വീണ്ടെടുപ്പ് - ചെറുകഥ
""""""”"""''""'""'"""""
കരുതിക്കൂട്ടിത്തന്നെ അയാളുടെ കയ്യിലുരസുന്ന വിധം നടന്നെങ്കിലും അവളുടെ കൈപിടിയ്ക്കുവാനോ ആ വിരലുകൾ തന്റെ കൈയ്ക്കുള്ളിലൊതുക്കാനോ അയാൾ തുനിഞ്ഞില്ല. കൈകോർത്ത് നടക്കാത്തതിൽ പഴയതുപോലെ അവൾക്കു നിരാശയും തോന്നിയില്ല.
പൂരപ്പറമ്പ് എല്ലാംകൊണ്ടും നിറഞ്ഞതായിരുന്നു. പലവർണ്ണങ്ങളിലുള്ള വെളിച്ചങ്ങൾ, മധുരപലഹാരങ്ങളുടെയും മസാലകളുടെയും കൊതിപ്പിയ്ക്കുന്ന മണങ്ങൾ, കച്ചവടക്കാരുടെയും സ്റ്റീരിയോകളുടെയും ശബ്ദങ്ങൾക്കിടയിൽ മുഴങ്ങുന്ന പീപ്പിവിളികൾ.. എല്ലാം കണ്ടുകൊണ്ട് ഒന്നും വാങ്ങാതെയും പരസ്പരം മിണ്ടാതെയും അവർ നടന്നു. അയാളുടെ മുഖത്തേയ്ക്കു നോക്കിയപ്പോൾ അവൾക്കു സ്നേഹമോ സ്നേഹം നഷ്ടപ്പെട്ടതിൽ ദുഃഖമോ തോന്നിയില്ല. അയാളിലോ ചുറ്റുപാടുമുള്ള കാഴ്ചകളിലോ കോലാഹലങ്ങളിലോ തനിയ്ക്കൊരു താല്പര്യവും തോന്നുന്നില്ലെന്ന് അവളോർമ്മിച്ചു. മോഹങ്ങളും ഇഷ്ടാനിഷ്ടങ്ങളുമില്ലാതെ വെറുമൊരു കാഴ്ചക്കാരിയായിരിയ്ക്കുന്നതിൽ അവൾക്ക് സംതൃപ്തി തോന്നി. ഇടയ്ക്കുരുമ്മിയും ഉരുമ്മാതെയും വെവ്വേറെ ലോകങ്ങളിലായി അവരൊരുമിച്ച് അലഞ്ഞു.
പൂരപ്പറമ്പിലെ തിരക്കുകുറവുള്ള ഒരു മൂലയ്ക്ക്, നിറയെ കായ്ച്ചുനിൽക്കുന്ന പ്ലാവിൻ ചുവട്ടിൽ ഒരു പാമ്പാട്ടിയിരുന്നിരുന്നു. കറുത്ത കടലാസ് മടക്കിയുണ്ടാക്കിയ അയാളുടെ പാമ്പുകൾക്ക് തിളങ്ങുന്ന നീലക്കണ്ണുകളുണ്ടായിരുന്നു. രണ്ടായി പിളർന്ന കടും ചെമപ്പ് നാവ് പുറത്തേയ്ക്കിട്ട് വന്യമായി ഇളകിയാടുകയും അന്തരീക്ഷത്തിലുയരുകയും ചിലപ്പോഴൊക്കെ ചത്തുകിടക്കുകയും ചെയ്തു അവ.
വളഞ്ഞു പുളഞ്ഞു മദിയ്ക്കുന്ന കരിനാഗങ്ങളുടെ തിളങ്ങുന്ന വൈരക്കണ്ണുകൾക്കൊപ്പം പാമ്പാട്ടിയുടെ കണ്ണുകളും അവളെ ആശയോടെ നോക്കി.
"വാങ്ങിയ്ക്കമ്മാ. കൊളന്തയ്ക്കു കൊടുക്കാം."
അവൾ വേണ്ടെന്നു തലയാട്ടിയെങ്കിലും അവളെ ആകർഷിക്കാനെന്നവണ്ണം അയാളുടെ ഇരുകൈകളും ഒരു മന്ത്രവിദ്യ ചെയ്യുന്നപോൽ വായുവിലതിദ്രുതം ചലിയ്ക്കുകയും ഇരുനാഗങ്ങളും കൂടുതൽക്കൂടുതൽ വിദഗ്ധവും ചടുലവുമായ നൃത്തമാടുകയും ചെയ്തു. പച്ചനിറത്തിലുള്ള ദീപങ്ങൾ മിന്നിത്തെളിയുന്ന ഒരു വള്ളി ആ പ്ലാവിൻ തടി ചുറ്റിച്ചുറ്റി മുകളിലേയ്ക്കുകയറി അതിന്റെ ശാഖകളിലും ഇലച്ചാർത്തിലുമൊക്കെ പടർന്നിരുന്നു. പെറ്റുവീണു കണ്ണുതുറക്കാനായിട്ടില്ലാത്ത ഒരുപറ്റം പൂച്ചക്കുട്ടികൾ തള്ളയുടെ മുലകുടിയ്ക്കുമ്പോലെ ശാഖകളിൽ കടിച്ചീമ്പി മയങ്ങുന്ന ഇടിച്ചക്കകൾ നിറയെയുള്ള ഒരമ്മപ്പ്ലാവായിരുന്നു അത്. വൈദ്യുതദീപങ്ങളുടെ തിളങ്ങുന്ന തത്തമ്മപ്പച്ചനിറത്തിൽ ആ വൃക്ഷത്തിനൊരു യക്ഷിയുടെ വശ്യത തോന്നിയാണ് അവളതിനരികെ വന്നത്.
തലയുയർത്തി പ്ലാവിന്റെ ഭംഗിയും കണ്ടുനിന്ന അവളെ അയാളുടെ ശബ്ദമുണർത്തി.
"എന്നാമ്മാ, സക്ക വേണമാ? എടുത്തുക്കോ.. "
പറയുന്നതിനൊപ്പം അരയിൽ നിന്നെടുത്ത കത്തികൊണ്ട് തടിയുടെ കടക്കലെ മുള്ളുവിരിഞ്ഞുവരാൻ തുടങ്ങിയിട്ടില്ലാത്ത ഒരു ഉണ്ണിച്ചക്ക ഞെട്ടിയറുത്ത് അയാളവൾക്കുനേരെ നീട്ടി. ഞൊടിയിടയിലായിരുന്നു എല്ലാം. അമ്മയുടെ മുലയിൽ നിന്നും വലിച്ചടർത്തിയെടുത്തൊരു കിളുന്തുചോരിവായ് പോലെ ഞെട്ടിൽ നിന്നു പാലൊഴുകി. ഈമ്പിക്കുടിയ്ക്കുന്ന വായ് വലിച്ചടർത്തിയാലെന്നപോലെ മരവും പാൽ ചുരത്തി. കറിവെയ്ക്കാൻ പോലും കൊള്ളാത്ത ആ കുഞ്ഞുസ്വപ്നം എന്തിനെന്നുപോലുമറിയാതെ അവൾ കൈനീട്ടി വാങ്ങി.
"പാമ്പ് വാങ്ങിയ്ക്കമ്മാ.. ഇരുപതുരൂപാ താൻ. മക്കൾക്ക് കൊടുക്കലാം."
അയാളുടെ വിരലുകളിൽ കോർത്ത നൂലുകളിൽ നിസ്സഹായരായ കരിനാഗങ്ങൾ വീണ്ടും ഫണമുയർത്തിയിളകി. ഇടതും വലതുമായി മേലോട്ടിഴയുന്ന ആ നാഗങ്ങളെ അദൃശ്യമായ നൂലുകളാൽ അയാൾ നിയന്ത്രിയ്ക്കുന്നതിൽ അവൾക്കു നിരാശതോന്നി. സുഖസുഷുപ്തിയിലാണ്ടിരുന്ന ഉണ്ണിച്ചക്ക വെട്ടി നശിപ്പിച്ചതിനു ശേഷം അയാളെ അനുസരിയ്ക്കാതെ നാഗങ്ങൾ സ്വന്തമായുയർന്ന് മരക്കൊമ്പത്തേയ്ക്കോ ആകാശത്തേയ്ക്കോ ക്ഷീരപഥങ്ങളിലേയ്ക്കോ നഷ്ടപ്പെടേണ്ടതായിരുന്നെന്ന് നിരൂപിച്ചവൾ നിന്നു.
"അമ്മാ.. നാല്പ്പത്.."
രണ്ടു പൊതികൾ നീട്ടിക്കൊണ്ടയാൾ വിളിച്ചപ്പോൾ അവൾ ചിന്തയിൽനിന്നുണർന്നു. ഭ്രാന്ത് സങ്കല്പ്പിയ്ക്കുകയായിരുന്ന അവളുടെ കണ്ണുകളിലേയ്ക്കു തുറിച്ചുനോക്കി ആജ്ഞപോലെ അയാൾ പറഞ്ഞു,
"നാല്പ്പത് രൂപ കൊടുങ്കോ."
പാലിറ്റുന്ന ചക്കക്കുഞ്ഞിനെ ഇടംകയ്യിൽ പിടിച്ചവൾ തോളിൽ തൂക്കിയ നീണ്ടനാടയുള്ള കുഞ്ഞുസഞ്ചിയിൽ പരതി. നോട്ടുകൾക്കും തുട്ടുകൾക്കുമിടയിലെ വലിയ ശൂന്യത അവളെ ഞെട്ടിച്ചു.
"എന്റെ മൊബൈല്.."
പരിഭ്രമത്തോടെ അവളാ സഞ്ചി പുറത്തുനിന്ന് അമുക്കി നോക്കി. മടങ്ങി കൈയ്ക്കുള്ളിൽ ഒതുങ്ങിയ അതിൽ മൊബൈലില്ല. തൊട്ടടുത്ത് കൈയുരുമ്മിക്കൊണ്ട് നടന്നിരുന്ന ഭർത്താവിനെ പൂരപ്പറമ്പിലെവിടെയോ നഷ്ടപ്പെട്ടിരിയ്ക്കുന്നു. ചുറ്റും പരന്നു കിടക്കുന്ന ആൾക്കൂട്ടത്തിൽ അവളയാളെ തെരഞ്ഞു. അയാളിന്ന് ഏതു നിറമുള്ള ഷർട്ടാണ് ധരിച്ചതെന്നോർത്തെടുക്കാൻ അവൾ ശ്രമിച്ചു. തലകൾക്കും മുഖങ്ങൾക്കും ശരീരങ്ങൾക്കുമിടയിൽ പരതിപ്പരതി അവളുടെ കണ്ണുകളുഴറി. അയാളുടെ മുഖഭാവങ്ങളും കുപ്പായങ്ങളും അവയുടെ നിറങ്ങളുമെല്ലാം ഓർത്തോർത്ത് തീരുന്ന പകലുകൾ പണ്ടവൾക്കുണ്ടായിരുന്നു. ഒരു നോട്ടത്തിനായി, സല്ലാപത്തിനായി വാലാട്ടി വാലാട്ടി അയാളെ വലം വച്ചിരുന്ന സന്ധ്യകളും വാരാന്തങ്ങളും ഏറെ മുമ്പെന്നോ തീർന്നു പോയിരുന്നു. അയാളുടെ വേഷങ്ങളും മുഖഭാവങ്ങളും മാത്രമല്ല മുഖച്ഛായതന്നെ താൻ മറന്നുകഴിഞ്ഞു എന്നവൾക്ക് തോന്നി. അപ്പോൾ അയാളുടെ പേർ ഓർത്തുച്ചരിച്ചതിനാൽ അവൾക്കല്പം സമാധാനം തോന്നി.
കമ്പിളിക്കുപ്പായത്തിന്റെ ഇരുകീശകളും തോളിലെ സഞ്ചിയും മാറിമാറിത്തെരഞ്ഞെങ്കിലും ഫോൺ കിട്ടിയില്ല. വർണ്ണവിളക്കുകൾക്കപ്പുറം ആകാശത്തും ഭൂമിയിലും ഇരുട്ടായിരുന്നു.
പെട്ടെന്നവൾക്ക് വീടോർമ്മവന്നു. പകൽ നേരം മുഴുവൻ താനൊറ്റയ്ക്കു ഭരിയ്ക്കുന്ന ആ ചെറിയ സാമ്രാജ്യത്തിന്റെ സുരക്ഷിതമായ ചുവരുകൾക്കുള്ളിൽ ഇനിയൊരിക്കലും പുറത്തുവരാതെ മണ്ണിൽപൂണ്ട ഒരു ചിപ്പിപ്പോള കണക്കെ അനന്തമായി കഴിയാൻ അവളാനിമിഷം ആശിച്ചു. തിരിച്ചു വീടണയാനുള്ള പൈസയുണ്ട്. പക്ഷേ, കൂടെ വന്നയാൾ..
കൂടെ വന്നവനോ താനോ കൊച്ചുകുട്ടികളല്ലെന്നും വഴിതെറ്റിപ്പോവുകയോ പരസ്പരം നഷ്ടപ്പെടുകയോ ഇല്ലെന്നും ആൾക്കൂട്ടത്തിൽ നഷ്ടപ്പെട്ടാലും തെരഞ്ഞു കണ്ടെത്താനുള്ള വിവേകവും അറിവും തനിയ്ക്കുണ്ടെന്നും അവളോർമ്മിച്ചു. ഇങ്ങനെ കൊച്ചുകുട്ടിയെപ്പോലെ പരിഭ്രമിച്ച്, നിഷ്കളങ്കമായി ദുഃഖിയ്ക്കുന്ന തന്നെ താൻതന്നെ നിരീക്ഷിച്ചുകൊണ്ടിരിയ്ക്കുകയാണെന്നും അവൾ കണ്ടെത്തി. പക്വതയില്ലാത്ത ഒരു കൊച്ചു പെണ്ണിനെപ്പോലെ അയാളെ കാണാനില്ലെന്നതോർത്ത് ദുഃഖിക്കുന്നതിൽ തനിയ്ക്ക് ഉള്ളാലെ സന്തോഷവും സംതൃപ്തിയും തോന്നുന്നുണ്ടെന്നും ഇനിയും തീക്ഷ്ണമായി ആ വികാരങ്ങളൊക്കെ അനുഭവിയ്ക്കേണ്ടതുണ്ടെന്നും അവൾക്ക് തോന്നി.
പല ഉയരങ്ങളിൽ നീങ്ങുന്ന തലകൾക്കും മുഖങ്ങൾക്കും കുപ്പായങ്ങൾക്കുമിടയിൽ അയാളെ തെരയുമ്പോൾ ഏതുയരത്തിലുള്ള മുഖങ്ങൾക്കിടയിലാണ് അയാൾ ഉണ്ടാവുക എന്നവൾ ആശ്ചര്യപ്പെട്ടു. ഒരു ജനക്കൂട്ടത്തിനിടയിൽ അയാളുടെ മുഖം താരതമ്യേന എവിടെ വരുമെന്നുപോലും ഓർക്കാനാകുന്നില്ല എന്നത് അവളെ ചകിതയാക്കി. ഫോണും നഷ്ടപ്പെട്ടിരിയ്ക്കുന്നു. 'അമ്മാ വാങ്കോ' എന്ന് വിളിയ്ക്കുന്ന പാമ്പാട്ടിയെ മറന്ന്, മൊളഞ്ഞിയിറ്റുന്ന ചക്ക മാറോടടക്കി പ്ലാച്ചോട്ടിൽനിന്ന് അകന്നു പോയിരുന്നു അവൾ. വീട്ടിനകത്തെ വെളിച്ചവും വീട്ടിനകത്തെ മണവും വീട്ടിനകത്തുനിന്ന് അനുഭവിയ്ക്കാറുള്ള ശബ്ദങ്ങളുടെ സ്വകാര്യപ്രപഞ്ചവും ഒരു മരുപ്പച്ചപോലെ അവളെ കൊതിപ്പിച്ചു. ഓർക്കേണ്ടുന്ന ആവശ്യമില്ലാത്തതിനാൽ മറന്നുപോയ അയാളുടെ മുഖം മുറികളിലും അടുക്കളയിലും കിടക്കയിലും അവൾ തെരഞ്ഞു. മുറികളും അവയിലെ വസ്തുക്കളും രാപ്പകലുകളിൽ പതിയുന്ന നിഴൽവെളിച്ചങ്ങളും കിടക്കവിരിയിലെ പൂക്കളും കൃത്യമായി ഓർക്കാൻ അവൾക്കു കഴിഞ്ഞു. പക്ഷേ, അയാളുടെ മുഖം... മുറിയിൽ അയാൾ നിൽക്കുമ്പോൾ അയാളുടെ ഉയരം... അയാളുടെ കുപ്പായങ്ങൾ... ഒന്നും വ്യക്തമാകുന്നില്ല. അവളുടെ പേരു വിളിയ്ക്കുന്നതോ മറ്റെന്തെങ്കിലും പറയുന്നതോ ആയ അയാളുടെ ശബ്ദം സങ്കല്പിയ്ക്കാൻ ശ്രമിച്ചപ്പോൾ അതും വെറുതെയായി. പകരം "അനുരാഗ നർമദാ തീരത്ത്.." "നീലജലാശയത്തിൽ.." എന്നിങ്ങനെ അവളുടെ പ്രിയഗാനങ്ങൾ ഗോവണിയുടെ ഊഷ്മളമായ മരപ്പടിയിലോ കാവിതേച്ച തളത്തിന്റെ തണുപ്പിലോ കണ്ണടച്ചിരുന്നു ശ്രവിയ്ക്കുന്നതായ മരുപ്പച്ചയുടെ മറ്റൊരു കൊതിപ്പിയ്ക്കുന്ന ഓർമ്മ അവളിൽ നിറയുകയും ചെയ്തു!
ഒരിയ്ക്കലും മറക്കാൻ പറ്റുമെന്ന് കരുതിയിട്ടില്ലാത്ത സഹയാത്രികനെ പൂരപ്പറമ്പിൽ മറന്നുകളഞ്ഞതിൽ അവൾക്ക് വ്യസനം തോന്നി. അയാളും തന്നെക്കാണാനാകാതെ പരിഭ്രമിച്ചു തെരയുകയാകുമെന്നവൾക്ക് തോന്നി. 'ഒരിയ്ക്കൽ സ്നേഹിച്ചിരുന്നെ'ന്നു തൊട്ടുമുൻപു കരുതിയ അയാളെ താനിപ്പോഴും സ്നേഹിയ്ക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി.
ചക്ക മുറുകെപിടിച്ച്, മുള്ളമർന്ന് കടയുന്ന ഇടംകയ്യിൽ തന്റെ മൊബൈലുമുണ്ടെന്ന് അവൾ കണ്ടെത്തിയ ആ നിമിഷമാണ് അയാളുടെ ചൂടുള്ള കൈ അവളുടെ തണുത്ത വിരലുകൾ കോർത്ത് പിടിച്ചത്. നിഷ്കളങ്കമായ സന്തോഷത്താൽ അവളുടെ മുഖം വിടർന്നു. ചിരിയ്ക്കുന്ന ആ കണ്ണുകളുടെ അരികുകളിൽ നനഞ്ഞ കൺപീലികൾ തിളങ്ങി. ആ തിളക്കത്തിന്റെ മാസ്മരികതയാൽ വശീകരിയ്ക്കപ്പെട്ട് അയാൾ ഇടംകയ്യാൽ അവളെ തന്നിലേയ്ക്ക് ചേർത്തു പിടിച്ചു.
ആൾക്കൂട്ടത്തിലലിയുമ്പോൾ ആരോടെന്നില്ലാതെ അവൾ വെറുതെ പറഞ്ഞു:
''എനിയ്ക്ക് സങ്കടായി."
"എനിയ്ക്കും."
അപ്രതീക്ഷിതമായ ആ മറുപടി കേട്ട് അവളയാളെ നോക്കി. അവരുടെ നോട്ടങ്ങൾ കൂട്ടിമുട്ടിയ ഇടത്തിൽ പുതിയ ആഗ്രഹങ്ങളും പ്രതീക്ഷകളും പിറന്നു. അയാളുടെ മുഖവും കുപ്പായത്തിന്റെ നിറവും ശബ്ദവും ഉയരവും അയാളെ സംബന്ധിക്കുന്ന ഓരോരോ കാര്യങ്ങളും ഒരിയ്ക്കൽക്കൂടി പതിയാനായി അവൾ മനസ്സു തുറന്നിട്ടു. ഇതിലെല്ലാം സന്തോഷിയ്ക്കാനാകുന്നുണ്ടല്ലോ എന്നോർത്ത് അവൾ കൂടുതൽ സന്തോഷിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ