2019 ജനുവരി 24, വ്യാഴാഴ്‌ച

Opinion_fact

''ഹോയ്.. ഹോയ്.. ഹോയ്.. ഡോണ്ട് സേ യുവർ ഒപ്പീനിയൻ, സേ ദ ഫാക്ട് അമ്മാ"
തണ്ണീരു ഹള്ളയിലെ ഏതോ റൗഡിക്കുരുപ്പിനെപ്പോലെ വീറോടെ ഒച്ചയെടുത്താണ് അവൾ പറഞ്ഞത്.
"ആൻ ഒപ്പീനിയൻ മേ നോട്ട് ബി ദ റിയാലിറ്റി. ഇറ്റ് കാൻ ബി ഡിഫറന്റ് ഫ്രം ദ ഫാക്ട്. " ഞെട്ടിത്തരിച്ച ഞാൻ ബാക്കികൂടിക്കേട്ട് അന്തംവിട്ടു ചാടിയെണീറ്റിരുന്ന് പകച്ചുനോക്കി.

"ഹെന്ത്!??" എന്റെ ശബ്ദവും ഉയർന്നിരിയ്ക്കണം.

"അല്ലാ...
അത് ഞങ്ങടെ ഇംഗ്ലീഷ് പാഠത്തിലെയാണ്."  പരുങ്ങലോടെ മകൾ പറഞ്ഞു.

സ്കൂളിൽ നിന്നുവന്നു ലഘുഭക്ഷണവും കഴിഞ്ഞ് ഫേസ്ബുക്കിന് പഠിയ്ക്ക്ണ അമ്മയുടെ അടുത്ത് വന്നു കിടന്നതായിരുന്നു അവൾ. വീഡിയോകളെ നിഷ്കരുണം തോണ്ടിത്തോണ്ടി മേലോട്ടു പറഞ്ഞയയ്ക്കുന്ന എന്നോട് 'അതു വയ്ക്കൂ.. ഇതു കാട്ടിത്തരൂ..' എന്നും പറഞ്ഞു തുടങ്ങിയപ്പോൾ
"ഇനിയിപ്പോ ഹോം വർക്ക് ചെയ്യില്ല, പിന്നെ.. വായിയ്ക്കാനും നേരം കിട്ടില്ല, നാളെ രാവിലെ ഹോംവർക്ക് ചെയ്തു കൊണ്ടിരുന്നാൽ യോഗ ചെയ്യേണ്ട.. കുളിപ്പിക്കലും വായിലൂട്ടലും എല്ലാം അമ്മ ചെയ്തോളും.. അവസാനം നേരം വൈകും.. അച്ഛനിട്ടിട്ടു പോകും.." എന്നിങ്ങനെ കാടടച്ചു ഞാൻ വെടിവെയ്ക്കുമ്പോളായിരുന്നു 'ഹോയ്.. ഹോയ്' എന്ന ആ അലർച്ച. പറഞ്ഞുപറഞ്ഞ്, പിറ്റേന്നു രാവിലെ അച്ഛനെ നേരം വൈകിച്ചതിന് വരെ ഞാനവളെ ചീത്ത പറഞ്ഞു കഴിഞ്ഞിരുന്നു. ഏറെക്കുറെ ശരിയായ സമയത്ത് പുസ്തകത്തിലെ കൃത്യമായ കാര്യം അവളെടുത്തു പ്രയോഗിച്ചത് എന്റെ വായടപ്പിച്ചു.

അവളെ കാടുകയറി കുറ്റം പറയുന്നത് എന്റൊരു വൃത്തികെട്ട സ്വഭാവമായി വളർന്നുകഴിഞ്ഞിരിയ്ക്കുന്നു. ഇവ്വിധം പോയാൽ അധികകാലം ഈ പോസ്റ്റിൽ ഞാൻ ചുമ്മാ ഗോളടിയ്ക്കില്ല. മാത്സിന് കിട്ടുമ്പോൾ പഠിച്ചോളും; ഒക്കെ ഭേദാവും.

അനുബന്ധം: തണ്ണീരു ഹള്ള എന്ന ഞങ്ങടെ അങ്ങാടി പണ്ട് റൗഡികളുടെ ആവാസകേന്ദ്രമായിരുന്നുവത്രേ. ഒരു പത്തു വർഷം മുമ്പുവരെ സന്ധ്യകഴിഞ്ഞാൽ ഹാസൻ ടൗണിൽനിന്ന് ഇങ്ങോട്ട് ആൾസഞ്ചാരം ഇല്ലായിരുന്നെന്ന്. ഇപ്പോൾ നിറയെ വീടുകളായി. വീടുപണിക്ക് വേണ്ടി മണ്ണെടുക്കുമ്പോൾ ധാരാളം അസ്ഥികളൊക്കെ കിട്ടാറുണ്ടത്രേ. എത്രയോ തെളിയാക്കേസുകളിലെ അറിയാക്കഥകളുടെയാണത്രേ ആ അസ്ഥികൾ.

ഒരിയ്ക്കൽ മാത്രം ഞാൻ കണ്ടു: സ്വപ്നസദൃശമായിരുന്നു ആ രംഗം. ഒരു സിനിമാ ദൃശ്യം പോലെ.. കയ്യിലും കഴുത്തിലുമൊക്കെ സ്വർണ്ണച്ചങ്ങലയും ചോന്ന കയ്യില്ലാബനിയനുമിട്ട് നടുറോഡിലൂടെ തലയെടുപ്പോടെ കയ്യും വീശി നടന്നുവരുന്ന ഒരാൾ. ഞാൻ കയറിയ ഓട്ടോ അടക്കം അനേകം വാഹനങ്ങൾ നിശബ്ദമായി ഹോൺ പോലും മുഴക്കാതെ നിൽക്കുന്നു. എല്ലാവരും വീർപ്പടക്കി നോക്കിനിൽക്കെ റോഡിനു നടുവിൽ മാറും വിരിച്ച് നടന്നു നീങ്ങി അദ്ദ്യേം. ഭയാനകമായിരുന്നു ആ മുഖത്തെ ഭാവം. ശരിയ്ക്കും ഒരു രാജാവ് വരുന്ന മാതിരി..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ