ശുദ്ധമായ വേഗം!!
രാമേശ്വരത്തിനടുത്തൊരു റെസ്റ്റോറന്റിനു മുന്നിൽ മത്തങ്ങാ വലിപ്പത്തിൽ മലയാളം കണ്ടാണ് ഞാൻ ആ-കാംക്ഷിച്ചത്. വിശക്കുന്ന വയർ "ഒരുമണിയായെടീ " എന്നെന്നെ ഓർമ്മിപ്പിച്ചതു കൊണ്ടായിരിയ്ക്കുമോ ഞാൻ
പ്രതീക്ഷയോടെ നോക്കിപ്പോയത്? ഡ്രൈവർ ബസ് എവിടെ നിർത്താനാണാവോ ഉദ്ദേശിച്ചിരിയ്ക്കുന്നത്! കുറ്റം പറയരുതല്ലോ രാവിലത്തെ ഭക്ഷണം ഒരു രുചിയുമില്ലാരുന്നു. ഓർഡർ ചെയ്ത ഉടനെ തന്നെ കിട്ടുകയും ചെയ്തു. ഇത് അതിനെക്കാൾ വേഗതയിലുള്ള സർവീസായിരിയ്ക്കുമോ! 'പരിശുദ്ധ വേഗ'മാണത്രെ!
ഹോട്ടലിന്റെ പേരല്ലല്ലോ അത്. ഇംഗ്ലീഷിലും തമിഴിലും മലയാളത്തിലും ആന വലിപ്പത്തിൽ എഴുതി വെച്ച പേരിനു താഴെയാണ് വേഗം ശുദ്ധമാണെന്ന് മലയാളത്തിൽ മത്തങ്ങകൾ. ചാർളി ചാപ്ലിന്റെ ഛായയുള്ള സപ്ലയർമാർ തലങ്ങും വിലങ്ങും താലമേന്തി നീങ്ങുന്നത് അകക്കണ്ണിൽ തെളിഞ്ഞു രോമാഞ്ചകഞ്ചുകമായെന്റെ ആമാശയം. എന്നാലും എന്തായിരിയ്ക്കുമാ വേഗത്തിന്റെ വിശുദ്ധിയുടെ രഹസ്യം!
പിന്നിലേയ്ക്കോടിപ്പോയി കാലചക്രത്തിനു കീഴെ വീണരഞ്ഞ് നാമാവശേഷമായ ആ ബാനർ ഞാൻ കണ്ണടച്ചൊന്നു കൂടി റീവൈൻറു ചെയ്ത് റീപ്ലേ ചെയ്തു. (ടെർമിനേറ്ററൊക്കെ കണ്ടിട്ടുണ്ടല്ലോ അല്ലേ? അറ്റ് ദ ലീസ്റ്റ് ദൃശ്യം?)
ദാ കെടക്കുണൂ 'ശുദ്ധമായ വേഗ'ത്തിനു മോളിൽ Pure veg എന്ന് ഇംഗ്ലീഷിലും പിന്നെന്തോ തോന്ന്യാസം താഴെ തമിഴിലും വെണ്ടയ്ക്കയിൽ എഴുതീരിയ്ക്കുണു.
"ഹാ ഹാ ഹ.. "
ഇവൾക്ക് വിശപ്പു മൂത്ത് വട്ടായോ എന്നെന്റെയടുത്തിരുന്ന് നിത്യകാമുകനും മൂപ്പര്ടെ സന്തതീം തുറിച്ചു നോക്കി.
NB: അന്യനാട്ടിൽ മലയാളത്തിലുള്ള ബോർഡു കണ്ട് അവിടെ പുട്ടും വെള്ളേപ്പോം കിട്ടുമെന്നു കരുതുന്ന എന്നേപ്പോലുള്ള വിഡ്ഢികളേ, വെറുതേ കമ്പ്യൂട്ടറിലൊരു ഞെക്ക് ഞെക്ക്യാ ഗൂഗിൾ ട്രാൻസ്ലേഷൻ നിങ്ങക്ക് ആഫ്രിക്കൻ ഭാഷേല് വരെ ബാനറടിച്ചു തരും. അയ്ന്റെ അർത്ഥമൊന്നും അന്വേഷിച്ചലയരുതെന്ന് മാത്രം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ