2020 ഏപ്രിൽ 26, ഞായറാഴ്‌ച

വേനൽ മഴ

മഴ ഇപ്പൊ പെയ്യുമായിരിക്കും..
ശ്വാസമടക്കിപ്പിടിച്ച പോലെ പ്രകൃതി. ഇടക്ക് ഇളം കാറ്റ്. വിങ്ങുന്ന ശരീരം. വിയർപ്പു മണക്കുന്ന കുപ്പായം. വീർപ്പടക്കി മങ്ങിയ ഉച്ച. പക്ഷികളെവിടെ! പ്രാർത്ഥിക്കാൻ പോയോ? ഒരു കാക്ക പോലുമില്ല.
പെട്ടെന്നൊരിടി വെട്ടി. ഞെട്ടിയുണർന്ന പോലെ തെങ്ങുകളെ ഉലച്ചു കൊണ്ട്‌ കാറ്റ് ആഞ്ഞു വീശാൻ തുടങ്ങി.

ഇത്ര നാൾ വെന്തു നിന്ന ഭൂമി വർഷാരവത്തിനായി വെമ്പി സന്തോഷത്താൽ വിമ്മിക്കരയാൻ തുടങ്ങി. വേഗം... ഒന്നു വേഗം... എന്നിലേക്ക്... കാറ്റടിച്ചു കൊണ്ടുപോകും മുന്നേ...
ഉലഞ്ഞാടുന്ന തെങ്ങിനു കീഴെ ഭയപ്പാടോടെ നിന്ന വാഴക്കൈകൾ തുടരുന്ന മിന്നൽമാലയിൽ ഞെട്ടി വിറച്ചു. കൂമ്പിനുള്ളിൽ ശയിക്കുന്ന ഇന്നു വിടർന്ന പൂവുകൾ താഴെയടർന്നു  തവിട്ടു രാശിയിൽകിടക്കുന്ന ഇന്നലത്തെ പൂക്കളെ നോക്കി. വിരിഞ്ഞു വരുന്ന കായകൾ ഭാരമേറിയ കുലയിൽ മുറുക്കെപ്പിടിച്ചു; അമ്മയെ അളളിപ്പിടിക്കും പോലെ. കുലയാകട്ടെ, ആടുന്ന ഓലപ്പട്ടകൾക്കു കീഴെ വാഴയെ കുനിച്ചു നിർത്തി നമസ്കരിക്കാനോങ്ങി. സാഹസികോദ്യാനത്തിലെ വ്യാളിത്തീവണ്ടിയിൽ മുറുക്കെപ്പിടിച്ചിരിക്കുന്ന യാത്രക്കാരെപ്പോലെ തോന്നിച്ചു കൂപ്പുകുത്താനോങ്ങിയ വാഴക്കുല.

പഞ്ഞിമുട്ടായി പോലത്തെ നായക്കുഞ്ഞ് കണ്ണുതുറന്നതിനു ശേഷം ജീവിതത്തിലാദ്യമായി മഴ കാണുകയാണ്.
ആദ്യ തുള്ളികൾ വളരെ നേർത്തവയായിരുന്നു. കാറ്റിൽ പാറിപ്പോകുമെന്ന് ഭയപ്പെടുത്തുന്ന മഴ... ആഹ്ലാദത്തോടെ മിറ്റത്തു നിന്ന കുട്ടികളുടെ കാലുകൾക്കിടയിൽ തിരിഞ്ഞു കളിക്കവേ പുറത്തു പാറി വീണ രണ്ടു മഴത്തുള്ളികളെ മഹാ ജലപാതമെന്നപോൽ ഘോര ഘോരം കുടഞ്ഞു തെറിപ്പിച്ച് ഭയന്ന് ഉമ്മറത്തേക്കു കയറി കുഞ്ഞിച്ചങ്കരൻ.

കൊതിച്ച മഴയെ കാറ്റു പറത്തിയെന്നു ഭയന്ന് കരയാനും മറന്ന് നിരാശയോടെ ഭൂമി കിടന്നു.
പടിഞ്ഞാറു നിന്ന് കാർമേഘങ്ങൾ ഓടിയോടി കിഴക്കോട്ടു പോകുന്നു. മഴ പെയ്യുമോ എന്ന് ഇനിയും പറയാറായിട്ടില്ല. കാറ്റിലും വിയർക്കുന്നു. നിരാശപ്പെടാനായിട്ടില്ല.

മാനം ഒന്നുകൂടെ കനത്തിരിക്കുന്നു ഇപ്പോൾ. കല്യാണപ്പന്തലുകെട്ടിക്കഴിഞ്ഞ ദിവസം ഇരുട്ടാൻ തുടങ്ങുമ്പോൾ അപ്പോൾ മാത്രം തൂണിൽ വലിച്ചു കൊരുത്ത പുതിയ കരണ്ടു വയറിൽ വിരിഞ്ഞു തെളിഞ്ഞ വിളക്കു പോലെ ഒരു അഭൗമ പ്രകാശം ഭൂമിയിൽ പതിച്ചു.
ആകാശമേലാപ്പിനുകീഴെ സ്വർഗ്ഗീയ വെളിച്ചത്തിൽ നവോഢയെപ്പോലെ മണ്ണു നാണിച്ചു.

കാറ്റു ശക്തമായി. തലയറഞ്ഞാടുന്ന മരങ്ങൾ കരിയിലകളും വിളഞ്ഞ ഫലങ്ങളുമെല്ലാം കൊഴിച്ചിട്ട് ഭാരമൊഴിക്കാൻ തുടങ്ങി.
ചാറ്റൽ മഴ.
മഴ.. പെയ്യുമായിരിക്കും.

2020 ഏപ്രിൽ 10, വെള്ളിയാഴ്‌ച

ഓല

നാടെല്ലാം പടിയടച്ച് വീട്ടിലിരിക്കുമ്പോൾ ഈ അനിശ്ചിതകാല വേനലവധിയിൽ ഏറ്റവുമേറെ പ്രതീക്ഷ നൽകുന്ന വിരുന്നുകാരനാരായിരിക്കും?
വേനൽമഴയെന്ന ആ വിരുന്നുകാരന്‍ തരുന്നതെന്തൊക്കെയാണ്?ഓർക്കാനേറെ സമയമുള്ള ദിനരാത്രങ്ങളിൽ പങ്കയുടെ താളത്തിൽ നമുക്കു ചുറ്റും വീണ്ടും വീണ്ടും കറങ്ങി നടക്കുന്ന ഓർകളിലൊന്നു തൊട്ടാൽ മതി- അവ ഒന്നിൽ നിന്നു മറ്റൊന്നിലേക്ക്, അതിൽ നിന്നു മറ്റു പലതിലേക്ക് ഒരു ശൃംഖല പോലെ പടർന്നു വളരും. എത്ര വളർന്നാലും മഹാവ്യാധിയെന്നും മഹാമാന്ദ്യമെന്നുമുള്ള വാസ്തവങ്ങളിലേക്കു കൃത്യമായി തിരിച്ചു വരികയും ചെയ്യും.


മൂക്കാനും പഴുക്കാനും നില്‍ക്കാതെ കാറ്റെന്ന കൂട്ടുകാരനൊപ്പം തല്ലിക്കൊഴിച്ച ആദ്യ മാങ്ങകള്‍, മരത്തില്‍ ബാക്കി വന്ന മൂത്തുനരച്ച അവസാന അമ്പഴങ്ങകള്‍, മൂപ്പെത്താത്ത കുലയോടുകൂടിയ വാഴകള്‍, വാളമ്പുളി, ഇരുമ്പാമ്പുളി, ഉണങ്ങിയ തേങ്ങ, ഓല, കൊതുമ്പ്, കോച്ചാട.. ഇനിയുമേറെ. 
ഇതില്‍ ഏറെ ഗൃഹാതുരത്വമുണര്‍ത്തുന്ന, എന്റെ സ്വകാര്യ സുഖമെന്നു തോന്നുന്ന ഒന്നാണ് തെങ്ങോലയുടെ(ഓലപ്പട്ട) പതനധ്വനി. ഇളം പച്ചനിറത്തില്‍ വിരിഞ്ഞ് പീലി നീര്‍ത്തിയാടി, ഒരു രാജാവിനെപ്പോലെ ഗംഭീരമായി ഏറെനാള്‍ തലയുയര്‍ത്തി നിന്ന് നീലവാനത്തെ കോതിക്കോതി ഇക്കിളിയാക്കി, പുതിയ നാമ്പുകളുയര്‍ന്നു വരുമ്പോള്‍ പതിയെ വശത്തേയ്ക്കു മാറി, ജീവിതമേ ഉത്സവമെന്ന മട്ടില്‍ കുരുത്തോല തൂക്കി, കാക്കയ്ക്കും കൊറ്റിയ്ക്കും തത്തയ്ക്കുമിരിക്കാന്‍ നട്ടെല്ലു വളച്ചുകൊടുത്ത്.. പിന്നെ പതിയെ മഞ്ഞച്ച്, ഉണങ്ങിത്തൂങ്ങി, വിഷാദത്തോടെ നിലത്തുനോക്കി, കിരികിരിയെന്നു കരിയിലപോലെ മാറിയ ശബ്ദത്തിൽ കാറ്റിനോടു പരിഭവം പറഞ്ഞ് ഒരുനാള്‍ അതിന്റെ ഭീമാകാരമായ ഞെട്ടറ്റ് രാജകീയമായ പതനം. ഉണങ്ങിയ ഓല തെങ്ങിന്‍ തടികളിലും മറ്റു മരങ്ങളിലും ഉരസി വലിയൊരു സീല്‍ക്കാരത്തോടെ വീഴുന്ന ശബ്ദം കേരളീയർക്കെല്ലാം ചിരപരിചിതമല്ലേ? 

ഒട്ടൊരു ഭയത്തോടെ ഒഴിഞ്ഞുമാറാന്‍ നോക്കും തെങ്ങിന്‍ ചോട്ടിലാണെങ്കില്‍. ഉമ്മറത്ത് നീന്തിയെത്തിയ കുഞ്ഞ് ഞെട്ടി പേടിച്ചുറക്കെ കരഞ്ഞേക്കാം. കൂടെ തേങ്ങയും വീണ് ഓടു പൊട്ടാം. മൂലോടു പൊട്ടിയാല്‍ നഷ്ടം കൂടുതലാണേ. 

പ്രവാസിയായിക്കഴിയുമ്പോള്‍ എടുത്തു പറയത്തക്ക പ്രാധാന്യമില്ലാത്ത ഒട്ടനേകം ശീലങ്ങള്‍ക്കും ഓർമ്മകള്‍ക്കുമൊപ്പം തെങ്ങും അതിന്റെ ശബ്ദങ്ങളും അതിനോടു ബന്ധപ്പെട്ട വാക്കുകളും നമ്മള്‍ കാലങ്ങളോളം ഓര്‍മ്മിക്കാതിരുന്നേക്കാം. 

ഓലപ്പട്ട വീണിടത്തു നിന്ന് മുറ്റത്തേയ്ക്കു വലിച്ചുകൊണ്ടുവരുന്ന ശബ്ദം- അതു ടെക്സാസിലെ മെട്രോ സ്റ്റേഷനിലിരിയ്ക്കുമ്പോൾ കേട്ടാലും തിരിച്ചറിയില്ലേ?

"സീതേയ്, ചായട വെള്ളം ചൂടാക്കണെങ്കില്‍ കോച്ചാടേ ള്ളൂ. വെറകൊക്കെ കഴിഞ്ഞിട്ക്കുണൂ." 

കോച്ചാടയെന്നാല്‍ തോണിയാകാരത്തിലുള്ള കൊതുമ്പും അതിനകത്ത് വിളഞ്ഞ തേങ്ങയടര്‍ന്നു വീണു പോയ ഉണക്കപ്പൂങ്കുലയും.

ഓലക്കൊടി വെട്ടുന്നതു നോക്കിയിരിയ്ക്കാന്‍ രസമല്ലേ? ഓരോ വശത്തുനിന്നും കൈപ്പിടിയിലൊതുങ്ങുന്നവ കൊത്തിക്കൊത്തി കൂട്ടിയിട്ട് അവസാനം തുമ്പ് അങ്ങനെ തന്നെ വെട്ടി ഓലക്കൊടി കൊണ്ടുതന്നെ ഒരു കെട്ട് കെട്ടി ഒതുക്കി വെയ്ക്കും. തീപ്പിടിപ്പിക്കാനും ചൂട്ടുകത്തിയ്ക്കാനും ഒക്കെ വേണം. ചൂലിന് ഈർക്കിൽ ഈരാനാണെങ്കിൽ നീളം കൂടിയ ഓലക്കൊടി മാറ്റി വെക്കണം. ഓലക്കൊടി വെട്ടി ബാക്കിയായ മട്ടല് (മടല്) അടുപ്പില് വെയ്ക്കാന്‍ പാകത്തിന് വലിപ്പത്തില്‍ തുണ്ടമാക്കി കൂട്ടിവെയ്ക്കും. അവസാനം വരുന്ന തടിച്ച ഞെട്ടിഭാഗമാണ് മടക്കടത്തണ്ട്. അതു നടുപിളര്‍ത്തി മുറിച്ചടുത്താലേ അടുപ്പില്‍ കൊള്ളൂ. ഒരു മീറ്ററോളം നീളമുള്ള മടക്കടത്തണ്ട് ഒരു കളിസ്സാമാനമായിരുന്നു. ടോയ്‌ സ്‌റ്റോറി ഒന്നുമുതല്‍ നാലുവരെ സിനിമകള്‍ കണ്ട ഇന്നത്തെ കുട്ടികള്‍ക്കും ഓലമടലുമ്മേല്‍ കളിയ്ക്കാന്‍ ഇഷ്ടമായിരിക്കും. ടിവിയും മൊബൈല്‍ ഗെയിമുകളും ഓഫായിപ്പോയാല്‍ മാത്രം. 

ചന്ദ്രക്കലപോലെ മുറ്റത്തുവീണു കിടക്കുന്ന മടക്കടത്തണ്ടിന്റെ തലഭാഗത്ത് ഒരുകാലും ലെസ്സ്ദാന്‍(<) അഥവാ ഗ്രേറ്റർ ദാൻ (>) എന്ന ആകാരത്തില്‍ വെട്ടിയെടുത്ത വാലറ്റത്ത് മറ്റൊരുകാലും വെച്ച് കിനാക്കളിവള്ളം എത്ര തുഴഞ്ഞതാ നമ്മളൊക്കെ. ഒരാളിരുന്നോ നിന്നോ മറ്റൊരാള്‍ വലിച്ചുകൊണ്ടുപോകുന്ന മട്ടല്കാളയ്ക്ക് കഴുത്തിലൊരു കയറുമാകാം. സ്‌കേറ്റിങ്ങൊന്നും അന്നു നമ്മള്‍ സിനിമയില്‍ പോലും കണ്ടിട്ടില്ല. 

തേങ്ങയിടുന്ന ദിവസം അതെണ്ണി അകത്തിടുന്നൊരേര്‍പ്പാടുണ്ട്. മൂന്നാലുപേര്‍ ദൂരെദൂരെ നിന്ന് കൈമാറിക്കൈമാറി എറിഞ്ഞു കൊടുക്കും. നമ്മളും വലുതായി ഒന്നിനുമാത്രം പോന്നെന്ന് മൂത്തോര് അംഗീകരിച്ചാലേ ആ സര്‍വ്വീസിലേയ്‌ക്കൊക്കെ എടുക്കുള്ളൂ ട്ടോ. പീക്കിരി ശരീരികളാണെങ്കിൽ ഒരു എട്ടാംക്ലാസ്സെങ്കിലും ആവണം. ഇങ്ങനെ തേങ്ങ നിറയ്ക്കാന്‍ പൂമുഖത്തോടു ചേര്‍ന്നൊരു ഗ്രില്ലിട്ട മുറിയുണ്ട്. തേങ്ങയൊഴിഞ്ഞു കിടക്കുമ്പോള്‍ അതിനു സ്റ്റഡി റൂമെന്നായിരുന്നു പേര്. കോളേജില്‍ പഠിയ്ക്കുകയായിരുന്ന കുഞ്ഞമ്മായിക്ക് തേനീച്ച കുത്തിയപോലെ മുഖം വീര്‍ക്കാന്‍ വായനാമേശയ്ക്കു താഴെയും അലമാരയ്ക്കു മുന്നിലും അരയാള്‍ പൊക്കത്തില്‍ കുമിഞ്ഞു കിടക്കുന്ന തേങ്ങാക്കൂട്ടവും ഒരു കാരണമായിരുന്നു. പുസ്തകം വെയ്ക്കുന്ന അലമാരയുടെ കതക് അനിശ്ചിത കാലത്തേയ്ക്കു തുറക്കാന്‍ പറ്റാത്തതിനാല്‍ തേങ്ങ നിറയുന്നതിനു മുമ്പ് ആവശ്യമുള്ള പുസ്തകങ്ങളെടുക്കേണ്ടിയിരുന്നു. പൂപ്പലിന്റെ നനവും ചെള്ളുമൊക്കെ ഋതുവനുസാരം നിറയുമെങ്കിലും തേങ്ങ നിറഞ്ഞ സ്റ്റഡിറൂം എനിയ്‌ക്കൊരാഘോഷമായിരുന്നു. തേങ്ങാക്കൂനയ്ക്കു മുകളിലൂടെ നടക്കുമ്പോള്‍ ബാലരമയിലെയും പൂമ്പാറ്റയിലെയും കഥകള്‍ മനസ്സാലഭിനയിച്ചു തകര്‍ക്കും. തേങ്ങാക്കൂനയ്ക്കു മുകളില്‍ നില്‍ക്കുമ്പോള്‍ കോട്ടയ്ക്കു മുകളില്‍ മുടി താഴോട്ട് ഇട്ടിരിയ്ക്കുന്ന രാജകുമാരിയാണ് ഞാനെന്നു തോന്നും. തേങ്ങയ്ക്കുമേല്‍ വഴുതി വീഴുമ്പോള്‍ ഹിമാലയ ഗിരിദുര്‍ഗ്ഗങ്ങളിലാണെന്ന മട്ടിൽ എക്കോയിട്ട് 'രക്ഷിക്കണേ..' വിളിയ്ക്കും. 
"രക്ഷിക്കണേ.. 
ക്ഷിക്കണേ... 
യ്ക്കണേ... 
ണേ..."

വാങ്ങിയ കൂട്ടര്‍ കല്ലും കട്ടിളയും കഴുക്കോലും ഊരി പാര്‍ട്ട് പാര്‍ട്ടാക്കി നാമാവശേഷമാക്കിയ തറവാട്ടു വീട്ടില്‍ ഞാനേറ്റവുമധികം സമയമിരുന്ന മുറിയാണ് സ്റ്റഡിറൂം. ബാല്യകൗമാരങ്ങളുടെ ചിരിയും കരച്ചിലും ചിന്തയും വിഷാദവും സ്വപ്‌നങ്ങളും ആഗ്രഹങ്ങളും നിരാശകളുമെല്ലാം അടക്കം ചെയ്തയിടം. സ്റ്റഡിറൂമിനെ സ്റ്റഡിറൂമെന്നു വിളിയ്ക്കരുതെന്നും സ്റ്റഡിയെന്നാല്‍ സ്റ്റഡിറൂമെന്നാണര്‍ത്ഥമെന്നും പലതവണ ഡല്‍ഹിക്കാരന്‍ കുഞ്ഞപ്പൂപ്പന്‍ പറഞ്ഞു തന്നിട്ടും സ്റ്റഡിറൂമിനെ ഞങ്ങള്‍ സ്റ്റഡിറൂമെന്നു തന്നെ വിളിച്ചു വന്നു. സമചതുരത്തിലുള്ള തണുത്തുചെമന്ന മണ്ണോടു പതിച്ച്, ഒരു ചുമരു നിറയെ അഴിവെച്ച് ഞങ്ങളെ അഴിയെണ്ണാന്‍ പഠിപ്പിച്ച, രണ്ടു ചുമരുകളില്‍ ത്രികോണാകൃതിയില്‍ ചെറിയ ദ്വാരങ്ങളുള്ള ആ കുടുസ്സുമുറിയില്‍ ഇന്നും ഇനിയും ഈ ആയുഷ്‌കാലമത്രയും എനിയ്ക്കു സ്വയം മറന്നിരിയ്ക്കാം. പഴയ മുച്ചക്ര സൈക്കിളും കാരംബോര്‍ഡും താഴ്വരയിലെ ബള്‍ബുടച്ച ഏട്ടന്റെയാ ചുകന്ന പ്ലാസ്റ്റിക്ക് പന്തും അമ്മയ്ക്കും അമ്മമ്മയ്ക്കും അനാവശ്യമെന്നു തോന്നിയിരുന്ന മറ്റനേകം സാമാനങ്ങളും അട്ടത്തു മയങ്ങിക്കിടക്കുന്ന ആ ചെറിയ തട്ടിട്ട മുറി..

ഓലമെടയാനെന്നെ പഠിപ്പിച്ചത്  എളങ്കൂറിലെ ഇഞ്ഞക്കയാണ്. കാതു കേള്‍ക്കാത്തതിനാല്‍ സംസാരിക്കനറിഞ്ഞുകൂടാത്ത ഇഞ്ഞക്ക. വൈകുന്നേരം കാപ്പികുടിച്ച് തൊടിയുടെ അതിരായ തോട്ടില്‍ കുതിര്‍ക്കാനിട്ട ഓലകളെടുത്തുകൊണ്ടു വരും. കുതിര്‍ന്നു ഭാരമേറിയ ഓലപ്പട്ടകള്‍ നിലത്തിഴച്ചു മണ്ണാക്കാതെ ഏറ്റിക്കൊണ്ടു വന്നാല്‍ നന്ന്. കറുത്ത ഓലകളില്‍ നിന്ന് തവിട്ടു നിറത്തിലുള്ള തുളളികള്‍ ഇറ്റിറ്റു വീഴും. എരുമകളെ കറന്ന് ചാണകവും വാരി നന്നായിരുട്ടും മുമ്പേ ഇഞ്ഞക്ക കുളത്തിപ്പോയി കുളിച്ചുവരും. ജംബറും ലുങ്കിയുമുടുത്ത് ചന്ദ്രികാസോപ്പിന്റെ മണമുള്ള ഈറന്‍മുടി കോതിക്കെട്ടി മുറ്റത്തേയ്ക്കിറങ്ങും. മുടുകവിളക്ക് കത്തിച്ച് ഇറയത്തെ പടിയിന്മേല്‍ വെച്ചിട്ടുണ്ടാകും. 

എളങ്കൂറു മഠത്തിന്റെ മുറ്റം ഇഞ്ഞക്കയുടെ അഭിമാനമായിരുന്നു.മണ്ണിട്ടടിച്ചു മിനുക്കി ചാണകം തേച്ച  മുറ്റം. താഴത്തെ തൊടിയിലേയ്ക്കുള്ള അതിന്റെ അരികിൽ മണ്ണുകുഴച്ച് തിണ്ടു പടുത്തതിന്റെ വശത്ത് നല്ല ചെമ്മണ്ണുതേച്ച് ചുകപ്പു നിറം. തിണ്ടിന്റെ മുകള്‍ ഭാഗം ബാറ്ററിക്കരി പൊടിച്ചിട്ട് ചാണകം കലക്കിത്തേച്ച നല്ല അസ്സലു കറുപ്പു നിറം. തീര്‍ന്നില്ല. ചിലപ്പോഴൊക്കെ പച്ചച്ചാണകം മെഴുകിയ മുറ്റത്തിനു ബാറ്ററിക്കറുപ്പുകൊണ്ട് ബോര്‍ഡറുണ്ടാകും. നല്ല വൃത്തിയില്‍ സ്‌കെയിലിട്ടു വരച്ച പോലെ. കവുങ്ങിൻപാള  ദീർഘ ചതുരാകൃതിയിൽ മുറിച്ചെടുത്തതു കൊണ്ട് സൂക്ഷ്മതയോടെ ചാണകം വടിച്ചാണീ കൃത്യത വരുത്തുന്നത്.  അരികോലായിലും പടവുകളിലും ഇതുപോലെ ചുകപ്പ്, കറുപ്പ്, ചാണകപ്പച്ച എന്നീ മൂന്നു നിറങ്ങൾ കൊടുത്ത് മനോഹരമാക്കിയിട്ടുണ്ടാകും. 

തട്ടിട്ട മണ്ണുവീടായിരുന്നു. ചാണകം മെഴുകിയ ഇരുണ്ട വീടകം. ബാറ്ററി പൊടിച്ചു കറുത്ത ചാണകം മെഴുകിയിരുന്ന പെണ്ണുങ്ങള്‍ക്കും ആ നിലത്ത് നീന്തിയും നടന്നും പെറുക്കിത്തിന്നും വളര്‍ന്ന കുഞ്ഞുങ്ങള്‍ക്കുമെല്ലാം ക്യാന്‍സര്‍ വന്നിട്ടില്ല. പക്ഷെ, ഇന്നെനിയ്ക്ക് എന്തൊരു പേടിയാണ് പലതിനോടും! 

മുടുകവിളക്കിന്റെ  മണ്ണെണ്ണപ്പുക ആര്‍ത്തിയോടെയിറക്കി ഞാനിരുന്നു നോക്കും- ഇഞ്ഞക്ക ഓല മെടയ്ണത്. ദിവസവും നാലഞ്ചെണ്ണം മെടയും. അങ്ങാടീല്‍ കൊടുത്താല്‍ പൈസകിട്ടൂത്രെ. ഞാനും പഠിച്ചതായിരുന്നു ഓലമെടയാന്‍.  കാലത്തിന്റെ ഏതെങ്കിലുമൊരു തിരിവില്‍ ഞാനിനിയുമൊരിക്കൽ ഓലമെടയുമോ ആ ചെറിയ അറിവ് ആര്‍ക്കെങ്കിലും പകര്‍ന്നുകൊടുക്കുമോ അതോ; മറന്നുപോയിക്കാണുമോ- ഒന്നുമറിഞ്ഞൂടാ

കുളത്തിൽ കുളിക്കുന്നതും മൈലാഞ്ചിയിടുന്നതുമാണ് അവിടുത്തെ മുന്തിയ ആകർഷണങ്ങള്. എത്തിയ ഉടനെ അപേക്ഷ തുടങ്ങിയാലേ തിരിച്ചു പോരുന്നതിനു മുൻപെങ്കിലും മൈലാഞ്ചി ഇടാൻ പറ്റൂ. ഇഞ്ഞക്കയുടെ അനുജത്തി സുശീലക്കയുടെ പിന്നാലെ നടക്കണം മൈലാഞ്ചി മന്ത്രം ജപിച്ചു കൊണ്ട്. ദേവി പതിയെ പ്രസാദിച്ചാൽ ഉത്സാഹമായി. പിന്നെ ഇല പറിക്കണം. അമ്മിയിലരക്കുന്നത് കണ്ടങ്ങനെ നിൽക്കാൻ രസമാണ്. അമ്മിക്കുട്ടി മുന്നിലേക്കും പിന്നിലേക്കും നിരക്കി നിരക്കി മുന്നിലും പിന്നിലും അരവ് കുമിയുമ്പോൾ വടിച്ചെടുത്തു നടുവിലിടും. വീണ്ടും ലേശംലേശമായി അരവ് രണ്ടറ്റത്തും കൂടിവരും. വീണ്ടും വടിച്ചെടുത്ത് നടുവിലിടും. ഇടക്ക് അമ്മിക്കുട്ടി ലേശം പൊക്കിയിട്ട് ഇടിച്ചു ചതക്കും. പിന്നെ അമ്മിക്കുട്ടി അമ്മിക്കല്ലിൽ കുത്തനെ ഇടതു കൈ കൊണ്ടു താങ്ങി നിർത്തി വശങ്ങൾ വടിച്ചെടുക്കും. സുശീല ക്കയുടെ കൈ മൈലാഞ്ചിച്ചാറു തട്ടി ചുകന്നു ചുകന്ന് വരും. ആ മണം നുകർന്ന് അവിടെ നിൽക്കുമ്പോൾ എനിക്കത് മുഖമാകെ വാരിപ്പൊത്താൻ കൊതി തോന്നും. നല്ലവണ്ണം അരഞ്ഞ മൈലാഞ്ചി ഒരു ചിരട്ടയിലോ തേക്കിലയിലോ വടിച്ചിടും. ഒരു ഈർക്കിലു കൊണ്ട് അത് എടുക്കാനും കയ്യിലിടാനും മണിക്കൂറുകൾ നീണ്ട തപസ്സാണു പിന്നെ. മനസ്സിലെ ബ്ലൂപ്രിന്റ് അതിഗംഭീരമായിരിക്കും. കയ്യിലെ ഗ്രീൻ പ്രിന്റ് ബ്ലൂവിന്റെ ഏഴയലത്തു വന്നിരിക്കില്ല. അതിനടിയിൽ കൈവെള്ള ഓറഞ്ചു വിട്ടു ചുകപ്പാവാൻ കാക്കുന്നതാണ് ഏറ്റവും ദുഷ്കരം. ഇടക്ക് പാതി ഉയർത്തി നോക്കും. നോക്കി നോക്കി മടുക്കുമ്പോൾ കൈ വേദന, ഉറക്കം എന്നൊക്കെപ്പറഞ്ഞ് കഴുകി വരും. എത്ര കാത്താലും സുശീലക്കേടെ അത്രേം ചുകക്കില്ല.

നാഴികകളും വിനാഴികകളുമെടുത്ത് കയ്യിൽ ഈർക്കിൽ കൊണ്ട് കളമെഴുതുമ്പോഴാകും ഉണ്ണാനോ ചായകുടിക്കാനോ വിളിക്കുന്നത്. ചിരട്ട ഇലക്കീറു കൊണ്ടു മൂടി എണീറ്റു പോയാൽ ശ്രീപേട്ടൻ എന്ന ശീപേട്ടൻ മനസ്സമാധാനം നശിപ്പിക്കാനായിട്ട് അതിനെ ചുറ്റിപ്പറ്റി നിൽക്കും. ശീപേട്ടൻ പണ്ട് മൈലാഞ്ചി മാറ്റി ചാണകയുരുള കൊണ്ടു വെച്ച് സുശീലക്കയെ പറ്റിച്ച കഥ ഞങ്ങൾ മൈലാഞ്ചി പറിക്കുമ്പോഴേ എല്ലാരും പറഞ്ഞ് ചിരിക്കാൻ തുടങ്ങിയിട്ടുണ്ടാകും. ചാണകം ഈർക്കിലുകൊണ്ടെടുത്ത് കയ്യിൽ ഡിസൈനിട്ട് ചുകക്കാൻ കാത്തിരിക്കുന്ന സുശീലക്കയെ ഓർക്കുമ്പോഴേ എനിക്കു പാവം തോന്നും. ദുഷ്ടൻ. മൈലാഞ്ചി മുഴുവൻ ഇട്ടു തീരും വരെ ഇടക്കിടെ എടുത്തു മണത്തു നോക്കണം. വേറെന്താ നിവൃത്തി? ശീപേട്ടനാണെങ്കിൽ ഇടക്കിടക്കൊരു കള്ളച്ചിരി പാസാക്കി "എരുമച്ചാണകം മണക്കുന്നേ" എന്നോ മറ്റോ മൂളിപ്പാട്ടും പാടി ചുറ്റിനടക്കും.

വാർദ്ധക്യത്തിലേക്കു കടന്ന കൂടുതൽ മൗനിയായ ഇഞ്ഞക്ക എളങ്കൂറുണ്ടാക്കും. കൊറോണ എന്നൊരു സൂക്ഷ്മാണുവുണ്ടെന്നും കൊവിഡ് - 19 എന്നൊരു രോഗത്തിന്റെ ഭീതിയിൽ വാതിലടച്ചിരിക്കുകയാണ് ലോകമെന്നും അവർ എങ്ങനെ മനസ്സിലാക്കിയിരിക്കും! വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ചെവി കേൾക്കാത്ത ഇഞ്ഞക്കയോടു വൈറസിനെക്കുറിച്ചു പറയുന്നതെങ്ങിനെയെന്നോ?

ചൂണ്ടുവിരലും തള്ളവിരലും ചേർത്തു വെച്ച് നന്നെ ചെറുതെന്ന് കണ്ണിറുക്കി ആംഗ്യം കാണിക്കണം. അതു ശ്വാസം കഴിക്കുമ്പോൾ മൂക്കിലേക്കു കയറുന്നതായും ചുമ വരുന്നതായും കാണിക്കാം. പനി കാണിക്കാൻ നെറ്റിമേൽ കൈവെക്കണം. പരവശത അഭിനയിക്കണം. കിടപ്പിലാക്കുന്നതും ചാകുന്നതും ആംഗ്യം കാണിക്കണം. എന്നിട്ട് ഒരാളിൽ നിന്ന് മറ്റൊരാളിലേക്കു പകരുമെന്ന് എങ്ങനെയെങ്കിലും മനസ്സിലാക്കിക്കൊടുത്ത് തിരിച്ചിങ്ങോട്ടു കാട്ടുന്ന ആംഗ്യങ്ങളിൽ നിന്ന് അതു മനസ്സിലായെന്നോ അതു മനസ്സിലാക്കാൻ വെറുതേ പ്രയത്നിക്കേണ്ടതില്ലെന്നോ നാം മനസ്സിലാക്കണം. 

കൊവിഡ് നമുക്കു തരുന്ന പാഠങ്ങളിലൊന്ന് പണ്ടുപണ്ടേ നാം മറന്നു പോയ പ്രകൃതി പാഠമാണ്. മറ്റുള്ളവരെക്കുറിച്ചോ നമ്മെക്കുറിച്ചു തന്നെയോ നാം അധികം വേവലാതിപ്പെട്ടു കൂടാ എന്നതാണത്. മനുഷ്യർ പരിഹാരം കണ്ടുപിടിക്കാൻ കഴിയാത്ത ഏറ്റവും വലിയ പ്രശ്നമായി മരണത്തെക്കാണുന്നു. മരണമാകട്ടെ, താൻ ഏറ്റവും ലളിതമായ ഉത്തരമാണെന്നു നമ്മോടു പറയാൻ ശ്രമിക്കുന്നു.

2020 ഏപ്രിൽ 4, ശനിയാഴ്‌ച

Springs lock down

Springs Continental Schools 
 Date : 26/03/2020.
Sub: Overcoming the COVID-19 Pandemic Anxiety
Dear All, 
Everyone is obsessed with reading news about the coronavirus pandemic, scrolling though the #COVID19 twitter feed , 
and jumping from one source of information to the next. I think we don’t need to be laying in bed late at night reading 
bad news and checking the feeds at 4am, already anxious before dawn. 
There is a famous Cherokee story about a grandfather telling his grandson about a battle between two wolves. He 
describes one wolf as evil, full of anger, sorrow, arrogance, and greed. He describes the other as good, full of joy, 
love,kindness, and generosity. When the grandson asks which wolf will win the battle, the grandfather answers: “ The 
one we feed” 
It is difficult to stop feeding our anxiety during a pandemic, but if we want to navigate this unprecedented and 
frightening time with more grace and calm- indeed, if we want to actually thrive to the greatest degree possible through 
COVID-19 , we need to actively nourish the best in ourselves. Doing so will help us act more wisely as well as we take 
care of ourselves and others. 
To strengthen the wolf of our better self, let’s nourish Gratitude ,Generosity, and Hope. 
We can nourish gratitude by paying attention to who is making our lives manageable during this time. These may 
include the healthcare professionals, people working in grocery stores and pharmacies; teachers supporting students 
through distance learning ; journalists keeping us informed, scientists working to treat COVID-19 and create a safe 
vaccine, governments and officials and the entire police force. Hold these individuals in your mind , feel your heart 
expand with Gratitude! 
Generosity: what better way to shift your attention from your own anxiety than to do something helpful for someone 
else? Does an elderly neigbour need food or medicine? Can we get it for them? Who could use a phone call to ease the 
fears of people in isolation? Make a list and make those calls. If you are in a position to help someone financially, do so. 
If you are someone in need yourself, remember that reaching out for help provides others with the opportunity to be 
generous. When you reach out , you are actually supporting the best in others as you meet your most pressing needs. 
Hope : While this is a serious and frightening pandemic , it will end. Along with the bad, there will be good that comes 
from this time. Pay attention to the hopeful things that are happening everyday. Scientists are already discovering 
treatments; a vaccine is in the work; governments are passing emergency measures to help; heroism is on display; 
families are spending time together and connecting in deep and beautiful ways, and people everywhere are striving to 
be of service to one another. Professor David Orr said “ Hope is a verb with its sleeves rolled up.” The more you are part 
of the outpouring of goodness and support in your community, the more hopeful you will likely be. 
In deep prayers for a safer, healthier and peaceful world for all.

2020 ഏപ്രിൽ 3, വെള്ളിയാഴ്‌ച

കായത്തോട് ഇഡ്ഡലി

അമ്മമ്മാ.. ഈ കായത്തോട് കളയട്ടെ?

കളയ്യേ?!! ന്റീശ്വരാ.. അതോണ്ട് ഉപ്പേരിണ്ടാക്കിക്കൂടേ?

ഇനിയ്ക്ക് ഉപ്പേരി തിന്നു മടുത്തു. ഇദെത്ര്യാ! എല്ലാര്‍ക്കും കൊടുത്തയക്കാന്‍ കായ വറുത്തത്. നമ്മക്ക് മൂന്നേരം കായത്തോടിന്റെ ഉപ്പേരീം. 

വൈന്നേരത്തെ കാപ്പിയ്ക്ക് കോലായിലിരുന്ന് കായ വറത്തദ് ആരേ തിന്ന്ണ്ടായിരുന്ന്?

അദൊക്കെ ശരി. ഞാനിദ് പ്പൊ കളയും. ഇന്നലെ ഒരു രസോണ്ടായില്ല ഉപ്പേരി. രാത്രി തിന്നപ്പോ ചടച്ചു. വ്യാ..

കളയാനാപ്പോ ഫ്രിഡ്ജില് വെച്ച് രാവിലെ ട്ത്ത് പൊറത്ത് വെച്ചത്? നല്ല കാര്യായി. ഞാനെയ്, ലേശം അരി നനച്ച്ണ്ട്. ദാ. നീയീ അരിയര്യ്ക്ക്. നേര്‍മ്യാവണ്ട. ലേശം തരിയായിട്ട്. ഞാന്‍ കായത്തോട് നുറുക്കിത്തരാം. 

ദ്വാ! ഇദെന്താ ഈ കിണ്ണത്തില്?

അതില് ലേശം പുളിങ്ങ, മൊളക്പൊടി, മഞ്ഞപ്പൊടി, ഉപ്പ്, ഒരുതുണ്ട് ശര്‍ക്കര, ശകലം നാള്യേരം ചെരവീത് ഒക്കേണ്ട്. നീയതാ അരീലിട്ട് അരച്ചെടുത്തോ.

ന്ന്ട്ട്? ദ് എന്ത്ണ്ടാക്കാനാ പോണത്! വല്ല പുത്യേ കൂട്ടുമാണോ മഹാറാണീ?

അതൊക്കെ ണ്ടടീ കോതേ. മതി മതി അരഞ്ഞത്! ഇനി ആ മാവ് അടുക്കു പാത്രത്തിലിട്ട് ഇതൊന്നു മിക്‌സീലിട്. കായത്തോട് നുറുക്കയേതാ. ഇനി നെറം കണ്ട് 'അയ്യേ' കൂവാന്‍ നിക്കണ്ട. പൊടിഞ്ഞാ മതി. അരയണ്ട. വെള്ളം ചേര്‍ക്കാതെ ഒന്നട് തിരിച്ചോ. 

Yes Boss. ഇനി?

പൊടിച്ച കായത്തോട് മാവിലിട്ട് കൊഴച്ച്ട്ട് ഉരുള്യാക്കീട്ട് ദാ ഈ ഇഡ്‌ലിച്ചെമ്പില്ക്ക് വെച്ചോ. വാഴെലക്കീറ് വെച്ച്ണ്ട് ഇഡ്‌ലിത്തട്ടിനു മുകളില്‍. 

അയ്യേ! ന്നാപ്പിന്നെ വാഴെലേല് പൊതിഞ്ഞ് നല്ല അന്തസ്സായീട്ട് എലയടണ്ടാക്കാര്‍ന്നീലേ? ഇതെന്ത് പണിയാണമ്മമ്മാ?

ഇനിപ്പോ എല മുറിയ്ക്കാനൊന്നും പോണ്ട. നീയിതങ്ങട്ട് വെച്ച് മൂടിവെയ്ക്ക്. നല്ല തെള വന്നയ്ക്കുണു. 

ശ്ശീ.. ന്നാലും ന്റെ അമ്മമ്മേയ്.. ഒരു രണ്ടെല കീറി ഈ ഉണ്ടെങ്ങട് പൊതിഞ്ഞു വെച്ചാല്‍ കാണുമ്പോഴൊരു ഗുമ്മല്ലേ?

നെണക്ക് ഗുമ്മിനാച്ചാല്‍ എലെന്നെ വേണ്ട്ര്ന്നില്ല. ഈ മാവ് ഓരോ കൈല് ഇഡ്‌ലിത്തട്ടില് വെച്ചാ കായത്തോടിന്റെ ഇഡ്‌ലിയാവ്വായിരുന്നൂ. 

ഇതിനിപ്പോ എന്തു പേരാ ഇട്വ? കായത്തോടിന്റെ ഇഡ്ഡലീമല്ല, എലയടേമല്ല. കൊഴുക്കട്ട ന്ന് ട്ടാലോ? Plantain peel balls. You like it?

ഉണ്ടാക്കുന്ന വിധം

-പച്ച ഏത്തക്കായത്തോട് നുറുക്കി വെള്ളത്തിലിടുക.
-പുളിയോ പുളിച്ചി മോരോ ഇട്ട് തിരുമ്മിക്കഴുകിയാല്‍ കറ പോയിക്കിട്ടും. 
-വെള്ളമൂറ്റി മിക്‌സിയിലിട്ട് പൊടിച്ചെടുക്കുക. 
-കുതിര്‍ത്ത അരി, മഞ്ഞള്‍പ്പൊടി, മുളകു പൊടി, ഉപ്പ്, ശർക്കര, നാളികേരം ലേശം കായം(optional) ചേര്‍ത്ത് തരിയായി അരച്ചെടുത്തത്.

-ഇവ യോജിപ്പിച്ച് ഇഡ്‌ലിത്തട്ടില്‍ ഒഴിച്ചോ, വലിയ ഉരുളകള്‍ ഇലയില്‍ പൊതിഞ്ഞോ ആവിയ്ക്ക് വേവിച്ചെടുക്കുക.
-15-20 മിനിട്ട് മീഡിയം തീയില്‍ വേവണം.
-വെളിച്ചെണ്ണയോ വെണ്ണയോ ധാരാളമായി ഒഴിച്ച് ചമ്മന്തി, അച്ചാര്‍ എന്നിവ കൂട്ടിക്കഴിക്കാം. 

ചൂടോടെയാകുമ്പോള്‍ സ്വര്‍ഗ്ഗീയാനുഭൂതി ലഭിയ്ക്കും.

2020 ഏപ്രിൽ 2, വ്യാഴാഴ്‌ച

എട്ടുകാലി

ഏതോ ഫ്രീക്ക് സ്വപ്‌നവും നുകര്‍ന്ന് അബോധത്തിന്റെ വനാന്തര്‍ഭാഗത്തുള്ള പ്രാകൃതസ്ഥലികളില്‍ അലഞ്ഞുനടക്കയായിരുന്നു ഞാന്‍. പ്ലോട്ടില്‍ വിരിഞ്ഞുകിടന്ന് നാനാദിശകളിലേയ്ക്കു പടര്‍ന്നെത്തുന്ന വാസ്തുപുരുഷനെക്കാള്‍ മികച്ച ഒരു പൊസിഷനിലാണ് ഞാന്‍ കട്ടിലില്‍ കിടന്നിരുന്നത്. പ്ലോട്ടെത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും കാലുമടക്കി ഒരു വൃത്തികെട്ട അവസ്ഥയിലാണ് അയ്യാളു കിടക്കുന്നത്. ഞാന്‍ നല്ല അന്തസ്സായി ഒരു കാലു നീട്ടി, മറുകാല്‍ ലേശം മടക്കി, ഒരു കൈ നീര്‍ത്തി ആക്രാന്തം പൂണ്ട് ഏതോ സമ്മാനം വാങ്ങാന്‍ സ്‌റ്റേജിലേയ്‌ക്കോടും പോലെയാണു കിടന്നിരുന്നത്. കയ്യിലൊരു ദീപശിഖയും വെച്ച് തന്നിരുന്നെങ്കില്‍ എന്നെ വല്ല ഒളിമ്പിക്‌സ് കമ്മറ്റിക്കാരും ബാനറിലൊട്ടിക്കാന്‍ എടുത്തേനെ. 

വാസ്തുപുരുഷനെ എന്തു തേങ്ങയ്ക്കാണാവോ ഓര്‍മ്മ വന്നത്! പരമശിവന്‍ അന്ധകാരന്‍ എന്ന രാക്ഷസനോടു യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മൂപ്പരുടെ വിയര്‍പ്പുതുള്ളിയില്‍ നിന്നാണീ ഭൂതമുണ്ടായതത്രേ. ഒന്നോര്‍ത്താല്‍ ശരിതന്നെ. പരമാന്ധകാരത്തില്‍ വിയര്‍ത്തുകുളിച്ചു കിടക്കുകയായിരുന്നു ഞാന്‍. ഏതോ ജനിമൃതികളുടെ അപാരതയില്‍ ഒരു സ്വപ്‌നത്തില്‍ നിന്ന് മറ്റൊരു സ്വപ്‌നത്തിലേയ്ക്ക് പരകായപ്രവേശം നടത്തി അര്‍മാദിയ്ക്കുന്ന ആ വേളയില്‍.. 

അപ്പോഴാണത് ചിറുപിറുന്നനെ ഓടിവന്നത്. കാലിലൂടെ കയറി നീട്ടിപ്പിടിച്ച കയ്യിലെത്തി നില്‍ക്കുന്നു. പിന്തിരിഞ്ഞൊന്നോടി വീണ്ടും തിരിച്ച് കൈപ്പത്തിയുടെ തലപ്പത്തേയ്‌ക്കോടുന്നു. കുറേകാലുകളുണ്ട്. ഉറപ്പാണ്. ഞണ്ടാണോ? അതിനു ഞാന്‍ കടല്‍ക്കരയിലല്ലല്ലോ; കട്ടിലിലല്ലേ? അപ്പോപ്പിന്നെ എട്ടുകാലിയായിരിക്കും. വല്യേതാണ്. തട്ടുമ്പുറത്തൊക്കെ കാണുന്നപോലത്തെ വലിയ ഭാരമുള്ള ഒരെണ്ണം. ശങ്കിച്ച് ശങ്കിച്ചത് കൈത്തുമ്പിലേയ്ക്കു നടന്നടുത്തു. ഹായ്!! നല്ലരസം. ഇക്കിളിയാകുന്നതുപോലെയുണ്ട്. ദേഹത്തൊക്കെ ഇങ്ങനെ എട്ടുകാലികളെ നടത്തിയ്ക്കുന്ന ഒരു സ്പാ ഉണ്ടാകുമോ? ചൈനയിലുണ്ടാകും തീര്‍ച്ച. ഉടുമ്പുതീനികള്‍. കൊറോണപെറ്റ കോവിഡിന്റെ മാതൃരാജ്യം. ഇനി വിഷമുള്ള എട്ടുകാലിയായിരിയ്ക്കുമോ?

ഛും.. കൈ കട്ടിലിനു പുറത്തേക്കു കുടഞ്ഞു കളഞ്ഞു. അലറിപ്പായുന്ന ഫാനിന്റെ ശബ്ദത്തിനെ കവച്ച് എട്ടുകാലി വീഴുന്ന ശബ്ദം കേട്ടു. 


എന്താ ചൂട്! തിരിഞ്ഞു കിടന്ന് ഈ എട്ടുകാലി വിശാലമനസ്‌കന്റെ Sajeev Edathadan മേത്തായിരുന്നു കയറിയിരുന്നതെങ്കില്‍.. എന്ന് ഭാവനയില്‍ കാണാന്‍ തുടങ്ങി. കൊറോണക്കാത്തിരുപ്പ് വല്ലാതെ മുഷിപ്പിയ്ക്കുമ്പോൾ ഇടയ്ക്കോരോ ബൂസ്റ്റു കുടിയ്ക്കുമ്പോലെ കൊടകരപുരാണം ഓരോ അദ്ധ്യായങ്ങള് വായനയുണ്ട് ഇപ്പോൾ. ഈ നിലമ്പൂരെട്ടുകാലി ഇപ്പോ കൊടകരേലോ ഫുജൈറേലോ ആയിരുന്നൂച്ചാൽ ലോകപ്രശസ്തയായേനേം.  അയാളു ഗമണ്ടന്‍ പൊസ്റ്റിട്ടൊരു കസര്‍ത്തു കസര്‍ത്തേനെ. അത്യാചാര്‍. ദൈവത്തിന്റെ കയ്യൊപ്പും കൊണ്ടു ജനിച്ചിരിയ്ക്കുന്നു. 

അതാ കേറി വരുണൂ.. വീണ്ടും കാലില്‍ക്കൂടെ. ഇത്തവണയും ഫുള്‍ബോഡി മസാജാണാവോ.. ഇതിനും മാത്രം എന്റെ ബോഡിയെന്താ വന്യജീവി സംരക്ഷണകേന്ദ്രമോ? ഭിക്ഷുകിയല്ല; ഭര്‍തൃഭക്ഷിണിയാണവള്‍. 
ഇതൊന്നും ശരിയാവില്ല. "പോടീ!! നാശകോശമേ.." ഒരൊറ്റ കുടച്ചില്‍. ആ നിശാചര ധരണിയില്‍ തലമണ്ടേം അടിച്ച് വീഴുന്ന ശബ്ദം കേട്ടു. ഫോണിന്റെ സ്‌ക്രീന്‍ വെട്ടത്തില്‍ നോക്കി. ഒന്നും കണ്ടൂടാ. 

എന്താ വേവ്. മൈക്രോവേവിനകത്തെ വേവ്. ജന്നാലയുടെ താഴത്തെ പാതിയും തുറന്നിട്ടു. പുറത്ത് ചീവീടുകളുടെ ആര്‍ത്തനാദം. 

സമയം മൂന്നര. കൊറോണക്കാലത്ത് മൂന്നരയ്‌ക്കെണീയ്ക്കാന്‍ എനിയ്ക്കു വട്ടല്ലേ? തിരിഞ്ഞു കിടന്നു. പ്രതീക്ഷിച്ചു. അരിച്ചരിച്ചുവരുന്നുണ്ടോ? നാശം വരുന്നില്ല. മറിഞ്ഞു കിടന്നു. എന്നിട്ടും വരുന്നില്ല. ഉറക്കമെന്ന ജന്തു മണ്‍മറഞ്ഞു പോയിരിയ്ക്കുന്നു. യ്യോ! ഇനി തുറന്നിട്ട താഴെ ജനാലിലൂടെ ഇഴജന്തുക്കളാരെങ്കിലും.. അങ്ങനെയാരെങ്കിലും ഇഴഞ്ഞുവന്ന് നേരത്തേയെന്റെ മേലിഴഞ്ഞവളെ തിന്നാല്‍... 
ശ്ശോ ഇന്നത്തെയുറക്കം മെരിച്ചു. 

കൊറോണാകുലനന്ദിനീ... ദേവീ.. നിദ്രാഹരേ.. അവിടുത്തെ അവതാരലീലകളില്‍ ഞാന്‍ കൃതാര്‍ത്ഥയായിരിയക്കുന്നു. 

അഷ്ടപാദയിപ്പോൾ വീട്ടിലെ ബ്യൂട്ടീഷൻ കുമാരിമാരുടെ കട്ടിലിനു കീഴേ വെച്ച തെര്‍മ്മോക്കോള്‍ പെട്ടിയിലെ ഏതഴിഞ്ഞുവീണ ബാര്‍ബിത്തലയ്ക്കകത്താണോ അപ്രത്യക്ഷയായത്! മഹാത്മാവേ, ആ ഹ്രസ്വ സന്ദര്‍ശനത്തില്‍ അങ്ങയെ വേണ്ടവിധം പരിചയപ്പെടാനോ ഉപചാരങ്ങള്‍ നല്‍കി പരിചരിച്ച് ആശീര്‍വാദം വാങ്ങുവാനോ കഴിഞ്ഞില്ല. ലൈറ്റിട്ടു സത്കരിക്കുന്നതിനു മുമ്പ് അങ്ങപ്രത്യക്ഷയായതില്‍ എനിയ്ക്കിപ്പോള്‍ മനോവ്യഥയും കുറ്റബോധവും തോന്നുന്നുണ്ട്. 

ഹേ നിശാചരേ, കാര്യം മേലനങ്ങാതെ തിന്നലാണെന്റെ ഹോബിയെങ്കിലും, സഹജീവികളോടു സഹവര്‍ത്തിത്വമെന്നാണെന്റെ ഘോഷവാക്യമെന്നാകിലും തിരുമ്പിവരക്കൂടാത്. സുട്ടിടുവേന്‍...

വാല്: വിഷം നിറച്ച സഞ്ചിയും പൊക്കിപ്പിടിച്ച് മിറ്റത്തു നടന്ന മീഡിയം സൈസ് കരിന്തേളിനെ ഏട്ടൻ ബാറ്റ കൊണ്ടടിച്ചു കൊന്നു. ഇങ്ങനെ എത്രയെത്ര വന്യമൃഗങ്ങളുടെ നാശത്തിനാണ് ബാറ്റ കമ്പനി ഉത്തരവാദിയെന്ന് 'അയ്യോ തേള്തേളെ'ന്നു കാറിക്കൂവിയ നിഷ്കളങ്കയായ ഞാനോ-ർത്തു-ർക്കവേ 'ഇനി എട്ടുകാലിണി അല്ലായിരുന്നോ' എന്ന ചോദ്യച്ചിഹ്നം ഓർമ്മകളുടെ തട്ടുമ്പുറത്ത് തുമ്പിക്കൈയുയർത്തി ചിന്നംവിളിച്ചു.