സ്വർണ്ണക്കമ്പം ഏറെയുള്ള ദേശമാണ് ഇന്ത്യ. ലോക സ്വർണ്ണ ഇറക്കുമതിയിൽ രണ്ടാംസ്ഥാനത്തുള്ള നാം പ്രതിവർഷം 900 ടണ്ണിനടുത്ത് സ്വർണ്ണം ഇറക്കുമതി ചെയ്യുന്നുണ്ടത്രേ! ഇന്ന് ഇന്ത്യയിലെ ഏക സ്വർണ്ണ ഖനിയായ കർണാടകയിലെ റായിചൂരിലെ ഹട്ടി ഗോൾഡ് മൈൻസിന്റെ പ്രതിവർഷ ഉത്പാദനം 2 മുതൽ 3 ടൺ വരെ മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും ആഴമേറിയതുമായ സ്വർണഖനി കർണാടകയിലെ കോലാർ ജില്ല, ബംഗാരപേട്ട താലൂക്കിലുള്ള കെ ജി എഫ് (കോലാർ ഗോൾഡ് ഫീൽഡ്സ്) ആണ്. ബംഗളൂരുവിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള കെ ജി എഫ് തമിഴ്നാടിനും ആന്ധ്രയ്ക്കും അരികിലാണുള്ളത്.
ഹാരപ്പാ കാലഘട്ടത്തിലെ സാമഗ്രികളുടെ അവശിഷ്ടങ്ങൾ പരിശോധിച്ച ശാസ്ത്രജ്ഞരുടെ അഭിപ്രായപ്രകാരം അത് വെള്ളി സംയുക്തങ്ങളുടെ കലർപ്പുള്ള കെ ജി എഫിലെ സ്വർണമാണെന്നതാണ്. ചോള, വിജയനഗര ഭരണ കാലങ്ങളിൽ കെ ജി എഫിലെ ഖനനം അവരുടെ വരുതിയ്ക്കുള്ളിലായിരുന്നു. പിന്നീട് ഹൈദരാലിയുടെയും ടിപ്പുവിന്റെയും അധീനതയിലായ ഈ ഖനിയിൽ ഫ്രഞ്ച് ഭൂഗർഭ ശാസ്ത്രജ്ഞരുടെ സഹായത്തോടെ പരിഷ്കരിച്ച രീതികളിൽ ഖനനം നടന്നിരുന്നു. പിന്നീട് ബ്രിട്ടീഷുകാർ കയ്യടക്കിയ ഖനിയിൽ ചെലവ് കുറച്ച് മെച്ചപ്പെട്ട ഉത്പാദനം നടത്താൻ പരീക്ഷണങ്ങൾ നടന്നു കൊണ്ടിരുന്നു. വെള്ളി സംയുക്തവുമായി കൂടിച്ചേർന്ന ഇലക്ട്രം എന്ന അയിരാണ് ഇവിടെ നിന്ന് കൂടുതൽ ലഭിയ്ക്കുന്നത്.
ജോൺ ടൈലർ എന്ന ബ്രിട്ടീഷുകാരൻ അയിരിൽ നിന്നും സ്വർണ്ണം ശുദ്ധീകരിച്ചെടുക്കുന്നതിനുള്ള നവവിധാനം കണ്ടെത്തിയതോടെ 1880ൽ വർദ്ധിച്ച ഉത്പാദനത്തോടെ 'ജോൺ ടൈലർ ആൻഡ് സൺസ്' എന്ന പേരിൽ ഒരു കമ്പനി നിലവിൽ വന്നു. 12,000 ഏക്കർ ഭൂമിയിൽ വിസ്തൃതമായ ഖനി പ്രദേശത്ത് കർണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് കൂടുതൽ കൂടുതൽ തൊഴിലാളികളെ കമ്പനി എത്തിച്ചു. അവർക്കായി ഹൗസിങ് കോളനികളും (ചേരികളായിരിയ്ക്കും അല്ലേ? ) സ്കൂളുകളും ആശുപത്രികളും നിർമ്മിയ്ക്കപ്പെട്ടു. (ആശുപത്രി നിർബന്ധമാണ്. രോഗങ്ങളും അപകടങ്ങളും ഖനി ജീവിതത്തിൻറെ മുഖമുദ്രയല്ലേ?)
ദൊഡ്ഡബെട്ടയോടടുത്ത (കർണാടകയിലെ ഏറ്റവും ഉയരമേറിയ കൊടുമുടി) ഈ പ്രദേശത്തെ താഴ്ന്ന ഊഷ്മാവ് അനേകം ബ്രിട്ടീഷുകാരെ ഇവിടേയ്ക്കാകർഷിച്ചു. ബ്രിട്ടീഷ് മാതൃകയിലുള്ള ഒരുപാട് ഭവനങ്ങളും ബംഗ്ലാവുകളും ക്ലബ്ബുകളും മറ്റു സൗകര്യങ്ങളും നിറഞ്ഞ കെജിഎഫ് മിനി ഇംഗ്ലണ്ട് എന്നറിയപ്പെട്ടു.
ഇന്ത്യയിൽ ഏറ്റവുമാദ്യം വൈദ്യുതി വരുന്നത് കെജിഎഫിലാണ്. ഇവിടുത്തെ ഖനന യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനായി 1902 ൽ ശിവനസമുദ്രയിൽ ആദ്യത്തെ ജലവൈദ്യുതപദ്ധതി പ്രവർത്തിച്ചു തുടങ്ങി. ലോകത്ത് ആദ്യമായി വൈദ്യുതി എത്തിയത് ജപ്പാനിലെ ടോക്കിയോവിലും രണ്ടാമത് നമ്മുടെ കെജിഎഫിലുമാണെന്ന് കൂട്ടരേ.
1905-ലാണ് ബാംഗ്ലൂർ നഗരം വൈദ്യുതവത്കരിയ്ക്കപ്പെടുന്നത്.
1956ൽ മൈസൂർ സംസ്ഥാനം നിലവിൽ വന്നതോടെ മൈസൂർ സർക്കാർ ഏറ്റെടുത്ത സ്ഥാപനം വരവും ചെലവും ഒപ്പിച്ച് നടത്തിക്കൊണ്ടുപോവുക എളുപ്പമായിരുന്നില്ല. 1960 ൽ സ്ഥാപനം കേന്ദ്ര ഗവൺമെൻറ് ഏറ്റെടുത്തു. ഭാരത് ഗോൾഡ് മൈൻസ് ലിമിറ്റഡ് (BGML)എന്ന ഇന്ത്യാ ഗവൺമെൻറിന്റെ അധീനതയിലുള്ള സ്ഥാപനമായി ഇത് മാറുന്നത് 1972ലാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം യു എന്നിൽനിന്നു ധനസഹായം സ്വീകരിയ്ക്കാനായി പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു യുഎന്നിന് പണയംവച്ച നാടാണ് കെ ജി എഫ്. 1989 വരെ ലാഭകരമായ രീതിയിൽ പ്രവർത്തിച്ച് സ്ഥാപനം യുഎസ് ഡോളറിനും ബ്രിട്ടന്റെ പൗണ്ടിനുമുണ്ടായ ഉയർന്ന ആഗോള നിരക്ക് കാരണം ഇന്ത്യൻ സ്വർണ്ണത്തിന്റെ വിലയിടിഞ്ഞു നഷ്ടത്തിലായി. ഉത്പാദനച്ചെലവ് സ്വർണ്ണ നിരക്കിനോട് ഒട്ടും ഒത്തുപോകാത്ത സാഹചര്യത്തിൽ 900 കോടി രൂപയുടെ നഷ്ടത്തെത്തുടർന്ന് 2001ലാണ് കമ്പനി പൂട്ടുന്നത്. പലവിധത്തിലുള്ള സബ്സിഡികളിലാണ് വർഷങ്ങളായി കമ്പനി നിലനിന്നിരുന്നത്.
സമുദ്രനിരപ്പിൽനിന്ന് 3000 മീറ്റർ ആഴത്തിലാണ് കെജിഎഫിലെ തുരങ്കങ്ങളുള്ളത്. ലോകത്തിലെ രണ്ടാമത്തെ ആഴമേറിയ മൈൻ ആയ ചാമ്പ്യൻ റീഫ് മൈൻ (3200 മീറ്റർ) കെജിഎഫിലാണ്. ആദ്യമാദ്യം മൈനിനകത്തു നിന്ന് 1000 കിലോഗ്രാം മണ്ണെടുത്ത് ശുദ്ധീകരിക്കുമ്പോൾ പത്തോ പതിനഞ്ചോ ഗ്രാം സ്വർണ്ണം കിട്ടിയിരുന്നത് ആയിരത്തിതൊള്ളായിരത്തി എൺപതുകളിൽ വെറും നാല് ഗ്രാം ആയി കുറഞ്ഞു. സ്വർണ്ണം വേർതിരിക്കാനായി സയനൈഡ് ചേർത്ത ഈ മണ്ണ് വേസ്റ്റുകൊണ്ട് സ്ഥലം സയനൈഡുകുന്നുകളായി മാറി. ആളുകളുപേക്ഷിച്ചുപോയ ഇവിടം ഇപ്പോൾ വനസംരക്ഷണ വകുപ്പിലെ അധീനതയിലാണുള്ളത്.
2001ൽ കമ്പനി പൂട്ടുമ്പോൾ ആയിരക്കണക്കിന് തൊഴിലാളികളും ഉദ്യോഗസ്ഥരും പെരുവഴിയിലായി. വായുമലിനീകരണം മൂലം സിലിക്കോസിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ ബാധിച്ചവർക്ക് ഉപകാരപ്രദമായിരുന്ന ഗവൺമെൻറ് ആശുപത്രി കമ്പനി യോടൊപ്പം പൂട്ടിയതോടെ ദുരിതം കഠിനമായി. ഖനനം ചെയ്തു ഭൂഗർഭത്തിലെ സ്വർണ്ണഅയിര് ഏതാണ്ട് കഴിഞ്ഞതുപോലെയായിരുന്നു. വളരെ താഴെ നിന്ന് കുഴിച്ചെടുക്കുന്ന മണ്ണിലെ സ്വർണ്ണത്തിന്റെ അളവ് കുറഞ്ഞു കുറഞ്ഞ്, ഉല്പാദനച്ചെലവ് കിട്ടുന്ന സ്വർണ്ണത്തിന്റെ വിലയേക്കാൾ പത്തിരട്ടിയോളം എത്തിയിരുന്നു. എങ്കിലും ജോലി നഷ്ടപ്പെട്ട ആയിരങ്ങളും യൂണിയനുകളും കമ്പനി പൂട്ടരുതെന്നും എങ്ങനെയെങ്കിലും നടത്തിക്കൊണ്ടു പൊയ്ക്കൊള്ളാമെന്നും അപേക്ഷിച്ചുകൊണ്ടിരുന്നു. കടക്കെണിയും പട്ടിണിയും മൂലം മരണ നിരക്ക് കൂടി. ആത്മഹത്യകൾ സാധാരണമായി. തൊഴിൽ തേടി ആളുകൾ കൂട്ടത്തോടെ നഗരങ്ങളിലേക്ക് ചേക്കേറി. 2013ലെ സുപ്രീംകോടതി വിധിയിൽ കമ്പനി നടത്തിക്കൊണ്ടുപോകാനായി ആഗോള ടെൻഡർ വിളിക്കാൻ സർക്കാരിന് നിർദ്ദേശം കൊടുത്തിട്ടുണ്ടെന്ന് വിക്കിപീഡിയ പറയുന്നു.
അടിച്ചു പതം വരുത്തുന്നതിന്റെയും ഉരുക്കി വാർക്കുന്നതിന്റെയും കൂടാതെ അടിമത്തത്തിന്റെ, വിയർപ്പിന്റെ, വിശപ്പിന്റെ, ചോരയുടെ കഥകൾ കാണും എല്ലാ ലോഹങ്ങൾക്കും പറയാൻ; പരിസരമലിനീകരണത്തിന്റെയും വനനശീകരണത്തിന്റെയും കേട്ടുപഴകിയ കഥകൾക്കു പുറമെ. വിശുദ്ധിയുടെ ജ്വല്ലറിപ്പരസ്യങ്ങൾ വരുമ്പോഴേയ്ക്കും ഇനിയുമെത്രയെത്ര കളങ്ക കഥകൾ പരിശുദ്ധലോഹത്തിന് പറയാനുണ്ടാകുമോ എന്തോ!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ