2018 ജൂലൈ 21, ശനിയാഴ്‌ച

കൃതജ്ഞത

ഭക്തി- അതെന്താണ്? ആരാധനാലയത്തിൽ പോയി മൗനമായോ, ഉറക്കേയോ കിട്ടിയവയിലെ പരാതികൾ ബോധിപ്പിയ്ക്കുകയും ഇനിയും കിട്ടാനുള്ളവ ദൈവത്തെ ഓർമ്മിപ്പിയ്ക്കുകയും ചെയ്യുന്ന പ്രാർത്ഥനയാണോ ഭക്തി? ബൈബിളോ, ഖുറാനോ, ലളിതാസഹസ്രനാമമോ ശ്രദ്ധയോടെ വായിയ്ക്കുമ്പോൾ ഇതുകൊണ്ടു തീർച്ചയായും നമുക്ക് നേട്ടമുണ്ട് എന്ന മനസ്സിലെ സമാന്തരചിന്തയാണോ ഭക്തി?

സംഗീതത്തിനും മറ്റു കലകൾക്കും അതിൽ മുഴുകിയിരിക്കുന്ന മനസ്സിനെ ഉയർത്താനുള്ള കഴിവുണ്ട് എന്നതിനാൽ ഭജനകൾക്കും നൃത്തരൂപങ്ങൾക്കും നമ്മെ ഭക്തിയിലേയ്ക്കെത്തിക്കാൻ കഴിയുമായിരിയ്ക്കുമല്ലേ?

തീർത്ഥാടനം എന്ന ഉറവയിൽ ഭക്തി കിനിയുന്നത്; പോകുന്ന സ്ഥലങ്ങളും പരിസരവും നമുക്കുള്ളിൽ താദാത്മ്യമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു എന്നത്, കടന്നു പോകുന്ന യാത്ര എന്ന അവസ്ഥ, ചുറ്റുമുള്ള ആളുകളിൽനിന്നും കാഴ്ചകളിൽനിന്നും ചിന്തയിലേക്കുള്ള ആശയവിനിമയം... എല്ലാംകൊണ്ടുമായിരിക്കാം.

ദൈവത്തോടോ, പ്രപഞ്ചത്തോടോ,
ചുറ്റുപാടിനോടോ അപേക്ഷകളോ, ചോദ്യങ്ങളോ അല്ലാതെ നമ്മൾ സംവദിക്കുന്ന അവസ്ഥ... അതാണു ഭക്തി. ദൈവത്തെ, പ്രപഞ്ചത്തെ, പ്രകൃതിയെ, മനുഷ്യരെ നമുക്കുള്ളിൽ അനുഭവിക്കാൻ കഴിയുന്നുണ്ട് എന്ന തിരിച്ചറിവാണോ ഭക്തി? ആണെങ്കിൽ, എനിയ്ക്ക് ഭക്തി എന്ന പദത്തിന്റെ പര്യായം 'നന്ദി' എന്നാണ്.

ഏറ്റവും നിറവുള്ള ഒരു പദമാണ് നന്ദി അഥവാ കൃതജ്ഞത. അതു നമ്മുടെ മനസ്സിൽ, ബുദ്ധിയിൽ, ചിന്തകളിൽ കിനിഞ്ഞു വരുമ്പോൾ ഉള്ളമാകെ സ്നേഹം കൊണ്ടും ശാന്തി കൊണ്ടും നിറയുന്ന ഒരവസ്ഥയുണ്ടാകും.

നനഞ്ഞൊട്ടിയ വസ്ത്രത്തിൽ തണുത്ത് വിറച്ച് ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് കിട്ടിയ ഭക്ഷണപ്പൊതി അഴിക്കുമ്പോഴായാലും ഞായറാഴ്ച നന്നെവെളുപ്പിന് കരഞ്ഞുതളർന്ന നമ്മുടെ കുട്ടിയെ സ്നേഹപൂർവ്വം പരിചരിക്കുന്ന ഡോക്ടർ 'ആവശ്യമെങ്കിൽ വിളിക്കൂ' എന്നു ഫോൺ നമ്പർ തരുമ്പോഴായാലും വെള്ളമില്ലാതിനി ഒരു പകൽ പോലും വയ്യെന്ന് തൊടിയിലെ ചെടികൾ കരിഞ്ഞുണങ്ങാനൊരുങ്ങുന്ന ഉച്ചയിൽ കെട്ടിപ്പുണർന്ന് ഭൂമിയിലേയ്ക്കാവാഹിക്കപ്പെടുന്ന ആ മേഘങ്ങളുടെ ഗർജനമർമ്മരം കേൾക്കുമ്പോഴായാലും മൂലനിറഞ്ഞ്, നമ്മെ വിഴുങ്ങുമെന്ന് ഒരാഴ്ചയായി ഉറക്കംകെടുത്തുന്ന ഗൃഹമാലിന്യങ്ങൾ ഏറ്റുവാങ്ങി നഗരസഭയുടെ വണ്ടി നമ്മുടെ വീഥിയിൽനിന്ന് അകന്നു പോകുമ്പോൾ പോലും നന്ദി മനസ്സിൽ വരാം. മറ്റു ക്ലേശങ്ങളുടെയെല്ലാം കെട്ടഴിച്ചു പറത്തിവിട്ട്, ആ വന്ന കൃതജ്ഞതയെ മനസ്സിൽ നിറയാൻ നമ്മളനുവദിക്കണം. എന്നിട്ട് വാതിലുകളും ജാലകങ്ങളും തുറന്നിട്ട്, ചുറ്റിനും പരന്നൊഴുകാൻ അതിനു സ്വാതന്ത്ര്യം കൊടുക്കണം. അപ്പോഴാണത് ഭക്തിയുടെ അർത്ഥത്തിലേക്ക് കൂടുമാറുന്നത്. മനസ്സിന്റെ ആ അവസ്ഥയെ ഇങ്ങനെ വ്യാഖ്യാനിക്കാം- ഭക്തി അതിന്റെ ഉടലാണെങ്കിൽ കൃതജ്ഞത അതിന്റെ ചേതനയാണ്. ചേതനയറ്റ ഉടലിന് നിലനിൽപ്പില്ല. അതുകൊണ്ടായിരിക്കാം ചിലയിടങ്ങളിൽ ഭക്തി നമുക്ക് നാറ്റമുള്ളതായും അസഹ്യമായും അനുഭവപ്പെടുന്നത്.

എന്നാൽ ഭക്തിയുടെ ഉടലില്ലാതെപോലും വ്യവഹരിക്കാൻ കഴിയുന്ന ഒന്നാണ് കൃതജ്ഞത. അത് ഒരുവളിൽ ആത്മപ്രകാശനം നടത്തി സ്ഥാപിതമായിക്കഴിഞ്ഞാൽ പ്രപഞ്ചത്തിലെ ഓരോ കണവും അവൾക്ക് ആനന്ദദായകമാകുന്നു. ജീവിതത്തിലെ ഓരോ പാഠവും അവളിൽ കൃതജ്ഞത തന്നെ വീണ്ടും ഉണർത്തുന്നു. മധുരം, ഉപ്പ്, കയ്പ്പ്, എരിവ്... രുചിയേതാണെങ്കിലും അതു രുചികരമാക്കുന്നു.

ഇത്രയും ക്ഷമയോടെ വായിച്ച എന്റെ കൂട്ടുകാരിപ്പെണ്ണുങ്ങളെ, ജീവിതത്തിരക്കുകൾക്കിടയിൽ പലപ്പോഴും കോപംകൊണ്ടു മലിനമായ മനസ്സുമായി നമ്മൾ ദിവസങ്ങളോളം കഷ്ടപ്പെടാറില്ലേ? തെളിഞ്ഞ വെള്ളത്തിലൊരു മുങ്ങിക്കുളി എന്നപോലെ നമ്മെ ശുദ്ധീകരിക്കാൻ മനസ്സിനെ തയ്യാറാക്കൂ. അടുത്തതവണ മനുഷ്യനോടോ, ദൈവത്തോടോ, നമ്മുടെ ഭാഗ്യത്തോടോ കൃതജ്ഞത തോന്നുന്ന സന്ദർഭത്തിൽ മറ്റെല്ലാ കെട്ടചിന്തകളും മനസ്സിൽ നിന്നു മാറ്റി ആ മൊട്ടിനു വിരിയാൻ സമയമനുവദിക്കൂ. നന്ദിയുടെ ആ പൂ വിരിഞ്ഞു സുഗന്ധം മനസ്സിലും ചിന്തകളിലും പ്രവൃത്തിയിലും പരക്കുമ്പോൾ അനുഭവക്കയ്പ്പ് പോലും കൈപ്പയ്ക്കക്കൊണ്ടാട്ടം പോലെ രുചികരമാകും. ദൈവത്തെ നമ്മൾ അടുത്തറിയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ