും കേട്ടു പഠിയ്ക്കണം. നാടൻ പാട്ടല്ലേ.

'വൈക്കം കായലിലോളം തുള്ളുമ്പോളോർക്കും ഞാനെൻ്റെ മാരനെ..' പാട്ടിൻ്റെ ഈണം, അല്ലെങ്കിൽ
റിമി ടോമിയുടെ ആറുമുഖൻ്റെ കാവടിപ്പാട്ട് എന്നീ ഈണങ്ങളിൽ ചൊല്ലി നോക്കൂ.

ഉരുണ്ടപാറമേല്‍ പരന്ന കല്ലിന്മേല്‍
മലര്‍ന്നു ഞാനൊന്നു മയങ്ങുമ്പോള്‍
പൊടിപ്പും തൊങ്ങലും ചിറകും വച്ചൊരു
കൊതുകു വന്നെന്നെ കടിക്കുന്നേ...
കടിക്കുന്നേ, പറിക്കുന്നേ,
കടിച്ചിടം പറിച്ചെടുക്കുന്നേ
കടിക്കല്ലേകൊതു കടിക്കല്ലേ കൊതു
കൊതുകിനോടല്ലേ പറയുന്നേ.

അടിക്കും നിന്നെ ഞാന്‍,
പിടിക്കും നിന്നെ ഞാന്‍
പിടിച്ചകയ്യിലിട്ടരക്കും ഞാന്‍...
അടിച്ചാലും ശരി പിടിച്ചാലും ശരി
കുടിച്ച ചോര ഞാനെടുത്തിടും......

ഉരുണ്ടപാറമേല്‍ പരന്ന കല്ലിന്മേല്‍
മലര്‍ന്നുഞാനൊന്നു മയങ്ങുമ്പോള്‍
പൊടിപ്പും തൊങ്ങലും ചിറകും വച്ചൊരു
കൊതുകു വന്നെന്നെ കടിക്കുന്നേ...
കുത്തല്ലേ കൊതു, കടിയ്ക്കല്ലേകൊതു 
കടിച്ചു രോഗം പരത്തല്ലേ
കുത്തല്ലേ കൊതു, കടിയ്ക്കല്ലേകൊതു 
കടിച്ചു രോഗം പരത്തല്ലേ.


https://www.facebook.com/amritatelevision/videos/438346190039218/

https://en.wikipedia.org/wiki/List_of_deadliest_animals_to_humans


2020 മാർച്ച് 8, ഞായറാഴ്‌ച

ടി ഷർട്ട്

സ്പൺ തുണികൊണ്ടുള്ള കട്ടിയുള്ള വെളുത്ത ടീഷർട്ടാണിന്നിട്ടത്. അതിന്റെ കഴുത്ത് എന്റെ കഴുത്തിന് കുത്തിപ്പിടിച്ചതു പോലെ ഒരു സംതൃപ്തിയാണ് ഉണ്ടാക്കാറ്. അതിനുള്ളിലൂടെ തല കടക്കുന്നതെങ്ങനെയെന്ന് തലയ്ക്കു തന്നെ അത്ഭുതം തോന്നാറാണ്. പക്ഷെ,  ഇട്ടാൽ പ്രതാപകാലമാണ് ട്ടൊ. പെരും താപം. അതുകൊണ്ടുതന്നെ ഷെൽഫിനടിയിൽ ന്യൂട്ടനെ ധ്യാനിച്ച് ഒട്ടിക്കിടപ്പാണ്. ഇടാറില്ല. 

ഇന്നിട്ടു.  മുടി ഉണങ്ങിത്തീരുകയും ഊണുകഴിച്ചു കഴിയുകയും ചെയ്തുകഴിഞ്ഞു കഴിഞ്ഞപ്പോൾ  ക്യാബറെ കളിക്കാൻ തോന്നി.  എന്തായാലും വലിച്ചെറിയുകയാണെങ്കിൽ ഒരു പരീക്ഷണമാകാം.  വിനാശകാലേ വിപരീതബുദ്ധി എന്നല്ലേ? കത്രികയെടുത്തു. ഒന്നരയുടുത്തു നടന്നിരുന്ന പൂർവ്വികരെ ധ്യാനിച്ച് കഴുത്തിന് ഒന്നരയിഞ്ച് അകലം വെച്ച് വെട്ടിയെടുത്തു. പോനാൽ പോകട്ടും പോടീ. കഴുത്തിനു സ്വാതന്ത്ര്യ ദാഹം. പണ്ടേ നെഗളിപ്പാണ്. 

ഇട്ടുനോക്കി. ഓ! ബെസ്റ്റ്.  മടക്കിയടിക്കാൻ എന്റെ പല്ലി വരും.  തത്കാലം അഡ്ജസ്റ്റ് ചെയ്യണം. പട്ടി ഇല്ല. ഞാനേയുള്ളൂ. പിന്നെ, തലയ്ക്കുമീതെ കീഴ്ക്കാംതൂക്കായ മേൽക്കൂരയിൽ ഇരുന്ന് ഞാനിപ്പോ നാലുകാലും വിട്ട് നിന്റെ നെറുകുംതലയിലേക്ക് ചാടും എന്നു പേടിപ്പിക്കുന്ന പല്ലി.  ബ്ലാക്ക് ആൻഡ് വൈറ്റ് കാട്ടമിട്ട് യൂറിക്കാസിഡ്  ബോംബെറിയുന്ന ഭീകരൻ. 

വെറുപ്പിച്ച്. ഒരു കഴുത്തു വെട്ടിയതിനാണോ  ഈ കലാപം! ഇന്നാട്ടിൽ ഇതൊക്കെ ഒരു സാധാരണ സംഭവമായിക്കൊണ്ടിരിയ്ക്കല്ലേ? നാക്കിനെല്ലില്ല. Tongue has no bones. No shame and sky. Get out house. വീട്ടീപ്പോടീ..