കൈയ്ക്കുള്ളിൽ കിട്ടുന്ന എന്തിലും തൃപ്തിയാകാത്ത ഒരു മനസ്സെനിക്കുണ്ട്. എന്ന് നീ നിന്റെ പാത ഉപേക്ഷിച്ച് എന്നെ പിന്തുടരുന്നുവോ, അന്നു നിന്നെ തള്ളിക്കളഞ്ഞു ഞാൻ ഓടിയകലുന്നതായിരിക്കും.
നിനക്കെന്നെ മനസ്സിലാകുന്നുണ്ടോ? അത്യന്തം സ്വാർത്ഥമതിയാണ് ഞാൻ. ഞാൻ വാഴുന്ന എന്റെ നാട്ടിൽ മീതെയുള്ള വാനം മാത്രമേ എന്റെ ഉയർത്തിയ കണ്ണിൽ പെടുകയുള്ളൂ. എന്ന് ആകാശം കുനിഞ്ഞ് നോക്കുകയോ ഇറങ്ങി വരുകയോ ചെയ്യുന്നു; അന്ന്, ആ നിമിഷം മാനത്തിനും മീതെ നക്ഷത്രങ്ങളിലേക്ക് ചേക്കേറിയിരിയ്ക്കും ഞാൻ. ഓടി ഒപ്പമെത്താൻ ശ്രമിയ്ക്കുന്ന എന്നെ എന്ന് ദിക്ക് കാത്തുനിൽക്കുന്നുവോ അന്ന്, ആ നിമിഷം ഓട്ടം നിറുത്തി ഞാൻ പിന്തിരിഞ്ഞു നടക്കും. അതിനാൽ നിനക്കൊരിക്കലും എത്തിപ്പെടാൻ പറ്റാത്ത ഒരു പ്രഹേളികയായിരിക്കും ഞാൻ. ഒരിയ്ക്കലും തുഴഞ്ഞണയാൻ കഴിയാത്ത ചക്രവാളത്തിലേയ്ക്കുള്ള ജലപാതയായിരിക്കും എനിക്കു നീ.
എന്നു നീ എന്നെ സ്വന്തമാക്കുന്നുവോ, അന്ന് നിനക്കു ഞാൻ നഷ്ടപ്പെട്ടിരിക്കും. അക്ഷീണപടയാളിയുടെ അനന്തമായ തേരോട്ടങ്ങളാണ് എന്റെ പ്രണയ പാതകൾ. നീയെന്ന വ്യക്തിയെ, നിന്റെ തനതായ അസ്തിത്വത്തെ മാനിക്കാതെ നിന്നിൽ ചിക്കിച്ചികഞ്ഞ് അലങ്കോലപ്പെടുത്തി എനിയ്ക്കു രുചിയ്ക്കുന്നവ മാത്രം കൊത്തി പറന്നകലും ഞാൻ എന്ന് നീ തിരിച്ചറിഞ്ഞു കൊള്ളുക. അതിനാൽ നീ എന്നോട് ക്ഷമിക്കുക.
എന്നെ നേടാൻ ഒരേയൊരു മാർഗ്ഗമുണ്ട്. നിന്റെ അണുകേന്ദ്രത്തിലേയ്ക്കെന്നെ കയ്യടക്കം ചെയ്ത്, ഒരു അണുവിസ്ഫോടനം പോലെ സാംക്രമികമായി മുന്നൂറ്റി അറുപത് ദിശകളിലേക്കും അനന്തമായി വളർന്നു കൊള്ളുക. ആനന്ദവിസ്മയങ്ങളോടെ നിന്നിലലിയാൻ വെമ്പുന്ന എന്റെ ഹൃദയം എന്നെന്നേക്കുമായി നിന്റെ വാരിയെല്ലുകൾക്കിടയിൽ മിടിക്കുന്ന അടിമയായി കഴിഞ്ഞിരിക്കും.
നിനക്കെന്നെ ഇനിയും മനസ്സിലായില്ല എന്നുണ്ടോ? ഞാനൊരു സത്യാന്വേഷിയാണ്. പാഥേയങ്ങളിലും വഴിയോരക്കാഴ്ചകളിലും തൃപ്തയാകാത്ത അനന്തയാത്രയുടെ കാമുകിയാണ് ഞാൻ. നിത്യജീവിതത്തിൽ അലസയായൊരു പരാജിതയുടെ ഭാവത്തിൽ ഇരിക്കുന്നവളെങ്കിലും നിതാന്തയുദ്ധത്തിലെ അചഞ്ചലയായ ഒരു പോരാളിയാണ് ഞാൻ. ഞാൻ കാണുന്ന നീ എന്നിലും നിന്നിലും നിറഞ്ഞിരിക്കുന്ന അതിസൂക്ഷ്മമായ ബൃഹത്സാഗരമാണ്. അത് എന്റെ ഉള്ളിൽ തന്നെയാണിരിക്കുന്നത്.
നിന്റെ ഉള്ളിലെ എന്നെ കടന്നുവേണം എന്റെയുള്ളിലെ എന്നിലേക്ക് എനിയ്ക്കെത്താൻ. രഥചക്രങ്ങൾ തീർക്കുന്ന മുറിവുകൾക്ക് മാപ്പ്...
കൊള്ളാം 😍
മറുപടിഇല്ലാതാക്കൂ