യാത്ര തുടങ്ങുമ്പോൾ നാലിലൊരാളായിരുന്നു ഞാൻ. അദ്വൈതത്തിലെ രണ്ടിലൊന്ന് ഞാനാണെന്നും ഒന്നെന്ന പരിപൂർണ്ണതതന്നെയാണ് ഞാൻ എന്നും പതിയെ അറിഞ്ഞു.
മറ്റു മൂന്നുപേർ _ കസിൻ, അനിയത്തി, ഏടത്തിയമ്മ.
വിവരമന്വേഷിച്ച അഭ്യുദയകാംക്ഷി ചോദിച്ചു, "സ്ലീപ്പറോ ഏസിയോ മതിയായിരുന്നില്ലേ? ജനറലിൽ സേഫ്റ്റിയാണ് പ്രശ്നം. ദാ ഇതൊക്കെ.." ഞാന്നുകിടക്കുന്ന താലിമാല ചൂണ്ടിക്കാണിച്ചതു ചെരിപ്പിടുന്നതിനു തൊട്ടുമുൻപായിരുന്നു. രണ്ടു ദശകങ്ങളായി കഴുത്തിലാടുന്ന മഞ്ഞ അമ്മയുടെ കൈക്കുളളിൽ വച്ച് ഞാൻ പറഞ്ഞു,
"സൂക്ഷിച്ചോളൂ." അങ്ങനെ ഇരുപതു വർഷത്തിനിടെ നാലരപ്പവന്റെ ചുമതലകളുടെ ഭാരമില്ലാത്ത മൂന്നു ദിവസങ്ങൾ പ്രതീക്ഷിക്കാതെ വീണുകിട്ടി.
"ഫോണിവിടെ വെച്ചിട്ട് പൊക്കോളൂ."
"ഫോൺ!! "
"...ആയിക്കോട്ടേ." മുൻസീറ്റിൽ ഭർത്താവിനരികിലിരുന്ന് കുനിഞ്ഞ മുഖത്തോടെ അനിയത്തി പറഞ്ഞു.
"തിങ്കളാഴ്ചവരേക്കുള്ള മാവുണ്ട്. ഓഫീസിലേയ്ക്കിറങ്ങുമ്പോൾ ഫ്രിഡ്ജിൽ വയ്ക്കാൻ മറക്കണ്ട."
"മോളു, അപ്പുവിനെ നന്നായി നോക്കണേ. രണ്ടുപേരും എപ്പഴും കൂടെന്നെ ണ്ടാവണം." വാക്കുകളിലെല്ലാം ആത്മാർത്ഥതയുണ്ടായിരുന്നെങ്കിലും മൊബൈൽ സ്ക്രീനിൽ പതറിയോടുന്ന ചൂണ്ടുവിരലിന് അവളോട് പുച്ഛം തോന്നിയിരിക്കണം. ഞങ്ങൾ ഇരുണ്ട മുഖത്തോടെ അവളെ കാണുകയായിരുന്നു.
"എടീ, അവളെ നല്ലോണം ശ്രദ്ധിച്ചോ. ഒരു ബോധോല്ലാത്ത സാധനമാണ്. ഉറങ്ങുമ്പോൾ ശരീരത്തിലാരെങ്കിലും തൊട്ടാൽ പോലും അറിയില്ല." ഫോണിൽ ഏട്ടനാണ്. കൂടെ പോകുന്ന ഞങ്ങൾ മൂവരെപ്പോലെയല്ല ഏടത്തിയമ്മ. അവർ ഏട്ടന്റെ ഭാര്യയാണ്. അവരുടെ ശരീരം നശ്വരന്മാരും വൃത്തികെട്ടവരുമായ ഭൂമിയിലെ കോടാനുകോടി ആണുങ്ങളിൽ നിന്ന് ഒരു സ്പർശം കൊണ്ടുപോലും കളങ്കമേൽക്കാതെ പവിത്രമായിരിക്കേണ്ടത് കൂട്ടത്തിൽ മുതിർന്നവളായ എന്റെ കടമയാണ് - മൂന്നുദിവസത്തേക്ക്.
"ഈ വണ്ടിയിൽ തിരക്കാണ്. നമുക്ക് അടുത്തതിലോ അതിനടുത്തതിലോ പോകാം. നമുക്കീ യാത്രയാണ് പ്രധാനം. എത്തിച്ചേരേണ്ട സമയമോ സ്ഥലമോ പോലും വെറും കാരണങ്ങൾ മാത്രം. കൂടെയിരിക്കുന്ന നിമിഷങ്ങൾ, ഒരുമിച്ചുള്ള യാത്ര... അതാണ് നമ്മുടെ ലക്ഷ്യം." കസിൻ പറഞ്ഞു. റെയിൽവേ സ്റ്റേഷനിലെ തിരക്കിനുള്ളിൽ ആദ്യമായി സ്വാതന്ത്ര്യം നുണയുന്ന പശുക്കിടാങ്ങളെപ്പോലെ ആവേശഭരിതരായി നാല് സ്ത്രീകൾ. ആളുകൾ തുറിച്ചുനോക്കുന്ന കൗമാരവും തുടിക്കുന്ന യൗവനവും വിടചൊല്ലി മുടിയിൽ വെള്ളിരേഖകൾ തെളിയാൻ തുടങ്ങുന്ന പ്രായം.
"മറ്റാരുടെയും ഒന്നും എടുക്കാതെ വെറും എന്റെ സാധനങ്ങൾ മാത്രം ബാഗിൽ നിറച്ചപ്പോഴാണ് ഞാൻ ഈ യാത്രയെ അങ്ങേയറ്റം സ്നേഹിച്ചുതുടങ്ങിയത്. നമ്മൾ നമ്മളെ പറ്റി മാത്രം ചിന്തിച്ചിട്ട് എത്രകാലമായിരിക്കും! ഇത് അവനവനു വേണ്ടിയുള്ള യാത്രയാണ്. അസമത്വത്തിലും അസമാധാനത്തിലും തുല്യരായതിനാൽ നമ്മൾ നാലും ഒന്നാകുന്നു. ഇതെനിക്കുവേണ്ടി എനിക്കുവേണ്ടിമാത്രമുളള സുഖ ദിനങ്ങളാകുന്നു."
ലേഡീസ് കമ്പാർട്ട്മെന്റിലെ അസൗകര്യങ്ങളിൽ, വീശിയടിക്കുന്ന തണുത്ത രാത്രിക്കാറ്റിൽ കൈത്തലങ്ങൾ ചേർത്തുവെച്ച് ഞങ്ങളൊന്നായി.
പാടിപ്പാടി മടുക്കുംവരെ ഞങ്ങൾ പാടി. വയറും കവിളുകളും വേദനിക്കുംവരെ ഞങ്ങൾ ചിരിച്ചു. വാതോരാതെ വർത്താനം പറഞ്ഞു. പുലരാറായപ്പോൾ ഒന്നിനൊന്ന് ചാഞ്ഞിരുന്ന് മയങ്ങി. അതുവരെ കാൽ കുത്തിയിട്ടില്ലാത്ത അജ്ഞാത ദേശത്ത് നാലുമണിയുടെ കുളിരിലേക്കിറങ്ങിയപ്പോൾ ഇരുട്ടു മാത്രമല്ല ഈ ലോകം മുഴുവൻ ഞങ്ങളോടു സ്നേഹത്തിലാണെന്ന ആഹ്ലാദം മനസ്സിൽ നിറഞ്ഞു തുളുമ്പി.
ആശ്രമത്തിനടുത്ത് ബസ്സിറങ്ങിയപ്പോൾ നേരം നല്ലോണം വെളുത്തിരുന്നു.
" ഇന്നെന്റെ ബർത്ത്ഡേയാണ്. ഈ യാത്ര എനിക്കൊരു സമ്മാനമാണ്. വരാനനുവദിച്ചതിനു നന്ദി. " മറവിയുടെ ഉറക്കച്ചടവിൽ ഏട്ടനെന്ത് മറുപടി പറഞ്ഞു എന്ന് ഏടത്തിയമ്മയോട് ചോദിച്ചില്ല.
വൃത്തിയുള്ള മുറി. സൗജന്യമായി മൂന്നുനേരം ഭക്ഷണം. ദൈവം പോലും ഞങ്ങളോടൊപ്പമായിരുന്നു. പ്രശാന്തമായ അന്തരീക്ഷത്തിൽ ധ്യാനം. ദിവസം കഴിഞ്ഞതറിഞ്ഞില്ല. രാത്രി ഉറക്കച്ചടവിൽ നാവു കുഴയുവോളം വർത്തമാനം പറഞ്ഞുറങ്ങി. പെണ്ണുങ്ങൾ മനസ്സുതുറന്നാലെന്തുണ്ടാവും? പല മാന്യന്മാരുടെയും മുഖംമൂടികളവിടെ അഴിഞ്ഞുവീഴും. നൊമ്പരങ്ങളുടെയും തഴയലുകളുടെയും പറിച്ചുനടലുകളുടെയും മാത്രമല്ല അഭിമാനക്ഷതങ്ങളുടെയും അസ്വാതന്ത്ര്യങ്ങളുടെയും സർപ്പദംശനങ്ങൾ സ്നേഹാമൃതമെന്ന പേരിൽ ശരീരത്തിലും മനസ്സിലും സ്വീകരിച്ചവരുടെ മന്ത്രണങ്ങളിൽ വായുപോലും കനംവച്ചു. അതിനിടയിലും ഞങ്ങളെറിഞ്ഞ ചിരിയുടെ അലകളെ തൊടാൻ ഭയന്ന് ചുവരുകൾ വെറുങ്ങലിച്ചു നിന്നു.
ഞങ്ങൾ താമസിക്കുന്ന മുറിയും പരിസരവും സുരക്ഷിതമാണെന്നു വീഡിയോ കോളുകളിലൂടെ നാലു വീടുകളിൽ അറിയിക്കേണ്ടതുണ്ടായിരുന്നു.
"ഞാൻ അമ്മയെ വിളിച്ചിരുന്നു. നിങ്ങൾ സിനിമയ്ക്ക് പോയതാണെന്നറിഞ്ഞു. അതുകൊണ്ടാണ് രാത്രി വിളിക്കാഞ്ഞത്. " ഏടത്തിയമ്മ പലതവണ വ്യക്തമാക്കാൻ ശ്രമിച്ചു. പുലരിയുടെ പരിശുദ്ധിയിലും നിശബ്ദതയിലും അനേകർ ധ്യാനലീനരായിരിക്കുന്ന ആശ്രമത്തിനകത്ത് ഞങ്ങളുടെ മൊബൈലുകൾ മാറിമാറി കമ്പനം കൊണ്ടു. മരച്ചുവട്ടിലേക്കും ജനലോരത്തേക്കും വരാന്തയിലേക്കും മാറി നിന്ന് ആ ദിവസം മുഴുവൻ ഏടത്തിയമ്മ പലതവണ ഇതുതന്നെ പറഞ്ഞു കൊണ്ടിരുന്നു. ഞങ്ങളുടെ ശാന്തിയും സന്തോഷവും തകർക്കാൻ അത് ധാരാളം മതിയായിരുന്നു -പണ്ടായിരുന്നെങ്കിൽ. കടന്നുപോന്ന നരകങ്ങളെല്ലാം ചേർന്ന് ഇരുമ്പിൽ വാർത്തെടുത്തിരിക്കുന്നു ഇന്ന് ഞങ്ങളെ. പഞ്ചേന്ദ്രിയങ്ങൾ വജ്രമായിരിക്കുന്നു. അവർ പ്രേമമെറിഞ്ഞാൽ; നിന്ദയെറിഞ്ഞാൽ - ആയിരം കോണുകളിൽ നിന്ന് അതുതന്നെ പ്രതിഫലിപ്പിക്കുന്ന വജ്രം. എന്നാൽ ഞങ്ങൾ പെണ്ണുങ്ങളാണ്. കടുത്ത വിക്ഷോഭത്തിലും വികാരങ്ങൾ മറച്ച് സൗമ്യമായും ശാന്തമായും അഭിനയിച്ച് തകർക്കാൻ ഞങ്ങളോളം അറിവുള്ള ഒരു ഭരതമുനിയും ഒരു ചാണക്യനും ഇവിടെയില്ല.
സൗമ്യരായി, ശാന്തരായി ഞങ്ങളുടെ സ്വരം ഫോണിൽ നിറഞ്ഞു.
"നാളെ കഴിഞ്ഞേ പുറപ്പെടൂ എന്നാദ്യമേ പറഞ്ഞിരുന്നല്ലോ. മൂന്നു ദിവസമെന്ന് പറഞ്ഞതല്ലേ? ശരി. ഇന്ന് രാത്രി തന്നെ മടങ്ങിക്കൊള്ളാം." അനിയത്തിയാണ്. ഞങ്ങൾ രുചിച്ച സ്വാതന്ത്ര്യം, അവളവളെന്നുള്ള തിരിച്ചറിവ് - ഇതാണവരെ ഭയപ്പെടുത്തുന്ന തെന്ന് ഞങ്ങൾക്ക് മനസ്സിലായി. നാലുപെണ്ണുങ്ങൾ തനിച്ച്, മക്കളെയും കെട്ടിയവനെയും വിട്ടു കറങ്ങാൻ പോയാൽ സമൂഹമെന്തു പറയും എന്ന ഭയവുമുണ്ടായിരുന്നിരിക്കാം. കഷ്ടം തോന്നിയത് ഞങ്ങളുടെ ശരീരത്തിനെന്തെങ്കിലും പറ്റിയാൽ എന്ന അവരുടെ ഭയം കണ്ടാണ്.
പാതിവ്രത്യത്തെ സുവർണ്ണ സിംഹാസനത്തിലിരുത്തി പൂജിക്കുന്ന സമൂഹത്തിൽ കളങ്കവും അപമാനഭയവും സ്ത്രീകളെ മരണംവരെ വേട്ടയാടുന്ന രണ്ടു മായാ രാക്ഷസരാണ്. എന്നിട്ടീ ആകുലപ്പെടുന്നവരുടെ മനസ്സിൽ എത്ര പെണ്ണുങ്ങളോട് കാണിച്ച അസഭ്യതയുടെ കുറ്റബോധം നിറഞ്ഞിരിക്കുന്നുവോ എന്തോ.
പെണ്ണുങ്ങളേ, നിങ്ങളുടെ ശരീരത്തെയും അതിനേൽക്കാവുന്ന കളങ്കത്തെയും പറ്റി വളരെയധികം ഉത്കണ്ഠയുള്ള പുരുഷന്മാരുടെ ഭൂത-വർത്തമാന രഹസ്യങ്ങളെ സംശയിച്ചോളൂ. അല്ലെങ്കിൽ; നിങ്ങളെല്ലാ പുരുഷന്മാരെയും സംശയിച്ചേക്കൂ.
മടങ്ങാൻ ട്രെയിൻ കാത്തുനിന്ന മൂന്നാമത്തെ രാത്രിവരേയും ഞങ്ങളുടെ ആരോഗ്യത്തെ, ശാരീരിക പരിമിതികളെ എല്ലാം പറ്റിയുള്ള ഉത്കണ്ഠാകുലമായ അനേകം വിളികൾക്ക് ഞങ്ങൾ ക്ഷമയോടെ മറുപടി പറഞ്ഞു. ആരോഗ്യത്തെപ്പറ്റിയുള്ള അമിതമായ കരുതൽ നിങ്ങൾ ദുർബലയാണെന്നും അതിനാൽ അവന്റെ ചിറകിനടിയിൽ നിന്നും ഒരിക്കലും സ്വയം പറന്നുയർന്നു കൂടെന്നുമുള്ള ഒരു ഓർമിപ്പിക്കലാണ്. തേൻ പുരട്ടി മധുരമുള്ളതാക്കിയ വായ്ത്തലകൾ നിങ്ങളെ ബോധപൂർവ്വമല്ലാത്ത ഒരു വിധേയത്വത്തിലേക്ക് വെട്ടിച്ചുരുക്കും. തേൻ കുടിച്ചു മയങ്ങിപ്പോയാൽ പ്രായമേറുന്തോറും തിരിച്ചു കയറാനാകാത്ത ചതുപ്പിനിടയിലേക്ക് നിങ്ങൾ തള്ളപ്പെട്ടിരിക്കും.
തിരക്കേറിയ ലേഡീസ് കംപാർട്ട്മെന്റിലെ മൂന്നാമത്തെ രാത്രിയും ഞങ്ങൾ ഉറങ്ങിയില്ല. പരസ്പരം നോട്ടങ്ങൾ കൊണ്ടുമാത്രം മിണ്ടാവുന്നത്ര സമീപത്തായിരുന്നു ഞങ്ങൾ നാലുപേരുമെങ്കിലും മൂകമായൊരു കാർമേഘം നിറഞ്ഞുനിന്നത് ഭേദിക്കാൻ തിങ്ങിനിറഞ്ഞ ആ ബോഗിയും സമ്മതിച്ചില്ല. അടുത്തുവരുന്ന പുലരിയിൽ നാലു ദിക്കിലേക്ക് ചിതറി വെവ്വേറെ മേൽവിലാസങ്ങളിലറിയേണ്ടവരായി ഞങ്ങൾ മാറുമെന്ന ചിന്തയായിരുന്നു ആ കാർമുകിൽ. 'ഇനിയെന്ന്!' എന്നൊരു നോവും പ്രതീക്ഷയും കൂടെയുണ്ട്.
" ഇനിയൊരിക്കലും പ്രതീക്ഷിക്കേണ്ട. ഇതവസാനത്തേതാണ്." എന്ന താക്കീത് ആദ്യയാത്രയ്ക്കൊടുവിൽ കേട്ടപ്പോഴേക്കും ദുഃഖിതരാകാതിരിക്കാൻ മാത്രം ഊർജ്ജവും സന്തോഷവും ഞങ്ങൾ ആ യാത്രയിൽ കൈവശപ്പെടുത്തിയിരുന്നു. സന്തോഷം മറ്റാരും സൗജന്യമായി വച്ച് നീട്ടേണ്ട ഒന്നല്ലെന്നും നമ്മുടെ ഇച്ഛാശക്തികൊണ്ട് നമുക്കുമാത്രം നിർമ്മിച്ചെടുക്കാവുന്ന ഒന്നാണെന്നും ഞങ്ങൾ പഠിച്ചു കഴിഞ്ഞിരുന്നു.
നാലു സ്ത്രീകൾ ഒന്നിച്ചൊരു സ്വത്വമായി ഒരേ ലക്ഷ്യത്തോടെ യാത്രചെയ്തു. ഒരൊറ്റ ബിംബമായി നിൽക്കുമ്പോൾ പോലും ലഘുവായ, ലളിതമായ ഒരു 'അമ്മേ' വിളികൊണ്ട് നാലായി പിരിഞ്ഞ്, നാലു രീതിയിൽ ഓമനിച്ചു മടിയിലിരുത്തി, നാലു തരത്തിൽ ഊട്ടിയുറക്കുന്ന, നാലാണുങ്ങളുടെ വ്യത്യസ്തരായ ഭാര്യമാരാകുമായിരുന്ന നാലു വെറും പെണ്ണുങ്ങൾ...
Dedicated to Sri Muralee Thummarukudi
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ