2018 ജൂലൈ 20, വെള്ളിയാഴ്‌ച

കറപ്പും വെളുപ്പും

പറിച്ചെടുക്കലിന്റെ വേദന എന്താന്ന് അറിയ്യോ?

"കേചൂന് നോക്ക്യ പെണ്ണ് നിന്റെത്ര കറ്മ്പിയല്ല. കാണാൻ വല്യ ഭംഗ്യൊന്നൂല്ല- നെന്റെ പോലൊക്കെത്തന്നെ..."

മംഗലാപുരത്ത് മൂത്ത ഏടത്തീടെ ഈ തേൻപുരട്ടിയ ഡയലോഗ് കേക്ക്ണേനും എത്ര്യൊ മുമ്പ്തന്നെ കറുപ്പിനോടെനിയ്ക്ക് ഇഷ്ടക്കേടുണ്ട്. വർണ്ണവിവേചനം എന്നെപ്പോലുള്ള ആദർശശാലികളായ നല്ലകുട്ടികൾക്ക് ചേർന്നതല്ലെന്ന് അറിയാമെങ്കിലും കറുത്ത ബാഗ്, ചെരിപ്പ്, ഉടുപ്പ് ഒക്കെയും ഞാൻ കഴിവതും മാറ്റിനിർത്തി.

"എന്തേലും കളറിട്ടതാണോ ഇഷ്ടാ? ദ്ന്തൊരു കറപ്പാ ങ്ങളെ മുടിയ്ക്ക്!!''

ദൈവത്തിന്റെ മിറ്റത്തെ ചാണക്കല്ലിൽ ചന്ദനമുരയ്ക്കുമ്പോൾ അത്ക്കൂടെ പോവ്വായിരുന്ന അയലോക്കത്തെ ഗീത്ടേത്തി അന്തംവിട്ടു ചോയ്ച്ചതാ. ചെമ്പരത്തീടെ എലേം മൊട്ടും ആര്യവേപ്പും കറിവേപ്പും തൊളസീം മുഞ്ഞേം ഒക്കെക്കൂടി മിക്സീലരച്ച് തേച്ച് കുളിച്ചു വന്ന വരവായിരുന്നു ഞാൻ.

"പക്ഷെ, ങ്ങനത്തെ മുട്യൊക്കെ വേഗം നരയ്ക്കണ ടൈപ്പാട്ടൊ." തന്ന സന്തോഷം പലിശ്യടക്കം തിരിച്ചെടുത്ത്‌ കുശുമ്പിന്റെ നെയ്ത്തിരി തെളിച്ച് ഗീതേട്ത്തി നടന്നകന്നു.

ഞാൻ കോളേജിലെത്തിട്ടും നരച്ചിട്ടില്ലാത്ത ന്റമ്മേടെ മുടീന്റെ ജീനിനൊരു കറുകമാലേം ഒറ്റേപ്പോം നേർന്നപ്പോഴാണ് കറ്പ്പ് തരക്കേടില്ലാത്ത നെറാണെന്ന് ആദ്യായി തോന്നീത്.

മൂപ്പെത്തി മുപ്പത്തഞ്ച് കഴിഞ്ഞപ്പോ, ദാ ഓരോന്ന് വെള്ത്തോടങ്ങി. നെറ്റീടെ രണ്ട് സൈഡിലൂള്ള ഒരിക്കലും പ്രായപൂർത്തിയാവാത്ത എന്റെ കുഞ്ഞൻ മുട്യോളെ നിയ്ക്ക് ഭയങ്കര ബഹുമാനാ ട്ടൊ. കുളിപ്പിന്ന് കെട്ടാൻ കൂടെക്കൂടൂലാന്ന് പണ്ട് ഇത്തിരി ദേഷ്യണ്ടായിരുന്നു. പിന്നെ, പ്രസവോം കഴിഞ്ഞ് മ്മളോട് ചോയ്ക്കാതേം പറയാതേം കാറ്റിന്റേം വെള്ളത്തിന്റേം കൂടെ ചാടിപ്പോണ അഹമ്മതിക്കാരുടെ ആൾബലം തിരിച്ചറിഞ്ഞപ്പോ, ഉള്ള നനേലും സൂക്ഷ്മത്തിലും വേരൊറപ്പിച്ച് കട്ടസ്സപ്പോർട്ടിട്ട് നിക്കണ നമ്മടെ പത്തുനൂറു ഗഡീസിനോടൊക്കെ ചങ്ക് പറച്ച് കൊട്ക്ക്ണ ബഹുമാനം! ആ കുഞ്ഞമ്മാരുങ്കൂടെ വീണുപോയാ ഞാമ്പിന്നെ കുഞ്ചാക്കോ ബോബന്റെ ഒരു സൈസാവും.

ഒരു പാലോട്ടാ അങ്ങട്ടും ഇങ്ങട്ടും ന്നൊക്കെ പറേണത് വെറ്ത്യാട്ടൊ. ദ്ദങ്ങട്ട് മാത്രേ ള്ളൂ. തിരിച്ചൊരു വരവില്ല. അങ്ങനെ സങ്കടപ്പെട്ടിരിയ്ക്കുമ്പോഴാണ് ഓരോ മദാമ്മമാര് പൊട്ടി മൊളച്ച് വര്ണത്. ചെല കാപ്പിരിസുന്ദര്യോള് പകുതി വളർന്നു കഴിയുമ്പഴാ ഗ്രീൻ കാർഡു കിട്ടി മദാമ്മകളാവ്ക. (DNA ടെ Adenine വാലും ക്യാപ്പും കോപ്പും ഏജിങ്ങുമൊക്കെ ഓർമ്മണ്ട് ട്ടൊ സുധ ടീച്ചറെ...) ന്റെ കൺമഷി പോലത്തെ കറ്കറ്ത്ത മുടീടെ എടേല് പുത്യേ പാദസരത്തിന്റെ പോലെ മിന്ന്ണ വെള്ളിക്കളറിൽ അഹങ്കാരത്തോടെ 'നാലാള് കാണ്ന്നെങ്കി കണ്ടോട്ടെ'ന്ന് തെളിഞ്ഞങ്ങനെ നിക്കുണു. ഓരോരോ മുടിയായി പറച്ച്പറച്ചെടുത്ത് തോന്നയ്ക്കൽ പഞ്ചായത്തിനെ വീണ്ടും യൗവനയുക്തയാക്ക്ണത് തീരെ എള്പ്പല്ലാത്തൊരു പണിയാണേയ്.

ന്റെ ഓരോ മുടി പറയ്ക്കുമ്പോഴും ഞാൻ നിന്നെ ഓർക്കാറുണ്ടെടീ ഷംനേ. പ്രീഡിഗ്രിയ്ക്ക് ആദ്യായി മൈക്രോസ്കോപ്പിൽ നിന്റെ ഗവേഷണത്വരേടെ മാറ്റുരയ്ക്കാൻ നീ വലിച്ച് പറച്ച എന്റെ ആ മൂടീടെ പ്രേതം ഇരുപത്തഞ്ചാം വയസ്സു തൊട്ടേ നിന്നോട് പകരം വീട്ടിക്കൊണ്ടിരിയ്ക്കല്ലേ? അങ്ങനെ വേണം. അന്നത്തെ ന്റെ ദഹിപ്പിയ്ക്കണ നോട്ടത്തിന്റെ ബാക്കി കണ്ണാടീന്ന് ഇപ്പോ എന്നെ നോക്കി പേടിപ്പിയ്ക്കുണൂ.

അങ്ങനെരിക്കുമ്പോഴാണ് ഒരു വാട്സാപ്പ് ശാസ്ത്രജ്ഞന്റെ കണ്ടുപിടിത്തം വായിച്ചത്. ഒരു മുടി പറയ്ക്കുമ്പോ രോമകൂപത്തില്ണ്ടാവണ സെൻസേഷനില് അടുത്തുള്ള പത്ത് പുതിയ കോശങ്ങൾ ഉണർന്ന് വളർന്നു തുടങ്ങും. ആഹാ! ഒരു വെടിക്ക് പതിനൊന്ന് പക്ഷി! ഒരു മദാമ്മേനെ പറച്ചാൽ പത്ത് മുടിക്കുട്ട്യോള് വളർന്നു വരികാച്ചാൽ നല്ല കാര്യല്ലേ?( നി പത്തും മദാമ്മക്കുട്ട്യോളാവോ ഇന്റീശ്വരാ? )
മെസ്സേജ് ഞാൻ ആർക്കും ഫോർവേർഡ് ചെയ്യാതെ ഡിലീറ്റ് ചെയ്തു കളഞ്ഞു. സമൂഹത്തില് ങ്ങനത്തെ കപടവിജ്ഞാനങ്ങളൊന്നും പ്രചരിപ്പിക്കരുത്. എന്നിട്ട് മദാമ്മമാരായ മദാമ്മമാരെയൊക്കെ നിത്യേന വേട്ടയാടിപ്പിടിച്ച് ഉന്മൂലനാശം ചെയ്യാൻ തൊടങ്ങി.

ഇനീള്ള എന്റെ വെഷമം മുടി പിഴുതെടുക്കല് ഹോബിയാക്കിയ പെണ്ണുങ്ങൾക്കും അടുക്കളേൽ കേറാറുള്ള ആണുങ്ങൾക്കും മനസ്സിലാവും. എന്നൂണ്ടാവും ചൂണ്ടുവെരലുമ്മേലും തള്ള വെരലുമ്മേലും മുറി. ഒന്ന് മാറ്യാ ഇനിയൊന്ന്. അതൊട്ട് വേഗം മാറൂല്ല. വിമ്മും സ്ക്രബ്ബുമിട്ട് ഒരച്ച് എന്നും തോലുകളഞ്ഞ് അങ്ങനെ ഫ്രെഷായിട്ടിരിക്കണ റൂം.

യെന്തോരു കഷ്ടാണ്!! ഓരോരോ പ്രായത്തില് ഓരോരോ പരീക്ഷണങ്ങളാണ് മൻഷന്. കറ്ത്താ കർത്തദ് ദോഷം; വെള്ത്താ വെൾത്തദ് ദോഷം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ