2018 മേയ് 5, ശനിയാഴ്‌ച

'ബുദ്ധിവന്തരിഗെ മൂറു കഡെ'

'ബുദ്ധിവന്തരിഗെ മൂറു കഡെ'
ബുദ്ധിമാന് മൂന്നു സ്ഥലത്തെന്ന്. കന്നടയിലെ ഒരു ചൊല്ലാണ്.ഒരു കഥയുമുണ്ട്. ചുരുക്കിപ്പറയാം.

നടവഴിയിൽ അമേദ്യമുണ്ടായിരുന്നു. ഉച്ഛിഷ്ടമല്ല. അമേദ്യം. ലിസൺ പ്രോപർലി.
വഴിയെേ പോയ സാധാരണക്കാരൻ അതിൽ ചവിട്ടി.
' അയ്യേ ' 
വഴിയരികിലെ പുല്ലിലും കല്ലിലും ഉരച്ചു ഡ്രൈക്ലീൻ ചെയ്ത് അയാൾ പോയി. ബുദ്ധിമാനും ശാസ്ത്രജ്ഞനും എന്ന് പേരുകേട്ട നമ്മുടെ കഥാനായകനാണ് പിന്നാലെ വന്നത്. അദ്ദേഹവും അതിൽ തന്നെ ചവിട്ടി. മൂപ്പർക്ക് കുതൂഹലമായി 'ദെന്താപ്പാ ഈ സാധനം!?
ശാസ്ത്രകുതുകി കുനിഞ്ഞു നോക്കി.
'ഓഫ് എ ഡിഫറന്റ് ടെക്സ്റ്റർ ! '
(നാട്ടിൽ ചക്കക്കാലാണേയ് )
'ആൻഡ് എ വേഗ് ഇംപ്രഷൻ ഓണിറ്റ് !
ലൈക് ആൻ ഏലിയൻ മാനുസ്ക്രിപ്റ്റ്'
ഒലക്കേടെ മൂടാണ് കൂട്ടുകാരെ ഒലക്കേടെ മൂട്. കുന്നംകുളത്തെ ബാറ്റാ കമ്പനിയിൽനിന്ന് പടച്ചെടുത്ത ചുള്ളൻ ലോഗോയാ .
ശാസ്ത്രജ്ഞന് ഗവേഷണിക്കാൻ മുട്ടി.  അയാൾ വിരലുകൊണ്ട് തോണ്ടിയെടുത്തു മണത്തുനോക്കി.
'അയ്യയ്യേ.'
കാലിലും വിരലിലും മണത്തപ്പോൾ ലേശം മൂക്കിലുമായി. അദ്ദന്നെ - ബുദ്ധിവന്തരിഗെ മൂറുകടെ.

'ഇതാരാണപ്പാ നാശം പിടിക്കാൻ ഈ വേനലവധി കണ്ടുപിടിച്ചത്? ഈ കഷ്ടകാലമൊന്ന് തീർന്നു വേഗം സ്കൂൾ തുറന്നാൽ മതിയായിരുന്നു.'
വർഷങ്ങൾക്കു മുൻപ് തലയിൽ കൈ വെച്ച് അമ്മ വേനലവധിയെ ശപിച്ചപ്പോൾ ഇനി ശാപമേറ്റ് അവധിക്കാലം ഭസ്മമായിപ്പോകുമോയെന്ന് ആശങ്കയോടെ സഡൺ ബ്രേക്കിട്ട് വീടാകുന്ന രണഭൂമിയിൽ ഞങ്ങളുടെ മനുഷ്യത്തീവണ്ടി ഇതികർത്തവ്യതാമൂഢമായി നിന്നിട്ടുണ്ട്.  കൊടുത്താൽ കൊല്ലത്തും കിട്ടും പാലക്കാടും കിട്ടും ഹാസനിലും കിട്ടും. ഇടയ്ക്ക് പാലക്കാട്ടേയ്ക്ക് വിളിച്ചപ്പോൾ അനിയത്തി അവളുടെ രണ്ടെണ്ണത്തിനെ വിളിക്കുന്ന തെറി കേട്ട് എന്റെ കർണപുടം വിജൃംഭിച്ചു പോയി. ഇവിടെ ഒരെണ്ണമായതുകാരണം കൂട്ടില്ലാഞ്ഞിട്ടാണ് എന്നു കരുതിയിരുന്നു. അവിടെ കൊറിയൻ ബോർഡറിന്റെ ബഹളം.

ജാനുക്കുട്ടി ചിലപ്പോളൊരു  പൊമേറിയനാണെന്ന് ഭാവിച്ച് എന്നെ നക്കാൻ വരും. ഇടയ്ക്ക് ഇക്കിളിയാക്കി കളിയ്ക്കാൻ വരും. ഉടുപ്പിനുള്ളിൽ ഐസിടും. വാത്സല്യം കരകവിയുമ്പോൾ 'യൂ ആർ സോ ക്യൂട്ട് മാ'ന്ന് മാരകമായി ഉമ്മ വയ്ക്കും. ഇടയ്ക്ക് ഷെല്ലു വർഷിക്കുന്ന കൂട്ട് ഉണ്ടാക്കിപ്പാട്ടുപാടി നൃത്തമാടും . പ്രസംഗിക്കും. വിമർശിക്കും. വെള്ളരിക്കാപട്ടണം തന്നെ. തെല്ലു മുൻപ് ഫ്രിഡ്ജിൽനിന്നിറങ്ങി തൊട്ടടുത്ത വന്ന് നിന്ന ആ ജീവി ഞാൻ ഞെട്ടുന്നത് കണ്ട് പറയുകയാ 'യൂ ആർ സേഫ് മദർ ' എന്ന്. കലികാലം. രാവിലത്തെ ഒരു വക യാതനകളൊക്കെ തന്നുതീർത്ത് എന്റെ ഭാഗ്യത്തിനാണ് അവൾ ഫെവികോളിൽ കൈവച്ചത്. പുസ്തകത്തിൽ, പായിൽ, കയ്യിൽ നിറയെ. ഞാൻ കണ്ടു. മിണ്ടിയില്ല. കുറച്ചൊന്നുണങ്ങിയപ്പോൾ നല്ല നേരമ്പോക്കായി. വലിച്ചാൽ നീളുന്ന പ്രതിഭാസം. അതുകണ്ട് സന്തോഷിച്ച് എഴുതാനിരുന്നപ്പോൾ തുറന്ന പശക്കുപ്പിയുടെ അടപ്പ് കസേരയിൽ കമിഴ്ത്തി വെച്ചിരിക്കുന്നു. എടുത്തു നോക്കിയത് ഭാഗ്യം. ഉള്ളിൽ ചെറിയൊരു പശക്കുളമായിരുന്നു. ലാലേട്ടാ വന്ദനം. ചോദിക്കാൻ ചെന്ന എന്നോട് നേരത്തെ സഹായിച്ചിരുന്നെങ്കിൽ 'മൂറു കടെ' ആകില്ലായിരുന്നല്ലോ എന്ന്.

ശക്തി തരൂ ദേവീ. ഇനിയും മൂന്നാഴ്ചയുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ