2019 ഫെബ്രുവരി 28, വ്യാഴാഴ്‌ച

Seed germination

"ന്താ? അവടെ പെറ്റ് കെടക്കാ? ങ്ങട്ട് എണീറ്റ് പോന്നൂടെ?"

"പെറാതെ കെടക്കാണ്. കണ്ണു കണ്ടൂടെ??"

മുളപ്പിച്ച ചെറുപയറിനടിയിലെ മുളയ്ക്കാതെ കിടക്കുന്ന പയർമണികൾ കല്ലുവീഴുന്ന ശബ്ദത്തോടെ പാത്രത്തിലേയ്ക്കു വീഴുമ്പോൾ എന്നോട് കയർത്തു.

മുളപ്പിച്ച പയറിനും ധാന്യത്തിനുമിടയിൽ മുളയ്ക്കാതെ ജീവച്ഛവമായി കിടക്കുന്ന വിത്തുകൾ നിങ്ങളും കണ്ടിരിക്കുമല്ലോ? അവയിൽ പലതിലും ജീവനുള്ള ഒരു ഭ്രൂണമേ കാണില്ല. പിശട്, ചപ്പ, ചള്ള, പതിര്, ചത്ത എന്നൊക്കെ വിളിച്ചിരുന്ന പാഴ് വിത്തുകൾ. വിത്തെന്നാൽ സുഷുപ്തിയിലുള്ള ഒരു ഭ്രൂണവും അതിനു വളർച്ച തുടങ്ങാൻ വേണ്ട കരുതൽ ഭക്ഷണവും സംരക്ഷണത്തിനായി നേർത്തതോ കനത്തതോ ആയ ഒരു കോട്ടമതിലും ആണെന്നറിയാമല്ലോ. 'ചത്ത' എന്നുവിളിയ്ക്കുന്ന വിത്തിൽ ബീജസങ്കലനം നടക്കാത്തതിനാലോ മറ്റു കുഴപ്പങ്ങളാലോ ഭ്രൂണം തന്നെയുണ്ടാകില്ല. എത്ര കുതിർത്താലും ഇവ മുളയ്ക്കില്ല. സുപ്താ പ്രാജ്ഞാത്മികാ തുര്യാ സർവ്വാവസ്ഥാ വിവർജ്‌ജിത എന്നും പാടിക്കിടക്കുന്ന ഇവയെപ്പറ്റിയല്ല ഇവിടെ പറയാൻ പോകുന്നത്. കുറച്ചധികം കുതിർത്താലോ ഒരു ഇടിയോ കുത്തോ കൊടുത്ത് സീഡ് കോട്ട് എന്ന കോട്ട ഭിത്തിയ്ക്ക് തുരങ്കം വെച്ചാലോ പതുക്കെ ചീർത്തു കുതിർന്നു മുളച്ചുവരുന്ന അലസന്മാരാരാർത്തൻമാരാലംബഹീനൻമാരെപ്പറ്റിയാണ്. തൊലിക്കട്ടി കൂടിയ കാണ്ടാമൃഗക്കുട്ടികളെപ്പറ്റിയാണ്.

സീഡ് ഡോർമൻസി എന്ന വിത്തിന്റെ നിദ്രാവസ്ഥ സത്യത്തിൽ അടുത്ത മഴക്കാലം വരേയ്ക്കുള്ള (സമശീതോഷ്ണ മേഖലയിൽ വസന്തം വരേയ്ക്ക്) അതിന്റെ കാത്തിരിപ്പു സഹായ പദ്ധതിയാണ്. ജീവനക്ഷമതയുള്ള (viable) വിത്തുകൾ വേനലോ ശിശിരമോ കഴിഞ്ഞു വെള്ളം കിട്ടിത്തുടങ്ങുമ്പോൾ മുളച്ചു തുടങ്ങുന്നു.

ഒരു വിത്തിന് ഒരിയ്ക്കൽ മാത്രമേ മുളയ്ക്കാനാകൂ. ഇത് സത്യം. സത്യം. സത്യം.

കാലം തെറ്റിവന്ന ഒരു മഴയിൽ മുളപൊട്ടി പിന്നീട് വരുന്ന വേനൽ ദിനങ്ങളിൽ കരിഞ്ഞു പോയാൽ മഴക്കാലം വരുമ്പോൾ ആരു മുളയ്ക്കും? വൈകിമാത്രം മുളപൊട്ടുന്ന ചില കുംഭകർണൻമാർ ജീവധാര മുറിയാതെ നിലനിർത്തുന്നത് പ്രകൃതിയുടെ ഇത്തരം അപ്രതീക്ഷിത നീക്കുപോക്കുകളിലാണ്.

ഒരുവർഷം വളരെ ശുഷ്കമായ ഒരു മഴക്കാല മേ കിട്ടിയുള്ളൂ എന്നു നിരീയ്ക്കുക. മാന്യന്മാരായ സാധാരണ വിത്തെല്ലാം നാമ്പിട്ടു എന്നും കരുതുക. പിന്നെ കുറേക്കാലം മഴയേ പെയ്തില്ല. അപ്പോൾ, മുളച്ച നല്ലനടപ്പുകാരൊക്കെ കരിഞ്ഞു കാലപുരി പൂകും. ഋഷ്യശൃംഗൻ വന്നു പുകച്ച് ധും ധും ധും ദുന്ദുഭി നാദം പാടി മഴ പെയ്യുമ്പോൾ മുളയ്ക്കാൻ നമ്മുടെ അലസൻമാരേ കാണൂ. ഉള്ളിൽ ജീവനുണ്ടെങ്കിൽ മഴയിൽ കുതിർന്നുകുതിർന്നു രോമാഞ്ചം വരുമ്പോൾ മുളച്ചോളും. ഇല്ലെങ്കിൽ വല്ല കന്നാലീം ചവിട്ടി കോട്ടഭിത്തി തകരുമ്പോഴെങ്കിലും മുളയ്ക്കും. അശുവാണെങ്കിലും ആരോഗ്യമില്ലെങ്കിലും ഒന്നോരണ്ടോ പൂവ്.. അതിൽ നിന്ന് എട്ടോപത്തോ വിത്ത്.. മതി. അത്രയും പോരേ വംശം നിലനിൽക്കാൻ?

നമ്പാൻ കൊള്ളാത്ത മഴയെ/ വേനലിനെ/ ഐസ് മൂടുന്ന മഞ്ഞുകാലത്തെ/ കാട്ടുതീയിന്റെ തലോടലിനെ/ ഭീകര മേച്ചിൽ വർഗ്ഗങ്ങളെ ഒക്കെ ജയിയ്ക്കാൻ ഇത്തരം മെല്ലെപ്പോക്കുകാരും ചിലപ്പോഴൊക്കെ ഗോളടിയ്ക്കാറുണ്ടെന്ന്. നാനാത്വവും ജൈവവൈവിധ്യവും തുറുപ്പുചീട്ടാകുന്ന കളികൾ നമുക്കുചുറ്റും നാമറിയാതെ എത്രയോ!

ധീരന്മാർ പെട്ടെന്നു ചാകും എന്നു കേട്ടിട്ടില്ലേ? തീവ്രവാദവും വിഘടനവാദവും പ്രസംഗിച്ചും പോരാടിയും കരിഞ്ഞുവീഴുന്നുവർ ഏറെയാണ്. എത്രതവണ ശുദ്ധികലശം നടത്തിയാലും കാൽനൂറ്റാണ്ടു കഴിഞ്ഞ് ഒരു തമിഴ്പുലി ശ്രീലങ്ക ഭരിയ്ക്കില്ല എന്നൊന്നും ആർക്കും ഉറപ്പിയ്ക്കാൻ പറ്റില്ലല്ലോ. മണിപ്പൂരിലും കാശ്മീരിലും മുളയ്ക്കാൻ മടിച്ചു കാലം കാത്തു കിടക്കുന്ന വിത്തുകൾ ആയിരക്കണക്കിനാണെന്നു മാത്രം.

2019 ഫെബ്രുവരി 26, ചൊവ്വാഴ്ച

ഗുരു.

ജ്ഞാനത്തെയും ഭാഗ്യത്തെയും വെള്ളിടിവെട്ടത്തിൽ, അശരീരി നാമകരണം ചെയ്ത്, വിധി മുന്നിൽ കൊണ്ടു വന്നു നിർത്തും എന്നു പ്രതീക്ഷിയ്ക്കുന്നവരാണ് നമ്മളിൽ മിക്കവരും. പലപ്പോഴും പ്രതീക്ഷിയ്ക്കുന്നതും സ്വപ്നം കണ്ടതും സ്വപ്നത്തിൽ കണ്ടതും ഒന്നും സംഭവിയ്ക്കാതെ വിരസവിലാപഗാനമായിപ്പോകും ജീവിതം. അത്ഭുതങ്ങളാണ് ഏവർക്കുമിഷ്ടം. വിരളമായതുകൊണ്ടുമാത്രമാണവ അത്ഭുതങ്ങളായി മാറുന്ന തെങ്കിലും.

പക്ഷേ, ഒച്ച കേൾപ്പിയ്ക്കാതെ അവളവളിൽ മുങ്ങി അടുക്കളഭാഗത്ത് പണിയിൽ മുഴുകിയിരിയ്ക്കുന്ന അമ്മയെപ്പോലെയാണ് ജ്ഞാനവും ഭാഗ്യവും എന്ന് ചിലപ്പോൾ തോന്നാറുണ്ട്. എന്നുമുതലോ അത് നമ്മുടെ പിൻതളത്തിലെവിടെയോ ഉണ്ട്. നമ്മൾ തിരിച്ചറിഞ്ഞാലുമില്ലെങ്കിലും.

നിലമ്പൂർ കാട്ടിൽ നിന്നും ചോലകളിലൂടെ ഊർന്നിറങ്ങി ചാലിയാറിന്റെ മണൽതിട്ടയിൽ 'ഞാനെന്ന ഭാവം' ഒട്ടുമില്ലാതെ ചേറിനും ചിപ്പികൾക്കുമിടയിൽ പതുങ്ങിയിരിക്കുന്ന സ്വർണ്ണസാന്നിദ്ധ്യം പോലെ.. അരിച്ചെടുത്താൽ മാത്രം കണ്ണുമിന്നിക്കുന്ന കാക്കപ്പൊൻ തരികൾ. ഊതിക്കാച്ചിയാൽ മാത്രം തങ്കമാവുന്ന നിർന്നിമേഷർ.

ചില അറിവുകളും ഭാഗ്യങ്ങളും അങ്ങനെയല്ലേ? എപ്പോഴോ ആഗിരണം ചെയ്യപ്പെട്ട്, നമ്മിൽ ലയിച്ച്, കാൽനീട്ടി ചാഞ്ഞു കിടക്കുന്നുണ്ടാവും ജീവിതം മുഴുക്കെ അനന്തശയനം പോലെ. ഗൗനിച്ചില്ലെങ്കിലും നമ്മെ താങ്ങിത്താങ്ങി.. കൈവരാത്തവയോർത്തു വിലപിയ്ക്കുമ്പോഴും എണീറ്റ് വന്നു തലയ്ക്കൊന്നു ഞൊട്ടാതെ. കരഞ്ഞു കാലം കഴിയ്ക്കുമ്പോഴും കണ്ടാലും മനസ്സിലാവാത്ത സത്യങ്ങളായി.. സമയമൊത്തെങ്കിൽ അകത്തെ അനന്തശയനം ചൂണ്ടികാണിച്ചു തരാൻ ഒരാൾ വന്നേയ്ക്കാം. അപ്പോൾ നന്ദിയോടെ നാം വിളിക്കും 'ഗുരു' എന്ന്.

സതീഷ് ഡോക്ടർക്കുള്ള മറുപടി

നദിയും ചേറും കാടും സ്വർണ്ണവും എന്റേതുതന്നെയായിരുന്നു. മുദ്ദമ്മയുടെ കൂടെ നട്ടുച്ചയ്ക്കോ അമ്മായിമാർക്കൊപ്പം രാവിലെയോ വൈകിട്ടോ ചാലിയാറിൽ എത്തുമ്പോഴെല്ലാം മണൽത്തിട്ടിൽ കുന്തിച്ചിരുന്ന് ചട്ടിയിലെ (സിമെൻറ് തേപ്പുകാരുടെ ചട്ടി പോലൊന്ന്) മണലരിയ്ക്കുന്ന എല്ലും തോലുമായി കരുവാളിച്ച ജീവിതങ്ങളും എന്റേതല്ലെന്നെനിയ്ക്കു തോന്നിയിട്ടില്ല. അവർക്ക് വലിയ വലിയ പൊൻതരികളും ഒരു സ്വർണ്ണക്കട്ടതന്നെയും കിട്ടണേ എന്ന് പ്രാർത്ഥിക്കാതെ ബാല്യത്തിലെ ഒരു നോട്ടം അവരെ കടന്നുപോയിക്കാണില്ല.

അരിയോ മുതിരയോ റാഗിയോ അരിയ്ക്കേണ്ടി വരുമ്പോൾ (സോർട്ടെക്സ് മെഷീനു മുമ്പ്) എന്നിൽ നിറയുന്ന അക്ഷമ പുച്ഛത്തോടെ വീക്ഷിയ്ക്കാനും എന്റെ ഉള്ളിലെ ഈ ദരിദ്രക്കോലങ്ങൾ തന്നെ കാരണം. ചാലിയാറിലെ സ്വർണം എന്നും അരപ്പട്ടിണിക്കാരന്റേതായിരുന്നു.

സ്വർണ്ണത്തെ വിവക്ഷിയ്ക്കാൻ ഇനിയൊരു കാരണം അതൊരു നോബ്ൾ മെറ്റൽ ആണെന്നുള്ളതാണ്. ജൈവ പരിണാമങ്ങൾക്കും രാസപരിണാമങ്ങൾക്കും ഏറെ മുൻപ്; ഒരുപക്ഷേ, പ്ലാസ്മയിൽ നിന്നു ഭൂമി ഉറഞ്ഞു ജനിയ്ക്കുന്ന വേളയിൽ നടന്ന ന്യൂക്ലിയർ പരിണാമം ( മൂലക പരിണാമം ) എന്ന പാലാഴി മഥന സമയത്ത് വ്യക്തിത്വരൂപീകരണം നടക്കുകയും അതങ്ങനെതന്നെ മാറ്റമില്ലാതെ നിലകൊള്ളുകയും ചെയ്യുന്ന ബുദ്ധനെപ്പോലെ സ്ഥായിയായ ചിലരുടെ കൂട്ടത്തിൽ പെട്ടതല്ലേ സ്വർണ്ണം!! ഏറ്റവും അചഞ്ചലമായതിനെ പരമമായ സത്യം എന്നു വിളിയ്ക്കുമ്പോൾ അതിനോടുപമിയ്ക്കാൻ അതിനെക്കുറഞ്ഞുള്ളതല്ലേ കിട്ടുകയുള്ളൂ!!

2019 ഫെബ്രുവരി 23, ശനിയാഴ്‌ച

കുമാരസ്വാമി

സ്കന്ദപുര പുരാണം 1

നിങ്ങൾ വിശ്വാസിയാണോ? പക്ഷിനിരീക്ഷകയോ ഔഷധസസ്യാന്വേഷകയോ പുരാവസ്തു ഗവേഷകയോ പരിസ്ഥിതി പ്രവർത്തകയോ പ്രകൃതിസ്നേഹിയോ സന്യാസിയോ ആണോ? എങ്കിൽ സണ്ടൂരിനെക്കുറിച്ച് അറിഞ്ഞിരിയ്ക്കണം. കർണാടകത്തിലെ കാശ്മീർ എന്ന് വിളിക്കപ്പെട്ടിരുന്ന; ഇപ്പോൾ അതിനുള്ള യോഗ്യത നഷ്ടപ്പെട്ട, ഓരോ മണിക്കൂറിലും നാശത്തിലേക്ക് തകർന്നു പൊടിയുന്ന ഇരുമ്പയിരിന്റെയും മാംഗനീസിന്റെയും ഗർഭദേശം- സണ്ടൂർ. സഹസ്രാബ്ദങ്ങൾക്കു മുൻപ് കാളിദാസൻ പരാമർശിച്ച ദേവഗിരിയും സ്കന്ദപുരവും ക്രൗഞ്ചഗിരിയും സാങ്കൽപ്പിക ഭൂവിഭാഗമല്ല. അതിദ്രുതം നശിച്ചു നാമാവശേഷമായിക്കൊണ്ടിരിയ്ക്കുന്ന വനഭൂമിയാണ്. ഋഷികളും ദേവകിന്നരൻമാരും സ്വർഗ്ഗതുല്യമെന്നു കരുതിപ്പോന്ന, ധ്യാനസാധനയ്ക്ക് അതിശ്രേഷ്ഠം എന്ന് കണക്കാക്കപ്പെട്ടിരുന്ന തപോവനമാണ്. ധാതുലവണങ്ങളുടെ പ്രത്യേക മിശ്രണങ്ങളിൽ വളർന്ന്, ശരീരങ്ങളിൽ ഔഷധം നിറച്ച് സിദ്ധസ്പർശം കാത്തു മയങ്ങിക്കിടക്കുന്ന സസ്യജാലങ്ങളുടെ അഗസ്ത്യഗൃഹമാണത്.

ഭവരോഗവൈദ്യൻ, ആത്മോപാസകർക്ക് ഗുരുവായ സുബ്രഹ്മണ്യൻ വാണരുളുന്ന ലോഹാചലം/ കുമാരസ്വാമി ബെട്ട/ ദേവഗിരി. ജില്ലാ ആസ്ഥാനമായ ബെല്ലാരിയിൽ നിന്നും 38 കിലോമീറ്ററും അടുത്ത പട്ടണമായ ഹൊസ്പേട്ടിൽ നിന്ന് 27 കിലോമീറ്ററും ബാംഗ്ലൂരിൽ നിന്നു 310 കിലോമീറ്ററും മംഗലാപുരത്തുനിന്ന് 374 കിലോമീറ്ററുമുണ്ട് സണ്ടൂരെന്ന താഴ്വാര പട്ടണത്തിൽ എത്തിച്ചേരാൻ. സണ്ടൂരിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള സ്കന്ദക്ഷേത്രത്തിലേയ്ക്ക് കെഎസ്ആർടിസി ബസുകളും SMlORE (Sandur Manganese Iron Ore Company) തൊഴിലാളി ബസുകളും എണ്ണമറ്റ ലോറികളും പ്രൈവറ്റ് വാഹനങ്ങളും പോകുന്നു. കാനനവാസനെ ഇന്നിപ്പോൾ ഖനിവാസൻ എന്നുവിളിയ്ക്കാം. പച്ചപ്പു നീക്കി മാന്തിയെടുക്കുന്ന ഓരോ പിടി മണ്ണും പച്ചനോട്ടുകളായി മാറുന്ന, പ്രകൃതിയ്ക്ക് താങ്ങാൻ കഴിയുന്നതിലും അനേകമടങ്ങ് വേഗതയോടെ സ്ഫോടകവസ്തുക്കളും യന്ത്രക്കൈകളും ലോറികളും ചേർന്ന് ഇല്ലായ്മ ചെയ്യുന്ന മലനിരകൾ. പശ്ചിമഘട്ട സദൃശമായ, നീലക്കുറിഞ്ഞി യുറങ്ങുന്ന തണുത്ത മലഞ്ചെരിവുകളുള്ള സണ്ടൂർ ഊഷരഭൂമികളായ ദാവനഗെരെ, ബെല്ലാരി, ചിത്രദുർഗ്ഗ, ഹംപി എന്നീ പ്രദേശങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്നു.

ഏഴാം നൂറ്റാണ്ടിൽ ബദാമി ചാലൂക്യർ നിർമ്മിച്ച് രാഷ്ട്രകൂടർ പുനർനിർമാണം നടത്തിയ ക്ഷേത്രത്തിന്റെ ഗോപുരങ്ങളും കൊത്തുപണികളും കാലപ്പഴക്കത്താൽ ദ്രവിച്ചിരിയ്ക്കുന്നു. എന്നാൽ പുരാണങ്ങളിലെ പരാമർശം കണക്കിലെടുത്താൽ അതിനുമുമ്പും അവിടെ ക്ഷേത്രവും കാർത്തികേയ ആരാധനയും ഉണ്ടായിരുന്നിരിയ്ക്കണം. യാദവരും ഹൊയ്സാലരും ഇവിടെ ആരാധിച്ചിരുന്നതായി രേഖകൾ കാണാം. ഹംപിയിലെ വിജയനഗരസാമ്രാജ്യം ജനിയ്ക്കുമ്പോൾ ഇന്നു കാണുന്ന കുമാരസ്വാമി ക്ഷേത്രം മൂന്നു നൂറ്റാണ്ടുകൾ പിന്നിട്ടു കഴിഞ്ഞിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ നിബിഡ വനത്തിനകത്തെ ക്ഷേത്രം സണ്ടൂരിലെ രാജവംശമായ ഘോർപഡെകൾ കണ്ടെത്തുകയും നവീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. അന്നുമുതൽ സണ്ടൂർ രാജവംശത്തിന്റെ കുടുംബക്ഷേത്രമായി ഇത് കരുതിപ്പോരുന്നു. അവസാന രാജാവായ യശ്വന്തറാവു ഘോർപഡെയും മകനായ മുരാരിറാവു ഘോർപഡെയും (7 തവണ എംഎൽഎ, ഒരുതവണ എംപി) വന്യജീവി സംരക്ഷകരും പ്രകൃതിസ്നേഹികളുമായിരുന്നു. 1930ൽ യശ്വന്തറാവു ഘോർപഡെ സ്വേച്ഛപ്രകാരം ക്ഷേത്രം ഹരിജനങ്ങൾക്കു തുറന്നുകൊടുക്കുകയും 1934ൽ സണ്ടൂർ സന്ദർശിച്ച മഹാത്മാഗാന്ധി അദ്ദേഹത്തെ പ്രകീർത്തിക്കുകയുമുണ്ടായി. 1996ൽ അച്ഛൻ മരിച്ച അതേവർഷം മുരാരിറാവു ഘോർപഡെ ക്ഷേത്രത്തിൽ സ്ത്രീ പ്രവേശനം അനുവദിച്ചു.

കാർത്തികേയനെ ദേവസൈന്യത്തിന്റെ നായകനായി അവരോധിച്ച സ്ഥലമാണ് സണ്ടൂരു. ഒരിക്കൽ കാർത്തികേയൻ പാർവ്വതീപരമേശ്വരന്മാരെ സന്ദർശിച്ച സന്ദർഭം. ഹിമാലയത്തിലെ അതിസുന്ദരമായ സരോവരത്തിനടുത്ത് പൂർണ്ണചന്ദ്രപ്രഭയിൽ മാസ്മരിക കാന്തിയോടെ വിളങ്ങുന്ന പ്രകൃതിയാൽ ഏവരുടെയും അന്ത:രംഗം പ്രേമത്താൽ നിറയുന്ന നേരം. കുമാരൻ ഒരു വിവാഹം കഴിക്കണമെന്ന ആഗ്രഹം പാർവതി മകനോട് പറയുന്നു. വധുവാകേണ്ടവളിൽ എന്തു ഗുണമാണ് ഉണ്ടായിരിയ്ക്കേണ്ടത് എന്ന് ചോദിയ്ക്കുന്ന കുമാരനോട് സ്ത്രീകളെല്ലാം തന്റെ തന്നെ ഗുണത്തോടു കൂടിയവരാണെന്ന് പറയുന്നു ദേവി. എല്ലാ സ്ത്രീകൾക്കും അമ്മയുടെ ഗുണമാണെങ്കിൽ തനിക്കൊരു സ്ത്രീയെയും മാതാവെന്ന നിലയിലല്ലാതെ ഭാര്യയെന്ന നിലയിൽ കാണാനാവില്ലെന്ന് പറഞ്ഞു ദുഃഖിതനായി അവിടെനിന്നും പോകുന്നു കുമാരൻ. ലോഹാചലത്തിൽ എത്തിയ കുമാരനെ പിന്തുടർന്ന് ഓടിവന്ന പാർവതി മകനെ തിരിച്ചുവിളിയ്ക്കുകയും വഴങ്ങുന്നില്ലെന്നു കണ്ടു കരയുകയും അവസാനം ക്രുദ്ധയായി മുലപ്പാൽ തന്നു വളർത്തിയതിനുള്ള നന്ദിയാണോ കാണിയ്ക്കുന്നത് എന്ന് ചോദിക്കുകയും ചെയ്തത്രേ. കുടിച്ച പാലിന്റെ കടപ്പാട് ചോദിക്കുന്നോ എന്നു കോപപ്പെട്ട കാർത്തികേയൻ പാൽ ചർദ്ദിച്ചു കളയുകയും അത് ഭൂമിയിൽ സ്പർശിച്ച ഉടൻ വെള്ള നിറത്തിലുള്ള വിഭൂതി മലയായി മാറുകയും ചെയ്തു എന്നാണു കഥ. ഇവിടുത്തെ മല കുഴിച്ചെടുക്കുന്ന വെള്ള നിറമുള്ള മൃദുവായ മണ്ണാണ് പാർവതിയമ്പലത്തിലെ പ്രസാദം. അന്നു മുതൽ അമ്മയോടുള്ള കോപം മൂലം സ്ത്രീകളെ കാണേണ്ടെന്നു കെറുവിച്ചിരുന്ന സുബ്രഹ്മണ്യന്റെ ക്ഷേത്രത്തിൽ 1996 മുതലാണ് സ്ത്രീ സന്ദർശനം ആരംഭിച്ചത്.

ഒരിയ്ക്കൽ ശ്രീപരമേശ്വരന്റെ നിർദ്ദേശപ്രകാരം സംശയനിവാരണത്തിനായി അഗസ്ത്യമുനി ലോഹാചലത്തിൽ കുമാരനെ സന്ദർശിക്കുന്നു. നിത്യവും കുളിച്ചുപാസിയ്ക്കാനായി അദ്ദേഹമുണ്ടാക്കിയ കുളമാണത്രേ അഗസ്ത്യതീർഥം എന്നപേരിൽ ക്ഷേത്രത്തിനുമുന്നിൽ കാണപ്പെടുന്നത്. സംപ്രീതനായ കുമാരൻ എന്നാളും ഇവിടെ വസിക്കണം എന്ന് അപേക്ഷിക്കുകയും ലോഹാചലത്തിൽ ഇന്നും അഗസ്ത്യ സാന്നിധ്യമുണ്ടെന്നു കരുതപ്പെടുകയും ചെയ്യുന്നു. അഗസ്ത്യ തീർത്ഥം പാപനാശിനിയായും രോഗനാശിനിയായും കണക്കാക്കപ്പെടുന്നുവെങ്കിലും ഇന്നത്തെ ഇതിന്റെ അവസ്ഥ ശോചനീയമാണ്. ആമകൾ ഒരുപാട് നിറഞ്ഞു മലിനമായിരിയ്ക്കുന്നു ജലം.

ഔഷധഗുണം തുളുമ്പിനിൽക്കുന്ന കാടിരിയ്ക്കുന്ന  മണ്ണാണ് ദിവസവും ഇടിച്ചുപൊടിച്ചു ലോറിയിൽ നിറച്ച് നാടുകടത്തപ്പെടുന്നത്. അമ്പലത്തിനു 300 മീറ്റർ അടുത്തുവരെ പ്രവർത്തിക്കുന്ന രണ്ടു മൈൻ കമ്പനികളുണ്ട്. ചുറ്റുമുള്ള മലകളിൽ ആകെയുള്ളത് തൊണ്ണൂറിൽപരം മൈൻ കമ്പനികൾ! ആയിരക്കണക്കിന് ലോറികൾ ദിവസേന രണ്ട് ട്രിപ്പ് അടിക്കുന്ന ചുരം റോഡിൽ അപകടങ്ങൾ നിത്യസംഭവം. റോഡും വണ്ടികളും മനുഷ്യരും കാടും എല്ലാം ഇരുമ്പയിർപൊടിപിടിച്ച് ലോഹാചലമാകെ ഒരു ചുവന്ന ദൃശ്യമാകുന്നു. പകുതി കളിയായും പകുതി കാര്യമായും അവിടുത്തെ ആളുകൾ പറയും- ടീച്ചർ കാക്ക കറുപ്പ് എന്നു പഠിപ്പിയ്ക്കുമ്പോൾ കുട്ടികൾ കാക്ക ചുവപ്പ് എന്നു പറയുമെന്ന്. എല്ലാം ചുവപ്പാണ്. ഇലയും തണ്ടും തടിയും കാക്കയും കുരങ്ങും എല്ലാം. ഭുദേവിയുടെ ഗർഭപാത്രം ഉടച്ചിട്ട ചുവപ്പ്. ദുർലഭമായ പക്ഷികളും ശലഭങ്ങളും  സസ്യങ്ങളും നിറഞ്ഞ കാടാണ്;  കാടായിരുന്നു...

2019 ഫെബ്രുവരി 21, വ്യാഴാഴ്‌ച

മാതൃഭാഷ

കറാഡി

ലോകത്തുള്ള ലക്ഷക്കണക്കിനു ഭാഷകളിൽ ഓരോ രണ്ടാഴ്ചകളിലും ഒരു ലിപിയില്ലാ ഭാഷ വീതം നാമാവശേഷമാകുന്നുണ്ടെന്ന് ഇന്നു രാവിലെ ആകാശവാണി പറഞ്ഞപ്പോഴാണ് ഇതെഴുതണമെന്ന് തോന്നിയത്.

ഇന്ന് മാതൃഭാഷാദിനം. കുട്ടിക്കാലം മുതലേ കുഴയ്ക്കുന്ന ഒരു ചോദ്യമാണ് മാതൃഭാഷയേതെന്നുള്ളത്.  രണ്ടമ്മമാരുള്ള ഒരു കുട്ടിയാണ് ഞാൻ. മലയാളം പഠിയ്ക്കുകയും എന്റെയുള്ളിൽ മലയാളം വളരുകയും ചെയ്തു. കറാഡി(കർഹാഡി ) എന്ന മറ്റേ അമ്മ പോഷിപ്പിയ്ക്കപ്പെട്ടില്ലെങ്കിലും ശോഷിയ്ക്കപ്പെടാതെ മനസ്സിനോട് ചേർന്ന് ശക്തയായി കൂടെയുണ്ട്. നിങ്ങൾക്കു മുമ്പിൽ മറഞ്ഞിരിയ്ക്കുകയോ മറയ്ക്കപ്പെടുകയോ ചെയ്യുന്ന മറ്റേ അമ്മയെക്കുറിച്ച് ഇന്നെഴുതട്ടെ.

മഹാരാഷ്ട്രയിലെ കറാഡ് ('റ'യ്ക്കു കുറച്ച് 'ഹ' ചേർത്ത് 'റ്ഹ' എന്നപോൽ ഉച്ചരിയ്ക്കാൻ അപേക്ഷ) ജില്ലയിൽ നിന്ന് ഒരു നൂറ്റാണ്ടുമുമ്പ് തെക്കേ ഇന്ത്യയിലെ കാസർകോഡ്, മംഗലാപുരം മലഞ്ചെരിവുകളിലെ ദുർഘട പരിസ്ഥിതിയിലേയ്ക്ക് കുടിയേറിപ്പാർത്ത കറാഡബ്രാഹ്മണരാണ് എന്റെ പൂർവ്വികർ. അതൊരു പലായനമായിരുന്നു. ഇസ്ലാമിലേക്ക് മതപരിവർത്തനം ഭയന്നായിരുന്നെന്നും അതല്ല വരൾച്ച കാരണമായിരുന്നെന്നും അഭിപ്രായങ്ങളുണ്ട്.

അവനവനെ അറിയുക എന്നത് വളരെ പ്രധാനപ്പെട്ടതായി കരുതുന്ന ഒരുപാട് പേര് എല്ലായിടത്തുമുണ്ട്. ചരിത്രത്തിലും ഗവേഷണത്തിലും താൽപര്യവും എന്നെക്കാളേറെ വിവരവുമുള്ള കറാഡിക്കാരും ധാരാളമുണ്ട്. അവരാരും ഒന്നും എഴുതാത്തത് കൊണ്ടും നിങ്ങൾക്കു മിക്കവർക്കും ഒന്നും അറിയാത്തതു കൊണ്ടും മാത്രമാണ് അല്പജ്ഞാനിയായ ഞാനെഴുതുന്നത്.

കീഴ്ക്കാംതൂക്കായ മലകളിൽ കൃഷിചെയ്യാൻ സ്ഥലം കിട്ടാത്തത് കാരണമോ നിവൃത്തികേടുകൊണ്ടോ നിലമ്പൂരിലേയ്ക്ക് കുടിയേറിയതാണ് എന്റെ മുതുമുത്തച്ഛനും മറ്റു ചിലരും. എമ്പ്രാന്തിരി എന്നു വിളിയ്ക്കപ്പെട്ട ഇക്കൂട്ടർ ശാന്തിയും മുട്ടുശാന്തിയും ഹോട്ടൽ/ വെപ്പ് പണിയുമായി ജീവിതം തുടങ്ങി. കാസർഗോഡ് - മംഗലാപുരം ഭാഗത്തുള്ളവർ ഭട്ട് എന്നും ശർമ എന്നും അറിയപ്പെടുന്നു. ഇവർ മലയാളം, കന്നട, തുളു, കറാഡി എന്നീ നാലോളം ഭാഷകൾ ദിവസേന സംസാരിയ്ക്കുന്നവരാണ്.
ഈ നാലുഭാഷയെക്കുറിച്ചും അഭിമാനബോധമുള്ളവരാണ്. ഇതിൽ തുളുവും കറാഡിയും ലിപിയില്ലാ ഭാഷകളായതിനാൽ വംശനാശഭീഷണി നേരിടുന്നവയാണ്. അവയെക്കുറിച്ച് ഇവർക്ക് ഉത്കണ്ഠ ഉണ്ടെങ്കിലും ഈയിടെയായി തുളുവിൽ സിനിമകളും ടിവി ചാനലും പാട്ടുകളും എഫ്എം റേഡിയോയും ഒക്കെ വന്നത് പ്രത്യാശാജനകമാണ്.

എന്നാൽ എന്റെ മറ്റമ്മയുണ്ടല്ലോ, കറാഡി; അവളങ്ങനെയല്ല. സ്വന്തം മക്കൾ തന്നെ ഏറെ തള്ളിപ്പറഞ്ഞവളാണ്. തഴഞ്ഞു കളഞ്ഞവളാണ്. ശുഷ്കിച്ചു ശോഷിച്ച് അവിടെ കന്നഡയും ഇവിടെ മലയാളവും ചേർന്ന്, ശുദ്ധത നഷ്ടപ്പെട്ട്, അവഗണിക്കപ്പെട്ട്.. മറ്റു ഭാഷാ പദങ്ങളും സംസ്കാരവും ചേർന്നാലും ഭാഷകൾ പരിപോഷിയ്ക്കപ്പെടുകയും സമ്പുഷ്ടമാക്കപ്പെടുകയും ചെയ്യാറുണ്ട്. പക്ഷേ മിണ്ടാൻ ആളില്ലാത്തതിനാൽ തലച്ചോറിലെ മറവിക്കമ്പളത്തിനു താഴെ
ദ്രവിച്ചു മണ്ണടിയുന്ന അവശേഷിപ്പ് മാത്രമായ ഒരു ദുർബലയായിപ്പോയി എന്റെ മറ്റമ്മ.

പണ്ടൊക്കെ സ്കൂളിൽ പോകാൻ തുടങ്ങുമ്പോഴാണ് കറാഡിക്കുട്ടികൾ മലയാളമോ കന്നഡയോ പഠിച്ചു തുടങ്ങുന്നത്. താമസിയാതെ സഹോദരങ്ങൾ തമ്മിൽ കൂട്ടുകാരുടെ മുന്നിൽ വെച്ച് കറാഡി പറയാൻ മടിയ്ക്കുന്നു. കൗമാരത്തിലേയ്ക്കു വളരുന്നതോടെ ലിപിയില്ലാത്ത പ്രാകൃതഭാഷയോട് അവർക്ക് അറപ്പും സമൂഹത്തിൽ നിന്നു തന്നെ വേർതിരിയ്ക്കുന്ന ഒന്നെന്ന നിലയിൽ വെറുപ്പും തോന്നിത്തുടങ്ങുന്നു. കൂട്ടുകാർ വീട്ടിൽ വരുമ്പോൾ കറാഡി ഉപയോഗിയ്ക്കരുതെന്ന് വീട്ടുകാരോട് നിർദ്ദേശിയ്ക്കുന്നു. സ്കൂളിലോ പൊതുസ്ഥലങ്ങളിലോ വെച്ച് കറാഡി സംസാരിയ്ക്കുന്ന വീട്ടുകാരോട് വഴക്കിടുന്നു. മാനം പോയി എന്നു പറയുന്നു. അവർക്കറിയാത്ത ഭാഷ (കരടി എന്നാണ് കൂട്ടുകാർ വിളിച്ചു കളിയാക്കുന്നത് ) പറഞ്ഞാൽ അവർ കരുതും അവരെ ചീത്ത വിളിയ്ക്കുകയാണെന്ന്. കുറ്റം പറയുകയാണെന്ന്.

കണ്ണൂരിനും തെക്കോട്ടുള്ള കറാഡിക്കാരിലാണ് പ്രശ്നം രൂക്ഷം. കാസർകോഡ് - മംഗലാപുരം ജില്ലക്കാർ അല്ലെങ്കിലേ ബഹുഭാഷികളല്ലേ. അവിടെ കറാഡികളുടെ സാന്ദ്രതയും കൂടുതലാണ്. മഡിക്കേരി ഭാഷ, തുളു, കൊങ്ങിണി ഇതൊക്കെ ധാരാളമായി ചിതറിക്കിടക്കുന്ന ഒരു മിശ്രസമൂഹമായതിനാൽ അവിടെ മറ്റുള്ളവരുടെ തുറിച്ചുനോട്ടവും അന്യഗ്രഹജീവീ മനോഭാവവും കുറവാണ്. ബംഗാളികൾ വന്നതിനുശേഷം കേരളത്തിൽ ഇത്തിരി ആശ്വാസമുണ്ടോ ആവോ.

നിലമ്പൂരും മഞ്ചേരിയും ഗുരുവായൂരുമൊക്കെ പഠിച്ച്, മംഗലാപുരത്തുകാരനെ കല്യാണം കഴിച്ച എനിയ്ക്ക് ഒരു പോറ്റമ്മയേയും കിട്ടി- കന്നഡ. ഉഷാ ഉതുപ്പിനെപ്പോലെ പോറ്റമ്മയെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാൻ എന്നിലെ മലയാളിച്ചി മടിച്ചു. കല്യാണം കഴിഞ്ഞ് ഒന്നാം കൊല്ലം തന്നെ മലയാളത്തിൽ രാമായണവും മഹാഭാരതവും വായിച്ച കന്നഡമീഡിയം കാസർഗോഡുകാരി ചിക്കമ്മയെപ്പോലെ (ചെറിയമ്മ) ആവുമായിരിയ്ക്കും ഞാനും എന്നുകരുതിയ എനിയ്ക്കു തെറ്റി. മലയാളി എന്ന് ഊറ്റംകൊണ്ട എന്റെ മനസ്സ് കന്നഡയെ പ്രതിരോധിച്ചതാകാം. കന്നഡക്കാരനും എനിയ്ക്കും ഇടയിൽ കറാഡിയുണ്ടായിരുന്നു. 

പൊതുവേദികളിലൊക്കെ അതിഘോരം കന്നഡയെ പ്രശംസിയ്ക്കുന്നത് കേൾക്കാം. നമ്മളും ചെയ്യാറുണ്ടല്ലോ അതൊക്കെ. ആയിരം കന്നഡക്കാർക്ക് നടുവിലും നാലേനാല്.. വേണ്ട- രണ്ടേരണ്ടു മലയാളികൾ 'ഇവറ്റകൾക്കൊന്നും നമ്മടത്രേം ബുദ്ധി പോരാ' എന്ന മട്ടിൽ സംസാരിക്കുന്നതിന്റെ ഒരു സുഖം.. അത് ഞങ്ങൾ പ്രവാസി മലയാളികൾക്ക് സ്വന്തം.

നോക്കൂ നോക്കൂ.. മറ്റമ്മയെപ്പറ്റി പറയാൻ വന്നാലും പെറ്റമ്മയെപ്പറ്റി പറഞ്ഞു പോകും.

കൂട്ടുകാരിൽ നിന്നും സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെടുന്നത് എന്ന നിലയിൽ സ്വന്തം പൂണൂലിനേയോ കുലത്തേയോ ജാതിയേയോ വെറുക്കുന്ന സവർണ്ണ കൗമാര-യുവത്വങ്ങളെപ്പറ്റി ധാരണയുണ്ടോ മനുഷ്യരേ നിങ്ങൾക്ക്? അവരുടെ അപകർഷതയെപ്പറ്റി കേട്ടുകേൾവിയുണ്ടോ? ലോകത്തെ കോളനിവത്കരിച്ചതിനെച്ചൊല്ലി, പോയതലമുറ ചെയ്ത പാപങ്ങളെച്ചൊല്ലി ഇംഗ്ലീഷുകാർക്കുള്ളതുപോലെ രക്തത്തിലലിഞ്ഞതും മുറിച്ചുമാറ്റാൻ പറ്റാത്തതുമായ ഒരു പശ്ചാത്താപബോധത്തോടെയാണ് ഒരുപാട് സവർണർ ജീവിക്ക്കുന്നതെന്ന തിരിച്ചറിവിന്റെ കാറ്റ് നിങ്ങടെ വൻകരയിലെന്നെങ്കിലും വീശിയിട്ടുണ്ടോ? അത്തരമൊരു അപകർഷത കേരളസമൂഹത്തിനകത്ത് വീട്ടിനകത്തു മാത്രം തമിഴും കന്നഡയും തെലുങ്കും കൊങ്ങിണിയും സംസാരിക്കുന്ന കൊച്ചുകൊച്ചു സമൂഹങ്ങൾക്കുണ്ടെന്ന് തനി മലയാളിയ്ക്കറിയാമോ? നിലനിന്നോളണമെന്നത് ഒരു ഭാഷയുടേയും സംസ്കാരത്തിന്റേയും ആവശ്യമല്ല മറിച്ച്, നാനാത്വത്തിന്റെ ഗുണഭോജിയായ മനുഷ്യന്റെ മാത്രം ആവശ്യമാണ്.

ഞാൻ പെറ്റിട്ടതിന് ഞാൻ കറാഡി തന്നെ കൊടുക്കണം എന്നത് എനിയ്ക്ക് നിർബന്ധമായിരുന്നു. സ്കൂളിൽ പോയിത്തുടങ്ങിയപ്പോൾ ആശയവിനിമയത്തിൽ very poor ആയ ഒരുവളായി ആദ്യവർഷം മകൾ കണക്കാക്കപ്പെട്ടു. അതിലെനിക്ക് പരിഭ്രമമില്ലായിരുന്നു. ഇന്നവൾ മറ്റേതൊരു കന്നഡക്കുട്ടിയെയും പോലെ മാതൃഭാഷാസ്നേഹിയാണ്. എന്റെ കന്നഡ അദ്ധ്യാപികയാണ്. മലയാളസിനിമ ഉള്ളിടത്തോളം കാലം അവൾ മലയാളം പഠിയ്ക്കുന്നതിൽ പരാജയപ്പെടില്ല എന്നായിരുന്നു എന്റെ ധൈര്യം. കേൾക്കാനിമ്പമുള്ള ഒരുതരം മലയാളം ഇപ്പോഴേ അവൾ  സ്വന്തമാക്കിയിട്ടുണ്ട്. ശൈശവത്തിൽ തെളിഞ്ഞ കറാഡി എന്നുമെന്നും അവൾക്ക് കൂട്ടുണ്ടാവുകയും ചെയ്യും.

ഝാൻസിറാണി ലക്ഷ്മി ബായി, ലക്ഷ്മണറാവു കിർലോസ്കർ, എം എസ് ഗോൽവാൽക്കർ തുടങ്ങിയവരുടെ ബന്ധുക്കളായ കറാഡികളിൽ കറാഡിയെ നാണക്കേടായി തള്ളിക്കളയുന്നവർ മാത്രമല്ല കെട്ടോ; ഏതു പൊതുസ്ഥലത്തു വെച്ചും കറാഡിയിൽ സംസാരിയ്ക്കാൻ മടിയില്ലാത്ത, കറാഡിയിൽ നിങ്ങളെ കുറ്റം പറയാൻ കഴിവുള്ള, ഒരു ഭാഷ കൂടി അധികമറിയാമെന്ന് അഭിമാനമുള്ള എന്നെപ്പോലുള്ളവരും ധാരാളമുണ്ട്.

https://www.google.com/url?sa=t&source=web&rct=j&url=https://en.m.wikipedia.org/wiki/Karhade_Brahmin&ved=2ahUKEwimi5Pj7szgAhVLfCsKHUvaD-sQFjABegQICRAB&usg=AOvVaw3rBAsk7daD13Fw8K6tF9B8

https://www.google.com/url?sa=t&source=web&rct=j&url=https://www.quora.com/What-is-the-history-of-Karhade-Brahmins&ved=2ahUKEwimi5Pj7szgAhVLfCsKHUvaD-sQFjAAegQIBhAB&usg=AOvVaw3fOujjV97KgPLUBk47i1wG