2019 ജനുവരി 23, ബുധനാഴ്‌ച

അടുത്ത പോസ്റ്റ്

അവള് മയിൽപീലിയ്ക്കു തീറ്റകൊടുത്ത കാര്യം ഞാൻ ഫേസ്ബുക്കിൽ പാട്ടാക്കിയതൊക്കെ മകളറിഞ്ഞു. ഒരുപാട് നേരത്തിനുശേഷം മൊബൈലിൽ നെറ്റ് ഓൺ ചെയ്തപ്പോൾ ''ടിണിടിണീ... ടിണിടിണീ... " എന്നു തുടർച്ചയായി നോട്ടിഫിക്കേഷൻ മുഴങ്ങിയതു കേട്ട് ഓടിവന്നുനോക്കിയപ്പോഴാണ് അവള് കാര്യമറിഞ്ഞത്. അതിനും മുമ്പ് മായ്ക്കഡബ്ബറ് പെറ്റ ആനമുടുകകളെ നിർത്തിയും ഇരുത്തിയും ഇലയിൽ കിടത്തിയുമൊക്കെ പടമെടുക്കുമ്പോഴും അവൾ ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു. ഈ പോസ്റ്റുകളെല്ലാം കണ്ട അന്ന് നേരമന്തിയായപ്പോൾ ഞങ്ങൾ ഡാൻസ് ക്ലാസിൽ നിന്ന് വരികയാണ്. ഇരുട്ടുവീണ മണ്ണുറോട്ടിലേക്ക് ചൂണ്ടി "ദാ അമ്മാ" എന്നുവിളിച്ചു കൂവിയപ്പോൾ വല്ല ചേരയോ പെരുച്ചാഴിയോ ആയിരിക്കുമെന്ന് കരുതി ഞാൻ ക്യാമലിന്റെ കട്ടറെടുത്ത് കണ്ണു കൂർപ്പിച്ചു നോക്കി. അവിടെയൊരു മിഠായിക്കടലാസ്!

"അടുത്ത പോസ്റ്റ് ഈ മിഠായിക്കടലാസിനെക്കുറിച്ചായിക്കോളൂ" എന്ന് എട്ടും പൊട്ടും തിരിയാത്ത മണ്ടിപ്പെണ്ണ്! രാത്രിയായതു ഭാഗ്യം. എന്റെ മുഖഭാവം ഞാൻ പോലും കണ്ടില്ല.

പിറ്റേന്ന് രാവിലെ തിരക്കിട്ട് ദോശക്കല്ലിൽ നിന്ന് അടർത്തിയെടുക്കുമ്പോൾ ഒരു ദോശ പിണങ്ങി ഒരടുക്ക് ലൂസ് മാവിലേയ്ക്കു വീണ് ടൈറ്റാനിക്കായി. വെള്ളവും ഉലുവയും കൂടിപ്പോയ നട്ടെല്ലില്ലാത്ത ആ 'ഇൻവെർട്ടിബ്രേ'ദോശ അടർത്തിയെടുക്കാൻ ഞാൻ പാടുപെട്ടുകൊണ്ടിരിയ്ക്കുമ്പോൾ പതിവ്രതനും പുന്നാരമോളും അഹമഹമികയാ (ഞാൻ മുമ്പേ ഞാൻ മുൻപേ എന്ന ഭാവത്തിൽ: വാക്കും അർത്ഥവും പണ്ടു പാടിപ്പഠിച്ചതു കാരണം രണ്ടും ഒപ്പമേ മനസ്സിൽ വരൂ) കാലിപ്ലേറ്റും നീട്ടി നിൽക്കുകയായിരുന്നു. രാവിലത്തെ 'കൂട്ടയോട്ടം' നാടകത്തിനു തിരശ്ശീല വീഴാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ദോശ ദോശമാവിൽ ചാടിച്ചത്തത്. പെറുക്കാൻ പോയ വിരലുകൾ "പവനരച്ചെഴുതുന്നു കോലങ്ങളെന്നും.. " എന്നു പാട്ടും പാടി വന്നപ്പോഴും ആ സാമഗാനവീണമീട്ടിയഴക് ഇതിലേ ഇതിലേ വന്നില്ല😕 നുറുങ്ങിപ്പൊടിഞ്ഞ ആ പഞ്ചറ് ദോശയെ "ആറ്റുനോറ്റുണ്ടായൊരുണ്ണി.. ഇവരൊക്കെ കാത്തുകാത്തുണ്ടായ.." എന്നും പാടി കയിലിട്ടു നന്നായി ഇളക്കിച്ചേർത്ത് കനത്തിൽ ഒരെണ്ണം പാർന്നു. കണ്ണിലെണ്ണയൊഴിച്ച് കാത്തുനിന്ന അനന്തരാവകാശി പറയാണെയ് ''അമ്മേടെ അടുത്തപോസ്റ്റ്- മാവിൽ വീണ ദോശ" എന്ന്. യോദ്ധയിലെ മമ്മൂട്ടിയെപ്പോലെ ഛേ! ജഗതിയെപ്പോലെ അപ്രത്യക്ഷമാക്കുന്ന ഒരാട്ടുവെച്ചുകൊടുക്കാനാണ് തോന്നിയത്😬

എങ്ങനെയോ ദോശയൊപ്പിച്ച്, ടിഫിൻ ബോക്സും നിറച്ച് നഷ്ടമനസ്കയായി ലഞ്ച്ബാഗും പിടിച്ച് വാതിൽക്കലെത്തിയ എന്നെ നോക്കി പതിവ്രതൻ (എന്തു ചണ്ടിത്തരം കാണിച്ചാലും എന്റെ പതിയായിരുന്നോളാം എന്നു വ്രതമെടുക്കുന്നവൻ) പുരിക മിളക്കി ചോദിയ്ക്കുകയാണ്, "മനസ്സിലെന്താണെന്ന് ഞാൻ പറയട്ടെ? ദോശപോസ്റ്റ്?" എന്ന്😑

മാവിൽ വീണ ദോശയെ ക്രിയാത്മകമായി പുനരുദ്ധരിച്ച് എങ്ങനെയൊരു മൂല്യവർദ്ധിത ഉത്പന്നമാക്കി മാറ്റാം എന്നതുതന്നെയായിരുന്നു കവിയുടെ മനസ്സിൽ.

പ്രിയപ്പെട്ട വായനക്കാരെ, ഞാൻ ചമ്മിപ്പോയി. ആകാംക്ഷയോടെ വായനയ്ക്കായി കാത്തിരിക്കുന്ന എന്റെ എത്രയും പ്രിയപ്പെട്ട വായനക്കാർക്കുവേണ്ടി ഞാൻ ചമ്മിച്ചമ്മി കാറ്റുപോയ ടോമിനെപ്പോലെ ശുംoo.. എന്നു ചുരുങ്ങിപ്പോയി. ഈ ത്യാഗമൊക്കെ നിങ്ങൾ മറന്നാലും ഞാൻ മറക്കരുത്. പ്ലീസ്.. ഒരഭ്യർത്ഥനയാണ്.

"നോക്കെടി.. അമ്മേനെ നോക്കെടീ.." എന്നു വർഗ്ഗശത്രുവിന് ഒറ്റിക്കൊടുക്കുകയും ചെയ്തു നിഷ്കരുണൻ. പിന്നീടങ്ങോട്ട് ഈ വീട്ടിൽ എനിയ്ക്ക് മാനഹാനിയുടെ നാളുകളായിരുന്നു. ഒരു ഗ്ലാസ് കയ്യിന്നു വീണാൽ🤪 ഒന്നു വിരൽ മുറിഞ്ഞാൽ😵 ഒന്നു തുമ്മിയാൽ🤧 എന്നുവേണ്ട; എന്നെങ്കിലുമൊന്നു കുളിച്ചാൽപ്പോലും 'അടുത്ത പോസ്റ്റ്.. അടുത്ത പോസ്റ്റ്..' എന്നട്ടഹസിക്കുന്ന ഒരു നാണംകെട്ട ഏർപ്പാടായിപ്പോയി (എന്റെ നാണം)

വ്യക്തിഹത്യ, മാനഹാനി, ഹീനമായ, നികൃഷ്ടമായ പോസ്ററാരോപണം, അസൽജീവിത അനന്ത അനിയന്ത്രിത ട്രോളിംഗ്.. പോയിപ്പോയി മാനം തീരെ ഇല്ലാതായപ്പോൾ🤕😷 ഞാൻ ചമ്മാതായി. അവർക്ക് ബോറടിച്ചു😔 ചാകര പോയിട്ട് ഒരു പൊടിമീൻ പോലും കിട്ടാത്ത സാഹചര്യത്തിൽ അവർ ട്രോളിംഗ് നിർത്തിവച്ചു🤭🤫💃

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ