2019 ജൂൺ 29, ശനിയാഴ്‌ച

പീയാം പീയാമിന്റെ ഓർമ്മ

പണ്ടൊരു കാലം..
അകലെ നിന്നും അടുത്തു വരുന്ന ഒരു പീയാം പീയാം കാലൊച്ച വീണ്ടും അകന്നകന്ന് അനശ്വരതയിൽ ലയിക്കുന്നത് ഉച്ചമയക്കങ്ങൾക്ക് എനിക്കു കൂട്ടുകിടന്ന തലയിണകളെ ഉപ്പുവെള്ളം കുടിപ്പിച്ചിട്ടുണ്ട്.

പീപ്പിയുള്ളൊരു കുഞ്ഞിച്ചെരിപ്പിന് ആദ്യമാശിക്കുന്നത് അച്ഛനമ്മമാരാണ്. കട്ടിൽവക്കത്തോ ഉമ്മറപ്പടിയിലോ പിടിച്ച് ഒരു കുഞ്ഞടിവെയ്ക്കാൻ പണിപ്പെടുന്ന കുഞ്ഞുവാവക്ക് ചെരിപ്പൊരു കളിപ്പാട്ടം മാത്രം. അതുവരെ ഭാരമറിഞ്ഞിട്ടില്ലാത്ത ഉരുണ്ടു തുടുത്ത കാലടികൾ വെച്ച് വാവ വളരുന്നത് അച്ഛനമ്മമാരുടെയും വീട്ടുകാരുടെയും പ്രതീക്ഷകളുടെ മാനത്തേയ്ക്കാണ്. പീപ്പിയുള്ള ചെരിപ്പ് ആദ്യമിടുന്നത് വീട്ടിനകത്താണ്. ചെരുപ്പിഷ്ടപ്പെടണം. തഴക്കമാകണം. പിന്നെ ടാറ്റാ പോകണം.

അങ്ങനെയിരിയ്ക്കുമ്പോൾ ഒരു ചെരുപ്പിന്റെ പീപ്പി വീണു പോകും. അപ്പോൾ കുഞ്ഞുനടത്തത്തിന് പുതിയൊരു താളമാകും. ഒരു പാദം മിണ്ടാത്ത ആ പദത്തിൽത്തന്നെ അടിവെച്ചടിവെച്ചുള്ള നടപ്പ് ഓട്ടമായിത്തീർന്നിട്ടുണ്ടാകും- ഒരു സിനിമാ ഗാനത്തിലെന്നപോലെ.

പൂക്കളുള്ള കരയുന്ന ഷൂവും ആദ്യബ്രഷും മാവിലാദ്യമെറിഞ്ഞ കല്ലുമൊന്നും ഓർത്തു വെച്ചില്ലെങ്കിലും പല്ലുതേപ്പിയ്ക്കാൻ എന്ന വ്യാജേന അതിരു ലംഘിച്ച് അതിക്രമിച്ചകത്തു കടന്ന് വായ്ക്കകം പരതിയപ്പോൾ നാലു കുഞ്ഞിപ്പല്ലുകൾ വച്ചു കിട്ടിയ ആദ്യത്തെ കടി എല്ലാവർക്കുമോർമ്മ കാണും. ഒച്ച വെച്ചാൽ കടി മുറുകുകയേ ഉള്ളൂ. ചൂണ്ടുവിരലിനിരുവശത്തും  ചാലു കീറിയതുപോലെഴുതിവെച്ച ഓർമ്മക്കുറിപ്പുകൾ മറക്കാനാകുമോ!?

2019 ജൂൺ 27, വ്യാഴാഴ്‌ച

ലളിതാസഹസ്രനാമം

ലളിതാസഹസ്രനാമം ഒരു കാഴ്ചപ്പാടാണ്. ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പർശിക്കുന്ന; സാമാന്യഭാഷയ്ക്കും സാമാന്യബോധത്തിനും ഒരു ചാൺ അപ്പുറത്തുനിന്ന് പുഞ്ചിരിക്കുന്ന സാഹിത്യമാണ്. ജീവിതദർശനമാണ്.

'ശ്രീമാതാ ശ്രീമഹാരാജ്ഞീ' എന്നു തുടങ്ങി 'ശിവശക്തൈക്യ രൂപിണീ ലളിതാംബികാ' എന്നവസാനിക്കുന്ന ഈശ്വരിയുടെ ആയിരം പര്യായപദങ്ങൾ ആണെന്നാണ് നാം ആദ്യം മനസ്സിലാക്കുക. അല്ലെന്നല്ല. ആണെന്നുമല്ല. പെണ്ണാണ്. പെണ്ണാണ് നിറയെ. അതുകൊണ്ടുതന്നെ സ്പീഷീസിന്റെ മുഴുവനും ഇതിലുണ്ട്. ചൊല്ലണമെന്നു തോന്നാം. ഇച്ചിരി കട്ടിയാണ്. വിഷ്ണു സഹസ്രനാമം കുറച്ചുകൂടി ഒതുക്കമുള്ളതും വഴങ്ങുന്നതും നാലഞ്ചു മിനിറ്റ് എളുപ്പം തീരുന്നതുമാണ്. അതിൽ സമാധാനിക്കാൻ കഴിയുന്നവർ അതു ചൊല്ലുന്നുണ്ടാകും. അപ്പോൾ ലളിത കടന്നു വരും. പെണ്ണല്ലേ? കൂടുതൽ പരിഗണന ചോദിച്ചു വാങ്ങും. ശക്തിയും സൗന്ദര്യവും കാട്ടി പ്രലോഭിപ്പിയ്ക്കും. എന്നാൽ രണ്ടുംകൂടെയാകാം. വിഷ്ണുവിന് അലോഗ്യം തോന്നരുതല്ലോ. സമയക്കുറവുകൊണ്ട് ചിലർ പതിയെ മൂപ്പരെ ഒഴിവാക്കി മൂപ്പത്തിയാരെ മാത്രം വിളിക്കും. ചക്രങ്ങളും പത്മങ്ങളുമൊക്കെ സെറ്റ് ചെയ്ത് ആളങ്ങനെ നെഞ്ചിലും കണ്ണിലും നിറഞ്ഞിരിക്കുന്നത് ആണുങ്ങൾക്കൊരു സുഖല്ലേ? പെണ്ണുങ്ങൾക്കോ! പിടിച്ചാൽ കിട്ടാത്തത്ര ആത്മവിശ്വാസവും അഭിമാനബോധവും ധൈര്യവും തരും.

ദിവസവും ചൊല്ലിയില്ലെങ്കിൽ കുറ്റബോധം വരുന്ന ചിലർ  ചൊല്ലാതെ കണ്ടം വഴി ഓടി മൊത്തത്തിലങ്ങ് ഇട്ടിട്ടു പോകും. ഇത് നമ്മള് ദിവസോം ചൊല്ലണ് ണ്ടോ, കുളിച്ചോ, കുറിതൊട്ടോ എന്നൊക്കെ ചോന്ന സാരിയുടുത്ത് ചമ്രം പടിഞ്ഞിരുന്ന് നോക്ക്ണ്ടാവും മൂപ്പത്ത്യാരെന്നാണ് മിക്കവരും ധരിച്ചുവെച്ചിരിക്കുന്നത്. അങ്ങനെയൊരാളൊന്നൂല്ല്യാട്ടോ. ശിക്ഷിയ്ക്കാൻ കാത്തിരിക്കുന്നത് ഭക്തിയും ജപവുമില്ലാത്ത ദിനങ്ങൾ തെറ്റാണെന്നുള്ള മിഥ്യാധാരണയും ജീവിതത്തിലെ സമയം കഴിഞ്ഞു പോകുന്നു എന്നു സമയത്തെക്കുറിച്ചുള്ള നമ്മുടെ കുറ്റബോധവുമാണ്. വൃത്തിബോധം ഏകാഗ്രതയുമായി ബന്ധപ്പെട്ടതാകാം.

അങ്ങനെ എന്നും ചൊല്ലണമെന്നോ മുഴുവൻ ചൊല്ലണമെന്നോ ഉള്ള വാശികൾ ഗംഗയിലൊഴുക്കൂ. തോന്നുമ്പോൾ തോന്നുന്നിടത്തു നിന്നു തുടങ്ങാനും തോന്നുന്നത്രമാത്രം ചൊല്ലാനും കേൾക്കാനും തീരുമാനമെടുത്തു കഴിഞ്ഞാൽ നിങ്ങളവളുടെ കൈ പിടിച്ചു കഴിഞ്ഞു എന്നതാണ്. ഇനി ഒപ്പം നടക്കാൻ തുടങ്ങാം. സംസ്കൃതമാണ്. കട്ടിയാണ്. അർത്ഥം നോക്കി മനസ്സിലാക്കണം. പതിയെ മതി. ആദ്യം ഒന്നാമത്തെ വരി പഠിച്ച് രണ്ടാമത്തെ വരി, അങ്ങനെ 183 വരികൾ ഒന്നൊന്നായി- എന്നു ഞാൻ പറയില്ലെന്ന് ഇത്ര വായിച്ചിട്ടും മനസ്സിലായില്ലേ? ഏതു വാക്കാണ് മനസ്സിൽ തടയുന്നത്, ഏതു വരിയാണ് കൗതുകമുണർത്തുന്നത് അതു തന്നെ നോക്കണം. വെറുതെ റാൻഡമായി ഒരു വരിയെടുത്ത് അർത്ഥം നോക്കലും രസമാണ് കേട്ടോ.

ഇതു തലയ്ക്കു പിടിച്ചു കഴിഞ്ഞാൽ പിന്നെ കാൻഡി ക്രഷ് മാതിരിയാണ്. കണ്ണടച്ചാലും തുറന്നാലും ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴുമൊക്കെ വരികളിൽ നിരകളിൽ എല്ലാം സാമ്യതകൾ തേടാനും നിധി പേടകങ്ങൾ തട്ടിച്ചിതറാനുമൊക്കെ തുടങ്ങും. വരികൾ വായിൽ കയറി, ബബിൾഗം പോലെ ചവച്ചാലും ചവച്ചാലും തീരാതെ, തുപ്പാനും തരമാകാതെ, ചിലപ്പോൾ ആദ്യം മധുരിച്ചു പിന്നെ മടുപ്പിക്കും. എന്നാലും സ്നേഹം തോന്നിത്തുടങ്ങിയിട്ടുണ്ടാകും. ലതാണ് ലളിതയുടെ ലീല.

പിന്നെ കേൾക്കാം; ഇതൊന്നുമല്ല. ഇതൊന്നുമല്ല. ആന്തരികമായ അർത്ഥം വേറെയുണ്ടെന്ന്. അതാരെങ്കിലും പറഞ്ഞുതര്വോ? പുസ്തകത്തിൽ കിട്ടുമോ? ഒന്നുമില്ല. മനസ്സിലിട്ട് കടഞ്ഞുകടഞ്ഞ് നിർന്നിമേഷരായിരിക്കുമ്പോളാകും വെണ്ണ പിരിഞ്ഞു പൊന്തിവരുന്ന പോലെ പതിയെ ഉള്ളിൽ വെളിവാകുക. തൈര് കടഞ്ഞ് വെണ്ണയെടുത്തവർക്കറിയാം വെള്ളമെത്ര വേണം, തണുപ്പെത്രയാകാം, ചൂടെത്ര പാടില്ല എന്നെല്ലാം. അതങ്ങോട്ട് ശരിയാകാതെ കടഞ്ഞാൽ  നേരമ്പോക്കാണ്. മരണംവരെ ചൊല്ലിക്കൊണ്ടിരിക്കാം "തത്തമ്മേ പൂച്ച പൂച്ച" എന്ന്.

ഇങ്ങനൊക്കെ പറഞ്ഞാൽ പാപമല്ലേ? ദേവി കോപിയ്ക്കില്ലേ? അതിനു ദേവിയെവിടെ! വരികൾക്കിടയിൽ തഴപ്പായ വിരിച്ചു ചാഞ്ഞു കിടക്കുന്നത് ദേവിയാണോ? എക്സ് ക്രോമോസോമല്ലേ? ആടകളും അലങ്കാരങ്ങളുമായി മറ്റു സൊമാറ്റിക് ക്രോമസോമുകളും കൂട്ടുകിടക്കാനൊരു നീല വൈ ക്രോമസോമും കാണും സൂക്ഷിച്ചു നോക്കിയാൽ. മനുഷ്യൻ, മനുഷ്യൻ. (പുല്ലിംഗപദം എന്റെ കുഴപ്പമല്ല. ഭാഷയുടെ കുഴപ്പമാണ്) അതാണ് ശതകോടി സഹസ്രം നിറഞ്ഞുനിൽക്കുന്നത്.  ജീവിതത്തിന്റെ സാമാന്യ, സൂക്ഷ്മ, ബൃഹത് ദർശനം.

മുമ്പത്തെ കാലത്താണെങ്കിൽ വലിയ രഹസ്യങ്ങൾ മന്ത്രത്തിലൊതുക്കി, മനസ്സിലടച്ച് യോഗ്യതയുള്ളവർക്ക് മാത്രം ലഭ്യമാക്കി കൊണ്ടു നടന്നിരുന്ന മനുഷ്യരായിരുന്നു ഉപഭൂഖണ്ഡത്തിൽ. അറിവ് സമ്പത്തിനോടും അധികാരത്തോടും കൂട്ടുകൂടാൻ തുടങ്ങിയ ആദ്യരാത്രി തൊട്ട് വർണ്ണാശ്രമങ്ങൾ അശുദ്ധമായി ചീത്തപ്പേരാകാനും തുടങ്ങി. രഹസ്യങ്ങൾ തുറന്നു വെയ്ക്കലാണ് ഇന്നിന്റെ രീതി. അതാണ് കൂടുതൽ സുരക്ഷിതം. യോഗ്യതയുള്ളവരിൽ ജ്ഞാനം  സ്വാഭാവികമായി പുഷ്പിക്കുന്നു.

ഇതെഴുതാൻ എനിയ്ക്കു ശരിക്കും ലജ്ജ തോന്നി. നാണം വന്നു വലിച്ചെറിയാത്തതിനാൽ മാത്രം നിങ്ങളിതു വായിയ്ക്കുന്നു. ഈ വിഷയം എഴുതാൻ എനിക്കുള്ള ഒരേയൊരു യോഗ്യത അജ്ഞതയും അല്പജ്ഞാനവുമാണ്. അർദ്ധരാത്രി മുത്തുക്കുടയും പിടിച്ചുനിൽക്കുന്ന എന്നെക്കണ്ട്  ഉള്ളാലെ ചിരിക്കുന്നവർ ചുറ്റിനുമുണ്ടെന്നതാണ് ആനന്ദം. ക്ഷമിച്ചേയ്ക്കൂ. വകതിരിവില്ലാത്തവരോട്  വകതിരിവിനെക്കുറിച്ച് വർത്തമാനച്ചിട്ടു വാട്ട് ഫലം?

2019 ജൂൺ 17, തിങ്കളാഴ്‌ച

മടി

മടിയൊരു ലഹരിയാണ്. മറ്റു ലഹരികളെക്കാൾ മികച്ച ഒരു ലഹരി. ഉത്തേജകമരുന്നുകൾ
കണ്ടെത്തേണ്ടതില്ലാത്ത; മയക്കുമരുന്നിന്റെ സാമ്പത്തികാനിവാര്യതകൾ പോലുമില്ലാത്ത ഉപാധികളില്ലാത്ത ലഹരിയുടെ സമുദ്രം. 

മടിയെ ജയിയ്ക്കാൻ യുദ്ധം ചെയ്യേണ്ടതുണ്ട്.  മുട്ടുന്യായങ്ങളുടെ ചക്രവ്യൂഹത്തിൽ അകത്തു നിന്നും പൊരുതിത്തുടങ്ങേണ്ട കർമ്മയുദ്ധം. പോരാളിയും എതിരാളിയും അവരവർ തന്നെയാകുന്ന ധർമ്മയുദ്ധം. കുറഞ്ഞ ഊർജ മൂലധനത്തിൽ നിന്നും കുറേയധികം ഊർജ്ജവും സന്തോഷവും സമാധാനവും കൈവരുന്ന അതിജീവനത്തിന്റെ കൃഷിയും വ്യവസായവും കൂടിയാണത്.

2019 ജൂൺ 15, ശനിയാഴ്‌ച

കനകച്ചിലങ്ക -

തിരുവനന്തപുരത്തുനിന്ന് ഹാസനിലേയ്ക്കു പോകുംവഴി നിലമ്പൂരിലെ വീട്ടിൽ കയറിയതായിരുന്നു ഞാൻ. എന്നെ കണ്ടമാത്രയിൽ ആദിത്യനും ലക്ഷ്മിക്കുട്ടിയും ഓടിവന്നു. വിശേഷം പറഞ്ഞപ്പോഴേയ്ക്കും നേരം ഓടിപ്പോയിക്കാണും. സ്കൂൾ ബസ്സിന്റെ ഹോൺ കേട്ട് ആദിയൊന്നു പരക്കം പാഞ്ഞു. ബസ്സു പോയി. കൊണ്ടു വിട്ടേയ്ക്കാം എന്നു പറഞ്ഞ് അവന്റച്ഛൻ കുളിയ്ക്കാൻ പോയി. അപ്പോൾ ഞാൻ 'കനകച്ചിലങ്ക ഒന്ന് പാടിത്താടാ, ഞാനൊന്ന് ഫോണിൽ പിടിക്കട്ടെ. ഹാസനിലിരിയ്ക്കുമ്പോൾ എനിയ്ക്കു കേൾക്കാനാണ്' എന്നു പറഞ്ഞു.

വേനലവധി തുടങ്ങിയ സമയത്ത് കളിയിൽ നിന്നും ടിവിയിൽ നിന്നുമൊക്കെ പിടിച്ചുപറിച്ചു കൊണ്ടുവന്ന് പഠിപ്പിച്ചതാണ് ആ വലിയ കവിത. പഠിപ്പിച്ചതെന്നാൽ കവിത ഡൗൺലോഡ് ചെയ്യൽ, വരികളെഴുതിക്കൊടുക്കൽ, പാടാനും കേൾക്കാനും അവനു കൂട്ടിരിയ്ക്കൽ- ഇത്രയേ ഉള്ളൂ കേട്ടോ.

ആദിത്യൻ ഈ വർഷം എട്ടാം ക്ലാസിലാണ്. സഹോദരന്റെ മകനാണ്. കളിക്കുമ്പോൾ, വരയ്ക്കുമ്പോൾ, കുളിയ്ക്കുമ്പോൾ.. എന്തു ചെയ്യുമ്പോഴും സംഗീതം അവന്റെ കൂടെക്കാണും. അവനുള്ള വീട്ടിൽ  ഉണ്ടാവുക എന്നത് തന്നെ സന്തോഷകരമാണ്. കാരംബോർഡ് കളിയ്ക്കുമ്പോഴും റൂബിക് ക്യൂബ് തിരിയ്ക്കുമ്പോഴുമൊക്കെ അറിയാതെ രാഗങ്ങൾ വിസ്തരിക്കുന്ന, മൂളുന്ന, സ്വരസ്ഥാനങ്ങൾ ആവർത്തിച്ചുറപ്പിയ്ക്കുന്ന, പാട്ടിലെ പരീക്ഷണങ്ങൾ എന്ന പോലെ ഈണമിടുന്ന കുസൃതിച്ചെക്കനെ ആർക്കുമിഷ്ടപ്പെടില്ലേ? വാദ്യോപകരണങ്ങളോടെല്ലാം വലിയ കൗതുകവും താല്പര്യവുമാണ്.

വീട്ടിലെ കത്തിയും കത്രികയുമെല്ലാം കേടുവരുത്തുന്ന പോക്കിരി കൂടിയാണവൻ. യു ട്യൂബിലും ടിവിയിലും കാണുന്ന ക്രാഫ്റ്റ്  വേലകളെല്ലാം പരീക്ഷിയ്ക്കും.  വെറുതെ ഐഡിയകൾ മെനഞ്ഞ് പേപ്പറും കാർഡ്ബോർഡും പശയും കളറും പ്ലാസ്റ്റിക്കും വെച്ച് എന്തെന്തെല്ലാമോ ഉണ്ടാക്കും. 9Vന്റെ രണ്ടു ബാറ്ററിയും 12V ന്റെ മോട്ടോറും വെച്ച് ഇന്നാള് പഞ്ഞി മുട്ടായി ഉണ്ടാക്കുന്ന യന്ത്രം നിർമ്മിച്ചിരുന്നു. പഞ്ഞി മുട്ടായി ചെറിയതോതിൽ പരാജയപ്പെട്ട് പഞ്ചസാരപ്പാവ് നൂൽപ്പരുവമാകാതെ തുളളിപ്പരുവത്തിൽ തെറിച്ചുവീണപ്പോൾ യന്ത്രം എമറി പേപ്പർ ഒട്ടിച്ച കത്തി മൂർച്ച കൂട്ടുന്ന കുന്തമായി മാറി. പിന്നെയത് റെഗുലേറ്റർ ഘടിപ്പിച്ച ഒരു മോട്ടോറായി താരസ്ഥായിയിലും  മദ്ധ്യസ്ഥായിയിലും വെറുതെ തിരിഞ്ഞു. ഇത്തവണ കണ്ടപ്പോൾ എൽഇഡി വിളക്കുകൾ പതിച്ച ഒരു ഡിസ്ക് സുദർശനചക്രം പോലെ അവന്റെ കൈയിലിരുന്നു കറങ്ങുന്നു.

ചുരുട്ടിയ പത്രത്തിൽ നിന്ന് ബാർബിയേയും കളിമണ്ണിൽനിന്ന് ഈശ്വരൻമാരേയും പ്രത്യക്ഷപ്പെടുത്തുന്ന ഞങ്ങടെ വീട്ടിലെ കുഞ്ഞുദൈവമാണവൻ. വലിയ കണ്ണുള്ള കണ്ണപ്പൻ. മണ്ണെണ്ണയ്ക്ക് പകരം അരലിറ്റർ ഫെവിക്കോളും നാലഞ്ചു ബാറ്ററിയും റേഷൻ കിട്ടിയിരുന്നെങ്കിൽ എന്ന് അപ്പപ്പനെക്കൊണ്ട് പറയിപ്പിയ്ക്കുന്ന ആശാൻ.

സ്കൂൾ ബസ് മിസ്സായ വെള്ളിയാഴ്ച രാവിലെ അച്ഛനൊരുങ്ങി ബൈക്കടുക്കുന്ന നേരത്ത് എന്റെ നീട്ടിപ്പിടിച്ച മൊബൈലിലേക്ക് ധൃതിയിൽ പാടിനിറച്ചു തന്നതാണീ കവിത. രണ്ടു മാസം മുൻപ് പഠിച്ച ഈണം, വരികൾ തീരാത്തത്ര നീളം, സ്കൂൾ മുറ്റത്തെ അസംബ്ലിയിലെത്തിയ മനസ്സ്, ഒരുതവണ പോലും റിഹേഴ്സലില്ലാത്ത ആലാപനം... തെറ്റുകൾ ക്ഷമിയ്ക്കുമല്ലോ?

മെസഞ്ചറിലെ സൗഹൃദങ്ങൾക്കൊന്നടങ്കം ഓഡിയോ ക്ലിപ് അയച്ചുകൊടുത്തപ്പോൾ കിട്ടിയ പ്രോത്സാഹനവും ഒരു ഫേസ് ബുക്ക് സുഹൃത്ത് കനിഞ്ഞു നീട്ടിയ വീഡിയോ നിർമ്മാണ സഹായവുമാണ് എടുത്തു പറയേണ്ട നന്ദി സ്മരണകൾ.
വിഷ്വൽസ് ഇട്ടിട്ടുണ്ടെന്നാലും ശബ്ദത്തിനു പ്രാധാന്യം നൽകിയിരിയ്ക്കുന്ന ക്ലിപ്പാണ്. ഹെഡ്ഫോണിൽ തന്നെ ശ്രവിയ്ക്കുമല്ലോ?

2019 ജൂൺ 14, വെള്ളിയാഴ്‌ച

ചന്ദനമരം _repost

ചില പെണ്ണുങ്ങൾ ചന്ദനമരം പോലെയാണ്. കാണാനെടുപ്പില്ലാതെ. ചിലപ്പോൾ ശോഷിച്ച്. മേനിയഴകോ, മേന്മയോ പറയാനില്ലാത്ത കുറിയ ഇളം പച്ച ഇലകൾ. പുഷ്ടി കുറഞ്ഞ തടിയുടൽ. എന്നാൽ അകക്കാമ്പ് സർഗചേതനയുടെ സുഗന്ധമുറഞ്ഞതാണ്.

വധുവായി കയറിച്ചെല്ലുന്നിടത്ത് പലപ്പോഴും അവൾക്ക് വിലയിടുന്നത് പുറംമോടി കണ്ടിട്ടാണ്. താഴെ നിൽക്കുന്നവർ വെയിലേറ്റ് ചുടുമ്പോൾ ശോഷിച്ച തണൽ നോക്കി മുറുമുറുക്കും. വാഴയിലയെന്നോ, കറിവേപ്പെന്നോ തിരഞ്ഞു വന്നവർ ഇല കണ്ട് പഴിപറഞ്ഞ് കടന്നുപോകും. സൗന്ദര്യമോ സൗരഭ്യമോ മേനി പറയാനില്ലാത്ത പൂവുകളും ആഹാരയോഗ്യമല്ലാത്ത ഫലവും കണ്ട് അവൾക്ക് വിലയിട്ടാൽ അത് ക്രൂരതയാകും.

ചന്ദനമരം സ്വന്തമാക്കിയ ചില ആണുങ്ങൾ പൊടിച്ചുവരുന്ന അതിന്റെ കൊമ്പുകളും ചിലപ്പോൾ തായ്ത്തടി തന്നെയും അറുത്തെടുത്ത് അടുപ്പിലിട്ട് കഞ്ഞി വേവിയ്ക്കും. ഒട്ടൊരു സുഗന്ധമുണ്ടെങ്കിലും ആ കറുത്ത പുക താമസിയാതെ കാറ്റിലലിഞ്ഞു നഷ്ടപ്പെടും.

ചിലർ ചന്ദനമരത്തെ നിരീക്ഷിച്ച് പഠിച്ച് സാൻഡാലസ് ആൽബം എന്ന അതിന്റെ ശാസ്ത്രീയനാമത്തിൽ പരിചയപ്പെടുത്തും. ഇനിയും ചിലർ സംവേദനക്ഷമത കുറഞ്ഞ അതിന്റെ തൊലിയെ സാന്ത്വനിപ്പിച്ച് ലാളിക്കും.

ചിലർ ചന്ദനമുട്ടി കീറി ആഢ്യർക്ക് ചിതയൊരുക്കും. കത്തുന്ന ചിതയിൽ ജീവനുള്ള മൃതരോടൊപ്പം ജീവിതകാലം മുഴുവൻ സതിയനുഷ്ഠിച്ച് എരിഞ്ഞ് തീരുന്നു അവളുടെ ചേതന.

ചന്ദനമരത്തിന്റെ സ്വത്വം അതിന്റെ അകക്കാമ്പിൽ ഉറഞ്ഞിരിക്കുന്ന തൈലകണങ്ങളിലാണ്. ചിലരതിൽ വിഗ്രഹങ്ങൾ കടഞ്ഞെടുക്കുന്നു. അനശ്വരം എന്നു തോന്നാവുന്ന വിഗ്രഹങ്ങളിൽ ചിലവ കാലം ചെല്ലുമ്പോൾ സുഗന്ധമില്ലാത്ത ആകാരങ്ങൾ മാത്രമായേക്കാം.

ചാണക്കല്ലിൽ ഉരഞ്ഞുരഞ്ഞ് കുഴമ്പാകുമ്പോളായിരിയ്ക്കണം ചന്ദനം ഏറ്റവും ആത്മസാക്ഷാത്കാരം നേടുന്നത്. പതിയെ അതിനു് ഉരഞ്ഞരയാൻ ചാണക്കല്ലെന്ന ഒരു തട്ടകവും ബലിഷ്ഠമായ ഒരു കരവും കിട്ടാൻ ഓരോ ചന്ദനമരവും ആഗ്രഹിയ്ക്കുന്നുണ്ടാവാം.  സർഗചേതനയുടെ തൈലമലിഞ്ഞ ചന്ദനക്കുഴമ്പ് അനേകം നെറ്റികൾക്കു തണുപ്പേകും. അനേകം അകത്തളങ്ങളിൽ സുഗന്ധം ചൊരിയും. സമൂഹത്തെയാകെ  കുളിർപ്പിക്കുന്ന ഒരു കാറ്റാകും.

ചന്ദനം ഒരു പരാദ സസ്യമാണ്.  അതിന്റെ വേരുകൾ ചുറ്റുവട്ടത്തുള്ള മറ്റു മരങ്ങളുടെ വേരുകളിൽനിന്നും സത്ത ഊറ്റിയെടുത്താണ് വളരുക. ഒറ്റയ്ക്കു വളരാനാകാത്ത അതിന്റെ ബലഹീനതയെ അവഹേളിക്കുന്നതിനു പകരം സർഗാത്മകതയുടെ സുഗന്ധതൈലവുമായി വീട്ടിൽ വന്നു കയറുന്ന പെണ്ണിന് കൊടുക്കാനായി ചുറ്റുമുള്ളവർ വേരുകളിൽ ഇത്തിരി പ്രോത്സാഹനവും പോഷണവും ചുരത്തിയാൽ നമ്മുടെ നാട് ചന്ദന മണമുള്ള കാറ്റ് ഭൂമി മുഴുവൻ പരത്തിയേനെ.

ചില സത്യങ്ങൾ: Santalam album എന്ന ചന്ദനമരം ദക്ഷിണേന്ത്യയിൽ പശ്ചിമഘട്ടത്തിലെ വരണ്ട ഇലപൊഴിയും വനങ്ങളിൽ കണ്ടുവരുന്നു. ലോകത്തെ വിലയേറിയ തടികളിൽ രണ്ടാം സ്ഥാനമാണ് ചന്ദനത്തടിയ്ക്ക്. (ഒന്നാം സ്ഥാനം ആഫ്രിക്കൻ ബ്ലാക്ക് വുഡ് ) ചന്ദനം അതിന്റെ ധാതു പോഷണത്തിനായി മറ്റു മരങ്ങളുടെ വേരുകളിലേയ്ക്ക് സ്വന്തം വേരുകളാഴ്ത്തുന്ന ഒരു പൂർണ്ണ പരാദസസ്യമാണ്. ആദ്യ ഏഴുവർഷങ്ങൾ അക്കേഷ്യയും മറ്റു ചില മരങ്ങളും മതിയാകുമെന്നാലും പുഷ്ടിയോടെ വളർന്ന് ധാരാളം തൈലസമ്പത്തുള്ള മരമാകണമെങ്കിൽ ഏഴാം വർഷം മുതലെങ്കിലും രക്തചന്ദനം, വീട്ടി, ഉങ്ങ്, മഹാഗണി തുടങ്ങി പയർ കുടുംബത്തിൽപ്പെട്ട ആതിഥേയമരങ്ങളേതെങ്കിലും അടുത്തുണ്ടാകണം. മറ്റു വേരുപടലങ്ങളേയും കല്ലുകളേയും; എന്തിന്! സ്വന്തം വേരുകളെത്തന്നെയും പൊതിഞ്ഞടക്കി തുളച്ചു കയറി പോഷണം പരതുന്ന വേരുകളാണ് ചന്ദനത്തിനുള്ളത്. ധാതുലവണങ്ങളുടെയും ജലത്തിന്റെയും ആഗിരണത്തിനുതകുന്ന റൂട്ട് ഹെയർ എന്ന വേരറ്റത്തെ  ലോലരോമങ്ങളുടെ അഭാവം കാരണമാണ് ചന്ദനമൊരു പരാദസസ്യമായത്. ഇലകളിൽ ഹരിതകമുള്ള, പ്രകാശസംശ്ലേഷണം നടത്തുന്ന, ഭക്ഷണത്തിനായി അന്യജീവികളെ ആശ്രയിയ്ക്കാത്ത ഒരു സസ്യം തന്നെയാണ് ചന്ദനം.

ചന്ദനത്തിന്റെ സവിശേഷതയും വിലയും അതിനു വംശനാശഭീഷണിയോളം വിനാശകരമായത് മനുഷ്യർ കാട്ടിനകത്തു കടന്ന് ചന്ദനക്കൊള്ള നടത്താൻ തുടങ്ങിയതോടെയാണ്. 2002ന് ശേഷം വനംവകുപ്പിന്റെ അനുവാദത്തോടെയുള്ള ചന്ദനക്കൃഷി നിയമവിധേയമായി. 15 വർഷം കൊണ്ട് ലാഭകരമായ വിളവെടുപ്പ് നടത്താവുന്ന ചന്ദനക്കൃഷിയ്ക്ക് ഇന്ത്യയിൽ പലയിടങ്ങളിലും പ്രിയമേറിവരുന്നു. വനംവകുപ്പിന് മാത്രമേ നിയമപരമായി ചന്ദനത്തടി വാങ്ങാൻ അവകാശമുള്ളൂ. കർണാടകയിൽ വനം വകുപ്പിന് പുറമേ സർക്കാർ ഉടമസ്ഥതയിലുള്ള മൈസൂർ സാൻഡൽ കമ്പനിയ്ക്കും ക്രയവിക്രയത്തിന് അവകാശമുണ്ട്.

Prasanna Janardhan