2018 ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

നവകേരളം

സർഫ് എക്സെലിന്റെ പരസ്യം ഓർമ്മ വരുന്നു ളി നല്ലതാണ്
ഒരു അടി കിട്ടിയാലെന്താ ��ാ നമ്മൾ നന്നാവാൻ ഉള്ള സകല ലക്ഷണവും കാണിക്കുന്നുണ്ടല്ലോ സ്വർഗ്ഗ സുന്ദരമായ സ്വപ്ന കേരളം ��രളം പുതു പുത്തനായി പുനർനിർമിക്കാൻ ആവുമെങ്കിൽ ഇതൊരു ദുരന്തമല്ല ദൈവത്തിൻറെ സ്വന്തം നാട്ടുകാരെ ദൈവം കുലുക്കിയുണർത്തി ഏതാണ് ഉറക്കം നടിക്കുന്നവരെ ��െ മുഖത്ത് വെള്ളമൊഴിച്ചു ഉണർതുപോലെ

NOTA

ഇത്തവണ ഈ പടുകുഴിയിൽ ഒറ്റയടിക്ക് വീണതല്ല. ദിവസങ്ങളായി പതിയെപ്പതിയെ മുങ്ങിയും പൊങ്ങിയും പിന്നെയങ്ങ് കമ്പ്ലീറ്റ് മുങ്ങി. അപകർഷതയുടെ, ആത്മഹത്യാ ചിന്തയുടെ കാലങ്ങളായി എനിക്ക് പരിചയമുള്ള അതേ കുഴി. അക്കമിട്ട് അണിനിരത്താൻ ഒരുപാടുണ്ട് എനിക്ക് കാരണങ്ങൾ. കേൾക്കുന്നവർക്ക് നിസാരമെന്നു തോന്നാമെങ്കിലും ഒന്നും നിസ്സാരമാക്കി കളയാൻ ജീവിതകാലമത്രയും ശ്രമിച്ചിട്ടും ഇന്നും എനിക്ക് പറ്റുന്നില്ല.
പ്രളയം, കഷ്ടപ്പെടുന്ന മനുഷ്യർ, എല്ലാം നഷ്ടപ്പെട്ടവർ, അവരുടെ ശബ്ദങ്ങളും ചിത്രങ്ങളും തരുന്ന ടിവി, ഇതിനിടയ്ക്ക് തമ്മിൽ തല്ലുന്നവർ, അന്യമതസ്ഥരെ, മറ്റു പാർട്ടിക്കാരെ, മറുദേശക്കാരെ മനുഷ്യരായി കരുതാതെ അസഭ്യം വിളിച്ചുപറയുന്നവർ, വ്യത്യസ്തമായി ചിന്തിക്കുന്നവരെയെല്ലാം ബുദ്ധിഹീനർ എന്നവഹേളിക്കുന്നവർ, ഒരിടത്ത് പൈസയ്ക്കായി മുറവിളി, അണിയറയിൽ പങ്കുവെക്കൽ, ഒഴിഞ്ഞ കൈകളുമായി അഭയാർത്ഥികൾ; ഇവയുടെ കൂടെ എന്റേതായ ചില വേദനകൾ... ഉപേക്ഷിച്ച ജോലി, പെറ്റനാടിനാൽ ഉപേക്ഷിക്കപ്പെട്ട ഞാൻ, ഇല്ലാത്ത ശമ്പളം, വായിക്കാത്ത ബുക്കുകൾ, എഴുത്തുകാരി ആവണമെന്ന ഒരു വിദൂര സ്വപ്നം, ഒന്നും പ്രവർത്തിയ്ക്കാത്ത പകലുകൾ, ഉറക്കമില്ലാത്ത രാത്രികൾ...

ഇന്നാള് പി ടി എസ് ഡി (ദുരന്താനന്തര മാനസികവൈകല്യം) യെപ്പറ്റി ഒരു ലേഖനം ഇംഗ്ലീഷിൽ നിന്നും തർജ്ജിമ ചെയ്തെഴുതിയിരുന്നു. എഴുതുമ്പോൾ ഞാൻ തിരിച്ചറിയുകയായിരുന്നു - അതിലെ ഓരോ ലക്ഷണങ്ങളിലൂടെയും ഞാൻ കടന്നുവന്ന ജീവിത ഘട്ടങ്ങൾ. ഇന്നും മോചനം നേടിയിട്ടില്ലാത്ത ആ വൈകല്യമാവാം എന്നെ ഈ കുഴിയിൽ ഇടയ്ക്കിടയ്ക്ക് തള്ളിയിടുന്നത്.

ഗ്രൂപ്പിലെ വഴക്കും ചെറുതല്ലാത്ത മുറിവേൽപ്പിച്ചു. അയ്യേ! ഇതുപോലും താങ്ങാനുള്ള കഴിവില്ലേ... ഇതിനോട് ചേർത്ത് വായിക്കേണ്ട ഒരുപാടുണ്ട് എൻറെയുള്ളിൽ. 18 വയസ്സ് മുതൽ വോട്ട് ചെയ്തതെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക്. പിന്നീട്  ആരെയും വിശ്വാസമില്ലാത്തതിനാൽ വോട്ട് ബഹിഷ്കരിച്ച ഒരു തെരഞ്ഞെടുപ്പ് കാലം വീണ്ടും എന്നിൽ അപകർഷത നിറച്ചു. പിന്നൊരിക്കൽ പ്രീതം ഗൗഡയുടെ ( ഹാസനിൽ ) പ്രസംഗവും പ്രവർത്തനവും കണ്ടു ബിജെപിക്ക് വോട്ടു ചെയ്തു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരുപാട് സങ്കടത്തോടെ NOTA കുത്തി തിരിച്ചുവരുമ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ കരയുകയായിരുന്നു. അന്നും രണ്ടാഴ്ച പടുകുഴിയിൽ വീണു കിടന്നു.

ഇക്കഴിഞ്ഞ ദിവസം സാഗരയിലുള്ള ശ്രീധരാശ്രമത്തിൽ പോയിരുന്നു. അവിടെ വലിയൊരു ഗോശാല യുണ്ട് ; ഒരുപാട് പശുക്കളും. അവിടവിടായി ഫളക്സിൽ ഓരോരോ പശുക്കളുടെ ഫോട്ടോയും അതിനുതാഴെ അവയുടെ പേരും. പേരിനു മുന്നിൽ ഗോമാതാ എന്നെഴുതിവെച്ചിരിക്കുന്നു. ഗോശാലയ്ക്കുള്ളിൽ വൃത്തിയുള്ള ചുറ്റുപാടിൽ സുഖമായി കിടക്കുന്ന നൂറുകണക്കിനു പശുക്കൾ. ഇതുവരെ കാണാത്ത പല ജാതികളിൽപ്പെട്ട അതിശയിപ്പിക്കുന്ന പശു കളക്ഷൻ. പക്ഷേ, കിടാങ്ങൾ അടുത്തില്ല. നേരത്തിനു പുല്ലും  ഭക്ഷണവും കൊടുത്ത്, കാലത്തിനു പ്രസവിപ്പിച്ച്, കിടാങ്ങളെ വേർപെടുത്തി വളർത്തി, കറവയന്ത്രം പാൽ എടുക്കുമ്പോൾ പശു എങ്ങനെ മാതാവാകും! അതൊരു പാലുല്പാദന യന്ത്രം മാത്രമല്ലേ, മാതാവെന്നു കരുതുന്നെങ്കിൽ കുട്ടികളെ അകറ്റാമോ എന്നെല്ലാം ഞാൻ ഘോരഘോരം  ഒറ്റയ്ക്കു വാദിച്ചുകൊണ്ടിരുന്നു. ജീവിതത്തിൽ ഇന്നേവരെ  മാംസാഹാരം കഴിച്ചിട്ടില്ല.  അൽപ്പം  വിവേചനബുദ്ധിയുള്ള ഏതൊരു മൃഗത്തയും പീഡിപ്പിക്കുന്നതിൽ എതിർപ്പുണ്ട്. മനുഷ്യർ മാംസാഹാരം കഴിക്കുന്നതിൽ  എനിക്ക് യാതൊരു വിയോജിപ്പുമില്ല. എനിക്ക് ശീലമില്ലാത്തതിനാൽ കഴിയില്ലെന്ന് മാത്രം.

ബുദ്ധിയുള്ളവർ എന്ന് ഞാൻ കരുതുന്ന ചിലർ ഫെയ്സ്ബുക്കിലൂടെ ചില നേതാക്കളെ മഹത്വവത്കരിച്ച് വാനോളം പൊക്കി കാണിച്ചപ്പോൾ പരിതാപകരം എന്ന് തോന്നി. പിന്നീട് ഒരാളെഴുതിയത് വായിച്ചു - നിഷ്പക്ഷമതികളാണ് ജനാധിപത്യത്തിലെ ഏറ്റവും വലിയ ശാപം എന്ന്! ജനാധിപത്യ ദ്രോഹികൾ ആണ് അവരെന്ന്! അതിൻറെ അർത്ഥം എനിക്ക് മനസ്സിലായില്ല. തമ്മിൽ ഭേദം എന്ന് എടുത്തു കാണിക്കാൻ ഓരോ നിയോജക മണ്ഡലത്തിലും ഒരു തൊമ്മൻ പോലും ഇല്ലെങ്കിൽ നമ്മളെന്തു ചെയ്യും?

ഇന്ന്, തികച്ചും ശൂന്യമായ ജീവിതത്തിനും മനസ്സിനും മുന്നിൽ ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം പരതുമ്പോൾ തോന്നി- രാഷ്ട്രീയമാണെങ്കിലും മതപരമാണെങ്കിലും ചില അന്ധവിശ്വാസങ്ങൾ നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുമെന്ന്. അവനവനിൽ വിശ്വാസമില്ലാത്തവർക്ക് ഒരു ആത്മീയഗുരുവോ രാഷ്ട്രീയ ഗുരുവോ ഉണ്ടെങ്കിൽ ജീവിക്കാൻ പ്രേരണയായിരിക്കും. പൊട്ടയാണെങ്കിലും എനിക്കും ഒരു രാഷ്ട്രീയം വേണം എന്നു തോന്നിയ ദിവസം. എന്നിട്ട് ഞാൻ അതിനെ അന്ധമായി വിശ്വസിക്കുകയും വേണം. ഹഹഹ... നിങ്ങളെല്ലാവരും ഇങ്ങനെതന്നെ വേണം. അല്ലെങ്കിൽ കുഴപ്പമാണ്.

ജോലി രാജി വെച്ചിട്ട് സമയം സാർത്ഥകമായി വിനിയോഗിയ്ക്കുന്നില്ല എന്ന കുറ്റബോധം എന്നെ വിഴുങ്ങാൻ നിൽക്കുന്നു. ഒന്നും എഴുതാൻ വരുന്നില്ല. എഴുത്തുകാരിയാവണമെന്ന എൻറെ ആഗ്രഹത്തിന് കൂട്ടുനിന്ന കുടുംബത്തിനെ സന്തോഷിപ്പിക്കാൻ പോലും എൻറെ കയ്യിൽ ഒന്നുമില്ല. അങ്ങോട്ട് ആത്മഹത്യ ചെയ്താലോ എന്നു ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് ജോളി ജോസഫിന്റെ ഫോൺ: ആലുവയിൽ നിന്നാണ്. ഞങ്ങൾ അയച്ച 75 കിലോയോളം പാഴ്സൽ അവിടെ കിട്ടിയെന്ന് ഉപയോഗിച്ച വസ്ത്രങ്ങളാണ്. അതിനദ്ദേഹം നന്ദി പറയുന്നു! അവിടെ റൂട്ട് ലെവലിൽ അഹോരാത്രം പ്രവർത്തിക്കുന്ന അദ്ദേഹം പഴന്തുണി അയച്ചുകൊടുത്ത എന്നോട് നന്ദി പറയുന്നു! എനിക്ക് എന്താണ് പറയേണ്ടതെന്ന് നിശ്ചയമില്ലാതായി. അടുക്കളയ്ക്കപ്പുറത്തെ കൂട്ടുകാരി സോണിയാണ് അഡ്രെസ് തന്നതെന്നു പറഞ്ഞപ്പോൾ അവളുടെ പ്രവർത്തനങ്ങളെ പുകഴ്ത്തി ഉത്സാഹത്തോടെ അദ്ദേഹം സംസാരിച്ചു. എനിയ്ക്കും വരണമെന്നുണ്ട് (പ്രവർത്തിയ്ക്കാൻ ) എന്നു പറഞ്ഞപ്പോൾ  എന്നുവേണമെങ്കിലും വന്നുകൊള്ളൂ, ഞാനിവിടെ ഞങ്ങളുടെ പ്രവർത്തനങ്ങളെല്ലാം കാണിച്ചുതരാമെന്ന്  അദ്ദേഹം പറഞ്ഞു. വയ്യാതെ കിടക്കുന്ന അമ്മ കല്യാണം കഴിച്ച് അയച്ച മകളെ ശുശ്രൂഷിക്കാൻ വിളിക്കുന്നതുപോലെ കേരളമെന്നെ വിളിയ്ക്കുകയാണെന്ന് ഞാനെങ്ങനെ പറയാനാണ്? അന്യഭാഷക്കാരൻ കെട്ടി, അന്യനാട്ടിൽ കഴിയുന്ന പെണ്ണുങ്ങളെല്ലാം എന്നെപ്പോലെയാണോ ചിന്തിക്കുന്നതെന്ന് എനിക്കറിഞ്ഞുകൂടാ. അനാഥത്വത്തിന്റെ വേദന ഞാൻ എഴുതുന്ന ഓരോ മലയാളം അക്ഷരത്തിലും പുരണ്ടിരിക്കുന്നു. കേരളം എൻറെ സ്വർഗ്ഗരാജ്യമാണ്; എൻറെ വാഗ്ദത്ത ഭൂമിയാണ്. 'ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി' എന്ന് ഞാൻ ചങ്ക് പൊട്ടുന്ന വേദനയോടെ ഒരായിരം വട്ടം പാടിയ എൻറെ കിനാശ്ശേരി യാണ്...
എനിയ്ക്കു ചാവണ്ട. 73 വയസ്സുള്ള തൃശൂർകാരി അമ്മയ്ക്ക്, മക്കളുപേക്ഷിച്ച സഹോദരിയെപ്പോറ്റാൻ ജീവിയ്ക്കണമെങ്കിൽ എനിയ്ക്കും ജീവിയ്ക്കണം... ഒരു കുമ്പിൾ കൈരളി കോരിക്കുടിയ്ക്കാൻ, പകർന്നു കൊടുക്കാൻ... പൊട്ടക്കിണറ്റിൽ കിടക്കുന്ന ആത്മവിശ്വാസത്തെ ആകാശത്തമ്പിളിയോളമെറിഞ്ഞെത്തിയ്ക്കാൻ പാതാളക്കരണ്ടി തെരയട്ടെ. സോണിയ്ക്കും ജോളിയ്ക്കും നന്ദി.

2018 ഓഗസ്റ്റ് 19, ഞായറാഴ്‌ച

Ptsd translation

ദുരന്താനന്തര മാനസിക സമ്മർദ്ദ വൈകല്യം. Post- traumatic stress disorder (PTSD)

ഒരു ഭയപ്പെടുത്തുന്ന സംഭവം കാണുകയോ അനുഭവിക്കുകയോ വഴി ഉണ്ടാകുന്ന മാനസികാരോഗ്യ പ്രശ്നമാണ് ദുരന്താനന്തര മാനസികസമ്മർദ്ദ വൈകല്യം. (PTSD) ഫ്ലാഷ് ബാക്ക് ഓർമ്മകൾ, ദുസ്വപ്നങ്ങൾ, കടുത്ത ഉദ്വേഗം, സംഭവത്തെപ്പറ്റിയുള്ള നിയന്ത്രണാതീത ചിന്തകൾ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ദുരന്താനുഭവങ്ങളിലൂടെ കടന്നുപോകുന്ന മിക്ക ആളുകൾക്കും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും സമരസപ്പെടുത്താനും താത്കാലിക ബുദ്ധിമുട്ട് ഉണ്ടാകാമെങ്കിലും സമയം കടന്നു പോകെ മിക്കവരും ഇതിൽ നിന്നും സ്വയംമുക്തരാകാറുണ്ട്. എന്നാൽ രോഗലക്ഷണങ്ങൾ അതിക്രമിക്കുന്ന ചുരുക്കം ചിലരിൽ ഇത് ദൈനംദിന ജീവിതത്തിന്റെ താളം തെറ്റിച്ചു മാസങ്ങളോളവും വർഷങ്ങളോളവും PTSD യായി നിലനിൽക്കാം.

രോഗലക്ഷണങ്ങൾ കുറയ്ക്കുവാനും ജീവിതനില മെച്ചപ്പെടുത്തുവാനും PTSD പ്രശ്നമുള്ളവർക്ക് ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്.

ലക്ഷണങ്ങൾ 

ദുരന്താനന്തര മാനസികസമ്മർദ്ദ വൈകല്യ ലക്ഷണങ്ങൾ ദുരന്താനുഭവത്തിന് ഒരുമാസത്തിനകം ആരംഭിക്കാമെങ്കിലും ചിലരിൽ വർഷങ്ങളോളം ലക്ഷണങ്ങൾ  പ്രകടമാകാതെയുമിരിക്കാം. വ്യക്തിബന്ധങ്ങളിലും സാമൂഹ്യ കർമ്മ രംഗങ്ങളിലും ഈ ലക്ഷണങ്ങൾ കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. നിങ്ങളുടെ സ്വാഭാവിക ദൈനംദിന ജീവിതത്തിനും പ്രവർത്തനത്തിനും വിഘാതമേൽപ്പിക്കാൻ PTSD ലക്ഷണങ്ങൾക്കു സാധിക്കും.

PTSD ലക്ഷണങ്ങളെ നാലായി തരം തിരിക്കാം:
അനാവശ്യമായി അതിക്രമിക്കുന്ന ഓർമ്മകൾ, ഉപേക്ഷ,
നെഗറ്റീവ് ചിന്തകളും മ്ലാനതയും, ശാരീരിക വൈകാരിക പ്രതികരണങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ.
കാലക്രമേണയും വ്യക്തികൾക്കനുസരിച്ചും ലക്ഷണങ്ങളിൽ മാറ്റമുണ്ടാകാം.

അനാവശ്യമായ അതിക്രമിക്കുന്ന ചിന്തകൾ -intrusive memories.

ലക്ഷണങ്ങൾ:
-ദുരന്തത്തിന്റെ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്ന അനാവശ്യ വിഷാദ ഓർമ്മകൾ. 
-ഫ്ലാഷ് ബാക്കുകൾ (ദുരന്തം വീണ്ടും സംഭവിച്ചുകൊണ്ടിരിക്കുന്നത് പോലുള്ള മാനസികാവസ്ഥയിൽ ജീവിക്കുക)
-ദുരന്താനുഭവത്തെപ്പറ്റിയുള്ള അസ്വസ്ഥജനകമായ ദുസ്വപ്നങ്ങൾ.
-കഠിനമായ വൈകാരിക ക്ലേശങ്ങളോ ശാരീരികാവസ്ഥകളോ ദുരന്താനുഭവത്തെക്കുറിച്ചുള്ള ഓർമകളിൽ വ്യക്തിയെ വീണ്ടും കൊണ്ടെത്തിക്കുന്ന അവസ്ഥ.

ഉപേക്ഷ -avoidance.

ലക്ഷണങ്ങൾ:
-ദുരന്താനുഭവത്തെപ്പറ്റിയുള്ള ചിന്തകളും സംസാരവും വ്യക്തി ഒഴിവാക്കുന്നു.
-ദുരന്തത്തെ ഓർമിപ്പിക്കുന്ന വ്യക്തികളെയും സ്ഥലങ്ങളെയും പ്രവർത്തികളെയും വ്യക്തി ഒഴിവാക്കുന്നു.

നെഗറ്റീവ് ചിന്തകളും മ്ലാനതയും -negative changes in thinking and mood.

ലക്ഷണങ്ങൾ:
-വ്യക്തിക്ക് തന്നെപ്പറ്റിയോ, മറ്റുള്ളവരെപ്പറ്റിയോ ലോകത്തിനെപ്പറ്റിയോ ഉള്ള നെഗറ്റീവ് ചിന്തകൾ.
-ഭാവിയെപ്പറ്റി പ്രതീക്ഷ ഇല്ലായ്മ.
-ഓർമ്മക്കുറവ്, ദുരന്താനുഭവത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട സംഭവങ്ങൾ പോലും മറന്നേയ്ക്കാം.
-അടുത്ത വ്യക്തിബന്ധങ്ങൾ നിലനിർത്തുവാനുള്ള ബുദ്ധിമുട്ട്.
-കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഉള്ള അകൽച്ച.
-മുൻപ് ഇഷ്ടത്തോടെ ആസ്വദിച്ചിരുന്ന പ്രവർത്തികളിൽ താൽപര്യക്കുറവ്.
- സകാരാത്മക വികാരങ്ങളെ (positive emotions) അനുഭവിക്കാനുള്ള ബുദ്ധിമുട്ട്.
-വൈകാരിക മരവിപ്പ് അനുഭവപ്പെടൽ.

ശാരീരിക വൈകാരിക പ്രതികരണങ്ങളിലുള്ള മാറ്റങ്ങൾ - changes in physical and emotional reactions (arousal symptoms)

ലക്ഷണങ്ങൾ :

-പെട്ടെന്നുണ്ടാകുന്ന ഞെട്ടൽ, ഭയം.
-എപ്പോഴും അപകടത്തിൽ എന്നപോലെ ജാഗ്രതയിലായിരിക്കൽ.
-അമിതമദ്യപാനം, അമിത വേഗതയിലുള്ള ഡ്രൈവിങ് തുടങ്ങി ആത്മനാശത്തിനുള്ള ത്വര.
-ഉറക്കപ്രശ്നങ്ങൾ.
-മനസ് ഏകാഗ്രമാക്കാനുള്ള ബുദ്ധിമുട്ട്.
-അസ്വസ്ഥത, കോപാവേശം, ആക്രമണോത്സുകത.
-അതിയായ കുറ്റബോധം, നാണക്കേട്.

ആറ് വയസ്സും അതിൽ താഴെയുമുള്ള കുട്ടികളിലെ ലക്ഷണങ്ങൾ:
-ദുരന്താനുഭവങ്ങൾ സന്നിവേശിപ്പിച്ചുള്ള കളികളിൽ വീണ്ടും വീണ്ടും ഏർപ്പെടുക.
-ദുരന്താനുഭവങ്ങൾ ഉൾപ്പെടുന്നവയും അല്ലാത്തവയുമായ ഭീകര സ്വപ്നങ്ങൾ.

ലക്ഷണങ്ങളുടെ തീവ്രത:

പ്രകടമാക്കുന്ന ലക്ഷണങ്ങളിൽ കാലക്രമേണ മാറ്റങ്ങൾ വരാം. സ്വാഭാവിക ജീവിത സമ്മർദങ്ങളിലോ ദുരന്തത്തിന്റെ ഓർമ്മയുളവാകുമ്പോഴോ വ്യക്തി കൂടുതലായി PTSD ലക്ഷണങ്ങൾ പ്രകടിപ്പിച്ചേക്കാം. ഉദാഹരണത്തിന് ടിവിയിലോ വാർത്താപത്രങ്ങളിലോ കാണുന്ന വെള്ളക്കെട്ടിന്റെ ചിത്രങ്ങൾ മാസങ്ങൾക്കു ശേഷവും നിങ്ങളെ വീണ്ടും കടുത്തPTSD ലക്ഷണങ്ങളിലേക്ക് തള്ളി വിട്ടേക്കാം.

ഡോക്ടറെ കാണേണ്ടതെപ്പോൾ?

ദുരന്താനുഭവത്തെപ്പറ്റി അസ്വാസ്ഥ്യജനകമായ ഓർമ്മകൾ ഒരു മാസത്തിനു ശേഷവും നിങ്ങളിൽ നിലനിൽക്കുന്നുവെങ്കിൽ, അവ തീക്ഷ്ണമാണെങ്കിൽ, സാധാരണ ജീവിതം പുനസ്ഥാപിക്കാൻ നിങ്ങൾക്കു കഴിയുന്നില്ലെന്ന തോന്നലുണ്ടെങ്കിൽ നിങ്ങളൊരു ഡോക്ടറേയോ, മാനസികാരോഗ്യ വിദഗ്ധനെയോ കാണേണ്ടത് അത്യാവശ്യമാണ്. PTSDലക്ഷണങ്ങൾ അധികരിക്കാതിരിക്കാൻ എത്രയും പെട്ടെന്ന് ലഭിക്കുന്ന ചികിത്സ സഹായിക്കും.

നിങ്ങൾക്ക് ആത്മഹത്യാ ചിന്തകൾ ഉണ്ടെങ്കിൽ: 
നിങ്ങൾക്കോ, നിങ്ങൾ അറിയുന്നവർക്കോ
ആത്മഹത്യാ ചിന്തകൾ ഉണ്ടെങ്കിൽ താഴെ പറയുന്ന സ്രോതസ്സുകളിൽ നിന്ന് സഹായം തേടേണ്ടതാണ്.
-വീട്ടുകാർ 
-അടുത്ത സുഹൃത്തുക്കൾ
-സമൂഹത്തിൽ നിങ്ങൾക്ക് വിശ്വാസമുള്ള ആത്മീയ, രാഷ്ട്രീയ വ്യക്തിത്വങ്ങൾ
-ഡോക്ടർ
-മാനസികാരോഗ്യ വിദഗ്ധൻ
-ആത്മഹത്യ ഹോട്ട് ലൈനിലെ പരിശീലനം സിദ്ധിച്ച കൗൺസിലർ
മൈത്രി (കൊച്ചി) ഫോൺ നമ്പർ 91-484-2540530
(10am to 7pm on all days)
ഇന്ത്യൻ ആത്മഹത്യ ഹോട്ട് ലൈൻ നമ്പർ  +91-78930-78930

Mayoclinic വെബ്സൈറ്റിൽ നിന്നും 2018ൽ വിവർത്തനം ചെയ്തത്.

2018 ഓഗസ്റ്റ് 13, തിങ്കളാഴ്‌ച

Goat life

ബെന്യാമിന്റെ ആടുജീവിതം വായിക്കാനാഗ്രഹിച്ച എനിക്ക് ജോസഫ് കോയിപ്പള്ളി എഴുതി, പെൻഗ്വിൻ ബുക്സ് ഇറക്കിയ അതിന്റെ ഇംഗ്ലീഷ് പരിഭാഷ 'Goat life' വായിക്കാനാണ് ഭാഗ്യം സിദ്ധിച്ചത്. ഇതത്ര സുഖമുള്ളതല്ല എന്ന് വായിച്ചു തുടങ്ങിയപ്പോഴേ തോന്നി. മലയാളത്തിൽ ആടുജീവിതം വായിച്ചിട്ടില്ലെങ്കിലും 2009ലെ കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ പുസ്തകം അതിലെ പ്രമേയം കൊണ്ടു മാത്രമായിരിയ്ക്കില്ല മലയാളമനസ്സ് കീഴടക്കിയത് എന്ന് കരുതാമല്ലോ. 'മികച്ച യുവ എഴുത്തുകാര'നെന്ന് ഇന്ത്യൻ എക്സ്പ്രസ് അഭിപ്രായപ്പെട്ട ബെന്യാമിൻ പ്രതിപാദിക്കപ്പെട്ട ജീവിതത്തിലൂടെ മാത്രമല്ല, ഭാഷയിലൂടെയും ശൈലിയുടെയും വായനക്കാരനെ രസിപ്പിച്ചിരുന്നിരിയ്ക്കാം.  അങ്ങനെയെങ്കിൽ വിവർത്തനം എങ്ങനെ ഒരു പുസ്തകത്തിന്റെ ആത്മസത്തയെ ഊറ്റി കളയുന്നു എന്നതിനു നല്ല ഉദാഹരണമായി ഭാഷാ വിദ്യാർത്ഥികൾക്ക് പരിഗണിക്കാവുന്ന പുസ്തകമാണ് Goat life.

മൊഴിമാറ്റം എന്നത് മലയാളമൊഴിയെ അങ്ങനെതന്നെ ഒരു ഡിക്ഷ്ണറിയുടെ സഹായത്തോടെ ഇംഗ്ലീഷിലേക്ക് മാറ്റുന്നതാണോ? 'അല്ലേ?' എന്നതിനു 'no?' എന്നെഴുതിയാൽ അത് പരിഭാഷയാകുമോ!

ഭാഷയോടും ശൈലിയോടും നീതിപുലർത്താനായില്ലെങ്കിലും കഥാതന്തുവിന്റെ ശക്തിമത്തായ സാന്നിധ്യത്തിൽ വായിച്ചു മുഴുമിപ്പിച്ചു പോകുന്ന പുസ്തകം.  തീക്ഷ്ണമായ ജീവിതാനുഭവങ്ങളും ഗൾഫ് യാഥാർത്ഥ്യവും ചരിത്രം പോലെ വായിച്ചു മനസ്സിലാക്കാൻ മറുഭാഷ വായനക്കാർക്ക് കഴിഞ്ഞേക്കാം. കേരളത്തിലെ ജീവിതവും അതിൽ വൃത്തിയ്ക്കും വെള്ളത്തിനും ഉള്ള പ്രാധാന്യവും മാനവികതയും ഇംഗ്ലീഷ് വായനക്കാരനെ മനസ്സിലാക്കിയ്ക്കാൻ സഹായിക്കും ഈ പുസ്തകം.

എന്നാൽ മലയാളസാഹിത്യത്തിന്റെ വായനാസുഖം ഇംഗ്ലീഷ് അനുവാചകരിലേയ്ക്ക് എത്തിക്കുന്നതിൽ ഒരു പരാജയം തന്നെയാണ് Goat life. ഒരു കാലഘട്ടം മുഴുവനും  ലക്ഷക്കണക്കിന് മലയാളികൾ നെഞ്ചേറ്റി ആഘോഷിച്ച ഒരു പുസ്തകമാണ് ആടുജീവിതം എന്നോർക്കുമ്പോൾ ഇംഗ്ലീഷിൽ അതുവായിച്ച, മലയാളത്തിനായി ദാഹിക്കുന്ന, മറുനാടൻ മലയാളിയായ എന്നോട് എനിയ്ക്ക് തന്നെ പാവം തോന്നുന്നു.

2018 ഓഗസ്റ്റ് 8, ബുധനാഴ്‌ച

ഡോറേമോൻ

ഏറ്റവും പുതിയ എന്തിനോടും ആദ്യം വിമുഖത തോന്നുന്നത് പ്രായമാകുന്നതിന്റെ ലക്ഷണമാണോ? ഒരു പാട്ടു മുതൽ ഒരു ഗാഡ്ജെറ്റ് വരെ എന്തും. കൊച്ചു കുട്ടികളെയും കൗമാരക്കാരെയും നോക്കൂ. എന്താവേശത്തിലാണവർ പുതുമയെ സ്വായത്തമാക്കുന്നത്! ബസിൽവെച്ച് ഒറ്റ പ്രാവശ്യം കേട്ട അടിപൊളിപ്പാട്ട് ചുണ്ടിൽ നിന്നിറങ്ങില്ല- അടുത്തത് റിലീസാകുംവരെ.

വളർച്ചയുടെ ഓരോ ഘട്ടത്തിലും മകളുടെ മാറിമാറിവന്ന ഇഷ്ട കാർട്ടൂണുകളോടും എനിയ്ക്കാദ്യം വിമുഖത തന്നെയാണ് തോന്നാറുള്ളത്. ഡോറയുടെ പ്രയാണം, ചോട്ടാ ഭീം, ലിറ്റിൽ കൃഷ്ണ തുടങ്ങിയവയുടെ മിക്ക എപ്പിസോഡുകളും കണ്ടു തീർന്നൊരു ആറുവയസ്സിലാണ് ജാഹ്നവി ഡോറേമോൻ കാണാൻ തുടങ്ങിയത്. മുഖം കാണുമ്പോഴേ ഓക്കാനം വരുന്ന സ്പോഞ്ച് ബോബ്, മാർസൂപിലാനി, ജോർജ് ഓഫ് ദി ജംഗിൾ തുടങ്ങിയവ കാണാൻ വരകളുടെ സുന്ദര സങ്കല്പങ്ങൾ മാത്രം കണ്ടുശീലിച്ച (സിൻഡ്രല്ല, ലയൺ കിംഗ്, മൗഗ്ലി പിന്നെ, നമ്മുടെ സ്വന്തം ടോം ആൻഡ് ജെറി) എന്റെ അനുവാദമുണ്ടായിരുന്നില്ല.

ഡോറേമോന്റെ വരകളും നിറങ്ങളും മികച്ചവയാണ്. അനിമേഷനും കൊള്ളാം. കാർട്ടൂണുകളിൽ ആദ്യം ശ്രദ്ധിയ്ക്കപ്പെടുന്നത് ഇതൊക്കെയാണെങ്കിലും സംഭാഷണവും കഥയും അതു തരുന്ന സന്ദേശവും തുറന്നുകാട്ടുന്ന സംസ്കാരവും ഞാൻ ഏറെ ശ്രദ്ധിക്കാറുണ്ട്. സംസ്കാരശൂന്യമായ, വഞ്ചനകൾ നിറഞ്ഞ പോക്കിമോൻ കാണാൻ മകളെ ഞാൻ അനുവദിക്കാറില്ല. പോക്കിമോൻ കാണുന്നതും മക്കളെ ദുർമന്ത്രവാദം പഠിപ്പിക്കാനയയ്ക്കുന്നതും ഒരുപോലെയാണെന്നാണ് എനിക്ക് രക്ഷിതാക്കളോട് പറയുവാനുള്ളത്. അത്രയും നെഗറ്റിവിറ്റി ആ കാർട്ടൂണിലുണ്ട്. കൃഷ്ണനെപ്പോലെ തോന്നിക്കുമെങ്കിലും 'ക്രിസ്' നെഗറ്റിവിറ്റിയിൽ പോക്കിമോന്റെ അനിയനായി വരും കേട്ടോ. ദ്വയാർത്ഥപ്രയോഗങ്ങൾ മനസ്സിലാക്കാനായിട്ടില്ലെങ്കിലും ഷിൻ ചാൻ കാണുന്നതിലും ചെറുതായി വിലക്കുണ്ട്. ഷിൻ ചാന്റെ വരയും ആനിമേഷനും ശബ്ദങ്ങളും സഹിച്ചു കൂടെങ്കിലും സ്നേഹത്തിന്റെ ഏതോ പാഠങ്ങൾ അവർ കഥകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഫുജികോ എഫ് ഫുജിയോയുടെ എഴുത്തും വരയും രൂപം നൽകിയതാണ് ജപ്പാനീസ് കോമിക്കുകളിലെ ഡോറേമോൻ എന്ന റോബോട്ടിക് പൂച്ചയ്ക്ക്. 1969 മുതൽ 1996 വരെ ജാപ്പനീസ് ബാലപ്രസിദ്ധീകരണങ്ങളിൽ വന്നിരുന്നവയാണ് ഡോറേമോൻ കഥകൾ. 1973, 1979, 2005 വർഷങ്ങളിൽ പുറത്തിറങ്ങിയ മൂന്ന് ആനിമേഷൻ സീരീസുകളാണ് ഇന്ന് കാർട്ടൂൺ രൂപത്തിൽ നമ്മുടെ കുട്ടികൾ കണ്ടുകൊണ്ടിരിക്കുന്നത്.

ജപ്പാനിലെ ഷോഗാകുക്കാൻ പബ്ലിഷ് ചെയ്തിരുന്ന മാംഗാ സീരിസിലെ ആറ് വ്യത്യസ്ത മാഗസിനുകളിലായി മൊത്തം 1345 കഥകളാണ് ഡോറേമോന്റെതായി പുറത്തിറങ്ങിയിട്ടുള്ളത്. ഒരുപാട് അവാർഡുകൾ വാങ്ങിക്കൂട്ടിയ ഡോറേമോനെ 2008 ൽ ജപ്പാന്റെ അന്താരാഷ്ട്ര മന്ത്രാലയം രാജ്യത്തിന്റെ ആദ്യത്തെ അനിമേഷൻ അംബാസിഡറായി തെരഞ്ഞെടുത്തു. ലോകത്തിന് ജാപ്പനീസ് സംസ്കാരത്തെ അടുത്തറിയുവാനും അതിനോട് താത്പര്യം വളർത്തുവാനും ഡോറേമോന് കഴിയുമെന്ന് അവർ വിശ്വസിച്ചു. ഇന്ത്യയിൽ ഇംഗ്ലീഷ്, ഹിന്ദി, തെലുഗു, തമിഴ് അനുവർത്തനങ്ങളിൽ ഈ കാർട്ടൂൺ സംപ്രേഷണം ചെയ്യപ്പെടുന്നു.

വളരെയധികം റേറ്റിംഗുള്ള ഡോറേമോൻ കാർട്ടൂണിന് 2013, 2015 വർഷങ്ങളിൽ നിക്കെൾഡൺ കിഡ്സ് ചോയ്സ് അവാർഡ് (ഇന്ത്യ) ലഭിച്ചിട്ടുണ്ട്. ടൈംസ് ഏഷ്യാ മാഗസിൻ 2002ൽ ഡോറേമോനെ 'ഏഷ്യൻ ഹീറോ' ആയി പ്രഖ്യാപിച്ചു. 2016 സമ്മർ ഒളിമ്പിക്സ് സമാപന സന്ദർഭത്തിൽ 2020ലെ ടോക്കിയോവിൽ നടക്കാനിരിക്കുന്ന സമ്മർ ഒളിമ്പിക്സ് പ്രമോട്ട് ചെയ്യാനായി ഡോറേമോൻ വേദിയിൽ പ്രത്യക്ഷപ്പെട്ടു. ഡോറേമോൻ കോമിക് ബുക്കുകളുടെ നൂറു മില്യണിനു മുകളിൽ കോപ്പികൾ  വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഇന്ന് മുപ്പതോളം രാജ്യങ്ങളിൽ ഡോറേമോൻ ആനിമേറ്റഡ് കാർട്ടൂണുകൾ പ്രക്ഷേപണം ചെയ്യപ്പെടുന്നുണ്ട്. ഡോറേമോൻ കഥകളെ ആസ്പദമാക്കി  വീഡിയോ ഗെയിംസുകളുമുണ്ട്.

കുട്ടികളിൽ നെഗറ്റീവ് ഇംപാക്റ്റ് ഉണ്ടാക്കുന്നുവെന്നാരോപിച്ച് പാക്കിസ്ഥാനടക്കം ചില രാജ്യങ്ങൾ ഡോറേമോന് നോട്ടീസ് അയച്ചിട്ടുണ്ട്. പാക്കിസ്ഥാനിൽ ഇരുപത്തിനാലു മണിക്കൂർ കാർട്ടൂൺ ചാനലുകളോടൊപ്പം ഇവയുടെ ഹിന്ദി ഡബ്ബും നിരോധിച്ചിരിയ്ക്കുന്നു. 

ഈ കാർട്ടൂണിന്റെ കഥാപശ്ചാത്തലം ടോക്കിയോ നഗരമാണ്. ഇരുപത്തി രണ്ടാം നൂറ്റാണ്ടിൽ നിന്ന് പിന്നിലേക്ക് യാത്രചെയ്തു ഷേവാഷി എന്ന കുട്ടി തന്റെ പ്രപിതാമഹനായ നോബിതാ നോബി എന്ന പ്രീടീൻകാരനെ കണ്ടെത്തുന്നു. പഠനത്തിലും പഠനേതര- കായികപ്രവർത്തനങ്ങളിലും വളരെ പിറകിലായ തന്റെ മുൻഗാമി നോബിതയെ സഹായിക്കാനായി പിൻമുറക്കാരൻ ഷേവാഷി ഡോറേമോൻ എന്ന യന്ത്രപ്പൂച്ചയെ അയച്ചുകൊടുക്കുന്നു. ഒരു റോബോട്ടിക് പൂച്ചയായ ഡോറേമോന്റെ ചതുർമാന പോക്കറ്റിൽ നിന്നും (4D) എടുക്കുന്ന ഗാഡ്ജെറ്റ്സ് എല്ലാം ഭാവിയിലെ ടെക്നോളജിയാൽ നിർമ്മിതമായവയാണ്. ബാംബൂ കോപ്റ്റർ, എനിവേർ ഡോർ, ടൈം മെഷീൻ തുടങ്ങിയവ അവയിൽ ചിലതുമാത്രം. ഈ ഗാഡ്ജെറ്റുകളുടെ സഹായത്തോടെ ദുർഘട പരിസ്ഥിതികളെ നേരിടുന്ന നോബിതയും കൂട്ടുകാരുമാണ് ഓരോ കഥയുടേയും പ്രമേയം. നോബിതയുടെ കളിക്കൂട്ടുകാരി (അവൾ ഭാവിയിലെ ഭാര്യയാണെന്ന് ഡോറേമോനും നോബിതയും ടൈം മെഷീനിൽ സഞ്ചരിച്ചു കണ്ടെത്തുന്നുണ്ട് ) ഷിസൂക്ക, നോബിതയുടെ അച്ഛനമ്മമാർ, ടീച്ചർ, വഴക്കാളികളെങ്കിലും അവന്റെ കൂട്ടുകാരായ സുനിയോ, ജിയാൻ, ഇവരുടെ അമ്മമാർ എന്നിവരാണ് മിക്ക എപിസോഡുകളിലെയും കഥാപാത്രങ്ങൾ.

എല്ലാം സാധിച്ചു തരുന്ന ഡോറേമോന്റെ പോക്കറ്റ് ജപ്പാനിലെ ദിനപത്രങ്ങളിലും  നിത്യജീവിതത്തിലും ഏറെ പരാമർശിക്കപ്പെടാറുണ്ട്.

ഡോറേമോനിൽ ഞാൻ കണ്ട ജപ്പാൻ- നമ്മുടെ നാട്ടിലേതുപോലെത്തന്നെ അടുക്കള, കുഞ്ഞുങ്ങൾ, വൃദ്ധർ, രോഗികൾ എല്ലാത്തിന്റെയും പൂർണ്ണമായ ചുമതലകൾ സ്ത്രീകൾക്കാണ്. ഷോപ്പിങ്ങ്, സൗന്ദര്യത്തെ പുകഴ്ത്തൽ എന്നിവ അവരുടെ ബലഹീനതകളും സ്വാതന്ത്ര്യം, യാത്ര, വിശ്രമം എന്നിവ അവരുടെ നിത്യ മോഹങ്ങളുമാണ്. ജോലി, സമ്പാദനം എന്നിവയിൽ മേൽക്കൈയുള്ള പുരുഷൻമാർക്ക് വീട്ടിൽ വിശ്രമത്തിനും വിനോദങ്ങൾക്കും (ടിവിയുടെ റിമോട്ടിനു വരെ) അവകാശമുണ്ട്. ചന്തയിൽ പോകലും അല്ലറ ചില്ലറ അമ്മയെ സഹായിയ്ക്കലും പഠനത്തോടൊപ്പം കുട്ടികളുടെ നിർബന്ധിത കടമകളാണ്. വീഡിയോ ഗെയ്മുകളും റിമോട്ട് കൺട്രോൾ കളിപ്പാട്ടങ്ങളുമുണ്ടെങ്കിലും കുട്ടികളെ ഏറ്റവുമധികം ആകർഷിയ്ക്കുന്നവ കോമിക് ബുക്കുകളും വായനയുമാണെന്നത് നമ്മെ അത്ഭുതപ്പെടുത്തും. പ്രീ ടീൻ കുട്ടികൾ കഥാപാത്രങ്ങളായുള്ള ഈ കാർട്ടൂൺ നാഗരിക ജപ്പാനിലെ ആൺ പെൺ വേർതിരിവുകളെ കൃത്യമായി വരച്ചുകാട്ടുന്നു. ഇരുപ്പിലും നടപ്പിലും സംസാരത്തിലും ശബ്ദത്തിലും പോലും കുലീനത കാത്തുസൂക്ഷിയ്ക്കാൻ ബദ്ധപ്പെടുന്ന പെൺകുട്ടികൾ ഇന്നത്തെ ലോകത്തിൽ നിന്നു വീക്ഷിയ്ക്കുമ്പോൾ പരിതാപകരമായ ഒരു അടിമത്തത്തിന്റെ കഥ വിളിച്ചു പറയുന്നുണ്ട്. ലിംഗവിവേചനത്തിന്റെ പുറംമോടിയായ കുലീനതയും ബാഹ്യസൗന്ദര്യവും നിഷ്കളങ്കതാ ബിംബവും ബാധ്യതയായിരുന്ന സ്ത്രീ സമൂഹത്തിന്റെ ഭാഗം തന്നെയാണ് നഗ്നതയെപ്പറ്റി ഏറെ നാണവും കരുതലുമുള്ള കൊച്ചു ഷിസൂക്കയും യന്തപ്പൂച്ചപ്പെണ്ണായ ഡോറേമീ പോലും.

അധ്വാനത്തിനും സത്യസന്ധതയ്ക്കും പ്രാധാന്യം നൽകിയിരിയ്ക്കുന്നവയാണ് മിക്ക കഥകളും. കുട്ടികളുടെ നേർത്ത വികാരങ്ങളെയും വിഷമങ്ങളെയും പ്രശ്നങ്ങളെയും പോലും നന്നായി പരിഗണിച്ച് കൃത്യതയോടെ അവതരിപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഡോറേമോൻ കഥകൾ ഇനിയുമേറെ ദശകങ്ങൾ ബാലലോകം അടക്കിവാഴുമെന്നതിൽ സംശയമില്ല.

ഡോറേമോൻ നമുക്കു മുന്നിൽ തുറന്നു കാട്ടുന്ന മദ്ധ്യമവർഗ ജാപനീസ് കുടുംബപശ്ചാത്തലം അറുപതുകൾ മുതൽ തൊണ്ണൂറുകൾ വരെയുള്ള കാലയളവിലേതാണ്. കഴിഞ്ഞ രണ്ടു ദശകങ്ങളിൽ ഇതിലെത്രത്തോളം മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് നേരിട്ടറിവുള്ളവർ പറഞ്ഞുതരുമല്ലോ.