ലൈക്കുകൾ കേവലം ലൈക്കുകളല്ല. ഞാൻ കണ്ടു, ഇഷ്ടപ്പെട്ടു, നന്നായിരിയ്ക്കുന്നു, കൂടെയുണ്ട്, പറഞ്ഞതിനോട് യോജിയ്ക്കുന്നു, കൊള്ളാം, കേമം, അഭിനന്ദനങ്ങൾ, അങ്ങനെയാവട്ടെ, തംപ്സ് അപ്, അഭിപ്രായത്തോട് യോജിയ്ക്കുന്നു, അഭിപ്രായത്തെ മാനിയ്ക്കുന്നു, അംഗീകരിയ്ക്കുന്നു, സ്നേഹം, ഇഷ്ടം, ശരിയാണ്, അനുമോദനം, പെരുത്തിഷ്ടം, നിന്നെ വെറുപ്പിയ്ക്കാൻ വയ്യ, പറഞ്ഞതത്ര പോരെങ്കിലും നീ സങ്കടപ്പെടരുത്, ഞാനായിട്ട് വഴക്കിനില്ല, ഉപകാരസ്മരണ.. ഇങ്ങനെ അന്തോം കുന്തോ മില്ലാതെ പോകുന്നു ലൈക്കിന്റെ നാനാർത്ഥങ്ങൾ. ലവ്, ഹഹഹ, വൗ, ങ്ഹീ..., ഗർർ... ഇതിലൊന്നും പെടാത്ത ഏതോ ചില പരോക്ഷവികാരങ്ങളും പലപ്പോഴും അടയാളപ്പെടുക ലൈക്കായിട്ടാണ്.
ലൈക്കുകളുടെ സാന്നിദ്ധ്യത്തിനു മാത്രമല്ല അസാന്നിദ്ധ്യത്തിനും നമ്മോട് പലതും പറയാൻ കാണും.
ഇഷ്ടപ്പെട്ടില്ല, പോരാ, പോ പുല്ലേ, ഓ പിന്നേ... , ഓൾട്യൊരു... , ഇവളാര്! , ഇവളെ വിറ്റ മുതലെന്റേലുണ്ട്, ഞാൻ കാണുന്നുണ്ടെന്നറിയരുത്, പുറത്തു പറയാത്ത അഗാധപ്രേമം, അങ്ങനങ്ങ് വളരേണ്ട, സുഖിയ്ക്കല്ലേ, നാട്ടാരറിഞ്ഞാ നാണക്കേടല്ലേ, എനിയ്ക്ക് ലൈക്കടിച്ചാൽ നിന്റെ വിരലുളുക്കുമല്ലോ, ഇവൾക്ക് ലൈക്കിട്ടാൽ മറ്റവള് കെറുവിച്ചാലോ, സംഘിയാണെന്നു കരുതിയെങ്കിലോ, കമ്മിയാണെന്നുറപ്പിച്ചാലോ, യാഥാസ്ഥിതികയെന്ന് കൂട്ടുകാർ ഒറ്റപ്പെടുത്തിയാലോ, പുലിവാല് പിടിയ്ക്കാൻ വയ്യാട്ടൊ... എന്നിങ്ങനെ ഒരായിരം കാര്യങ്ങൾ മൂകമൂകം, ഘോരഘോരം പ്രസംഗിയ്ക്കുന്ന അസാന്നിദ്ധ്യങ്ങളുണ്ട് ലൈക്കുലകത്തിൽ.
എച്ച്മുവിനെ വായിച്ച് തകർന്നു തരിപ്പണമായി ലൈക് ഇടാതെ പോന്നു എന്നു രണ്ടു സുഹൃത്തുക്കളെഴുതിയപ്പോഴാണ് എച്ച്മുവിനെ വായിയ്ക്കാൻ ഞാൻ തീരുമാനിച്ചത്. രാവിലെ നാലുമണിയ്ക്ക് ട്രെയിൻ സേലത്ത് നിർത്തിയിട്ടപ്പോൾ സ്ഥലമേതെന്നറിയാനായിരുന്നു മൊബൈലെടുത്തത്. ഗർഭത്തിൽ കിടക്കുന്ന കുഞ്ഞുങ്ങളെ പോലെയല്ലേ ഓടുന്ന വണ്ടിയിൽ നമ്മളുറങ്ങാറ്. അമ്മ ഇരുന്നോ, കിടന്നോ വിശ്രമിയ്ക്കുമ്പോൾ ഉണർന്ന് വയറെന്ന വന്മതിലിൽ ചവിട്ടുകേം കുത്തി മറിയുകയുകേം ചെയ്യുന്ന ഭ്രൂണങ്ങളെപ്പോലെ- വണ്ടി നിശ്ചലമാകുമ്പോൾ ഉണർന്നുപോകും. അനേകം തുരങ്കങ്ങളും ഗുഹകളും കിണറുകളുമുള്ള മനസ്സിന്റെ പ്രതലത്തെ ഭയന്നാണ് ഞാനിത്രനാളും എച്ച്മുക്കുട്ടിയെ വായിയ്ക്കാതെ മാറ്റിവെച്ചത്. വീണുപോയാൽ പിടിച്ചു കരയ്ക്കിടാൻ ഞാന്തന്നെ വേണല്ലോ. അതുകൊണ്ട് ചില പുസ്തകങ്ങൾ, ചിലയിടങ്ങൾ, ചില സിനിമകൾ.. ഒഴിവാക്കാറാണ്. "എന്റെ രക്തവും മാംസവും... നിങ്ങൾക്കായി... " ഒന്നാം ഭാഗം മുതൽ 96വരെ ട്രെയിനിലും ബസ്സിലുമായി തുടർച്ചയായി വായിച്ചുതീർത്തു.
അതൊരു വല്ലാത്ത അനുഭവം തന്നെയായിരുന്നു. വിശദീകരിയ്ക്കുന്നില്ല. ഓരോ പോസ്റ്റിനും ലൈക് അടയാളപ്പെടുത്തി. ഓരോ ലൈക്കിനും ഓരോ അർത്ഥങ്ങളായിരുന്നു. സങ്കടം എന്നടയാളപ്പെടുത്തുവാൻ മിക്കപ്പോഴും മനസ്സുവന്നില്ല. അതിനെയെല്ലാം അതിജീവിച്ചവൾ, പ്രതികരിയ്ക്കാനായി
കാത്തിരുന്നവൾ, നിരന്തരം തോറ്റിട്ടും ജയിയ്ക്കാനായി ജീവിച്ചിരുന്നവൾ എന്ന ബഹുമാനം എനിയ്ക്കവരെ അറിയിയ്ക്കണമായിരുന്നു. അതിനാൽ സങ്കടഫേസ് കുറവാണ്. സഹജീവി എന്ന സ്നേഹവും കരുതലും കൂടിയപ്പോൾ ചിലതിൽ അത് ഹൃദയചിഹ്നമായി. വല്ലാതെ നൊന്തപ്പോൾ ചിലവ രോഷചിഹ്നമായി. എന്തായാലും വായിച്ചതിൽ ഒന്നൊഴിയാതെ എല്ലാത്തിനും ലൈക്കടിച്ചു.
തന്റെ എഴുത്തിന് സ്നേഹവും പിന്തുണയും നൽകിയ ചിലരുടെ പോസ്റ്റുകൾ സന്തോഷത്തോടെ പരാമർശിച്ചതും ഇടയ്ക്കു കണ്ടു. എന്റെ ഓരോ ലൈക്കും പലതവണ വെന്തുകരിഞ്ഞ അവരുടെ ആത്മാവിനെ
സന്തോഷിപ്പിയ്ക്കും എന്ന തിരിച്ചറിവുള്ള ഞാൻ മൗനവായനക്കാരിയാകാൻ ഇഷ്ടപ്പെട്ടില്ല.
എച്ചുമുക്കുട്ടിയുടെ പോസ്റ്റുകൾക്ക് കിട്ടിയ ലൈക്കുകളുടെയും കമന്റുകളുടെയും ഗുണനഫലത്തിനും എത്രയോ മീതെയായിരിയ്ക്കും അവരുടെ വായനക്കാരുടെ എണ്ണം. പതിനഞ്ചാം തീയതി രാവിലെയുള്ള ഫോളോവേഴ്സിന്റെ ഇരട്ടിയായിരുന്നു വൈകുന്നേരമായപ്പോൾ ഫോളോവേഴ്സിന്റെ എണ്ണം. അന്നവർക്ക് 5000 ഫ്രണ്ട് റിക്വസ്റ്റ് എങ്കിലും വന്നിരിയ്ക്കും. (അതിലൊന്ന് ഞാനാണ്) നരക തുല്യമായിരുന്നിരിയ്ക്കും അന്നത്തെ ദിവസം. എഴുതുമ്പോഴുള്ള മാനസിക സംഘർഷം, അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചുള്ള ഉത്കണ്ഠ, ഫോൺ വിളികൾ, അന്വേഷണങ്ങൾ.. വല്ലാത്ത ദിവസങ്ങളായിരിയ്ക്കും കടന്നുപോകുന്നവ. അവ വായിയ്ക്കുന്നവർക്കൊക്കെ പാവം തോന്നിയിരിയ്ക്കുമോ? തീർച്ചയായുമില്ല. ദേഷ്യം വന്നവരും അപമാനിയ്ക്കാനും ആക്രമിയ്ക്കാനും വേദനിപ്പിയ്ക്കാനുമൊക്കെ തക്കംപാർക്കുന്നവരും ധാരാളം കാണും. അവരെ ഫോളോ ചെയ്യുന്നവരിൽ ചിലരെങ്കിലും അതുവായിച്ച് ഉത്തേജിതരാകുകയും അസമയത്ത് ആ എഴുത്തുകളോർക്കുകയും എത്രയോതവണ അതെല്ലാം വീണ്ടുമോർത്തു കുളിരണിയുകയും ചെയ്യും. എല്ലാ മീ റ്റൂ പോസ്റ്റുകളുടെയും ഗതി ഇതൊക്കെത്തന്നെ. എന്നാലും തുറന്നുപറയുകതന്നെ വേണം. ഈ കാലഘട്ടത്തിൽ ജീവിയ്ക്കുന്ന നമ്മുടെ ഉത്തരവാദിത്വം അതാകാം. തുറന്നുപറച്ചിലുകൾ അനിവാര്യമായ മാറ്റങ്ങൾ കൊണ്ടുവരും. കാഴ്ചപ്പാടുകൾ മാറട്ടെ. ഒരുപാടുപേര്, ഒരുപാടു തവണ പറഞ്ഞു കഴിഞ്ഞതല്ലേ? ഞാൻ നിർത്തുന്നു.
ഒരൊറ്റവട്ടം കൂടി..
Echmu Kutty ഒരായിരം ലൈക്. കട്ട സപ്പോർട്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ