2018 സെപ്റ്റംബർ 27, വ്യാഴാഴ്‌ച

സവർണം

സവർണ്ണം = അവർണ്ണം

"പാപ്പുവന്ന നോടില്ല ആന്റീ. ഹേഗിദ്ദാളെ?"

താഴെ വീട്ടിലെ ആൻറിയുടെ ആശുപത്രിയിൽ നിന്നെത്തിയ മരുമകളെയും നവജാതശിശുവിനെയും കാണാൻ പോകണമെന്ന് കരുതുമ്പോഴേയ്ക്കും അവരെ ദൂരെയുള്ള ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു.

ഒരേയൊരു മകന്റെ ആദ്യത്തെ കുഞ്ഞിനെപ്പറ്റി ഓർത്തപ്പോൾ ആൻറിക്ക് എന്തോ ഒരു വൈക്ലബ്യം!

"എന്താ ഒരു സന്തോഷമില്ലാതെ?"

"നിന്നോടായോണ്ട് പറയാം മോളെ. ആൺകുട്ടി വേണമെന്നായിരുന്നു എന്റെ ആഗ്രഹം. അവൾ പെണ്ണിനെ പ്രസവിച്ചു. "

''ആൺകുട്ടി ഇനിയും ഉണ്ടായിക്കൂടെന്നില്ലല്ലോ."

"ന്നാലും... തറവാട്ടിലെ ആദ്യ സന്താനമല്ലേ. ആണാവുന്നതായിരുന്നു ശരി."

''ആൻറീ, നാല് പെൺമക്കൾക്ക് ശേഷമല്ലേ നിങ്ങൾക്ക് മനു ഉണ്ടായത്!"

"ആൺകുട്ടിയാവുംന്ന് തന്നെ കരുതി. ഇതിപ്പോ അടുത്തതും പെണ്ണായാലോ? നാലും അഞ്ചും പെറാൻ പണ്ടത്തെക്കാലമൊന്നുമല്ലല്ലോ."

"കിട്ടീത് വേണ്ടെന്നു പറയുമോ! ആരോഗ്യമുള്ള കുട്ടിയല്ലേ?"

''ആരോഗ്യമൊക്കെയുണ്ട്. പെണ്ണായാലും കുഴപ്പമില്ലായിരുന്നു. ഇത്തിരി നെറണ്ടായിരുന്നെങ്കിൽ... ഇതിപ്പോ പെണ്ണുമായി. നെറോല്ല."

"ഓ! എന്റെയാന്റീ! ദൈവം കയ്യും കാലും ബുദ്ധീമൊക്കെ മര്യാദയ്ക്ക് തന്നിട്ടില്ലേ? നിറത്തിലൊന്നും ഒരു കാര്യോല്ല."

"നെനക്കങ്ങനെ പറയാം. നീ കറുത്തിട്ടായാലും നിന്റെ മോളു വെളുത്തിട്ടല്ലേ? സ്നേഹയുടെ നിറം കിട്ടിയാൽ മതിയായിരുന്നു. ഇതിപ്പോ മനൂന്റെ നെറാ കുട്ടിയ്ക്ക്. വളർന്നു വരുമ്പോ നിന്റെത്ര കറുപ്പാകും പെണ്ണിന്."

"യ്യോ! മകന് ആദ്യത്തെ കുട്ടി പിറക്കുമ്പോ ഇത്രേം സങ്കടമോ? വിദ്യാഭ്യാസമൊക്കെ കൊടുത്ത് രാജകുമാരിയെപ്പോലെ വളർത്തുമല്ലോ അവളെയവർ. സ്വഭാവം നന്നായപ്പോരെ; നിറത്തിലെന്തിരിയ്ക്കുന്നു?"

"ന്നാലും ആങ്കുട്ടി വേണായിരുന്നു... പെൺകുട്ട്യാണെങ്കില് നെറേലും തരണായിരുന്നു ദൈവം..."

ദൈവത്തോടുള്ള പരിഭവവുമായി ആൻറി ഒതുക്കുകളിറങ്ങി. അവരോടിനി എന്ത് പറഞ്ഞിട്ടും കാര്യമില്ല. എന്നാലും എന്തൊക്കെ, ഏതുവിധേനയൊക്കെ പറയാമെന്നാലോചിച്ച് ഞാൻ തലപുകച്ചു.

ലോകത്തിന്റെ  ഈ ഭാഗത്ത് മാത്രം മെലാനിൻ എന്ന വർണ്ണകം ത്വക്കിൽ കലർന്നിരിക്കുന്നവരെ നിറമില്ലാത്തവർ (അവർണ്ണർ ) എന്നും മെലാനിൻ വർണ്ണം ത്വക്കിൽ ഇല്ലാത്തവരെ അഥവാ കുറവുള്ളവരെ നിറമുള്ളവർ (സവർണ്ണർ ) എന്നുമാണ് വിളിക്കുന്നത്. യൂറോപ്പിൽനിന്നോ അമേരിക്കയിൽ നിന്നോ ആസ്ട്രേലിയയിൽ നിന്നോ ഒരു coloured ആഫ്രിക്കക്കാരനും ഒരു albino ബ്രിട്ടീഷുകാരനും കൂടി വണ്ടി പിടിച്ച് ഇന്ത്യയിലെത്തിയാൽ അവരുടെ ലേബല് മാറ്റി ഒട്ടിച്ചിട്ടാണ് നമ്മള് വിളിക്കുക. ആഫ്രിക്കക്കാരനെ നിറമില്ലാത്തവനെന്നും ബ്രിട്ടീഷുകാരനെ നിറമുള്ളവനെന്നും!

വർണ്ണത്തെ വികാരംകൊണ്ടപഗ്രഥിച്ചതിൽ നമുക്കു പറ്റിയ തെറ്റ് ഭാഷകൊണ്ടപഗ്രഥിക്കുമ്പോഴും പറ്റി. വിവേചനബുദ്ധിയില്ലാത്തവരാണ് വിവേചനം കാട്ടുന്നത് എന്നതുപോലെ.

ബൾബ് വിഴുങ്ങി

അത്യുത്തമ കുലസ്ത്രീയായി വളരാനുള്ള എല്ലാ പൊട്ടൻഷ്യലുമുണ്ടായിരുന്ന നിഷ്കളങ്കയായ ഒരു പിഞ്ചു ബാലികയുടെ എഴുതാച്ചരിത്രമാണിത്.
കുലസ്ത്രീയാകേണ്ടിയിരുന്നവളുടെ വഴിമുടക്കിയ രണ്ടുനാറ്റക്കഥകൾ. രണ്ടിനും സാക്ഷി സിമൻറ് മിറ്റം! കൊതുകിൻ കുഞ്ഞുങ്ങൾ കൂത്താടുന്ന കൊഴുത്തുകറുത്ത വെള്ളം ഒഴുകിയിരുന്ന ചാൽ അതിരിട്ട സിമൻറ് മിറ്റം. പഴയ കൂറ്റൻ ആട്ടുകല്ലിനകത്തെ കൊച്ചു ആവാസവ്യവസ്ഥയിൽ ഒരിക്കലും പൂവിരിയാത്ത നീലാമ്പലും ആമ്പൽ തണ്ടുകൾക്ക് രോമം മുളച്ചപോലെ വളർന്നുവന്ന നനുത്ത പായലും ഇടയിലൂടെ നീന്തിനടന്ന സാരീവാലൻ മീനുകളുമുള്ള അതേ സിമൻറ് മിറ്റം. മിറ്റത്തിനൊരു സൈഡിൽ പശുത്തൊഴുത്ത്.

ഒരൂസം നാലു വയസ്സുള്ള പിഞ്ചു ബാലിക മഴക്കാലത്ത് പച്ചപ്പായൽ പിടിച്ച് വഴുക്കലായിക്കിടക്കുന്ന സിമന്റ് മിറ്റത്തങ്ങിങ്ങായി ഇട്ട പൊട്ടിയ ഓടിൻ കഷ്ണങ്ങളിൽ ചവ്ട്ടി തെന്നി വീഴാതെ ചാലിനരികിൽ പോയി മൂത്രിച്ചിട്ട് വരികയായ്രുന്നു. കുട്ടപ്പനെന്ന  വികൃതിയായ മൂരിക്കുട്ടൻ കെട്ടഴിഞ്ഞ് ആലയിൽ നിന്ന് വാച്ച് ചെയ്യ്ണ കാര്യം പാവം പിഞ്ചു അറിഞ്ഞില്ല. അവനും അവളും ശുദ്ധവൈരികളായിര്ന്നു. മൂത്രൊഴിച്ച് ഓട്ടിൻ കഷ്ണങ്ങളിലൂടെ ബാലൻസ് ചെയ്ത് വരുന്ന അവളെ ടാർഗെറ്റു ചെയ്ത് എറയത്ത് കേറാനായപ്പോഴേയ്ക്കും മൂരിക്കുട്ടൻ ഓടിച്ചു. എറയത്തു കേറ്ണേനു പകരം വഴ്ക്കല്ളള മിറ്റത്ത് ഐസിലൂടോട്ണ ടോമിനെപ്പോലെ രണ്ടുവൃത്തം മുഴുമിപ്പിച്ച് തെന്നി ചാലിൽ വീണവൾ. ചാണകവെള്ളം കണ്ണിലും മൂക്കിലും വായേലും... ജഗതിയും സലീംകുമാറുമൊക്കെ എത്ര ധീരരായ കലാകാരന്മാരാണെന്നത് നിങ്ങളേക്കാൾ മനസ്സിലാക്കുന്ന ചിലരിവിടുണ്ടെന്നു മാത്രം അറിയൂ. വൃത്തിക്കാരി അമ്മായി ദൂരെ നിന്ന് വെള്ളം തേവി വലിയവായിൽ കാറുകയായിരുന്ന പിഞ്ചു ബാലികയെ എങ്ങനെയോ കുളിപ്പിച്ചെടുത്തു. ലൈഫ്ബോയ് സോപ്പ് തേഞ്ഞെങ്കിലും മുടിയിഴകൾക്കിടയിൽ നിന്ന് വമിച്ച ചാണകഗന്ധത്തിൽ കുലസ്ത്രീ പട്ടം അന്നേ അവളിൽനിന്നകന്നു.

രണ്ടേരണ്ടു കൊല്ലം കഴിഞ്ഞൊരൂസം പുണ്യപുരാതന വയറിങ്ങുള്ള ആ വലിയ വീട്ടിലെ ലൂസ് കോൺടാക്ടുള്ള സ്വിച്ചുകൾ പരിശോധിച്ചു നേരെയാക്കാൻ ചെറിയച്ഛനൊരുങ്ങി. ഇലാസ്റ്റിക് നീണ്ട് അഴിഞ്ഞു വീഴാൻ പോണ ട്രൗസറും മൂക്കീന്നൊലിയ്ക്ക്ണതും ഇടയ്ക്കിടെ വലിച്ചു കേറ്റേണ്ട ചൊമതലയുള്ള ഏട്ടൻ ഉത്സാഹഭരിതനായി ബൾബ്, കട്ടിംഗ് പ്ലേയറ്, ഇൻസുലേഷൻ ടേപ്പ് ന്നതൊക്കെ പിടിച്ച്ങ്ങനെ നിക്കുമ്പോ മ്മടെ പിഞ്ചുബാലികയ്ക്കും ഒരാഗ്രഹം- എന്തെങ്കിലുമൊക്കെ പിടിയ്ക്കാൻ. സഹായിയ്ക്കാനുള്ള വ്യഗ്രത കാരണം ചോയ്ച്ചുചോയ്ച്ച് അവസാനമൊരു ടോർച്ചിന്റെ ബൾബ് കിട്ടി പിടിക്കാൻ. കരണ്ടുണ്ടോന്ന് നോക്കാൻ ടെസ്റ്ററായിട്ടുപയോഗിച്ച ബൾബാകുമോ? ആ ! എന്തേലുമാവട്ടെ. കുഞ്ഞി ബൾബും പിടിച്ച് ഏട്ടനൊപ്പം അവൾ സ്റ്റൂളിക്കേറിനിന്ന് പണിയണ ചെറിയച്ഛനേം നോക്കി കൊറേ നേരം നിന്നു. ഏട്ടനോടാണെങ്കി, ചെറിയച്ഛൻ അപ്പപ്പോ ഓരോ സാമാനങ്ങൾ ചോയ്ച്ച് മേടിയ്ക്കണൂ - തിരിച്ചുകൊടുക്കണു. എടയ്ക്ക് സ്റ്റൂളുമ്മേന്നെറങ്ങിപ്പോയി മെയിൻ സ്വിച്ച് ഓണാക്കുണൂ; ഓഫാക്കുണു. താലപ്പൊലീം ചെണ്ടേം കോമരോം ആനേം തിടമ്പും ആനക്കാരും കഴിഞ്ഞ് ഏറ്റോമവസാനം ഓഫ് സ്റ്റേജിൽ,  ഓഫ് ലൈറ്റിൽ പോണ പിന്നിലെ പന്തക്കാരനെപ്പോലെ കൊറേ നേരം ഇതികർത്തവ്യാമൂഢയായി ആ കുഞ്ഞുബൾബും പിടിച്ചു നിന്ന നമ്മുടെ പിഞ്ചു ബാലിക എപ്പോഴോ ബാൽരമ വായിക്കാനോടിപ്പോയി. പണിയെല്ലാം കഴിഞ്ഞ് ടോർച്ച്ല് ഫിറ്റ് ചെയ്യാനായി ബൾബ് ചോയിച്ച് ഏട്ടൻ വന്നു; ചെറിയച്ഛൻ വന്നു.
"ബൾബെവിടെ?"
"ഞാൻ തന്നല്ലോ!" പിഞ്ചുബാലിക.
''ഇല്ല! നീ തന്നില്ല. എവിടെ വെച്ചു?" ചെറിയച്ഛൻ.
"അറിയില്ല." പിഞ്ചുബാലിക. ''ഇവൾ വായിലിട്ട് കടിയ്ക്ക്ണ ശബ്ദം ഞാങ്കേട്ടു." ഏട്ടനാണ്. നമുക്കു മുന്നേം പിന്നേം ജനിച്ച യൂദാസുകളെ ജനങ്ങൾ സഹോദരരെന്നു വിളിയ്ക്കുന്നു.

ശരിയാണ്. കയ്യിപ്പിടിച്ചു മടുത്തപ്പോ ഹനുമാന്റെ കഥയോർത്ത് അത്ഭുതം മൂത്ത് വെളിച്ചം പരത്തുന്ന ആ കൊച്ചു കൗതുകപ്പഴം അവൾ വായിലിട്ടിരുന്നു. പാൽപ്പല്ലുകൾക്കിടയിലൂടെ കിരുകിരാ ശബ്ദമുണ്ടാക്കിക്കൊണ്ടത് വായിലാകെ തിരിച്ചു രസിച്ചപ്പോൾ ഏട്ടനടുത്തുണ്ടായിരുന്നു. എന്തോ മിണ്ടിയപ്പോ അതങ്ങു വിഴുങ്ങിപ്പോയി. കസേരേമ്മേലുള്ള ചെറിയച്ഛനടുത്ത് മേപ്പോട്ടുംനോക്കി വായുംപൊളിച്ചു നിക്കായിരുന്നില്ലേ.

"എന്ത്???!!!"

"കടിച്ചു തിന്നോ ന്റെ കുട്ട്യേ?" തലേക്കൈവെച്ച് അമ്മമ്മ.
''ഇല്ല; കടിച്ച്ട്ടില്ല" കുറ്റബോധത്തോടെ പിഞ്ചുബാലിക.
"വായ തൊറക്ക്, നാവുമുറിഞ്ഞോ? നോക്കട്ടെ." ആധിയോടെ എല്ലാരും കൂടി.

പിഞ്ചുബാലികയ്ക്ക് മൈസൂർപ്പഴം പണ്ടേ ഷ്ടല്ല. പഴ്ത്തതും ചീഞ്ഞതും എല്ലാങ്കൂടെ അരക്കൊല പഴം ഇരുത്തിത്തീറ്റിച്ചു. മോളുക്കൂട്യാച്ചാ മോളുക്കൂടെ; താഴേക്കൂട്യാച്ചാൽ താഴേക്കൂടെ - ഇപ്പൊക്കിട്ടണം ബൾബ്. ന്നാലേ അമ്മമ്മയ്ക്ക് സമാധാനാവൂ. കണ്ണ് നെറച്ച് തൊണ്ടേക്കൂടെ പഴം തള്ളിക്കേറ്റുമ്പോഴും ഉള്ളിലവൾക്ക് സന്തോഷം തോന്നി. എല്ലാരും ന്നെ ശ്രദ്ധിയ്ക്കുന്നു. അല്ലേങ്കി മൈൻറില്ലാത്ത അമ്മേമച്ഛനും കൂടെ എടയ്ക്കെടയ്ക്ക് വന്നു നോക്കുണു.

പിന്നെ അമ്മമ്മ കൊണ്ടോയി സിമൻറ് മിറ്റത്തിരുത്തി. പുരോഗതി നിരീക്ഷിച്ച് അപ്പപ്പോൾ റിപ്പോർട്ട് സമർപ്പിക്കാനായി ഏട്ടനും അനുജത്തിയും പട്രോളിങ്ങിനിറങ്ങിയപ്പോഴൊക്കെ പിഞ്ചുബാലിക നാണംകൊണ്ട് വിജൃംഭിച്ച് പോയി.

അങ്ങനെ ത്ര വലുതായീട്ടും മിറ്റത്തിരുന്നപ്പീട്ടോണ്ട് അവളിലുയിർക്കേണ്ടീരുന്നതായിരുന്ന കുലസ്ത്രീ അധ:പതിച്ച് നശിച്ചുപോയി.

"ബൾബ് വിഴുങ്ങീ" ന്ന് എരട്ടപ്പേരുള്ള ആരെങ്കിലും ഇദ് വരെ കുലസ്ത്രീയായിട്ട്ണ്ടോ? ങ്ങള് പറയിൻ.

NB: ആകാംക്ഷാപൂർവ്വം ബൾബിന്റെ സുഖവിവരം അന്വേഷിക്കുന്ന കമൻറുകൾക്ക് മറുപടി പറയുന്നതല്ല.

2018 സെപ്റ്റംബർ 24, തിങ്കളാഴ്‌ച

Something stupid

#midnightmadness
"Something stupid..."

സുഹൃത്ത് ആനന്ദാണ് അവന്റെ സങ്കൽപ്പത്തിലുള്ള പ്രേമം ഇങ്ങനെയാണ് എന്നു പറഞ്ഞ് ഈ പാട്ടിന്റെ ലിങ്ക് അയച്ചുതന്നത്. ഇംഗ്ലീഷുകാരുടെ ഇംഗ്ലീഷ് ഉച്ചാരണം എനിക്ക് തീരെ പിടിയ്ക്കില്ല. ഒരു അക്ഷരസ്ഫുടതയുമില്ലെന്നേ. അതും അമേരിക്കനാണെങ്കിൽ വ്യാക്- വ്യാക്. ബ്രിട്ടീഷാണെങ്കിൽ മിന്നാമിന്നി പോലെ ഇത്തിരി വെളിച്ചം കിട്ടും. പക്ഷെ, ഈ പാട്ട് കൊള്ളാം കേട്ടോ. ശരിയ്ക്കും മനസ്സിലാക്കാൻ ഞാനതിന്റെ വരികൾ എടുത്തു വായിച്ചു. പിന്നീട് ഒന്നു കൂടി കേട്ടപ്പോൾ ഉഷാറാണ്. നിങ്ങളും കേൾക്കില്ലേ?

ഓരോ പ്രണയിയും തന്റെ പെണ്ണിൽ /പുരുഷനിൽ തേടുന്നത് എന്തോ അത് അവൾ / അവൻ അല്ലെന്ന ആത്യന്തികമായ ബോധം നമ്മിൽ ഓരോരുത്തർക്കുമുണ്ട്. രണ്ട് ഒന്നാകുമ്പോൾ അറിയുന്ന അദ്വൈതബോധം - അതിനുവേണ്ടിയുള്ള തിരച്ചിലാണ്; സത്യത്തിലേക്കുള്ള, പൂർണ്ണതയിലേക്കുള്ള വഴി തേടലാണ് ഓരോ പ്രേമവും. പ്രേമിക്കുന്ന മുഖങ്ങളും മനസ്സുകളും മാറിമാറി വന്നാലും പ്രേമം മാത്രം അചഞ്ചലമായി, അനശ്വരമായി നിലനിൽക്കുന്നതിന്റെ കാരണവും അതുതന്നെ.

പ്രേമം തുറന്നു പറഞ്ഞ ഉടനെ അതിന്റെ പവിത്രത മാറി അത് സാധാരണത്വത്തിലേക്ക് വീണു പോകുമോ എന്ന പേടി ഓരോ പ്രണയിതാവിനും കാണും. തന്റെ പ്രേമം അസാധാരണമാണെന്ന തോന്നൽ ഉള്ളിലുണ്ടെങ്കിലും തുറന്നുപറയാനുള്ള അഭിവാഞ്ഛ തീവ്രമാണ് താനും.

ഇതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട വരി 'by saying something stupid like I love you' എന്നതാണ്.  അതിലും ഏറെ ഇഷ്ടമായത് stupidity ആണെന്നറിഞ്ഞിട്ടും 'I love you' എന്ന് ആവർത്തിക്കുന്ന ഭാഗമാണ്.😄 നിങ്ങൾക്കും അങ്ങനെയല്ലേ?

C Carson Parks എഴുതിയ ഈ വരികൾ ഗാനമായി ആദ്യം പുറത്തിറങ്ങിയത് 1966ൽ Carson ന്റെയും ഭാര്യ Gaile Foote ന്റേയും ശബ്ദത്തിലാണ്. എന്നാൽ ഇതിന്റെ ഏറ്റവും പ്രശസ്തമായ പകർപ്പ് 1967ൽ Frank Sinatra യും മകൾ Nancy Sinatra യും ചേർന്ന് പാടിയതാണ്. പോപ്പ് -ബൊലേറോ-ജാസ് വിഭാഗത്തിൽപ്പെടുന്നതാണ് ഇതിന്റെ സംഗീതം.

വിവരങ്ങൾക്ക് കടപ്പാട് വിക്കിപീഡിയ

I know I stand in line
Until you think
You have the time
To spend an evening with me
And if we go
Someplace to dance
I know that
There's a chance
You won't be
Leaving with me
Then afterwards
We drop into
A quiet little place
And have a drink or two
And then I go
And spoil it all
By saying something stupid
Like I love you

I can see it in your eyes
That you despise
The same old lines
You heard the night before
And though it's

Just a line to you
For me it's true
And never seemed
So right before

I practice every day
To find some
Clever lines to say
To make the meaning
Come through
But then I think
I'll wait until the
Evening gets late

And I'm alone with you
The time is right
Your perfume
Fills my head
The stars get red
And oh the night's so blue
And then I go
And spoil it all
By saying something stupid
Like I love you

Somethin' Stupid എന്ന പാട്ടിന്റെ വരികൾ © Warner/Chappell Music, Inc

മോഹം അതിമോഹം

23/9/18

ചേറടിഞ്ഞ കുളത്തിലെ അനക്കമറ്റ വെള്ളത്തിനടിയിൽനിന്നു നീയെടുത്ത കല്ലാണ് ഞാൻ. കല്ലിന്മേൽ പറ്റിപ്പിടിച്ചിരിക്കുന്ന ചേറ് ഉലഞ്ഞ്, ഓളങ്ങളിലലിഞ്ഞ് പതിയെ തെളിഞ്ഞു വരാനുള്ളതാണ് കല്ലിന്റെ യഥാർത്ഥ പ്രതലം. കൈതോലകളിലും കൽപ്പടവുകളിലുമുരച്ചിട്ടും പോകാത്ത പായൽ ആ ജ്ഞാനനദിയുടെ അടിത്തട്ടിലെ പ്രവേഗത്തിൽ അനുഭവമാകുന്ന മണൽത്തരികളാലുരഞ്ഞ് നിർമലമായി വരുമ്പോൾ... സൂര്യചന്ദ്രന്മാർക്കു നേരെ പിടിച്ചാൽ രവിസോമഗാത്രങ്ങളുദിക്കുന്ന ഒരു കൊച്ചു വെള്ളാരംകല്ലാവുമോ...
അതോ, കിരണങ്ങളായിരമുതിർത്ത് പ്രഭാമണ്ഡലം തീർക്കുന്ന വൈഡൂര്യമാകുമോ!!

2018 സെപ്റ്റംബർ 20, വ്യാഴാഴ്‌ച

ഗോമാതാ

തറവാട്ടിൽ നാലഞ്ചുവർഷമായി ചായയും മോരുമുണ്ടാക്കിയിരുന്നത് ലക്ഷ്മിയുടെ പാലു കൊണ്ടായിരുന്നു. ജേഷ്ഠത്തിയ്ക്ക് അമ്മവീട്ടിൽനിന്ന് അവരുടെ ഏട്ടൻ സമ്മാനം കൊടുത്ത പശുവാണ് ലക്ഷ്മി. മൂന്നു മാസം ഗർഭിണിയായിരുന്ന ലക്ഷ്മി ഒരിക്കൽ വെള്ളമില്ലാത്ത തോട്ടിൽ വീണു. അവളുടെ ഇടുപ്പെല്ലു പൊട്ടിയിരിക്കണം. പുറത്ത് വലിയൊരു മുറിവുണ്ടാകുകയും ചെയ്തു. കാടും മലയും തിരഞ്ഞു തിരഞ്ഞ് രണ്ടാം നാളാണ് അവളെ കണ്ടുകിട്ടിയത്. ജീപ്പിൽ കയറ്റി വീട്ടിൽ കൊണ്ടുവന്നു. ഡോക്ടറെ കൊണ്ടുവന്നു. മരുന്നു വാങ്ങി. കിടപ്പിലായ അവളെ എഴുന്നേൽപ്പിച്ച് നിർത്താനും ദിവസവും മുറിവു വൃത്തിയാക്കി മരുന്നു പുരട്ടുവാനും മരുന്നുകൾ കഴിപ്പിക്കുവാനും വീണ്ടും കിടത്തുവാനും മറ്റും അമ്മയും ജേഷ്ഠനും ജേഷ്ഠത്തിയും ഏറെ സമയവും അധ്വാനവും ചെലവഴിച്ചു. എല്ലാറ്റിനും മീതെ നിസ്സഹായയായ മിണ്ടാപ്രാണിയുടെ വേദനയും അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെപ്പറ്റിയുള്ള ആശങ്കകളും കരുതലും ഞങ്ങടെ കണ്ണു നനയ്ക്കുമായിരുന്നു. മൂന്നുമാസം കൂടിയെടുത്തു ഗർഭകാലം പൂർത്തിയാക്കുവാൻ.

ഓരോ തവണ ഫോൺ ചെയ്യുമ്പോഴും അമ്മ ലക്ഷ്മിയുടെ വിശേഷം ചങ്കിൽ കനക്കുന്ന വേദനയോടെ പറയുമായിരുന്നു. ഒരേസമയം പ്രതീക്ഷയോടെയും ഭയത്തോടെയും അവളുടെ പ്രസവത്തെ ഞങ്ങൾ കണ്ടു. പലരാത്രികളിലും ഉറക്കം മുറിഞ്ഞ് എഴുന്നേറ്റ് ചെന്ന് ലക്ഷ്മിയെ നോക്കി, പകലുകളിൽ അവളുടെ വ്രണങ്ങളിലെ വലിയ പുഴുക്കളെ അടർത്തി, മരുന്നുവെച്ച്, ഈച്ചയാട്ടി... തറവാട്ടിലുള്ളവർക്ക് അതൊരു വല്ലാത്ത കാലമായിരുന്നു. കല്യാണങ്ങളോ ഉത്സവങ്ങളോ വീട്ടിൽ സന്തോഷം നിറയ്ക്കാത്ത വ്യഥയുടെ കാലം.

'ചിക്കുനി' (ചിന്നവൾ ) എന്ന ഓമനപ്പേരിട്ട് വിളിയ്ക്കപ്പെടുന്ന ലക്ഷ്മിയുടെ മകൾ വാലും പൊക്കി, തുള്ളിയോടിക്കളിച്ച് വീട്ടുമുറ്റത്ത് വീണ്ടും സന്തോഷം വിതച്ചു. ലക്ഷ്മി പിന്നെയും രണ്ടരമാസം കിടന്നു. ചിക്കുനിയ്ക്ക് സ്വന്തം അമ്മയുടെ അമ്മിഞ്ഞപ്പാൽ കുടിക്കാനുള്ള യോഗമില്ലായിരുന്നു. ഗൗരി അവൾക്ക് പോറ്റമ്മയായി. എന്നിരുന്നാലും കിടപ്പിലായ അമ്മയുടെ അടുത്ത് മുഖം ചേർത്ത് കിടക്കാൻ അവൾ ഇഷ്ടപ്പെട്ടിരുന്നു. അടുക്കളയ്ക്കടുത്ത് ഇടനാഴിയിൽ വിരിച്ച ചാക്കിലായിരുന്നു അവളുടെ രാത്രികൾ. വീട്ടുകാരും പണിക്കാരും വിരുന്നുകാരും അവളെ ഓമനിച്ചു. അമ്മയില്ലാത്ത കുഞ്ഞെന്ന പ്രത്യേക പരിഗണനയും വാത്സല്യവും ടീനേജുകാരിയായ അവൾക്കിപ്പോഴും കിട്ടുന്നുണ്ട്. അതിന്റെ കുറുമ്പ് അവൾ കാട്ടാറുമുണ്ട്.

സാഗരയിലുള്ള ശ്രീധരാശ്രമത്തിൽ വലിയൊരു ഗോശാലയുണ്ട്; ഒരുപാട് പശുക്കളും. അവിടവിടായി ഫളക്സിൽ ഓരോരോ പശുക്കളുടെ ഫോട്ടോയും അതിനുതാഴെ അവയുടെ പേരും. പേരിനു മുന്നിൽ ഗോമാതാ എന്നെഴുതിവെച്ചിരിക്കുന്നു. ഗോശാലയ്ക്കുള്ളിൽ വൃത്തിയുള്ള ചുറ്റുപാടിൽ സുഖമായി കിടക്കുന്ന നൂറുകണക്കിനു പശുക്കൾ. ഇതുവരെ കാണാത്ത പല ജാതികളിൽപ്പെട്ട അതിശയിപ്പിയ്ക്കുന്ന പശു കളക്ഷൻ. പക്ഷേ, കിടാങ്ങൾ അടുത്തില്ല. നേരത്തിനു പുല്ലും  ഭക്ഷണവും കൊടുത്ത്, കാലത്തിനു കുത്തിവെച്ച് പ്രസവിപ്പിച്ച്, കിടാങ്ങളെ വേർപെടുത്തി വളർത്തി, കറവയന്ത്രം പാൽ എടുക്കുമ്പോൾ പശു എങ്ങനെ മാതാവാകും! അതൊരു പാലുല്പാദന യന്ത്രം മാത്രമല്ലേ? മാതാവെന്നു കരുതുന്നെങ്കിൽ കുട്ടികളെ അകറ്റാമോ?

'ഗോമാതാ ഫ്രൈ' എന്നും 'ഗോമാതാ ബിരിയാണി' എന്നും ഇടയ്ക്കിടെ സമൂഹത്തിൽ ഉറക്കെ പറയാൻ വെമ്പലുള്ള കൂട്ടുകാരോട് എനിക്ക് നീരസമുണ്ട്. അവരോട് പോരാടണമെന്നോ അവരെ തഴഞ്ഞുകളയണമെന്നോ തോന്നിയിട്ടില്ലെങ്കിലും ഇത്തരം പ്രയോഗങ്ങൾ മനസ്സിൽ ഉണർത്തുന്ന അപസ്വരങ്ങൾ അവർ അറിയാതെ പോകരുത് എന്നു കരുതിയാണ് ഇതെഴുതുന്നത്. നായ, പൂച്ച തുടങ്ങിയ മൃഗങ്ങളെ വളർത്തുന്നവർക്കറിയാം അവയ്ക്ക് എത്ര ബുദ്ധിയുണ്ടെന്ന്; വ്യക്തിത്വമുണ്ടെന്ന്. വളർത്തുമൃഗങ്ങളെ ബുദ്ധി വൈഭവത്തിന്റെ അടിസ്ഥാനത്തിൽ (IQ) താരതമ്യം ചെയ്യുകയാണെങ്കിൽ ഒന്നാമത് പന്നി, രണ്ടാമത് പശു, അഞ്ചാമത് നായ, അതുംകഴിഞ്ഞ് പൂച്ച എന്നു പറയുന്നു ഗൂഗിൾ. വേദനയും വികാരങ്ങളും തിരിച്ചറിയാനും വ്യത്യസ്തമായി പ്രതികരിക്കാനും ഏറെ കഴിവുകളുള്ള പശുക്കൾക്കിടയ്ക്ക് ബെസ്റ്റ് ഫ്രണ്ട്സ് പോലും ഉണ്ടത്രേ! ഇഷ്ടാനിഷ്ടങ്ങൾ ഏറെയുണ്ട്. ചെറുപ്പത്തിലേ അമ്മയിൽനിന്ന് (ഫീമെയിൽ ബയോളജിക്കൽ പാരന്റിനെ അമ്മ എന്ന് വിളിക്കാമല്ലോ അല്ലേ? ) വേർപെടുത്തുന്നതും കൊമ്പു മുറിച്ചു കളയുന്നതും മറ്റും അവയെ അപകർഷതയിലേക്ക് നയിക്കുന്ന നെഗറ്റീവ് കോഗ്നീറ്റീവ് ബയാസ് ഉണ്ടാക്കുന്നുവെന്ന് അലക്സാൻഡ്ര ഗ്രീൻ എന്നൊരുത്തി സിഡ്നി യൂണിവേഴ്സിറ്റിയിൽ നടത്തിയ ഗവേഷണത്തിൽ ഉണ്ടെന്ന് ഈയടുത്ത് ഇൻറർനെറ്റിൽ കണ്ടു. (ചാണകത്തലച്ചി എന്നധിക്ഷേപിക്കും മുമ്പ് 'i q of Cowട ' എന്നൊന്നു ഗൂഗിൾ ചെയ്തു നോക്കണം ഹേ)

ഞാനത് കഴിക്കുകയില്ലെങ്കിലും നിങ്ങളത് കഴിക്കുന്നതിൽ ഒരു വിരോധവുമില്ല. അടുത്തിരുന്ന് മാംസാഹാരം കഴിക്കുന്നവരെ നോക്കുമ്പോൾ ഞാൻ കാണുന്നത് ആഹാരശൃംഖലയിലെ നിയമങ്ങൾ അനുസരിക്കുന്ന പ്രകൃതിയുടെ ഒരു കണ്ണിയെ മാത്രമാണ്. അതു പശു മാംസമാണെങ്കിലും പാമ്പോ, പാറ്റയോ ആണെങ്കിലും ഒരു വിരോധവുമില്ല. ങ്ങള് കഴ്ച്ചോളീ. പക്ഷേ ആ പറച്ചിലുണ്ടല്ലോ - ഗോമാതാ ഫ്രൈ എന്നും മറ്റും; അത് നന്നല്ല. വൃദ്ധരായ പശുക്കളെ വിൽക്കാനാകാതെ നട്ടെല്ലൊടിക്കുന്ന കർഷകനല്ല നിങ്ങളുടെ മനസ്സിലപ്പോൾ; സാമൂഹ്യവിരുദ്ധരുടെ അടികൊണ്ടു മരിച്ച ചിലരുടെ വാട്സ്ആപ്പ് പടങ്ങളാണ്. തകരുന്ന ദേശീയത ഉണർത്തുന്ന വേദനയോ, രോഷമോ അല്ല നിങ്ങളുടെ ശബ്ദത്തിൽ; മതയുദ്ധങ്ങളുടെ കാഹളമാണ്.

പശു വളർത്തുമൃഗമാണ്, സഹജീവിയാണ്. പാലായോ, മാംസമായോ, തുകലായോ ഉപകാരപ്പെടുകയും ചെയ്യുന്നു. നന്ദിയോടെയല്ലെങ്കിൽ പോലും മൗനമായും അന്തസ്സോടെയും നിങ്ങളതിനെ ഉപയോഗിയ്ക്കൂ. മരണം ആഘോഷിക്കപ്പെടേണ്ട ഒന്നാണോ?

പശു ഇന്ത്യയെ മുറിക്കുന്നതെങ്ങനെയെന്നാൽ ഒരുവശത്ത് ദൈവിക പരിവേഷവും അന്ധമായ ആരാധനയും; മറുവശത്ത് ഇക്കൂട്ടരോടും ഇതിലെ രാഷ്ട്രീയമറിയാത്ത ആ ജീവി കുലത്തോടുമുള്ള അന്ധമായ വെറുപ്പും അവജ്ഞയും. ഈ രണ്ടു കൂട്ടരിലും പെടാതെ നടുക്കുനിന്ന് ഒരു ഭൂരിപക്ഷം ഉണ്ടാക്കാൻ എന്റെ ഒപ്പം ആരെല്ലാം വരും?

NB. ഇത്രയേറെ അനുഭവിക്കാൻ വിടുന്നതിനു പകരം ലക്ഷ്മിയെ അറുക്കാൻ കൊടുക്കാമായിരുന്നില്ലേ എന്നു ചിന്തിക്കുന്നവരോട്: വ്രണം പഴുത്ത് കിടപ്പിലായി കോശങ്ങൾ തോറും രോഗവും മരണവും നിറഞ്ഞ അവളെ തിന്നാൻ നമ്മുടെ നാട്ടുകാർ ഗതികെട്ട സൊമാലിയക്കാരല്ലല്ലോ.

2018 സെപ്റ്റംബർ 18, ചൊവ്വാഴ്ച

മൈസൂരു മല്ലി ഗെ

"ദീപവു നിന്നദെ, ഗാളിയു നിന്നദെ... "

ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത് 1992 ൽ റിലീസ് ആയ 'മൈസൂരു മല്ലിഗെ ' എന്ന കന്നഡ സിനിമയിലെ ഈ പാട്ടാണ്. എസ് ജാനകി ആലപിച്ച ഈ ഗാനത്തിന് വരികൾ എഴുതിയത് കെ എസ് നരസിംഹസ്വാമിയാണ്. മികച്ച കന്നട ഫീച്ചർ ഫിലിമിനുള്ള നാഷണൽ അവാർഡ് നേടിയ മൈസൂരു മല്ലിഗെ ശ്രദ്ധേയമായൊരു കാവ്യാധിഷ്ഠിത നാടകസിനിമയാണ്. ടി എസ്  നാഗാഭരണ, സി അശ്വഥ്, ബസവരാജ എന്നിവർ ചേർന്ന് തിരക്കഥയെഴുതിയ ഈ ചിത്രം സംവിധാനം ചെയ്തത് ടി എസ് നാഗാഭരണയാണ്. ഗിരീഷ് കർണാട്, സുധാ റാണി, എച്ച് ജി ദത്താത്രേയ, ആനന്ദ് എന്നിവരഭിനയിച്ച ഈ സിനിമയിലെ ഒൻപത് പാട്ടുകളും ശ്രദ്ധേയമാണ്. കെ എസ് നരസിംഹ സ്വാമിക്ക് മികച്ച ഗാനരചയിതാവിനുള്ള നാഷണൽ അവാർഡ് ഈ സിനിമയിലൂടെ ലഭിച്ചു. 1994 പുറത്തിറങ്ങിയ '1942 A Love Story' എന്ന ഹിന്ദി സിനിമ മൈസൂരു മല്ലിഗെയിൽനിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിക്കപ്പെട്ടതാണ്.

ഗാനത്തിന്റെ അർത്ഥം ഒന്നു വായിച്ചു ലിങ്ക് തുറന്നു കേൾക്കൂ. എത്രത്തോളം രക്തബന്ധമുള്ള സഹോദരിമാരാണ് കന്നടയും മലയാളവും എന്നു നിങ്ങൾ ഏറ്റവും മധുരതരമായി തിരിച്ചറിയാൻ പോകുന്നു.

ദീപവും നിന്റേത്, കാറ്റും നിന്റേത്...
കെടാതിരിക്കട്ടെ വിളക്ക്...
കടലും നിന്റേത്, കപ്പലും നിന്റേത്...
മുങ്ങാതിരിക്കട്ടെ ജീവിതം...

കുന്നും നിന്റേത്, താഴ്‌വാരവും നിന്റേത്...
സ്നേഹം നിറഞ്ഞു കവിയട്ടെ... നിഴലും വെയിലുമെല്ലാം നിന്റേത്...
ഇരിക്കട്ടെ ഒരേപോലെ...

അപ്പോൾ ഒരു മിന്നൽ, ഇപ്പോൾ ഒരു മുകിൽ...
നിനക്കെല്ലാം അലങ്കാരങ്ങൾ... അവിടൊരു പക്ഷി, ഇവിടൊരു മുകുളം...
നിനക്കു നമസ്കാരം... അവിടൊരു രണദുന്ദുഭി, ഇവിടൊരു വീണ...
രണ്ടും നിന്റെ പ്രതിധ്വനി...

ആ മഹാകാവ്യം... ഈ ഭാവഗീതം...
നിൻ പദധ്വനി...

2018 സെപ്റ്റംബർ 17, തിങ്കളാഴ്‌ച

ബാലി

ആകാശം ചൂണ്ടിക്കാണിച്ച് നീ നിൽക്കുമ്പോഴൊക്കെ കാരിരുമ്പ് കൊണ്ട് പണിഞ്ഞ മറ്റൊരു ചങ്ങല ഞാൻ തന്നെ കാലിലണിയുന്നു. ഒരു ചിലങ്കപോലെ സ്നേഹത്തോടെ ഞെരിയാണിയിൽ പറ്റിക്കിടക്കുന്ന അതിന് പാമ്പുടലിന്റെ നിശബ്ദതയാണെന്നുമാത്രം.

പാതിരാവിൽ ഞെട്ടിയുണർന്നു ഞാൻ അവനായി ദാഹിക്കുമ്പോൾ, അതുവരെയുണ്ടായിരുന്ന നേർത്ത കൂർക്കംവലി നിലച്ച് നീ മൗനിയായി ഇരുട്ടിലേക്ക് കണ്ണുകൾ തുറന്നു നിസ്സഹായനായി കിടന്നപ്പോൾ എൻറെ കാലിൽ വരിഞ്ഞ നാഗം വാ പിളർന്ന് എന്നെ വിഴുങ്ങാൻ തുടങ്ങി. കനൽ പോലെരിയുന്ന അതിന്റെ അന്നനാളത്തിലെ ദഹനരസങ്ങൾ എന്നിലവശേഷിച്ച അഹങ്കാരത്തെയും ലജ്ജയേയും ദഹിപ്പിച്ച് എന്നെ അഗ്നിശുദ്ധി വരുത്തി. നിന്റെ ഹൃത്തിൻ കനൽ വെളിച്ചത്തിൽ ഞാനും, എൻറെ ഹൃത്തിൻ കനൽ വെളിച്ചത്തിൽ നീയും കാഞ്ചനം പോലെ തിളങ്ങി.

അപ്പോൾ ഞാൻ ഏറ്റു പറഞ്ഞ കഥ ബാലിയുടേതായിരുന്നു. എതിരാളിയുടെ അർദ്ധബലം ആഗിരണം ചെയ്ത് വീണ്ടും ബലിഷ്ഠമാകുന്ന എന്റെ മനസ്സിലെ രാജാവിന്റെ പ്രതിഷ്ഠ- എന്റെ സാമ്രാജ്യത്തിന്റെ അധിപൻ.

തമസ്സിന്റെ ബാലികേറാമലയിൽ ഒളിപ്പിക്കാൻ മാത്രം ലജ്ജാകരമായി, നിന്ദാവഹമായി ഞാനാരെയും എടുക്കാനൊരുക്കമില്ലിപ്പോഴും... ഒരു നിമിഷാർദ്ധം പോലും.

അതുകൊണ്ട് മഹാറാണിയ്ക്ക് ചാണക്യന്റെ പണിയുമുണ്ടെന്നു മാത്രം😉😎🙃😌