2020 മേയ് 22, വെള്ളിയാഴ്‌ച

ഇന്ദു മേനോൻ -2

വാക്കല്ലേ മാറ്റാൻ പറ്റൂ? മേൻനെ മുഴോനെ വായിച്ചപ്പോൾ അഭിപ്രായം കൊറച്ച് മാറീ ട്ടോ.

ധൈര്യത്തിന്റെ കാര്യത്തിൽ ഇന്ദുമേനോൻ ആള് ഡ്രാക്കുളയാണ്. പക്ഷേങ്കില്...  എല്ലാ കഥകളിലും ഒരേ ശരീരഭാഗം സ്ഥാനത്തും അസ്ഥാനത്തും പറഞ്ഞപ്പോൾ ഒരു സംശയം- ഇതൊരു കച്ചവട തന്ത്രമല്ലേ ന്ന്. ആവർത്തനം ധൈര്യത്തെ
പൈങ്കിളിയാക്കി. ഉപദേശി  കൃഷ്ണന്റെയോ കൂട്ടാരൻ അർജുനന്റെയോ മുലഞെട്ടിനെപ്പറ്റി പറയാത്തതു കൊണ്ടല്ലല്ലോ ഭഗവത് ഗീത ബോറടിക്കുന്നത്? (ഹൊ! എന്റെ ധൈര്യംസമ്മതിക്കണം. ആദ്യായീട്ടാണെയ്..)

ഇന്ദു മേനോന്റെ 'ചുംബനശബ്ദതാരാവലി' എന്ന ഒറ്റ പുസ്തകമേ വായിച്ചിട്ടുള്ളൂ. എട്ടു ചെറുകഥകളിൽ എല്ലാത്തിലും സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങളെ കാട്ടിയിരിക്കുന്നു. 'രക്തകാളീ രക്തകാളീ' എന്ന കഥ നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. ആഖ്യാനം, ഘടന, വിവരണം എല്ലാത്തിലും എടുത്തുപറയാവുന്ന കഴിവുണ്ട്. കഥാവിഷയങ്ങളുടെ വൈവിധ്യം പ്രശംസനീയമാണ്.

പക്ഷേ അടിമത്തം പേറുന്ന, വഞ്ചന പറ്റുന്ന, അവഗണനയനുഭവിക്കുന്ന പെണ്ണുങ്ങളുടെ കഥകൾ മിക്കതും പെൺകഥകളല്ല. നമ്മളാ കഥയനുഭവിക്കാൻ പോകുന്നത് അവളെ അടിമയാക്കിയ- വഞ്ചിച്ച- അവഗണിച്ചവനിലൂടെയാണ്. അവന്റെ പക്ഷത്തുനിന്നുള്ള വർണ്ണന. വേട്ടയാടപ്പെടുന്നവളുടെ ശരീരത്തിൽ (ശരീരത്തിൽ തന്നെ. ശരീരത്തിൽ മാത്രം) വേട്ടയാടുന്നവനെ രസിപ്പിക്കുന്നതെന്താണെന്ന്. ചില സിനിമകളിലും ഇങ്ങനെ കണ്ടിട്ടുണ്ട്. ബലാത്സംഗത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന നിയമജ്ഞനോ പോലീസോ കോപ്പിലെ ഹീറോയോ ആകും കഥാതന്തു. പ്രേക്ഷകന്റെ സാമൂഹ്യബോധം, നീതിബോധം, സദാചാരബോധം എന്നിവയെയൊക്കെ ലാളിച്ചു സാന്ത്വനിപ്പിക്കുന്ന ധർമ്മ വിജയത്തിന്റെ തട്ടു താഴ്ന്നിരിക്കും. പക്ഷെ ഇരയെ കാണുക അവളുടെ ശരീരത്തിന്റെ അനുപാതങ്ങളിലും അതിന്റെ കച്ചവട സാദ്ധ്യതകളിലുമായിരിക്കും. കുറ്റവാളിയുടെ ഇന്ദ്രിയബോധത്തിനുള്ളിലാകും കാഴ്ചക്കാരൻ. സിനിമയോടുന്നിടത്തോളം കാലം അവൾ- സ്ത്രീ- വീണ്ടും വീണ്ടും കച്ചവടം ചെയ്യപ്പെടുന്നു. സ്വാഭാവിക സംഭവമെന്ന പോലെ തെറ്റ് സമൂഹമനസ്സിൽ പതിയുന്നു. അതുപോലൊരു സമീപനം ഈ എഴുത്തിലും ഉണ്ട്. അതു രസിക്കുന്നവർ അവരെ തേടിപ്പിടിച്ചു വായിക്കട്ടെ.

എന്നാൽ, ഓരോ കഥയിലും അവർ വ്യക്തമാക്കിയിരുന്നുവെങ്കിൽ എന്നു ഞാനാഗ്രഹിച്ച ചിലവയുണ്ട്. അതിലൊന്നു പറയാം.

ജന്തു എന്ന കഥ നന്നായിരിക്കുന്നു. ശത്പുര പർവ്വത മേഖലയിലുള്ള ബസ്തറിലെ വനപ്രദേശത്തെ ഇന്ദർ വേലി മണ്ഡലിലെ ഗോണ്ഡുകൾ മുറിയകൾ തുടങ്ങിയ ഗോത്ര വിഭാഗങ്ങളുടെ ഭൂമി തട്ടിയെടുത്ത ഇരുമ്പു ഖനി മാഫിയയിലെ ഗുണ്ടകളെ എതിരിടുന്ന ബസുന്ധരയുടെ കഥയാണത്. ഇരുമ്പ് ഖനി ഒരു കാടോ കൃഷി സ്ഥലമോ ആയിരുന്നെന്നും മനുഷ്യനടക്കം അവിടെയുള്ള എല്ലാ കാട്ടു ജന്തുക്കളുടെയും സസ്യങ്ങളുടെയും വാസസ്ഥാനം അപഹരിക്കപ്പെട്ടിരിക്കുകയാണ് എന്നുമുള്ള വേദനിപ്പിക്കുന്ന സത്യങ്ങളുണ്ട്- കഥക്കു പുറത്തും. അതൊന്നു കൂടി ഊന്നിപ്പറയാമായിരുന്നു രത്തന്റെ സ്വവർഗ്ഗരതിക്കു പകരം.

കണ്ട സണ്ടൂരിലെ ഖനിയെക്കുറിച്ച് എഴുതിയതോർമ്മ വന്നു- ചുകചുകന്ന മണ്ണു കലങ്ങിയ വെള്ളത്തെക്കുറിച്ചു വായിച്ചപ്പോൾ. കാടെന്ന തുണിയുരിഞ്ഞ്, മജ്ജയും മാംസവും കൊള്ളയടിക്കപ്പെട്ട, ഉറവകൾ വറ്റിയ മലകൾ.. സമതലങ്ങളാക്കപ്പെട്ട, മരുഭൂമികളാക്കപ്പെട്ട പഴയ മലകൾ.. അവിടെ ജീവിച്ചിരുന്ന സസ്യജന്തുജാലങ്ങൾ,  ഗോത്രവർഗങ്ങൾ..

ആര്യാധിനിവേശകാലം മുതൽ  മുതൽ വനാന്തരങ്ങളിലേക്ക് ഉൾവലിയുന്ന ദ്രാവിഡ ഗോത്ര വർഗ്ഗങ്ങളാണവർ. ആയിരക്കണക്കിനു വർഷങ്ങൾ പ്രകൃതിക്കും മനുഷ്യനും മുന്നിൽ പിടിച്ചു നിന്നവരെയാണ് നാം ഇക്കഴിഞ്ഞ പത്തെഴുപതു വർഷങ്ങളിൽ ജെസിബി കൊണ്ടു മാന്തിയെറിഞ്ഞു കളഞ്ഞത്. നമ്മളെന്നാൽ സ്വതന്ത്രഭാരതത്തിലെ ദേശസ്നേഹികളായ, മനുഷ്യസ്നേഹികളായ പൗരന്മാർ. ഇതൊരു ആഗോള പ്രശ്നമാണ് എന്നറിഞ്ഞിട്ടും ദേശവത്കരിച്ചത് എന്തിനെന്നോ? നാം വോട്ടു ചെയ്തു വളർത്തിയവരും നമ്മുടെ നികുതിപ്പണം സർക്കാർ ശമ്പളമായി വാങ്ങുന്നവരുമാണ് ഈ ഹിംസക്കു പിന്നിലെന്നതിനാൽ.  പരിസ്ഥിതി ആഘാത പഠനവും വനവൽക്കരണവും ഏട്ടിലെ പശു. അതിലോല പരിസ്ഥിതി മേഖലകളും ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളുമടക്കം മണിക്കൂറിനകം ലോറിക്കു പിന്നിലെ ലോഡാക്കി മാറ്റുന്നവർ. ദിവസം 200 ഘന അടി ഖനനം ചെയ്യാനുള്ള ലൈസൻസ് വെച്ച് രണ്ടായിരമോ ഇരുപതിനായിരമോ ഘന അടി ഖനനം ചെയ്യുന്നവർ... സണ്ടൂരിലെപ്പോലെ.

********     *******     ********

ആദ്യത്തെ ഒന്നര മാസം സമ്പൂർണ്ണ ലോക്ഡൗണിലായിരുന്നു വീടിൻറെ ഗേറ്റ്. ഇക്കഴിഞ്ഞ ദിവസം അയലത്തൊരു കള്ളൻ മതിൽ ചാടി അകത്തു കടന്ന പശ്ചാത്തലത്തിലാകണം മകൾ ആ ചോദ്യം ചോദിച്ചത്.

"നമുക്കീ ഗേറ്റും മതിലും എന്തിനാണമ്മാ?"

"നമ്മുടെ സുരക്ഷിതത്വത്തിന്. കള്ളൻ കയറാതിരിക്കാൻ."

"എനിക്കു പോലും ചാടിക്കടക്കാവുന്ന ഈ ഗേറ്റോ?"

ശരിയാണ്. കോണകം പോലുള്ള മുറ്റത്ത് ഷട്ടിലുകളിക്കുമ്പോൾ റോട്ടിൽ നിന്ന് കോക്ക് പെറുക്കിക്കൊണ്ടുവരാൻ ദിവസം അമ്പതുവട്ടം പൂട്ടിയിട്ട ഗേറ്റു ചാടും. അതു തന്നെ ഒരു കളിയാണ്. അവളുടെ ചോദ്യം എന്നെ ബുദ്ധിമുട്ടിലാക്കി. കള്ളന് കയറാൻ ബുദ്ധിമുട്ടില്ല. അതുമല്ല; ഓരോ വീടിനും മതിലും ഗേറ്റും എന്തിനാണെന്ന് അവൾ ചോദ്യത്തിന് കൃത്യത വരുത്തുകയും ചെയ്തു.

എന്തെല്ലാമാണ് ഉത്തരങ്ങൾ?

മനുഷ്യർ കള്ളൻമാരാണ്?

മനുഷ്യർക്കു പരസ്പരം വിശ്വാസമില്ല?

തനിക്കു തിന്നാനാവുന്നതിൽ കൂടുതൽ സമ്പാദിച്ചു കൂട്ടി വയ്ക്കുന്നതാണ് ജീവിത ധർമ്മം എന്ന നമ്മുടെ വിശ്വാസം?

ആഡംബരങ്ങളും അത്യാഗ്രഹങ്ങളും അത്യാവശ്യങ്ങളാണ്?

ആ മല പൊട്ടിച്ച് കല്ലും മണലും സിമൻറുമുണ്ടാക്കി മതിലു പണിയും.

ഈ മല വെട്ടിക്കീറി ലോഹ അയിരുകൾ എടുത്ത് ഗേറ്റും കുറ്റിയും കൊളുത്തും പണിയും.

കുന്നുകൂടിയ സമ്പാദ്യങ്ങളും തുണികളും വെക്കാൻ ലോഹ അലമാരകളുണ്ടാക്കും.

ജീവിതം ഒന്നേയുള്ളൂ.

അത്യാവശ്യമാകാം.
ആവശ്യവുമാകാം.
അനാവശ്യം എത്രത്തോളമാകാമെന്നത് മാനാഭിമാനത്തിന്റെ പ്രശ്നമാണ്.

ലോഹമാകട്ടെ, പ്ലാസ്റ്റിക്കാകട്ടെ- നമ്മളാണു യഥാർത്ഥ ഡിമാന്റ് മേക്കേഴ്സ്.

ജീവിതം ഒന്നേയുള്ളൂ- അവർക്കും.

2020 മേയ് 19, ചൊവ്വാഴ്ച

മെമ്മെ

ഇങ്ങനെ തുടങ്ങിയാൽ എന്തു ചെയ്യും! വളർന്നു പോത്തോളം പോന്നിട്ടും മെമ്മെ വേണത്രെ! ശാഠ്യം പിടിച്ച് പിന്നാലെ കൂടാൻ പറ്റിയ പ്രായം വല്ലതുമാണോ! ഉലക്കയ്ക്കടിക്കണ്ടേ?

എഴുതുന്നവയൊക്കെ കഥയെന്നോ കവിതയെന്നോ ഓർമ്മക്കുറിപ്പെന്നോ പോലും വകതിരിക്കാനാവാത്തവയാണെന്ന വീണ്ടുവിചാരത്തിൽ ചെറുകഥയൊരെണ്ണമെഴുതണമെന്നു കരുതിയതാണ്. നായികയുടെ ചിന്താശകലങ്ങളും സ്വപ്നങ്ങളുമെഴുതി. കേമം. രാത്രി സമയമെത്രയായോ എന്തോ. കണ്ണുനീറാൻ തുടങ്ങുകയും എഴുതാൻ തുടർന്നൊന്നും കിട്ടാതാവുകയും ചെയ്തപ്പോൾ കഥയില്ലാത്ത ആ കഥയിൽ തന്നെ കിടന്നുറങ്ങി. അതിരാവിലെ ആദ്യത്തെ കാക്കയ്ക്കൊപ്പമുണർന്നപ്പോഴും ആ കഥയില്ലായ്മയിൽ തന്നെ കിടപ്പായിരുന്നു ഞാൻ. ലൈറ്റിട്ട് വായിച്ചു നോക്കിയപ്പോൾ കലിഡോസ്കോപ്പിലെ വളപ്പൊട്ടുകൾ പോലെ മിന്നിത്തിളങ്ങുന്ന വർണ്ണക്കഷ്ണങ്ങൾ- ഏച്ചു കൂട്ടാനാവാത്ത ഖണ്ഡികകൾ. കഥയെഴുതാൻ പുറപ്പെട്ടിട്ട് കഥയിലൊരു കഥ മാത്രമില്ല. 

പല്ലു തേച്ചിട്ടും മുറ്റമടിച്ചിട്ടും പാത്രം മോറിയിട്ടും തുണിയലക്കിയിട്ടും കുളിച്ചു ഭക്ഷണം കഴിച്ചിട്ടും കഥ പുറപ്പെട്ടില്ല. മുഖ്യമായ തുണ്ടുകളൊക്കെ നഷ്ടപ്പെട്ട ബിൽഡിങ്‌ ബ്ലോക്സ് കിട്ടിയ കുട്ടിയെപ്പോലെ  എഴുതിത്തീർന്നവയും മടിയിലിട്ട് ഞാൻ കുറേ നേരമായി ചിന്താക്കുഴപ്പത്തിലിരിക്കുന്നു. തിരിച്ചും മറിച്ചുമിട്ട് ഉടച്ചു വാർത്താലും കഥയില്ലാത്തൊരു കഥ. മഴനൂലിൽ നിന്നൊരിഴ പോലും വേർപെടുത്താനാകാതെ മാനത്തു മിഴിനട്ട് ചിന്തയിലാണ്ടു. അപ്പോഴാണവർ പൊട്ടിവീണത്.

വാതിൽ തുറന്ന് കലാപക്കാർ അകത്ത് പ്രവേശിച്ചു. വലിയ ഒച്ചയിട്ടാണ് കൊച്ചുവർത്തമാനം. പത്തുവയസ്സുകാരി കൊഞ്ഞപ്പടയോടെ കൊഞ്ചിക്കൊഞ്ചി മിണ്ടുന്നു. പതിനൊന്നുകാരി കസിൻ സകലവിധ സഹായങ്ങളുമായി കട്ടക്ക് കൂടെ.

"മ്മേ.. ഇമ്മേ... ഏട്ടനെന്നെ അദിച്ചു. അമ്മേന്റെ കുറ്റീനെ ഏട്ടനദിച്ചു. അമ്മേന്റെ കുറ്റിച്ച് വേദനിച്ചു. ങീ... മെമ്മെ വേണം... അമ്മേന്റെ കുറ്റിക്ക് മെമ്മെ വേണം... മ്മേന്റെ കുറ്റിച്ച് മെമ്മെ തരൂ... ങീ... ഹീ... ഹീ..." കിളിമൊഴി കള്ളത്തി കരച്ചിലാണ്. കണ്ണൊക്കെ തിരുമ്മി... ചുണ്ടാക്കെ കോട്ടി.. കേട്ടാൽ വാത്സല്യമിറ്റും. വലിച്ചെടുത്തു മടിയിലിരുത്തി കൊടുക്കാൻ തോന്നും. പക്ഷെ പറ്റുമോ!  കാലം തെറ്റിപ്പൂത്തൊരു ആശയെ ഒന്നൂടെ മടിയിലിരുത്തി അമ്മട്ടിൽ താലോലിക്കാൻ എനിക്കെന്നല്ല ഏതെങ്കിലും അമ്മക്ക് പറ്റിയിട്ടുണ്ടോ?

സ്ക്കൂളച്ചതിനു ശേഷം കവിളിലൊരു മിനുപ്പു വന്നിട്ടുണ്ട്. കണ്ണിലെ മുറ്റിനിൽക്കുന്ന കുസൃതിക്ക് കൺമഷി കൊണ്ടതിരിട്ടിട്ടുണ്ട്. എന്തു കാര്യം! കുസൃതി മുഴുവൻ പുറത്തുചാടി കവിൾ തുടുത്ത്  പിങ്കുനിറമായിരിക്കുന്നു. പനിനീർ ദളം പോലെ. ഒന്നു തൊട്ടാൽ പോറൽ വീണാലോ വേദനിച്ചെങ്കിലോ എന്നു തോന്നുന്ന ഉമ്മത്തട്ട്.

മാറിലേക്കുനോക്കി നൊട്ടിനുണഞ്ഞ് മുഖമടുപ്പിച്ചപ്പോൾ ചിരിയടക്കി കോപം വരുത്തിക്കൊണ്ട് കമിഴ്ന്നു കിടന്നൂ ഞാൻ.
"പോ അവിട്ന്ന്. കഥക്കു തുമ്പില്ലാണ്ടെ അന്തം പോയി ഇരിക്കാ ഇവടെ."

"ഞാനമ്മേന്റെ കാലു പിദിക്കാം. പ്ലീശ്.. അമ്മേന്റെ കുറ്റിച്ച് ഇച്ചിരി പാൽ തരില്ലേ? ഇച്ചിരി പാല് തന്നാല് അമ്മേന്റെ കുറ്റി പൊയ്ക്കോളാം.." കാൽ കെട്ടിപ്പിടിച്ച് ഉമ്മമഴ. സീൻ വികാരനിർഭരമാക്കി അടിപൊളിയാക്കാൻ പതിനൊന്നുകാരീടെ എല്ലാ മുന്തുണയും പിന്തുണയുമുണ്ട്.

"പ്ലീസ്.. ഒന്നു പോകൂ കുട്ട്യോളെ.. ഞാനൊന്ന് ഒറ്റക്കിരിക്കട്ടെ.." ഇരിക്കാനും കിടക്കാനുമയക്കാത്തതിനാൽ കുറേ നേരം ഞാൻ കഷ്ടപ്പെട്ടു. ഇതിനിടയിൽ കൊഞ്ഞപ്പടകൾ തമ്മിൽത്തമ്മിൽ  ചോദ്യോത്തരങ്ങളും വിശദീകരണങ്ങളുമെല്ലാമുണ്ട്. പല ദുരാഖ്യാനങ്ങളും കേട്ട് വാ പൊളിച്ച് ചിരിക്കണോ കരയണോ എന്നറിയാതെ സ്റ്റക്കായി ഞാൻ. കുഞ്ഞുവാ പിളർത്തി കൊഞ്ചിക്കരയുന്ന ടോണിൽ അമ്മിഞ്ഞ ചോദിക്കുന്ന മകളെ അടക്കം പിടിച്ച് ഒരു ഞൊടിയുടെ മായാജാലം കൊണ്ട് രണ്ടരവയസ്സുകാരിയാക്കി മടിയിലിരുത്തി ഉടുപ്പു വകഞ്ഞ് മെമ്മെ കൊടുക്കാൻ മനസ്സു വെമ്പി. എല്ലാ അമ്മമാരിലും ഒളിഞ്ഞിരിപ്പുണ്ടാകാം ഇതുപോലൊരാഗ്രഹം. ഒരുപക്ഷെ അവർ പോലും ശ്രദ്ധിക്കാതെ. 

ഇതിപ്പോൾ ഇങ്ങനെ വന്നു ചോദിക്കുമ്പോൾ.. ഒരു നിമിഷം.. പതിനൊന്നുകാരിയെ പുറത്താക്കി (നാണമാ. അവൾക്കല്ല- എനിക്ക്) വാതിൽ കുറ്റിയിട്ട് ഒന്നു ശ്രമിച്ചാലോ എന്നു വരെ തോന്നിപ്പോയി ഇളിഭ്യച്ചിരി ചിരിച്ചും കൊണ്ടിരിക്കുമ്പോൾ. താനീയുലകത്തിലേ ഇല്ലെന്ന മട്ടിൽ അമ്മയതിലൂടെ കടന്നുപോയപ്പോൾ ഞാൻ അടക്കം പറഞ്ഞു; "ശ്... അമ്മമ്മയോടു പോയി ചോദിച്ചോളൂ. രണ്ടാൾക്കും കിട്ടും.''

ചുണ്ടു പുറത്തേക്കു തള്ളി കണ്ണിമ മുറുകെയടച്ചു തുറന്ന്
"ച്ചും. ഞാനിന്റെ അമ്മേന്റേ കുദിക്കൂ.. ന്റെ അമ്മേന്റെ എനിച്ച് മാത്രം കുടിച്ചണം. തങ്കം പൊയ്ക്കോളൂ..''

"അയിന് അമ്മമ്മേന്റെ മെമ്മേല് പ്പോ പാലൊന്നുണ്ടാവില്ല. അമ്മമ്മക്ക് വയസ്സായി. പ്രസന്നമ്മേന്റേല് കുറച്ച് ബാക്കീണ്ടാവും.."

ആഹാ.. കേമി! ഇവൾക്കു തരപ്പെട്ടാൽ അവൾക്കും തരപ്പെട്ടേക്കുമെന്നാണു വിചാരം.

"അമ്മേന്റെ കുറ്റി അമ്മേന്റെ കാല് പിടിച്ച് കരഞ്ഞിറ്റും ച്ചിരി മെമ്മെ തര്ണില്ലാലോ അമ്മേ... ഒന്നു കുദിക്കറ്റെ.." ബാലിക മുഖം മാറോടടുത്തു പിടിച്ച് കണ്ണടച്ചു ചുണ്ടുകൂട്ടി നിന്നു. കോപപ്പെട്ടു താക്കീതു നൽകി ഈ കിളിക്കൊഞ്ചലൊടുക്കാൻ എന്റെ ഹൃദയം സമ്മതിക്കുന്നില്ല. എത്രനല്ല കുട്ടിയാണ് അവളെന്ന് അവൾക്കറിഞ്ഞൂടല്ലോ. 

കട്ടിലിലിരിക്കുന്ന എന്നിലേക്ക് കുനിഞ്ഞു നിന്നാലും മുട്ടുകുത്തിയാലും ശരിയാകുന്നില്ലെന്നു കണ്ട് ജിജ്ഞാസയോടെ അവൾ ചോദിച്ചു: "അതെങ്ങന്യാണമ്മേ പണ്ടു ഞാൻ പാലുകുടിക്കാൻ ഇരുന്നിരുന്നത്?!!"

വീണ്ടും... ഒറ്റ മന്ത്രനോട്ടത്താൽ അവളെ പഴയ കൊച്ചുടലാക്കി മാറ്റി, ഒരു കൈത്തലം കഴുത്തിലും മറുകൈ കുഞ്ഞിച്ചന്തിയിലും താങ്ങിയുയർത്തി, പള്ളക്കൊരു മുത്തം കൊടുത്ത്, ഒരു കവിൾ വായു വയറ്റത്ത് ഫ്ർർ... എന്നൂതി ചിരിപ്പിച്ച് മടിയിലിട്ട് ഉടുപ്പു വകഞ്ഞ്, ആർത്തിയോടെ പിളർന്ന വായിലേക്ക് എന്നെ ചേർത്തു കൊടുത്ത് കുഞ്ഞു ശരീരം വയറോടൊതുക്കിപ്പിടിച്ച് പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും പരിഭവപ്പെട്ടും സാന്ത്വനിപ്പിച്ചും... 

അങ്ങനെ ഇനിയൊരിക്കലും കഴിയില്ല.

വാത്സല്യം തുളുമ്പിത്തെറിക്കുന്ന വിരലറ്റത്താൽ ഞാനവളുടെ മുടിയിൽ തൊട്ടു. 'അമ്മയെ ധർമ്മസങ്കടത്തിലാക്കാതെന്റെ പൊന്നേ' എന്നു ചിന്തിച്ച് നെടുവീർപ്പിട്ടു. അതിനപ്പുറം എന്തും അവിടെ അധികമാണെന്നു ചിന്തിച്ച് മുറിക്കു പുറത്തിറങ്ങി. അതിരുകളിൽ അടുപ്പിച്ചു നട്ട ശീമക്കൊന്നകൾ തഴച്ചു വളർന്ന് ഒന്നോളം പോന്നിരിക്കുന്നു. നിറയെ പൂത്തു നിൽക്കുമ്പോൾ അതിരിനും ഒരു ഭംഗിയൊക്കെയുണ്ട്. വെട്ടിയിട്ടാൽ ഒരു ഭംഗികേടും..

ചില ആഗ്രഹങ്ങൾ ആഗ്രഹങ്ങൾ മാത്രമാണ്. അവയൊക്കെ ഇരുട്ടിൽ തളക്കപ്പെട്ടാലും ജീവിതം മുന്നോട്ടു പോക തന്നെ ചെയ്യും. ചിരിച്ചും ഉണ്ടും ഉറങ്ങിയുമൊക്കെത്തന്നെ.

2020 മേയ് 15, വെള്ളിയാഴ്‌ച

സിംഹം

ലയണ്‍കിങ്ങിലെ സിംബ വളര്‍ന്ന് അവന്‍ സ്വപ്‌നം കാണുമ്പോലെ അവിടുത്തെ രാജാവാകില്ല. അവന്റെ അച്ഛനെ കൊന്ന അങ്കിൾ സ്കാറിനെ കൊന്ന് അവൻ രാജാവായാൽ ടുവിട്ടേ പറ്റൂ എന്നിട്ട് ശക്തി ഏറെ ഉണ്ടെങ്കില്‍ മാത്രം ബ്രഹ്മചാരിയായി മരിക്കേണ്ടി വരില്ല. ആശപ്പെടുമ്പോള്‍ കുറയ്‌ക്കേണ്ടതില്ല. സട, ശൗര്യം, ശക്തി... വെയില്‍കാഞ്ഞുറങ്ങുന്നൊരു ലയണ്‍കിങ്ങ് ആവണം. ലക്ഷൂറിയസ്. 

രണ്ടോ നാലോ സടയന്മാര്‍... അഞ്ചോ എട്ടോ ഭാര്യമാരും മക്കളും. തീറ്റതേടല്‍, വിശ്രമം... കാമകേളികള്‍, വിശ്രമം.. ജീവിതം ബീച്ചിലെ അവധിക്കാലം പോലെ ലളിതം. സുന്ദരം. 

സത്യം പറഞ്ഞാൽ സിംഹക്കൂട്ടങ്ങളില്‍ ജീവിതത്തെ നയിക്കുന്നത് സ്ത്രീകളാണ്. പുരുഷകേസരികള്‍ വരും പോകും. അമ്മചിറ്റമ്മമാരും സഹോദരികളും ഇവരുടെയെല്ലാം മക്കളുമടങ്ങുന്നതാണ് സിംഹക്കൂട്ടം. രണ്ടുമൂന്നാണുങ്ങള്‍ക്ക് മുഖ്യജോലി ബീജദാനമാണ്. പെണ്ണുങ്ങള്‍ കൂട്ടമായി വേട്ടയാടും. രാജാവിന് ചിടിവീണ് ഇരയെ കൊല്ലാന്‍ പാകത്തിന് ചിലപ്പോള്‍ ഓടിച്ചിട്ട് വളഞ്ഞ് കൊണ്ടുക്കൊടുക്കും. ഇര തടിമാടനാണെങ്കില്‍ ആവതില്ലാത്ത മുത്തശ്ശിമാര്‍ക്കും ഇത്തിരിപ്പോന്ന തക്കുടുവാവകള്‍ക്കുമടക്കം എല്ലാവര്‍ക്കും വീതം കിട്ടും. ക്ഷാമക്കാലമാണെങ്കില്‍ മത്സരിക്കാനായിട്ടില്ലാത്തവരും മത്സരകാലം കഴിഞ്ഞവരും റേഷന്‍ കിട്ടാതെ പട്ടിണി കിടന്നു ചത്തുപോകും. 

ആണുങ്ങള്‍ക്ക് നിത്യവും ചുറ്റും നടന്ന് ജലസേചനം തന്നെ പരിപാടി. മൂത്രമൊഴിച്ച്  ഏക്കറുകണക്കിന് സ്ഥലം നാറ്റിച്ചാണ് രാസമതില്‍ പണിയുന്നത്. കാടോടികളായ തെണ്ടി സടയന്മാര്‍ സിംഹാസനവും പട്ടമഹിഷിമാരെയും തട്ടിയെടുക്കാൻ വരുന്നുണ്ടോയെന്ന് 360 ഡിഗ്രി സ്‌കാനിംഗ് 24 x 7. കണ്ണിനും മൂത്രത്തിനും നല്ല പവര്‍ വേണമെന്നു സാരം. ആരാണീ തെണ്ടി സിംഹങ്ങളെന്നു കേള്‍ക്കണോ? നാലുവയസ്സിനു മൂത്ത ആണ്‍കുട്ടികള്‍ കൂട്ടത്തിൽ നിന്നു പുറപ്പെട്ടുപോകുന്നതാണ്. പ്രായപൂര്‍ത്തിയായി മീശേം താടീം മുളച്ചാല്‍ കൂട്ടത്തില്‍ നില്‍ക്കില്ല. അമ്മൂമ്മ, അമ്മ, ചിറ്റമ്മ, പെങ്ങന്മാര്‍... ആരെയും കല്യാണം കഴിച്ചൂടല്ലോ. എന്തുവേണം? സ്ഥലം വിടണം. എന്നിട്ട് ചുറ്റിത്തിരിയണം. മിക്കവാറും സഹോദരന്മാര്‍ ഒരുമിച്ചാണ് കാടോടികളാവുന്നത്. എന്നിട്ട് കണ്ട കുറുനരികളേയും കാട്ടുപൂച്ചകളെയും ഒക്കെ പിടിച്ചു തിന്ന് കട്ടകട്ട മസിലുണ്ടാക്കി കനം കൂടണം. അങ്ങനെ പോകുമ്പോള്‍ ഏതെങ്കിലും സിംഹക്കൂട്ടത്തില്‍ കേറി ആണായിപ്പിറന്നവരില്‍ എതിരിടാന്‍ ചങ്കുറപ്പുള്ളവരെ വെല്ലുവിളിച്ച് അടിച്ചും കടിച്ചും തോല്‍പ്പിച്ചോടിച്ച് അവിടെ രാജാവാകും. 

നല്ല ശക്തിയുളളവന് അഞ്ചാറുവര്‍ഷം രാജാവാകാം. അനിയന്മാരേം കൂടെ കൂട്ടാം. കുറേ ഭാര്യമാര്‍. ഹാ ഹാ ഹാ. സിംഹനായികമാരെപ്പറ്റി ഒന്നും കേള്‍ക്കണ്ടേ? കൂട്ടത്തിലെ ആണുങ്ങളുടെ പൗരുഷം സടയിലും മസിലിലുമേയുളളൂ. ഒരു ഗര്‍ഭത്തില്‍ മൂന്നാലു മക്കളുണ്ടാവണണെങ്കില്‍ 20 സെക്കന്റു മുതല്‍ ഒരു മിനിട്ടുവരെ നീളുന്ന പരിപാടി ഇരുപതു മുതല്‍ നൂറു തവണവരെ ചെയ്യണം പഹയന്മാര്‍ക്ക്. അതിനു നിന്നുകൊടുത്താലും പോര- പ്രകൃതിയൊരു കോടാലികൂടി കൊടുത്തിട്ടുണ്ട്. ഗര്‍ഭത്തിലെ ഓരോ കുഞ്ഞിനും ജനിതക വൈവിദ്ധ്യം വേണമത്രേ. അതിന് കൂട്ടത്തിനകത്തോ പുറത്തോ ഉള്ള മറ്റവന്മാരെയും വിളിച്ചുവരുത്തണം. പൂച്ചകുടൂംബത്തില്‍ കുന്ത്രാണ്ടത്തിനുചുറ്റും ഊരുമ്പോള്‍ കൊളുത്തിപ്പറിക്കുന്ന മുള്ളുണ്ടെന്ന് എത്രപേര്‍ക്കറിയാം? മറ്റൊരു കോടാലി! അണ്ഡവിസര്‍ജ്ജനം പ്രോത്സാഹിപ്പിക്കാനാണത്രേ! പണ്ടെങ്ങാണ് ഹവ്വപ്പെണ്ണൊരു പഴം തിന്നതിന് സിംഹിണികളെക്കൂടി വെറുതെ വിട്ടിട്ടില്ല. ഹൗ! അതില്‍ പിന്നെ പെണ്ണായിപ്പിറന്ന എല്ലാത്തുങ്ങളും അനുഭവിക്കുന്നു. പാപികള്‍, പ്രേരണാക്കുറ്റവാളികള്‍. 

ദിവസം പത്തുനൂറുതവണയോ എന്നു കൊതിയിടുന്നവര്‍ ബാക്കികൂടിയറിയണം. ഹൂറികള്‍ നിരനിരയായി നില്‍ക്കുന്ന ഈ സ്വര്‍ഗ്ഗം നിത്യമല്ല. തക്കം നോക്കി മുഴുത്തവന്മാര്‍ കറങ്ങി നടപ്പുണ്ട്. ഒന്നു കടിച്ചു കുടഞ്ഞാല്‍ കഴിഞ്ഞു. തലേം താഴ്ത്തിയിറങ്ങിപ്പോവുക തന്നെ ( നിരങ്ങിപ്പോവുക എന്നതാവും യാഥാര്‍ത്ഥ്യം) മാന്‍പേട പോയിട്ട് ഒരു മുയല്‍ക്കുഞ്ഞിനെപ്പോലും ഓടിച്ചിട്ടു പിടിക്കാനാകാതെ പട്ടിണി കിടന്ന് ചാകണോ; അതോ, ഞൊണ്ടി ഞൊണ്ടി കുറച്ചുകാലം അലഞ്ഞു നടന്നതിനുശേഷം നരകിച്ചു ചാകണോ എന്ന് കാലം തീരുമാനിക്കും. പൊതുവേ രാജാക്കന്മാര്‍ അല്പായുസ്സാണ്. കൂട്ടത്തിലെ മുത്തശ്ശിമാരേപ്പോലെ വയസ്സെത്തി കൊറേ ചന്ദ്രനേം സൂര്യനേം കണ്ടിട്ടല്ല- നക്ഷത്രമെണ്ണി ചാകും. 

ന്നാലും എന്താണാ ലുക്ക്. ല്ലേ? മോറിനു ചുറ്റും തഴച്ചുവളര്‍ന്ന സട! നീലിഭൃംഗാദി തേച്ചപോലെ. അതിന്റെ കഥയറിയ്വോ? മനുഷ്യന്മാരിലും ആണുങ്ങക്ക് താടിയെന്തിനാ? മിനുത്ത മുഖത്ത് ബാല്യം കടന്നാല്‍ വളരുന്ന വൃത്തികേട്.. എല്ലാം ടെസ്‌റ്റോസ്റ്റീറോണിന്റെ കളിയാണ്. ടെസ്‌റ്റോസ്റ്റീറോണ്‍ കൂടുന്ന മുറയ്ക്ക് ഒരുത്തന് മറ്റൊരുത്തനെ കണ്ടാ പിടിക്കൂല. രണ്ടു തലകള്‍ തമ്മില്‍ ചേരുമത്രേ. ആയിരം വട്ടം പറഞ്ഞിട്ടും. ഇതുവരെയും സത്യമാകാത്ത നുണ. തമ്മില്‍ കണ്ടാല്‍ തല്ലും പിടീം. Y ക്രോമസോമിന് Y ക്രോമസോമിനെ കണ്ടൂടാ. എല്ലാം ഗര്‍ഭപാത്രങ്ങളും എനിക്ക്, എനിക്ക്.. (കാട്ടിലെ കഥയാണേ) തല്ലും വഴക്കും കൂടുമ്പോള്‍ ഏറ്റവും ദുര്‍ബലവും നിരാലംബവും പ്രതിരോധം കുറഞ്ഞതുമായ (Vulnerable) ഭാഗം ഏതാ? കഴുത്തല്ലേ? അതിനെ പറ്റുന്ന പോലൊക്കെ സംരക്ഷിക്കാനാണ് സടയും താടിയുമത്രേ. തല്ലുകൂടിക്കുന്നതും ടെസ്‌റ്റോസ്റ്റിറോണ്‍ താടി വളര്‍ത്തുന്നതും ടെസ്‌റ്റോസ്റ്റിറോണ്‍! എന്തൊരപാരത!

അപ്പോ നമ്മളെവിടെത്തി? പുതിയ രാജാക്കന്മാര്‍ വന്നു അല്ലേ? ആദ്യ പരിപാടി ഇടഞ്ഞു നില്‍ക്കുന്ന സിംഹിപ്പെണ്ണുങ്ങളുടെ രണ്ടുവയസ്സില്‍ കുറവുള്ള കുഞ്ഞുങ്ങളെ കശാപ്പു ചെയ്യലാണ്. കാടമ്പൂച്ചയുടെ വല്യേട്ടന്‍. അടിച്ചോടിച്ച രാജാവിന്റെ ക്രോമോസോമുകളെ ഉന്മൂലനാശനം ചെയ്യുക എന്നിട്ട് എത്രയും വേഗം ആ പെണ്‍കൂട്ടത്തെ ഒന്നടങ്കം പുതിയ ഗര്‍ഭത്തിന് സജ്ജരാക്കാന്‍. പെട്ടെന്നു വേണം. ഇവന്റെ മക്കള്‍ പിറന്നു വളര്‍ന്നു മുറ്റണം. ഇവന് വയസ്സായി അടുത്തവന്‍ വന്നു തട്ടുന്നതിനു മുന്നേ. 

കഷ്ടകാലം പിടിച്ച പെണ്ണുങ്ങള്‍ പിന്നേം പ്രസവിക്കും. കൊച്ചുങ്ങളെ നോക്കാന്‍ ചില്ലറ പണിയാണോ! കണ്ണുതുറക്കാന്‍ ഒരാഴ്ച. കാലുറയ്ക്കാന്‍ മൂന്നാഴ്ച. രണ്ടുമാസം അമ്മേം മക്കളും കൂട്ടത്തിനു പുറത്ത്. അവളൊറ്റയ്ക്ക് വേട്ടയാടണം. മണംപറ്റി കഴുതപ്പുലിയും പുള്ളിപ്പുലിയും വന്ന് കുഞ്ഞുങ്ങളെ തിന്നാതിരിക്കാന്‍ മാസത്തില്‍ പലതവണ താവളം മാറണം. ഓരോ കുഞ്ഞിനെയും സൂക്ഷിച്ച് കഴുത്തില്‍ കടിച്ചെടുത്ത് കൊല്ലാതെ ദൂരെക്കൊണ്ടോയി വെക്കണം. പാറയിടുക്കിലും പൊന്തയിലും പതുങ്ങിയ ശത്രുക്കളുണ്ടാകും അവിടെയും ഇവിടെയും. അടുത്തതിനെയെടുക്കാന്‍ ഓടിവരണം. കല്യാണത്തിനും പാലുകാച്ചലിനും ഒപ്പം കൂടണമെന്നു ചുരുക്കം. രണ്ടു മാസത്തിൽ പല തവണ കല്യാണവും പാലുകാച്ചലും. പിന്നെ പതിയെ കൂട്ടത്തില്‍ ചേരാം. കുഞ്ഞുങ്ങള്‍ ഒരേ പ്രായമെങ്കില്‍ എല്ലാ അമ്മമാരുടെയും മുലകുടിച്ച് ഒപ്പം കളിച്ചു വളരും- കംപ്ലീറ്റ് സോഷ്യലിസം. അപ്പോള്‍ പിന്നെ എല്ലാ പെണ്ണുങ്ങളും ഒപ്പം പെറ്റില്ലെങ്കില്‍ പ്രശ്‌നമാണ്.  വല്യകുട്ടികള്‍ എല്ലാ അമ്മമാരുടെയും എല്ലാ മുലകളും കുടിക്കും. അവസാനമുണ്ടായ കുഞ്ഞിക്കുട്ടികള്‍ പട്ടിണികിടന്നു ചാകും. സ്വന്തം അമ്മ പോലും നോക്കാതെ. അതാണ് കൂട്ടുകാരേ പ്രകൃതി. മാതൃത്വവും മമതയും കനിവും കരുണയുമെല്ലാം നാം തുപ്പലു ചേര്‍ത്ത് ഒട്ടിച്ചു വെച്ച ഗില്‍ട്ടുമാത്രം. അണ്ടിയോടടുക്കുമ്പോള്‍ മാങ്ങയ്ക്ക് പുളിയാണെന്ന് കോവിഡ് പഠിപ്പിച്ചോണ്ടിരിക്കുകയല്ലേ?

മനുഷ്യരിലെ പരിണയവും പ്രജനനവും സിംഹങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. തീറ്റതേടലും ഇണചേരലും ഉറക്കവും മാത്രം മതിയെങ്കില്‍ ആടിനും മാടിനുമില്ലാത്ത വിശേഷബുദ്ധി എന്തിനായിരിക്കാം? ശരീരത്തിന്റെ അടിസ്ഥാന ആവശ്യങ്ങളുടെ ധാരാളിത്തത്തിനപ്പുറം ഒരു തരിമ്പും ചിന്തിക്കാതെ പവിത്രഗ്രന്ഥങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന ചതുരങ്ങള്‍ക്കും കള്ളികള്‍ക്കും ഉള്ളിലൊടുങ്ങിയൊടുങ്ങിപ്പോകാന്‍ തലമുറകളെ മാത്രം അവശേഷിപ്പിച്ച് കൂട്ടയോട്ടം നടത്തുന്നതേതു സ്വര്‍ഗ്ഗത്തിലേക്കാണ്!

അതുപോട്ടെ. മരണം ഭയന്ന് സ്ഥിരമായി വീട്ടിലിരിക്കുന്ന പുരുഷന്മാര്‍ പ്രാചീന ശിലായുഗം മുതല്‍ മനുഷ്യ സമൂഹത്തിന് അപരിചിതമാണ്. ചൊവ്വന്മാരും ശുക്രികളും എത്രകാലം പരസ്പരം സഹിക്കുമെന്ന് കണ്ടറിയണം. ( Men are from Mars women are from Venus) അവളുടെ ടെറിട്ടെറിയില്‍ അധിനിവേശം നടന്നു കഴിഞ്ഞിരിക്കുന്നു. വീടകങ്ങളില്‍ കോവിഡ് കൊണ്ടുവരുന്ന മാറ്റം എന്തായിരിക്കും? (ഇത് ഇവിടെ വേണോ) 

നേരത്തെ പറഞ്ഞ സിംഹക്കഥകളൊക്കെ ആഫ്രിക്കയിലേതാണ്. ഏഷ്യന്‍ സിംഹങ്ങള്‍ വ്യത്യസ്തരാണ്. അവരില്‍ ആൺകൂട്ടം വേ പെണ്‍കൂട്ടം റേ. പ്രജനനത്തിനായി മാത്രം തമ്മില്‍ക്കാണുന്നു. തലകള്‍ തലകളോടും മുലകള്‍ മുലകളോടും മാത്രം ചേര്‍ന്നു വസിക്കുന്ന വ്യത്യസ്തമായൊരു സമൂഹ സംവിധാനം. ബോയ്‌സ് ഹോസ്റ്റലും ഗേള്‍സ് ഹോസ്റ്റലും പോലെ. ചൈന തുടങ്ങിയ പല രാജ്യങ്ങളിലും സ്ത്രീകള്‍ ആദിപാപത്തിന്റെ പങ്കു പറ്റുന്ന പണിതന്നെ നിര്‍ത്തിയെന്നു കേട്ടു തുടങ്ങീട്ട് കുറച്ചായി. ഈ മതങ്ങളൊക്കെ സമ്മതിച്ചാല്‍ മതിയായിരുന്നു.

2020 മേയ് 8, വെള്ളിയാഴ്‌ച

വാഴപ്പൂ

വെന്തുരുകിയൊലിയ്ക്കുന്ന വേനല്‍. വെള്ളമടുപ്പത്തുവെച്ച് രണ്ടു ഗ്ലാസ്സ് മട്ടയരി വർത്തമാന പത്രത്തിലിട്ട് കല്ലും നെല്ലും ചാഴി ദംശിച്ച കരാളമണികളും പെറുക്കാന്‍ കുനിഞ്ഞപ്പോള്‍ നെറ്റിയിലൂടെയും ചെന്നിയിലൂടെയും കഴുത്തിലൂടെയും ലവണധാരയൊഴുകാന്‍ തുടങ്ങി. ചാഞ്ഞും ചെരിഞ്ഞും  അരി നോക്കുന്നതിനിടെ പുതിയ പുതിയ വഴികളിലൂടെ ചാലിട്ടൊഴുകുന്ന നിര്‍ഝരികളാല്‍ പുളകിതമായെന്റെ ശിരോഭാഗം. ഭൂമിയെ നോക്കി നേര്‍രേഖയില്‍ നിപതിക്കാന്‍ തക്കം കിട്ടിയേടത്തു നിന്നു തുള്ളികളുതിര്‍ന്നു വീണ് പത്രം കുതിര്‍ന്നു. സമോവറിനകത്തേക്കിറക്കി വെച്ച നീണ്ട തേയിലക്കപ്പിന്റെ മൂടുപോലായി എന്റെ താടി. 

വൈകിട്ടു പതിവുപോലെ കറുത്തിരുണ്ടു. പലപല റോഡുകളില്‍നിന്നു വന്ന് വീടുപണിനടക്കുന്ന സൈറ്റില്‍ കൂട്ടിയ മണല്‍ക്കൂനയ്ക്കു മുകളില്‍ ഒത്തുകൂടിയ ശുനകഗണത്തെപ്പോലെ താന്തോന്നികളായ മേഘങ്ങള്‍ പരസ്പരമുരുമ്മിയും മണത്തും ഒരൊറ്റക്കൂട്ടമായി മുകളില്‍ നീങ്ങി. ഇടയ്ക്കു മര്‍മ്മരമുതിര്‍ത്തും മുരണ്ടും ഗര്‍ജ്ജിച്ചും നിന്ന അവിറ്റങ്ങൾ ശ്വാന പുരുഷൻ വഴിവക്കത്തിട്ട കാറിന്റെ ടയറു കഴുകുന്നപോല്‍ പ്രോക്ഷണം ചെയ്തു കടന്നു പോയി. കാറ്റും കാറും തമ്മിലുള്ള കൂട്ടുകെട്ടും ഗൂഡാലോചനയുമൊന്നും ഈയിടെയായി എനിക്കത്ര ഇഷ്ടപ്പെടുന്നില്ല. ഇഡ്ഡലിച്ചമ്പിനകത്തു പുഴുങ്ങാന്‍ വെച്ച കൊഴുക്കട്ടയെപ്പോലെ ഉച്ചയ്ക്കു സിമന്റുകൂട്ടിലിരിയ്ക്കുമ്പോള്‍ ഈ കാറ്റിനൊന്നും നമ്മുടെ അഡ്രെസ്സ് അറിയുകപോലുമില്ല. ആറ്റുനോറ്റ് അഥവാ വല്ല കരിമേഘവും മാനം മൂടിയാല്‍ തുരത്തിയോടിക്കാന്‍ വന്നോളും, ഗുണം പിടിയ്ക്കാത്തവന്‍.

രാവിലെ കുളിച്ച് തുണിയുമായി അലക്കുകല്ലിനടുത്തെത്തിയപ്പോള്‍ നോക്കിനിന്നുപോയി. എന്തുഭംഗി! മഞ്ഞവെയില്‍ ചെരിഞ്ഞു വീഴുന്ന തൊടി. (ആറു തെങ്ങും നാലു വാഴേം- അയ്‌നാണ്) വാഴയിലകള്‍ മഞ്ഞവെളിച്ചത്തിനു നേരെ പിടിച്ച X-Ray ഷീറ്റു പോലെ ഞരമ്പുകൾ തെളിഞ്ഞ്.. ആ ഇളം പച്ചനിറം കാണാന്‍ എന്തു ഭംഗി! മഞ്ഞരാശിയില്‍ ചെമ്പട്ടുടുത്ത് വാഴക്കുടപ്പന്‍ ഒരൊറ്റയിതള്‍ പൊക്കി പ്രദര്‍ശിപ്പിച്ചിരിക്കുന്നു- വൈഡൂര്യം പതിച്ച പീതാഗ്രം അടുക്കി വെച്ച് രണ്ടുനിര പൂക്കള്‍. അവയ്ക്കു ചുറ്റും നിറയെ കുഞ്ഞു തേനീച്ചകള്‍ വട്ടമിടുന്നു. 

ഹോ! തേനുണ്ടായിരിക്കും. പണ്ടെന്നോ എപ്പോഴോ ഒരുതവണ വാഴപ്പൂവിന്റെ തേന്‍ വലിച്ചെടുത്തതിന്റെ മധുരം ഇന്നും ചുണ്ടിലുണ്ട്. പട്ടണക്കുട്ടിയായിരുന്നതിനാല്‍ മധുരസ്മരണകള്‍ അധികമില്ല. പിന്നെപ്പോഴെല്ലാം വല്ല നാട്ടുമ്പുറത്തും വാഴപ്പൂ കണ്ടോ അപ്പോഴൊക്കെ ശ്രമിച്ചിട്ടുണ്ട്. ഒന്നുമുണ്ടാവില്ല പൂവില്‍. മര്ഭൂമി. ഭ്രമരങ്ങള്‍ ഭ്രമണം ചെയ്യും ഈ കുടപ്പനില്‍ നിന്നും സുധാബിന്ദു ഇത്തവണ ഞാൻ പാനം ചെയ്യും. 

ദൃഢനിശ്ചയത്തോടെ മൂസാ പാരഡൈസിയാക്കയ്ക്കടുത്തെത്തി. ഓഷധിയാണെങ്കിലും സെക്വയയുടെ അനന്തരവളാണെന്നാണ് വിചാരം. ഉയരെയുയരെ വളര്‍ന്നുനിന്ന് കുലമാത്രം വളച്ച് താഴോട്ടേയ്ക്കു വിടര്‍ത്തിയിരിക്കെയാണ് തെങ്ങോല വീണ് വശത്തേക്കു ചെരിഞ്ഞു പോയത്. കുലയിലെ കുഞ്ഞുപൂവലുകള്‍ പഴമായി മാറാന്‍ ഇനിയുമേറെ നാളുകള്‍ വാഴയമ്മ ചുരത്തുന്ന നീരും കുടിച്ച് മയങ്ങിക്കിടക്കേണ്ടതുണ്ട്. 

ചെരിഞ്ഞു നിന്ന വാഴയമ്മയെ കഴിഞ്ഞകൊല്ലം വെട്ടിയ പ്ലാവിന്റെ തടികൊടുത്തു താങ്ങിയിരിക്കുന്നു. നാരായണീയത്തില്‍ യേശുദാസ് പാടിയപോലെ 'പീയൂഷാപ്ലാവിതോഹം' ആയിരുന്നെങ്കില്‍ പ്ലാവിനീഗതി വരൂല്ലായിരുന്നു. ഒരു മെനയില്ലാത്ത ചക്കയും നിറയെ ചോണനുറുമ്പിന്റെ കൂടും ഇട്ടാവട്ടത്തൊടിയില്‍ നിറയെ കാനലും. ഒറ്റവെട്ട്. നട്ടെല്ലില്ലാത്ത വാഴയ്‌ക്കൊരു താങ്ങായല്ലോ.

ഒറ്റച്ചാട്ടം. മോങ്ങാനിരുന്ന പൂവെല്ലാം എന്റെ കയ്യില്‍! നക്കിയിട്ടും ഈമ്പിയിട്ടും ചവച്ചരച്ചിട്ടും ഒരു നാനോ തുള്ളി അമൃതം പോലുമില്ല. വാഴക്കറയുടെ ചവര്‍പ്പുമാത്രം. തേന്മാവിന്‍ കൊമ്പത്തെ ശോഭനയെപ്പോലൊരു സീന്‍ ടീസറായി മനസ്സില്‍ ഓടിയിരുന്നത് ഇപ്പോഴെന്നെ ടീസ് ചെയ്യാന്‍ തുടങ്ങി. ദിവ്യ കൈശോരവേഷം അഴിച്ചുവെച്ച് മാഞ്ചിഫെറാ ഇൻഡിക്കയുടെ സീഡ് പോയ സ്‌ക്വിറലിനെപ്പോലെ തിരിച്ചുവന്നലക്കി. 

ആ നേരം കഴിഞ്ഞുപോയി. അതിനടുത്ത നേരവും കടന്നുപോയി. വൈകുന്നേരം വന്നു. വീണ്ടും കാറ്. ഒറ്റനമ്പരും ഇരട്ടനമ്പരും ഒന്നിച്ചു റോട്ടിലിറങ്ങിയ പോലെ അടിപിടി ബഹളം മോളില്‍. ഇപ്പോ പൊട്ടിവീഴും എന്ന പതിവു 'പുലിവരുന്നേ പുലി' കേട്ട് തുണിയും കൊപ്രയും കൊണ്ടാട്ടവും അഹമഹമിഹയാ വീടിനകത്തേക്കോടിക്കയറി. നിര്‍ന്നിമേഷാക്ഷയായി നില്പതഹോ ഞാനതാ അലക്കുശിലയോരത്ത്. പുതുതായി യവനികയുയര്‍ത്തിക്കാണിക്കുന്ന പുഷ്പനിര ദൃഷ്ടിഗോചരമായി. ഓടിപ്പോയി നോക്കി. ഭ്രമരങ്ങള്‍ ഭ്രമണവും പരിരംഭണവും തുടങ്ങിയിരിക്കുന്നു. ചാടി നോക്കി. തൊട്ടു നോക്കി. വലിച്ചു നോക്കി. കിട്ടുന്നില്ല. കസാല വെച്ചു കയറി പറിച്ചെടുത്തു. നിറയെ തേന്‍. പറിക്കുമ്പോള്‍ ഇറ്റിറ്റു വീഴുന്നു. ചോന്ന പോളയോടെ ഇരിഞ്ഞെടുത്ത് മക്കള്‍ക്കും കൊടുത്തു. ബീയെസ്സീം എമ്മെസ്സീം ബോട്ടണി പഠിച്ചിട്ടൊന്നും കാര്യമില്ലെന്ന് അന്നറിഞ്ഞുരുന്നെങ്കില്‍.. 

വാല്‍- വാഴപ്പൂ വിരിയുന്നത് വൈകിട്ടാണെന്ന് കണ്ടുപിടിച്ചത് പോസ്റ്റാക്കാന്‍ ഞാന്‍ പെട്ടപാട്. ദാരിദ്ര്യം.