2019 മേയ് 28, ചൊവ്വാഴ്ച

പാണ്ടിപ്പട

പണ്ടൊരൂസം.
സ്ക്കൂൾ. നിതാന്ത നിശബ്ദ ലൈബ്രറി.

"ഇന്നലെ 'ഒരു ചെറുപുഞ്ചിരി' ഉണ്ടായിരുന്നു ടീവീൽ. എന്തു രസാല്ലേ? എത്ര തവണ കണ്ടാലും മടുക്കില്ല."

"ഊം. എനിയ്ക്കുമിഷ്ടാണ് ആ പടം."

"എനിയ്ക്കേറ്റോം ഇഷ്ടപ്പെട്ട പടം അതാണ് ടീച്ചറെ.''

"ഓ. അത്രയ്ക്കൊന്നുമില്ല. തൂവാനത്തുമ്പികൾ കൊള്ളാം. പിന്നെ, ദേവാസുരം- കണ്ടാലും കണ്ടാലും ബോറടിയ്ക്കില്ല."

"ദൃശ്യമാണിഷ്ടം. കൊറച്ച് പഴേതിൽ വടക്കൻ വീരഗാഥ. ക്ലാസിക്കല്ലേ?"

"നിർമ്മാല്യം, വാസ്തുഹാര.. എനിയ്ക്കു കുറച്ചൂടെ പഴയ പടങ്ങളോടാണ്..."

ഒരക്ഷരം മിണ്ടാതിരിയ്ക്കായിരുന്നു ഞാൻ.

"അല്ലാ. പ്രസന്നാമാം ഒന്നും പറേന്നില്ലല്ലോ. ഏതു പടമാണിഷ്ടം?"

"പറയണോ?"

"പറയൂ. കേക്കട്ടെ.''

"നിർബന്ധാ?"

"വല്യ സാഹിത്യകാരി. ജാഡ കാണിക്കാതെ വേഗമിങ്ങു പറഞ്ഞേ ടീച്ചറേ."

"പിന്നെ വികാരജീവിയല്ലേ. അറിയാനൊരാകാംക്ഷ. ഏതാ ടീച്ചറേ?"

"...പാണ്ടിപ്പട..."

കെട്ടിടം പൊട്ടിച്ചിരികൾ കൊണ്ടു കുലുങ്ങിപ്പോയി. സത്യം പറയാലോ? ഏറ്റവുമധികം ചിരിച്ചത് ഞാൻ തന്ന്യായിരുന്നു. ഇവരീ പേരുകളൊക്കെ പറയുമ്പോഴേ ഞാനവരെ ആദരവോടെയും ലേശം അസൂയയോടെയും നോക്കിക്കൊണ്ടിരിയ്ക്കുകയായിരുന്നു. മഹദ് വ്യക്തികൾ. മഹത്തായ സിനിമകൾ.

"കളിയല്ല. കാര്യം പറഞ്ഞേ."

"കാര്യം. സെക്കൻഡ് ഇഷ്ടമുള്ളത് സി ഐ ഡി മൂസ."

അന്ന് ദിലീപ് കേസിലൊന്നും പെട്ടിട്ടില്ല. ഇപ്പോഴാണെങ്കിലും......  ഓരോ ചിരിയുടെയും കാരണക്കാരോട് എനിയ്ക്ക് നന്ദിയുണ്ട്. ഒരു ചെറുപുഞ്ചിരിയെങ്കിലും വിരിയിച്ച ഓരോരുത്തരോടും ഞാൻ ശ്വാസം കൊണ്ടുപോലും കടപ്പെട്ടിരിയ്ക്കുന്നു. ഇടഞ്ഞതും കണ്ണീർ പൊഴിഞ്ഞതുമെല്ലാം വിസ്മൃതിയിലാഴ്ന്നാലും ചിരിപ്പിച്ചവരെ മാത്രം മറക്കാതിരിക്കട്ടെ.

പക്ഷെ, ഈ ചോദ്യത്തിന് ഇനിയൊരിയ്ക്കൽ കൺഫ്യൂഷനായി മിണ്ടാതിരിയ്ക്കാനേ ആവൂ. ഉത്തരം പറയാതെ.

2019 മേയ് 26, ഞായറാഴ്‌ച

തിരിച്ചുവരവ്

എട്ടൊമ്പതു മണിക്കൂർ യാത്രയ്ക്കുശേഷം ഹാസനിൽ ബസ്സിറങ്ങി. ഹാ... എപ്പോ വന്നിറങ്ങിയാലും അതേ മോഹിപ്പിയ്ക്കുന്ന കാറ്റ് എന്നെ കെട്ടിപ്പിടിയ്ക്കാനോടിവരും. വിശാലസുന്ദരമായ ബസ്റ്റാന്റീന്ന് ആനയിച്ചുമ്മവെച്ച് എന്നെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകും. ഹാസനോടും എനിയ്ക്കു സ്നേഹാ. പെറ്റമ്മേടടുത്തു ചെല്ലുമ്പോൾ മറ്റമ്മേനെ കുറച്ചു കുറ്റംപറയും എന്നേയുള്ളൂ. നിയ്ക്കിഷ്ടാ ഇവിടേം. അക്കരെപ്പച്ച. അതന്നെ.

വാതിൽ തുറന്നു ലൈറ്റിട്ടപ്പോ- അയ്യോ! ഹാള് ചെറുതായിപ്പോയി. തിളങ്ങാത്ത നിലം! നോക്കൂ.. എഴുത്തു മേശമേൽ ചൂണ്ടുവിരൽ കൊണ്ട് വരച്ച വട്ടം കറുപ്പായും വിരൽത്തുമ്പ് കുറി തൊട്ടെടുത്തപോലെയുമിരുന്നു!

"നീ കുളിച്ചു വാ. ഞാൻ ദോശ ചുട്ടു തരാം." ഹായ്! രണ്ടുമാസം കൊണ്ട് ആതിഥേയഭാവം! സ്വന്തമായരച്ച ദോശമാവിന്റെ ഗാംഭീര്യമായിരിയ്ക്കും. ഇത്രനാളും അത്താഴം കഴിഞ്ഞ് സ്വന്തം കിണ്ണം മോറി വെച്ച്
"മ്മാ ഞാൻ പോണു"ന്ന് പറഞ്ഞാ ധാരാളായിരുന്നു. ഇനിയിപ്പോ പാത്രങ്ങളൊഴിച്ചു മോറി, സിങ്ക് കഴുകി, സ്ലാബ് തുടച്ച്..
ഇതു നല്ല കഥ! ന്റെ സ്റ്റൗ കണ്ടിട്ടൊരു പരിചയം തോന്നണില്ലല്ലോ. ഒന്നു കുരച്ചു വാലാട്ടിക്കൂടെ എന്റെ പുന്നാരസ്റ്റൗവ്വേ.
ഫ്രിഡ്ജൊന്നു തടിച്ചോ! അതോ; ഇനി അടുക്കള മെലിഞ്ഞതോണ്ട് തോന്ന്വായിരിയ്ക്യോ?

സദ്ഗുണസമ്പന്നൻ വിരിയും പൊതയും അലക്കിച്ചുരുട്ടി (മടക്കി!) വെച്ചിരിയ്ക്കുന്നു. നല്ല കറുമുറാന്നുണ്ട്. കഞ്ഞിപ്പശയല്ലാ. സോപ്പുംപശ.
ഇല്ലാ. ഞാൻ കുറ്റം പറയല്ല. കുറ്റം പറയ്യ പോയിട്ട് ചിന്തിയ്ക്ക പോലുമില്ല. അങ്ങനെ ചിന്തിയ്ക്കുന്നതിനെക്കുറിച്ച് പോലും ഞാനൊന്നും ചിന്തിച്ചിട്ടില്ല.
"ഗുഡ് ബോയ്"

"ആദിത്യണ്ണനേം തങ്കിമ്മേനേം കാണണംന്ന് തോന്ന്ണ് ണ്ട്.." എന്ന് ബസ്സിൽ നിന്നാവർത്തിച്ചിരുന്നത് ഒരു പൊട്ടിക്കരച്ചിലായി രൂപാന്തരം പ്രാപിച്ചത് പെട്ടെന്നായിരുന്നു. "നിയ്ക്ക് അമ്മമ്മ വേണം..." "നിയ്ക്ക് അമ്മമ്മേനെ കാണണം.." ഏങ്ങിക്കരയുന്നു. അമ്മമ്മേടെ, ആദിത്യണ്ണന്റെ, തങ്കിമ്മേടെ ജാനുക്കുട്ടി. കരച്ചിലടങ്ങിയപ്പോൾ ന്യായമായൊരു സംശയം അവൾ ചോദിച്ചു.
"അമ്മാ, അമ്മയ്ക്ക് കാണണംന്ന് തോന്ന്ണില്ലേ?"

"അതിപ്പോ.. രണ്ടുമാസായീലേ അച്ഛനെ കാണാതെ..''

അങ്ങനെ വേണ്ട.

''അവിടേം സങ്കടം, ഇവിടേം സങ്കടം എന്നതിനേക്കാൾ അവിടേം സന്തോഷം ഇവിടേം സന്തോഷം എന്നതാണ് അമ്മ ബുദ്ധിപൂർവ്വം തീരുമാനിയ്ക്കാ."

ആണുങ്ങളേ, പെണ്ണുങ്ങളേ, നിങ്ങൾക്കും ഇതൊക്കെ ഇങ്ങനെത്തന്നെയല്ലേ?

2019 മേയ് 25, ശനിയാഴ്‌ച

മാങ്ങ ഉപ്പേരി

"ഇതു കഴിച്ചിട്ടില്ലെങ്കി; മൻഷ്യമ്മാരേ ങ്ങള് ജീവിച്ചത് തന്നെ വേസ്റ്റായി"ന്നൊക്കെ പറയാൻ തോന്ന്ണ ചില വിഭവങ്ങളില്ലേ? സമൃദ്ധമായ രുചി തലച്ചോറിൽ സെറോട്ടോണിൻ ഫാക്ടറി തുറന്നു നമ്മളെ ആനന്ദത്തിലാറാടിച്ചുകൊണ്ടിരിയ്ക്കുമ്പോൾ അത് തിന്നാൻ കിട്ടാത്ത 753 കോടി ജനങ്ങളെയോർത്ത് പാവം തോന്നീട്ടുണ്ടോ? സ്വർഗ്ഗത്തിലേയ്ക്ക് ഒരു ജാലകവ്യൂ തരുന്ന അത്തരമൊരു വിഭവത്തെക്കുറിച്ച് എനിയ്ക്കിപ്പോപ്പറയണം.

പഴുത്ത മാങ്ങാ ഉപ്പേരി (ഞങ്ങടവടെ ഉപ്പേരി= മെഴുക്കുപുരട്ടി )
...............................................
ആകാശത്തേയ്ക്കുയർന്നുപോയ നാട്ടുമാവിന്റെ ശിരോമണ്ഡലത്തിൽനിന്നുതിർന്നു ചപ്പിലക്കൂട്ടത്തിൽ മറഞ്ഞും തെളിഞ്ഞും കിടക്കുന്ന അമ്പഴങ്ങവലിപ്പമുള്ള, പുളിയും മധുരവും മണവുമുള്ള 'ചുണ'ക്കുട്ടികളെ പെറുക്കിക്കൊണ്ടുവരണം. കൊതിയുടെയും ആക്രാന്തത്തിന്റെയും ആൾബലത്തിനനുസരിച്ച് പത്തിരുപതു മാങ്ങയെങ്കിലും വേണേ.

ആ കുഞ്ഞൻ മാങ്ങയെ 'മാങ്ങ'യെന്നു വിളിയ്ക്കുമ്പോൾ പോലും വാത്സല്യം വരും. ല്ലേ? പെരുപെരുത്ത തടിയ്ക്കുമേൽ തലപ്പാവുയർത്തിക്കെട്ടി അണ്ണാനും പക്ഷികൾക്കും കുരങ്ങനും പയ്യിനുമെല്ലാം  കൊതിയാറോളം തിന്നാൻ ഓരോ ചെല്ലക്കാറ്റിലും മഴയിലും ഫലങ്ങളുതിർത്തുനിൽക്കുന്ന മുതുമുത്തശ്ശി മരങ്ങളെയൊക്കെ കാണാൻ ഭാഗ്യമുള്ളവർ  അടുത്ത തലമുറകളിലുണ്ടായിരിയ്ക്കുമോ! കവുങ്ങിൻപാള വളച്ച് ഈർക്കിലി കുത്തിയോ വാഴനാരുകൊണ്ട് കെട്ടിയോ ഉണ്ടാക്കിയ വട്ടി നിറയെ മാമ്പഴം  രാവിലെയും വൈകിട്ടും പെറുക്കിക്കൊണ്ടുവരാം. എന്നിട്ട്  വയറുനിറയെ പലപല വിഭവങ്ങളുണ്ടാക്കിത്തിന്നാം. ഓരോ നേരവും കിണ്ണത്തിനോരത്ത് കടിച്ചീമ്പി വെടിപ്പാക്കിയ എട്ടും പത്തും കുഞ്ഞുകുഞ്ഞണ്ടികൾ കാണും. യ്യോ! മാങ്ങ വിശേഷം പറഞ്ഞാൽ തീരുമോ!

കഴുകി വൃത്തിയാക്കിയ പഴുത്ത മാങ്ങ ഞെട്ടി മാത്രം ചെത്തിക്കളഞ്ഞ് ഉള്ളിൽ  അഭയാർത്ഥികളോ അധിനിവേശക്കാരോ ഒട്ടകങ്ങളോ അറബികളോ ഇല്ലെന്നു നോക്കാലും വാക്കാലുമുറപ്പിയ്ക്കുക. തോലു കളയേണ്ടതില്ല. വശങ്ങൾ ചെത്തിയിടുക. അപ്പോൾ ഒരു മാങ്ങ മൊത്തം മൂന്നു കഷ്ണമാവും. രണ്ടു വശങ്ങളും നടുക്കണ്ടത്തിൽ അണ്ടിയും ചുറ്റമ്പലവും. ഇനിയതിൽ ഒന്നൊന്നര ഗ്ലാസ് വെള്ളമൊഴിച്ചു വേവിയ്ക്കാൻ വെയ്ക്കണം. ഉപ്പ്, മുളകുപൊടി, മഞ്ഞൾപ്പൊടി, ശർക്കര ഒക്കെ വരിവരിയായി പോരട്ടെ. പത്തു മാങ്ങയ്ക്ക് ഒരച്ച് ശർക്കര വേണ്ടിവരും. അടച്ചുവെച്ച് ഇടത്തരം തീയിൽ 20- 30 മിനിറ്റ് വേവുണ്ട്. കുക്കറിലിട്ട് വേവിയ്ക്കുന്നെങ്കിൽ വെള്ളമിത്തിരി കുറച്ചോളൂ. മാങ്ങയും ശർക്കരയും... അവർക്ക് തീയിനോട് സ്നേഹാ. അടീപ്പിടിച്ചങ്ങ്
സ്നേഹിയ്ക്കും. അവര് കരിയും. നമ്മള് കരയും. ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊടുക്കണേ. ഇന്റാലിയം ചീനച്ചട്ടി പോലെ അടി കനമുള്ള പാത്രം മതി.

വെന്തു വറ്റിവരുമ്പോൾ ചിരകിയ നാളികേരമിട്ട് ഇളക്കിക്കോളൂ. പ്ദുപുദു പരുവം മാറി വരുമ്പോൾ തീയണച്ച് നല്ലൊരു വറവിട്ടോളൂ. വെളിച്ചെണ്ണ, കടുക്, കറിവേപ്പില, നാല് അരിമണി. ഇത്രേം മതി വറവിൽ. ചോറിനു ചേർത്തു കഴിയ്ക്കാം. പക്ഷെ എല്ലാരുടെയും കിണ്ണത്തിൽ അണ്ടികൾ ഓരം പറ്റുന്നത് ചോറുണ്ട് കഴിഞ്ഞ്, വാചകമടിച്ച്, നക്കിനക്കി, മറ്റവന്റെ കിണ്ണത്തിലൊളിനോട്ടമെയ്ത് എണ്ണം പിടിച്ച് പിന്നേം ചട്ടീന്ന് വിളമ്പിയെടുത്ത്...  അങ്ങന്യൊക്കെയാണ്. കുഞ്ഞുവാവകള് കുളിച്ചുവരുമ്പോ തലേലെ നാലു നനുത്ത പൂട ചീകി വെച്ച പോലെ അരുമയായി നിക്കില്ലേ? അതുപോലെ മുടി കോതി അരുമയായൊതുക്കി താലോലിച്ച് നക്കിയീമ്പിയിട്ടാണ് ഓരോ അണ്ടിയും തുണപോകാനാളെക്കാത്ത് ഒരുങ്ങിയിരിയ്ക്കുക.

ഉപ്പാെക്കെ ഒരു പാകത്തിട്ടാൽ ഉപ്പേരി അങ്ങനെതന്നെ തിന്നു തീരും. എന്നാലും അത്താഴത്തിനു വീണ്ടും ചോദിച്ചുപോകും, "അമ്മാ, ബാക്കീണ്ടെങ്കിൽ എനിയ്ക്ക് ട്ടോ"ന്ന്.

ഒരു ധൃതനോട്ടം
...........................
പഴുത്ത നാട്ടുമാങ്ങ
ഉപ്പ്
മുളകുപൊടി
മഞ്ഞൾപൊടി
ശർക്കര
വെള്ളം
-വെന്തു വറ്റുമ്പോൾ ചിരകിയ നാളികേരമിട്ടിളക്കി വറവിട്ട് തീയണയ്ക്കാം.
പഴമാങ്ങയില്ലെങ്കിൽ പുളിയുള്ള പഴുത്തമാങ്ങ ഏതുമാകാം.

എന്നാലും; സഹോദരങ്ങളോടും സുഹൃത്തുക്കളോടും തോന്നുന്നപോലൊരു ആത്മബന്ധം മാങ്ങയോട് തോന്നുന്നതെന്തായിരിയ്ക്കും!

2019 മേയ് 24, വെള്ളിയാഴ്‌ച

യാത്രാമൊഴി

പോവുകയാണ് പ്രിയപ്പെട്ടവളെ. പടികടന്നു കർണാടകത്തിലേയ്ക്ക് ചേക്കേറി പതിനെട്ടുകൊല്ലം കഴിഞ്ഞു. 2010ൽ പ്രസവം കഴിഞ്ഞെണീറ്റ് പോയതിൽ പിന്നെ രണ്ടുനാലുനാളിലേറെ നിന്റെ മടിത്തട്ടിൽ ഇതാദ്യമായല്ലേ? അവധിക്കാലം മുഴുവൻ സ്നേഹവാത്സല്യങ്ങളോടെ, കരുണയോടെ ഞങ്ങളെ കാത്തില്ലേ? പാടത്തും തൊടിയിലും കറങ്ങി അയലത്തെ തേൻവരിയ്ക്കയുടെ മണവുമേറ്റി വരുന്ന ആ കൈകളൊന്നു നീട്ടൂ. ഞാനൊന്നുമ്മ വെയ്ക്കട്ടെ. എന്റെ കൈരളിപ്പെണ്ണേ, കളവാണീ.

മാഞ്ചുണ പറ്റി കല വീണ പൈതലിന്റെ മുഖം എന്നെ ആനന്ദിപ്പിച്ചു. തണുതണെയുള്ള ഉപ്പുചുവയ്ക്കാത്ത വെള്ളത്തിലാറാടി അവളുടെ പട്ടുമുടി പിന്നേയുമിരുണ്ടു. കാരോലപ്പവും കണ്ണിമാങ്ങയും മാത്രമല്ല കഞ്ഞിയും കപ്പയും പുട്ടും പുളിശ്ശേരിയും.. നീ നീട്ടിയതെല്ലാം രുചിയറിഞ്ഞു കഴിച്ച് മിനുങ്ങുന്ന കവിളുകളിൽ മാർദ്ദവമേറിയല്ലോ!

അമ്മമ്മ, അമ്മായി, മാമൻ, ചെറ്യേമ്മ.. ചവച്ചാലും ചവച്ചാലും കിനിയുന്ന മമതയുടെ അതിമധുരം വാക്കിലും നോക്കിലും. അറിഞ്ഞാലുമറിഞ്ഞാലും തീരാത്ത കൗതുകത്തോടെ; പറഞ്ഞാലും പറഞ്ഞാലും തീരാ വിശേഷങ്ങൾ പങ്കിട്ട് ഒറ്റക്കുട്ടിയ്ക്ക് സഹോദരങ്ങളായ കുട്ടിക്കുറുമ്പുകൾ. ചെല്ലക്കുട്ടിയുടെ ചിന്തയിലും ഭാഷയിലും നിറയെ ഇമ്പമാർന്ന് മലയാളമുത്തി.

ഞാനോ! റബർ തോട്ടത്തിനു നടുവിലെ നിഴലുതിർന്ന വഴിയിൽ, വേലിയ്ക്കലെ ചെമ്പരത്തിച്ചിരികളിൽ, നിലാവു പൂക്കുന്ന മുല്ലവള്ളികളിൽ, മിറ്റത്തു വീഴുന്ന ദിനപ്പത്രത്തിന്റെ തലക്കെട്ടുകളിൽ, പൊള്ളച്ചു പ്രസാദിയ്ക്കുന്ന പപ്പടമർമ്മരത്തിൽ പോലും ബാല്യവും കൗമാരവും കണ്ടു സന്തോഷിച്ചു. ഭാഷാമൃതം കുടിച്ചും അതിൽ തുടിച്ചും രണ്ടു നിമിഷം പോലെ ഹ്രസ്വമായിപ്പോയ വേനലവധി.

എന്റെ പൊന്നമ്മേ, നിനക്കു മാത്രം നൽകാൻ കഴിയുന്ന എന്തെന്തെല്ലാം മുന്താണിയിൽ നിറച്ചു തന്നിട്ടാണെന്നെ യാത്രയയയ്ക്കാൻ വരുന്നത്! വിതുമ്പിക്കൊണ്ട് കെട്ടിപ്പിടിയ്ക്കേണ്ട. ആദ്യമായി അമ്മയെ പിരിഞ്ഞുറങ്ങാൻ പോകുന്ന കുഞ്ഞിപ്പെണ്ണല്ലല്ലോ ഞാൻ. വെറുതെയെന്നേം കരയിയ്ക്കേണ്ട.

ഇനി, നാടുകാണിച്ചുരം കയറി ചാലിയാറിന്റെ ഊഷ്മളമായ ഈർപ്പം വറ്റി, വരണ്ടു ശുഷ്കമായ പീഠഭൂമിയിലേയ്ക്കു പോകുമ്പോൾ...
പിന്നിലേയ്ക്കോടുന്ന മുളങ്കൂട്ടങ്ങളും മദ്ധ്യവേനലിനിയും തീർന്നിട്ടില്ലെന്നു വ്യാമോഹിപ്പിയ്ക്കാൻ കാലംതെറ്റിപ്പൂത്ത കണിക്കൊന്നകളും വഴിയരികിൽ കണ്ണിറുക്കും. വശീകരിയ്ക്കുന്ന ഗന്ധർവ്വനെപ്പോലെ അനുവദിയ്ക്കപ്പെട്ടിട്ടില്ലാത്ത സ്വർഗ്ഗങ്ങളിലേയ്ക്കു മടങ്ങിച്ചെല്ലാൻ നിർബന്ധിയ്ക്കും. അപ്പോൾ ഞാൻ കണ്ണടച്ചിരുന്നു ധ്യാനിയ്ക്കും. എന്റെ ചിരിയാൽ തളിർക്കുന്ന, എന്റെ വിഷാദത്താൽ മങ്ങുന്ന, എന്റെ നിദ്രയിൽ മയങ്ങുന്ന ഒരു കൊച്ചു വാടകവീടിനേയും കാത്തു കാത്തിരിയ്ക്കുന്നൊരു കൂട്ടുകാരനെയും.

യാത്രാമൊഴി

പോവുകയാണ് പ്രിയപ്പെട്ടവളെ. പടികടന്നു കർണാടകത്തിലേയ്ക്ക് ചേക്കേറി പതിനെട്ടുകൊല്ലം കഴിഞ്ഞു. 2010ൽ പ്രസവം കഴിഞ്ഞെണീറ്റ് പോയതിൽ പിന്നെ രണ്ടുനാലു നാളിലേറെ നിന്റെ മടിത്തട്ടിൽ ഇതാദ്യമല്ലേ? അവധിക്കാലം മുഴുവൻ സ്നേഹവാത്സല്യങ്ങളോടെ, കരുണയോടെ എന്നെ കാത്തില്ലേ? പാടത്തും തൊടിയിലും കറങ്ങി അയലത്തെ തേൻവരിയ്ക്കയുടെ മണവുമേറ്റി വരുന്ന ആ കൈകളൊന്നു നീട്ടൂ. ഞാനൊന്നുമ്മ വെയ്ക്കട്ടെ. എന്റെ കൈരളിപ്പെണ്ണേ, കളവാണീ.

മാഞ്ചുണ വീണു കല വന്ന പൈതലിന്റെ മുഖം എന്നെ ആനന്ദിപ്പിച്ചു. തണുതണെയുള്ള ഉപ്പുചുവയ്ക്കാത്ത വെള്ളത്തിലാറാടി അവളുടെ പട്ടുമുടി പിന്നേയുമിരുണ്ടു. കാരോലപ്പവും കണ്ണിമാങ്ങയും മാത്രമല്ല കഞ്ഞിയും കപ്പയും പുട്ടും പുളിശ്ശേരിയും.. നീ നീട്ടിയതെല്ലാം രുചിയറിഞ്ഞു കഴിച്ച് മിനുങ്ങുന്ന കവിളുകളിൽ മാർദ്ദവമേറിയല്ലോ!

2019 മേയ് 22, ബുധനാഴ്‌ച

ഈയാംപാറ്റ

മഴ പെയ്തൊഴിഞ്ഞ രാവിൽ പതിവുപോലെ അമ്പിളിമാമനെ വരുന്നെങ്കിൽ വായോ എന്നു വിളിച്ച് ജനൽ തുറന്നിട്ട് കിടന്നു. പ്രിയവിശേഷങ്ങളൊന്നും പങ്കുവെയ്ക്കാനില്ലാത്ത മൊബൈലിൽ രമിച്ച് സ്വല്പനേരം. ജനൽ കട്ടിളയുടെ ദീർഘചതുര മാനക്കഷ്ണത്തിൽ മുറിഞ്ഞു കിടന്ന മാമനെ നോക്കി വരില്ലല്ലോ എന്നോർത്തു ഫോൺ തലയിണയ്ക്കടിയിലേയ്ക്കു നീക്കി ദീർഘനിശ്വാസത്തോടെ മലർന്നു കിടന്നു. കയ്യിലും കഴുത്തിലുമരിച്ചു നടന്ന ഈയാംപാറ്റകൾ വീണു പിടയ്ക്കാൻ മൊബൈൽ നാളങ്ങൾ തേടി.
അതൊരു സ്വപ്നമാണെന്നും കനവിലും കനിയാറില്ലാത്ത മാമൻ അരികത്തിരുന്നു തലോടുകയാണെന്നും കരുതാനവളിഷ്ടപ്പെട്ടു.
സ്വയം പുണർന്നൊന്നു സ്നേഹിയ്ക്കാനാഞ്ഞപ്പോഴേയ്ക്കും കൈ മടക്കിനകത്ത് ഞെരിഞ്ഞ പാറ്റയുടെ നീരമർന്നു. അപ്പോൾ ജനൽ വക്കത്തുനിന്നൊരു മിന്നാമിന്നി പുറത്തേയ്ക്കു പറന്നകലുന്നത് അവൾ വിഷാദത്തോടെ കണ്ടു.

2019 മേയ് 21, ചൊവ്വാഴ്ച

പുതുമഴ

അവസാനം മഴ പെയ്തു. രാവിലെ മുതൽ മുഖം കറുപ്പിച്ചും മുരണ്ടും പൊട്ടിത്തെറിച്ചും മേഘമേലാപ്പ്. ഉച്ച തിരിയുമ്പോഴേയ്ക്ക്  വെന്തുകുതിർന്ന് അഞ്ചിലേയ്ക്കു തിരിഞ്ഞിരിയ്ക്കുന്ന റെഗുലേറ്ററിനെയും പൂർണ്ണവേഗതയിൽ കറങ്ങുന്ന പങ്കയെയും അതൃപ്തിയോടെയോ പകയോടെയോ നോക്കിത്തുടങ്ങി വീട്ടിലെല്ലാവരും. പതിയെപ്പതിയെ അന്തരീക്ഷം കറുത്തിരുണ്ടു. 'പതിയെപ്പതിയെ' എന്നു വായിയ്ക്കുമ്പോൾ വെന്തുരുകുന്ന പടപ്പുകൾ പ്രതീക്ഷയുടെയുടെ ആനമുടിയിലേറുമെന്നും (അതല്ലേ ഇന്നാട്ടിലെ ഉത്തുംഗശൃംഗം?) അക്ഷമയോടെ നിയതിയുടെ പരമകായനെ വിചാരണ ചെയ്യാൻ തുടങ്ങിയിരിയ്ക്കുമെന്നും മനസ്സിലാക്കിയോ?

കാറ്റു വീശിത്തുടങ്ങി. കാപ്പി വെന്ത മണം ഉമ്മറത്തെത്തുമ്പോഴേയ്ക്കും പുഴയൊഴുക്കിൽ ഒതുക്കത്തോടെ, ഒരുമയോടെ വിന്യസിക്കുന്ന നീളൻമുടി പോലെയായി കാറ്റു ചീകിയൊതുക്കിയ ഓലപ്പട്ടകൾ.

ഈ മഴ നനയാനെന്താണു വഴിയെന്നാലോചിയ്ക്കുമ്പോഴൊരു സൂത്രം തോന്നി.
"ചിന്നൂ, നമ്മക്ക് തുന്നാൻ കൊടുത്തതു മേടിച്ചു വരാം?"
അന്തിയായി നോമ്പുവീടാറാകുമ്പോൾ തുന്നൽക്കാരി താത്താക്ക് അടുക്കളേൽ പത്തിരിത്തിരക്കാവുമെന്നതിനാൽ അമ്മ എതിരു പറഞ്ഞില്ല. ഇടിമിന്നലും പടപടായെന്ന് മാനം പൊളിയുന്ന ശബ്ദവും.. കനത്ത തുള്ളികൾ എണ്ണിയെണ്ണി വാട്ടർ ബലൂൺ പോലെ വീണു ചിതറുമ്പോൾ ആളില്ലാറോട്ടിൽ അനിയത്തിയുടെ കൈകോർത്തു നടക്കാൻ എന്ത് രസാ.

നനഞ്ഞു തുടങ്ങിയ റോട്ടിൽ അവിടാവിടെ ചൂടിന്റെ തുരുത്തുകൾ. വലിയ താപവ്യത്യാസമുണ്ടായിരുന്നതിനാൽ ഞങ്ങളിരുവരും ശ്രദ്ധിച്ചു. ടാറു പോയി ചെമ്മണ്ണായ കുഴികളിലും ടൈൽസിടാത്ത മിറ്റങ്ങളുടെ പടിയ്ക്കലെത്തുമ്പോഴുമാണ് താപതരംഗങ്ങളുടെ വേലിയേറ്റങ്ങളെന്നു ഞങ്ങൾ താമസിയാതെ തിരിച്ചറിഞ്ഞു.

"അതെന്താ പ്രസന്നക്കാ മണ്ണുള്ളിടത്ത് മാത്രം ചൂട്!"

കന്നി മഴ പെയ്യുമ്പോൾ (ഉണങ്ങിയ മണ്ണ് നനയുമ്പോൾ) മണ്ണിലെ ബാക്ടീരിയകൾ
ബാഷ്പസ്വഭാവമുള്ള സുഗന്ധ തന്മാത്രകൾ വലിയതോതിൽ പെട്ടെന്നു പുറത്തു വിടുന്നതാണ് പുതുമണ്ണിന്റെ മണത്തിനു കാരണമെന്ന് നിങ്ങൾക്കെല്ലാം അറിയാമല്ലോ. വരണ്ടതും ചൂടുള്ളതും യു വി കിരണങ്ങൾ ധാരാളമടിയ്ക്കുന്നതുമായ പരിസ്ഥിതിയിൽ മണ്ണിലെ കോടാനുകോടി ബാക്ടീരിയകളും ഫംഗസുകളും മറ്റു ചില സൂക്ഷ്മജീവികളുമെല്ലാം അതീവസുരക്ഷാമതിൽ നിർമ്മിച്ച് സ്പോറുകൾ എന്ന കൂടാരത്തിനകത്ത് മയങ്ങിക്കിടക്കുന്നു. ജീവജലം കിട്ടുന്ന ക്ഷണത്തിൽ ഈ ജാഗ്രതാ ഷെല്ലുകൾ പിളർത്തി അതിൽ നിന്നും ഒരുപറ്റം കുട്ടിക്കോശങ്ങൾ പുറത്തുചാടി തിന്നും വളർന്നും പെരുകിയും ജീവിയ്ക്കാൻ തുടങ്ങും. ഭക്ഷണം, വെള്ളം, ചൂട് തുടങ്ങിയവയുടെ ഏറ്റക്കുറച്ചിലിനനുസരിച്ച് അവ രണ്ടോ നാലോ ആയിരമോ പതിനായിരമോ തലമുറകൾ ജീവിച്ചു തീർക്കുകയും ചെയ്യും. ചൂടും വരൾച്ചയും പട്ടിണിയും സഹിയ്ക്കാവുന്നതിലപ്പുറമാകുമ്പോൾ ജീവൻ ബാക്കിയുള്ളവ വീണ്ടും സ്പോർഭിത്തി കനപ്പിച്ച് ത്രിശങ്കു സ്വർഗത്തിലെ മായാനിദ്രയിലേയ്ക്കമരും.

(ആ കുരുപ്പുകൾ ലൈംഗിക പ്രത്യുത്പാദനം നടത്തുമ്പോ പുറത്തു വിട്ണ ഗ്യാസിന്റെ മണമാണ് ഹായ് ഹായ് ന്ന് മ്മളൊക്കെ മൂക്കില് വലിച്ച് കേറ്റ്ണത് നാട്ടാരെ. അല്ലാതെ നല്ലോം കഞ്ഞീം വെള്ളോം കിട്ട്ണ കാലത്തൊക്കെ അവിറ്റങ്ങള് നാലാളറിയാതെ ഒറ്റയ്ക്ക് അലൈംഗിക പ്രജനനം നടത്തിക്കളയും. മനസ്സിലായോ? തന്നത്താനെ! ഛായ്.)

ഒരുദാഹരണമായാലോ? കല്യാണം കൂടി വരാണ്. വണ്ടീല് തിരക്കാണ്. ബിരിയാണി മണം. അത്തർ. സെൻറ്. വിയർപ്പ്. കൊറകൊറാന്ന് കല്യാണവിശേഷം. എന്തു തോന്നി? ഓക്കാനിക്കാൻ തോന്നിയോ? വന്നാൽ തടയാൻ പറ്റൂല. റോഡരികിൽ അതങ്ങ് കൊട്ടിക്കളയിൻ. കുപ്പിയിലെ വെള്ളമെടുത്ത് കഴുകി യാത്ര തുടരട്ടെ.

റോഡരികിലെ ഉണങ്ങിവരണ്ടു കിടക്കുന്ന ചെമ്മണ്ണിൽ ജീവന്റെ ആഘോഷത്തിനു കൊടിയേറ്റമായത് അറിഞ്ഞോ? അവിടെ നൂറായിരം ബാക്ടീരിയ- ഫംഗസ് സ്പോറുകൾ പിളർന്ന് കുഞ്ഞുകുട്ടി പരാധീനങ്ങൾ പുറത്തു ചാടി 'ധും ധും ധും ദുന്ദുഭിനാദം' കളിയ്ക്കും. പിന്നെ 'മാതം പുലരുമ്പോ മോരൂട്ട് സ്വപ്ന ഭൂമിക്കിടാത്തിയ്ക്ക് നീരാട്ട്' എന്ന് സുന്ദരക്കില്ലാടീലെ പെണ്ണ് കിണറ്റീന്ന് കേറി വരുമ്പോൾ തിമർക്കണപോലെ അടിപൊളിയാക്കും. ഛർദ്ദിലിൽ വിരിഞ്ഞ വസന്തഘോഷത്തിൽ ബിരിയാണീലെ അന്നജവും മാംസ്യവും കൊഴുപ്പും നാരുമെല്ലാം വിഘടിച്ച് ലളിതമധുരങ്ങളും അമ്ലങ്ങളുമായി പിന്നെയും വിഘടിച്ച് കാർബൺഡയോക്സൈഡും വെള്ളവും ധാതുലവണങ്ങളുമായി മാറി പഞ്ചഭൂതങ്ങളിൽ ലയിയ്ക്കുന്നു. സൂക്ഷ്മാണുക്കൾ ഫുഡ്ഡടിച്ചു ഫുഡ്ഡടിച്ച് ഊർജ്ജം പൂജ്യമാകുമ്പോഴേയ്ക്കും തിന്നും കുടിച്ചും പടവെട്ടിയും ജീവനോടെ ശേഷിച്ചവർ മതിലുകെട്ടിത്തുടങ്ങും. പിന്നെ കാത്തിരിപ്പാണ്. വരുണഭഗവാൻ മഴയായോ മഞ്ഞായോ മുറുക്കിത്തുപ്പലായോ എങ്ങനെ വന്നാലും സന്തോഷം. തകധിമിതൈ. അദ്ദാണ്.

വിഷയം കൈവിട്ടു പോയോ?  വിഷയാസക്തിയും സന്താനോല്പാദനവുമാകുമ്പോൾ പെട്രികോറിയൻ ( Petrichorian- പുതുമഴയിലുണരുന്ന മണ്ണിന്റെ ഗന്ധം) നൊസ്റ്റാൾജിയയുണ്ടാക്കുന്ന സൂക്ഷ്മാണുക്കൾ ചൂടു പുറത്തു വിടുന്ന കാര്യമാണ് പറഞ്ഞുവന്നത്. ടാറിട്ട ഭാഗത്തേക്കാൾ ചെമ്മണ്ണ് ചൂടു വമിപ്പിക്കുന്നുണ്ടായിരുന്നു. സ്വാഭാവികമായും  സൂക്ഷ്മജീവികൾ ടാറിലേതിനേക്കാൾ കൂടുതൽ വളരുന്നത് മണ്ണിൽത്തന്നെ. മുളക്കുന്ന പയറിനും പുളിക്കുന്ന മാവിനും ഉറകൂടുന്ന തൈരിനും ഊഷ്മളത പകരുന്നത് ഇതേ ജൈവരാസപ്രവർത്തനങ്ങൾ തന്നെയാണ്.

ചൂടുവായു വികസിയ്ക്കുകയും മേലോട്ടുയരുകയും ചെയ്യും. മഴ പെയ്യുമ്പോൾ മുകളിലെ വായു തണുക്കുകയും ചുരുങ്ങുകയും ചെയ്യുമല്ലോ. അവിടേക്ക് ചൂടുകൂടിയ വായു തള്ളിക്കയറുന്നത് നമുക്ക് ത്വക്കെന്ന ഇന്ദ്രിയത്താൽ തിരിച്ചറിയാനും കഴിയും. തണുത്ത വായു വശങ്ങളിലൂടെ താഴേക്ക് ഒഴുകിയിറങ്ങും. ചൂടുള്ള വായു വീണ്ടും മുകളിലോട്ട്. (കൺവെക്ഷൻ) താപവികിരണങ്ങളായും (റേഡിയേഷൻ) ഭൂമി ചൂടു വമിയ്ക്കുന്നുണ്ട്.

ഇനി ബിറ്റുമെനിട്ട കറുത്ത റോഡിന് ചെമ്മണ്ണിനേക്കാൾ താപചാലകത കുറവോ, വികിരണമുതിർക്കാൻ മനസ്സില്ലായ്മയോ ഉണ്ടെങ്കിൽ അറിവുള്ളവർ പറഞ്ഞു തരുമല്ലോ.

പുതുമഴ

അവസാനം മഴ പെയ്തു. രാവിലെ മുതൽ മുഖം കറുപ്പിച്ചും മുരണ്ടും പൊട്ടിത്തെറിച്ചും മേഘമേലാപ്പ്. ഉച്ച തിരിയുമ്പോഴേയ്ക്ക്  വെന്തുകുതിർന്ന് അഞ്ചിലേയ്ക്കു തിരിഞ്ഞിരിയ്ക്കുന്ന റെഗുലേറ്ററിനെയും പൂർണ്ണവേഗതയിൽ കറങ്ങുന്ന പങ്കയെയും അതൃപ്തിയോടെയോ പകയോടെയോ നോക്കിത്തുടങ്ങി വീട്ടിലെല്ലാവരും. പതിയെപ്പതിയെ അന്തരീക്ഷം കറുത്തിരുണ്ടു. 'പതിയെപ്പതിയെ' എന്നു വായിയ്ക്കുമ്പോൾ വെന്തുരുകുന്ന പടപ്പുകൾ പ്രതീക്ഷയുടെയുടെ ആനമുടിയിലേറുമെന്നും (അതല്ലേ ഇന്നാട്ടിലെ ഉത്തുംഗശൃംഗം?) അക്ഷമയോടെ നിയതിയുടെ പരമകായനെ വിചാരണ ചെയ്യാൻ തുടങ്ങിയിരിയ്ക്കുമെന്നും മനസ്സിലാക്കിയോ?

കാറ്റു വീശിത്തുടങ്ങി. കാപ്പി വെന്ത മണം ഉമ്മറത്തെത്തുമ്പോഴേയ്ക്കും പുഴയൊഴുക്കിൽ ഒതുക്കത്തോടെ, ഒരുമയോടെ വിന്യസിക്കുന്ന നീളൻ മുടി പോലെയായി കാറ്റു ചീകിയൊതുക്കിയ ഓലപ്പട്ടകൾ.

ഈ മഴ നനയാനെന്താണു വഴിയെന്നാലോചിയ്ക്കുമ്പോൾ ഐഡിയ വന്നു.
"ചിന്നൂ, നമ്മക്ക് തുന്നാൻ കൊടുത്തതു മേടിച്ചു വരാം?"
അന്തിയായി നോമ്പുവീടാറാകുമ്പോൾ തുന്നുന്ന താത്താക്ക് അടുക്കളേൽ പത്തിരിത്തിരക്കാവുമെന്നതിനാൽ അമ്മ എതിരു പറഞ്ഞില്ല. ഇടിമിന്നലും പടപടായെന്ന് മാനം പൊളിയുന്ന ശബ്ദവും.. കനത്ത തുള്ളികൾ എണ്ണിയെണ്ണി വാട്ടർ ബലൂൺ പോലെ വീഴുമ്പോൾ ആളില്ലാറോട്ടിൽ അനിയത്തിയോടു കൈകോർത്തു നടക്കാൻ എന്ത് രസാ.

നനഞ്ഞു തുടങ്ങിയ റോട്ടിൽ അവിടാവിടെ ചൂടിന്റെ തുരുത്തുകൾ. വലിയ ഹായ് താപ വ്യത്യാസം ഉണ്ടായിരുന്നതിനാൽ ഞങ്ങളിരുവരും ശ്രദ്ധിച്ചു ടാറു പോയി പോയി ചെമ്മണ്ണു ഉള്ള ഉള്ള വഴി കളിലും ലും ടൈൽസ് താത്ത അത്