ഏഡി പത്താം ശതകം മുതൽ പതിനാലാം ശതകം വരെ കർണാടകയിലെ ഒട്ടനവധി പ്രദേശങ്ങൾ ഭരിച്ചിരുന്നത് ഹൊയ്സാല രാജവംശമാണ്. പത്താം നൂറ്റാണ്ടിൽ കർണാടകയിൽ ജൈനമതത്തിന്റെ സുവർണകാലമായിരുന്നു. മലനാട്ടിലെ നിബിഡവനത്തിൽനിന്ന് ഗുരുകുലത്തിലേക്ക് ഇരയെ അന്വേഷിച്ചുവന്ന പുലിയെ കൊന്നു ജൈന ഗുരുവിനെ രക്ഷിച്ച സാലനെന്ന വീരനായ യുവാവാണ് വംശസ്ഥാപകൻ. വീറും സൈന്യബലവും വർദ്ധിച്ചുവരുന്നതിന്നനുസരിച്ച് അതിർത്തികൾ പലതവണ മാറ്റിവരച്ച് ഹൊയ്സാല രാജ്യം വലുതായി വന്നു.
രാജാവ് വിഷ്ണുവർധനയുടെ കാലത്ത് (A.D. 1108 - A.D. 1152) അനേകം യുദ്ധങ്ങളിലൂടെ രാജ്യം കർണാടകയുടെ ഭൂരിഭാഗവും മാദ്രാസ് പ്രൊവിൻസിലെ ചില പ്രദേശങ്ങളും ഉൾക്കൊണ്ടതായി മാറി. അത്യധികം നിപുണനായ വിഷ്ണുവർധന നീതിമാനും രാജ്യത്തിന്റെ സാംസ്കാരിക ഉന്നതിയിൽ ബദ്ധശ്രദ്ധനുമായിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് കലാമൂല്യം തുളുമ്പുന്ന നൂറോളം ദേവാലയങ്ങൾ കർണാടകയിൽ ഉടനീളം പടുത്തുയർത്തപ്പെട്ടു. പതിനാറു കിലോമീറ്റർ അകലത്തിലായുള്ള ബേലൂർ, ദൊരെസമുദ്ര (ഇന്നത്തെ ഹളെബിഡു) എന്നീ ഇരട്ട നഗരങ്ങളാണ് രാജ്യത്തിന്റെ തലസ്ഥാനങ്ങളായി അറിയപ്പെട്ടത്.
ദൊരെസമുദ്രത്തിന് ഹളെബിഡു (പഴഞ്ചൻ വീട് )എന്ന് പേർ വരാൻ കാരണം അവിടത്തെ ഹൊയ്സാലേശ്വര ക്ഷേത്രമാണ്. ശിൽപകലയുടെ ഔന്നത്യങ്ങൾ വിളിച്ചോതുന്ന അതിഗംഭീര കലാസൃഷ്ടി. പതിനാലാം നൂറ്റാണ്ടിൽ അലാവുദ്ദീൻ ഖിൽജിയുടെ സൈന്യം തകർക്കുകയും കൊള്ളയടിക്കുകയും പിന്നീട് ബ്രിട്ടീഷുകാർ എണ്ണമറ്റ ശില്പങ്ങൾ യൂറോപ്പിലേക്ക് കടത്തുകയും ചെയ്തിട്ടും ഇന്നും ആ 'ഹളേ ബീടു ' ഒരു കലാ വിസ്മയമായി തുടരുന്നു.
മൈസൂരിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള ഹാസൻ പട്ടണത്തിൽ നിന്ന് റോഡുമാർഗം 32 കിലോമീറ്റർ അകലെയുള്ള ഹളെബിഡുവിൽ എത്താം. മംഗലാപുരത്തുനിന്നു 112 കിലോമീറ്റർ ദൂരമാണ് ഹസനിലേക്ക്. ദുർഘടമായ ശിരാടി മലനിരകൾ കടന്നു വരണമെങ്കിലും റോഡ് യാത്രയിൽ സമയലാഭമുണ്ട്. പകൽ ട്രെയ്നിൽ യാത്ര ചെയ്താൽ നിങ്ങളെ ത്രസിപ്പിക്കുക മലകളെ തുരന്നുള്ള അറുപതോളം തുരങ്കങ്ങളും ചേതോഹരമായ സഹ്യാദ്രിയുമാണ്. റെയിൽ വഴിയോ റോഡ് വഴിയോ 186 കിലോമീറ്റർ യാത്ര ചെയ്താൽ ബാംഗ്ലൂരിൽ നിന്ന് ഹാസനിൽ എത്താം.
ഹാസൻ ജില്ലയുടെ ഗ്രാമാന്തരങ്ങളിൽ ഹളെബിഡു കൂടാതെ ഹൊയ്സാല കാലത്ത് നിർമ്മിക്കപ്പെട്ട മുപ്പതോളം ക്ഷേത്രങ്ങളും എണ്ണമറ്റ ജൈന ബസതികളും ഇന്നും വയലുകളിലെ കാറ്റേറ്റു മയങ്ങി കിടപ്പുണ്ട്. പാവപ്പെട്ടവരുടെ ഊട്ടി എന്നറിയപ്പെടുന്ന ഇവിടേയ്ക്ക് നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലത്ത് സന്ദർശിക്കുകയാണെങ്കിൽ കമ്പിളി വസ്ത്രങ്ങൾ കരുതുന്നത് അഭികാമ്യമായിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ