2019 ജനുവരി 2, ബുധനാഴ്‌ച

എനിവേർ ഡോർ

''എനിവേർ ഡോറിന്* എന്തോ കുഴപ്പം പറ്റിയതാണങ്കിൾ.."

ഭയംകാരണം ശബ്ദം പുറത്തുവരാത്തതിനാൽ വളരെ കഷ്ടപ്പെട്ടാണവളത് പറഞ്ഞത്. പേടിച്ചരണ്ട കണ്ണൻ അവളുടെ കഴുത്തിൽ മുറുകെ തൂങ്ങിയിരിയ്ക്കുന്നു.

"എന്ത് ഡോർ? നീയിവിടെയെന്തിനു വന്നു?"

നരച്ച രോമങ്ങളുള്ള അയാളുടെ മാറിലെ രുദ്രാക്ഷമാലയോട് പിണഞ്ഞു കിടക്കുന്ന തടിച്ച സ്വർണ്ണമാലയ്ക്കറ്റത്തെ പുലിനഖം പോലും ആക്രമിക്കാൻ വരുന്നതു പോലെ അവൾക്ക് തോന്നി.

"ഡോറേമോന്റെ എനിവേർ ഡോർ.. ദാ.. അത്.."

അവൾ ചൂണ്ടിക്കാണിച്ച സ്ഥലത്ത് ക്യൂവിൽ നിൽക്കുന്ന കുറെ ആൾക്കാരല്ലാതെ ഒന്നുമില്ലായിരുന്നു. പരിഭ്രമിച്ച കണ്ണൻ ഡോറേമോനെ വിളിച്ച് ഉറക്കെ കരയാൻ തുടങ്ങി.

''തള്ളേടേം മോന്റേം വേഷം കെട്ട് കണ്ടില്ലേ. എത്ര വയസ്സായെടീ നെണക്ക്? "

"ഇരുപത്തിയേഴ്.. അല്ല. ഇരുപത്തിയെട്ട്.. "

അവൾ ഞെട്ടലോടെ പറഞ്ഞു.

"നീയേതിലെയാ വന്നത്? നീയിതു ചവിട്ടിയോ?"

അയാൾ ചൂണ്ടിക്കാണിച്ചയിടത്തേയ്ക്ക് അവൾ ഏന്തിച്ചുനോക്കി. സ്വർണ്ണപ്പടവുകൾ!! തീ പോലെ തിളങ്ങുന്ന സ്വർണം. തീ പോലെ അയാളുടെ കണ്ണുകൾ, ചോദ്യങ്ങൾ. പൊള്ളുന്ന പുച്ഛം.

''ഞാനത് ചവിട്ടിയില്ലാ. എനിവേർ ഡോറിന് എന്തോ കുഴപ്പമായതാ. ഡോറേമോൻ.. ഞാൻ..."

പെട്ടെന്നെവിടെനിന്നോ പ്രളയം പോലെയാണ് വെള്ളമിരച്ചു വന്നത്. ശുദ്ധീകരിയ്ക്കാൻ; പവിത്രീകരിയ്ക്കാനെത്തിയ നിലയില്ലാത്ത കലക്കവെള്ളത്തിൽ കണ്ണനെ മുറുകെപ്പിടിച്ച് അവൾ ശ്വാസത്തിനായി പിടഞ്ഞു. ഒരേയൊരു നിമിഷം. വെള്ളമത്രയും ഒലിച്ചുപോയി. ചേറിൽ പുതഞ്ഞവൾ കിടന്നു. കുഴഞ്ഞ ചേറ് മൂക്കിലും വായിലും നിറഞ്ഞ് ശ്വാസംമുട്ടി മരിയ്ക്കാറായപ്പോഴാണവളുണർന്നത്.

ശ്വാസം മുട്ടിച്ചു കൊണ്ട് കഴുത്തിലമർന്ന കണ്ണന്റെ കാൽ മാറ്റി, എഴുന്നേറ്റിരുന്ന് അവളവനെ നേരെ കിടത്തി. വയറുവേദനയും വെച്ച് ഉച്ചവെയിലിൽ അവനേയുമെടുത്ത് സ്കൂളിൽനിന്നു നടന്നതിനാലാകണം സ്ഥലകാലം മറന്നു പതിവില്ലാത്തൊരുറക്കത്തിൽ പെട്ടത്.

കാർട്ടൂൺ ചാനലിൽ അപ്പോഴും കലപിലകൂട്ടുന്ന ഡോറേമോനെയും നോബിതയെയും അമർഷത്തോടെ നോക്കി ടിവി കെടുത്തി, ഹാളിൽ പരന്നുകിടക്കുന്ന കളിപ്പാട്ടങ്ങൾ പെറുക്കി വീട് ശുദ്ധീകരിക്കാൻ തുടങ്ങി അവൾ. സ്വയം ശുദ്ധയല്ലാത്ത ആ വയറുവേദനക്കാരി.

* എനിവേർ ഡോർ: ഡോറേമോൻ എന്ന കാർട്ടൂണിലെ മനസ്സിൽ സങ്കല്പിക്കുന്നയിടത്തേയ്ക്ക് തുറക്കുന്ന ഒരു മാന്ത്രികക്കതക്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ