ഹളെബിഡുവിൽ നിന്ന് ഹാസനിലേക്ക് ബസ് കയറുമ്പോൾ മദ്ധ്യാഹ്നം പിന്നിട്ടിരുന്നു. ദൊരെസമുദ്രത്തിന്റെ ഓളങ്ങളിൽ തട്ടി ചിതറി ശ്രാവണ സൂര്യന്റെ പൊൻതൂവലുകൾ. രണ്ടായിരത്തി പന്ത്രണ്ടിന്റെ മഴയില്ലാ മഴക്കാലത്തും നിറഞ്ഞുനിന്ന ദൊരെസമുദ്രമെന്ന ജലാശയം നൂറ്റാണ്ടുകളായി കരുണ ചുരത്തിയ കൃഷിത്തടങ്ങളുടെ മാറിലൂടെ ബസ് ഹൊയ്സാലേശ്വര ക്ഷേത്രത്തിൽ നിന്ന് അകന്നുകൊണ്ടേയിരുന്നു. മനുഷ്യപ്രയത്നത്തിന്റെയും സിദ്ധിയുടെയും കല്ലിൽ കടഞ്ഞെടുത്ത ആ പ്രതീകം മാഞ്ഞും മറന്നും പോകാതിരിക്കാൻ ഇമചിമ്മി ഇരിക്കാനാണ് തോന്നിയത്. എന്നാൽ കണ്ണുകൾ മനസ്സിനെ അനുസരിക്കാതെ പച്ചപ്പിന്റെ മാസ്മരികതയിൽ ലയിച്ച് തുറന്നു തന്നെയിരുന്നു. ചന്ദന നിറത്തിൽ പൂത്തു പ്രസാദിച്ചു നിൽക്കുന്ന ഉരുളക്കിഴങ്ങു പാടങ്ങൾ. റോഡരുകിലെ അരിപ്പൂക്കാടുകളും പൂത്തുലഞ്ഞു നിൽക്കുന്നു. കടും പച്ച നിറത്തിൽ ഇഞ്ചിക്കൃഷി. ആൺ പൂക്കുലകൾ മാനത്തിനതിരിടുവോളം നീണ്ട ചോള വയലുകൾ. പിന്നെ, തീക്കുണ്ഡം പോലെ കത്തി നിൽക്കുന്ന ചെണ്ടുമല്ലിത്തോപ്പുകൾ. കനൽ വാരി ചാക്കിൽ നിറയ്ക്കുന്നു പൂപറിക്കുന്ന സ്ത്രീകൾ! റോഡരികിൽ പൂക്കൂനകൾ. ആഹാ! ഓണം ഈ മാസം.
മരതകപ്പട്ടിലെ പവഴത്തരികൾ നോക്കിയിരിക്കേ മനുഷ്യവംശത്തിന്റെ, സംസ്കാരങ്ങളുടെ, പോരാട്ടങ്ങളുടെ, ഭരണകൂടങ്ങളുടെ വളർച്ച തളർച്ചകളിൽ കല്ലിൽ വിരിഞ്ഞ ആ മൂകസാക്ഷി വിശ്വരൂപം പൂണ്ട് മനസ്സിൽ പടർന്നു. ശില്പങ്ങൾ !!!
നൂറായിരം ശില്പങ്ങൾ!!!
പല രൂപത്തിൽ, ഭാവത്തിൽ.
പൂവും കായും മരവും വേരും പക്ഷിയും പന്നിയും ആനയും നായും പുലിയും പുല്ലാങ്കുഴലും വാളും വില്ലും എല്ലാമെല്ലാമായി നിറഞ്ഞുനിന്ന ഒരു കാട്.
അല്ല. അതു കാടല്ല. കാടത്തം ഒട്ടുമില്ല. അതൊരു പാട്ടു പോലെ മനോഹരമായിരുന്നു. ഒരു കവിത പോലെ മനസ്സിൽ നിറഞ്ഞിരുന്നു.
മനുഷ്യകരങ്ങളുടെ അഭൗമശക്തിയുടെ പ്രതീകം. ശില്പകലയുടെ പാരമ്യം.
ഏഴു നൂറ്റാണ്ടു്കൾക്കു മുൻപ് ഹൊയ്സാല രാജവംശത്തിന്റെ തണലിൽ നടന്ന ഒരു മഹായജ്ഞം. നൂറ്റെഴുപതു കൊല്ലത്തോളം പണിഞ്ഞിട്ടും പണിതീരാത്ത ഒരു ശിവക്ഷേത്രം. അതാണ് ഹളെബിഡുവിലെ കല്ലിൽ കടഞ്ഞെടുത്ത കവിത. ഒരു ചെറിയ രൂപം കൊത്താൻ പോലും ഒരു ശില്പിക്ക് ആഴ്ചകളോ മാസങ്ങളോ വേണ്ടി വന്നിരിക്കാം എന്നാലോചിക്കുമ്പോഴാണ് അവിടത്തെ കാക്കത്തൊള്ളായിരം ശില്പങ്ങൾ നമ്മെ വലയ്ക്കുന്നത്. അവയുടെ അരഞ്ഞാണങ്ങളിലെയും നൂപുരങ്ങളിലെയും ലക്ഷോപലക്ഷം മണികളുടെ കിലുക്കം ഒരാരവമായി കാതിൽ മുഴങ്ങും.
പണി തീരുംമുൻപേ കൊള്ളയടിക്കപ്പെട്ട ക്ഷേത്രം. പൂർണതയാണ് ആ ശില്പങ്ങളുടെ മുഖമുദ്ര എങ്കിൽ അപൂർണ്ണതാണ് ഹളെബിഡുവിന്റെ മാറാനൊമ്പരം. അംഗഭംഗം വരുത്തിയ ശില്പങ്ങൾ അലമുറയോടെ നമ്മെ നോക്കുന്നു. കൈയറ്റ്, കാലറ്റ്, തലയറ്റ് ആയിരക്കണക്കിന് രൂപങ്ങൾ. മഹനീയമാണ് മനുഷ്യകരങ്ങൾ എന്ന് ചിന്തിച്ച അതേ നിമിഷത്തിൽ നാശത്തിലാനന്ദിക്കുന്ന അവന്റെ വംശാംശമാണെന്ന അപമാനത്താൽ തല കുനിഞ്ഞു പോകുന്നു. സുന്ദരിയായ അമ്മയുടെ കൈയിൽ പിഞ്ചുകുഞ്ഞിന്റെ കാലുകൾ മാത്രം. അറുത്തെടുത്ത കുഞ്ഞുടലിന്ന് ഏതു മണ്ണിൽ കിടന്നു കേഴുന്നുവോ ആവോ!
ഒരു നനുത്ത മഴ വന്നെന്നെ ഉണർത്തി. കിഴങ്ങു പാടങ്ങൾക്കിടയ്ക്ക് വിഷംതീണ്ടി നീലിച്ചതുപോലെ ചില കണ്ടങ്ങൾ. കാബേജാണ്. ശരിക്കും വിഷം പൂണ്ട പച്ചക്കറികളിൽ ഒന്നാം നിരക്കാരൻ. നീലകണ്ഠൻ കുടിച്ച കാളകൂട വിഷം. കർണാടകയിൽ ഒരു വലിയ വിഭാഗം ശിവ പക്ഷക്കാരാണ്. ലിംഗായത്തരും വീരശൈവരും ഗംഗമാമാരും ഒക്കെയുണ്ട്. വിശ്വാസങ്ങളിലും ആചാരങ്ങളിലും മറ്റ് ഹിന്ദു വിഭാഗങ്ങളിൽനിന്ന് നെല്ലിട വേറെയാണിന്നും നിൽപ്പ്.
പുലിയെക്കൊന്ന സാലനാണ് ഹൊയ്സാല വംശസ്ഥാപകൻ. ശൈവരായിരുന്ന രാജവംശം തലമുറകൾ കഴിഞ്ഞപ്പോൾ വിഷ്ണുഭക്തരായി. അതുകൊണ്ട് ഗുണമുണ്ടായി. ശിവക്ഷേത്രത്തിനകത്തും പുറത്തും ചുവരുകളിൽ അരങ്ങേറുന്ന ഇതിഹാസങ്ങളിൽ എല്ലാ ദൈവങ്ങളും ഹാജർ. കൈയില്ലാത്ത, ഉടലില്ലാത്ത, തലയില്ലാത്ത കുതിരകൾ, പുലികൾ, ദൈവങ്ങൾ. ക്ഷേത്രപരിസരത്ത് രണ്ടുകൈയുമറ്റ കൂറ്റൻ ബാഹുബലി വാനിലേക്ക് തലയുയർത്തിനിൽക്കുന്നു. ഇന്ത്യൻ ആർക്കിയോളജി വകുപ്പ് വൃത്തിയായി ഒട്ടിച്ചു ചേർത്തു കൊടുത്ത പുനർജന്മം.
ശൂരന്മാരായിരുന്ന സാലന്മാർ രാഷ്ട്ര നിർമ്മിതിക്കുതകുമായിരുന്ന മനുഷ്യപ്രയത്നത്തിന്റെ, സമ്പത്തിന്റെ, നിപുണതയുടെ സിംഹഭാഗവും ശില്പകലയിലേക്ക് സ്വാംശീകരിച്ചു കൊണ്ടിരുന്ന നൂറ്റാണ്ടുകളിൽ പൗരസ്ത്യ, മദ്ധ്യപൗരസ്ത്യ ദേശങ്ങൾ പടയൊരുക്കങ്ങളും യുദ്ധങ്ങളും കീഴടക്കലുകളുമായി മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു. പതിനാലാം നൂറ്റാണ്ടിൽ ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖിൽജിയുടെ ജനറൽ മാലിക് കാഫർ പണി നടന്നുകൊണ്ടിരുന്ന ദേവാലയം ആക്രമിച്ചു കൊള്ളയടിച്ചു. സ്വർണവും വെള്ളിയും ഒട്ടകച്ചുമടുകളായാണ് ഇവിടെനിന്നും കടത്തിയതത്രെ. അവരുടെ രണ്ടാം ആക്രമണകാലത്ത് രാജാവ് ബല്ലാള മൂന്നാമന് രാജ്യം വിടേണ്ടി വന്നു. ദൊരെസമുദ്രത്തിന്റെ തീരത്ത് കിടന്ന അവശിഷ്ടങ്ങളിൽ ബ്രിട്ടീഷുകാരുടെ പങ്കും നഷ്ടപ്പെട്ടതിനു ശേഷമുള്ള സൗന്ദര്യധാമമാണ് എന്റെ മനസ്സ് കീഴടക്കിയ, നമ്മൾ ഇന്നു കാണുന്ന ഹളെബിഡു.
ഹൊയ്സാലേശ്വര, ശാന്താളേശ്വര എന്ന് രാജാവ് വിഷ്ണുവർദ്ധനും റാണി ശാന്തളാദേവിക്കും സമർപ്പിക്കാനായി പണിത രണ്ടു ഗർഭഗൃഹങ്ങളാണ് ( ശ്രീകോവിൽ) ക്ഷേത്രത്തിലുള്ളത്. ക്ഷേത്രത്തിനകത്തെ തൂണുകളിലെ കൊത്തുപണികൾ അപൂർണ്ണമാണ്. കോണുകളിൽനിന്നു മേൽക്കൂരയിലേക്ക് ചാഞ്ഞു നിന്ന നടനരൂപികളായ എഴുപത്തിയാറു ശിലാബാലികമാരിൽ അംഗഭംഗംവന്ന പതിനാലെണ്ണമേ ബ്രിട്ടീഷുകാർ ബാക്കി വെച്ചിട്ടുള്ളൂ. നഷ്ടമായവ ശീതീകരിച്ച ബ്രിട്ടീഷ് മ്യൂസിയങ്ങളുടെ മൂകതയിൽ ഭാരതീയ ശിൽപകലയെപ്പറ്റി വാചാലമാകുന്നുണ്ടായിരിക്കും.
ഹൊയ്സാല വംശ കാലത്തെ മറ്റു ക്ഷേത്ര നിർമ്മിതികളിൽ എന്നതുപോലെ നക്ഷത്രാകൃതിയിലുള്ള ഒരാൾ പൊക്കത്തിലുള്ള അടിത്തറയിലാണ് ക്ഷേത്ര സമുച്ചയം നിലകൊള്ളുന്നത്. അറുപത്തിനാലു കോണുകളുള്ള ഒരു നക്ഷത്രം. നാലു കവാടങ്ങളിലും ആഭരണ ഭൂഷിതരായ ദ്വാരപാലകരാണ് നമ്മെ സ്വീകരിക്കുന്നത്. അവരുടെ അറുക്കപ്പെട്ട കൈകൾക്ക് പകരം കൈകൾ വച്ചുകൊടുക്കാൻ തുളയിട്ടിട്ടുണ്ടെങ്കിലും (സോക്കറ്റ് ) പിന്നീട് 1958-ലെ പുരാവസ്തു ആക്ട് പ്രകാരം പുരാവസ്തുക്കളിൽ മാറ്റംവരുത്തുന്നത് തടയപ്പെട്ടതിനാൽ ദ്വാരപാലകരും മറ്റു മിക്കവരും ചരിത്രത്തിന്റെ രുധിരപാഠങ്ങൾ ഓർമിപ്പിച്ചുകൊണ്ട് അങ്ങനെ തന്നെ നിലകൊള്ളുന്നു.
പുറം ചുവരുകളിൽ പതിനൊന്ന് വ്യത്യസ്ത അടുക്കുകളായാണ് ശില്പ വിന്യാസം.
നിരകളായുള്ള കൊത്തുപണികൾക്ക് മേലേ പടിഞ്ഞാറ് നടവാതിൽ കഴിഞ്ഞ് അമ്പലത്തിനു പിറകുവശം മുഴുവനും അതിമനോഹരമായ ശില്പവൃന്ദങ്ങളാണ്. പല വലിപ്പത്തിലുള്ള, പല കഥകൾ പറയുന്ന ഒട്ടനേകം ശില്പങ്ങൾ. അവയോരോന്നിന്റെയും ചാരുതയോടും നിർമ്മാണത്തിലെ സൂക്ഷ്മതയോടും കിടപിടിക്കാൻ ലോകത്തിൽ മറ്റൊന്നിനുമാകില്ലെന്ന് തോന്നിപ്പോയി.
ഹളെബിഡു ഒരു ഓർമ്മപ്പെടുത്തലാണ്. സൃഷ്ടിയുടെയും വിനാശത്തിന്റെയും ധ്രുവങ്ങൾ കൂടിച്ചേരുന്നിടം. സൃഷ്ടിക്കൊരു വിനാശമുണ്ടെന്നാണെങ്കിൽ വിനാശത്തിൽ നിന്നൊരു സൃഷ്ടിയുണ്ടാകുമോ? ഉണ്ടെങ്കിൽ അത് തിരിച്ചറിവിന്റേതാകണം.
മൈസൂരിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള ഹാസൻ പട്ടണത്തിൽ നിന്ന് റോഡുമാർഗം 32 കിലോമീറ്റർ അകലെയുള്ള ഹളെബിഡുവിൽ എത്താം. താമസ സൗകര്യം ഹാസൻ നഗരത്തിലുണ്ട്. അതിരാവിലെ പുറപ്പെട്ടാൽ ശ്രാവണ ബെലഗൊള, ബേലൂർ, ഹളെബിഡു എന്നീ മൂന്നു സ്ഥലങ്ങളും ഒരു ദിവസം കൊണ്ടു കണ്ടു തീർക്കാം. മംഗലാപുരത്തുനിന്നു 112 കിലോമീറ്റർ ദൂരമാണ് ഹസനിലേക്ക്. ദുർഘടമായ ശിരാടി മലനിരകൾ കടന്നു വരണമെങ്കിലും റോഡ് യാത്രയിൽ സമയലാഭമുണ്ട്. പകൽ ട്രെയ്നിൽ യാത്ര ചെയ്താൽ നിങ്ങളെ ത്രസിപ്പിക്കുക മലകളെ തുരന്നുള്ള അറുപതോളം തുരങ്കങ്ങളും ചേതോഹരമായ സഹ്യാദ്രിയുമാണ്. റെയിൽ വഴിയോ റോഡ് വഴിയോ 186 കിലോമീറ്റർ യാത്ര ചെയ്താൽ ബാംഗ്ലൂരിൽ നിന്ന് ഹാസനിൽ എത്താം.
ഹാസൻ ജില്ലയുടെ ഗ്രാമാന്തരങ്ങളിൽ ഹളെബിഡു കൂടാതെ ഹൊയ്സാല കാലത്ത് നിർമ്മിക്കപ്പെട്ട മുപ്പതോളം ക്ഷേത്രങ്ങളും എണ്ണമറ്റ ജൈന ബസതികളും ഇന്നും വയലുകളിലെ കാറ്റേറ്റു മയങ്ങി കിടപ്പുണ്ട്. പാവപ്പെട്ടവരുടെ ഊട്ടി എന്നറിയപ്പെടുന്ന ഇവിടേയ്ക്ക് നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലത്ത് സന്ദർശിക്കുകയാണെങ്കിൽ കമ്പിളി വസ്ത്രങ്ങൾ കരുതുന്നത് അഭികാമ്യമായിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ