"ഒരു കാര്യം ശ്രദ്ധിച്ചോ അക്കാ?"
"എന്താടീ? "
"അക്കയുടെ പോസ്റ്റുകൾക്ക് സാധാരണ like അടിക്കാറുള്ള പല ആളുകളും ഇക്കഴിഞ്ഞ me too പോസ്റ്റിന്... "
"........." (മനോവേദനയ്ക്ക് ചിഹ്നം വല്ലതും!)
"കുറ്റബോധംകൊണ്ടോ അതോ; കുറ്റവാളികളോടുള്ള ഐക്യദാർഢ്യം കൊണ്ടോ..?"
"എല്ലാവരുമൊന്നും കണ്ടിട്ടുണ്ടാവില്ല.( കാണാത്തവർക്കുള്ള ലിങ്ക് താഴെ)
ഈ സ്ത്രീയ്ക്ക് ഭ്രാന്താണോ ?
വല്ലപ്പോഴും കാണുമ്പോൾ ചിരിക്കാനോ കുശലം പറയാനോ ഉള്ള അനേകം ബന്ധങ്ങളെ തൂത്തെറിഞ്ഞവൾ... കുടുംബത്തിനു പേരുദോഷം... ഇതൊന്നുമറിയാത്ത ഭർതൃകുടുംബത്തിന് അപമാനം... 'തിരസ്കാരം, ഒറ്റപ്പെടൽ ഇതൊന്നും കുറ്റവാളിയ്ക്കായിരിക്കില്ല...' കാതങ്ങളകലെ നിന്ന് അമ്മയുടെ സങ്കടത്തിൽ കുതിർന്ന, ഭയത്താൽ വിറച്ച ശബ്ദം. ആരെയൊക്കെ വേദനിപ്പിയ്ക്കാം...
ചോദ്യങ്ങളും ഞാനും കൂടെ പാതിരാവു മുതൽ കിടക്കയിൽ ഉരുളകയാണ്. ഏറ്റവും വലിയ ചോദ്യം- ലൈക്കുകളുടെ അസാന്നിധ്യം സൂചിപ്പിക്കുന്നതെന്ത്?? ഇത്രയധികം കുറ്റവാളികൾ...!! അതോ മൗനപ്രതിഷേധമോ? ഇതൊന്നും മിണ്ടിക്കൂടെ?
തെറ്റ് ചെയ്തോ, കളങ്കിതയായോ എന്നുപോലുമറിയാത്ത ഒരു പെൺകുട്ടി പതിമൂന്നു മുതൽ പതിനെട്ടു വയസ്സുവരെ ദിനവും കണ്ണീരിൽ കുതിർത്ത ഉറക്കമില്ലാരാത്രികൾ പറിച്ചെടുത്തത് ആത്മവിശ്വാസവും തേജസ്സും മാത്രമല്ല, ആരോഗ്യം കൂടിയായിരുന്നു.
പിന്നേ, ആൾക്കാർക്ക് കരഞ്ഞിട്ടല്ലേ രക്തവാതം വരുന്നത്! നിങ്ങൾ ചിരിക്കണം. മണ്ടത്തരം പറഞ്ഞാൽ പരിഹസിയ്ക്കണം - കമന്റിലെങ്കിലും ഒരു കല്ലെറിഞ്ഞിട്ടു കടന്നുപോകൂ പ്രിയസുഹൃത്തുക്കളേ. പതിമൂന്നാംവയസ്സിൽ തുടങ്ങിയ തലചുറ്റൽ എത്ര ഇരുമ്പു ഗുളിക വിഴുങ്ങിയിട്ടും മാറാതെ കൂടെയുണ്ടായിരുന്നു. ENT യും പരിശോധിച്ച് ഇനിയൊന്നുകൊണ്ടും ഡയഗ്നോസ് ചെയ്യാൻ കഴിയാതെ അവസാനം ഒരു ഡോക്ടർ migraine aura എന്നു വിധിയെഴുതി. മരുന്നു കഴിച്ചു. പക്ഷേ മാറിയത് ഇരുപത്തിയഞ്ചാം വയസ്സിൽ ഓപ്ര വിൻഫ്രിയുടെ "നിങ്ങളല്ല കുറ്റവാളി" എന്ന പ്രഖ്യാപനം കേട്ടതിനു ശേഷം മാത്രം. പതിമൂന്നാം വയസ്സു മുതൽ ഇരുപത്തഞ്ചാം വയസ്സ് വരെ കിടന്നോ ഇരുന്നോ തല ഇളക്കിയാൽ ലോകം തിരിയുന്ന, ഛർദ്ദിക്കാൻ വരുന്ന, ഒരു മഹാരോഗത്തിൻറെയും സ്റ്റാറ്റസ് ഇല്ലാത്ത വെറും തലചുറ്റൽ. നിങ്ങളിൽ പലരും പഠിച്ച് ജോലി നേടുമ്പോഴും സുഹൃത്തുക്കളോട് സല്ലപിയ്ക്കുമ്പോഴും പ്രണയിക്കുമ്പോഴും ചുറ്റിക്കൊണ്ടിരുന്ന ലോകത്തിൽ ദിശയറിയാതെ തലകുനിച്ചിരിക്കുകയായിരുന്നു ഞാൻ.
https://m.facebook.com/story.php?story_fbid=2009943242352094&id=100000093134522
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ