2019 മാർച്ച് 27, ബുധനാഴ്‌ച

ചുമര്

ചുമരേ നിന്നെ ഞാൻ പ്രണയിച്ചോട്ടെ?

തണുത്ത പ്രതലത്തിലമർന്ന് വേനൽവേവു ഞാനാറ്റിക്കോട്ടെ?

നിന്നിൽ ചെവിയണച്ചു വീടിൻ ധമനികളിലെ നീരോട്ടത്തിൻ കുളിർ മർമ്മരങ്ങൾക്കു കാതോർക്കട്ടെ?

വിയർപ്പും കണ്ണീരും വലിച്ചെടുത്ത കുമ്മായം പുതുമണ്ണു മണക്കുമ്പോൾ നോവു മറന്ന് പ്രാണായാമം തുടങ്ങുമെൻ ചേതന.

ചുണ്ടു വിടർത്തി ഈർപ്പമുള്ളൊരു ചുംബനം തരട്ടെ? അവനെപ്പോലെ നീയെന്നിൽ ചുണ്ടുകൾ കോർത്ത് വിടാതെ ഒന്നായിത്തന്നെ നിൽക്കാനാഗ്രഹിയ്ക്കും.

നിന്നിലൂടെ കണ്ണുയർത്തി  മേൽക്കൂര നോക്കുന്ന ഞാൻ എന്നിലേയ്ക്ക് കുമ്പിട്ടു നിൽക്കുന്ന അവന്റെ കണ്ണിലൂടെ ആകാശം കാണുകയാണ്.

കൈകൾ വിടർത്തി പരത്തിയിട്ടും നിന്നെ കെട്ടിപ്പിടിയ്ക്കാനാകാതെ നിൽക്കുമ്പോൾ ഞാൻ അവനെത്ര ബൃഹത്തും ഉറച്ചതുമാണെന്നറിയുകയാണ്.

നഖംകൊണ്ട് പോറി കുമ്മായം ചൂഴ്ന്നെടുത്ത് വിരലുകൾക്കിടയിൽ കശക്കുമ്പോൾ അവന്റെ കാരുണ്യമളക്കുകയാണ്.

ചുമരേ നിന്നെയൊന്നു പ്രണയിച്ചോട്ടെ?
ബന്ധനങ്ങൾക്കകത്ത് നീയെനിയ്ക്കവനാകുക.

2019 മാർച്ച് 26, ചൊവ്വാഴ്ച

അസ്തിത്വ ദു:ഖം

'നടൂലുണ്ണി നായക്കാട്ടം അരൂലുണ്ണി പൊന്നുണ്ണി' ഏട്ടനും അനിയത്തിയും ജപിക്കുന്നത് കേട്ട് മുഖം ചുളിച്ചു നേർത്തുനിരാലംബമായ ഒരേകാന്തമുദ്രാവാക്യത്തിൽ 'അരൂലുണ്ണി നായക്കാട്ടം നകുലുണ്ണി പൊന്നുണ്ണി' എന്ന് പറയ്ണതിന്റെ ചങ്കുനോവ് ഒരൊറ്റക്കുട്ടിക്ക് മനസ്സിലാക്കിക്കൊടുക്ക്ണതെങ്ങനെ! തോളത്തെ മാറാപ്പിലൊരു കുട്ടിയും ഹാർമോണിയവും ഭിക്ഷാഭാണ്ഡവുമായി പടിയിറങ്ങിപ്പോണവരെക്കാട്ടി 'നെന്നെ തവിടു കൊടുത്തു മേടിച്ചതാ'ന്ന് അമ്മയ്ക്ക പറഞ്ഞപ്പോ ചെവിയിൽ മുഴങ്ങിയ ഹാർമോണിയത്തിന്റെ ആർത്തനാദം ഒറ്റക്കുട്ടിയിൽ മീട്ടുന്നതെങ്ങനെ!

* * * * *

മടിയിൽ കിടന്ന് പാൽ കുടിക്കുന്നതുപോലൊരു അഭിനയം നടത്തി ആദിമപ്രാചീനചേതോവികാരങ്ങളെ താലോലിക്കുന്ന എട്ടുവയസ്സുകാരി പൊടുന്നനെയാണ് ചോദിച്ചത്; 'ആസ്പത്രില് കൊറേ കുഞ്ഞാവകളുണ്ടാവില്ലേ? എല്ലാം ഒരേപോലിരിക്കുമല്ലോ. അപ്പോ മാറിപ്പോയാ എന്താ ചെയ്ക?' എന്ന്.

അസ്തിത്വദുഃഖം പരിചയപ്പെടുത്താൻ ഇതുതന്നെ തക്കം എന്നു കരുതിയാണ് ഞാനാ നുണക്കഥ മെനഞ്ഞത്. "അതിന് നീ സത്യത്തിലെയ്, എന്റെ കുഞ്ഞല്ലല്ലോ. ഞാൻ കറുത്തിട്ടല്ലേ? എന്റെ കുഞ്ഞാവയും കറുത്തിട്ടായിരുന്നു. അപ്പുറത്തെ കട്ടിലിലെ ആൻറിക്കുണ്ടായ കുട്ടിയാ നീയ്. അച്ഛൻ വെള്ത്തിട്ടല്ലേ? അപ്പോ അച്ഛൻ പറഞ്ഞു എനിയ്ക്കാ വെള്ത്തകുട്ടി മതീന്ന്. അങ്ങനെ കുട്ടിയെ മാറ്റി എടുക്കേരുന്നു. എന്റെ ശരിയ്ക്കത്തെ വാവ ഇപ്പോ അവരുടെ വീട്ടിലായിരിയ്ക്കും." നനുത്ത വാത്സല്യത്തണലിൽ മാതൃസ്നേഹം നുണഞ്ഞുകിടന്ന മകൾ പൊടുന്നനെ പ്രക്ഷുബ്ധയായി. പാതി ചിരിച്ചും പാതി കരഞ്ഞും അവൾ ക്ഷോഭിച്ചു.
"നുണയല്ലേ? സത്യം പറയൂ." "സത്യം." ഞാനാണയിട്ടു.
"എന്നാ എന്റെ അമ്മേടെ പേരെന്താ?"
''കൂതറ." ചിരിയടക്കി ഞാൻ പറഞ്ഞു. ആ വാക്ക് കേട്ടു പരിചയമില്ലാത്ത ജാനൂട്ടി അതൊരു പേരാണെന്ന് കരുതിക്കാണണം.
"എങ്കിൽ, അവരുടെ വീടെവിടെയാ?"
"നിലമ്പൂരോ മഞ്ചേരീലോ മറ്റോ. മഞ്ചേരീലാണെന്നു തോന്നുണു. " ഞാൻ ഓർത്തെടുക്കുന്നതു പോലെ അഭിനയിച്ചു. അവൾ കുറേ നിഷേധിക്കാൻ നോക്കിയെങ്കിലും ഞാൻ മറ്റെന്തോ വായിയ്ക്കുന്ന ഭാവത്തിലിരുന്നു. അവളെന്നെ ഇടിച്ചു. മാന്തി. കാൽപ്പത്തിയിൽ ചവിട്ടി കയറിനിന്നു. കണ്ണുരുട്ടി. ചുണ്ടു കടിച്ചു. പിന്നെ ഓരോരോ മുടി പിടിച്ചു വലിച്ചു. മൊത്തത്തിലായിരുന്നെങ്കിൽ ഒരു രസമുണ്ടായിരുന്നു. ഇത് ഓരോരോന്നായാണ്. ഹൗ. നല്ല വേദന. പഹച്ചി. ഒരു ചൂലിന്റെ ഓരോരോ ഈർക്കിലാണെങ്കിൽ വേഗമൊടിയ്ക്കാം. മൊത്തം ചൂലു പിടിച്ചൊടിയ്ക്കാൻ കള്ളുകുടിച്ച് ശക്തി കൂടി ഭാര്യയെ തല്ല്ണോനുപോലും എളുപ്പമല്ലല്ലോ. കേട്ടിട്ടില്ലേ? ഒരുമയാണ് ബലം. ഒരുമയുണ്ടേൽ ഉലക്കമേലും കിടക്കാം. ആയിരം മക്കൾക്ക് ഒരരഞ്ഞാണം. മുറ്റത്തെ ചെപ്പിനടപ്പില്ല. ഓ. കയ്യീന്ന് പോയി.

ചിണുങ്ങൽ മാറി പെണ്ണ് കരച്ചില് തൊടങ്ങി. കമിഴ്ന്ന് കിടന്നു കരയുന്നതിനിടയിൽ തല നിലത്തിട്ടിടിയ്ക്കാനും.ഠും. ഠും. ഠും. എന്റെ മാതൃഹൃദയം മുഴച്ചു. അവളുടെ നെറ്റീം. നല്ല രസായിട്ടൊരു നുണക്കഥ നട്ടുവളർത്തി വന്നതായിരുന്നു. ഇനിയിപ്പോ വേരോടെ പിഴുതെടുക്കണം! സമാധാനിപ്പിയ്ക്കാൻ ചെന്നപ്പോ നിലത്തുരുണ്ടു. കസേരയ്ക്കടിയിൽ നൂണു കിടന്നു.
"അസ്തിത്വ ദുഃഖം.. അസ്തിത്തദുക്കം..." ഞാൻ കാര്യങ്ങള് വിശദീകരിയ്ക്കാൻ ശ്രമിച്ചു. എന്തൊരു ബുദ്ധി! നായക്കാട്ടം തന്നെ. തവിടു കൊട്ത്തു വാങ്ങ്ണേനു പകരം വല്ല കിണറ്റിലും ഇട്ടാമതിയായിരുന്നു പണ്ടന്നെ. തോന്നിപ്പോയി.

വേനലവധിയ്ക്ക് വര്ണ പാവംന്റെ  പൊന്നാരേടെ ബർത്ത്ഡേ നാളെ ആഘോഷിക്കണം ന്ന് പറഞ്ഞു സ്കൂളിൽ കൊടുക്കാനായി വാങ്ങിവെച്ച മൂന്നു ഡബ്ബേലെ 215 എള്ളുണ്ടകൾ എന്നെ നോക്കി കണ്ണിറുക്കി. അവരെ വിളിച്ച് സഭയിലിറക്കിയപ്പോൾ കരിങ്കൊടിക്കാരിയ്ക്ക് കുലുക്കമില്ല. ബർത്ത് ഡേം വേണ്ട; മിട്ടായീം വേണ്ടത്രേ. ഇനി മൊതല് സ്കൂളിലും പോണില്യാന്ന്! എള്ളുണ്ടയ്ക്കൊപ്പം കസിൻസിനു കൊടുക്കാൻ വാങ്ങിവെച്ച കോലുമിട്ടായീണ്ട് കുറച്ച്. അത് കൂടുതുറന്നു നോക്കീട്ടില്ല. ഉള്ളില് ടോർച്ചും പീപ്പീമുള്ള ഹാർട്ടിന്റെ ഷേപ്പിലുള്ള കോലുമുട്ടായി. അതിലൊന്ന് ഞാനെടുത്തു തുറന്നു. "ദ് എങ്ങനെയാ കത്തിയ്ക്കാ! ഇതിന്റെ സ്വിച്ചെവിടെ? ദാ. ഈ കടലാസ് വലിച്ചെടുക്കണം പോലും. ഇത് ലോക്കണത്രേ. ഹായ്! നല്ല മണം. ഏത് ഫ്ലേവറാ! അയ്യോ! ദ് ഓണാക്കാൻ പറ്റണില്ലല്ലോ!"

എട്ടുവർഷം പത്തുമാസവും കൊണ്ട് സ്വരൂപിച്ച അഹംബോധം ഒലിച്ചുപോയി. കസേരയ്ക്കടീന്ന് തലപൊക്കി നോക്കി. മുട്ടായി മേടിച്ച് സ്വിച്ചു ഞെക്കി. ചോപ്പുനിറത്തിൽ ഹാർട്ട് തെളങ്ങി.

"ഓഹ്! ഇങ്ങന്യാണ്. ല്ലേ? ദാ നോക്കൂ പീപ്പി. "

വിസിലടിച്ച് എന്റെ ചെകിട് പൊട്ടിച്ചു. ഉണങ്ങിയ കണ്ണീരുപ്പിനൊപ്പം കോലുമിട്ടായിയുടെ കൗതുകവും നുണഞ്ഞിരിക്കുമ്പോ ചോദ്യം വന്നൂട്ടോ.

"അസ്തിദുഃഖം ന്ന് പറഞ്ഞാ എന്താ?"

അച്ഛനുമമ്മയും ആരാണെന്നേ അറിയാത്ത എത്രയോ കുഞ്ഞുമക്കളെ ഓർത്ത് ജ്ഞാനം വിളമ്പാൻ തുടങ്ങിയപ്പോൾ അവള് പറയാണ്;
'ആദ്യമൊക്കെ സങ്കടം തോന്ന്ണ് ണ്ടാവും. പിന്നെ അവർക്കതൊക്കെ ശീലാവു'മെന്ന്. മൂശേട്ട. എന്താ മനസ്സില് ന്ന് നോക്കൂ. ഒരുനിമിഷം നുണ താങ്ങാൻ വയ്യാത്തോളാണ്... മനുഷ്യസ്വഭാവം!

2019 മാർച്ച് 23, ശനിയാഴ്‌ച

ദേഷ്യത്തോടെ വാക്കുകളുരച്ച് തീ പിടിപ്പിയ്ക്കുന്നതിൽ മുഴുകിയിരിയ്ക്കുമ്പോൾ നിന്റെ ദൗർബല്യങ്ങളുടെ നിലവറവാതിൽ തുറന്ന് കിടക്കു

2019 മാർച്ച് 21, വ്യാഴാഴ്‌ച

ആദ്യമഴ

മഴ മറന്നൂഷരമായ മണ്ണിൽ ആദ്യ വർഷബിന്ദു പതിച്ചപ്പോൾ ദാഹം കത്തിയുണർന്ന് തുള്ളികളെത്തേടി ആകാശത്തേയ്ക്കെന്നപോൽ പൊടിമണ്ണുയർന്നു പൊങ്ങി. വരണ്ട ചുണ്ടുകൾ പിളർത്തി മേഘത്തിൻ മുലക്കണ്ണു തേടി വിണ്ടടർന്ന മണ്ണു വിലപിച്ചു. ഏറെനേരം വിട്ടിരുന്നതിനാൽ വിശന്നു തപ്പിത്തിരഞ്ഞു ചിണുങ്ങുന്ന പൈതലിനെ മടിയിൽ കിടത്തി കുപ്പായമഴിയ്ക്കുന്ന അമ്മയുടെ വിങ്ങി ത്രസിക്കുന്ന മുലകൾ പോലെ വാനി ഘനമേഘമാറിടം  ഭൂമിപ്പൈതലിലേയ്ക്കു കുനിഞ്ഞു താണു. ആദ്യത്തെ ഈമ്പിവലിയിൽ പായുന്ന വേദന പോൽ മിന്നൽപിണരുകൾ പലവഴി പടർന്നു. അമർന്നു പെയ്ത് ഹർഷോന്മാദത്തിൽ കുതിർന്ന്, കണ്ണടച്ചു ലയിച്ചീമ്പിക്കുടിച്ചു വയറു നിറക്കുന്ന കുഞ്ഞിനെ പോലെ മണ്ണ് മയങ്ങി.

ചുംബനം

"ഒരുമ്മ തരുമോ?"
തീക്ഷ്ണവാഞ്ഛയാൽ വിറയ്ക്കുന്ന അവന്റെ ചുണ്ടുകൾ ഇമകൾക്കകം നിറഞ്ഞപ്പോൾ അവൾ കേണു.

അസ്തിത്വത്തെക്കുറിച്ചുള്ള ഓർമ്മകളെല്ലാം മായ്ച്ചുകളയുന്ന മൃദുചുംബനം. 
അഗ്നിയിലേക്ക് പറക്കുന്ന തന്റെ ശലഭപ്രാണനെ നക്കിയെടുക്കുന്ന മിന്നൽ ചുംബനം. സീൽക്കാരത്തോടെ അമർന്ന് സ്വത്വം ഉറുഞ്ചിയൂറ്റുന്ന ഗന്ധർവ്വചുംബനം.
ഓർമ്മകൾ മായ്ക്കുന്ന, സ്വത്വം വലിച്ചെടുക്കുന്ന, പ്രാണൻ നക്കുന്ന കനത്ത ചുംബനം.

മുത്തം തരുന്നതിനു പകരം തന്നെ മുത്തിയെടുക്കുന്ന ചുണ്ടുകൾക്കായി അവൾ കാത്തു.

വീട്ടുകാർക്കൊരു കത്ത്

ഈ കഥയൊന്നു വായിച്ചു നോക്കൂ. പ്രിന്റഡ് മീഡിയയിലാണ് അച്ചടിച്ചു വരുന്നതെങ്കിൽ ഏഴാം ക്ലാസിലെ കുട്ടി പോലും വായിക്കും. അതിൽ കുഴപ്പവുമില്ല. ശക്തമായ കഥ തന്നെ. മനുഷ്യന് അന്യമായത് ഒന്നുമില്ല. ഇങ്ങനത്തെ ഒരു കഥ ഞാൻ എഴുതിയിരുന്നെങ്കിൽ എന്താകുമായിരുന്നു എന്റെ അവസ്ഥ?

ഇത് നീയാണോ? നീ അനുഭവിച്ചതാണോ? നീ അങ്ങനെയൊക്കെയാണോ ചിന്തിക്കുന്നത്? നിൻറെ വീട്ടിൽ നടന്നതാണോ?

ഓരോ വാക്കും അക്ഷരവും എഴുതുന്നതിനു മുൻപും പിൻപും പത്തു വട്ടം ആലോചിക്കും. സഭ്യം ആണോ, അച്ഛനും അമ്മയ്ക്കും വായിക്കാൻ കൊള്ളാമോ, അനിയത്തിമാർക്കും അനിയന്മാർക്കും ഷെയർ ചെയ്യാൻ കൊള്ളാമോ, ആൾക്കാർ വിചാരിക്കുമോ ഞാൻ മോശക്കാരിയാണെന്ന് ... പതിവ്രത, കുലസ്ത്രീ, സദാചാരം... മടുത്തു എനിക്ക്. ഇനി എഴുതുന്നില്ലെന്ന് കരുതിപ്പോകുന്നു. ഇത്ര സ്വതന്ത്രമായി എഴുതാൻ ഞാൻ മരിച്ചു മറ്റേതെങ്കിലും കുടുംബത്തിൽ ജനിക്കേണ്ടി വരും. സ്വാതന്ത്ര്യം തരുന്ന ഒരു വീടും ഭർത്താവുണ്ടായിട്ടും കാര്യമൊന്നുമില്ല. വളർന്നുവന്ന സാഹചര്യവും കുടുംബവും സമൂഹവും ഇട്ട പൂട്ട് തുറക്കാൻ എനിക്കായിട്ടില്ല. നല്ല മുഖം മാത്രം കാട്ടേണ്ടതിൻറെ നല്ലതുമാത്രം എഴുതേണ്ടതിന്റെ ഭാരം. നല്ലതെന്നു വച്ചാൽ എന്താണ് എന്ന് പ്രീതി അടക്കം ഉള്ള ഓരോ ബന്ധുക്കളും എൻറെ തലച്ചോറിൽ വന്നു തീരുമാനിക്കും. നിങ്ങൾ ആരും ഒന്നും ചെയ്തിട്ടുണ്ടെന്ന് അല്ല. പക്ഷേ എനിക്ക് മടുത്തു. എന്തെഴുതിയാലും സ്വകാര്യ ജീവിതവുമായി ബന്ധപ്പെടുത്തുന്ന ആലോചനകളും കമൻറുകളും.. എഴുത്തിൽനിന്ന് എഴുത്തുകാരിക്ക് മോചനമില്ല.

അല്ലെങ്കിൽ ഒരു വഴിയുണ്ട്...
വേണ്ട .

2019 മാർച്ച് 20, ബുധനാഴ്‌ച

ഈ കഥയൊന്നു വായിച്ചു നോക്കൂ. പ്രിന്റഡ് മീഡിയയിലാണ് അച്ചടിച്ചു വരുന്നതെങ്കിൽ ഏഴാം ക്ലാസിലെ കുട്ടി പോലും വായിക്കും. അതിൽ കുഴപ്പവുമില്ല. ശക്തമായ കഥ തന്നെ. മനുഷ്യന് അന്യമായത് ഒന്നുമില്ല. ഇങ്ങനത്തെ ഒരു കഥ ഞാൻ എഴുതിയിരുന്നെങ്കിൽ എന്താകുമായിരുന്നു എന്റെ അവസ്ഥ?

ഇത് നീയാണോ? നീ അനുഭവിച്ചതാണോ? നീ അങ്ങനെയൊക്കെയാണോ ചിന്തിക്കുന്നത്? നിൻറെ വീട്ടിൽ നടന്നതാണോ?

ഓരോ വാക്കും അക്ഷരവും എഴുതുന്നതിനു മുൻപും പിൻപും പത്തു വട്ടം ആലോചിക്കും. സഭ്യം ആണോ, അച്ഛനും അമ്മയ്ക്കും വായിക്കാൻ കൊള്ളാമോ, അനിയത്തിമാർക്കും അനിയന്മാർക്കും ഷെയർ ചെയ്യാൻ കൊള്ളാമോ, ആൾക്കാർ വിചാരിക്കുമോ ഞാൻ മോശക്കാരിയാണെന്ന് ... പതിവ്രത, കുലസ്ത്രീ, സദാചാരം... മടുത്തു എനിക്ക്. ഇനി എഴുതുന്നില്ലെന്ന് കരുതിപ്പോകുന്നു. ഇത്ര സ്വതന്ത്രമായി എഴുതാൻ ഞാൻ മരിച്ചു മറ്റേതെങ്കിലും കുടുംബത്തിൽ ജനിക്കേണ്ടി വരും. സ്വാതന്ത്ര്യം തരുന്ന ഒരു വീടും ഭർത്താവുണ്ടായിട്ടും കാര്യമൊന്നുമില്ല. വളർന്നുവന്ന സാഹചര്യവും കുടുംബവും സമൂഹവും ഇട്ട പൂട്ട് തുറക്കാൻ എനിക്കായിട്ടില്ല. നല്ല മുഖം മാത്രം കാട്ടേണ്ടതിൻറെ നല്ലതുമാത്രം എഴുതേണ്ടതിന്റെ ഭാരം. നല്ലതെന്നു വച്ചാൽ എന്താണ് എന്ന് പ്രീതി അടക്കം ഉള്ള ഓരോ ബന്ധുക്കളും എൻറെ തലച്ചോറിൽ വന്നു തീരുമാനിക്കും. നിങ്ങൾ ആരും ഒന്നും ചെയ്തിട്ടുണ്ടെന്ന് അല്ല. പക്ഷേ എനിക്ക് മടുത്തു. എന്തെഴുതിയാലും സ്വകാര്യ ജീവിതവുമായി ബന്ധപ്പെടുത്തുന്ന ആലോചനകളും കമൻറുകളും.. എഴുത്തിൽനിന്ന് എഴുത്തുകാരിക്ക് മോചനമില്ല.

അല്ലെങ്കിൽ ഒരു വഴിയുണ്ട്...
വേണ്ട .

2019 മാർച്ച് 13, ബുധനാഴ്‌ച

പൂവരശ്

തെറ്റുതിരുത്തൽ പോസ്റ്റാണ്. എനിക്ക് കുറ്റബോധണ്ട്. ഞാനൊരു തെറ്റെഴുതീട്ട് അതു മൂടിവെച്ചു. ആ സാജ്വാര് Saju ഒരു പോസ്റ്റും കൊണ്ടുവന്ന് എന്റെ കുറ്റബോധത്തിന്റെ കടയ്ക്കലെ മണ്ണുവാരിക്കൊണ്ടോയി. കൂടുതൽ പേർക്കും അറിയാത്ത ഒരു കാര്യം തെറ്റായി അവതരിപ്പിച്ചതിന് മനുഷ്യന്റെ പരമ്പരാഗത ജ്ഞാനസമ്പത്തിനോട് ക്ഷമ ചോയ്ക്കട്ടെ. ഉറക്കം പിടിച്ച കുറ്റബോധത്തെ കുലുക്കിയുണർത്തിയ സാജ്വാരുടെ പോസ്റ്റിന്റെ ലിങ്ക്:

https://m.facebook.com/story.php?story_fbid=2409108232456941&id=100000733640613

ഭാരതീയ സസ്യജ്ഞാനത്തെ അജ്ഞാനം കൊണ്ട് വെല്ലുവിളിച്ച എന്റെ പോസ്റ്റിന്റെ ലിങ്ക്:

https://m.facebook.com/story.php?story_fbid=2235228279823588&id=100000093134522

പോസ്റ്റിട്ടു കഴിഞ്ഞു പൂവരശിനെക്കുറിച്ച് വെറുതെ ഞാനൊന്ന് സേർച്ചി. അപ്പൊക്കണ്ടു: അതിൽ ചിതലു വളരില്യാത്രേ! ഷഡ് ദോഷങ്ങളെ പൂവരശിന്നലകിന്നുള്ളിൽ നിന്ന് പുറത്തുചാടി പരക്കംപായുന്ന ചിതലായി വർണ്ണിച്ച്, അവയെ ചിതയിലെരിച്ചു ലൈക്കുകളും കമൻറുകളും വാരിക്കൂട്ടി ആത്മനിർവൃതിയോടിരിയ്ക്കുമ്പോഴാണ് ഈ വെളിച്ചം. തത്കാലം ഞാനത് ഊതിക്കെടുത്തി മയങ്ങി.

ഇപ്പോ പറഞ്ഞാ ഒരു നൂറുപേരെങ്കിലും മനസ്സിലാക്കുമല്ലോ. പൂവരശിന്റെ തടിയ്ക്കും തൊലിയ്ക്കും ചിതൽ വളർച്ചയെ തടുക്കാനുള്ള കഴിവുണ്ട്. തെസ്പേസ്യ പോപൾനിയ എന്ന ശാസ്ത്രനാമമുള്ള ഈ മരം ചെമ്പരത്തിയുടെ കുടുംബാംഗമാണ്. ഇംഗ്ലീഷിൽ പോർഷ്യാ ട്രീ, പസഫിക് റോസ് വുഡ്, മിലോ എന്നൊക്കെ പേരുണ്ട്. ശീലാന്തി, പിൽവരശു് എന്നതൊക്കെ മലയാളം നാമങ്ങളാണ്.

തീരപ്രദേശങ്ങളിലും ഉപ്പുകലർന്ന മണ്ണിലും വളരാനാണിഷ്ടം. ഭംഗിയുള്ള ഇളംമഞ്ഞ ഇതളുകൾക്കുള്ളിലെ ബ്രൗൺ നിറം പൂവിനെ കൂടുതൽ സുന്ദരിയാക്കുന്നു. തൊലിയിൽ നിന്നെടുക്കുന്ന നാരും ഉറപ്പുള്ളതും വേഗത്തിൽ ദ്രവിക്കാത്തതുമായ തടിയും കപ്പൽ നിർമാണത്തിന് ഉപയോഗിച്ചിരുന്നത്രേ. തവിൽ (തകിൽ ) എന്ന വാദ്യോപകരണം നിർമ്മിയ്ക്കുന്നത് പൂവരശിൻ തടിയിൽനിന്നാണ്. മൃദു ഭാഗങ്ങൾ കാലിത്തീറ്റയായി ഉപയോഗിക്കുന്നു. മണ്ണൊലിപ്പ് തടയുന്നതിന് തീരപ്രദേശങ്ങളിൽ നട്ടുവളർത്താൻ ഉത്തമം. തൊലി, ഇല, പൂവ്, വിത്ത് എന്നിവ ആയുർവേദ ഔഷധങ്ങളിൽ ഉപയോഗിയ്ക്കുന്നു.
https://www.google.com/url?sa=t&source=web&rct=j&url=https://ml.m.wikipedia.org/wiki/%25E0%25B4%25AA%25E0%25B5%2582%25E0%25B4%25B5%25E0%25B4%25B0%25E0%25B4%25B6%25E0%25B5%258D%25E0%25B4%25B6%25E0%25B5%258D&ved=2ahUKEwjIsM2u84DhAhUGTn0KHZ7pDt8QFjASegQIAxAB&usg=AOvVaw2-IxvQoBq3Xri5uiwstBRR&cshid=1552542142549

കടപ്പാട് Wikipedia

2019 മാർച്ച് 4, തിങ്കളാഴ്‌ച

സ്കന്ദപുര പുരാണം 2

സ്കന്ദപുര പുരാണം 2

സണ്ടൂരു കുമാരസ്വാമി ക്ഷേത്രത്തിന്റെ നടയ്ക്ക് നേരെ മുമ്പിലൊരു തകര ഷീറ്റുറപ്പിച്ചിട്ടുണ്ട്. സ്ത്രീകളെ കാണാൻ താൽപര്യമില്ലാത്ത സ്വാമിയെ സ്ത്രീകളിൽനിന്ന് മറയ്ക്കാനോ ദൈവകോപത്തിനിടയായി ചോര ഛർദ്ദിച്ചു മരിയ്ക്കുമെന്ന് ഭയന്ന് സ്ത്രീകളെ സ്വാമിയിൽ നിന്ന് മറക്ക്കാനോ ആയി വെച്ചതാകണം. 1996 മുതൽ സ്ത്രീകൾ കയറാറുള്ള ഇടമാണ്. എന്നിട്ടും അതിനകത്തുകടന്നപ്പോൾ ജാള്യത തോന്നി. വിളിക്കാത്ത കല്യാണത്തിന് ചെന്നപോലെ.. ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ.. മനപ്പൂർവമല്ലാതെ അന്യരുടെ രഹസ്യ ഇടപെടലുകൾ കാണുകയോ കേൾക്കുകയോ ചെയ്യേണ്ടിവന്ന ഒരുവളെപ്പോലെ..

പലതവണ പോയിരിയ്ക്കുന്നു. ഓരോ തവണയും ഇതുതന്നെയാണ് അനുഭവം. എങ്കിലും ആകർഷിച്ചടുപ്പിയ്ക്കുന്ന എന്തോ ഒന്ന് ആ പരിസരത്തുണ്ട്. മറ്റു പുരാവസ്തു സ്ഥലങ്ങളിൽ ലഭിയ്ക്കുമാറ് പഴമയുടെ ഗൃഹാതുരതീക്ഷ്ണ വികാരങ്ങളുടെ ഉത്തേജനമോ ശില്പകലയുടെ ധാരാളിത്തമോ ഒന്നും ഇല്ലായിരിയ്ക്കാം. ഒരുപക്ഷേ അവിടെ അനുഭവിയ്ക്കാൻ കഴിഞ്ഞതിന് പുരാണവുമായും പൗരാണികതയുമായും ഒന്നുമായിരിയ്ക്കില്ല ബന്ധം. ചവിട്ടിയ മണ്ണിൽനിന്നും ശ്വസിച്ച കാറ്റിൽനിന്നും വന്ന എന്തോ ഒന്നായിരിയ്ക്കണം അത്. എല്ലാ തിങ്കളാഴ്ചകളും പൗർണമികളും അവിടെ ഉത്സവമാണ്. ആ രാത്രികളിൽ ദേവനെ താരാട്ടുപാടി തൊട്ടിലാട്ടി ഉറക്കുന്നതിന് സാക്ഷിയാകുമ്പോൾ ഒരായിരം ജനഗണമന ഒന്നിച്ചു കേട്ടപോലെ രോമാഞ്ചം വരും. മധുരമധുരമായൊരനുഭവം.

അമ്പലത്തിലെ ഉദ്യാനം നിറച്ചും പൂക്കളാണ്. മലമുകളിലെ തണുപ്പിൽ, ധാതുസമ്പുഷ്ടമായ മണ്ണിൽ വിടർന്ന വലിയവലിയ പൂക്കൾ നിറഞ്ഞ പൂന്തോട്ടം പൗർണമി രാത്രിയിൽ കാണുന്നതൊന്നു സങ്കല്പിച്ചുനോക്കൂ.

പാർവതിയമ്പലത്തിൽ കവാടത്തിനു പുറത്തുള്ള രണ്ടു ശില്പങ്ങൾ വേഷത്തിലും ഛായയിലും ചൈനീസ് സഞ്ചാരികളാണ്. ചുമർ നിർമ്മിയ്ക്കാൻ അടുക്കിവെച്ച കല്ലുകൾക്കിടയിൽ കുമ്മായവും മണ്ണുമൊന്നുമില്ല. ഇൻറർലോക്ക് സാങ്കേതികത മാത്രമുപയോഗിച്ചു് പടുത്തവ. വിനോദസഞ്ചാരകേന്ദ്രമല്ലാത്തതിനാൽ വസ്തുതകൾ വിശദീകരിയ്ക്കാൻ ഗൈഡുകളൊന്നുമില്ല. നമ്മൾ നല്ല താല്പര്യം കാണിച്ചാൽ അമ്പലത്തെ സംബന്ധിച്ച് കുറച്ചു വിവരങ്ങൾ മുഖ്യ പൂജാരി മുറിമലയാളത്തിൽ പറഞ്ഞു തന്നേയ്ക്കാം.

പന്ത്രണ്ടുമണിക്ക് എന്നും സന്ദർശകർക്ക് ഉച്ചഭക്ഷണമുണ്ട്. കഴിഞ്ഞ തവണ ഞങ്ങൾ പോയപ്പോൾ ഭക്ഷണം വിഭവസമൃദ്ധമായിരുന്നു. കർണാടകത്തിൽ പ്രസിദ്ധമായ ചെല്ലൂരു സിൽക്സിന്റെ മുതലാളിയുടെ കുടുംബത്തിന്റെ വകയായിരുന്നു അന്ന് ഭക്ഷണം. അങ്ങേരുടെ ഒരേയൊരു മകന് കല്യാണം കഴിഞ്ഞ് 13 വർഷങ്ങളായിട്ടും കുട്ടികളുണ്ടാവാഞ്ഞ് ഇവിടെ വന്ന് പ്രാർത്ഥിച്ചത്രേ. ഇവിടുത്തെ പ്രസാദമായ ഭസ്മം (ഖനിമണ്ണ്) കൊടുത്തയച്ചത്രേ. (പാർവതിയമ്പലത്തിൽ ചോദിച്ചാൽ ആർക്കും കൈനിറയെ തരും കേട്ടോ. ഒരുനുള്ള് വായിലിട്ടാൽ ഹാ... നിങ്ങക്ക് മണ്ണിന്റേം സ്ലേറ്റ് പെൻസിലിന്റേം ചോക്കേടേമൊക്കെ രുചി വല്ല പിടുത്തോണ്ടോ?) അവർ കുട്ടിയെയും കൂട്ടി ആദ്യമായിട്ട് അമ്പലത്തിൽ വന്നതായിരുന്നു; ദേവനോട് നന്ദിപറയാൻ. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന മഞ്ജുള ചെല്ലൂരിന്റെ ആങ്ങളയാത്രേ ആ മുത്തശ്ശൻ. എന്തായാലും ഒരു ഉത്തരകർണാടക സദ്യയൊത്തതിൽ സന്താനാധിപതിയും കല്യാണാധിപതിയുമായ സേനാധിപതിയോട് സന്തോഷം തോന്നി.

മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും ഒരുപാടു കുടുംബങ്ങളുടെ കുലദേവതയാണ് ലോഹാചലത്തിലെ സുബ്രഹ്മണ്യൻ. കാട്ടിനകത്തെ വിനോദസഞ്ചാര പ്രാമുഖ്യമില്ലാത്ത ആ അതിപുരാതന ക്ഷേത്രത്തിലേയ്ക്ക് മധ്യ- പശ്ചിമേന്ത്യയിലെ ഭക്തർ വന്നുകൊണ്ടേയിരിയ്ക്കുന്നു; സങ്കടം പറയാനും കല്ല്യാണം വിളിക്കാനും മക്കളെ ചോദിക്കാനും നന്ദി പറയാനും കൃഷി-വ്യവസായങ്ങളുടെ ഫലങ്ങൾ കാഴ്ചവയ്ക്കാനും കുടുംബനാഥനെ വെറുതെയൊന്നു കാണാനുമൊക്കെ.

2019 മാർച്ച് 3, ഞായറാഴ്‌ച

പുതുമഴ മണം

കന്നിമഴ പെയ്യുന്നപോലാണ് ഓരോ പ്രണയവും തുടങ്ങുക.

മൂടിക്കെട്ടിയ ആകാശം..
വേനൽചൂടും പുഴുക്കവും..
എത്രതവണ കുളിച്ചാലും തൃപ്തിയാകാതെ, തോർത്തു കൊണ്ടുരച്ച് വേദനിപ്പിച്ചില്ലായ്മചെയ്യാൻ ആഗ്രഹിച്ചുപോകുന്ന ചൂടുകുരുക്കൾ തിണർത്തു കിടക്കുന്ന ദേഹം..

തപ്തവും വ്യഥിതവുമായ മനസ്സ്..

അങ്ങനെയിരിയ്ക്കുമ്പോൾ കാറ്റു വീശും. ഇടിമിന്നലിന്റെ പ്രകാശത്തിൽ ഇരുണ്ടതൊടിയും വരണ്ടതോടും ഉണങ്ങിക്കരിഞ്ഞ പച്ചപ്പും തിളങ്ങും.
പൊടിയും ചൂടും അലിഞ്ഞുചേർന്ന ആദ്യതുള്ളികൾ വീണ് വിയർപ്പലിഞ്ഞ് നീറും.
ഒരു ഇടവപ്പാതി മുഴുവൻ ഒരുമിച്ചു വീണെങ്കിൽ എന്ന് ദാഹിയ്ക്കുമ്പോൾ..
പതിയെ പെയ്തിറങ്ങി നനയ്ക്കാൻ തുടങ്ങിയിട്ടുണ്ടാകും മഴ.

നനഞ്ഞ മണ്ണിൽനിന്നു ചൂടിനൊപ്പം പൊങ്ങിപ്പരക്കുന്ന ഹൃദ്യ ഗന്ധം..
വിടർന്ന നാസികയോടെ നെഞ്ചകം നിറച്ചും വലിച്ചെടുക്കാൻ വെമ്പുന്ന പുതുമണ്ണിൻ മണം..

ഓരോ പ്രണയവും തുടങ്ങുന്നത് ഈ പുതുഗന്ധത്തോടെ.. രസകരമായി..

എത്ര മഴക്കാലങ്ങൾ കഴിഞ്ഞാലും വേനലിൻ വിവശതകൾ താണ്ടി വരുന്ന മണ്ണ് പുതുമണ്ണല്ലേ? 

ഓരോ പ്രണയം കൊഴിയുമ്പോഴും  വേർപാടിൻ തീച്ചൂളയിലൂടെ  നടന്നുതിണർത്ത്.. 

പുതിയൊരു പ്രണയക്കാലം പെയ്തുതുടങ്ങുമ്പോൾ  പുതുതായി നാമ്പിടുന്ന അനേകം വിത്തുകൾ തഴച്ച്, പച്ചച്ച്, കനത്ത്, പൂ പടർത്തി, സുഗന്ധം പരത്തി..

2019 മാർച്ച് 1, വെള്ളിയാഴ്‌ച

റോസാ ചെടിയും കാറ്റും

റോസാച്ചെടിയും കാറ്റും

"എല്ലാം കളവായിരുന്നെന്ന് നീ പറഞ്ഞപ്പോൾ അപ്പറഞ്ഞതും കളവായിക്കൂടെന്നില്ലല്ലോ!''

''എന്തു വിശ്വസിയ്ക്കണമെന്നത് നിന്റെ ഇഷ്ടമാണ്." ഒരു സന്യാസിയുടെ നിർമമഭാവത്തിൽ കാറ്റു ചിരിച്ചു.

ആ ചിരിയുടെ അലകളിലുലഞ്ഞ അവളുടെ അവസാനദലവും പൊഴിഞ്ഞു വീണു. ഭാവിയിലേയ്ക്ക് ഒരു വാഗ്ദാനവും ബീജാപവാഹം നടത്താത്ത ജനിപുടങ്ങളും ഉണങ്ങിപ്പൊടിയാൻ തുടങ്ങിയ കേസരങ്ങളുമായി റോസാപ്പൂവിന്റെ ഒരോർമ്മമാത്രം അവളിൽ ബാക്കിയായി. കിള്ളിപ്പിടിയ്ക്കാൻ എന്നവണ്ണം അറ്റം വളഞ്ഞ്, ചുകന്നിരുണ്ട കൂർത്ത മുള്ളുകളെ തഴുകി കാറ്റു വീണ്ടും ചിരിച്ചു- ഒരു പോറൽപോലുമേൽക്കാതെ.

വിശ്വാസങ്ങളും പ്രതീക്ഷകളും വാഗ്ദാനങ്ങളും നേരംകൊല്ലികളായ ഇടവഴികളും നടവഴികളുമാണെന്നോർത്ത് കണ്ണടച്ചവൾ തന്നിലേയ്ക്കു നോക്കി. സമയത്തിന്റെ കാട്ടിൽ വഴികളും വഴിയില്ലായ്മയും ഒന്നുതന്നെയാണെന്നും താൻ സമയത്തെയല്ല സമയം തന്നെയാണ് കടന്നു പോകേണ്ടതെന്നും അവൾ മനസ്സിലാക്കി.

ക്ഷണിക വിശ്വാസങ്ങളാൽ സംവദിയ്ക്കേണ്ടവരായ അനേകം മുകുളങ്ങൾ തന്റെ കാണ്ഡത്തിലെമ്പാടും മയങ്ങിക്കിടക്കുന്നത് കണ്ട് അവൾ ദീർഘനിശ്വാസമുതിർത്തു.