2018 മേയ് 10, വ്യാഴാഴ്‌ച

The Little Prince

The Little Prince

by Antoine De Saint-Exupery

പണ്ട് ഏഴിൽ നിന്ന് എട്ടിലേക്കുള്ള അവധിക്കാലത്ത് മലയാളത്തിൽ വായിച്ച 'ഒരു കൊച്ചു രാജകുമാരൻ.' എന്റെ എക്കാലത്തെയും പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്ന്. ഭാവനയുടെ മായാപ്രപഞ്ചം.

തുടക്കം മുതൽ ഒടുക്കം വരെ മുതിർന്നവരുടെയും കുട്ടികളുടെയും വ്യത്യസ്ത ലോക വീക്ഷണങ്ങൾ പ്രമേയം ആകുന്നുണ്ട് പുസ്തകത്തിൽ. അന്ന് കൗമാരത്തിലേക്കു കടന്ന എനിക്ക് വായനയിലുടനീളം സംശയം തോന്നി. ഞാൻ ഇതിലേതു ഗണം! മുതിർന്നോ അതോ ഇനിയും കുട്ടിയോ! കഥാകൃത്തിന്റെ വാദം പോലെ ഒരു കുഞ്ഞു കുട്ടിയായിരുന്നെങ്കിൽ കഥയൊന്നുകൂടെ ആഴത്തിൽ മനസ്സിലാക്കാമായിരുന്നു എന്നു സങ്കടപ്പെട്ടിരിക്കണം. പക്ഷേ കഥാകൃത്തെന്നെ പറ്റിക്കുകയായിരുന്നു.

കുട്ടികളെ വിളിച്ച് ഞാനിന്ന് കഥ വായിച്ചു തരാമെന്ന് പറഞ്ഞപ്പോൾ അവർ ഏറെ സന്തോഷത്തോടെ ഓടി വന്നു. എട്ടുവയസ്സുകാരൻ രണ്ടാം പേജെത്തുമ്പോഴേ ഇരിപ്പുറക്കാതെ മുറിയിലാകെ റോന്തു ചുറ്റി തുടങ്ങി. എന്റെ മകൾ എട്ടുവയസ്സുകാരി മൂന്നാം അധ്യായത്തിന് മുൻപ് എന്റെ മടിയിലേക്ക് നൂണു. പത്തുവയസ്സുകാരി നാലാം അധ്യായത്തിലേക്ക് കടക്കുമ്പോൾ അസ്വസ്ഥയായി എഴുന്നേറ്റുനിന്നു. നാലാം അധ്യായത്തിന്റെ അവസാനം പതിമൂന്നുകാരി മാത്രം കണ്ണിൽ നക്ഷത്രം നിറച്ച് എന്നോടൊപ്പമുണ്ട്. അവൾക്കു വായിച്ചു കൊടുക്കേണ്ട കാര്യമില്ല. പുസ്തകം കൊടുക്കാം.

ഇപ്പോഴെനിക്ക് മനസ്സിലായി - കുട്ടികൾക്കുള്ളതല്; കൗമാരക്കാർക്കും മുതിർന്നവർക്കുമുള്ളതാണ് ഈ പുസ്തകം. നഷ്ട ബാല്യത്തിന്റെ മഹത്വവത്കരിച്ച സുന്ദരമായ പകൽക്കിനാവുകൾ. അതു ബാല്യം നഷ്ടപ്പെട്ടവർക്കുള്ളതാണ്. ബാല്യത്തിന്റെ ജീവസ്സുറ്റ ലോകത്ത് സ്വയം പാറിപ്പറക്കുന്നവർക്ക് അസൂയാവഹമായ ഈ കിനാലോകമരുപ്പച്ചകൾ ആവശ്യമേയില്ല. കൗമാരക്കാർക്കും മുതിർന്നവർക്കും ഗൃഹാതുരതയോടെ വായിക്കാനും സ്നേഹിക്കാനും പറ്റുന്ന പുസ്തകം.

സഹാറ മരുഭൂമിയിൽ എൻജിൻ തകർന്നുവീഴുന്ന വിമാനത്തിലെ ഏകാകിയായ പൈലറ്റാണ് കഥാനായകൻ. അയാളോട് ഒരാടിനെ വരച്ചു തരണമെന്ന് ആവശ്യപ്പെട്ട് എവിടെനിന്നെന്നില്ലാതെ  പ്രത്യക്ഷപ്പെടുന്ന കൊച്ചു രാജകുമാരൻ. അവന്റെ താമസസ്ഥലമായ ആസ്റ്റെറോയ്ഡ് B -612 നെപ്പറ്റി അവന്റെ സംസാരങ്ങളിൽ നിന്ന് അയാൾ മനസ്സിലാക്കി എടുക്കുന്നു. വരച്ചു കൊടുത്ത ആടുകളെ സുഖമില്ലാത്തതെന്നും വയസ്സായതെന്നും പറഞ്ഞ് അവൻ നിരാകരിക്കുന്നു. വരയ്ക്കാനറിയാത്ത അയാൾ ഒരു പെട്ടി വരച്ചു കൊടുത്ത് ഇതിനകത്തുണ്ട് നിന്റെ ആടെന്ന് പറയുന്നു. പെട്ടിയിലെ സുഷിരത്തിലൂടെ ഉറങ്ങുന്ന ആടിനെ കണ്ട് രാജകുമാരൻ സന്തോഷവാനാകുന്നു. അവന്റെ ഗ്രഹം വളരെ ചെറുതാണ്. കൊച്ചു ഗ്രഹങ്ങളുടെ ശൂന്യാകാശത്തോളം വീർപ്പിച്ച ഭാവനാലോകത്തെപ്പറ്റി അറിയാൻ, വീണ്ടുമൊരു കുട്ടിയാകാൻ ഇഷ്ടപ്പെടുന്ന എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ