2019 ഒക്‌ടോബർ 23, ബുധനാഴ്‌ച

ശാരദ

"ശാരദാ!!!!"

ഈ വിളികേട്ട് ആയിരം തവണയെങ്കിലും ബാല്യത്തില്‍ ഞെട്ടി വിജൃംഭിച്ച് നിന്നിട്ടുണ്ടാവും. എന്നാലും എന്തൊരു കൊലവിളിയാണത്. പാവല്ലേ? നവയൗവ്വനക്കാരിയ്ക്ക് ഒരു സ്വപ്‌നംകൂടി കണ്ടൂടെന്നാണോ? എത്ര നല്ല സ്വപ്‌നമായിരുന്നു! പൂമാലയിടുന്നതും ചുറ്റി നടക്കുന്നതുമൊക്കെയല്ലേ?

അവനും സ്വപ്‌നം കാണുകയായിരുന്നു. അവള്‍ക്കുവേണ്ടി അവനോടൊപ്പം എണീറ്റു നിന്ന് വാദിക്കാന്‍കൂടി നമ്മള്‍ തയാറായി. എന്നിട്ട്, നമ്മളെല്ലാവരും കാളകളായി. ഋഷഭം.
മ്പേ...

ഇത്രയും കഥകളോര്‍ത്ത് ചങ്കില്‍ സങ്കടക്കടന്നല്‍ കുത്തുമ്പോഴേക്കും ആയിരാം തവണ മുടന്തിയും മടിച്ചും ലേശം വലിഞ്ഞും തിരിയുന്ന മാഗ്നറ്റിക് ടേപ്പില്‍ മേളക്കൊഴുപ്പില്ലാതെ അടുത്ത പാട്ടു തുടങ്ങിയിട്ടുണ്ടാവും.
''പലുകേ ബംഗാരമായെന..." ശങ്കരാഭരണം സിനിമയില്‍ ശങ്കര ശാസ്ത്രികളുടെ മകള്‍ ശാരദയെ മാസ്റ്റർ പെണ്ണുകാണാന്‍ വന്നപ്പോള്‍ അവള്‍ പാട്ടുപാടുകയും സ്വപ്‌നം കാണുകയും ആ ശുദ്ധ ഹിന്ദോളരാഗത്തില്‍ കയറി വരാന്‍ പാടില്ലാത്ത ഒരു രിഷഭം (ഋഷഭമല്ലെന്ന്) അതില്‍ കയറി വന്ന് പുല്ലുകടിച്ചു നില്‍ക്കുകയും ചെയ്തപ്പോള്‍ എല്ലാരേം ഞെട്ടിച്ച് ശാസ്ത്രികള്‍ വിളിച്ച വിളിയാണ്
"ശാരദ!!!!" എന്ന്.

ടേപ്പ് റിക്കോര്‍ഡറില്‍ കാസറ്റ് തിരിച്ചും മറിച്ചുമിട്ട് ഓരോ തവണ ഇതു കേള്‍ക്കുമ്പോഴും 'ശാരദ പാവം' ന്ന് ഓര്‍ത്ത് സങ്കടം വരികേം ചെയ്യും.

കാള കയറിവരാത്ത ആരോഹണവും അവരോഹണവും ശാസ്ത്രികളുടെ കർപ്പൂരം കത്തിച്ചു പൊള്ളിയ കയ്യില്‍ വെണ്ണ തേച്ചു കൊടുക്കവേ അവള്‍ പാടുമ്പോള്‍...
ന്റെ എസ്. ജാനകീ നിയ്ക്ക് ഇപ്പഴും പൊട്ടിക്കരയാന്‍ തോന്നും. ആ ചങ്ക് വേദന പിന്നെ പോണത് ശാസ്ത്രികള്‍ എണീറ്റ് ആ വെണ്ണയൊക്കെ ശാരദയുടെ സാരിയിലും തലയിലും തേയ്ക്കുമ്പോഴാണ്.
(എന്റെ സിനിമാസ്വാദനത്തിനു വിലങ്ങു തടിയാവാറ് ഇത്തരം മൈന്യൂട്ട് കാരണങ്ങളാണ്)

2019 ഒക്‌ടോബർ 19, ശനിയാഴ്‌ച

കമ്മൽക്കാരി

മുനിയാലില്‍ നിന്ന് മണിപ്പാലെത്തുന്നതിന് മുമ്പ് അത്രാടിയിലാണ് ആ ഗ്രാമച്ചന്തയുണ്ടായിരുന്നത്. പഴവര്‍ഗ്ഗങ്ങള്‍ വാങ്ങിയക്കുന്നതിനായി വണ്ടിയൊതുക്കി ഞങ്ങള്‍ പുറത്തിറങ്ങി. ആപ്പിളും മുസംബിയും കുട്ടയിലിടുമ്പോഴാണ് ഞാന്‍ തൊട്ടപ്പുറത്തെ ഇലക്കറികള്‍ കണ്ടത്. ഉലുവച്ചെടി ഒന്നുരണ്ടു കെട്ട് വാങ്ങിയാലോ? പരിപ്പുകറിയിലോ സാമ്പാറിലോ ചേര്‍ത്താല്‍ നല്ല സ്വാദാണ്. ചോറിന് വറവിട്ട് മഞ്ഞച്ചോറ് (ഉപ്പുമാവ് / ചിത്രാന്ന) ഉണ്ടാക്കിയാല്‍ കെങ്കേമം. ഗമഗമാന്നിരിയ്ക്കും. ലേശം മതി. ഇല്ലെങ്കില്‍ കയ്ക്കൂലെ? ചപ്പാത്തിമാവില്‍ അരിഞ്ഞിട്ട് മേത്തീ പറാത്തയാക്കിയാല്‍ ഗമകൂടും. കിഴങ്ങു മസാലയിലിട്ടാല്‍ സബ്ജി സാബ്ജിയാകും.

നോക്കിയപ്പോള്‍ മൂത്ത ചെടികള്‍. കെട്ടാകെ മണ്ണുപുരണ്ട് വാടി പഴയ ഇലകള്‍ പോലെ തോന്നിച്ചു. നാരുമൂത്ത തണ്ട്. വേണ്ട. വാങ്ങേണ്ട.

"തെക്കൊള്ളി അമ്മാ.. ഒള്ളേദു."
ഇലക്കറിക്കൂമ്പാരത്തിന് പിന്നിലെ സ്ത്രീയെ അപ്പോഴാണ് ശ്രദ്ധിച്ചത്. ഉഡുപ്പിയിലെ കൊള്ളവെയില്‍ ചൂളയ്ക്കിട്ടു ചുട്ടെടുത്ത് കനത്ത മഴക്കാലങ്ങളാല്‍ മയക്കിയെടുത്ത ചെമ്മുഖം.
സര്‍വ്വാരുണീ അനവദ്യാംഗീ സര്‍വ്വാഭരണ ഭൂഷിതാ!
ചെവിയില്‍ എത്രയാ കുത്തിയിരിക്കുന്നേ! ആ. അതന്നെ.

"ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്.. അഞ്ച് കമ്മല്. കൊള്ളാലോ. ഒരു ഫോട്ടോയെടുക്കട്ടെ?" പുഞ്ചിരി നാണത്തില്‍ മുങ്ങി മുഖം കോടി. വായ് പൊത്തി ചിരിയ്ക്കാണ്.

"പ്ലീസ്.. നല്ല ഭംഗി ഒരു ഫോട്ടോയെടുക്കട്ടെ?" നാണത്തോടെ ഫോട്ടോയ്ക്ക് ഇരുന്നു തന്നു.

"ഹോ..ഹോ! അക്കാ, നാളത്തെ പേപ്പറില്‍ വരും നിങ്ങടെ ഫോട്ടോ." അപ്പുറത്തെ പഴക്കച്ചവടക്കാരന്‍ അവരെ കളിയാക്കി.

"ഇല്ലാട്ടോ. പേപ്പറിലൊന്നും വരില്ല." എന്റെ മറുപടി അവരെ സമാധാനിപ്പിച്ചോ അതോ അവരുടെ ആശ കെടുത്തിക്കളഞ്ഞോ എന്നറിയില്ല.  കമ്മലുകളെക്കുറിച്ചുള്ള എന്റെ ചോദ്യങ്ങള്‍ക്ക് ആവേശത്തോടവര്‍ മറുപടി പറഞ്ഞു. ശാരദ- അതാണ് പേര്. നന്ദി പറഞ്ഞു ഞാന്‍ തിരിഞ്ഞു നടന്നു.

"അമ്മയ്ക്ക് സ്ര്‌ടേഞ്ചേഴ്‌സിന്റേം ഫോട്ടോ എടുക്കണം. ല്ലേ? ജാനൂട്ടിയാണ്.

"ഫോട്ടോയൊന്നും നന്നായില്ല മോളേ. ചെലപ്പോ ഞാനതൊക്കെ ഡെലീറ്റു ചെയ്തു കളയും. നമ്മളൊക്കെ ഇവരെ മറന്ന് പോവേം ചെയ്യും. പക്ഷെ, ആ സ്ത്രീയിത് ഒരുപാടു കാലം ഓർമ്മിയ്ക്കാനും മതി." ഒന്നാലോചിച്ചു നോക്കൂ. തികച്ചും ഉള്‍നാട്ടിലെ ഗ്രാമച്ചന്ത. ആദ്യായിട്ടാവും ഒരപരിചിത അവരുടെ ഫോട്ടോ എടുക്കുന്നത്.

"അവര്ടെ കമ്മല് അത്രയ്ക്കിഷ്ടായോ അമ്മയ്ക്ക്!

"അമ്മയ്ക്ക് ആഭരണങ്ങളിലൊന്നും ഒരു താല്‍പര്യവുമില്ലെന്നറിഞ്ഞൂടെ?
എന്നാൽ, അവര്‍ക്കേറ്റവും താത്പര്യമുള്ള വിഷയമാണത്. ഈ ചന്തയില്‍ വന്ന് സൊപ്പു (ഇലക്കറി) വിറ്റ് എങ്ങനെ പൈസ മിച്ചം വെച്ചായിരിക്കും അവര് ഓരോ കമ്മലും വാങ്ങിയിരിക്കുക! ഓരോ തവണയും കാതു കുത്തി പുതിയൊരു സ്വര്‍ണ്ണത്തരി ചേര്‍ക്കുമ്പോള്‍ എത്ര സന്തോഷവും അഭിമാനവും തോന്നിയിരിക്കും!" അതിന്റെയൊക്കെ നിറത്തീന്ന് അറിയാം അതൊക്കെ ഓരോരോ കാലത്ത് വെവ്വേറെ വാങ്ങിച്ചതാണെന്ന്. ചിലത് മഞ്ഞ, ചിലത് ചെമ്പിച്ച്, ഇനിയും ചിലത് നിറം മങ്ങി..

"എത്ര മക്കളുണ്ടാകും അവര്‍ക്ക്, ഭര്‍ത്താവ് കുടിയനായിരിക്കുമോ, അമ്മായിയമ്മയോട് വഴക്കായിരിക്കുമോ, വീട്ടുപണിയെല്ലാം തീര്‍ത്തിട്ടാകുമോ ചന്തയില്‍ വരുന്നത്... ഒന്നുമറിഞ്ഞുകൂട. പക്ഷെ ഈ വെയിലത്തും മഴയത്തും ചപ്പിളിപിളിയായ ചന്തയിലിരുന്നു കച്ചോടം നടത്തി സമ്പാദിക്കുന്ന അവരോട് എനിയ്‌ക്കെത്ര ബഹുമാനമാണെന്നറിയുമോ?
ഒരുപക്ഷെ മരണമണയുംവരെയും അവര്‍ അഭിമാനത്തോടെ ഓര്‍ത്തുവെയ്ക്കുന്ന നിമിഷമാകാം നാം കടന്നു വന്നത്."

"അമ്മാ, യൂ ഹാവ് ഡൺ എ ഗുഡ് ഡീഡ്. "

അതെ. ചിലപ്പോൾ ഒരു തരി പൊന്നിന് ജീവിതം മുന്നോട്ട് നയിയ്ക്കാനുള്ളത്രയും ശോഭയുണ്ടാകാം. ചിലപ്പോൾ നമ്മുടെ ഒരേയൊരു പുഞ്ചിരി ചിലരിൽ ആഴ്ചകളോളം ആത്മാഭിമാനം നിറയ്ക്കുകയും ചെയ്തേയ്ക്കാം.

2019 ഒക്‌ടോബർ 17, വ്യാഴാഴ്‌ച

ഹോമോ സാപിയൻസ് ?!

കർണാടകത്തിലെ ഉഡുപ്പി ജില്ലയിൽ ഹെബ്രിയ്ക്കു സമീപം സീതാനദിയുടെ പോഷിണിയായ  കാട്ടുചോല. ഹെബ്രിയിൽ നിന്ന് അഞ്ചു കിലോമീറ്ററോളം കാടിനുള്ളിലാണ് ആഗുംബെ വനാതിർത്തിയിൽ വരുന്ന ജോമ് ലു വെള്ളച്ചാട്ടമുള്ളത്. കാട്ടുപാതയിലൂടെ ഒരു മൈൽ നടത്തവും വേണം. ഉയരം കുറഞ്ഞ ചെറിയ വെള്ളച്ചാട്ടം പ്രാദേശിക പിക്നിക് സ്പോട്ടാണ്. ഒഴിവു ദിനമല്ലെങ്കിൽ തികച്ചും സ്വകാര്യമായ സ്ഥലം. കാടും കാട്ടാറും നിങ്ങളും മാത്രം.  ങ്ങളാരും പോവില്ല. ചിത്രങ്ങളെങ്കിലും കണ്ടോളൂ.
     .................................................

ചെറിയൊരു വെള്ളച്ചാട്ടത്തിലേക്കു നീങ്ങുന്ന കാട്ടുചോല ആര്‍ത്തലച്ചുവീണ് പതഞ്ഞൊഴുകുന്ന നദീതടം. ജലപാതധ്വനിയാലും പേരറിയാപക്ഷികളുടെയും ആയിരമായിരം ചെറുപ്രാണികളുടെയും ശബ്ദത്താലും മുഖരിതമായ ഉഷ്ണമേഖലാ നിത്യഹരിതവനം. ഈര്‍പ്പം തുളുമ്പുന്ന അന്തരീക്ഷത്തില്‍ വിയര്‍ത്തൊലിച്ച് പാറക്കെട്ടിനു മീതെ നടന്ന് നദിയിലേക്ക് നോക്കുമ്പോള്‍ - കുതിച്ചുചാടിവീണ് ഉപ്പുനിറഞ്ഞ വിയര്‍പ്പ് തണുതണെയുള്ള തെളിഞ്ഞ വെള്ളത്തില്‍ അലിയിച്ചുകളയാന്‍ കൊതി.

വെള്ളത്തിനകത്ത് അനങ്ങാതെ മുങ്ങിക്കിടന്ന് ആയാസപൂര്‍വ്വം കണ്ണുതുറന്നു വെച്ച് ചാരനിറത്തിലുള്ള മീനുകളെ നോക്കാന്‍ കൊതി.

പാറക്കെട്ടില്‍ തടഞ്ഞ് ഒഴുകിപ്പോകാതെ മലര്‍ന്ന് കിടന്ന് കാതുകളില്‍ നീരൊഴുക്കിന്റെ അനാദിയായ സംഗീതവും ശ്രവിച്ച് നീലാകാശത്തെ ധ്യാനിച്ച് കണ്ണുതുറന്ന് കിടക്കാന്‍ കൊതി.

ഇത്രയും കൊതികള്‍ മനസ്സില്‍ മൂടിവെച്ച് വിയര്‍ത്തൊഴുകുന്ന ശരീരത്തെ ഒരു കുഞ്ഞുമരത്തണലിലിരുത്തി, ലെഗ്ഗിങ്‌സ് വലിച്ചുകയറ്റി, കണങ്കാല്‍ വരെ മാത്രം പുഴയിലാഴ്ത്തി. ഒരു കുമ്പിള്‍ വെള്ളമെടുത്ത് മുഖം നനച്ചു.
ധാരാളിയായി പ്രകൃതി വിശാലമായിക്കിടക്കുമ്പോള്‍ സൗകര്യങ്ങളുടെ പിശുക്കില്‍ അധോഗമിച്ച്.. മനസ്സുതുറന്നൊരു ദീര്‍ഘനിശ്വാസം പോലുമുതിര്‍ക്കാന്‍ മടിച്ചിരിക്കുമ്പോള്‍ എന്നത്തെയും പോലെ ഞാനാഗ്രഹിച്ചു..
മെയ് വഴക്കത്തോടെ ചാടിച്ചാടി ആ പാറക്കെട്ടുകള്‍ അനായാസമായി താണ്ടി ആറ്റിലൂളിയിട്ട് നീരാടി വെള്ളച്ചാട്ടത്തിനടുത്തുള്ള കൂര്‍ത്ത കല്ലിന്‍ തുമ്പത്ത് നീന്തിക്കയറി രോമം കുടഞ്ഞ് ചര്‍മ്മം കറക്കുമെന്നോ വരണ്ടുപോകുമെന്നോ ഭയമില്ലാതിരിക്കുന്ന ഒരു പുലിപ്പെണ്ണായിരുന്നെങ്കില്‍ എന്ന്.

മനുഷ്യന്റെ ബുദ്ധിയും മനുഷ്യന്റെ ശരീരവും ഈ പെണ്ണിന് ഭാരമായിത്തോന്നുന്നു. മതം, ആചാരം, സഭ്യത, നാട്ടുനടപ്പ്... പെണ്‍ശരീരം വല്ലാത്ത ഉത്തരവാദിത്തമാണ്. ഇങ്ങനൊന്നും സ്വാതന്ത്ര്യത്തെക്കുറിച്ചു ചിന്തിക്കാത്ത മനസ്സായിരുന്നെങ്കില്‍ എത്ര സമാധാനത്തോടെ ജീവിച്ചേനെ.

ആശകള്‍ കിളിര്‍ക്കാത്ത, ഭാവന വിടരാത്ത മനസ്സായിരുന്നു പെണ്‍ശരീരത്തില്‍ പ്രകൃതി/ ദൈവം ഇടേണ്ടിയിരുന്നത്.  മഞ്ചാടിമനസ്സെല്ലാം ഇങ്ങനെ പൊതിഞ്ഞുകെട്ടിത്തന്ന് മുലയും ചന്തിയും ഗര്‍ഭപാത്രവും കൂടെത്തന്നത് എന്തായാലും വലിയ ക്രൂരതയായിപ്പോയി.

ഒരു സംശയം- പെണ്ണു ശരിക്കും എന്തുതരം ജീവിയാണ്?
ഹോമോ സാപിയന്‍സ്?!!