2020 ഫെബ്രുവരി 13, വ്യാഴാഴ്‌ച

Inclusive education

"Mam...m.... mamm, man came from monkeys... whether man came from monkeys... mam... what... what do you think... mamm?"

"Man and monkeys are evolved from a common ancestor; eh... they came from a common creature."

"But mam... mamm.."

അവനെന്റെ കയ്യില്‍ പതിയെ പിടിച്ചു. ഇപ്പോള്‍ വളരെ വളരെ അടുത്തു വരുമ്പോള്‍ ഞാന്‍ തന്നെ കൈ അവനു കൊടുക്കാറാണ്. അവനെവിടെയെങ്കിലും പിടിക്കണം.

"But.. But mam... mam... about God? They say God has created man.."

"Ham. Yes. People believe that..."

"Mam, what you believe?..."

"Children, silence.."

അവനെന്റെ താടി പിടിച്ച് അവനിലേക്കു തിരിച്ചു. 

"Mam... Do you... Do you believe?.. if God created man... how from monkeys... MMam.."

"Religion says God created man and scientists say man had evolved from other creatures."

''Mam..mam, Aliens... do you think aliens..."

"Try to answer these questions. You have to write down the names of four games using balls."

"OK mam... But I am sorry...
I am sorry mam... I don't know the answer."

"It is easy. Just try to remember."

"I don't know.. I am sorry.. Iam sorry mam.."

"OK. Think about it later. What about the next question?"

"How to read it! I can't read it mam. I am sorry."

"Name 4 places where you have seen telephones."

"I didn't see telephone anywhere... I am sorry mam...mamm...I am really sorry. I couldn't remember..."

നമ്മുടെ ഇന്റിമേറ്റ് പേഴ്‌സണല്‍ സര്‍ക്കിളിനകത്തു നിന്നിട്ട് കൈ പിടിച്ചു സോറി പറയുകയാണ്. ആ ഉത്തരക്കടലാസിലെ അക്ഷരങ്ങള്‍ ചേര്‍ന്ന് വാക്കുണ്ടാവുക കഷ്ടമാണ്. അപ്പോള്‍ ഞാന്‍ സ്പ്രിങ്സിലെ ടീച്ചറാണല്ലോയെന്നതില്‍ എനിയ്ക്കു സന്തോഷവും സമാധാനവും തോന്നി. 

കൂട്ടം തെറ്റുന്നവരും കൂട്ടത്തില്‍ കൂടാനേ കഴിയാത്തവരും ഇവിടെ മാറ്റി നിര്‍ത്തപ്പെടാറില്ല. ജനിച്ചതു തെറ്റാണെന്ന രീതിയില്‍ ചുവന്ന മഷികൊണ്ടോ പച്ച മഷികൊണ്ടോ അവരെ അടയാളപ്പെടുത്താറുമില്ല. എല്ലായിടത്തും അങ്ങനെയല്ല. ഇൻക്ലൂസീവ് എജ്യൂക്കേഷനൊക്കെ പ്രസംഗിച്ചാലും മുന്‍പു പഠിപ്പിച്ച കേന്ദ്രീയ വിദ്യാലയത്തിലും അങ്ങനെയായിരുന്നില്ല.

വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും ഇന്‍സ്‌പെക്ഷനുണ്ടാകും. അക്ഷരങ്ങള്‍ കൂടാത്ത, പേജുകള്‍ നിറയാത്ത പുസ്തകങ്ങള്‍  മുഖം നോക്കി കൃത്യമായി അവര്‍ കണ്ടെടുത്തേയ്ക്കാം. മനഃശാസ്ത്ര വിശാരദന്മാരാണ്. 

വ്യക്തിത്വത്തിന്റെ ദ്യുതിയില്ലാത്തതോ അമിത ഭയം ഇരുട്ടു വീഴ്ത്തിയതോ ശൂന്യമോ ആയ മിഴികള്‍ അവരെ ഒറ്റുന്നതാണ്. അവരുടെ അദ്ധ്യാപകരേയും. പൂര്‍ത്തീകരിക്കാത്ത ക്ലാസ്സ് വര്‍ക്കുകളും ഹോം വര്‍ക്കുകളും വിമര്‍ശനത്തിന്റേയോ വ്യക്തിഹത്യയുടേയോ ഏതറ്റം വരേയും കൊണ്ടു പോയേക്കാം. 

ഇന്‍സ്‌പെക്ഷനു മുന്നോടിയായും അല്ലാതെയും പ്രിൻസിപ്പാളിന്റെ നോട്ട്ബുക്ക് ചെക്കിങ്ങുമുണ്ട്. ചുവന്ന മഷി കുട്ടിയുടെ മുറിവിനു ചുറ്റുമാണെങ്കില്‍ പച്ചമഷി അദ്ധ്യാപകരുടെ മൂക്കിനു ചുറ്റും കൂടിയാണ്. പച്ച മഷിയാല്‍ മൂക്കുകയറിടപ്പെട്ട അദ്ധ്യാപകര്‍ ഹാസനിലെ തണുതണുത്ത മഞ്ഞുകാലത്തും മഴക്കാലത്തും ഇരുണ്ട കോറിഡോറിലെ നിലത്തിരുത്തി തുമ്പികളെക്കൊണ്ടു കല്ലെടുപ്പിയ്ക്കാൻ ഉഴറുന്നത് സ്ഥിരം കാഴ്ചയായിരുന്നു.

ഇന്‍ക്ലൂസീവ് എന്നൊക്കെയാണ് വെപ്പെങ്കിലും പലയിടത്തും സമത്വമാണ്. എല്ലാവർക്കും ഒരേ നിയമമാണ്‌. നോട്ടു മുഴുവനായിരിയ്ക്കണം. അങ്ങനെയല്ലാത്തവർ ജനിക്കുന്നതേ തെറ്റാണെന്ന് പ്രകൃതിവിരുദ്ധത ചിന്തിച്ചുപോകും അദ്ധ്യാപകരും. ഒരിക്കലും ക്രമീകരിക്കപ്പെടാത്ത സമവാക്യങ്ങളുമായി താനൊരു പരാജയമാണെന്ന് നിരന്തരം ഓര്‍മ്മിപ്പിക്കപ്പെടുന്ന സമൂഹമാണ് കുട്ടികളെ നയിക്കുന്നത്. ഇൻസ്പെക്ഷൻ ഒരേ സമയം പ്രഹസനവും പീഡനോപാധിയുമാകാറാണ്.

നിര്‍ത്താം. ഞാനവിടെയൊന്നുമല്ല. സ്പ്രിങ്സിലാണ്. ഇവിടെ പ്രകൃതിയുടെ വികൃതികളെ അതിന്റെ സ്വാഭാവികതയോടു കൂടി ഏറ്റെടുക്കുകയും കൂടെ നടത്തുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളാണ്, അദ്ധ്യാപകരാണ്, വിദ്യാലയമാണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും..

2020 ഫെബ്രുവരി 10, തിങ്കളാഴ്‌ച

Soil lesson

സ്‌കൂളിലെ യൂണിറ്റ് ടെസ്റ്റിന് തയാറാക്കിയ ചോദ്യപ്പേപ്പറുകള്‍ ടൈപ്പു ചെയ്യുമ്പോഴാണ് #ജാനൂട്ടി യുടെ സഹായ വാഗ്ദാനങ്ങള്‍ മുറുകി വന്നത്. എന്നും സഹായിക്കാമെന്നു പറയുകയും അദ്ധ്യാപനത്തില്‍ എനിക്കവളുടെ സഹായം ആവശ്യമില്ലാതെ വരികയുമാണ്. തിരസ്‌കരിക്കപ്പെട്ട വാഗ്ദാനങ്ങളുടെ പ്രേതങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ കടന്നു വന്ന് ഇടിമിന്നലും കണ്ണീര്‍മഴയും ചൊരിഞ്ഞത് മിനിഞ്ഞാന്നാണ്. ഞാൻ എഴുതിത്തയാറാക്കി വെച്ച ചോദ്യങ്ങള്‍ വായിച്ചു തരാന്‍ പറഞ്ഞപ്പോള്‍ ആവേശത്തോടെ അവളണഞ്ഞു. ഏഴാം ക്ലാസ്സിലെ ചോദ്യപ്പേപ്പറിൽ പകുതിയും Soil എന്ന പാഠത്തിലേതാണ്. ആദ്യത്തെ ചോദ്യത്തിനവള്‍ ആവേശത്തോടെ ഉത്തരം പറഞ്ഞു. പിന്നെ അടുത്തതിനും. പിന്നെപ്പിന്നെ എനിക്കു ടൈപ്പു ചെയ്യാൻ ചോദ്യം വായിച്ചു തരുന്നതിനു പകരം ഉത്തരങ്ങള്‍ വിളിച്ചു പറയാനും അതിനെപ്പറ്റി വിശദീകരിക്കാനും മാത്രമായി ശ്രമം. 

"അയ്യേ! ഇതെന്താ അമ്മാ... ഞങ്ങള് ടൈംസില്‍ മൂന്നാം ക്ലാസ് സോഷ്യലില്‍ പഠിച്ച കാര്യാണോ സ്പ്രിംഗ്‌സില്‍ ഏഴാം ക്ലാസ്സിലെ സയന്‍സില്‍ പഠിപ്പിക്കുന്നത്?!"

അതെ. ഇന്ത്യയിലെ മക്കള്‍ ഏഴാംക്ലാസ്സില്‍ പന്ത്രണ്ട് പതിമൂന്ന് വയസ്സാകുമ്പോള്‍ പഠിച്ചാല്‍ മതി എന്നു സി. ബി. എസ്. ഇ. വിചാരിക്കുന്ന കാര്യങ്ങളാണ് കഴിഞ്ഞ വര്‍ഷം മൂന്നാം ക്ലാസ്സില്‍ ജാഹ്നവി പഠിച്ചത്. 

EXSEED ല്‍ നിന്ന് NCERT യിലേക്കു വന്നപ്പോള്‍ സോഷ്യലും സയന്‍സും യോജിച്ച് വീണ്ടും EVS ആയി മാറി അവൾക്ക്. രണ്ടാം ക്ലാസ്സില്‍ റ്റാറ്റ പറഞ്ഞ EVS തിരിച്ചു വന്ന് നാലിലും അഞ്ചിലും കുടിയേറിയപ്പോള്‍ അവള്‍ക്കത്ര മതിപ്പൊന്നും തോന്നിയിട്ടുമില്ല. 

ഉത്തരങ്ങള്‍ കുറേയായപ്പോള്‍ എനിയ്ക്കു നഷ്ടബോധം തോന്നി.. കുറ്റബോധം തോന്നി. അവളറിയാതെ അവളില്‍ നിന്നും പറിച്ചെടുക്കപ്പെട്ട ഗേംസ് പീരീഡുകള്‍, സായാഹ്നങ്ങള്‍, പുലരികള്‍, കുറേയേറെ മണിക്കൂറുകളിലെ ഉറക്കം, തീര്‍ത്തും ഉപേക്ഷിക്കപ്പെട്ട കളിപ്പാട്ടങ്ങള്‍, കിന്നാരങ്ങള്‍, സ്വപ്‌നങ്ങള്‍, ഭാവനകള്‍... അതാണിപ്പോള്‍ ഏഴാംക്ലാസ്സിലെ ചോദ്യങ്ങളുടെ ഉത്തരങ്ങളായി വരുന്നത്. ഇങ്ങനെ എത്രയെത്ര വിവരങ്ങൾ ആവശ്യമില്ലാതെ കുഞ്ഞിത്തലകളിൽ കുത്തി നിറയ്ക്കുന്നു സ്ക്കൂളുകൾ.. നഷ്ടപ്പെട്ട ബാല്യത്തിനു പകരം വെയ്ക്കാന്‍ ഈ അറിവു തൂക്കത്തിലിട്ടാല്‍... ഹാ!കഷ്ടം. അതു പോര. ഒന്നും പോര. മനുഷ്യജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം ഞെരുങ്ങിപ്പൊടിഞ്ഞ് ഒരു ദുരന്തമായി അനുഭവിച്ചു തീർക്കേണ്ടതുണ്ട് ഈ ഇന്ത്യൻ തലമുറക്ക്.

എന്നാൽ, അവള്‍ക്കു ഭാഗ്യമുണ്ട്. അവള്‍ നാലാം ക്ലാസ്സില്‍ വെച്ച് രക്ഷപെട്ടിരിക്കുന്നു. ഇനിയെല്ലാം പതിയെ പഠിച്ചാല്‍ മതി. സ്പ്രിംഗ്‌സിലെ ഉച്ചഭക്ഷണ വേളകളിലും PR പീരീഡുകളിലും കളിക്കാന്‍ സമയം കിട്ടുന്നുണ്ട്. ഓടാനും ചാടാനും മരം കയറാനും കമ്പിയില്‍ തൂങ്ങിയാടാനും എല്ലാം അവള്‍ക്കിനിയും ബാല്യവുമുണ്ട്. ഇന്നലെ സ്ക്കൂളിലെ കവുങ്ങില്‍ ഒരാളുയരത്തില്‍ കയറി കാണിച്ചു തന്നപ്പോള്‍ എന്തൊരഭിമാനമായിരുന്നു എനിയ്ക്കുമവൾക്കും!

സ്‌കൂളങ്കണത്തിലെ മാവുകളില്‍ നിന്നു കൊഴിയുന്ന കണ്ണിമാങ്ങകള്‍ പെറുക്കിത്തിന്നാന്‍ ഓട്ടമാണ് കുട്ടികള്‍. സ്‌കൂളടുക്കളയിലോ മെസ്ഹാളിലോ പോയി ഇടംകയ്യില്‍ ഉപ്പുമായി വരും. ചിലര്‍ വീട്ടില്‍ നിന്ന് ഓര്‍ക്കാപ്പുളിയും (ഇരുമ്പാമ്പുളി) മാങ്ങയും ചാമ്പയ്ക്കയും കൊണ്ടുവരും. ഇതെല്ലാം അറിയാനും ആസ്വദിക്കാനും ഇവിടെ സമയമുണ്ട്. സമൂഹത്തിലിന്ന് ബാലവേല ചെയ്യാത്ത അപൂര്‍വ്വം കുട്ടികളില്‍ മിക്കവരെയും നിങ്ങള്‍ക്ക് സ്പ്രിങ്സില്‍ തന്നെ കാണാം. പത്തു വർഷത്തെ നീണ്ട  ജീവിതത്തിലാദ്യമായി പതിനാലു തവണ ഒരു പൂമ്പാറ്റയും ഒരു തവണ മറ്റൊരു പൂമ്പാറ്റയും നീട്ടിയ കയ്യിൽ ഇണങ്ങിയ തത്തയെപ്പോലെ വന്നിരുന്നതും ഈ സ്ക്കൂളിൽ നിന്നു മാത്രമാണെന്നു പറയാൻ പറഞ്ഞു ട്ടോ.

2020 ഫെബ്രുവരി 1, ശനിയാഴ്‌ച

ചെട്ടിനാട് 2

നിയ ഫാത്തിമ ഭാവം മാറി പെട്ടെന്ന് പളളീലച്ചനായി. ജെഫിയും കാമുകനായ കുരു എന്ന കുര്യാക്കോസിലേക്ക് ഭാവപ്പകര്‍ച്ച നടത്തി പള്ളിയിലെ അഭിനവ മണവാളനായി മാറി. എ ഡീസന്റ് ഗൈ. മണവാട്ടിയുടെ റോളിലുള്ള സായ വീണ്ടും അഭിനയിച്ചു തകര്‍ത്തു.
നാല്, അഞ്ച്, ആറ് ക്ലാസ്സുകളിലെ പെണ്‍കുട്ടികളും ഞാനും ഇവരുടെ ചാതുര്യം കണ്ട് അന്തംവിട്ട് കോരിത്തരിച്ചിരിയ്ക്കുകയായിരുന്നു എന്നതാണ് സത്യം.

പെട്ടെന്നുതന്നെ കിടന്നുറങ്ങണമെന്നും ആരോഗ്യം ശ്രദ്ധിക്കണമെന്നും ശരീരത്തിനാവശ്യമായ വിശ്രമം നല്‍കണമെന്നും ദൂജാ സര്‍ കുട്ടികളോടും എന്നോടും നിഷ്‌കര്‍ഷിച്ചിരുന്നെങ്കിലും ഞങ്ങള്‍ക്കാര്‍ക്കും ഉറക്കം വരുന്നുണ്ടായിരുന്നില്ല. ഇതുകഴിഞ്ഞ് ഇനിയൊരു നാടകം കൂടിയുണ്ട്. ബിഷാരയും ഇഷാ ഫാത്തിമയും തെന്‍ഹയും അതിന്റെ ക്ലൈമാക്‌സ് ഇനിയും തീരുമാനിച്ചിട്ടുകൂടിയില്ല. അതും ഞങ്ങള്‍ക്കു കാണണം. ചെട്ടിനാടില്‍ ഇനി രണ്ടുനാള്‍കൂടി. കിടന്നുറങ്ങി രാത്രി വെളുത്താല്‍ പിന്നെയും ഞങ്ങളൊക്കെ തിരക്കിലല്ലേ.. പിന്നെ നാടകം കാണാന്‍ പറ്റില്ലല്ലോ.

ഒമ്പതിനും പന്ത്രണ്ടിനുമിടയ്ക്കു പ്രായമുള്ള പതിമൂന്നു പേര്‍ക്കൊപ്പമാണ് ഞാനാ ഡോര്‍മെട്രിയില്‍. പ്രണയരംഗമോ പപ്പയെ കബളിപ്പിക്കുന്ന രംഗമോ അഭിനയിക്കുമ്പോഴും എന്റെ സാന്നിദ്ധ്യം അവരെ തെല്ലും അലോസരപ്പെടുത്തിയില്ലെന്നത് ഞാന്‍ ആനന്ദത്തോടെ അറിഞ്ഞു. ചില ഡയലോഗുകള്‍ കേട്ട് ഊറിച്ചിരിക്കുമ്പോഴും പൊട്ടിച്ചിരിക്കുമ്പോഴും കയ്യടിയ്ക്കുമ്പോഴുമെല്ലാം അഭിനേതാക്കളോ കാണികളോ ഒരു ഒളിനോട്ടം കൊണ്ടു പോലും എന്നെ ശ്രദ്ധിച്ചില്ലെന്നത് അവരിലേയ്ക്കെന്നെ കൂടുതല്‍ ചേര്‍ത്തു വെച്ചു.

ഞാനാണെിലോ, കുട്ടികളുടെ കഴിവുകണ്ട് അമ്പരക്കുമ്പോള്‍ നാല്‍പ്പത്തിയൊന്നു വയസ്സിലേക്കും അവരോടൊപ്പം നാടകമാസ്വദിക്കുമ്പോള്‍ പത്തുപന്ത്രണ്ടു വയസ്സിലേക്കും ഇടയ്ക്കിടെ കൂടുമാറി.

കയ്യടിച്ചു ചിരിയ്ക്കുന്ന നാലാം ക്ലാസുകാരി ബയ്ഹയെ മാത്രം കണക്കിലെടുത്താലും സ്‌കൂള്‍ എക്‌സേഞ്ചു പ്രോഗ്രാം വമ്പിച്ച വിജയമാണെന്നു പറയാന്‍ കഴിയും. എന്തൊരു മാറ്റമാണ്! കൊച്ചുകുഞ്ഞുങ്ങളോട് ഇടപഴകാന്‍ ഞാന്‍ പോരെന്ന എന്റെ വിശ്വാസം തെറ്റാണെന്ന് അവള്‍ തെളിയിച്ചു. അവള്‍ പൊട്ടിച്ചിരിക്കുമ്പോഴും ഓടി നടന്ന് മറ്റുള്ളവരോടിടപഴകുമ്പോഴും എന്റെ സന്തോഷം എത്രയാണെന്നോ! ആദ്യ ദിവസത്തെ മഞ്ചേരി- ചെട്ടിനാട് യാത്രയില്‍ ഒരു സീറ്റില്‍ ഒറ്റപ്പെട്ടിരുന്നവളാണ്. അന്നത്തെ വിരളമായ വര്‍ത്തമാനങ്ങള്‍ പോലും പിന്നത്തെ രണ്ടു നാള്‍കൊണ്ടു നിലച്ചു. എന്നെ സാന്ത്വനിപ്പിക്കാന്‍ വരേണ്ടയെന്ന തിരസ്‌കാര മനോഭാവത്തില്‍ ഇറുക്കിയ നോട്ടങ്ങള്‍..അടുക്കാന്‍ ചെന്നാല്‍ ഓടിയകലുന്നു.
നിസ്സഹായത കാരണം ശരിയ്ക്കും എനിയ്ക്ക് ദേഷ്യം വന്നത് അവള്‍ ക്ലാസ്സിലിരിക്കാന്‍ ഒട്ടും തയാറാകാഞ്ഞപ്പോഴാണ്. ലൈബ്രറിയില്‍ കൂനിയിരിക്കാനാണെങ്കില്‍, ആരോടും മിണ്ടാതെ നടക്കാനാണെങ്കില്‍ പ്രോഗ്രാമിനു വന്നതെന്തിനണാവോ എന്നു തോന്നി. തിങ്കളാഴ്ച കരഞ്ഞ്, ക്ലാസ്സില്‍ നിന്നിറങ്ങി വന്ന കുട്ടി ചൊവ്വാഴ്ച ലൈബ്രറിയിലിരുന്നു. ഒട്ടും നിര്‍ബന്ധിയ്ക്കരുതെന്നും മക്കള്‍ അവരുടെ ഇഷ്ടപ്രകാരം നടക്കട്ടെയെന്നുമുള്ള ദൂജാസാറിന്റെ നയം ഉള്‍ക്കൊള്ളാന്‍ എനിയ്ക്കു നല്ല പരിശ്രമം വേണ്ടിയിരുന്നു. ഞാന്‍ പഠിച്ചതും ഞാന്‍ കണ്ടതുമൊന്നും ഇങ്ങനെയല്ല. ഞാന്‍ പെരുമാറിയിട്ടുള്ളതും ഇങ്ങനെയല്ല. പക്ഷെ, സ്പ്രിങ്സ് ഇങ്ങനെയാണ്. ഇതു വലിയ ബുദ്ധിമുട്ടാണല്ലോ. പ്രത്യേകിച്ചും ടീച്ചര്‍മാര്‍ക്ക്.

സയ്യിദ് ബദറുള്‍ ദൂജയെന്ന അസാധാരണ മനുഷ്യന്‍ വിഭാവനം ചെയ്ത വിദ്യാലയമാണ് സ്പ്രിംഗ്‌സ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ധാരണകളും പ്രാവര്‍ത്തികമാക്കാനുള്ള അദ്ധ്യാപകരെ കൂട്ടുകിട്ടാന്‍ വലിയ പരിമിതികളുള്ള നാടാണ്.. അതില്‍ വിശ്വസിക്കാന്‍ ധൈര്യം കാണിക്കുന്ന രക്ഷിതാക്കളുടെ മക്കള്‍ ഭാഗ്യശാലികളാണ്. വലിയൊരു സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിനായി ഒരു കൂട്ടം മനുഷ്യര്‍.. ഞാനാ നയം ഉള്‍ക്കൊണ്ടു. അഭിപ്രായവ്യത്യാസവും അന്തഃസംഘര്‍ഷവും മറച്ചുകൊണ്ട് ഞാന്‍ ബയ്ഹയുടെ നിലപാടിനെ സ്വീകരിച്ചു. അവളെത്ര പുറം തിരിഞ്ഞിരിക്കുമ്പോഴും സ്‌നേഹത്തോടെ ഇടപഴകി. ബുധനാഴ്ച രാവിലെ ഒന്നാമത്തെ പീരീഡ് മുഖം വീര്‍പ്പിച്ചു കോറിഡോറില്‍ നിന്നവളെ പാര്‍ക്കിലെ ആടുംകുതിരകളിലും സ്പ്രിംഗ് താറാവുകളിലും സ്ലൈഡിലും കളിക്കാന്‍ ക്ഷണിച്ചു. രണ്ടാമത്തെ പീരീഡ് ലൈബ്രറിയില്‍ കുറ്റബോധം കൊണ്ട് മുഖംതാഴ്ത്തിയിരുന്നവളോട് നിന്റെ സന്തോഷമാണ് എന്റെയും സന്തോഷമെന്നും വീട്ടില്‍ നിന്നും മുന്നൂറു കിലോമീറ്ററകലെ അവള്‍ കരയാതിരിക്കുന്നതു തന്നെ അഭിമാനിക്കേണ്ട കാര്യമാണെന്നും പറഞ്ഞതാണ് അവള്‍ക്കുവേണ്ടി ചെയ്ത അവസാന കാര്യം. അമ്പരപ്പിക്കുന്ന വേഗത്തില്‍ അവള്‍ പഴയ ബയ്ഹയായി. പഴയതിലും മികച്ച ഒരാള്‍. കൂട്ടുകാരുമായി സമ്പര്‍ക്കം, ചങ്ങാത്തം, കളിചിരികള്‍.. പിന്നീടുള്ള ഓരോ നിമിഷവും ഞങ്ങളിരുവരും പഴയതിലും തീവ്രമായി സ്‌ക്കൂള്‍ എക്‌സേഞ്ചു പ്രോഗ്രാം ആസ്വദിച്ചു.

എന്റെ കാഴ്ചപ്പാടും മാറി. ഒരാഴ്ചകൊണ്ട് ഞാനൊരുപാടു പുതിയ പാഠങ്ങള്‍ അറിഞ്ഞു. സൈക്കോളജി പുസ്തകങ്ങളില്‍ വായിച്ചു മാത്രം പരിചയിച്ച പരിഗണനയുടെ പാഠങ്ങള്‍ അനുഭവത്തിലൂടെ അറിഞ്ഞു പഠിച്ചു.

ആലിയ, ആയിഷ, ഹഫ്‌സ, നിയോ എന്നിവരുടെ ഭക്ഷണക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ദോശ, ഇഡ്ഡലി, ചപ്പാത്തി, ചോറ്, മറ്റു തമിഴ് പലഹാരങ്ങള്‍, രാവിലെയും രാത്രിയും കിട്ടുന്ന പഴവര്‍ഗ്ഗങ്ങള്‍, പാല്, ഹോര്‍ലിക്‌സ്, കാപ്പി... എല്ലാറ്റിനോടും മുഖം തിരിഞ്ഞു നില്‍പ്പാണ്. എന്നാലും ഒരു പക്ഷെ വീട്ടില്‍ കഴിക്കുന്നതിലും മെച്ചമായി കുട്ടികള്‍ ഇവിടെ കഴിക്കുന്നുണ്ടാകും എന്നു തോന്നി. ചെട്ടിനാട് പബ്ലിക് സ്‌കൂളിലെ ചെയര്‍മാനും പ്രിന്‍സിപ്പലും വിളമ്പുകാരും അദ്ധ്യാപകരുമെല്ലാം ഞങ്ങളോടൊപ്പം കുട്ടികളുടെ പ്ലേറ്റുകളും  മുഖങ്ങളും ശ്രദ്ധിക്കാനുണ്ടായിരുന്നു.

യാത്രാ ക്ഷീണത്തിന്റെ ആദ്യദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതിര്‍ന്ന കുട്ടികള്‍ മിക്കവരും തമിഴിന്റെ വ്യത്യസ്തമായ രുചിഭേദങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായി. വിസ്തൃതമായ ഗ്രൗണ്ടിലെ പലതരം കളികള്‍ക്കിടയില്‍ ഓടിവന്ന് വീട്ടിലേക്കു ഫോണ്‍ ചെയ്യുമ്പോള്‍ ചിലര്‍ പരിഭവങ്ങളും പരാതിപ്പെട്ടികളും തുറക്കും. മാറിയ ഭക്ഷണവും ഭാഷയും അവരുടെ ഭാവിയിലെ യാത്രകള്‍ക്കും പര്യവേഷണങ്ങള്‍ക്കുമുളള മുതല്‍ക്കൂട്ടാണെന്ന് ചിലര്‍ക്ക് അറിയില്ലെങ്കിലും എല്ലാവരുമങ്ങനെയായിരുന്നില്ല. സന്‍ഹയും ലിമിയയുമെല്ലാം പുത്തന്‍ ഭക്ഷണാനുഭവങ്ങളെപ്പറ്റി ഉമ്മമാരോടു വിവരിക്കുന്നത് കേട്ടപ്പോള്‍ സന്തോമായി. മുപ്പത്തൊമ്പതു കുട്ടികളിലും ഞങ്ങള്‍ ടീച്ചര്‍മാരിലും ചെറുതോ വലുതോ ആയ മാറ്റങ്ങള്‍ ഈ യാത്ര കൊണ്ടുവന്നിട്ടുണ്ട്.

ചെട്ടിനാട്ടിലെ താമസത്തിനിടയ്ക്ക് ഞാനേറെ ആസ്വദിച്ചതെന്താന്നറിയ്യോ? അതു രാവിലെ മക്കളെയുണര്‍ത്തലാണ്. കുളിച്ചു വന്ന് തണുത്ത വിരലുകളാല്‍ കാല്‍പ്പാദങ്ങളിലും ചെവിയ്ക്കുമീതെ കിടക്കുന്ന മുടിയിഴകള്‍ വകഞ്ഞ് കഴുത്തിലും കിക്കിളിയാക്കി മെല്ലെമെല്ലെ വിളിച്ച് ഗുഡ്‌മോണിംഗ് പറയും. 'രാത്രി കളിച്ചിരിയ്ക്കും. ഉറക്കം പോര.' ഏഴുമണിയ്ക്കു ശേഷം മാത്രം വിളിയ്ക്കണമെന്ന് ദൂജാ മാം പ്രത്യേകം നിഷ്‌കര്‍ഷിച്ചിരുന്നു. എല്ലാവരും ഉറക്കം പിടിച്ചാലൊന്ന് ചുറ്റി നടന്ന് പതിമൂന്നെന്ന് ഉറപ്പു വരുത്തും. പുലര്‍ച്ചെ രണ്ടിനോ മൂന്നിനോ ഒന്നുണരുന്നത് എന്റെ നിവൃത്തിയില്ലാത്തൊരു ശീലമായിപ്പോയി. അപ്പോഴുമൊന്ന് എണ്ണി നോക്കും. ചുരുണ്ടു കിടക്കുന്ന പുതപ്പ് വലിച്ചെടുത്ത് പുതപ്പിക്കും. ബെഡ്ഡില്‍ നിന്നിറങ്ങി മഞ്ചേരി തിരഞ്ഞ് പോയവരെ പൊക്കിയെണീപ്പിച്ച് ബെഡ്ഡില്‍ തിരിച്ചെത്തിച്ച് തണുത്ത മെയ് മൂടിക്കൊടുക്കും. എന്തൊരു സംതൃപ്തിയാണെന്നറിയുമോ! കവിളു നനച്ച് ബോധം കൊട്ടുറങ്ങുന്ന ബാല്യങ്ങളെ ലാളനകൊണ്ടുണര്‍ത്തി ചെവിയില്‍ ഗുഡ്‌ബോണിംഗ് പറയുമ്പോള്‍ അബോധത്തില്‍ നിന്ന് ബോധത്തിലേയ്ക്കു വന്ന് ഗുഡ്‌മോണിംഗ് മാം എന്നു പറയുന്നതുവരെയുള്ള നിഷ്‌കളങ്കമായ സമയം- അതിനു സാക്ഷിയാവുന്നതായിരുന്നു നിര്‍വൃതി.

ഏഴു പകലും ആറു രാത്രികളും ആറു പുലര്‍കാലങ്ങളും ഒരു സ്വപ്‌നം പോലെ കടന്നു പോയി..