2019 ജനുവരി 25, വെള്ളിയാഴ്‌ച

You have something special

സങ്കടം കേറി കണ്ണ് കടലെടുക്കുകയും വായേലെനാവ് കാക്ക കട്ടോണ്ടുപോവുകയും നെഞ്ചത്ത് അമ്മിക്കുട്ടി രഡരഡാ..കടകടാന്ന് മുളകരയ്ക്കുകയും ചെയ്തുകൊണ്ടിരുന്ന ഒരു തൃസന്ധ്യയ്ക്ക് മകൾ മൗനം പൂണ്ടരികെ വന്ന് ചേർന്നൊട്ടിയിരുന്നു. കവിളത്തൊരുമ്മ തന്നു. മുഖത്ത് വീണുകിടന്ന മുടിയൊതുക്കിത്തന്നു. തലയിൽ തലോടിക്കൊണ്ടു ചോദിച്ചു സങ്കടമെന്താണെന്ന്.

അറിഞ്ഞൂടെന്നു പറഞ്ഞൊഴിഞ്ഞു ഞാൻ. അപ്പോഴെന്നെ ചുറ്റിപ്പിടിച്ചു കൊണ്ട് പറയാണ്
"യു ഹാവ് സംതിങ് സ്പെഷ്യൽ ഇൻ യു മാ " എന്ന്! ഔത്സുക്യത്തോടെയും ബഹുമാനത്തോടെയും ഞാനവളോടു മൂളി.

കയ്യിൽ കിട്ടിയ കല്ലെടുത്തെറിഞ്ഞപ്പോൾ കാക്ക താഴെ ഇട്ടേച്ചുംപോയ നാവെടുത്തു ഫിറ്റ് ചെയ്ത് ഇടർച്ചയോടെ ഞാനവളോട് മഹത്തായ ആ തിരിച്ചറിവിനു നന്ദി പറഞ്ഞു. സങ്കടങ്ങളുടെ പഞ്ചായത്ത് തൊട്ടിയിൽ നിന്ന് ടോമിന്റെ ഫ്രണ്ട് ആ കറുത്ത കാടമ്പൂച്ച ഉയിർത്തെഴുന്നേറ്റു വരുന്നതുപോലെ അടക്കാനാകാത്ത ക്യൂരിയോസിറ്റി വന്നപ്പോൾ ഞാൻ ഇടറിയിടറിച്ചോദിച്ചു,
"ഈ സെന്റൻസ് അമ്മിണി സ്വയം പറഞ്ഞതാണോ അതോ എവിടേങ്കിലും വായിച്ചതാണോ എന്ന്. ഇത് ഞങ്ങടെ പ്രിൻസിപ്പാളിന്റെ ക്യാബിനു പുറത്ത് എഴുതിവച്ചിരിക്കുന്നതാണെന്ന് അവൾ പറഞ്ഞപ്പോഴാണ് ഞാനുമതോർത്തത്. അവിടെ കാത്തിരിക്കുമ്പോൾ ഒരു പത്തു നൂറ് തവണ ഞാനും വായിച്ചിട്ടുണ്ടാകുമത്. ഇതുവരെ എവിടെയും പ്രയോഗിച്ചിട്ടില്ല. ആവശ്യമുള്ളപ്പോൾ ഓർമ്മയും കാണില്ല.

ആ സങ്കടദ്വീപിലും അവളെയോർത്ത് എനിക്ക് സന്തോഷം തോന്നി. ഒരുകൊച്ചു ചങ്ങാടം പോലെ വൻകരകളിലേക്ക് നമ്മെ വഹിയ്ക്കാനൊരു യാനമുണ്ടാകുന്നത് എത്ര നല്ലതാണല്ലേ?

ശരിയാണ്. യു ഹാവ് സംതിങ് സ്പെഷ്യൽ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ