2019 ജനുവരി 8, ചൊവ്വാഴ്ച

ഒന്നും അവസാനിയ്ക്കുന്നില്ല.

ഹിമകണങ്ങളിൽ വജ്രത്തുണ്ടുകളുടെ ആത്മാവു നിറച്ച് വെയിൽ പരന്ന ഉഷസ്സായിരുന്നു. കുളിരുള്ള ഒരു നനഞ്ഞ കാറ്റോടിക്കളിച്ചിരുന്നു. തെളിഞ്ഞ പച്ചപ്പായിരുന്നു. സന്തോഷത്തിന്റെ ജൈവികമായ ഒരു സുഗന്ധം നിറഞ്ഞുനിന്നിരുന്നു.

പാഴെന്നും പതിരെന്നും പറഞ്ഞു തേടിപ്പിടിച്ചവയ്ക്ക് തീ പിടിപ്പിക്കാൻ ഏറെ ബുദ്ധിമുട്ടായിരുന്നു. ചിരിയുടെ മഞ്ഞുവീണു നനഞ്ഞ തീപ്പെട്ടിയും സ്നേഹവാത്സല്യങ്ങളാൽ ഉരഞ്ഞ് മരുന്നു പോയ കൊള്ളികളുമായി സുഗന്ധമുള്ള കാറ്റിനഭിമുഖമായിനിന്ന് ഏറെ പണിപ്പെട്ടാണ് കത്തിച്ചത്. കരിയിലകളിൽ നിന്ന്, മഞ്ഞിറ്റുന്ന പച്ചപ്പിലേയ്ക്ക് തീ പടരുന്ന അത്ഭുതം എത്ര ലാഘവത്തോടെയാണ് നോക്കിനിന്നത്!

കത്തിയമർന്നാലും അടുത്ത മഴയ്ക്കു പുനർജനിയ്ക്കുമീയടിക്കാട് എന്ന് തിരിഞ്ഞു നടക്കുമ്പോൾ കണ്ടു.. അങ്ങ് മലമുകളിലെ ശ്യാമാരണ്യകവും കത്തുന്നു!! ചുവന്ന നാളങ്ങളെ മറയ്ക്കുന്ന ഇരുണ്ട പുക വളർന്നു മാനം മൂടി. വേവും ആവിയും പുകയും ചേർന്നൊരുരാക്ഷസമേഘമായി. മേഘത്തിനു മഴയാകാതെ തരമുണ്ടോ? കോരിച്ചൊരിഞ്ഞു മഴ തണുപ്പിച്ച മണ്ണിനടിയിൽ ജീവനുറങ്ങുന്ന ഒരായിരം വിത്തുകൾ കുതിർന്നു.

മാനം തെളിഞ്ഞപ്പോൾ പെയ്യാനാകാഞ്ഞ മേഘങ്ങളുടെ വക്കിന് തീ കൊളുത്തി പകലോനന്നത്തെ അവസാന ജാലവിദ്യയും കാണിച്ചു. ചുവന്ന കനലിനെ പതിയെ ചാരം മൂടുന്നതു പോലെ എരിയുന്ന മേഘങ്ങൾ മെല്ലെ പിങ്ഗളനിറമാർന്ന് അസ്തമനസൂര്യനിലേയ്ക്കു നീളുന്ന രേഖകളായി ചക്രവാളത്തിലലിഞ്ഞു.

നിമിഷങ്ങൾ കഴിഞ്ഞപ്പോൾ നീലിച്ച പടിഞ്ഞാറേ ചക്രവാളത്തിന് ഒന്നരമുഴമുയരത്തിൽ ഇടംകൈത്തണ്ടയിലെ ഒറ്റക്കുപ്പിവളയെ ഓർമ്മിപ്പിയ്ക്കുമാറൊരു ചന്ദ്രക്കല തെളിഞ്ഞു. പുതിയ വാഗ്ദാനങ്ങളെപ്പോൽ നക്ഷത്രങ്ങളോരോന്നായി വിടർന്നു.

പുതുമണ്ണിനടിയിൽ മുളപൊട്ടിയ വിത്തുകളിൽനിന്നപ്പോൾ വെളുത്ത വേരുകൾ വളർന്നു പടരാൻ തുടങ്ങിയിരുന്നു. ഒന്നും അവസാനിയ്ക്കുന്നില്ലെന്നു ചിലച്ച് ഒരുപറ്റം ദേശാടനക്കിളികൾ രാവിന്നു കുറുകെ പറന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ