2018 ജൂലൈ 14, ശനിയാഴ്‌ച

വിവേകമില്ലാത്ത വിവേചനങ്ങൾ

കർണാടകയിലെ ഹാസനിലാണ് ഞാൻ താമസം. ജില്ലാ തലസ്ഥാനമായ ഹാസൻ പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത്. കുറച്ചൊന്നു ഗ്രാമത്തിലൂടെ കണ്ണോടിച്ചാൽ മനസ്സിലാകും ടെക്നോളജിയിൽ പുരോഗമിച്ച, സംസ്കാരത്തിലും വകതിരിവിലും വളർച്ചനിലച്ച ഇന്ത്യയുടെ ആത്മാവിനെ. ജാതി, മത, വർണ, വർഗ, ലിംഗ, സാമ്പത്തിക ഭേദഭാവങ്ങളിൽ മുങ്ങിത്താണു കിടക്കുന്ന ജനാധിപത്യ, സ്വതന്ത്ര്യ, റിപ്പബ്ലിക്കിന്റെ പൗരന്മാരെ. വോട്ടു മുതലാളിമാരെ. എല്ലാത്തരം ചൂഷണങ്ങളും അപമാനകരവും ഭീകരവുമായി നിലനിൽക്കുന്ന രാഷ്ട്ര ഹൃദയം...

ഹാസനിലെ വാടക വീടിന്റെ ഉടമസ്ഥ എന്റെ സ്നേഹിതയാണ്. എന്റെ കുലത്തിന് അവർ  പ്രാധാന്യം നൽകുന്നതും അതുകാരണം എന്നെ ബഹുമാനിക്കുന്നതും സത്യത്തിൽ അരോചകമായ സംഗതിയാണ്. ഉന്നതകുലജാത എന്നൊക്കെ പറയാമെങ്കിലും അഭിമാനിക്കാനോ, തലയുയർത്താനോ വകയുള്ള യാതൊന്നും എന്റെ കുലത്തിലും ജാതിയിലും ഉണ്ടെന്നു തോന്നിയിട്ടില്ല.

ഇന്നലെ വർത്തമാനത്തിനിടയിൽ കഴിഞ്ഞയാഴ്ച അവരുടെ കുടുംബത്തുനിന്ന് ഒളിച്ചോടിപ്പോയ പെൺകുട്ടിയെപ്പറ്റി അത്യധികം സങ്കടത്തോടെ അവർ സംസാരിച്ചു." ഒരാഴ്ചയായി ബന്ധുക്കൾക്കാർക്കും ഉറക്കമില്ല, ഭക്ഷണമിറങ്ങുന്നില്ല. രാജകുമാരിയെപ്പോലെ അച്ഛനമ്മമാർ വളർത്തിയതാ. കൃഷിക്കാരാണെങ്കിലും ഒരു കഷ്ടപ്പാടുമറിയിയ്ക്കാതെ വളർത്തി. വെള്ളം കുടിച്ച ഗ്ലാസ്സ് തിരികെ വെച്ചുപോലും പരിചയമില്ല. മൂന്നലമാരകളിൽ നിറച്ചുണ്ടായിരുന്ന ഡ്രസ്സുകൾ എല്ലാം വളരെ വില കൂടിയവ. കൈയിലുണ്ടായിരുന്ന ഫോണിന് 30,000 രൂപ... ചെക്കനാണെങ്കിൽ ഒരു ഗതിയും ഇല്ലാത്ത ഒരു അലവലാതി. ലക്ഷങ്ങൾ മുടക്കിയ വിവാഹനിശ്ചയത്തിനു ശേഷം കാമുകന്റെ ആത്മഹത്യാശ്രമം. കീടനാശിനി തലയിലൂടെ ഒഴിച്ച്  ആസ്പത്രിയിൽ പോയി കിടന്നു. വിഷം കുടിച്ചിട്ട് പോലുമില്ല! നിശ്ചയിച്ച ചെക്കനുമായി ഫോണിൽ സല്ലപിയ്ക്കാറുണ്ടായിരുന്ന മകൾ പെട്ടെന്നങ്ങ് ഒളിച്ചോടിപ്പോയി. കൂട്ടുകാരുടെ ഷർട്ടും ബൈക്കുകളുമായി ചെത്തിനടക്കുന്ന അവന് സ്വന്തമായി ഒരു വരുമാനമില്ല. വീടു കണ്ടാലോ... അറക്കുന്ന ഒരു കുപ്പത്തൊട്ടി. ബാംഗ്ലൂരിൽ എവിടെയോ ഉണ്ടെന്ന്..."

പ്രധാനമന്ത്രിയായിരുന്ന ദേവഗൗഡയുടെയും മുഖ്യമന്ത്രിയായ കുമാരസ്വാമിയുടെയും സ്വന്തം ജില്ലയിൽ കുടിവെള്ളം പോലും കിട്ടാത്ത ഗ്രാമങ്ങളിലെ കൂരകൾ ഞാൻ കണ്ടിട്ടുണ്ട്. അദ്ധ്വാനികളായ കർഷകർ മിക്കവരും മക്കളെ മുകളിൽ പറഞ്ഞരീതിയിലാണ് ഇന്ന് വളർത്തുന്നത്. മൊബൈലിൽ തെളിയുന്ന ഇംഗ്ലീഷ് വായിക്കാനറിയാത്ത മുതിർന്നവർ ബഹുമാനത്തോടെ പോറ്റിവളർത്തുന്ന പരഭോജികളായ കൺട്രീസ് ആണ് ഇളയ തലമുറ. വിദ്യാഭ്യാസവും വിവരവും ഉണ്ടെന്നു കരുതുന്നവരുടെ വീട്ടിൽ പോലും പുതിയതരം രാജവാഴ്ച കാണാം. പഠിച്ച, വൈറ്റ് കോളർ ജോലിക്കുപോകുന്ന ആണുങ്ങളും പെണ്ണുങ്ങളും എന്തിന്, ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന കുട്ടികൾവരെ രാജാക്കന്മാർ. അവരെക്കൊണ്ട് ഒരു വീട്ടുപണിയുമെടുക്കാതെ അവരുടെ ദാസ്യപ്പണി ചെയ്യുന്ന പഠിപ്പില്ലാത്തവർ. ഇംഗ്ലീഷ് അറിയില്ലെന്ന അപകർഷതയുള്ളവർ. വിളമ്പുക, പാത്രം കഴുകുക, ഷൂ പോളിഷ് ചെയ്യുക എന്നതൊക്കെ പോട്ടെ; കുടിക്കാനുള്ള വെള്ളവും റിങ് ചെയ്യുന്ന ഫോണും പോലും ഇരിക്കുന്നിടത്ത് കിട്ടിക്കിട്ടി അഴുകി, ക്ഷയിച്ച പഠിപ്പുള്ളവർ... സമ്പത്ത്, കുലം, ജാതി, ലിംഗം... എല്ലാത്തരം വിവേചനങ്ങൾക്കും ശേഷം വീട്ടിനകത്തു നിരന്തരമായി പ്രോത്സാഹിപ്പിക്കപ്പെടുന്ന ഈ വിവേചനമാണ് ഏറ്റവും അസഹ്യമായിട്ടുള്ളത്. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തിൽ കുടുംബത്തിനകത്തുള്ള  വിവേചനം!! അത്ഭുതമായി തോന്നുന്നത്, പഠിപ്പില്ലാത്ത പെണ്ണുങ്ങൾ തന്നെ അവനവനെ ഇകഴ്ത്തി സംസാരിക്കുന്നതും അതാണ് അവരുടെ കർത്തവ്യം എന്നു കരുതുന്നതുമാണ്.

'എടുത്തു ചാട്ടക്കാരി അനുഭവസമ്പത്തോടെ ജീവിതം പഠിച്ചവളായി തിരിച്ചുവന്നേക്കാം അല്ലേ' എന്ന എന്റെ ചോദ്യത്തിൽ  സ്നേഹിതയുടെ കണ്ണുതള്ളിപ്പോയി.
"തിരിച്ചു വരികയോ! തുണ്ടം തുണ്ടമാക്കി പാടത്തിട്ട് കത്തിയ്ക്കും രണ്ടിനെയും. എസ് സി എസ്ടിക്കൊപ്പമാണ് അവൾ ചാടിപ്പോയിരിക്കുന്നത്."
ഇത്രയും നന്നായി പോറ്റിയ അച്ഛനുമമ്മയും പോലും ഇനിയവൾക്ക് ശത്രുവാണെന്ന്. തെണ്ടിത്തരമാണ് അവൾ കാണിച്ചതെങ്കിലും വല്ല ഗൗഡയും ആയിരുന്നെങ്കിൽ സാരമില്ലായിരുന്നുവെന്ന്. കൂട്ടുകാരിയുടെ മുഖത്തുനോക്കി മിഴിച്ചിരിക്കുകയായിരുന്ന ഞാൻ 'നിങ്ങളുടെ അഭിപ്രായവും അതാണോ' എന്ന് ചോദിച്ചു.

മറ്റെല്ലാ കാര്യത്തിലും പുരോഗമനവാദിയായ അവർ പറഞ്ഞു: "പിന്നേ, വീടിനകത്തു കയറ്റാത്ത ജാതിക്കാരെ തൊട്ടും കൂടെക്കിടന്നും വന്നാൽ തിരിച്ചെടുക്കുകയോ!! തോട്ടത്തിൽ പണിക്ക് വരുന്നവരുടെ ഗ്ലാസ് തൊടുക പോലുമില്ല ഞങ്ങൾ. ഗ്രാമത്തിലെ പല വീടുകളിലും പണിയ്ക്കു വരുന്ന എസ് സി എസ് ടി ക്കാർക്ക് വെള്ളം കൊടുക്കുന്നത് ചിരട്ടയിലാണ്. അതും മോളീന്ന് ഒഴിച്ചു കൊടുക്കുകയേ ഉള്ളൂ."

ഭ്രാന്താലയം!

ഈ പ്രശ്നങ്ങൾക്കിടയിൽ മുതലെടുക്കുന്ന മിഷണറിക്കൂട്ടങ്ങളുമുണ്ട്. ഹിന്ദുവിനേക്കാൾ ഒട്ടും ഭേദമല്ലാതെ ഈ ഭാഗ്യം കെട്ട മനുഷ്യജന്മങ്ങളെ പടിയ്ക്കു പുറത്തു നിറുത്തുന്നവർ തന്നെയാണ് ഇവിടത്തെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ജൈനരും എല്ലാം തന്നെ. മതപരിവർത്തനം നടത്തിയ താഴ്ന്ന വിഭാഗക്കാരുടെ കഥ ഇതിലും വിശേഷമാണ്. പുതുതായി നേടിയ ത്രിശങ്കു സ്വർഗത്തിൽ പരിവർത്തനം നടത്താത്ത ബന്ധുക്കളിൽ നിന്നും അയൽക്കാരിൽ നിന്നും ഒരു മുൾവേലി കൂടി കൂടുതൽ കെട്ടി സ്വയം വേർതിരിച്ചിരിയ്ക്കുന്നു. ചിലർ വിവാഹബന്ധത്തിന് ആളെക്കിട്ടാതെ വരുമ്പോൾ വീണ്ടും പരിവർത്തനം ചെയ്ത് അമ്മാവനെയോ, ഏടത്തിയുടെ മകളെയോ ബന്ധുക്കളേയോ കെട്ടുന്നു. ഏറ്റവും ശ്രേഷ്ഠം എന്ന് തന്നെത്താനും സമൂഹം മൊത്തവും പറയുന്ന ബ്രാഹ്മണരുടെ വൃത്തിയും വെടിപ്പും കണ്ടാൽ അറയ്ക്കും. ഒരു ചായ കുടിച്ചാൽ ചങ്കിൽ നിന്നിറങ്ങില്ലാത്ത അത്രയും വൃത്തികെട്ടതായി വീടു സൂക്ഷിച്ചിരിയ്ക്കുന്ന ബ്രാഹ്മണസുഹൃത്തുക്കളുണ്ടെനിയ്ക്ക്.

എന്റെ തലക്ക് തീപിടിച്ചത് പോലായി. മനുഷ്യനെന്നു മാറാനാണ്? പുരോഗമനപരമായ ജീവിതരീതികൾ കണ്ടു തരക്കേടില്ലെന്നു കരുതിയ ഈ കുടുംബക്കാർ ഇങ്ങനെയാണു ചിന്തിയ്ക്കുന്നതെങ്കിൽ ഇന്ത്യൻ ഗ്രാമങ്ങളിലെ ഒരു വൈറ്റ്കോളറിനെപ്പോലും പെറ്റിടാത്ത ലക്ഷക്കണക്കിനു കുടുംബങ്ങളുടെ ചിന്താഗതി എങ്ങനെയായിരിക്കും! 

കഴിയുന്നത്ര നിയന്ത്രണത്തോടെ ഞാൻ ചോദിച്ചു: "നിങ്ങടെ മക്കൾ സ്കൂളിൽ കൂട്ടുകാരെ ഉണ്ടാക്കുന്നത് ഇതൊക്കെ നോക്കിയാണോ? ഭർത്താവ് എൻജിനീയറിങ്ങിന് ഹോസ്റ്റലിൽ നിന്നു പഠിക്കുമ്പോൾ ഇവരുടെ കൂടെ ഇരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ലേ? ബസിൽ കൂടിയിരിക്കുന്നവർ... ഹോട്ടലിൽ ഭക്ഷണം വിളമ്പുന്നവർ..."

അവരുടെ മുഖം വിളറി.

"ഒന്നുംവേണ്ട; നാളെ നിങ്ങളുടെ മക്കൾ വളർന്നു പഠിക്കാൻ ദൂരെ പോകുമ്പോൾ താഴ്ന്നവരെന്ന് നിങ്ങൾ പറയുന്ന മനുഷ്യരുടെ കൂടെ മുറി പങ്കിട്ടു താമസിച്ചാൽ... ഭക്ഷണം പങ്കുവെച്ചാൽ... വീട്ടിൽ കയറ്റില്ലേ?"

''ഓ, ഞാനത്രയ്ക്കൊന്നും ചിന്തിച്ചിട്ടില്ലിതുവരെ."

പഠിച്ചവളെന്ന് അവർ എനിക്കൊരു ബഹുമാനം തരുന്നുണ്ട്.( അനാവശ്യമാണ്; പക്ഷേ, തരുന്നതാണ് ) ഞാൻ പറഞ്ഞാൽ അവർ ഒന്നു ചിന്തിക്കാൻ ഇടയുണ്ട്. അവരും മനുഷ്യരാണെന്നൊക്കെ ഇത്തിരി നേരം ഞാൻ പ്രസംഗിച്ചെങ്കിലും നമ്മളീ കാപ്പി കുടിച്ച ഗ്ലാസ്, നമ്മളിരിക്കുന്ന കസേര... എല്ലാം എന്റെ എസ് സിഎസ്ടി കൂട്ടുകാർ ഉപയോഗിച്ചിട്ടുണ്ടെന്നും നിങ്ങളെനിക്ക് വാടകയ്ക്ക് തന്ന നിങ്ങടെ വീടിന്റെ ഈ മൂന്നാംനിലയിൽ ഞാനവരെ രാപ്പാർപ്പിച്ചിട്ടുണ്ടെന്നും ഞാൻ പറഞ്ഞില്ല. ഒറ്റയടിക്ക് പറഞ്ഞു എന്റെ കൂട്ടുകാരിയുടെ മനസ്സ് തകർക്കേണ്ടെന്നു കരുതി. തരംപോലെ സംസാരിച്ചു മനസ്സിലാക്കിയ്ക്കണം.

എത്രമാത്രം അളിഞ്ഞു ചീഞ്ഞതാണ് ഇന്ത്യയുടെ ആന്തരാവയവങ്ങൾ എന്നു മനസ്സിലാക്കുമ്പോഴും കേരളത്തെപ്പറ്റി വ്യത്യസ്തമായി ചിന്തിക്കുന്നവരാണ് ഞങ്ങൾ മറുനാടൻ മലയാളികൾ. സ്നേഹത്തോടെ താലോലിക്കുന്ന സമത്വ സുന്ദര കേരനാട്ടിലും ഭിത്തികളുടെ എണ്ണവും വലിപ്പവും കൂടുന്ന മാരകമായ ഒരു സോഷ്യൽ റിട്രോഗ്രഷൻ അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുകയാണ് എന്ന യാഥാർത്ഥ്യം മനസ്സിലെവിടെയോ തെളിഞ്ഞുവരുന്നുണ്ട്.
നമ്മളൊരിക്കലും നന്നാവില്ലേ?

written by Prasanna Janardhan

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ