അവൾ നടന്നു.
ജീവിതത്തിൽ നിന്നും മറ്റൊരേടു പറിച്ച് പട്ടമുണ്ടാക്കി കാറ്റിൽ പറത്തിക്കൊണ്ട് ഓടിയകലുക അവളുടെ പ്രിയപ്പെട്ട ശീലങ്ങളിൽ ഒന്നാണ്.
അങ്ങനെ പറത്തിയ പട്ടങ്ങളെല്ലാം അവളുടെ അനന്തവിഹായസിൽ പറന്നു കളിച്ചു. നാടപൊട്ടിച്ച് ചിലവ കാറ്റിനൊപ്പം നീന്തിയകന്നു. ചിലവ മേഘങ്ങൾക്കൊപ്പം മയങ്ങി.
സൂര്യചന്ദ്രന്മാർക്കൊത്ത് വളർന്ന് ചിരിച്ചു നിന്ന ചില ഏടുകളിൽ നിന്ന് അനുഭവങ്ങളുടെ സത്ത കിനിഞ്ഞിറങ്ങി ചരടിൽ പശപോലെ പറ്റിപ്പിടിച്ച് ചരടിനെ പൊട്ടാത്ത വിധം ബലമുള്ളതാക്കിയിരുന്നു. ഇനിയും ചിലവ മറവിയുടെ മഴക്കുഴികൾ മുങ്ങാംകുഴിയിട്ടു.
ജീവിത പുസ്തകത്തിലെ ബാക്കിവന്ന പുടങ്ങൾ പ്രതീക്ഷയോടെ അവളെ കാത്തിരിക്കുകയാണ്. എന്ന് ചീന്തി പട്ടമാക്കപ്പെടും എന്ന് കിനാക്കണ്ട് കൊണ്ട്.
ചിലപ്പോൾ അവൾക്കു തോന്നും താളുകൾ ഒഴിഞ്ഞ് ശൂന്യമായി തുടങ്ങി പുസ്തകമെന്ന്. ലഘുവായ അതിനെ ഒരു തൂവൽ പോലെ കാറ്റ് ഓമനിച്ചു കൊള്ളുമെന്നവൾ ആശ്വാസത്തോടെ നടക്കും.
വീണ്ടും ചിലപ്പോഴവൾക്ക് എത്ര ചീന്തിയാലും പുടമൊഴിയാത്ത, വ്യത്യസ്തതയുടെ ഒരുപാടു നിറങ്ങൾ തൂവിയ, വലിയ, വലിയ, വലിയ ഒരു പുസ്തകമാണ് അതെന്നു തോന്നും. വിസ്മയത്തോടെ പട്ടങ്ങൾ പറത്തിക്കൊണ്ടേയിരിക്കാൻ അവൾ കൊതിക്കും.
നടക്കാതിരിക്കാൻ അവൾക്കാവില്ല. ഓടുമ്പോൾ മാത്രം നടക്കാതിരുന്നു. ചിലപ്പോൾ തുഴഞ്ഞു. മുറിവേറ്റു വീണാലും കുതിപ്പു നിർത്താതെ, തളർന്നു വീഴാതെ ഓടുന്നവൾ ഉടുപ്പിൽ ഉടക്കിയ മുള്ളുകൾ വേർപെടുത്താൻ മാത്രം.. അതിനായി മാത്രം ചിലപ്പോൾ തിരിഞ്ഞു നിൽക്കുമായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ