ഒരു സ്ക്രൂവിന്റെ വിള്ളലിൽ മിന്നുന്ന ക്യാമറാക്കണ്ണിന്റെ ചിത്രം കാട്ടി ജാനൂട്ടി ചോദിച്ചു:
"ഇതെന്താണമ്മാ?"
"ഇതൊരു ഒളി ക്യാമറയാണ്. നന്നേ ചെറുത്."
"അപ്പോ ഇങ്ങനത്തെ ക്യാമറയാവും ഞങ്ങടെ ക്ലാസിൽ വെച്ചിരിയ്ക്കുന്നത്. "
"ഏയ്. ഇതാവാൻ സാദ്ധ്യതയില്ല."
"അല്ല, ഇതുതന്നെയാവും. ക്ലാസിന്റെ ചുമരിൽ കുറച്ചുയരത്തിലായി ഒരു ചെറിയ ഓട്ടയുണ്ട്. അവിടെയാകും ക്യാമറ എന്ന് ഞാനെപ്പോഴും സച്ചിനോട് പറയാറുണ്ട്."
"നിങ്ങടെ ക്ലാസിലൊന്നും ക്യാമറയുണ്ടാവില്ല. കോറിഡോറിലും ഓഫീസിലുമൊക്കെയേ ഉണ്ടാവൂ. പിന്നെ, പ്ലേഗ്രൗണ്ടിനടുത്തുമുണ്ട്. ല്ലേ?"
"ക്ലാസിലുണ്ടെന്ന് മാം പറഞ്ഞല്ലോ. സിസിടിവിയിൽ പ്രിൻസിപ്പാൾ മാം ഞങ്ങളെ എപ്പോഴും വാച്ച് ചെയ്യും ത്രേ."
"ഇല്ലമ്മൂ. അതൊക്കെ നിങ്ങൾ സൈലന്റായിരിക്കാൻ മാം വെറുതെ പറയുന്നതാണ്."
ഒരുപാട് തവണ ആവർത്തിച്ചുറപ്പുനൽകിയിട്ടേ മോളത് വിശ്വസിയ്ക്കാൻ തയ്യാറായുള്ളൂ. ഇത്തരം ഒളിക്യാമറകൾ പിന്നെവിടെ വെയ്ക്കാനാണെന്ന് ചോദിച്ചപ്പോൾ അലസമായൊരുത്തരമേ ഞാൻ കൊടുത്തുള്ളൂ. എട്ടു വയസ്സായ കുട്ടിത്തലയിൽ എന്തിനു മുൾച്ചെടി നടണം!
ഇന്നാള് KGF സിനിമ കാണുമ്പോൾ മൈനിലെ അടിമകൾ പ്രസവിയ്ക്കുന്ന കുഞ്ഞ് പെണ്ണാണെങ്കിൽ അപ്പോൾത്തന്നെ കൊല്ലുമെന്നു കേട്ടപ്പോൾ തിയേറ്ററിനുള്ളിൽ എന്നെ കുലുക്കിക്കുലുക്കി ചോദിച്ചിട്ടും എന്തിനാണെന്ന് ഞാൻ പറഞ്ഞില്ല. വളരെക്കുറച്ചു കാലം കൂടിയല്ലേ അതെല്ലാമറിയാതെ ജീവിയ്ക്കാൻ അവൾക്കു നിർവാഹമുള്ളൂ.
ഓരോ ഉത്തരവും മറ്റനേകം ചോദ്യങ്ങളായി രക്തബീജാസുരനെപ്പോലെ ഉയിർത്തു വരുന്ന ഈ പ്രായത്തിൽ ചില ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാതിരിയ്ക്കുകയാവാം നല്ലത്.
പറയാൻ വന്നത് സിസി ക്യാമറകളെക്കുറിച്ചാണ്. ഉണർന്നിരിക്കുന്ന സമയത്തിന്റെ ഭൂരിഭാഗവും ലോകത്തെ കോടാനുകോടി കുട്ടികളെ ബോധത്തിലും അബോധത്തിലും പിന്തുടരുന്ന ക്യാമറക്കണ്ണുകൾ. ഒരു മാസം മുതൽ അനന്തകാലം വരെ ഹാർഡ് ഡിസ്ക്കിൽ സൂക്ഷിയ്ക്കപ്പെടാവുന്ന ദൈനംദിന ചലനങ്ങൾ. ഡൽഹിയിൽ പതിനൊന്നാം ക്ലാസുകാരൻ രണ്ടാം ക്ലാസുകാരനെ കൊലപ്പെടുത്തിയതിന് പിന്നാലെ നമ്മുടെ സ്കൂളുകളിലെല്ലാം ക്യാമറ നിർബന്ധമായി. നിരീക്ഷിയ്ക്കപ്പെടുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ക്ഷണിയ്ക്കപ്പെടാത്ത അതിഥിയെപ്പോലെ മൂലയിലെ മൂകസാന്നിദ്ധ്യമാണ് സിസി ക്യാമറ. നൈരന്തര്യം കൊണ്ട് നമ്മെ അസ്വസ്ഥമാക്കുന്ന ഒരു സാക്ഷി. നാം തെറ്റു ചെയ്തേയ്ക്കാമെന്ന് നമ്മെ എപ്പോഴും ഓർമിപ്പിയ്ക്കുന്ന ഒരു ചൂരൽ വടി.
കോറിഡോറുകളിലെ ക്യാമറയുടെ സാന്നിദ്ധ്യം മൂത്രമൊഴിയ്ക്കാൻ പോകുന്ന കുട്ടികളെ കൈ പിന്നിൽ കെട്ടി, ഓടാതെ, ഒച്ചയിടതെ, വരിവരിയായി പോകാൻ നിർബന്ധിയ്ക്കുന്നു. വായ് സഞ്ചിയിൽ മൂടിക്കെട്ടിയ കഴുതകളെപ്പോലെ വഴിയോരക്കാഴ്ചകളിൽ അനാസക്തരായി അവർ പോയ് വരും. അവരുടെ അച്ഛനമ്മമാർക്കും ടീച്ചർമാർക്കും 'ഇണ്ട്റംബെല്ല്' എന്നോമനപ്പേരുള്ള പത്ത് മിനിറ്റിന്റെ ഒരു ഇൻറർവെൽ ഉണ്ടായിരുന്നിരിയ്ക്കണം ചെറുപ്പത്തിൽ. റീഫില്ലിനും പുളീഞ്ചിയ്ക്കുമായി കാക്കാന്റെ കടയിലേയ്ക്കോടാനും വായാടിയായ കപ്പിയിലൂടെ കൗമാരത്തിന്റെ ഊർജ്ജത്തോടെ കുതിയ്ക്കുന്ന കയറിനറ്റത്തെ തണുത്ത, ഇരുമ്പു ചുവയ്ക്കുന്ന ഒരു തൊട്ടി വെള്ളത്തിന് കലപില കൂടാനും നോട്ടങ്ങളും പുഞ്ചിരികളും കൈമാറാനുമൊക്കെയായി ഒരു പത്തു മിനിറ്റ്.
മൈക്രോസെക്കൻഡുകളുടെ കൃത്യതയോടെ പ്രവർത്തിയ്ക്കുന്ന ബയോമെട്രിക് അറ്റൻഡൻസ് മെഷീനുകളെപ്പോലെ ഭയത്തിലാധാരിതമായ അച്ചടക്കത്താൽ സിസി ക്യാമറകൾ സമയബന്ധിതമായി ക്ലാസിലെത്തിയ്ക്കുന്നുണ്ട് ടീച്ചർമാരെ. കടുപ്പിച്ചൊരു നോട്ടംപോലും 'കോർപറൽ പണിഷ്മെൻറ്' എന്ന് വിലക്കിയ സാഹചര്യത്തിൽ സിസിക്യാമറഭയം (എപ്പോഴും നിരീക്ഷിയ്ക്കപ്പെടുന്നുണ്ട് എന്ന ഈ ഭയത്തിനൊക്കെ ഇപ്പോഴേ ഭാഷയിൽ വാക്കുണ്ടോ അതോ, ഇനി ജനിക്കാനിരിയ്ക്കുന്നതേയുള്ളോ ആവോ!) ലളിതമായി അവതരിപ്പിച്ച് ഒരു അദൃശ്യ ചൂരൽ ക്ലോഡിയസിന്റെ വാൾ പോലെ തൂക്കിയിട്ടാണവർ ക്ലാസിൽ സമാധാനം (!!) വിതയ്ക്കുന്നതും അച്ചടക്കം കൊയ്യുന്നതും. (ഞാനടക്കം)
നാളത്തെ ജനത മുഴുവൻ ഇന്ന് ക്യാമറക്കണ്ണുകളുടെ വീക്ഷണപരിധിയ്ക്കകത്ത് തെറ്റ് ചെയ്യാൻ സാധ്യതയുള്ളവരാണെന്ന നിരന്തര ഓർമ്മപ്പെടുത്തലോടുകൂടി കൂട്ടിലടയ്ക്കപ്പെട്ടിരിയ്ക്കുകയാണ്. കോറിഡോറിലും ലിഫ്റ്റിലും കടകളിലും റോഡുകളിലും മുറ്റത്തും വീട്ടിനകത്തുപോലും നിരീക്ഷണക്കണ്ണുകൾ കണ്ടുവളരുന്ന അവരോ അവർക്ക് തൊട്ടുപിന്നാലെ വരുന്ന മനുഷ്യരോ എന്തായിത്തീരുമെന്ന് ആലോചിച്ചിട്ടുണ്ടോ നിങ്ങൾ?
ഭയത്തെ അഭിമുഖീകരിച്ച് ഭയത്തെ ജയിക്കുന്നതൊക്കെ നമ്മളെല്ലാവരും ചെയ്തിട്ടുള്ളതല്ലേ? ജീവന്റെ ചലനങ്ങൾ മുഴുവൻ ബൈറ്റുകളായി, കിലോബൈറ്റുകളായി, മെഗാ - ഗിഗാ ബൈറ്റുകളായി തുടർച്ചയായി ചിപ്പുകളിൽ തടവിലാക്കുന്ന സിസി ക്യാമറകളെ തരിമ്പും ഗൗനിയ്ക്കാത്ത ഒരു ജനത വരുമിവിടെ. അവരുടെ ലോകത്ത് ഭയോത്പാദനത്തിനു നവീന മാർഗ്ഗങ്ങൾ ആവിഷ്കരിയ്ക്കപ്പെടും. അന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ നമ്മൾ പരിഭ്രാന്തി കൊണ്ട് മനസ്ഥൈര്യം കൈവിടുന്നതരം പുതിയ വിധാനങ്ങൾ കണ്ടുപിടിയ്ക്കേണ്ടവരാണ് നിശബ്ദരായി, കൈകൾ പിന്നിൽകെട്ടി, വരിവരിയായി നടക്കുന്ന ഈ സാദ്ധ്യതകൾ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ