ആറുവർഷക്കാലമായി കഴിയുന്ന ഈ വാടകവീട്ടിലെ പ്രിയതാവളങ്ങളായ ഓരോ തുരുത്തുകളും എന്നോടത്രമേൽ ചേർന്നുനിൽക്കുന്നു..
കിടപ്പുമുറിയിൽ മടക്കിവെച്ച കോസടി ചാഞ്ഞിരുന്ന് വായിയ്ക്കുകയോ എഴുതുകയോ ഫേസ്ബുക്കിലെ എഴുത്തുകൾക്കായി ടൈപ്പ് ചെയ്യുകയോ ചെയ്യുന്ന എന്നെ എനിയ്ക്കേറെ ഇഷ്ടമാണ്. ആ മുറിയാകുന്ന ദ്വീപിലെ മദ്ധ്യഭാഗം എനിയ്ക്കു പ്രിയപ്പെട്ട തുരുത്താണ്.
ഹാളിലെ കട്ടിലിൽ ചുവരിനോട് ചേർന്നാണ് മറ്റൊരു തുരുത്ത്. ചില ദിവസങ്ങൾ അവിടെത്തന്നെ കഴിയും. ടിവി, വായന, എഴുത്ത്, ഫോൺ എല്ലാമായി മണിക്കൂറുകൾ നീങ്ങുന്നതറിയില്ല.
കുവൈറ്റിൽ ഹവല്ലിയിലെ ഒരു കൊച്ചുവീട്ടിൽ ആന്ധ്രക്കാരി ആന്റിയുമായി പങ്കിട്ട ആ അടുക്കളയ്ക്ക് ശേഷം പാചകവും ജീവിതവും ഏറെ ആസ്വദിച്ചത് ഇപ്പോഴത്തെ ഈയടുക്കളയിലാണ്. ഇതിനിടയിൽ അഞ്ചടുക്കള തീണ്ടി കടന്നുവന്നിട്ടുള്ളവളാണ് എന്നതിന്റെ ഒരഹങ്കാരവും ഇല്ലാതില്ല. നിഴലായും നട്ടെല്ലായും അംഗവസ്ത്രമായും വാദപ്രതിവാദങ്ങളിൽ ഉന്നം പഠിയ്ക്കാനുള്ള ലക്ഷ്യഫലകമായും ചുറ്റിപ്പറ്റുന്ന സഹധർമ്മിഷ്ഠനോടുകൂടെ ഈ അടുക്കളയിൽ വിരിയിച്ച വസന്തങ്ങളും പെയ്ത ഇടവപ്പാതികളും തുലാവർഷങ്ങളും വെന്ത ഹേമന്തങ്ങളും ഉണങ്ങിയ ശിശിരങ്ങളും ഏറെ പ്രിയപ്പെട്ടവയാണ്.
മകൾ മുതിർന്ന് കാര്യപ്രാപ്തി വന്നാലും അവളുടെ ബഹളങ്ങളും കരച്ചിലുകളും പൊട്ടിച്ചിരികളും വാക്പയറ്റുകളുമായി മുഖരിതമായ കുളിയജ്ഞങ്ങൾ ഓർക്കാനെനിയ്ക്ക് വാർദ്ധക്യത്തിലും തെളിഞ്ഞു നിൽക്കേണ്ടത് ഇവിടുത്തെ കുളിമുറിയാണ്.
വീരയോദ്ധാവായ ഹൗസ് ഓണറിച്ചി ലേഖയ്ക്കൊപ്പം മുക്തഗംഗോത്രി സർവകലാശാലയുടെ എം എ ഇംഗ്ലീഷ് പഠനസഹായികൾ വായിച്ചും ഗ്രഹിച്ചും ചർച്ചചെയ്തും പരസ്പരം പഠിപ്പിച്ചും പാതിരാവരെ ചെലവഴിച്ചിരുന്ന ഒരു കുഞ്ഞു മുറി കൂടിയുണ്ട്. വേനൽ മാസങ്ങളിൽ രാത്രികളെ അത്യന്തം വശ്യസുന്ദരമാക്കിത്തീർക്കാൻ പടിഞ്ഞാറുനിന്നും വീശുന്ന ഈർപ്പമുള്ള കാറ്റിന് വരാൻ വലിയ വാതായനങ്ങളുള്ള എന്റെ തുന്നൽ മുറി. ഗോദ്റെജ് അലമാരയുടെ നീളൻ കണ്ണാടിയിൽ നോക്കി ഞങ്ങൾ നൃത്തവും അഭിനയവും പരീശീലിക്കുന്ന ഇടം പ്രിയപ്പെട്ടതാകാതിരിയ്ക്കുമോ!
മുപ്പത്തിയെട്ട് പടികൾ കയറിയാൽ മാത്രം എത്തിച്ചേരാൻ പറ്റുന്ന ഈ സ്വർഗ്ഗത്തിനു മുന്നിലൊരു കൊച്ചു പോർട്ടിക്കോയുണ്ട്. ഉദയസൂര്യനഭിമുഖമായി ഇരുന്നാടാനൊരു ചൂരൽക്കസേരയുണ്ട്. തൊട്ടടുത്ത പാർക്കിൽ ആളുകൾ നടക്കുന്ന ശബ്ദത്തിന്റെ താളത്തിലാണ് ദിവസമുണരുക.
ഇവിടെയിരുന്നാൽ ഒരു മൊബൈൽ ടവർ കാണാം. മനുഷ്യനിർമ്മിതമായ ഒരു ലോഹപഞ്ചരം മാത്രമാണതെന്നേ ആരും പറയുകയുള്ളൂ. വൈദ്യുതകാന്തിക വികിരണങ്ങളെക്കുറിച്ച് ആധിയുള്ളവർ ഇഷ്ടക്കേടോടെ മാത്രമേ അതിനെ വീക്ഷിയ്ക്കുകയുള്ളൂ. തുടക്കത്തിൽ ഞാനുമങ്ങനെയായിരുന്നു.
വെളുപ്പും ചുവപ്പും യൂണിഫോമണിഞ്ഞു ചുറ്റോടു ചുറ്റും സ്വീകരണികളുമായി നിൽക്കുന്ന ആ മുക്കാലിയുടെ തുഞ്ചത്ത് ഒരു വമ്പൻ പതാക പ്രത്യക്ഷപ്പെട്ട അന്നാണ് ഞാനാദ്യമായി അതിനെ ഇഷ്ടത്തോടെ നോക്കുന്നത്. പതാകയുടെ നീളവും വീതിയുമുള്ള മിന്നുന്ന തുണിക്കഷ്ണത്തിന് ഒട്ടും സൗഹാർദ്ദപരമായൊരു ചുറ്റുപാടല്ല അവിടം. തീക്ഷ്ണമായ വെയിലും മഴയും വേനലിനൊടുവിൽ ആലിപ്പഴവർഷങ്ങളുമുണ്ട്. ഹാസനിലെ വരണ്ട കാറ്റ് ആ ഉയരത്തിൽ രൗദ്രവേഗത്തിലോടുമ്പോൾ പാവം പതാകയ്ക്ക് തലങ്ങും വിലങ്ങും ടപ്പ്ടപ്പേന്ന് ആർത്തലച്ച് വീശിയടിയ്ക്കേണ്ടതുണ്ട്.
കേസരവർണ്ണത്തിൽ ആദ്യംവന്ന ഭീമൻ പതാക നുറുങ്ങിക്കീറി നൂലാമാലയാകാൻ ഏതാനും ആഴ്ചകൾ മതിയായിരുന്നു. പക്ഷേ, അച്ചാലും മുച്ചാലും തിരിഞ്ഞും മറിഞ്ഞും നിവർന്നും കാറ്റിന്റെ ജീവൻ വരച്ചിടുന്നൊരു ഹൃദയമാപിനി പോലെ.. അതെന്റെ ഹൃദയം കവർന്നു.
പെട്ടെന്നൊരുനാൾ അവിടെയൊരു പച്ചപ്പതാക കണ്ടു. അതിലെ ചന്ദ്രനും പച്ചത്തുണിയിലെ അവസാന നാരും പറിഞ്ഞ്പറന്ന് ഇല്ലാതായത് വളരെവേഗം. പിന്നീടതിൽ ഒരു കാവിത്തുണി അലതല്ലി. കാഷായ നിറത്തിലുള്ള, അറ്റത്തു വെട്ടുള്ള നീണ്ടനാട രാമാനന്ദ് സാഗറിന്റെ രാമരാജ്യത്താണു ഞാനെന്ന പ്രതീതിയുണർത്തി.
പിന്നെവന്നതൊരു കന്നടരാജ്യദ്ധ്വജമായിരുന്നു. മേലെ ചുവപ്പും താഴെ മഞ്ഞയുമായി നോക്കുന്നവരോടൊക്കെ പ്രാദേശിക ദേശസ്നേഹത്തിന്റെ കഥ പറഞ്ഞു കുറച്ചുനാൾ അതവിടെ കഴിഞ്ഞു.
പിന്നെപ്പിന്നെ, അവിടെ അധിനിവേശവർണ്ണങ്ങൾ പാറിയ്ക്കാൻ ആരും മെനക്കെടാതായി. 'പൊന്നും കുടത്തിനെന്തിനാ പൊട്ട്' എന്നപോലെ അപ്പോഴേയ്ക്കുമാ ധിക്കാരിയായ മുക്കാലി എന്നെ വശീകരിച്ചു കഴിഞ്ഞിരുന്നു. ഉദയാസ്തമയങ്ങളും നട്ടുച്ചയും ഘോരാന്ധകാരവും നിലാവും കരിമേഘക്കമ്പളങ്ങളും കുളിരും കോടമഞ്ഞും എന്നുവേണ്ട പ്രകൃതിയിലെ എല്ലാറ്റിനും ഒരുപോലെ സാക്ഷി!
വാനോളമുയരത്തിൽ കൊലുന്നനെയുള്ള അവളുടെ പല വശങ്ങളിൽ പല ചെരിവുകളിൽ പതിയുന്ന ഖഗോളസ്മിതങ്ങൾ.. ഉത്തരായനവും ദക്ഷിണായനവും വാവുകളും ഗ്രഹങ്ങളും മനഃപാഠമാക്കിയ നിത്യനിരീക്ഷക. ഞാൻ കണ്ടതിലും എത്രയോ ഏറെ മഴവില്ലുകളെ കാണുകയും ചിലപ്പോഴൊക്കെ തൊടുകയും ചെയ്തിരിയ്ക്കാമവൾ!
ഒന്നുമില്ലാത്തൊരു നരച്ച ആകാശത്തിനുപോലും ആഴമേറ്റി ദൃശ്യസുഖമേകുന്ന എലുമ്പത്തീ.., പ്രാപ്പിടിയൻമാരുമായി മാത്രം ചങ്ങാത്തംകൂടുന്ന നീ അകലെയിരുന്ന് നിന്നോട് ചിരിയ്ക്കാറുള്ള എന്നെ ശ്രദ്ധിയ്ക്കാറുണ്ടോ?!
...............................................
കണ്ണാടി പോലെ തിളങ്ങുന്ന കറുത്തനിലമുള്ള ഈ വീടിനെ എത്ര സ്നേഹിച്ചാലും എന്റെ ഡ്രൈ സ്കിന്നിന് ഇവിടെ നേരിടേണ്ടിവന്ന യാതനകളും വേദനകളും സത്യമായി നിലനിൽക്കുന്നു കെട്ടോ. ഇരുട്ടിനു വെളിച്ചം പോലെ, സത്യത്തിനസത്യം പോലെ, സുഖത്തിനു ദുഃഖം പോലെ.. തികച്ചും ഇഴപിരിച്ച് വേർപെടുത്തി അനുഭവിയ്ക്കാനാകാത്ത നിലനിൽപ്പിന്റെ രഹസ്യങ്ങൾ എന്നെ പഠിപ്പിയ്ക്കുന്നു ഇതും.