2019 ജനുവരി 1, ചൊവ്വാഴ്ച

KGF I

പ്രശാന്ത് നീൽ തിരക്കഥയും സംവിധാനവും നിർവഹിച്ച് യശ്, ശ്രീനിധി ഷെട്ടി എന്നിവർ അഭിനയിച്ച ബിഗ് ബജറ്റ് ചിത്രമാണ് കെ ജി എഫ്. മികച്ച ദൃശ്യ ശബ്ദ സംവിധാനങ്ങളോടുകൂടിയ തീയേറ്ററിൽ ടെക്നോളജിയുടെ അനന്തസാധ്യതകൾ മനസ്സ് നിറഞ്ഞു കാണാൻ ഒരു വലിയ സിനിമ.

ഒന്നിൽനിന്നൊന്നിലേയ്ക്ക്, അതിൽ നിന്നു മറ്റൊന്നിലേയ്ക്ക് എന്ന രീതിയിൽ ധൃതിയിൽ തെളിയുകയും മറയുകയും ചെയ്യുന്ന ദൃശ്യങ്ങളുടെ ചടുലതയും എക്സ്ട്രാ ക്ലോസ് ഷോട്ടുകൾ നൽകുന്ന നിയന്ത്രിത വീക്ഷണങ്ങളും കാരണം തുടക്കംമുതൽ ഒടുക്കംവരെ ബീൻസും തക്കാളിയും അയുന്നതുപോലെ മനുഷ്യരെ അരിഞ്ഞിട്ടാലും നമുക്കധികം അറപ്പൊന്നും തോന്നുകയില്ല. അക്രമത്തിലും കൊലപാതകങ്ങളിലും മുക്കിയെടുത്ത സീനുകൾ.. ചെഞ്ചോരയുടെയും വാൾത്തലകളുടെയും ദൃശ്യങ്ങൾ.. രോദനങ്ങളും അലർച്ചകളും അലിഞ്ഞുചേർന്ന ശബ്ദഘോഷങ്ങൾ.. നായകന്റെ അതിനായകത്വപരിവേഷം.. ഇതെല്ലാം കാണാനും ആസ്വദിക്കാനും തന്നെയാണ്  ടിക്കറ്റെടുത്ത് നമ്മളെത്തുന്നത്. മസിൽ പവറിന്റെയും ഹിംസയുടെയും നീതികാവ്യങ്ങൾ മനുഷ്യചരിത്രം തന്നെയാണ് പറയുക. സദാചാരം, നീതി, മനുഷ്യത്വം, നല്ലനടപ്പ് എന്നെല്ലാം പറഞ്ഞു നാം കെട്ടിപ്പൂട്ടി വച്ചിരിക്കുന്ന നമ്മുടെ ആദിതൃഷ്ണയുണ്ടല്ലോ; നമ്മൾ മൂന്നുനേരം പോഷകസമൃദ്ധമായ ആഹാരം കൊടുത്ത് ബലപ്പെടുത്തിയെടുത്ത പേശികളെ ശാന്തിമന്ത്രം പറഞ്ഞ് മയക്കികിടത്തി ആയുസ്സു മുഴുവൻ സമാധാനകാംക്ഷികളായിരുന്നാലും പുറത്തു വരാൻ കൊതിച്ചു കഴിയുന്ന ആ പഴയ കാടത്തം - അതിനെ തൃപ്തിപ്പെടുത്താൻ ഇത്തരം സിനിമകൾ ആവശ്യമായിരിയ്ക്കണമെന്ന് ഒമ്പതാം ദിവസവും തിയേറ്റർ നിറഞ്ഞുകവിഞ്ഞ യുവപ്രേക്ഷകരുടെ ആഹ്ലാദം കണ്ടപ്പോൾ തോന്നി. കഥയുടേയോ സന്ദർഭത്തിന്റേയോ വിശദാംശങ്ങളിലേയ്ക്കും വ്യക്തതയിലേയ്ക്കും കടക്കാത്തത്ര വേഗതയും വൈകാരികതയുടെ അസാന്നിദ്ധ്യവും കാരണമായിരിയ്ക്കാം, വയലൻസ് തീരെ ഇഷ്ടപ്പെടാത്തവർക്ക് പോലും സിനിമ തൃപ്തികരമായി തോന്നുന്നത്. മനുഷ്യന്റെ പേശീതൃഷ്ണകൾക്ക് സംതൃപ്തി നൽകുന്ന യുവത്വത്തിന്റെ, അധികാരത്തിന്റെ, ധനമോഹത്തിന്റെ കഥപറയുന്ന സാങ്കേതിക മികവുറ്റ ഇത്തരം സിനിമകൾ ജനപ്രിയമാണ്. കോടികളുടെ കളക്ഷൻ വാരിക്കൂട്ടുകയും ചെയ്യും. നായകന് സംഭാഷണം വളരെ കുറഞ്ഞ്, ആക്ഷനിലൂന്നിയ സിനിമയാണിത്. മൊഴിമാറ്റം നടത്തപ്പെടുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒരു 'കൾച്ചറൽ മിസ് മാച്ചിങ്' കടന്നുവരുമെങ്കിലും താമസിയാതെ ആ കന്നഡ രീതിയ്ക്ക് മനസ്സ് സമരസപ്പെട്ടു പോകുമെന്നതിനാൽ മലയാളി പ്രേക്ഷകർക്കും ഈ ചിത്രം ഇഷ്ടപ്പെടുമെന്ന് കരുതാം.

കഷ്ടതകൾ നിറഞ്ഞ അനാഥബാല്യം, ജീവിതത്തെ മുൻനടത്തുന്ന നിർദ്ദേശങ്ങളുള്ള ശക്തമായ മാതൃസ്മരണകൾ, ബോംബെ പോർട്ടിലെ ഗുണ്ടാ മേധാവിത്വത്തിലെത്തിയ യുവത്വം, എങ്ങനെ ജീവിച്ചാലും ധനികനായി മരിയ്ക്കണമെന്ന അമ്മയുടെ മരണമൊഴി... റോക്കി എന്ന ബ്രാൻഡ് നെയിം സ്വീകരിച്ച രാമകൃഷ്ണയുടെ ജീവിതം ചുരുളഴിയുന്നത് മറ്റുള്ളവരുടെ വിവരണങ്ങളിലൂടെയാണ്. എഴുപതുകളുടെ അവസാനത്തിലെ ബോംബെ പോർട്ട്, ബാംഗ്ലൂർ ക്ലബ്ബ് ലൈഫ്, പരന്ന കോളറും ബെൽബോട്ടം പാൻസും ആണത്തം എഴുന്നുനിൽക്കുന്ന ബുള്ളറ്റും.. സിനിമ ജോറാണ് ട്ടോ. ഇരയെ ചേസ് ചെയ്തു ബോട്ടിലേയ്ക്ക് കയറുന്ന നായകൻ പോർട്ടിൽ സ്റ്റാൻഡിലിട്ട് പോയ ആ പഴഞ്ചൻ ബുള്ളറ്റിന്റെ ശരീരഘടനയും നിറവും മാത്രം മതിയാവും മുഴുവൻ സിനിമയേയും കാണികൾ നെഞ്ചേറ്റാൻ.

ഒരു കെഎസ്ആർടിസി ജീവനക്കാരന്റെ മകനായി ജനിച്ച നവീൻകുമാർ ഗൗഡ കുറച്ചു കഷ്ടപ്പെട്ടൊക്കെത്തന്നെയാണ്  'യശ്'എന്ന സൂപ്പർ ഹീറോയായി മാറിയത്. ഓർമ്മവെച്ച നാൾമുതൽ ഹീറോ ആവുക എന്ന ഒറ്റ ലക്ഷ്യമേ അങ്ങേർക്കുണ്ടായിരുന്നുള്ളത്രേ. വീട്ടുകാരുടെ നിർബന്ധത്താൽ പ്രീഡിഗ്രിക്ക് ചേർന്നിട്ടും ''ഞാനെന്തിനാണ് അക്കൗണ്ടൻസി പഠിയ്ക്കുന്നത് ഹീറോ ആയിക്കഴിയുമ്പോൾ അതിനൊക്കെ ഞാനാളെ വെച്ചോളാം" എന്നു പറഞ്ഞ കേമൻ. Massive എന്നുവിളിക്കാവുന്ന യശ്ന്റെ ശരീരം, ആത്മവിശ്വാസവും മനസ്സാന്നിധ്യവും
വിളിച്ചുപറയുന്ന മുഖഭാവങ്ങൾ, ഒരേസമയം ഒരു റൗഡിയുടേതുപോലെ നിർവികാരവും ഒരു നായകനു ചേർന്നവിധം വൈകാരികവുമായ കണ്ണുകൾ, കിടിലൻ അഭിനയം.. പെണ്ണുങ്ങളേ, പോയി കാണണം ട്ടോ.

റോക്കിയുടെ ബാല്യകാലമഭിനയിച്ച ഒമ്പതാം ക്ലാസുകാരൻ അൻമോൽ വിജയ് കഴിവുള്ളൊരു നടനാണെന്ന് എടുത്തുപറയേണ്ടിയിരിയ്ക്കുന്നു.

2016ലെ മിസ് ദിവായും, 2016 മിസ്സ് സൂപ്പർനാഷണലുമാണ് മംഗലാപുരംകാരിയായ ശ്രീനിധി ഷെട്ടി. അഭിനയിക്കാൻ അധികമൊന്നും കെ ജി എഫ് ചാപ്റ്റർ വൺ അവർക്ക് കൊടുത്തിട്ടില്ല. ഡോണിന്റെ മകൾ, പണവും അഹങ്കാരവും നിറഞ്ഞ സൗന്ദര്യധാമം. റോഡിന് നടുക്ക് ഒക്കത്ത് കുട്ടിയെയുമെടുത്ത് നിൽക്കുന്ന നിസ്സഹായയായ അമ്മയ്ക്ക് ട്രാഫിക് ബ്ലോക്ക് ചെയ്ത് റോക്കി ഉരുണ്ടുവീണ ബൺ എടുത്തുകൊടുക്കുന്ന സീനിൽ പ്രേമത്തിൽ വീഴുന്ന റീന. സിനിമയിലെ ഒരേയൊരു തീക്ഷ്ണ വൈകാരിക മുഹൂർത്തം എന്നതിനെ വിളിച്ചാലോ! ഈ ഒരേയൊരു സീനിനെ എൺപതുകളിലേക്ക് അവരോധിക്കാൻ സംവിധായകൻ മറന്നുപോയതാകുമോ എന്നു തോന്നി.

ബോംബെ, ബാംഗ്ലൂർ എന്ന് വേണ്ട ഏത് അധോലോകവും നയിക്കാനുള്ള ശക്തി റോക്കിയ്ക്ക് കിട്ടുന്നത് അമ്മയുടെ ധൈര്യവും അഭിവാഞ്ഛയും നിറക്കുന്ന വാക്കുകളിൽ നിന്നാണ്. ഒറ്റയ്ക്ക് മാത്രം പൊരുതണമെന്നും ആയിരങ്ങൾക്ക് വെളിച്ചം കാട്ടണമെന്നുമുപദേശിയ്ക്കുന്ന ശക്തയായ മാതൃഭാവത്തിൽ സ്ത്രീയെ അവതരിപ്പിച്ച സിനിമയിൽത്തന്നെ പക്ഷേ, 'അവന്റെ കയ്യിൽ വളയിടണം' പോലെയുള്ള സ്ത്രീവിരുദ്ധ ഡയലോഗുകളുമുണ്ട്.

കെ ജി എഫ് (കോലാർ ഗോൾഡ് ഫീൽഡ്സ്) എന്ന സ്വർണ്ണ ഖനിയിലേക്ക് കൊട്ടേഷൻ എടുത്തെത്തുന്ന നായകൻ ഇരുപതിനായിരത്തോളം വരുന്ന അടിമകളിൽ ഒരുവനായി അതിനുള്ളിൽ കടക്കുന്നു. ദാരുണമായ അവിടത്തെ ജീവിതം കണ്ടാൽ നമ്മളിട്ട സ്വർണ്ണം നമ്മളെ പൊള്ളിയ്ക്കും കെട്ടോ. അതിസാഹസികമായി ശക്തനായ ഗരുഡയെ കൊല്ലുകയെന്ന ലക്ഷ്യം റോക്കി നിറവേറ്റുന്നുണ്ടോ എന്ന് നിങ്ങൾ നേരിട്ടു കണ്ട് മനസ്സിലാക്കുക.

കെ ജി എഫ് എന്ന യഥാർത്ഥ ഇടത്തിലിട്ട വമ്പൻ സെറ്റിനും ഖനിയ്ക്കുള്ളിലും പുറത്തുമായി ഉള്ള ചിത്രീകരണത്തിനും നൂറിൽ നൂറ് കൊടുക്കും ഞാൻ. കോലാർ സ്വർണ്ണഖനി രണ്ടായിരത്തിയൊന്നിൽ സർക്കാർ പൂട്ടിയതാണ് അവിടെ ഷീറ്റും തകരവും ടാർപോളിനും ഒക്കെയായി ഇട്ട വമ്പൻ സെറ്റ് ചിത്രീകരണത്തിനിടയ്ക്ക് വന്ന കാറ്റിലും മഴയിലും പലതവണ പൊളിഞ്ഞു വീഴുകയും പറന്നുപോവുകയും ഉണ്ടായത്രേ. ഭുവൻ ഗൗഡയുടെ സിനിമാറ്റോഗ്രാഫി കൈയ്യടിയർഹിയ്ക്കുന്നു.

സുന്ദരമായ ആക്ഷൻ രംഗങ്ങൾ.. ആക്ഷൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു യുവകോമളൻ ഇമചിമ്മാതെ  ഓരോ ഇടിയും വെട്ടും വിഴുങ്ങുന്നുണ്ടായിരുന്നു തൊട്ടടുത്ത സീറ്റിൽ. രണ്ടേമുക്കാൽ മണിക്കൂർ നേരം കൂടെ വന്ന ഞങ്ങളെ ഓർത്തുകാണില്ല അങ്ങേര്. ഭാഗ്യവാൻ! അല്ലേ?

ക്ലൈമാക്സിൽ ഒരു കാളീ പൂജയുണ്ട്. 60 അടി ഉയരമുള്ള പ്രതിമയും രക്തം കലർന്ന കുളവും കത്തുന്ന തീപ്പന്തങ്ങളേന്തിയ നൂറുകണക്കിന് ആർട്ടിസ്റ്റുകളും.. ഇരുട്ടും അഗ്നിയും.. അരേ.. വാ! അഞ്ചാറു രാത്രികളിലെ കഠിന പരിശ്രമമാണ് ക്ലൈമാക്സ് രംഗങ്ങളത്രേ.

രവി ബാസ്രൂരിന്റെ സംഗീതസംവിധാനത്തിൽ മികച്ച മൂന്ന് ഗാനങ്ങളുണ്ട് സിനിമയിൽ. കെ ജി എഫ് എന്ന സിനിമയുടെ കഥയെഴുത്തു തുടങ്ങുന്നത് 2015ലാണ്. 2017 മാർച്ചിൽ ചിത്രീകരണം തുടങ്ങി. ഏതാണ്ട് രണ്ട് വർഷത്തോളമെടുത്തു നിർമ്മാണം. ഹൊംബാളെ ഫിലിംസിന്റെ 80 കോടി ബഡ്ജറ്റിന്റെ പ്രോജക്ടാണിത്.

കെ ജി എഫ് സിനിമയിലെ സ്വർണ്ണഖനി ചരിത്രത്തിനു യഥാർത്ഥ കെ ജി എഫ് ചരിത്രവുമായി വലിയ ബന്ധമൊന്നുമില്ല. ആ പശ്ചാത്തലത്തിൽ വിരിഞ്ഞ ഒരു സാങ്കല്പിക കഥ മാത്രമാണ് സിനിമയിൽ. യഥാർത്ഥ കെ ജി എഫിനെ കുറിച്ച് ഞാൻ ഗൂഗിൾ പഠിച്ചെഴുതിയതിന്റെ ലിങ്ക്:

ട്രെയ്ലർ: https://youtu.be/rocT33yA_dc

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ