#metoo
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയോട് എനിയ്ക്കു പറയാനുണ്ടായിരുന്നു- ഒരു മതത്തിനും സ്ത്രീകളെ സംരക്ഷിക്കാനുള്ള കഴിവില്ലെന്ന്. മനുഷ്യനു മാത്രമേ അത് കഴിയൂ എന്ന്.
ഇരുപതു വർഷങ്ങൾക്കു മുൻപ്- കനത്ത കണ്ണടക്ക് താഴെ സുഹ്റയുടെ കണ്ണുകൾ എപ്പോഴും താഴ്ന്നു തന്നെയിരുന്നു. അവളുടെ കറുത്ത തട്ടം പാതി മുഖത്തെ മറച്ചുകൊണ്ട് വ്യസനമൊളിപ്പിച്ചു. മിണ്ടാപ്രാണിയെന്നും വഴക്കാളിയെന്നും മാറി മാറി തോന്നിപ്പിക്കുന്ന കുഴപ്പംപിടിച്ച പെരുമാറ്റം. അധികമാരും അവളോട് അടുത്തില്ല. അതായിരിയ്ക്കാം അവളുടെ വഴക്കിലും മൗനത്തിലും ഒരേയൊരു കൂട്ടായ എന്നോടവൾ മനസ്സ് തുറക്കാൻ കാരണം. ഒരുപാട് ദിവസത്തെ പ്രയത്നം വേണ്ടിവന്നു അവൾക്കത് തുറന്നു പറയാനുള്ള മനോധൈര്യം കിട്ടാൻ. വിതുമ്പുന്ന ചുണ്ടുകളോടെ, ഒഴുകുന്ന കണ്ണീരോടെ...
പാവമെന്റെ സുഹ്റ... പാതാളത്തോളം ആഴമുള്ള അപകർഷതാവിടവിൽ നിന്ന് ഇടയ്ക്കിടെ പിടഞ്ഞെണീയ്ക്കാൻ ശ്രമിക്കുന്നവൾ...
ചിറകുവിരിച്ചു പറക്കാനാശിച്ചവൾ...
ആ ചിറകിലെ തൂവലുകളെല്ലാം പറിച്ചെടുത്തത് അവളുടെ പ്രിയപ്പെട്ട ഇത്താത്താടെ ഇക്കയായിരുന്നു. വീട്ടിലെ പുയ്യാപ്ല!
വീട്ടുകാരെല്ലാം അയലത്തെ നിക്കാഹിന് പോയനാൾ പനി പിടിച്ചു കിടന്ന പരീക്ഷക്കാരിപ്പെണ്ണിനെ അയാൾ കീഴടക്കി. വിജനമായ വീടും തൊടിയും അവളുടെ കരച്ചിലിനെ പ്രതിധ്വനിപ്പിക്കുക മാത്രം ചെയ്തു. ഒളിഞ്ഞുള്ള ഭീഷണിയോടെ അടുത്ത അവസരത്തിനായി കാത്തിരിക്കുന്ന സുന്ദരനായ നരഭോജി വിരുന്നിനു വരുമ്പോൾ, പിടഞ്ഞവസാനിക്ക്ണ കോഴിയെപ്പോലെ ഭയത്താൽ അവളും മരിച്ചു ജീവിച്ചു. ഒന്നുമറിയാതെ ഉമ്മയും ഉപ്പയും പുയ്യാപ്ലക്ക് നെയ്ച്ചോറും പത്തിരിയും വെച്ചുവിളമ്പി.
ഇസ്ലാംമതത്തിനകത്തെ ജാതിപ്പോരുകൾക്കും സംഘർഷങ്ങൾക്കുമിടയിൽ ഒറ്റപ്പെടലിന്റെയും ഇകഴ്ത്തലുകളുടെയും അഗ്നിപരീക്ഷകളിലായിരുന്നു അപ്പോഴവളുടെ കുടുംബം. ഇതും കൂടെ പുറത്തിറഞ്ഞാൽ പിന്നെ നാടുവിട്ടു പോകുകയേ ഉണ്ടായിരുന്നുളളൂ അവർക്കൊരു മാർഗം. അവളെ രക്ഷിക്കാനുള്ള വിവരമോ ചങ്കൂറ്റമോ എനിക്കില്ലായിരുന്നു. അപകർഷതയെ സ്നേഹം കൊണ്ടും നിരന്തരപ്രോത്സാഹനം കൊണ്ടും തോൽപ്പിക്കുന്നതിൽ ഞാൻ കുറെയൊക്കെ വിജയിച്ചു.
അടുത്തവർഷം സുഹ്റയുടെ അനുജത്തി ബുഷ്റ ഞങ്ങളുടെ കോളേജിൽ ചേർന്നു. സ്നേഹാന്വേഷണങ്ങൾക്കു പോലും തർക്കുത്തരം. വലിയ വഴക്കാളി. കൂട്ടില്ലാത്ത നടത്തം. ധാർഷ്ട്യം. തന്നിഷ്ടക്കാരി. സുഹ്റയും ബുഷ്റയും ഇടയ്ക്കിടെ വഴക്കടിക്കുമ്പോൾ മധ്യസ്ഥം പറയുക ഞാനായിരുന്നു. അവരുടെ വീട്ടിൽ പോയപ്പോൾ ഉമ്മച്ചി കരഞ്ഞു പറഞ്ഞു- ബുഷ്റയുടെ കോപക്കഥകൾ. കടുത്ത മതവിശ്വാസികളായ അവരുടെ കുടീലെ സാത്താന്റെ വിത്ത്.
ഒരിക്കൽ കോളേജിലെ ഇടവേളയൊന്നിൽ അവളെ ഞാൻ പിടിച്ചു നിർത്തി. 'എന്താണ് പ്രശ്നം' എന്ന അന്വേഷണത്തിന് മുഖം തിരിച്ചു പോകാനൊരുങ്ങിയ അവളുടെ കൈത്തണ്ടയിൽ മുറുകെപ്പിടിച്ചു ഞാൻ ഒന്നേ ചോദിച്ചുള്ളൂ: "പറ. ആരാണയാൾ?" അവളിലെ റിബൽ മുഖംമൂടിയഴിഞ്ഞുവീണു. വ്യാഘ്രത്തെപ്പോലെ അലറുമായിരുന്നവൾ ഒരു കൊച്ചു പെൺകുട്ടിയെപ്പോലെ എന്റെ ചുമലിൽ വീണു കരഞ്ഞു. നുറുങ്ങുന്ന വേദനയോടെ ഞാനത് ഒരിക്കൽ കൂടി കേട്ടു. "ഇത്താത്താന്റെ പുയ്യാപ്ല."
പരിഹാരം കാണാൻ കെൽപ്പില്ലാത്തവളായിരുന്നു ഞാനെങ്കിലും ബുഷ്റയ്ക്കും ഞാൻ കൂട്ടായി. അവളിലെ രൗദ്രഭാവം നീക്കി സ്നേഹവും സൗഹൃദവും പ്രത്യാശയും നിറക്കാൻ എനിക്കു കഴിഞ്ഞു.
ഒരുത്തന്റെ സാന്നിധ്യത്തിൽ നിഴലുകളിലേക്ക് ഉൾവലിയുന്ന സഹോദരിമാരിൽ ആദ്യത്തേതല്ല ഇവർ രണ്ടുപേർ. തനിച്ചിരുന്ന് വിതുമ്പുമ്പോഴും 'അവളെങ്കിലും രക്ഷപ്പെട്ടല്ലോ' എന്നാശ്വസിക്കുന്ന ഏടത്തിമാരും അനുജത്തിമാരും ഇന്നും നമ്മുടെ ചുറ്റുമുണ്ട്.
കുഞ്ഞുങ്ങളിൽ പെട്ടെന്നുണ്ടാകുന്ന അപകർഷതയും വൈരാഗ്യബുദ്ധിയും ഒന്നും കണക്കിലെടുക്കാത്ത മനുഷ്യകുലമായിരുന്നു നാം എത്രയോ നൂറ്റാണ്ടുകളായി. സ്ത്രീക്ക് വിദ്യാഭ്യാസം ലഭിക്കുന്ന, ഒന്നോ രണ്ടോ പൊന്നോമനകൾ മാത്രമുള്ള ഇന്നത്തെ കുടുംബങ്ങളിൽ അച്ഛനമ്മമാർ കൂടുതൽ അവബോധമുള്ളവരാണ് എന്നത് തികച്ചും ആശ്വാസകരമാണ്. എന്നാൽ മനുഷ്യൻ പുരോഗമിക്കുന്നതിനനുസരിച്ച് അവന്റെ അവിവേകവും തെറ്റിന്റെ പുതിയപുതിയ വഴികൾ തേടുന്നുണ്ട്.
അവളുടേതല്ലാത്ത തെറ്റിന് ജീവിതംകൊണ്ട് പിഴയൊടുക്കുന്ന പെണ്ണുങ്ങൾ നമുക്കു ചുറ്റുമുണ്ട്. അരികത്തും അകലെയും. 'കഴിഞ്ഞതു കഴിഞ്ഞു, മിണ്ടിയാൽ നഷ്ടം നിനക്കുമാത്രം' എന്ന് ഒരായിരം ചൂണ്ടുവിരൽ പെണ്ണിലേയ്ക്ക് നീളുന്ന കാലമിനിയും അവസാനിച്ചില്ലേ? കോടതിവരെ പോയാലും ഇല്ലെങ്കിലും ഉറച്ചുള്ളൊരു താക്കീതോ, ചോദ്യംചെയ്യലോ- നവകൗമാരക്കാരനിൽ നിന്ന് വൃദ്ധനിലേക്ക് നീളുന്ന മനോവൈകല്യക്കാരുടെ നീണ്ട നിരയിലേക്ക് ഒരു കടന്നാക്രമണം- അനിവാര്യമാണ്. മുഖംമൂടികൾ അടർത്തിമാറ്റി കുറ്റവാളികളെ വെളിച്ചത്തു നിർത്തിയില്ലെങ്കിൽ ഇനിയുമിനിയും നമ്മുടെ പെൺകുഞ്ഞുങ്ങൾ ശിക്ഷാഭാരം മൗനമായി ചുമക്കേണ്ടി വരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ