ദൈവമുണ്ടെന്ന് തോന്നിയിട്ടുണ്ടോ?
ഉണ്ടുണ്ട്. ഒരുപാട് തവണ.
രാവിലെ വീട്ടിൽനിന്നിറങ്ങും മുൻപ് ചുടു ചുട് ചോറ് നെയ്യും കണ്ണിമാങ്ങാ അച്ചാറും കൂട്ടി ഉരുട്ടിയെടുത്ത് കഴിക്കുമ്പോൾ എന്റെ ഹൈപ്പോതലാമസിൽ കിനിയുന്ന സെറാട്ടോണിൻ ദൈവത്തെ പോലുള്ള എന്തോ ഒന്നിന് നന്ദിപറയാറുണ്ട്.
ഭർത്താവെന്ന ഒരേയൊരു മനുഷ്യൻ എനിക്ക് അമ്മയും അച്ഛനും സഹോദരരും കൂടിയാകുന്ന വേളകളിൽ ഭൂഗോളവും അണ്ഡകടാഹങ്ങളും ഒക്കെ ചുരുങ്ങി ഒരേയൊരു ധമനിയുടെ താളത്തിലലിഞ്ഞ് എന്നെ പൊതിയുമ്പോൾ; വെറുതെയങ്ങാശ്രയിക്കുക മാത്രമേ എനിക്ക് ചെയ്യേണ്ടതായുള്ളൂ എന്ന നിമിഷങ്ങളിൽ ദൈവം പോലുള്ള എന്തോ ഒന്നിന് ഞാൻ നന്ദി പറയാറുണ്ട്.
വയറുവേദനയുടെ ആരക്കാലുകൾക്കിടയിൽ ഞെരുങ്ങിത്തിരിയുമ്പോൾ ഉള്ളിൽ നിന്ന് പുറത്തേക്കും പുറമേ നിന്ന് ഉള്ളിലേക്കും വ്യാപിക്കുന്ന മരണത്തെ പോലുള്ള തണുപ്പിന്റെ ബാധ കയറുന്ന നിസ്സഹായയായ എന്റെ ശരീരം ബസ്റ്റാൻഡിലോ, കടത്തിണ്ണയിലോ, വെറും മണ്ണിലോ, മഴയിലോ അല്ല - മറിച്ച് പതുപതുത്തകിടക്കക്കും കനത്ത പുതപ്പിനുമിടക്കാണെന്ന തിരിച്ചറിവ് ആ അർദ്ധപ്രജ്ഞയിലും എന്നെ ദൈവത്തെപ്പോലിരിക്കുന്ന എന്തിനോ നന്ദി പറയിക്കാറുണ്ട്.
ദൈവം പോലുള്ള എന്തോ ഒന്നിൽ ഞാൻ കാര്യമായി വിശ്വസിച്ച് തുടങ്ങിയത് പരിണാമശാസ്ത്രത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്നതിനിടെയാണ്. സൈക്ലോ സിസോ, ഒരു ഫ്ലജെല്ലത്തിന്റെ ഘടനയോ, സെൻട്രൽ ഡോഗ് മയോ, ഒരു റിട്രോവൈറസോ, പ്രിയോണോ എന്നെ വീണ്ടും വീണ്ടും 'ദൈവ'മെന്നു് പേരിടാവുന്ന ഒരു സൂചനാ ബിന്ദുവിലേക്ക് കൊണ്ടെത്തിച്ചു.
അതിനി 'ദൈവം'തന്നെയാണോ, നിങ്ങളിൽ ചിലർക്ക് വിശദമാക്കാൻ കഴിവുള്ള മറ്റെന്തെങ്കിലും ആണോ എന്ന് എനിക്ക് ധാരണയില്ല. അതേതായാലും അനാർക്കി -അരാജകത്വം - എനിക്കിഷ്ടമല്ല. ഞാനൊരു പ്രജയുമല്ല.