2018 ജൂലൈ 28, ശനിയാഴ്‌ച

മത്സ്യകന്യക

മത്സ്യകന്യകളെപ്പറ്റി നിങ്ങൾക്കെന്തറിയാം? അരയ്ക്കു മുകളിലേയ്ക്കു മോഹിപ്പിക്കുന്ന പെണ്ണുടൽ, അഴിച്ചിട്ട നീളൻ മുടി, സ്വർണ്ണവർണ്ണം; അല്ലെങ്കിൽ വെളുപ്പ്.( ഉറപ്പാണല്ലേ? കറുത്ത മത്സ്യകന്യക മൂന്നാം ലോകരാജ്യത്തെ സമത്വമെന്ന് കരയുന്ന ഏതോ ചിത്രകാരന്റെ ക്യാൻവാസിൽ മാത്രമേയുള്ളൂ)

നിലാവത്തും വെയിലത്തും കടലിലെ കൊച്ചു പാറപ്പുറത്ത് കയറിയിരിക്കുകയും ദൂരെ കടൽപ്പാലത്തിലോ, ദ്വീപിലോ, കപ്പലിലോ തെളിയുന്ന മനുഷ്യരൂപങ്ങളെ അസൂയയോടെ വീക്ഷിക്കുകയും ഏറിയാൽ അവരിലൊരു രാജകുമാരനെ കാംക്ഷിക്കുകയും ചെയ്യുന്ന മത്സ്യകന്യകളെപ്പറ്റി മാത്രമേ കഥകൾ നമ്മോട് പറയുന്നുള്ളൂ. ഇതിലപ്പുറം നിങ്ങൾക്കെന്തറിയാം?

കായികബലവും അധികാരവും ഉപയോഗിച്ച് അനേകം സ്ത്രീകളെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്ന പുരുഷന്മാരാണ് മത്സ്യകന്യകളായി പുനർജനിക്കുന്നത്. പെണ്ണായിപ്പിറന്ന എല്ലാത്തിനേയും പ്രായബന്ധഭേദമെന്യേ ഭോഗിക്കാം എന്നു കരുതുന്ന, ലിംഗവും വൃഷണങ്ങളും ആധിപത്യം സ്ഥാപിച്ച തലച്ചോറോടുകൂടിയ ആണുങ്ങൾ- അവരാണ്  മത്സ്യകന്യകളാകുന്നത്. ചൂടത്തും മഴയത്തും ഒരുപോലെ സ്ത്രീകളെ കനത്ത കറുപ്പുകൊണ്ടു മൂടുന്ന, കണ്ണുകൾ പോലും വലയ്ക്കകത്താക്കുന്ന, നോട്ടങ്ങളെ, കാഴ്ചകളെപ്പോലും ഇരുട്ടുവലയിൽ അരിച്ചു കൊടുക്കാൻ നിർദ്ദേശിക്കുന്ന സ്വാർത്ഥരായ കംസൻമാരാണ് അർദ്ധമീനുകളായി വെള്ളത്തിൽ നീന്താൻ പുനർജനിക്കുന്നത്.

തുടുത്ത മാറും കടഞ്ഞ അരയും നനഞ്ഞ ചുണ്ടുകളും വിടർന്ന കണ്ണുകളുമായി പാറപ്പുറത്തിരിയ്ക്കുന്ന കാമോദ്ദീപകയാണ് നിങ്ങൾക്കു മത്സ്യകന്യക അല്ലേ? യോനിയില്ലാത്ത, ഗർഭപാത്രമില്ലാത്ത, മദാലസയായ അവളെക്കുറിച്ച് ഒരു നിമിഷം ഒന്നുകൂടെ ഓർത്തുനോക്കൂ... മനുഷ്യചിന്തകളുടെ മിന്നൽപിണരുകൾ പായുന്ന ബുദ്ധിമണ്ഡലവും സൗന്ദര്യം വഴിയുന്ന ശരീരവും നിലാവ് നിറഞ്ഞ ഏകാന്ത രാത്രികളും കാറ്റും... എന്നെന്നേക്കും കന്യകയായിത്തന്നെ കഴിയാൻ വിധിയ്ക്കപ്പെട്ട മത്സ്യത്തിന്റെ മാംസം നിറഞ്ഞ ഇടുപ്പും ശല്ക്കങ്ങളും വാൽച്ചിറകുകളും ഉളുമ്പുനാറ്റവും...

അടിവയറ്റിൽ നിന്നുയർന്ന് പൊക്കിൾച്ചുഴിയിലൂടെ മുകളിലേക്കു കുതിക്കുന്ന തൃഷ്ണയുടെ കമ്പനത്താൽ വിറയ്ക്കാൻ ഒരിക്കലും വിധിയില്ലാത്ത അവളുടെ നെഞ്ചും കഴുത്തും ചുണ്ടുകളും... കാമദാഹികളും ക്രൂരരും ആയ കുറ്റവാളികൾക്കുള്ള തടവറയാണ്  ആ പാതിപെണ്ണുടൽ.

വെയിൽ കാഞ്ഞവൾ പാറപ്പുറത്തിരിക്കുമ്പോൾ  വിയർത്ത നഗ്നതയിൽ കടൽക്കാറ്റടിച്ച് വിടരുന്ന രോമാഞ്ചത്തിന് അരയ്ക്കു താഴേയ്ക്ക് പടരാനാവില്ല. വഴുവഴുത്ത മിന്നുന്ന ചെതുമ്പലുകൾക്ക് സ്വേദനവുമില്ല, രോമാഞ്ചവുമില്ല. അവളുടെ കാമം പോലെ അർദ്ധ മാർഗം- അർത്ഥശൂന്യം.

ഹൃദയത്തിന്റെ അറകളിൽനിന്നു കുതിക്കുന്ന ചുടുരക്തം ചുറുചുറുക്കോടെ ഒഴുകുന്നത് പെൺപാതിയിലാണ്. മീൻപാതിയിൽ രക്തത്തിന് ചൂടുമില്ല, ഒഴുക്കിന് വേഗതയുമില്ല, മിടിപ്പിനാ താളവുമില്ല. എന്തൊരു മരവിപ്പായിരിയ്ക്കും! കർക്കടകത്തിൽ ചാരുകസേരയുടെ കൈപ്പലകയിലേക്ക് കയറ്റിവെച്ച കിളവന്റെ കാലുപോലെ യുവത്വമില്ലാത്ത തണുപ്പ്...

മത്സ്യകന്യ- അതൊരു സ്ത്രീ രൂപം മാത്രമാണ്. എന്നത്തെയും പോലെ അബലയെന്നോ, വ്യാകുലയെന്നോ വിളിക്കാൻ കഴിയുന്നത്. അപൂരിതകാമനകളാൽ വ്യഥിതയായവൾ. പാതി പുരുഷനും പാതി മത്സ്യവുമായി എന്തുകൊണ്ട് അതുപോലൊരു  പുരുഷസങ്കൽപമല്ല?

ലിംഗമില്ലാത്ത പുരുഷൻ ഒരു പുരുഷനേയല്ല- പുരുഷന്റെ സങ്കൽപ്പത്തിൽ പോലും, അതാണ് കാര്യം. വിരിഞ്ഞ മാറോ, ബലിഷ്ഠ പേശികളോ, മീശയോ, താടിയോ, എന്തിന്; ഹൃദയമോ തലച്ചോറോ പോലും പുരുഷനെ പുരുഷനാക്കുന്നില്ല. ലിംഗം- അതൊന്നുമാത്രമില്ലെങ്കിൽ അവൻ അസ്തിത്വമില്ല എന്ന് അവൻ കൂടി അടങ്ങുന്ന ഈ ലോകം മുഴുവൻ കരുതുന്നു. പരിതാപകരം. രക്തക്കുഴലുകളാൽ വളരാനും തളരാനും കഴിയുന്ന ഒരു തുണ്ടു മാംസക്കഷണം- അതാണോ പുരുഷൻ? യോനിയോ, ഗർഭപാത്രമോ ഇല്ലാത്ത, മോഹിപ്പിക്കുന്ന മുലകൾ മാത്രമുള്ള അവളെ സ്ത്രീയായി കാണാൻ കഴിയുന്ന ലോകത്തിന്, ഒരുതുണ്ടു മാംസക്കഷണത്തിന്റെ അഭാവത്തിൽ പുരുഷസൂചകമായ മറ്റെല്ലാ യാഥാർത്ഥ്യങ്ങളും ഒന്നുമല്ലാതാവുകയോ? അകത്തളങ്ങളിലും വീഥികളിലും വേദികളിലും ഒരൊറ്റ ഗർജനത്താലോ, മുരൾച്ചയാലോ ആശ്രിതരെ നിശബ്ദരാക്കാൻ കെൽപ്പുള്ള ആ മുഴുത്ത തൊണ്ടയിൽ നിന്നു മാറ്റൊലി കൊള്ളുന്ന ശബ്ദത്തിന് പോലും  ആണെന്ന അസ്തിത്വമില്ലെന്നോ? ലജ്ജാവഹം!!

പ്രാന്ത് പിടിച്ചപ്പോൾ എഴുതിയതാണ് കൂട്ടുകാരെ. mermaid പോലെ നerman ഉം merboy ഉം ഉണ്ട് ത്രേ മിത്തോളജിയിൽ. ഗൂഗിളമ്മായി പറഞ്ഞു തന്നു. പിന്നെ, വൃത്തികെട്ട ആണ്ങ്ങളൊക്കെ mermaid ആയി ജനിച്ചിരുന്നെങ്കിൽ അറബിക്കടലിന്റെ തീരത്തെ ഒരു നിത്യഹരിത അക്ഷയചാകര പ്രദേശമാക്കി പ്രഖ്യാപിയ്ക്കു മായിരുന്നു അല്ലേ?

ലേശം വട്ടാണ്. ല്ലേ! എപ്പൊഴുമൊന്നുമില്ല. ട്ടൊ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ